ദി ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ട്രൂ കോപ്പി വെബ്സീനിനെക്കുറിച്ച് പറയുന്നു

മ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ജേണലിസംപോരാട്ടമാണ് ട്രൂ കോപ്പി നടത്തുന്നത് എന്ന് ഞാൻ കരുതാൻ കാരണം:

ആഴ്ചയിലെ ആ പ്രവൃത്തിദിവസം, മൃഗശാലക്കുപുറത്ത് വൻ ജനക്കൂട്ടത്തെ കണ്ട് ആ മാധ്യമ രാജാവ് ഒന്നമ്പരന്നു. എന്തുകൊണ്ടാണ് പ്രവൃത്തിദിനമായിട്ടും ഇത്രയധികമാളുകൾ മൃഗശാലയിലെത്തിയതെന്ന് അറിയാൻ അദ്ദേഹത്തിന് ആകാംക്ഷയായി. ആ ദിവസം, മൃഗശാലയിലേക്കുള്ള പ്രവേശനഫീസ്, മറ്റു ദിവസങ്ങളിലേതിനേക്കാൾ കുറവാണ്. സ്വഭാവികമായും അന്ന് ജനങ്ങൾ അവിടേക്ക് ഇടിച്ചുകയറും. ആ തിരിച്ചറിവ്, ഒരു ആശയത്തിന്റെ മിന്നൽ മാത്രമായിരുന്നില്ല, ഇന്ത്യൻ ജേണലിസത്തിന്റെ ഹൃദയത്തിലൂടെ പോയന്റ് ബ്ലാങ്കിൽ കടന്നുപോയ വെടിയുണ്ട കൂടിയായിരുന്നു.

ഇന്ത്യൻ മീഡിയ ലഗസിയിലെ സവിശേഷമായ ആ ജേണലിസത്തെ കൊന്നുകളഞ്ഞുകൊണ്ട്, ജേണലിസം എന്ന വ്യവസായത്തിനുവേണ്ടിയുള്ള ഒരു ആർക്കിമിഡിസ് നിമിഷമായി അത് മാറി. ആ സംഭവത്തിൽ നിന്ന് ആ മീഡിയ രാജാവ് ഒരു കാര്യം മനസ്സിലാക്കി: പത്രവിൽപന പൊതുവേ മറ്റു ദിവസങ്ങളിലേതിനേക്കാൾ കുറവുള്ള ദിവസങ്ങളിൽ (തിങ്കളാഴ്ചകളിലെ പ്രഭാതങ്ങളിൽ ആളുകൾ ജോലിക്ക് പോകാനുള്ള തയാറെടുപ്പിന്റെ തിരക്കിലാകുന്നതുകൊണ്ട് അന്ന് പത്രവായന കുറയുമെന്ന ധാരണ തെണ്ണൂറുകളിലും മറ്റുമുണ്ടായിരുന്നു) വില കുറച്ചാൽ, കൂടുതൽ പേർ പത്രം വാങ്ങാനിടയുണ്ട്. ഇതാണ് പത്രങ്ങളുടെ "ഇൻവിറ്റേഷൻ പ്രൈസ്' എന്ന ആശയത്തിന് പിറവിയേകിയത്- അതായത്, ഓരോ ദിവസവും ഓരോ വില. വിൽപന കുറവുള്ള ദിവസം കുറഞ്ഞ വില, വാരാന്ത്യങ്ങളിൽ ഉയർന്ന വില (ഉള്ളടക്കം കൂടുതലുണ്ടെങ്കിലും ഉയർന്ന വില). ഈ ആശയത്തെ തെറ്റായി കാണാനാകില്ല: എന്തായാലും, ഒരു പ്രസിദ്ധീകരണത്തിന് കൂടുതൽ വായനക്കാരെ ലഭിക്കുക എന്നത് ഏതൊരു പബ്ലിഷറുടെയും ജേണലിസ്റ്റിന്റെയും പ്രഖ്യാപിത ലക്ഷ്യം തന്നെയാണല്ലോ.

