എൻ.ഡി.ടി.വി എന്ന
​ചൂണ്ടുപലക

ഭരണകൂടത്തിന്റെ മാധ്യമവേട്ട എന്നത്​, വിരലിലെണ്ണാവുന്ന ഏതാനും മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണ്​ ഇപ്പോൾ. ആദ്യം ഇന്ത്യൻ മീഡിയ, ഇത് അവർ നേരിടുന്ന പ്രശ്നമായി മുന്നോട്ടുകൊണ്ടുവരട്ടെ. ചുരുങ്ങിയപക്ഷം അതിനെ ഒരു പ്രശ്നമായി മനസ്സിലാക്കുകയെങ്കിലും ചെയ്യട്ടെ. അതുകഴിഞ്ഞ്​പൊതുസമൂഹത്തിന്റെ പിന്തുണയെപ്പറ്റി ചർച്ച ചെയ്യാം.

രണകൂട സെൻസർഷിപ്പ് ഏതറ്റം വരെ പോകും, പോകാം എന്ന്​ നമുക്കു മനസ്സിലാക്കാനുള്ള ഒരവസ്ഥ, അല്ലെങ്കിൽ അവസരം പോലും തരാത്ത വിധം മീഡിയ ഇൻഡസ്ട്രി സെൽഫ് സെൻസർഷിപ്പ് നടപ്പിലാക്കിക്കഴിഞ്ഞു. ഒരുതരത്തിലുള്ള റിസ്‌കും തങ്ങളുടെ വഴിയിൽ വരാൻ ഇന്ത്യൻ മീഡിയ ഇൻഡസ്ട്രി താൽപ്പര്യപ്പെടുന്നില്ല. കാരണം അതൊരു ഇൻഡസ്ട്രിയാണ്, മൂലധനമാണ് അവിടെ ഏറ്റവും പ്രധാനം.

ഗുജറാത്ത് വംശഹത്യ ഏറ്റവും വിമർശനാത്മകമായി റിപ്പോർട്ട് ചെയ്ത എൻ.ഡി.ടി.വി എവിടെയെത്തിനിൽക്കുന്നു എന്നത് ഇന്ത്യൻ മാധ്യമരംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള വലിയ ചൂണ്ടുപലകയാണ്. എൻ.ഡി.ടി.വി എങ്ങനെ അദാനിയുടെ കയ്യിലെത്തി എന്ന് നമ്മൾ സെർച്ച് ചെയ്താൽ കാണുന്നതെല്ലാം കുറെ ഫിനാൻഷ്യൽ സ്റ്റാറ്റിസ്റ്റിക്സാണ്. നമുക്ക് അത്​ വലിയൊരു പൊളിറ്റിക്കൽ വാർത്തയാണെങ്കിൽ ‘മാധ്യമ സ്വാതന്ത്ര്യം കുന്തം കൊടച്ചക്രം’ എന്നൊക്കെ നമ്മൾ ആരേക്കുറിച്ചാണോ പറയുന്നത്, ആ മീഡിയ ഇൻഡസ്ട്രിക്ക് അതൊരു സാമ്പത്തിക വാർത്തയാണ്. സി.ബി.ഐ റെയ്ഡും മറ്റു വ്യവഹാരങ്ങളും, ഹിന്ദി ചാനലിനുനേരേയുണ്ടായ നിരോധന ഭീഷണി, പരസ്യദാതാക്കളിൽനിന്നുള്ള സമ്മർദ്ദവും ഭീഷണിയും... ഇത്രയും വർഷം ഇന്ത്യൻ മാധ്യമരംഗത്ത് ഏറ്റവും സ്വതന്ത്രമായും നിഷ്പക്ഷമായും നിന്ന ഒരു സ്ഥാപനം വഴിമാറി നടക്കുമ്പോൾ, ശേഖർ ഗുപ്ത പറഞ്ഞതുപോലെ ‘ഒരുയുഗം അവസാനിക്കുകയാണ്.' ടേക്ക് ഓവറിനെപ്പറ്റി ഫിനാൻഷ്യൽ ടൈംസിൽ വന്ന ഗൗതം അദാനിയുമായുള്ള ഇന്റർവ്യൂവിൽ വളരെ തമാശ തോന്നിയതും എന്നാൽ വളരെ ഗൗരവമേറിയതുമായ ഒരു വാചകമുണ്ട്​. എന്താണ് ഈ ടേക്ക് ഓവർ കൊണ്ട് താൻ ഉദ്ദേശിക്കുന്നതെന്ന വ്യക്തമായ സൂചന തരുന്ന വാചകം: ‘ഗവൺമെൻറ് തെറ്റായി എന്തെങ്കിലും ചെയ്യുമ്പോൾ അത് തെറ്റാണ് എന്നുപറയുക തന്നെയാണ് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഗവൺമെൻറ്​ എല്ലാ ദിവസവും ശരിയായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അതും നിങ്ങൾ പറയേണ്ടതുണ്ട്!'

