വര്‍ഗീയചിന്തയുള്ള അരാഷ്ട്രീയ എഡിറ്റര്‍മാര്‍ നയിക്കുന്ന ന്യൂസ് റൂമുകള്‍

വർഗീയചിന്തയുള്ള അരാഷ്ട്രീയ എഡിറ്റർമാരെക്കാൾ വിഷലിപ്തമായ മറ്റെന്തെങ്കിലുമില്ല. ഈ വർഗീയ ശക്തികളാണ് ഇപ്പോൾ മിക്ക ന്യൂസ് റൂമുകളും നടത്തുന്നത്. അത് എല്ലാ ദിവസവും മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നുമുണ്ട്.

രമ്പരാഗത മാധ്യമങ്ങളിൽ ഇപ്പോൾ കാണുന്ന വിധേയത്വ സമീപനത്തിന്റെ വിത്തുകൾ 1990- കളുടെ തുടക്കത്തിൽ വിതയ്ക്കപ്പെട്ടതാണെന്നാണ് എന്റെ അനുഭവം. ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണം (ലിബറലൈസേഷൻ ) തുടങ്ങുന്നതും അക്കാലത്താണല്ലോ. ഉദാരവൽക്കരണവും മേൽപ്പറഞ്ഞ സ്ഥിതിവിശേഷവും തമ്മിൽ നേരിട്ടുള്ള ബന്ധം കണ്ടെത്താൻ തക്ക ആഴത്തിൽ ഈ വിഷയം പഠിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എങ്കിലും അത് രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തെ അനുകൂലിക്കാനും അനുകൂലിക്കാതിരിക്കാനുമുള്ള കാരണങ്ങൾ നിലവിലുണ്ട്.

‘ആക്‌സസ് ജേണലിസം’

എന്തായാലും, ‘നന്നായി' കുഴിച്ചെടുത്താൽ മാധ്യമ പ്രവർത്തനത്തെ ഒരു സ്വർണഖനിയാക്കാൻ കഴിയുമെന്ന് ന്യൂസ് പേപ്പർ മാനേജ്മെന്റുകൾക്കും ജേണലിസ്റ്റുകൾക്കും ബോധ്യപ്പെട്ടത് 1990-കളിൽ എപ്പോഴോ ആണ് എന്ന കാര്യത്തിൽ സംശയമില്ല. മൂലധന വിപണി തുറന്നുവരികയും ഓഹരി ഇടപാടുകളിൽ ആളുകൾക്ക് അസാധാരണ താൽപര്യമുണ്ടാകുന്ന ‘ഇക്വിറ്റി കൾട്ട്' രൂപപ്പെടുകയും ചെയ്തത് അക്കാലത്താണ്. ഏതെങ്കിലും കമ്പനിയുടെ ഓഹരികൾ വിപണിയിലിറക്കുന്ന പബ്ലിക് ഇഷ്യു സമയത്തോ, പുതിയൊരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടോ ഒക്കെ നിക്ഷിപ്ത താൽപര്യക്കാർക്ക് അനുകൂലമായ റിപ്പോർട്ടുകൾ ‘നട്ടുപിടിപ്പിക്കാൻ ' പറ്റിയ വേദി എന്ന നിലയിൽ പല പത്രങ്ങളും അക്കാലത്ത് ‘തോട്ടക്കാരുടെ പറുദീസ' ആയി മാറി. മാധ്യമ പ്രവർത്തനത്തിന്റെ യഥാർത്ഥ ധർമത്തേക്കാൾ, ‘വലിയ വലിയ ' ആളുകളുമായുള്ള അടുപ്പത്തിന് മാധ്യമപ്രവർത്തനത്തിൽ മുന്തിയ സ്ഥാനം കിട്ടുന്ന ‘ആക്‌സസ് ജേണലിസ'വും (access journalism) അക്കാലത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായി.

പത്രങ്ങളുടെ ഡയറക്ടർ ബോർഡും ന്യൂസ് റൂമുമെല്ലാം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതായിരുന്നു പുതിയ തരം മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വലിയ ദുരന്തം. ‘രാഷ്ട്രീയം' എന്നത് ഒരു അശ്ലീല പദമായി മാറി.

അതുവരെ access journalism രാഷ്ട്രീയക്കാരെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ആർക്കും വഴങ്ങാനും ആരോടും ചങ്ങാത്തമുണ്ടാക്കാനും തയാറുള്ള ജേണലിസ്റ്റാണ് നിങ്ങളെങ്കിൽ വ്യവസായ പ്രമുഖരും സിനിമാതാരങ്ങളും ക്രിക്കറ്റ് കളിക്കാരുമെല്ലാം (ഇക്കൂട്ടരെല്ലാം പിന്നീട് ‘സെലിബ്രിറ്റികൾ' എന്നറിയപ്പെട്ടു) അവരുമായി അടുപ്പമുണ്ടാക്കാൻ നിങ്ങളെ അനുവദിക്കുമെന്ന സ്ഥിതി വന്നു. അവരുടെ ഇടയിലേക്ക് നിങ്ങൾക്ക് പ്രവേശനം കിട്ടുമെന്നു മാത്രമല്ല, ഇടക്കിടെ അവർ വലിയ കാര്യമൊന്നുമില്ലാത്ത ഒന്നോ രണ്ടോ വാചകങ്ങൾ ‘എക്‌സ്‌ക്ലൂസീവ്' എന്ന പേരിൽ എല്ലിൻകഷണങ്ങൾ പോലെ നിങ്ങൾക്ക് എറിഞ്ഞുതരികയും ചെയ്യും. ജേണലിസ്റ്റുകൾക്ക് എക്‌സ്‌ക്ലൂസീവുകൾ പോലെ ഇഷ്ടപ്പെട്ട വേറൊന്നുമില്ലല്ലോ.