വിലക്കയറ്റത്തിൽനിന്ന് വായനക്കാർക്ക് സംരക്ഷണം നൽകാനെന്ന പേരിൽ മധുരത്തിൽ പൊതിഞ്ഞു കൊണ്ടുവന്ന ഈ തന്ത്രത്തിന് അടിസ്ഥാനപരമായ ഒരു പിഴവുണ്ടായിരുന്നു. ഇത് പ്രാവർത്തികമാക്കിയപ്പോൾ, സർക്കുലേഷൻ കുതിച്ചുയർന്നു, എന്നാൽ, സർക്കുലേഷൻ വരുമാനത്തിൽ ആനുപാതിക വർധനവുണ്ടായില്ല. അത് വ്യക്തമായിരുന്നു, കാരണം; വിലയേറിയ ന്യൂസ് പ്രിന്റ് ചെലവാക്കി നിങ്ങൾ കൂടുതൽ കോപ്പികൾ അടിക്കുന്നു, അതേസമയം, നിങ്ങൾക്ക് അച്ചടിക്കായി ചെലവഴിക്കുന്നതിലും വളരെ കുറവ് പണമേ പത്രം വിൽക്കുമ്പോൾ കിട്ടുന്നുള്ളൂ.

ഈ വൈരുധ്യത്തെ എങ്ങനെ നേരിടും? പത്രങ്ങൾക്ക് രണ്ടിടങ്ങളിൽനിന്നാണ് വരുമാനമുണ്ടാകുന്നത്: വായനക്കാരിൽനിന്നും പരസ്യക്കാരിൽനിന്നും. വായനക്കാരുടെ "താൽപര്യം സംരക്ഷിക്കാൻ' വില നിയന്ത്രിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അവരിൽനിന്ന് നിങ്ങൾക്ക് കൂടുതൽ വില ആവശ്യപ്പെടാൻ കഴിയില്ല. ഒരേയൊരു പരിഹാരം, കൂടുതൽ പരസ്യം കണ്ടെത്തുകയാണ്, അല്ലെങ്കിൽ പരസ്യനിരക്ക് കൂട്ടുക. കാലാകാലങ്ങളായി നിലനിൽക്കുന്ന, സർക്കുലേഷൻ വരുമാനവും പരസ്യവരുമാനവും തമ്മിലുള്ള ശാക്തിക സന്തുലിതാവസ്ഥ ഭേദിക്കേണ്ടിവരും- മൂന്നു ദശാബ്ദത്തിലേറെയായി ജേണലിസത്തിന്റെ നാശത്തിന് കാരണമായ ഒരു പിളർപ്പാണിത്. അന്തിമ ഫലം: ചില സാഹചര്യങ്ങളിൽ, ഒരു പത്രം അച്ചടിച്ച് പുറത്തുവരുമ്പോൾ ചെലവാകുന്ന തുകയുടെ അഞ്ചിലൊന്നുപോലും (ചിലർ പറയുന്നു, ആറിലൊന്നുപോലും) സർക്കുലേഷനിൽനിന്ന് ലഭിക്കുന്നില്ല. സർക്കുലേഷൻ വരുമാനം കഴിച്ചുള്ള തുകയും ലാഭവും പരസ്യവരുമാനത്തിൽനിന്നാണ് വരേണ്ടത്.

ചില സാങ്കൽപിക കണക്കുകൾ നോക്കാം. ഒരു ഇംഗ്ലീഷ് പത്രത്തിന് നാലു രൂപയാണെന്ന് കരുതുക. ഏജന്റിന്റെ കമീഷനും മറ്റും കഴിച്ച് ഒരു കോപ്പിക്ക് കിട്ടുക രണ്ടു രൂപയാണ്. ഒരു കോപ്പി അച്ചടിക്കാൻ വേണ്ട ചെലവ് 10 രൂപയോളമാണ് (ഇത് വളരെ യാഥാസ്ഥിതികമായ കണക്കാണ്. ചിലപ്പോൾ 16 രൂപയോ 20 രൂപ വരെയോ ചെലവാകും). അപ്പോൾ, വായനക്കാരിൽനിന്ന് ഒരു കോപ്പിക്ക് കിട്ടുന്നത്, ആ കോപ്പി അച്ചടിക്കാൻ ചെലവായതിന്റെ വെറും 20 ശതമാനം മാത്രമാണ്. ബാക്കി എട്ടു രൂപയും ലാഭവും പരസ്യക്കാരിൽനിന്നുവേണം കിട്ടാൻ. അപ്പോൾ ഒരു പത്രമെന്ന നിലക്ക്, ഞാൻ ആർക്കായിരിക്കും പ്രാധാന്യം നൽകുക? പത്രം വാങ്ങാൻ രണ്ടു രൂപ നൽകുന്നവർക്കോ അതോ, അതിനുവേണ്ടി ഒമ്പതുരൂപ നൽകുന്നവർക്കോ? സ്വഭാവികമായും, കൂടുതൽ തുക നൽകുന്നവർക്കായിരിക്കും, അതായത്, പരസ്യക്കാർക്ക്.

ഇങ്ങനെ കരുതുക: നാം നമ്മുടെ പണി ഗൗരവത്തോടെ ചെയ്യുന്നു, പാഠപുസ്തകത്തിലെ നിർവചനമനുസരിച്ച് -വേദനിക്കുന്നവരെ ആശ്വസിപ്പിക്കുക, ആനന്ദിക്കുന്നവരെ വേദനിപ്പിക്കുക- മാധ്യമപ്രവർത്തനം നടത്തുന്നു. എങ്കിൽ, നിങ്ങൾ തീർച്ചയായും ശത്രുക്കളെ സൃഷ്ടിക്കുകയായിരിക്കും ഫലം. ഏതെങ്കിലും പെരുവിരലുകളെ നാം ലക്ഷ്യം വക്കുന്നുവെന്ന് കരുതുക - സർക്കാറിനെപ്പോലെ. സർക്കാറുകൾക്ക് ഒരിക്കലും കവർച്ചക്കാരെപ്പോലെ പെരുമാറേണ്ട കാര്യമില്ല, പ്രശ്നക്കാരായ പത്രങ്ങൾക്ക് പരസ്യം നിഷേധിക്കേണ്ടതുമില്ല. പകരം, അവർ പ്രമുഖരായ അഞ്ചോ പത്തോ പരസ്യക്കാരെ വിളിക്കും, എന്നിട്ട് ആ പണിയങ്ങ് തീർക്കും. പരസ്യക്കാരിലെ വമ്പൻ സ്രാവ്, ഏതാനും ഫോൺ വിളികൾ കൊണ്ടുതന്നെ പത്രത്തിനെ മുക്കും, അല്ലെങ്കിൽ നീന്തിപ്പിക്കും. വായനക്കാരെ "സംരക്ഷിക്കാൻ' എന്ന നാട്യത്തിൽ, നമ്മൾ അവരുടെ ആശ്രിതരായി മാറേണ്ടിവരും, അതായത്, പരസ്യക്കാരുടെ. ചുരുക്കത്തിൽ, പത്രങ്ങൾക്ക് വായനക്കാരെ "ബഹുമാനിച്ച്' നിലനിൽക്കാനാകാതെ വരും.

ഞാൻ ഇവിടെ "ഭയം' എന്ന വാക്ക് ഉപയോഗിക്കുന്നില്ല- മാധ്യമ സ്ഥാപനങ്ങളെ മുൾമുനയിൽ നിർത്തി ലേഖനങ്ങളും നോവലുകളും പിൻവലിപ്പിക്കുന്ന ആൾക്കൂട്ടത്തെക്കുറിച്ചുള്ള ഭയം. ഞാൻ സൂചിപ്പിക്കുന്നത് "ബഹുമാനം' എന്ന വാക്കാണ്- വിശ്വാസത്തിലും ധാരണയിലും അധിഷ്ഠിതമായ ആഴത്തിലുള്ള പരസ്പര ആദരവ്, തീർച്ചയായും, അതിൽ മൂല്യങ്ങളുടെ കൊടുക്കൽ വാങ്ങലുകളുണ്ട്.