ഗൗതം അദാനിയും നരേന്ദ്ര മോദിയും

അതായത്, ദാ ഇവിടെ ഗവൺമെൻറ്​ ഓൾ റെഡി ദിവസവും ശരിയായ കാര്യങ്ങൾ ചെയ്​തുകൊണ്ടിരിക്കുന്നുണ്ട്, എൻ.ഡി.ടി.വി എന്നും ഇനിയതങ്ങ്​ റിപ്പോർട്ട് ചെയ്താൽ മതി!

എൻ.ഡി.ടി.വി പോലെയോ ഹിന്ദു പോലെയോ അപൂർവ്വം മാധ്യമങ്ങളുടെ കാര്യത്തിൽ മാത്രമേ ഗവൺമെൻറിന് ഭീഷണിയോ സമ്മർദ്ദമോ അറ്റകൈക്ക് ഇതുപോലുള്ള ടേക്ക്​ ഓവറോ ഒക്കെ ചെയ്യേണ്ടിവന്നിട്ടുള്ളൂ. എൻ.ഡി. ടി.വിയിലേയും ഇന്ത്യയിലെ തന്നെയും മാധ്യമപ്രവർത്തകരിൽ മോദിയുടേയും അദാനിയുടേയും ഏറ്റവും വലിയ വിമർശകനായ രവീഷ്‌കുമാർ പറഞ്ഞതുപോലെ, ‘ഇന്ത്യൻ മീഡിയയുടെ 99.9999 ശതമാനവും മോദിയുടെ പ്രശംസ മാത്രമാണ് ചെയ്യുന്നത്. അവർ കോടികൾ മുടക്കി നുണയും വെറുപ്പും പരത്തിക്കൊണ്ടിരിക്കുകയാണ്.'

ജിമ്മി കിമ്മലിനെപോലെയുള്ള ലെയ്റ്റ് നൈറ്റ് ഷോ അവതാരകർ പോലും ട്രംപിനെ തേച്ചൊട്ടിക്കുന്നതു കാണുമ്പോൾ ഇന്ത്യൻ മീഡിയയുടെ അവസ്ഥ ഓർത്ത് സങ്കടവും അത്ഭുതവും തോന്നിയിട്ടുണ്ട്.