‘പിആർ' ജേർണലിസം

മുകളിൽ സൂചിപ്പിച്ച സെലിബ്രിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, പരസ്യത്തിന്റെ പുതിയൊരു ലോകം തന്നെ ഖനനം ചെയ്‌തെടുക്കാമെന്ന് മാനേജ്മെന്റുകൾ മനസ്സിലാക്കിയപ്പോൾ, ‘പിആർ' ജേർണലിസം അഥവാ ‘പബ്ലിക് റിലേഷൻസ്' ജേർണലിസം വഴി പണം സമ്പാദിക്കാമെന്ന് ചില പത്രപ്രവർത്തകരും (എല്ലാവരുമല്ല) കണ്ടെത്തി. ചിലർ അങ്ങനെ പെട്ടെന്ന് പണമുണ്ടാക്കുന്നത് കണ്ടപ്പോൾ സത്യസന്ധരായ ജേണലിസ്റ്റുകളിൽ പോലും ആർത്തി രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. ഏതാനും ‘വലിയ' പത്രങ്ങളിൽ ജോലി ചെയ്യുന്നവരൊഴികെ ഭൂരിഭാഗം ജേണലിസ്റ്റുകൾക്കും അതുവരെ ശമ്പളം വളരെ കുറവായിരുന്നു.
വലിയ മാധ്യമ സ്ഥാപനങ്ങളിൽ പോലും ശമ്പളം അത്ര വലുതായിരുന്നില്ല. 1991 ൽ ഞാൻ കൽക്കട്ടയിലെ The Economic Times ൽ ട്രെയിനി ആയിരുന്നപ്പോൾ, 10 വർഷത്തിലേറെ സർവീസുള്ള ഒരു സീനിയർ സഹപ്രവർത്തകൻ ന്യൂഡൽഹിയിലെ ഒരു ബിസിനസ് മാഗസിനിൽ ജോലിയിൽ പ്രവേശിച്ചത് ഓർമ്മയുണ്ട്. പ്രതിമാസം 10,000 രൂപയായിരുന്നു അദ്ദേഹത്തിന്റെ പുതിയ ശമ്പളം. മറ്റു മുതിർന്ന സഹപ്രവർത്തകർ, അസൂയ കൊണ്ടായിരിക്കാം, ‘മിസ്റ്റർ ടെൻ തൗസൻറ്’​ എന്നാണ് അദ്ദേഹത്തെ പിന്നീട് വിളിച്ചിരുന്നത്. ഞങ്ങളെ സംബന്ധിച്ച്​, ‘അഞ്ചക്ക' ശമ്പളമുള്ള ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നു! (അതിനും ഏതാനും വർഷം മുമ്പ് 1984-ൽ, ‘കാണാമറയത്ത്’ എന്ന മലയാളം സിനിമയിൽ, ഒരു മാനേജ്മെൻറ്​ ട്രെയിനിയായി അഭിനയിക്കുന്ന റഹ്​മാന്​ സ്ഥാപന ഉടമയായ മമ്മൂട്ടി പ്രതിമാസം 900 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഒരു 100 രൂപ കൂടി കൂട്ടി ആയിരമാക്കാമോ എന്ന് റഹ്മാൻ ചോദിച്ചപ്പോൾ, ‘നാലക്ക ശമ്പളം' വാങ്ങാനുള്ള പക്വത നിനക്കായിട്ടില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി).

‘കാണാമറയത്ത്’ സിനിമയിൽ നിന്ന്

പുത്തൻ എഡിറ്റർഷിപ്പ്​

പത്രങ്ങളുടെ ഡയറക്ടർ ബോർഡും ന്യൂസ് റൂമുമെല്ലാം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതായിരുന്നു ഈ പുതിയ തരം മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വലിയ ദുരന്തം. ‘രാഷ്ട്രീയം' എന്നത് ഒരു അശ്ലീല പദമായി മാറി. പത്ര ഉടമയുടെയും എഡിറ്ററുടെയും കസേരകളിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികളുടെ പഴയ തലമുറ സ്ഥാനമൊഴിഞ്ഞു. (അവരിൽ പലരും മുൻപ് രാഷ്ട്രീയ പ്രവർത്തകരും പ്രിന്റിങ് പ്രസ്​ ഉടമകളുമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനും, അച്ചടി യന്ത്രങ്ങൾ പ്രവർത്തിക്കാതെ കിടന്ന് നശിക്കുന്നത് ഒഴിവാക്കാനുമാണ് അവർ പത്രം തുടങ്ങിയത്). അവർ പടിയിറങ്ങിയപ്പോൾ അവരുടെ മക്കൾ ആ സ്ഥാനങ്ങൾ ഏറ്റെടുത്തു. അവർ മാനേജ്‌മെൻറ്​ വിദ്യാഭ്യാസം നേടിയവരായിരുന്നു. ബിസിനസിൽ നിന്ന് പരമാവധി വരുമാനമുണ്ടാക്കുന്നതിന് തടസം നിന്നിരുന്ന ആദർശത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനായിരുന്നു അവർക്ക് ഉൽസാഹം.
എഡിറ്റർമാരുടെയും പത്രപ്രവർത്തകരുടെയും കാര്യത്തിലും അതു മാറ്റമുണ്ടാക്കി. അവരെ പത്രപ്രവർത്തനത്തിലേക്ക് കൊണ്ടുവന്ന പ്രത്യയശാസ്ത്രത്തിന്, അല്ലെങ്കിൽ രാഷ്ട്രീയ ആദർശത്തിന് ആകർഷണം നഷ്ടപ്പെടുകയായിരുന്നു. രാഷ്ട്രീയ വിശ്വാസങ്ങളല്ല, വിദേശ വിദ്യാഭ്യാസവും വരേണ്യമായ സാമൂഹിക സമ്പർക്കങ്ങളും രാഷ്ട്രീയത്തോടുള്ള പുച്ഛവും ചേർന്നുണ്ടായൊരു ധാർഷ്ട്യമാണ് പുതിയ കാലത്തെ എഡിറ്റർമാരെ നയിച്ചത്.