ഈ പറഞ്ഞതൊന്നും പുതിയ കാര്യങ്ങളല്ല. ഈ വിഷയം ഏറെയും ന്യൂസ് റൂമുകളിൽ ചത്തുമലച്ചുകിടക്കുകയാണ്, ചുരുക്കം ചിലരേ, വിലയാകുന്ന പൂച്ചക്ക് മണി കെട്ടുന്നുള്ളൂ, അല്ലെങ്കിൽ അതിന് ധൈര്യപ്പെടുന്നുള്ളൂ.

ട്രൂ കോപ്പിയുടെ ഒരു പ്രമോഷണൽ ക്ലിപ്പ് കണ്ടപ്പോഴാണ് ഞാൻ, ഈ ഇരുണ്ട പാശ്ചാത്തലത്തെക്കുറിച്ച് ഓർത്തത്. ആ പ്രമോഷണൽ ക്ലിപ്പിൽ, സി.ഇ.ഒയും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവ് പറഞ്ഞ ചില കാര്യങ്ങൾ പൊടുന്നനെ എന്നെ നിശ്ചലനാക്കിക്കളഞ്ഞു (വാസ്തവത്തിൽ, ആരാധനയോടെയും ആദരവോടെയുമുള്ള ഒരു നിൽപ്പായിരുന്നു അത്): ""വായനക്കാരെയാണ് ഞങ്ങൾ മൂലധനമായി കാണുന്നത്...''. അതിശയോക്തി എന്ന കുറ്റപ്പെടുത്തലുണ്ടാകാമെങ്കിലും പറയട്ടെ, ഏറെ കാലത്തിനുശേഷം ഇന്ത്യൻ ജേണലിസത്തിൽ കേട്ട ഏറ്റവും വിപ്‌ളവകരമായ ആശയമായി ഞാൻ ഇതിനെ മനസ്സിലാക്കുന്നു.

ഈ അസാധാരണ ഉൾക്കാഴ്ചക്കുതുല്യമായ ധീരമായ ഒരു പ്രഖ്യാപനം കൂടി സജീവ് ഇതിനോടൊപ്പം നടത്തുന്നുണ്ട്: ""വായനക്കാർ മുടക്കുന്ന പണമാണ് ഒരു മീഡിയയുടെ സ്വാതന്ത്ര്യം നിർണയിക്കുന്ന മൂലധനം.''
ഞാൻ ഈ ലളിതമായ ആശയത്തെ ഇങ്ങനെ ഉൾക്കൊള്ളുന്നു, നിങ്ങൾ വാർത്ത വില കുറച്ച് നൽകാൻ തുടങ്ങിയ ദിവസം നിങ്ങളുടെ സ്വാതന്ത്ര്യം പണയം വെച്ചു- നെല്ലും പതിരും വേർതിരിക്കുന്ന ജേണലിസത്തിന്റെ ഗുണങ്ങളോ സുവർണ നിലവാരമോ പോലുള്ള മറ്റ് പ്രധാനപ്പെട്ട സവിശേഷതകളല്ല. അത്തരം കാര്യങ്ങൾ പറയാൻ പര്യാപ്തരായ ജേണലിസ്റ്റുകളും സൂക്ഷ്മബുദ്ധികളായ വായനക്കാരും ധാരാളമുണ്ട്.

സജീവിന്റെ വാക്കുകൾ എന്നെ ആകർഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്, വാഗ്ദാനമടങ്ങിയ ഒരു ചോദ്യവുമായാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്: ""എന്തുകൊണ്ട് ട്രൂ കോപ്പി വെബ്സീൻ പണം മുടക്കി വാങ്ങണം എന്ന ചോദ്യം നിങ്ങളുടേതാണ്, അതിനുള്ള ഉത്തരം തയാറായിക്കഴിഞ്ഞു, അത് നിങ്ങളുടെ സമീപത്തേക്ക് എത്തുകയാണ്.''
ട്രൂ കോപ്പി ചെയ്യുന്നത് ഇതാണ്: സ്വന്തം മീഡിയ എത്രത്തോളം സ്വതന്ത്രമാകണം എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും വായനക്കാരെ ഏൽപ്പിക്കുകയാണ്. വായനക്കാരോടുള്ള ആദരവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഒരു ആശയമാണിത്. വായനക്കാർ ഇതോടെ ചിന്തിക്കുന്നവരായി മാറുകയാണ്, മൂക്കുകയറാൽ നയിക്കപ്പെടുന്ന, പരസ്യക്കാരുടെ തീറ്റ തിന്നേണ്ടതില്ലാത്ത കന്നുകാലികൾ അല്ലാതായി മാറുന്നു വായനക്കാർ. തീർച്ചയായും, പരസ്യം പ്രധാനമാണ്, പക്ഷെ, അത് വായനക്കാരുടെ ചെലവിൽ ആകരുത്.

മറ്റൊരു ഹൃദയാവർജകമായ സവിശേഷത, ടോക്കൺ പ്രൈസിങ് എന്ന നാണക്കേടിനെതിരെ കൂടി ട്രൂ കോപ്പി പോരാടുന്നുണ്ട്- ടോക്കൺ പ്രൈസിങ് എന്നത് വ്യവസായത്തിലെ മറ്റൊരു ബാധയാണ്. നിങ്ങളുടെ ഉള്ളടക്കത്തെ "പ്രീമിയം' എന്നു വിളിച്ചുകൊണ്ട് വില കുറച്ച് വിൽക്കുകയാണെങ്കിൽ അത് വായനക്കാരെ അപമാനിക്കലാണ്. നല്ല ജേണലിസത്തിന് പണം ആവശ്യമാണ്. യാത്രകൾക്ക്, ഫീൽഡിൽനിന്ന് റിപ്പോർട്ടുചെയ്യാൻ, സത്യസന്ധതയും അറിവുമുള്ള ജേണലിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്താൻ, നിലവാരമുള്ള കോൺട്രിബ്യൂട്ടേഴ്‌സിനെ ആകർഷിക്കാൻ...

ട്രൂ കോപ്പി വെബ്സീനിന്റെ 2000 രൂപ വാർഷിക വരിസംഖ്യ നല്ലൊരു തുടക്കമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ആത്മവിശ്വാസമില്ലെങ്കിൽ, ഈയൊരു വരിസംഖ്യ ആർക്കും തെരഞ്ഞെടുക്കാനാകില്ല. എങ്കിലും ഈ തുകയും ചെറുതാണെന്നാണ് ഞാൻ കരുതുന്നത്. അത് ഉയർത്തുക തന്നെ വേണം. ഇതൊന്നു നോക്കൂ: ഒരു വർഷം 2000 രൂപ എന്നാൽ, ഒരു ദിവസം 5.50 രൂപയിലും താഴെയാണ്. ഇപ്പോൾ 5.50 രൂപക്ക് നിങ്ങൾക്ക് ഈ ഭൂമിയിൽ എന്താണ് വാങ്ങാൻ കഴിയുക? ഒരു സിഗരറ്റിന് ഇതിലും മൂന്നിരട്ടി വേണം, ഒരു കപ്പ് കാപ്പിക്ക് ഇതിലും കൂടുതൽ കൊടുക്കണം, പത്തുരൂപയിൽ താഴെ കൊടുത്താൽ നിങ്ങൾക്ക് ഒരു കഷണം ടോയ്ലെറ്റ് പേപ്പറുപോലും കിട്ടില്ല. ബിസ്‌ക്കറ്റ് കഴിക്കാനാകുമോ? 5.50 രൂപക്ക് ഒരു കോൺഡം കിട്ടുമോ?

