മീഡിയ @ മൈനസ്​ ഡിഗ്രി

സെൽഫ് സെൻസറിംഗ് അഥവാ സ്വയം അടിച്ചേൽപ്പിക്കുന്ന മൗനം ഒരുതരം സീറോ ഡിഗ്രി സെൽഷ്യസ് ആണ്. ഒരർത്ഥത്തിൽ അതിൽ ഒരു നിസ്സഹായത, ഇരയാക്കപ്പെടൽ ഉണ്ട് എന്നുപറയാം. പക്ഷെ മാധ്യമങ്ങൾ അവിടെ നിന്നും താഴോട്ടേക്ക്, മൈനസിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

നിലവിൽ കൊയ്തുകൊണ്ടിരിക്കുന്ന ലാഭം ഇല്ലാതാവുമോ, നഷ്ടത്തിലാവുമോ, അടച്ചുപൂട്ടേണ്ടി വരുമോ എന്നിങ്ങനെയുള്ള ഉത്കണ്ഠകളും ഭയപ്പാടുകളുമാണ് മോദിവാഴ്ചക്കാലത്ത് മാധ്യമ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരമാകുമോ, ആക്രമിക്കപ്പെടുമോ, കേസിൽ കുടുങ്ങുമോ, ജയിലിലടക്കപ്പെടുമോ, ജീവൻ തന്നെയും നഷ്ടപ്പെടുമോ എന്ന ഭയാശങ്കളാണ് മാധ്യമപ്രവർത്തകരെ അലോസരപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും സുരക്ഷിത മാർഗം സെൽഫ് സെൻസർഷിപ്പ് തന്നെയാണ്. അതായത് മിണ്ടാതെ ഇരിക്കുക.

പക്ഷെ ഈ മൗനം അത് പാലിക്കുന്ന മാധ്യമങ്ങൾക്ക് ഒരു രക്ഷാമാർഗ്ഗമാണെങ്കിലും ജനാധിപത്യസമൂഹത്തിന് ഹാനികരമായാണ് ഭവിക്കുക. അഭിപ്രായങ്ങൾ തുറന്നുപറയുക എന്നത്, പറയുന്ന ആൾക്ക് മാത്രമല്ല കേൾക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അഭിപ്രായങ്ങളുടെ തുറന്നതും സ്വതന്ത്രവുമായ ആവിഷ്‌കാരം; അപ്പോഴാണ് ജ്ഞാനമണ്ഡലം സജീവമാകുക, സംവാദം സാധ്യമാകുക. ശബ്ദിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ജീവവായു; പൊതുമണ്ഡലത്തിന്റെ അടിത്തറ. ആധുനിക മാധ്യമങ്ങളുടെ ചരിത്രം ആരംഭിക്കുന്നതുതന്നെയും ഈ അടിത്തറയിൽ നിന്നാണ്.

photo: Ajcent/pinterest

സെൽഫ് സെൻസറിംഗ് അഥവാ സ്വയം അടിച്ചേൽപ്പിക്കുന്ന മൗനം ഒരുതരം സീറോ ഡിഗ്രി സെൽഷ്യസ് ആണ്. ഒരർത്ഥത്തിൽ അതിൽ ഒരു നിസ്സഹായത, ഇരയാക്കപ്പെടൽ ഉണ്ട് എന്നുപറയാം. പക്ഷെ മാധ്യമങ്ങൾ അവിടെ നിന്നും താഴോട്ടേക്ക്, മൈനസിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കുനിയുവാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറഞ്ഞത്. അപ്പോൾ അവർ മുട്ടിലിഴഞ്ഞു എന്ന് അദ്വാനി പറഞ്ഞു. എന്നാൽ ഇന്ന് മുട്ടിലിഴയാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറയുന്നത്. അപ്പോൾ മാധ്യങ്ങൾ ഇഴയുക മാത്രമല്ല, ഇനിയൊരിക്കലും നിവർന്ന് നിൽക്കില്ല എന്നുപറഞ്ഞ് തങ്ങളുടെ നട്ടെല്ല് തന്നെ ഊരിയെടുത്ത് അധികാരികൾക്കുമുന്നിൽ കാഴ്ചവെക്കുന്ന രംഗങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

യാഥാർത്ഥ്യവുമായുള്ള നമ്മുടെ ബന്ധത്തെ പുതുക്കിപ്പണിയുന്ന പ്രക്രിയയിൽ സജീവമായി ഇടപെടുന്ന വ്യവഹാരശക്തി എന്ന നിലയിൽ കൂടിയാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് രാഷ്ട്രീയപരമാകാൻ കഴിഞ്ഞത്.