തീർച്ചയായും, അതുവരെ നിലവിലുണ്ടെന്ന് കരുതിയിട്ടില്ലാത്ത പുതിയൊരു ഇന്ത്യയെ കണ്ടെത്താൻ ആ യുവ എഡിറ്റർമാർക്കു കഴിഞ്ഞു. അത് ന്യൂസ് റൂമുകൾക്ക് പുതിയൊരുന്മേഷം പകരുകയും ചെയ്തു. ഉൾനാടുകളിലെ കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും അവരിലുണ്ടാക്കിയ ആശ്ചര്യവും കൗതുകവും അനൗപചാരികമായ ദൈനംദിന ഭാഷയിൽ വിവരിക്കുന്ന തരം ജേണലിസം. അത് യുവാക്കളെ ആകർഷിക്കുകയും ചെയ്തു.

Photo : unsplash.com

അതോടൊപ്പം പുതിയൊരു വിധിയും കുറിക്കപ്പെട്ടു: രാഷ്ട്രീയം വലിയതോതിൽ വിരസമാണ്. സ്‌പോർട്സാ​ണ് പുതിയ രാഷ്ട്രീയവേദി, ബോളിവുഡ് പുതിയ രാഷ്ട്രീയ നാടകം. വാർധക്യം ബാധിച്ച് അവശരായ രാഷ്ട്രീയനേതാക്കൾക്കു പകരം സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ചിത്രങ്ങളുമായി പത്രങ്ങൾ കൂടുതൽ സുന്ദരമായി കാണപ്പെട്ടു. എല്ലാവരെയും അത് തൃപ്തിപ്പെടുത്തി: ഒടുവിലിതാ, ‘ആഹ്ലാദം പകരുന്നൊരു' വായനാനുഭവം!
ഏതാനും ചില ഡ്രോയിംഗ് റൂമുകളിൽ മാത്രം നിലനിന്നിരുന്നൊരിന്ത്യയെ ‘ന്യൂ ഇന്ത്യ' എന്ന പേരിൽ വിപണനം ചെയ്യുകയായിരുന്നു. (അതൊരു പോപ്കോൺ ഇന്ത്യയായിരുന്നു. ‘ന്യൂ ഇന്ത്യ' എന്ന പദം ഇന്നു കാണുന്ന ഭീഷണവും ഭയാനകവും പേശീബലത്തിൽ അധിഷ്ഠിതവുമായ അർത്ഥങ്ങൾ അന്ന് കൈവരിച്ചിരുന്നില്ല).

അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിക്ക റിപ്പോർട്ടുകളും ചവറ്റുകുട്ടയിലാവുകയോ ഉൾപ്പേജുകളിൽ ഒതുക്കപ്പെടുകയോ ചെയ്തു. 500 വാക്കുകളിൽ കൂടുതൽ ദൈർഘ്യമുള്ള എല്ലാ റിപ്പോർട്ടുകളും നിരസിക്കപ്പെട്ടു.

പരസ്യവരുമാനം കുതിച്ചുയർന്നതിനാൽ പത്രമാനേജ്‌മെന്റും പരസ്യ വിഭാഗവും സന്തുഷ്ടരായിരുന്നു. പേജുകളുടെ എണ്ണം കൂടിയതോടെ തൊഴിലവസരങ്ങൾ പെരുകിയതും ശമ്പളം വർധിച്ചതും ജേണലിസ്റ്റുകളെയും സന്തുഷ്ടരാക്കി.
സെലിബ്രിറ്റികൾ എന്ന് വിളിക്കപ്പെടുന്ന പുതിയ ജീവിവർഗത്തിന്റെ ജീവിതം എന്താണെന്നറിയാനുള്ള കൗതുകത്തോടെ ഭാഗ്യാന്വേഷികളായ പുതിയൊരു കൂട്ടം വായനക്കാർ വരിക്കാരായത് സർക്കുലേഷൻ വിഭാഗത്തിനും സന്തോഷം പകർന്നു. അതുവരെ ആരുമറിയാതിരുന്ന പലരും പത്രത്താളുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി - പേജ് ത്രീ ജേർണലിസത്തിന്റെ തുടക്കം. സമ്പന്നരും ജനശ്രദ്ധയാകർഷിക്കാൻ കഴിവുള്ളവരുമായിരിക്കണം എന്നതു മാത്രമായിരുന്നു പത്രത്തിൽ ഇടംപിടിക്കാനുള്ള മാനദണ്ഡം. ഇന്ത്യയിലെ ഓരോ നഗരത്തിനും സ്വന്തം കിം കർദാഷിയാന്മാരും പാരിസ് ഹിൽട്ടൻമാരുമുണ്ടായി (അവർ പ്രശസ്തരാണ്. കാരണം അവർ പ്രശസ്തരാണ് എന്നതുതന്നെ. എന്തുകൊണ്ട് പ്രശസ്തരായി എന്ന് ആർക്കുമറിയില്ല താനും).