അദാനിയുടെ ഏറ്റെടുക്കലിനെതുടർന്ന് എൻ.ഡി.ടി.വി വിട്ട രവീഷ് കുമാർ പറയുന്നത് ഇപ്പോൾ തന്റെ ലേഖനം പ്രസിദ്ധീകരിക്കാൻ ഒരു ഹിന്ദി പത്രം പോലും തയ്യാറല്ല എന്നാണ്. ഇതാണ് ഇന്ത്യൻ മാധ്യമരംഗത്തെ, ചുരുങ്ങിയത് ഉത്തരേന്ത്യൻ മാധ്യമരംഗത്തെയെങ്കിലും റിയാലിറ്റി. സത്യത്തിൽ വളരെ സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയുമാണ് അവർ മോദിയെ പുകഴ്ത്തുന്നതും അമാനുഷിക പരിവേഷത്തോളമെത്തുന്ന ഒന്ന് ചാർത്തി നൽകുന്നതും. ചുരുക്കത്തിൽ മോദി സർക്കാരിന്റെ ഒരു എക്​സ്​റ്റൻഡഡ്​പ്രൊപ്പഗാണ്ട വിങ്ങ് മാത്രമാണ് ഇപ്പോൾ മുഖ്യധാരാ ഇന്ത്യൻ മീഡിയ.

മോദി സർക്കാറിനെ എന്തിന്​ എതിർക്കണം?

അതാതു സമയങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തിനും ഭരിക്കുന്ന പാർട്ടിയുടെ/വ്യക്തിയുടെ നയ, ചിന്താരീതികൾക്കും അനുസരിച്ച് മാധ്യമങ്ങൾ മാറുന്ന രീതി ലോകത്ത് പലയിടങ്ങളിൽ പല സമയങ്ങളിൽ കണ്ടിട്ടുണ്ട്. ഇത് പോസിറ്റീവാവാം, നെഗറ്റീവാവാം. ഈ മാറ്റം ഏറ്റവും പോസിറ്റീവായ രീതിയിൽ നമ്മൾ അടുത്ത്​ കണ്ടത് അമേരിക്കയിലാണ്. അതുവരെ അവർ സെൻട്രലിസ്റ്റ് എന്നും നമ്മൾ റൈറ്റിസ്റ്റ് എന്നും കണക്കാക്കിയിരുന്ന സി.എൻ.എൻ, ട്രംപ് ഭരണകാലത്ത് ലെഫ്റ്റിസ്റ്റ് ആയി മാറിയത് ഗംഭീര കാഴ്ചയായിരുന്നു. സ്‌കൈ ന്യൂസ് ഒക്കെ ഒഴിച്ചുള്ള ഒട്ടുമിക്ക അമേരിക്കൻ മാധ്യമങ്ങളും ട്രംപിന്റെ നുണകളും കള്ളത്തരങ്ങളും വീഴ്ചകളും ജനങ്ങളെ അറിയിക്കാനും അതുവഴി ജനാധിപത്യം കാത്തുസൂക്ഷിക്കാനും ജാഗരൂകരായി പ്രവർത്തിച്ചു. അവർ വലിയൊരു ഫൈറ്റാണ് അക്കാലത്തു നടത്തിയത്. ജിമ്മി കിമ്മലിനെപോലെയുള്ള ലെയ്റ്റ് നൈറ്റ് ഷോ അവതാരകർ പോലും (പൊതുവെ ഹ്യൂമറസായ ലൈറ്റ് ഷോസാണ് ഇവ) ട്രംപിനെ തേച്ചൊട്ടിക്കുന്നതു കാണുമ്പോൾ ഇന്ത്യൻ മീഡിയയുടെ അവസ്ഥ ഓർത്ത് സങ്കടവും അത്ഭുതവും തോന്നിയിട്ടുണ്ട്. ഇന്ത്യൻ മീഡിയ മോദിക്കുമുന്നിൽ ഒരു ചെറുത്തുനിൽപ്പിനുപോലും ശ്രമിക്കാതെ പൂർണമായും കീഴടങ്ങുകയായിരുന്നു. വളരെ ആസ്വദിച്ചുള്ള ഒരു കീഴടങ്ങൽ. ഉത്തരേന്ത്യൻ മീഡിയയാണെങ്കിൽ, അവർ പ്രതീക്ഷിച്ചതുപോലൊരു മിശിഹ എത്തി എന്നരീതിയിലാണ് മോദിയെ ആഘോഷിക്കുന്നത്. മൂലധനം ഇതിലൊരു വലിയ ഘടകമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മീഡിയ നടത്തിപ്പ് ഇപ്പോൾ ഒരു വ്യവസായമാണ്. ആവശ്യമില്ലാത്ത പണിക്കുപോയി പീടിക പൂ​ട്ടേണ്ട സാഹചര്യമുണ്ടാക്കാൻ ഏതെങ്കിലും കച്ചവടക്കാർ തയ്യാറാവുമോ?