വായനക്കാരെ ബഹുമാനിക്കുക. നാം നമ്മുടെ വായനക്കാർക്ക് കൊടുക്കുന്ന ഉള്ളടക്കം ഒരു പാക്കറ്റ് സിഗരറ്റിനേക്കാളും, ഒരു കഷണം ടോയ് ലറ്റ് പേപ്പറിനേക്കാളും ഒരു കോൺഡത്തേക്കാളും വില കുറഞ്ഞതാണെങ്കിൽ, നാം നമ്മുടെ വായനക്കാരെ ബഹുമാനിക്കുന്നില്ല.

സംഭാവനകളുടെയും എൻഡോവ്മെന്റുകളുടെയും അടിസ്ഥാനത്തിലല്ലാതെ പ്രവർത്തിക്കുന്ന വെബ്സൈറ്റുകളെക്കുറിച്ച് ഞാൻ പലപ്പോഴും അന്വേഷിക്കാറുണ്ട്. അവർ ചെയ്യുന്ന മഹത്തായ ജോലിക്ക് എല്ലാ ഭാവുകങ്ങളും വിജയാശംസകളും. എന്നാൽ, നരേന്ദ്രമോദി വൻഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ ഇവരിൽ ചിലർ വിയർത്തു. സംഭാവന നൽകിയിരുന്നവർ, ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് അത് പുതുക്കി നൽകുന്നത് മാറ്റിവെച്ചു. എനിക്ക് അറിയാവുന്ന ഒരു സംഭവമുണ്ട്. സംഭാവന നൽകിയിരുന്ന ഒരു കമ്പനിയുടെ ബോർഡിന് ഫ്‌ളൂ കാരണം യോഗം ചേരാനായില്ലെന്ന് (കോവിഡ് വരുന്നതിന് ഒരു വർഷം മുമ്പാണ്) അറിയിച്ചു. അത്തരത്തിലായിരുന്നു പരിഭ്രാന്തിയും സംശങ്ങളും. സർക്കാറിലുള്ള ആരോ അവരെ വിളിച്ചിരിക്കാം, വൻ ഭൂരിപക്ഷത്തോടെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയ സമയത്ത്, ഇത്തരം ഉറക്കം കെടുത്തുന്ന വെബ്സൈറ്റുകളുമായി സഹകരിക്കുന്നത് ബുദ്ധിയായിരിക്കുമോ എന്ന് സംശയിച്ചിട്ടുണ്ടാകാം. തെളിവുകളില്ലാത്തതിനാൽ, സർക്കാറിന് ഈ കമ്പനിയുടെ പിന്മാറ്റവുമായി ബന്ധമില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, പകർച്ചപ്പനിയെത്തന്നെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്.

എങ്കിൽ, നമുക്ക് ജേണലിസത്തെ ഇത്തരം പകർച്ചപ്പനികളിൽനിന്ന് രക്ഷപ്പെടുത്തേണ്ടേ? ചെയ്യാവുന്ന ഒരു കാര്യം, വായനക്കാരുടെ പരമാവധി വൈപുല്യമുള്ള അടിത്തറ ഉണ്ടാക്കിയെടുക്കലാണ്. സർക്കാരിന് ഭീഷണിപ്പെടുത്തൽ ബുദ്ധിമുട്ടുണ്ടാക്കും വിധം, ഒരു പക്ഷേ അസാധ്യമാക്കുന്ന തരത്തിൽ.