കിം കർദാഷ്യാൻ / Photo : Kim Kardashian, fb

പക്ഷേ യഥാർത്ഥ ജേണലിസം, അതിന് വലിയ വില കൊടുക്കേണ്ടി വന്നു.
അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിക്ക റിപ്പോർട്ടുകളും ചവറ്റുകുട്ടയിലാവുകയോ ഉൾപ്പേജുകളിൽ ഒതുക്കപ്പെടുകയോ ചെയ്തു. 500 വാക്കുകളിൽ കൂടുതൽ ദൈർഘ്യമുള്ള എല്ലാ റിപ്പോർട്ടുകളും നിരസിക്കപ്പെട്ടു. ആരെയും പിണക്കാത്തിടത്തോളം കാലം പത്രപ്രവർത്തകർക്ക്​ തന്റെ കരിയറിൽ വിജയം എളുപ്പമായി. എല്ലാവരെയും സന്തോഷിപ്പിച്ച് സുരക്ഷിതമായി കളിക്കുക എന്നത് വിജയമന്ത്രമായി മാറി.

സംഘടിക്കാനുള്ള അവകാശമായിരുന്നു മറ്റൊരു പ്രധാന നഷ്ടം. ഒരുകാലത്ത് പത്രങ്ങളിൽ യൂണിയനുകൾ ശക്തമായിരുന്നു. എന്നാൽ ശമ്പളം കൂടിയപ്പോൾ അതിനൊപ്പം ചില നിബന്ധനകളുമുണ്ടായി. വേജ് ബോർഡ് ശുപാർശ ചെയ്ത ആനുകൂല്യങ്ങൾ ത്യജിക്കാൻ തയ്യാറുള്ളവർക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തു, നിരവധി മാധ്യമപ്രവർത്തകർ കരാറുകളിലേക്ക് മാറി. തുടക്കത്തിൽ അത് നല്ലതായിരുന്നു. എന്നാൽ സമീപവർഷങ്ങളിൽ, കരാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുമ്പോൾ, വേജ് ബോർഡ് ശമ്പളമാണ് കൂടുതൽ ആകർഷകം. പക്ഷെ കരാർ ജോലി ചെയ്യാൻ സമ്മതിച്ചവർ അത് തിരിച്ചറിയുമ്പോഴേക്ക് വളരെ വൈകിപ്പോയി.

പല വലിയ പത്രങ്ങളിലും വേജ് ബോർഡ് ആനുകൂല്യങ്ങളുള്ള പത്രപ്രവർത്തകർ ഇന്ന് ചുരുക്കമാണ്. അംഗത്വം കുറഞ്ഞതോടെ പല യൂണിയനുകളും ഇല്ലാതാവുകയോ വരിയുടയ്ക്കപ്പെട്ട പോലെ പേരിനുമാത്രം ബാക്കിയാവുകയോ ചെയ്തു. പിന്നീട്, പ്രത്യേകിച്ച് 2016 മുതൽ, പിരിച്ചുവിടലും സ്റ്റാഫിന്റെ എണ്ണം കുറയ്ക്കലും പതിവാകുമ്പോൾ ജേണലിസ്റ്റുകൾ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്.

‘ഏറ്റവും ജനപ്രിയം ' ആവാൻ ശ്രമിക്കുക എന്നതിന്റെ അർത്ഥം, തുറന്നുകാട്ടപ്പെടേണ്ടവരെപ്പോലും പ്രീതിപ്പെടുത്താൻ ശ്രദ്ധിക്കുക എന്നായി മാറിയിരിക്കുന്നു. നിയമലംഘനങ്ങൾ നടത്തിയതിന് ഈയിടെ ഒരു ജ്വല്ലറിക്ക് നേരെയുണ്ടായ നടപടികളെ പൈതൃക മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തതെന്ന് ഓർക്കുക.

മാധ്യമ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളും ജേണലിസത്തെ ദോഷകരമായാണ് ബാധിച്ചത്. ഉൽപ്പാദന നിലവാരം ഗണ്യമായി മെച്ചപ്പെട്ടു എന്നത് സത്യമാണ്. വൈകിയുള്ള വാർത്തകൾ പത്രത്തിൽ ഉൾക്കൊള്ളിക്കാൻ ഇപ്പോൾ എളുപ്പമാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇപ്പോൾ ലോകകപ്പ് ഫൈനൽ സ്‌കോറുകൾ രാവിലെ പത്രത്തിൽ കാണാൻ കഴിയുന്നത്. ‘സ്റ്റോപ്പ് പ്രസ്​' എന്ന പ്രയോഗം ഇപ്പോൾ കേൾക്കാനേ ഇല്ല. അച്ചടിച്ചു കൊണ്ടിരിക്കെ പ്രസ്​ നിർത്തുന്നതും പ്രിന്റിംഗ് പ്ലേറ്റുകൾ മാറ്റി അച്ചടിക്കുന്നതും ഇപ്പോൾ പഴയ പോലെ ഒരു പാട് സമയമെടുക്കുന്ന ശ്രമകരമായ പ്രവൃത്തിയല്ല. പക്ഷേ, പേജ് ചെയ്യുന്നതടക്കമുള്ള സാങ്കേതിക ജോലികളും ജേണലിസ്റ്റുകൾ ചെയ്യേണ്ടിവരുന്നത് അവരുടെ ജേണലിസത്തെ ബാധിക്കുന്നുണ്ട്. കുറച്ചുപേരെ മാത്രം വെച്ച് സ്ഥാപനം നടത്താനാവുമെന്ന് പത്ര ഉടമകൾ കണ്ടെത്തിയിട്ടുമുണ്ട്.

സമ്പദ്​വ്യവസ്ഥ ശക്തമായി തുടരുകയും, പത്രം നിസാരവിലയ്ക്ക് വിൽക്കുന്നതുമൂലമുള്ള നഷ്ടം നികത്താൻ പരസ്യ വരുമാനത്തിന് കഴിയുകയും ചെയ്തിരുന്നതിനാൽ 2009 വരെ ഇത്തരം ഘടനാപരമായ പ്രശ്നങ്ങൾ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ആഗോള മാന്ദ്യത്തിനുശേഷം, മാധ്യമ വ്യവസായം ഒരിക്കലും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നിട്ടില്ല. ടെലിവിഷൻ ഇപ്പോഴും വരുമാനമുണ്ടാക്കുന്നുണ്ടെങ്കിലും എല്ലാ ചാനലുകൾക്കും അതിന് കഴിയുന്നില്ല. ‘ഏറ്റവും ജനപ്രിയം ' ആവാൻ ശ്രമിക്കുക എന്നതിന്റെ അർത്ഥം, തുറന്നുകാട്ടപ്പെടേണ്ടവരെപ്പോലും പ്രീതിപ്പെടുത്താൻ ശ്രദ്ധിക്കുക എന്നായി മാറിയിരിക്കുന്നു. നിയമലംഘനങ്ങൾ നടത്തിയതിന് ഈയിടെ ഒരു ജ്വല്ലറിക്ക് നേരെയുണ്ടായ നടപടികളെ പൈതൃക മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തതെന്ന് ഓർക്കുക.

ഒരുകാലത്ത് പത്രങ്ങളിൽ യൂണിയനുകൾ ശക്തമായിരുന്നു. അംഗത്വം കുറഞ്ഞതോടെ പല യൂണിയനുകളും ഇല്ലാതാവുകയോ വരിയുടയ്ക്കപ്പെട്ട പോലെ പേരിനു മാത്രം ബാക്കിയാവുകയോ ചെയ്തു. / Photo : wallpapercave.com

വാർത്ത എന്ന വില കുറഞ്ഞ ചരക്ക്​

അച്ചടി മാധ്യമങ്ങൾക്ക് 1992 മുതൽ ഉണ്ടായിരുന്ന പ്രഭാവം അസ്തമിക്കാൻ തുടങ്ങിയതും, ദേശീയ രാഷ്ട്രീയ ഭൂമികയിലേക്ക് നരേന്ദ്ര മോദി വിസ്‌ഫോടനത്തോടെ കടന്നുവരുന്നതും ഏതാണ്ട് ഒരേ കാലത്താണ്. ടി.വി. ജേണലിസമാകട്ടെ, മതേതരരായിരിക്കണമെന്ന് നിർബന്ധമില്ലാത്ത അരാഷ്ട്രീയ ബ്രിഗേഡ് കയ്യടക്കുകയും ചെയ്തു. വർഗീയചിന്തയുള്ള അരാഷ്ട്രീയ
എഡിറ്റർമാരെക്കാൾ വിഷലിപ്തമായ മറ്റെന്തെങ്കിലുമില്ല.
തുറന്നുപറയ​ട്ടെ, 2014 ചെയ്തത് ഇതാണ്: രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു (അധികാര രാഷ്ട്രീയത്തെയല്ല, രാഷ്ട്രത്തെ നിർണയിക്കുന്ന രാഷ്ട്രീയ ഘടനയെയാണ് ഞാൻ ഉദ്ദേശിച്ചത്). മാത്രമല്ല,
അടിച്ചമർത്തപ്പെട്ടവരെന്ന് സ്വയം വിശ്വസിച്ചിരുന്നൊരു വർഗത്തിന്റെ ഏറ്റവും ഹീനമായ ചോദനകളെ കെട്ടഴിച്ചുവിടുകയും ചെയ്തു. ഞാൻ അമിതമായി ലളിതവൽക്കരിക്കുന്നില്ല: ഈ വർഗീയ ശക്തികളാണ് ഇപ്പോൾ മിക്ക ന്യൂസ് റൂമുകളും നടത്തുന്നത്. അത് എല്ലാ ദിവസവും മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നുമുണ്ട്.