ഉടഞ്ഞുപോയ കണ്ണാടി

ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും ജീവവായു ശ്വസിച്ചാണ് ഇന്ത്യൻ മാധ്യമങ്ങൾ ഉയർന്നുവന്നത് എന്ന് എടുത്തു പറയേണ്ടതില്ല. മാധ്യമങ്ങളുടെ ഈ ചരിത്രപരതയും രാഷ്ട്രീയപരതയും കേവലം ഉള്ളടക്കത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല. യാഥാർത്ഥ്യവുമായുള്ള നമ്മുടെ ബന്ധത്തെ പുതുക്കിപ്പണിയുന്ന പ്രക്രിയയിൽ സജീവമായി ഇടപെടുന്ന വ്യവഹാരശക്തി എന്ന നിലയിൽ കൂടിയാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് രാഷ്ട്രീയപരമാകാൻ കഴിഞ്ഞത്. അറിവുകളും വാർത്തകളും വിനിമയം ചെയ്യുകയും ആശയപ്രചാരണങ്ങളുടെ ജിഹ്വകളായി പ്രവർത്തിക്കുകയും ചെയ്യുന്നതോടൊപ്പം യാഥാർത്ഥ്യത്തെ ചില പരിപ്രേക്ഷ്യങ്ങളിലൂടെ നോക്കിക്കാണാനും വിലയിരുത്താനുമുള്ള പരിശീലനക്കളരി കൂടിയായിരുന്നു ആദ്യകാല ഇന്ത്യൻ മാധ്യമങ്ങൾ. നിലപാടുകളുടെ പ്രത്യക്ഷ തലങ്ങളിൽ വിഭിന്നങ്ങളായിരുന്നിരിക്കാമെങ്കിലും ജനങ്ങളെ യുക്തിബോധമുള്ളവരാക്കി മാറ്റുക എന്ന ദൗത്യം പൊതുവായി അവ ഏറ്റെടുത്തിരുന്നു. മറ്റൊരു രീതിയിൽ മാധ്യമങ്ങൾക്ക് അതായിത്തീരുവാനും നിലനിൽക്കുവാനും പ്രവർത്തിക്കുവാനും കഴിയുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ദേശീയത, ഭാഷാബോധം, മതനിരപേക്ഷത, എല്ലാ അർത്ഥത്തിലുമുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത, നീതി തുടങ്ങിയ കാറ്റഗറികൾക്കൊപ്പം അവയുടെ പര്യായം എന്ന നിലയിലായിരുന്നു മാധ്യമങ്ങൾ നിലനിന്നിരുന്നത്. ഇന്ത്യൻ ഭരണഘടന, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയും ഇതിനോട് ചേർന്ന് നിൽക്കുന്നവയാണ്.

പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നവരാണ് രാജ്യം ഭരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ‘രാഷ്ട്രീയ ബോധം' മാധ്യമമുതലാളിമാർക്കുണ്ട്/ photo: pinterest

പക്ഷെ ഇന്ന് കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം രാജ്യത്ത് ആഭ്യന്തര ശത്രുക്കളെ കണ്ടെത്തുകയും അവരുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകുകയും ചെയ്ത ഒരാൾ പ്രധാനമന്ത്രിയായിത്തീർന്നതോടുകൂടി പഴയ അർത്ഥത്തിലുള്ള ഇന്ത്യ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ എന്നത് നമുക്ക് മുഖം നോക്കാനുള്ള കണ്ണാടി ആയിരുന്നു. ആ കണ്ണാടിയാണ് ഉടഞ്ഞുപോയിരിക്കുന്നത്. യാഥാർത്ഥ്യവുമായി നാം നിലനിർത്തിപ്പോന്ന യുക്തിബോധത്തിലൂന്നിയ ബന്ധത്തെ തകർക്കുക എന്നതായിരുന്നു സംഘപരിവാരത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. അതിൽ അവർ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പഴയ അർത്ഥത്തിലുള്ള മാധ്യമ പ്രവർത്തനം അസാധ്യമാണ്.

പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നവരാണ് രാജ്യം ഭരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ‘രാഷ്ട്രീയബോധം' മാധ്യമമുതലാളിമാർക്കുണ്ട്. അവരെ സംബന്ധിച്ച്​ ചെറുത്തുനിൽപ്പ്​ എന്നത് കേൾക്കാൻ രസമുള്ള ഒരു കോമഡി മാത്രമാണ്. അടിമുടി മൂലധന താൽപര്യങ്ങളിൽ കുളിച്ചുനിൽക്കുന്ന ഇന്ത്യൻ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ച്​ ഏറ്റവും അഭികാമ്യമായ മാർഗ്ഗം അടിമത്തം തന്നെയാണ്. പ്രതിപക്ഷം ദുർബലമാവുകയും ജുഡീഷ്യറി ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങളോട് ചാഞ്ഞുനിൽക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിൽ ഭരണകൂട വിമർശനം എന്ന റിസ്‌ക് അവർ ഏറ്റെടുക്കുമെന്ന് വിചാരിക്കുന്നത് തന്നെ അസംബന്ധമാണ്.

ഇന്ത്യൻ മാധ്യമലോകത്തെ വിമതപക്ഷത്തെ ഏറെക്കുറെ പരിപൂർണമായി നിശ്ശബ്ദമാക്കുന്നതിൽ മോദിവാഴ്ച വിജയിച്ചുകൊണ്ടിരിക്കുകയാണ് എന്നുതന്നെ പറയാം.

പ്രതിപക്ഷ രാഷ്​ട്രീയ മുന്നേറ്റവും മാധ്യമങ്ങളും

ഇന്ത്യൻ മാധ്യമലോകത്തെ വിമതപക്ഷത്തെ ഏറെക്കുറെ പരിപൂർണമായി നിശ്ശബ്ദമാക്കുന്നതിൽ മോദിവാഴ്ച വിജയിച്ചുകൊണ്ടിരിക്കുകയാണ് എന്നുതന്നെ പറയാം. ഡൽഹിയിലെ വർഗ്ഗീയ കലാപത്തിന്റെ വാർത്ത കൊടുത്തതിന്റെ രുചി കേരളത്തിലെ ചാനലുകൾ തന്നെ അറിഞ്ഞിട്ടുള്ളതാണ്. എൻ.ഡി.ടി.വിയെ പരിപൂർണമായി ഇല്ലാതാക്കാൻ ഭരണവർഗ്ഗത്തിന് കഴിഞ്ഞു. ന്യൂസ് ക്ലിക്ക്, എ.ബി.പി ന്യൂസ്, ഔട്ട് ലുക്ക്, ദ വീക്ക്, ആൾട്ട് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ ഭരണകൂടവേട്ടക്കും ഭീഷണിക്കും വിധേയമായതിന്റെ ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ട്. ഏതറ്റംവരെ പോയാലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവാണ് ബി.ബി.സിക്കുനേരെ തിരിയാൻ സംഘപരിവാരത്തിന് ആത്മവിശ്വാസം നൽകിയത്.

ഏതറ്റംവരെ പോയാലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവാണ് ബി.ബി.സിക്കുനേരെ തിരിയാൻ സംഘപരിവാരത്തിന് ആത്മവിശ്വാസം നൽകിയത്

അടിയന്തരാവസ്ഥക്കാലത്തെ മാധ്യമവേട്ട മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ളതും നേർക്കുനേർ എന്ന മട്ടിലുള്ളതുമായിരുന്നു. ഒരുതരം ‘നിഷ്‌കളങ്ക'മായ വേട്ട ആയിരുന്നു അന്ന് നടന്നത്. ഇന്ന് പക്ഷെ ഇന്ത്യൻ ഭരണകൂടം കൂടുതൽ സങ്കീർണമായിരിക്കുന്നു. ചതി, വഞ്ചന, കളവ് എന്നിവ അടക്കം അടിച്ചമർത്തലിന്റെ ഏത് മാർഗ്ഗം സ്വീകരിക്കാനും ഒട്ടും അറപ്പില്ലാത്തവരായിരിക്കുന്നു ഇന്ത്യ ഭരിക്കുന്നവർ. ഔദ്യോഗിക സേന മുതൽ ആൾക്കൂട്ട സേന വരെ ഉള്ളവരാണ് ഇന്നത്തെ ഭരണകർത്താക്കൾ. ഇത്തരമൊരവസ്ഥയിൽ ഭരണകൂടത്തിന്റെ മാധ്യമവേട്ടക്കെതിരെ ഇന്ത്യൻ രാഷ്ട്രീയ സമൂഹത്തിന്റെയും പൗരസമൂഹത്തിന്റെയും സംഘടിതശബ്ദം ഉയർന്നുവരിക എന്നത് ഇനിയും കരുത്താർജ്ജിക്കേണ്ടിയിരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ മുന്നേറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.