ട്രൂ കോപ്പി വെബ്സീനിന്റെ ഒറ്റ ഇഷ്യുവിനുള്ള വിലയും എന്നെ ആകർഷിച്ചു. ഒരു ഇഷ്യുവിന് 50 രൂപ നൽകണമെന്ന് എന്നോട് ആവശ്യപ്പെട്ടാൽ, അതിനർഥം, കനവും മൂല്യവുമുള്ള എന്തോ ഒന്ന് എനിക്ക് പ്രതീക്ഷിക്കാം എന്നാണ്. യഥാർഥത്തിൽ, നിങ്ങൾക്ക് താൽപര്യമുള്ള ഒരു എഴുത്തുകാരനോ വിഷയമോ ഇല്ലെങ്കിൽ, നിങ്ങൾ ഒരു ഇഷ്യുവിന് പണം മുടക്കാൻ മടിക്കും. ഇവിടെയും ട്രൂ കോപ്പി വെബ്സീൻ ഉയർന്ന സ്‌കോറിലാണ്. എന്നെ ആകർഷിച്ച ഒന്ന് "കലാച്ചി'യാണ്, കെ.ആർ. മീരയുടെ നോവൽ. ഞാൻ വ്യക്തമാക്കാൻ ഉദ്ദേശിച്ച കാര്യം ഇതാണ്: ഒരു പ്രസിദ്ധീകരണം നിങ്ങൾക്ക് നിലവാരമുള്ള ഉള്ളടക്കം ഉറപ്പുനൽകുമ്പോൾ, അതിന് ആരെങ്കിലും പണം മുടക്കാതിരിക്കുന്നതിന് കാരണമില്ല.

എന്തുകൊണ്ട് ഇത് മലയാളിയെ സംബന്ധിച്ച് ഒരു പരീക്ഷണമാകുന്നു?

ഒരു പ്രധാന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ നിർത്തുകയാണ്.
ദീർഘദൃഷ്ടിയുള്ള മലയാളിയെ സംബന്ധിച്ച് ട്രൂ കോപ്പി വെബ്സീൻ ഒരു പരീക്ഷണമാണ്. നിങ്ങളെ തുല്യരായി പരിഗണിക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു മാഗസിൻ ഇതാ. ഏതാനും സമ്പന്നർ നിർമിച്ചുവെച്ച ഒരു പീഠത്തിന്മേൽ കയറിയിരുന്നല്ല അത് നിങ്ങളോട് സംസാരിക്കുന്നത്. അത് നിങ്ങൾക്ക് ശുദ്ധമായ ഒരു ഇടപാട് വാഗ്ദാനം ചെയ്യുന്നു: നിങ്ങളുടെ മൂല്യവുമായി ഒത്തുപോകുന്ന ചിലത് എന്റെ കൈവശമുണ്ടെന്ന ആത്മവിശാസം എനിക്കുണ്ട്, അത് നമുക്ക് പങ്കിടാം, എല്ലാ ഫോർമാലിറ്റികളും പൂർത്തിയാക്കി അതോടൊപ്പം വരിക. പരസ്പര ആദരവിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രൊഫഷനൽ ബന്ധം കൂടിയാണിത്.