മറ്റൊന്ന്, എന്തിന്റെ പേരിലാണ് മോദി സർക്കാരിനെ വിമർശിക്കേണ്ടത് എന്ന കൺഫ്യൂഷൻ പോലും പലപ്പോഴും മീഡിയക്കകത്തുണ്ട്: നമ്മൾ മോദിയെ അടച്ചുവിമർശിക്കുന്നതിൽ കാര്യമൊന്നുമില്ല. ഇതുവരെ ഒരു കോൺഗ്രസ് സർക്കാരും ചെയ്യാതിരുന്ന, എന്നാൽ ഏതു സർക്കാരിനും വളരെ എളുപ്പം ചെയ്യാമായിരുന്ന പല കാര്യങ്ങളും മോദി ചെയ്തു എന്ന സംഗതിയുണ്ട്- സ്വഛ് ഭാരത്, ശൗചാലയ്, ഗ്രാമീണർക്ക് ബാങ്കിംഗ് പരിചയപ്പെടുത്തൽ എന്നിങ്ങനെ. മറ്റൊരു പ്രധാന കാര്യം, ഏതു സാധാരണക്കാർക്കും എത്ര പിന്നാക്ക നിലയിൽനിന്നുവരുന്നവർക്കും ശ്രമിച്ചാൽ പ്രധാനമന്ത്രിവരെയാവാം എന്നത് ഇന്ത്യൻ ജനതക്ക്, മീഡിയക്ക് വളരെ റിഫ്രഷിംഗ് ആയ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും നെഹ്രുവിനു ശേഷം, ഇന്ത്യയെ ഒരിക്കലും അറിയാൻ ശ്രമിക്കാതിരുന്ന നെഹ്രുകുടുംബത്തിന്റെ വാഴ്ചക്കുശേഷം. അങ്ങനെ വന്ന ആ പ്രധാനമന്ത്രി മുന്നാക്കക്കാരുടെ ആളാണ് എന്നത് അത്ര വിസിബിളായ കാര്യമല്ലല്ലോ. അതുപോലെ ഇൻഡക്സുകളിലൊക്കെ വളരെ പുറകിലാണെങ്കിലും ജനങ്ങൾ ദാരിദ്ര്യത്തിലാണെങ്കിലും ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ ലോകം മുഴുവൻ പുകഴ്ത്തുകയാണ്. രാജ്യാന്തര തലത്തിലാണെങ്കിൽ മുമ്പുള്ളവർക്കു കിട്ടാത്ത തരത്തിലുള്ള പ്രാധാന്യം മോദിക്കു കിട്ടുന്നു. മോദി പുട്ടിനോട് യുദ്ധം നിർത്താൻ പറയുമോ ഇല്ലയോ? ഇത്​ ലോകം മുഴുവൻ ചോദിച്ച ചോദ്യമാണ്. ചൈനയുടെ മുന്നിൽ നമുക്ക് നിൽക്കക്കള്ളിയില്ലെങ്കിലും വേൾഡ് പൊളിറ്റിക്സിൽ ഇന്ത്യ ഒരു പ്രധാന പ്ലേയറായി മാറിയിരിക്കുന്നു. പിന്നെ എന്താണ്, ആർക്കാണ് പ്രശ്നം? മീഡിയക്കു തന്നെ വലിയ സംശയമുണ്ട്, എന്തിനാണ് മോദിയെ എതിർക്കുന്നത്? സംഘപരിവാർ നയങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് കേരളത്തിനും തമിഴ്നാടിനും അപ്പുറത്തേക്ക് ഒരുതരത്തിലും എത്തിയിട്ടില്ല. അതിലുപരി, മോദി വലിയൊരു പെർഫോമറാണ്. അത്യന്തം നാടകീയതയുള്ള ആ പെർഫോമൻസ് മീഡിയക്കും ആവശ്യമുണ്ട്. അതിനിടയിൽ ആര്​ ഫാക്റ്റ് ചെക്കിനുപോകുന്നു? ആര്​ചോദ്യങ്ങൾ ചോദിക്കാൻ മെനക്കെടുന്നു? ഈ വലിയ പുകമറക്കുപുറകിൽ എന്താണു നടക്കുന്നതെന്നന്വേഷിക്കാൻ ആര്​ താൽപ്പര്യപ്പെടുന്നു? സത്യത്തിൽ ഇതൊരു കീഴടങ്ങലല്ല, ഒരു കൊടുക്കൽ വാങ്ങൽ ബന്ധമാണ്. മീഡിയക്കും മോദിക്കും ഒരുപോലെ പ്രയോജനം കിട്ടുന്ന ബന്ധം.