മെയിൻസ്ട്രീം മീഡിയയിലേതിനേക്കാൾ വേഗത്തിലുള്ള ഒരു കീഴടങ്ങലാണ് സോഷ്യൽ മീഡിയയെ കാത്തിരിക്കുന്നത്. പക്ഷെ, അങ്ങനെ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും.

സോഷ്യൽ മീഡിയ എന്ന പ്രതിരോധ സാധ്യത

ഇന്ത്യൻ സോഷ്യൽ മീഡിയ മാധ്യമരംഗത്തെ പ്രതിരോധത്തിന്റെ അവസാനത്തെ തുരുത്താണ് എന്നുപറയാം. ആശയപരമായ പ്രചാരണങ്ങൾ നടത്തുവാൻ മാത്രമല്ല പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും ഏകോപിപ്പിക്കുവാനും സോഷ്യൽ മീഡിയക്ക് കഴിയുന്നുണ്ട്. പ്രചാരകർ മാത്രമല്ല സംഘാടകർ കൂടിയാണ് സോഷ്യൽ മീഡിയ എന്നർത്ഥം. ഫാഷിസത്തെ അതിന്റെ മൈക്രോലെവലിൽ നേരിടാനുള്ള സാധ്യതയും സോഷ്യൽ മീഡിയ തുറന്നിടുന്നുണ്ട്. പക്ഷെ, പ്രബലമായ ഒരു പ്രതിപക്ഷ രാഷ്ട്രീയധാരയുടെ അഭാവത്തിൽ, ഒറ്റപ്പെട്ട വ്യക്തികളും ദുർബലമായ കൂട്ടായ്മകളും നടത്തുന്ന ഒട്ടൊക്കെ വൈകാരികമായ ഇത്തരം പ്രതിഷേധങ്ങളെ എളുപ്പത്തിൽ അടിച്ചൊതുക്കുവാൻ ഭരണകൂടത്തിന് കഴിയും. മെയിൻസ്ട്രീം മീഡിയയിലേതിനേക്കാൾ വേഗത്തിലുള്ള ഒരു കീഴടങ്ങലാണ് സോഷ്യൽ മീഡിയയെ കാത്തിരിക്കുന്നത്. പക്ഷെ, അങ്ങനെ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും.

photo: pixabay

രാഷ്ട്രീയ പ്രതിരോധത്തിനുള്ള ഉപാധി എന്ന നിലയിൽ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള സാധ്യതകൾ നിരവധിയാണ്. അച്ചടി മാധ്യമങ്ങൾ വിവിധ തരം പ്രതിസന്ധികൾ നേരിടുകയും ഇലക്​ട്രോണിക്​ മാധ്യമങ്ങൾ സാങ്കേതിക മുന്നേറ്റത്തിന്റെ പുതിയ സാധ്യതകൾ മറികടക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാവി ഡിജിറ്റൽ മീഡിയകൾക്കുതന്നെയാണ്. ഡി.ടി.പി, ലാപ്ടോപ്പ്, ടാബ്​ലെറ്റ്​, സെൽഫോൺ എന്നിങ്ങനെ വിവിധരൂപങ്ങളിൽ വ്യാപകമാവുന്ന ഡിജിറ്റൽ മീഡിയാ നെറ്റ്​വർക്കുകൾക്ക് കൂടുതൽ സൂക്ഷ്മതലത്തിലുള്ളതും ഇന്റിമേറ്റ് ആയതുമായ വിനിമയങ്ങൾ സാധ്യമാക്കാൻ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഭരണകൂടം ഈ മേഖലയിലുള്ള നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും കൂടുതൽ കർക്കശമാക്കുകയും ചെയ്യും. ഇവിടെയും ഭരണകൂടത്തിനെതിരായ വിപുലവും ശക്തമാവുമായ ഒരു രാഷ്ട്രീയചേരിയുടെ അനിവാര്യതയിലേക്കുതന്നെയാണ് നാം എത്തിച്ചേരുന്നത്. ഇത്തരമൊരു മുന്നേറ്റത്തിന്റെ പിൻബലത്തിൽ മാത്രമേ ഡിജിറ്റൽ മീഡിയയുടെ പ്രതിരോധ സാധ്യതകളെ ഫലപ്രദമായി ഉപയുക്തമാക്കാൻ കഴിയൂ. അപ്പോൾ മാത്രമേ അതിന്റെ സാങ്കേതികവും വിധ്വംസകവുമായ പൊട്ടൻഷ്യൽ പരിപൂർണ്ണമായി വെളിപ്പെടുകയുള്ളൂ. ▮

Comments