യഥാർത്ഥ്യബോധമില്ലാത്ത വ്യവസ്ഥകൾ നിറഞ്ഞ വായ്പയെടുത്ത് എൻ.ഡി.ടി.വി എങ്ങനെയാണ് ഒടുവിൽ അവരെ വിഴുങ്ങാൻ വൻകിട ബിസിനസുകാരെ അനുവദിച്ചത് എന്നു നോക്കുക

മുകളിൽ പറഞ്ഞ കുഴപ്പങ്ങളിൽ വർഗീയത ഒഴികെയുള്ള ഒട്ടുമിക്കതിലും ഞാനും പങ്കാളിയായിരുന്നു. അതിൽ ഞാൻ ഒട്ടും അഭിമാനിക്കുന്നില്ല. എന്നാൽ, അകത്തു തന്നെയുള്ള ഒരാൾ എന്ന നിലയ്ക്ക്, എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കണ്ടിട്ടുണ്ട്.
വരുമാനം കുറയാൻ തുടങ്ങിയപ്പോൾ, പല മാധ്യമസ്ഥാപനങ്ങളും മറ്റ് ബിസിനസുകളിലേക്കു കൂടി വ്യാപിക്കുകയോ സാമ്പത്തികശേഷിയുള്ള ഇതര ബിസിനസുകളിൽ നിന്ന് സഹായം തേടുകയോ ചെയ്തു (യഥാർത്ഥ്യബോധമില്ലാത്ത വ്യവസ്ഥകൾ നിറഞ്ഞ വായ്പയെടുത്ത് എൻ.ഡി.ടി.വി എങ്ങനെയാണ് ഒടുവിൽ അവരെ വിഴുങ്ങാൻ വൻകിട ബിസിനസുകാരെ അനുവദിച്ചത് എന്നു നോക്കുക). മാധ്യമ ഗ്രൂപ്പുകൾ മറ്റ് ബിസിനസുകളിൽ ഇടപെട്ടത്, അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള പകപോക്കലിന് ഭരണാധികാരികൾക്ക് സഹായകരമാവുകയും ചെയ്തു. വൈവിധ്യമാർന്ന ബിസിനസ് താൽപ്പര്യങ്ങളുള്ള ഗ്രൂപ്പുകൾ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളാകുന്നത് നിർഭയ മാധ്യമപ്രവർത്തനത്തിന് വലിയ ഭീഷണിയാണ്. ഇന്ത്യയിൽ, ഏത് ബിസിനസിലും എന്തെങ്കിലും പിഴവുകളോ മറ്റോ കണ്ടെത്തുന്നത് അധികാരികളെ സംബന്ധിച്ച് വളരെ എളുപ്പമാണ്. ബിസിനസിന്റെ വ്യാപ്തി കൂടുന്നതോടെ അപകട സാധ്യതയും കൂടും. അതിനാൽ മിക്ക ഉടമകളും, ആരും ആവശ്യപ്പെടാതെ തന്നെ സുരക്ഷിതമായ കളികൾക്ക് തയ്യാറാവും.
യഥാർത്ഥത്തിലുള്ള സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാകണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. ഈ സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ നേടാം എന്നതാണ് ഏറ്റവും വിലപിടിപ്പുള്ള ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ കയ്യിലില്ല. വായനക്കാർ അല്ലെങ്കിൽ പ്രേക്ഷകർ കൂടുതൽ പണം നൽകാൻ തയ്യാറാവുക എന്നതാണ് ഒരു സാധ്യത. അതാവട്ടെ ഒട്ടും ജനപ്രിയമാവാനിടയില്ലാത്തൊരു നിർദേശമാണെന്നതിൽ സംശയമില്ല. എങ്കിലും ആ നിർദേശത്തെ വലിയൊരു കടുംകൈ ആയി കാണണ്ട. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ ചരക്കാണ് വാർത്ത. വാർത്തകളെ നമ്മൾ ബഹുമാനിച്ചില്ലെങ്കിൽ അതിന്റെ മൂല്യം നഷ്ടപ്പെടും.

ആക്രമണത്തിൽ, ഒറ്റപ്പെട്ട്​...

മാധ്യമങ്ങൾ ഭരണകൂടത്തിന്റെ ആക്രമണത്തിന് വിധേയമാകുമ്പോൾ പലപ്പോഴും ജനപിന്തുണയില്ലാതെ ഒറ്റപ്പെടാറുണ്ട്. നമ്മുടെ വിശ്വാസ്യതയുടെ പ്രശ്‌നം തന്നെയാണ് അതിനു കാരണമെന്ന് സമ്മതിക്കേണ്ടി വരും. വർഷങ്ങളായി നമ്മൾ നമ്മുടെ വായനക്കാർക്ക് അല്ലെങ്കിൽ പ്രേക്ഷകർക്ക് വിവേചനരഹിതമായി പോപ്പ്‌കോൺ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു നിമിഷം ആലോചിച്ചു നോക്കൂ: നമ്മുടെ മിക്ക മാധ്യമ വഴികൾക്കും അവയുടെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക റിപ്പോർട്ട് ഏത് പത്രത്തിലാണ് അല്ലെങ്കിൽ ഏത് വാർത്താ ചാനലിലാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? അതാണ് പോപ്പ്‌കോണിന്റെ രീതി. അത് നിങ്ങളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നു.
നിങ്ങളുടെ സമൃദ്ധിയെക്കുറിച്ച് അത് തെറ്റായ ധാരണ നൽകുകയും ചെയ്യുന്നു. മിക്ക മാധ്യമ സ്ഥാപനങ്ങളും അവർ സാമ്പത്തികമായി നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവയിൽ മിക്കതും വരുമാനം കണ്ടെത്തുന്നത് അവാർഡ് ദാനച്ചടങ്ങുകളിൽ നിന്നോ
അനുബന്ധ ബിസിനസുകളിൽ നിന്നോ ആയിരിക്കും. അത്തരം ചടങ്ങുകൾ ‘വിജയം' വരിക്കണമെങ്കിൽ പ്രധാനമന്ത്രിമാരോ മന്ത്രിമാരോ പങ്കെടുക്കണം. അതിനു വേണ്ടിയും മാധ്യമ സ്ഥാപനങ്ങൾ ഭരണാധികാരികൾക്കു മുമ്പിൽ വിധേയപ്പെട്ട് നിൽക്കേണ്ടി വരുന്നു.

പരമ്പരാഗത മാധ്യമങ്ങൾക്ക് മൽസരിക്കുക പോയിട്ട് അടുത്തെങ്ങുമെത്താൻ പോലും കഴിയാത്തത്ര ഗംഭീരമായ മാധ്യമപ്രവർത്തനമാണ് സോഷ്യൽ മീഡിയയിലെ ചില ‘കിളിവാതിലുകൾ ' ഇപ്പോൾ നടത്തുന്നത്

മാധ്യമങ്ങളെ അലട്ടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയുകയാണ് വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ആദ്യ പടി. നമുക്ക് ഒരു പ്രതിസന്ധിയുമില്ലെന്ന് നമ്മൾ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നിടത്തോളം കാലം മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തിന് വേവലാതിപ്പെടണം?

ഇതൊക്കെ പറയാമെങ്കിലും നമ്മൾ ഇതുവരെ കണ്ടില്ലെന്നു നടിച്ച, നമ്മുടെ തൊട്ടു മുന്നിലുള്ള യാഥാർത്ഥ്യങ്ങളെ ഇനിയും അവഗണിക്കാനാവില്ല. ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചു കൊണ്ടല്ല 2019 ൽ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തിയത്. അങ്ങനെയുള്ള അസംബന്ധം പറച്ചിൽ ഇനിയെങ്കിലും നമ്മൾ നിർത്തണം. മോദിയുടെ പാർട്ടി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നല്ലപോലെ മനസ്സിലാക്കിത്തന്നെയാണ് ആളുകൾ അവർക്ക് വോട്ട് ചെയ്തത്. രാജ്യത്തെ 39 ശതമാനം വോട്ടർമാർ മാത്രമല്ലേ അവരെ പിന്തുണച്ചത് എന്നും പറഞ്ഞ് വേണമെങ്കിൽ നമുക്ക് ആശ്വാസം കൊള്ളാൻ ശ്രമിക്കാം. പക്ഷേ, സ്വന്തം നിലയ്ക്കു തന്നെ അതൊരു വലിയ സംഖ്യയാണ്. ആ വോട്ടുകൾ രാജ്യത്ത് ഉണ്ടാക്കിയ സ്വാധീനം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്.

ഏതെങ്കിലും പത്രമോ ചാനലോ അടച്ചുപൂട്ടുന്നതോ അവയുടെ വായ് മൂടിക്കെട്ടുന്നതോ വോട്ടർമാരെ അൽപ്പമെങ്കിലും ആശങ്കപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഏതെങ്കിലും പത്രമോ ചാനലോ അടച്ചുപൂട്ടുന്നതോ അവയുടെ വായ് മൂടിക്കെട്ടുന്നതോ ആ വോട്ടർമാരെ അൽപ്പമെങ്കിലും ആശങ്കപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അവരാരും അവരുടെ വോട്ട് പാഴാക്കിയതല്ല. അവർക്ക് ആവശ്യം ചിലരുടെ രക്തവും മാംസവുമായിരുന്നു. അപ്പോൾ അവരുടെ വിശപ്പും ദാഹവും ശമിപ്പിക്കാൻ അവരുടെ നേതാക്കൾ ശ്രമിക്കുന്നതു സ്വാഭാവികം.
ചോദ്യങ്ങൾ ചോദിക്കുന്നവരെ ചില ‘ദേശസ്‌നേഹികൾ' എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലെ കമൻറ്​ വിഭാഗത്തിൽ നിങ്ങൾക്ക് കാണാം. അവരുടെ വികൃതമായ സ്വപ്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മാധ്യമങ്ങളുടെ വായടപ്പിക്കുന്നതോ ഒരു മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്യുന്നതോ ഒക്കെ വെറും കുട്ടിക്കളി മാത്രം.