മോദിക്കിഷ്ടപ്പെടാത്ത ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബി.ബി.സി വരെ, ദിവസങ്ങൾക്കകം റെയ്ഡ് നേരിടുമ്പോൾ അതിസാധാരണക്കാരായ ഇന്ത്യക്കാർ പ്രതികരിക്കാൻ പോകുമോ? ഗൗരി ലങ്കേഷ്, സ്റ്റാൻ സ്വാമി, വരവരറാവു, സുധാ ഭരദ്വാജ്, സഞ്​ജീവ്​ ഭട്ട്... എത്രയെത്ര ഉദാഹരണങ്ങളുണ്ട് നമുക്കു മുന്നിൽ.

ചോദ്യം ചോദിക്കുക എന്ന റിസ്​ക്​

ഭരണകൂടത്തിന്റെ മാധ്യമവേട്ട എന്നത്​, വിരലിലെണ്ണാവുന്ന ഏതാനും മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണ്​ ഇപ്പോൾ. ആദ്യം ഇന്ത്യൻ മീഡിയ, ഇത് അവർ നേരിടുന്ന പ്രശ്നമായി മുന്നോട്ടുകൊണ്ടുവരട്ടെ. ചുരുങ്ങിയപക്ഷം അതിനെ ഒരു പ്രശ്നമായി മനസ്സിലാക്കുകയെങ്കിലും ചെയ്യട്ടെ. അവരവരുടെ പ്രശ്നം ആദ്യം അവരവർ അഡ്രസ് ചെയ്യണമല്ലോ. അതുകഴിഞ്ഞ്​ നമുക്ക് പൊതുസമൂഹത്തിന്റെ പിന്തുണയെപ്പറ്റി ചർച്ച ചെയ്യാം. ഇനി പൊതുസമൂഹത്തിൽനിന്ന്​സംഘപരിവാറിനെതിരേ ഒറ്റപ്പെട്ട ശബ്ദമുയരുമ്പോഴൊക്കെ എന്താണ്​ സംഭവിക്കുന്നതെന്ന് നാം ദിവസേന കാണുന്നുണ്ട്. അവരിൽ ജയിലിൽ കിടക്കാത്തവർ എത്ര പേരുണ്ട്? പൊലീസ് കേസുകൾ നേരിടാത്ത, റെയ്ഡ് നേരിടാത്ത എത്ര പേരുണ്ട്? മോദിക്കിഷ്ടപ്പെടാത്ത ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബി.ബി.സി വരെ, ദിവസങ്ങൾക്കകം റെയ്ഡ് നേരിടുമ്പോൾ അതിസാധാരണക്കാരായ ഇന്ത്യക്കാർ പ്രതികരിക്കാൻ പോകുമോ? ഗൗരി ലങ്കേഷ്, സ്റ്റാൻ സ്വാമി, വരവരറാവു, സുധാ ഭരദ്വാജ്, സഞ്​ജീവ്​ ഭട്ട്... എത്രയെത്ര ഉദാഹരണങ്ങളുണ്ട് നമുക്കു മുന്നിൽ. (ഇവരൊന്നും അത്ര സാധാരണക്കാർ ആയിരുന്നില്ല താനും.) ഇനി, സർക്കാര് നേരിട്ട് പീഢിപ്പിച്ചില്ല എന്നുതന്നെ വെക്കാം. ഏതെങ്കിലും സംഘ്പരിവാറുകാർ രാജ്യത്തിന്റെ അങ്ങേ അതിർത്തിയിലൊക്കെയുള്ള ഏതെങ്കിലും പൊലീസ്​ സ്റ്റേഷനിൽ കൊണ്ടുപോയി രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാരോപിച്ച് ഒരു കേസങ്ങുകൊടുക്കും, വിനോദ് ദുവയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ. സർക്കാരിനെയും മോദിയെയും വിമർശിച്ചത് രാജ്യദ്രോഹക്കുറ്റമാക്കി മാറ്റി ഷിംല ജില്ലയിലെ ഏതോ ഒരു പൊലീസ് സ്റ്റേഷൻ ദുവക്കെതിരേ കേസെടുത്തു. ഈ കേസ് സുപ്രീം കോടതിയിൽ ഫൈറ്റ് ചെയ്യുന്ന സമയത്ത് ദുവ കോടതിയിൽ വളരെ ഇന്ററസ്റ്റിംഗ് ആയ ഒരപേക്ഷ കൊടുത്തു. പത്രപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ ഇടുന്നതിനുമുമ്പ് ആ ആരോപണങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ വക്കണം. ഈ കമ്മറ്റി അപ്രൂവ് ചെയ്യാതെ പത്തുവർഷത്തിനുമുകളിൽ എക്സ്പീരിയൻസുള്ള ഒരു ജേർണലിസ്റ്റിനെതിരേയും എഫ്.ഐ.ആർ ഇടരുത്. ഓരോരോ സംസ്ഥാനങ്ങളിലേയും ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുന്ന ആൾ, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരെയാണ് ദുവ കമ്മറ്റി മെമ്പർമാരായി സജസ്റ്റ് ചെയ്തത്. നിർഭാഗ്യവശാൽ ഇത് കോടതി സ്വീകരിച്ചില്ല. രവീഷ് കുമാർ കരൺ ഥാപ്പറുമായുള്ള ഇന്റർവ്യൂവിൽ പറയുന്നതുപോലെ, ‘ഈ സമയത്ത് സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുക എന്നാൽ വലിയ റിസ്‌കാണ്. നിങ്ങളുടെ ജീവിതം, കുടുംബജീവിതം ഒക്കെ വലിയ റിസ്‌കിലാകും. നിങ്ങൾക്കെതിരേ കേസുകൾ വരും. ഇതിനപ്പുറം ഒരു സാഹസം വേറേയില്ല.'

​​​​​​ രാജ്യത്തെ ഏറ്റവും പ്രമുഖനായ ഒരു മാധ്യമ പ്രവർത്തകനാണ് ഇങ്ങനെ പറയുന്നത്. ബി.ബി.സി മുതൽ മുഹമ്മദ് സുബൈർ വരെ എത്ര എത്ര ഉദാഹരണങ്ങൾ. എത്രപേർ ഈ വലിയ റിസ്‌കെടുക്കാൻ തയ്യാറാവും?