മൂല്യത്തിന്റെയും സത്യസന്ധമായ ഇടപാടിന്റെയും കാര്യത്തിൽ ഞങ്ങൾ ചെലുത്തുന്ന ശ്രദ്ധ ചില ചോദ്യങ്ങൾ ഉയർത്തിയേക്കാം, ഇത്രയും പണം മുടക്കാൻ കഴിയാത്തവർക്ക് എങ്ങനെ ഈ പ്രസിദ്ധീകരണം ലഭ്യമാകും? പണം മുടക്കി വാങ്ങാൻ കഴിയാത്തവർക്കരികിലേക്കും ജേണലിസം അതിന്റെ കെട്ടുപൊട്ടിച്ച് എത്തേണ്ടതല്ലേ? വേണം. പക്ഷെ, എനിക്ക് ഉറപ്പുണ്ട്, ക്രോസ് സബ്സിഡൈസേഷൻ പദ്ധതികൾ കൊണ്ടുവരാം, അതിലൂടെ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഓരോ ഇഷ്യൂവിലെയും നിശ്ചിത എണ്ണം മാറ്ററുകൾ സൗജന്യമായി വായിക്കാം, അല്ലെങ്കിൽ പണം കൊടുത്ത് വായിക്കുന്ന വായനക്കാർക്ക് സഹ വായനക്കാരെ സ്പോൺസർ ചെയ്യാം.
പക്ഷെ, ആദ്യം വേണ്ടത്, ട്രൂ കോപ്പി വെബ്സീനെപ്പോലൊരു ധീരമായ പരീക്ഷണം നിർണായക എണ്ണം വായനക്കാരെ നേടിയെടുക്കുകയാണ്. വിജയിച്ചുകഴിഞ്ഞാൽ പിന്നെ കളിയുടെ ഗതി തിരിച്ചുവിടാൻ കഴിയും. അതിനുശേഷം, ഇത്തരം ഓപ്ഷനുകൾ സ്വീകരിക്കാം.
ആളുകൾ പണം മുടക്കുമോ എന്ന സംശയം എന്റെ ചില സുഹൃത്തുക്കൾ ഉന്നയിച്ചിരുന്നു. ഇത് ഇത്തരം അപകർഷതകൾക്കുള്ള സമയമല്ല. ജേണലിസം ഇന്ത്യയിൽ അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. "അവർ പണം മുടക്കുമോ' എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല, പകരം, "എന്തുകൊണ്ട് അവർ പണം മുടക്കാതിരിക്കണം' എന്ന ചോദ്യമാണുയരേണ്ടത്. മദ്യത്തിനും പുകയിലക്കും വ്യാജ ചൈനീസ് ഭക്ഷണങ്ങൾക്കും പൈറേറ്റഡ് ഹോളിവുഡ് സിനിമകൾക്കും ഇന്ത്യയിൽ നിർമിച്ച് തിരിച്ച് ഇന്ത്യയിലേക്കുതന്നെ ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾക്കും മുടക്കാൻ ആളുകൾക്ക് പണമുണ്ടെങ്കിൽ, അവർക്കും അവരുടെ മക്കൾക്കും നിലവാരമുള്ള ഒന്ന് വാഗ്ദാനം ചെയ്യുന്ന ഒന്നിനുവേണ്ടി മുടക്കാൻ തക്ക മിടുക്ക് അവർ കാണിക്കില്ലേ?

തീർച്ചയായും, ഉള്ളടക്കം നിങ്ങളെ നിരാശപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ളത് ഡിമാന്റു ചെയ്യാം, നിങ്ങളുടെ ആവശ്യം നിറവേറ്റപ്പെട്ടില്ലെങ്കിൽ പുതുക്കുന്നത് അവസാനിപ്പിക്കാം. എന്നാൽ, ആദ്യം നമ്മൾ സൈൻ അപ് ചെയ്യണം, എന്നിട്ട് ഈ യാത്ര നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വീക്ഷിക്കണം. ട്രൂ കോപ്പി വെബ്സീൻ എന്ന പരീക്ഷണം വിജയിക്കുന്നില്ല എങ്കിൽ അതിനർഥം, അഭിരുചിയെക്കുറിച്ചും അന്തസ്സിനെക്കുറിച്ചും സത്യസന്ധമായ ഇടപാടിനെക്കുറിച്ചും അധികാരത്തെ സത്യം ബോധ്യപ്പെടുത്തുക എന്ന ക്‌ളീഷെയെക്കുറിച്ചുമുള്ള നമ്മുടെ സംസാരങ്ങൾ പൊള്ളയാണ് എന്നാണർത്ഥം.

1990കളിൽ ഒരു ബ്ലോക്ക്ബസ്റ്റർ മുദ്രാവാക്യമുണ്ടായിരുന്നു: നേതാവ് വായനക്കാരെ സംരക്ഷിക്കും. 2020കളിൽ, നമുക്ക് അത്തരമൊരു പാട്രനേജ് സംരക്ഷണം ആവശ്യമില്ല. നമുക്കാവശ്യം, വായനക്കാരെ ആദരിക്കുന്ന ഒരു അഗ്രഗാമിയെയാണ്. അത് ഞാൻ കാണുന്നത്, ട്രൂ കോപ്പി വെബ്സീനിലാണ്.

ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ട്രൂകോപ്പി എക്‌സിക്യൂട്ടീവ് എഡിറ്റർ കെ. കണ്ണനുമായി സംസാരിച്ചതിൽ നിന്ന് തയ്യാറാക്കിയത്.

Comments