സോഷ്യൽ മീഡിയ എന്ന വിസ്​ഫോടനം

പരമ്പരാഗത മാധ്യമങ്ങൾക്ക് മൽസരിക്കുക പോയിട്ട് അടുത്തെങ്ങുമെത്താൻ പോലും കഴിയാത്തത്ര ഗംഭീരമായ മാധ്യമപ്രവർത്തനമാണ്
സോഷ്യൽ മീഡിയയിലെ ചില ‘കിളിവാതിലുകൾ ' ഇപ്പോൾ നടത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ഹിന്ദിയിൽ മികച്ച യൂട്യൂബർമാരുടെ ഒരു പ
വിസ്‌ഫോടനം തന്നെ ഉണ്ടായിട്ടുണ്ട്. അവർ ജനങ്ങളിൽ എന്ത് സ്വാധീനം ചെലുത്തുന്നുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, അധികാരത്തിലിരിക്കുന്നവരെയും, ആർക്കും വഴങ്ങിക്കൊടുക്കുന്ന പൈതൃക മാധ്യമങ്ങളെ മാത്രം കണ്ടു ശീലിച്ചവരെയും അലോസരപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ റിപ്പോർട്ട് ചെയ്യാൻ അവർ ധൈര്യം കാണിക്കുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ പരമ്പരാഗത മാധ്യമങ്ങൾക്ക് അഭിമുഖം നൽകാതെ സോഷ്യൽ മീഡിയ ചാനലുകളോട് വിശദമായി സംസാരിച്ചതിലൂടെ ഈ സന്ദേശം ഉറക്കെപ്പറയുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ഞാൻ കരുതുന്നു - അദ്ദേഹം അത് തന്നെയാണ് ഉദ്ദേശിച്ചതെന്ന് സ്ഥിരീകരിക്കാൻ എന്റെ മുമ്പിൽ വഴികളില്ലെങ്കിലും. ‘താങ്കൾക്ക് മാമ്പഴം ഇഷ്ടമാണോ' മട്ടിലുള്ള ചോദ്യങ്ങളുമായി നരേന്ദ്ര മോദിയുമായി ചിലർ നടത്തുന്ന ആസൂത്രിത അഭിമുഖങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അത്. ഈ യുറ്റ്യൂബ്​ ഗറില്ലകൾ 2024 ലെ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. (1980കളിലും 1990 കളുടെ തുടക്കത്തിലും മാധ്യമപ്രവർത്തനത്തിലേക്ക് കടന്നുവന്ന നിരവധി ഇന്ത്യൻ ചെറുപ്പക്കാർ ‘ടൈപ്പ് റൈറ്റർ ഗറില്ലകൾ' എന്നാണ് അറിയപ്പെട്ടിരുന്നത്). പുതിയ പ്രഭാതത്തിന്റെ പ്രതീക്ഷ നൽകി നിരാശപ്പെടുത്തിയ പല അനുഭവങ്ങളും നാം കണ്ടിട്ടുണ്ട്. ഇത്തവണ അത് വ്യത്യസ്തമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

യഥാർത്ഥ്യബോധമില്ലാത്ത വ്യവസ്ഥകൾ നിറഞ്ഞ വായ്പയെടുത്ത് എൻ.ഡി.ടി.വി എങ്ങനെയാണ് ഒടുവിൽ അവരെ വിഴുങ്ങാൻ വൻകിട ബിസിനസുകാരെ അനുവദിച്ചത് എന്നു നോക്കുക

എന്നാൽ സോഷ്യൽ മീഡിയയും വിശ്വാസ്യതയുടെ കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ഓരോ നല്ല ചാനലിനുചുറ്റിലും, വർഗീയവാദികളായ തെമ്മാടികളും വഞ്ചകരും നടത്തുന്ന ഒട്ടേറെ മറ്റു ചാനലുകളും ഉണ്ടാകും. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ, പത്രത്തിൽ അച്ചടിച്ചുകണ്ടാൽ മാത്രം വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ആളുകളും ഇപ്പോഴുമുണ്ട്. എന്നാൽ ഈ പ്രശ്‌നം കാലക്രമത്തിൽ സ്വയം പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു.

വായനക്കാർ / പ്രേക്ഷകർ ആണ് എന്റെ ഏറ്റവും വലിയ ആശങ്ക. പെഗാസസിന്റെ കാര്യം ഓർക്കുക. ഓൺലൈൻ സ്പെയ്സിൽ ദ വയർ നടത്തിയ ഗംഭീര പ്രവർത്തനങ്ങളാണ് ആ വിഷയം ഏറ്റെടുക്കാനും ആഘോഷിക്കാനും പൈതൃക മാധ്യമങ്ങളെ നിർബന്ധിതരാക്കിയത്. എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് കളം വിട്ടു. പക്ഷേ എന്തെങ്കിലും സംഭവിച്ചോ? വാസ്തവത്തിൽ, വാട്ടർഗേറ്റിനേക്കാൾ വലുതായിരുന്നു പെഗാസസ്. വാട്ടർഗേറ്റിൽ ഒരു പാർട്ടി ഓഫീസിനെ മാത്രമാണ് ലക്ഷ്യമിട്ടതെങ്കിൽ, പെഗാസസിന്റെ നിരീക്ഷണ വലയം അതിവിപുലമായിരുന്നു. ഒരു ജഡ്ജി പോലും നിരീക്ഷണത്തിലാക്കപ്പെട്ടു. എന്നിട്ടും പക്ഷേ ഒന്നും സംഭവിച്ചില്ല.

വാട്ടർഗേറ്റിനെ തുടർന്ന് അമേരിക്കയിൽ, ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിക്ക് രാജിവെക്കേണ്ടിവന്നു. എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും അതേ അമേരിക്ക തന്നെ പിന്നീട് ഡൊണാൾഡ് ട്രംപിനെയും തോൽപ്പിച്ചു. ഇന്ത്യയേക്കാൾ മഹത്തായ ജനാധിപത്യം നിലനിൽക്കുന്നത് അമേരിക്കയിലാണെന്നാണോ നമ്മൾ മനസ്സിലാക്കേണ്ടത്? ▮

Comments