ന്യൂ മീഡിയ എന്ന പ്രതീക്ഷ

ഈ പ്രതിസന്ധികളുടെയെല്ലാം ഇടയ്​ക്ക്​ ന്യൂ മീഡിയ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. മീഡിയ എന്ന വാക്കിനെത്തന്നെ അത് പുനർനിർവ്വചിക്കുകയാണ്. ഏതെങ്കിലുമൊക്കെ രീതിയിൽ ഇൻഫർമേഷൻ പാസ് ചെയ്യുന്ന, അനവധി പ്ലാറ്റ്ഫോമുകളും സങ്കേതങ്ങളും ചേരുന്ന ഒരു വലിയ, ലൂസായ ഇടമായിരിക്കും ഇനിയത്തെ കാലത്തെ മീഡിയ. അത് വ്ലോഗിംഗാകാം, പോഡ്കാസ്റ്റാവാം, വരാൻ പോകുന്ന അനവധി പുതിയ പ്ലാറ്റ്ഫോമുകളാവാം. അവിടെ അറിവ് തടഞ്ഞുവക്കുക എന്നത് ഒട്ടും എളുപ്പമായിരിക്കില്ല. തന്നെയുമല്ല, അവിടെ വലിയ മൂലധനം ആവശ്യമില്ല. മെയിൻസ്ട്രിം മീഡിയയെ അപേക്ഷിച്ച് ന്യൂ മീഡിയക്കുള്ള ഏറ്റവും വലിയ അഡ്വാന്റേജ് അതാണ്. ഒപ്പം അതിന്റെ റീച്ചും. പ്രതിരോധം തീർക്കാൻ ഇപ്പോൾ അനവധി പ്ലാറ്റ്ഫോമുകളുണ്ട്. പൂർണമായും ഇന്റർനെറ്റ് ആക്സസ് ഇല്ലാതാക്കുക വഴി മാത്രമേ സർക്കാരിന് ഇതിനെ പ്രതിരോധിക്കാനാകൂ. അങ്ങനെയൊരുലോകം ഇനി സാദ്ധ്യമല്ലല്ലോ. അതുകൊണ്ട് ന്യൂ മീഡിയ വലിയൊരു പ്രത്യാശയാണ്.

വളരെ ട്രാൻസ്​പരൻറായ ഒരു ഫാക്റ്റ് ചെക്കിംഗ് സംവിധാനം സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നാൽ അതിനെ അനുകൂലിക്കുന്ന ആളാണ് ഞാൻ. കാരണം ഒരക്കൗണ്ടബിളിറ്റി എവിടേയും വേണം. പക്ഷേ അങ്ങനെ ട്രാൻസ്​പരൻറായ, നിഷ്​പക്ഷമായ ഒരു ഫാക്റ്റ് ചെക്കിംഗ് സംവിധാനം ഏറ്റവും പ്രയാസം സൃഷ്ടിക്കുക സംഘ്പരിവാറിനുതന്നെയാണ്. കാരണം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കള്ളത്തരം പടച്ചുവിടുന്നത് അവരാണല്ലോ. ഇന്റർനെറ്റ് ബ്ലോക്ക് ചെയ്താലല്ലാതെ ഇനിയുള്ള കാലത്ത് സർക്കാരിന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇപ്പറഞ്ഞ ന്യൂ മീഡിയയെ പൂർണമായും വരുതിക്കുനിർത്താൻ സാധിക്കുമെന്നു തോന്നുന്നില്ല. തീർച്ചയായും കുറേയൊക്കെ നിയന്ത്രിക്കാൻ സാധിക്കും. സൈബർലോകം അത്ഭുതപ്പെടുന്ന വേഗത്തിൽ പുതിയ പുതിയ സങ്കേതങ്ങളും പ്ലാറ്റ്ഫോമുകളും അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മെയിൻസ്ട്രീം മീഡിയ പോലെ വളരെ എളുപ്പം, സർക്കാരിന് എത്രയൊക്കെ ശ്രമിച്ചാലും സൈബർ ലോകത്ത് മുഴുവൻ എത്തിപ്പെടാൻ പറ്റില്ല. അതങ്ങു ലോകം മുഴുവൻ പടർന്നു കിടക്കുകയാണല്ലോ. ▮


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments