ആർ. രാജഗോപാൽ / ഫോ​ട്ടോ: മുഹമ്മദ്​ ഹനാൻ

ദ സിറ്റിസൺ എഡിറ്റർ

ഇപ്പോൾ നാലുരൂപയ്ക്ക് ഇന്ത്യയിൽ ഒരു ചായ പോലും കിട്ടില്ല. അപ്പോൾ വാർത്തയെ അതിനേക്കാൾ വില കുറഞ്ഞതാക്കിയത് നമ്മൾ തന്നെയാണ്. വാർത്തകളെ അത്രയും ചീപ്പാക്കിയ ശേഷം ഒരു ഓൺലൈൻ മീഡിയയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ അഞ്ച് രൂപ തരണമെന്ന് പറയുമ്പോൾ അത് വായനക്കാർ സ്വീകരിക്കണമെന്നില്ല. വായനക്കാർക്കും ഉത്തരവാദിത്വമുണ്ട്. പണം കൊടുക്കാനാകില്ലെന്നും ഫസ്റ്റ് ക്ലാസ് ക്വാളിറ്റി വേണമെന്നും ഒരിക്കലും പറയാനാകില്ല. ‘ദ ടെലഗ്രാഫ്​’ എഡിറ്റർ സംസാരിക്കുന്നു.

മനില സി. മോഹൻ: ജേണലിസം പലപ്പോഴും ആക്റ്റിവിസമായി തെറ്റിദ്ധരിക്കപ്പെടുകയോ അല്ലെങ്കിൽ അങ്ങനെ തന്നെ ആക്റ്റ് ചെയ്യേണ്ട അവസ്ഥയുണ്ടാവുകയോ ചെയ്യാറുണ്ട്, ചില സന്ദർഭങ്ങളിലെങ്കിലും. കഴിഞ്ഞ ദിവസം താങ്കളുൾപ്പെടെ ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം എഡിറ്റർമാരും ജേണലിസ്റ്റുകളും കൂടി ഒപ്പുവെച്ച ഒരു പ്രസ്താവന പുറത്തുവന്നിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ കൂടുന്നതുമായ സന്ദർഭത്തിലുള്ള ഒരു പ്രതിഷേധം അല്ലെങ്കിൽ പ്രതിരോധം എന്ന രീതിയിലാണ് അങ്ങനെയൊരു പ്രസ്താവനയിലേക്ക് വന്നത്. അതിനെ വേണമെങ്കിൽ നമുക്ക് ആക്റ്റിവിസ്റ്റ് ജേണലിസത്തിന്റെ സ്വഭാവത്തിലേയ്ക്ക് വന്ന ഒരു സന്ദർഭമാണെന്ന് പറയാം. എന്തുകൊണ്ടാണ് അങ്ങനെയൊരു കൂട്ടായ്മയിലേക്ക് വന്നത്? കഴിഞ്ഞ കുറേ കാലമായി നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ ഒരു റിയാക്ഷൻ എന്ന രീതിയിലാണോ, അതോ അത് തന്നെയായിരിക്കണോ ജേണലിസത്തിന്റെ പൊതുസ്വഭാവം?

ആർ. രാജഗോപാൽ: ഈ സ്റ്റേറ്റ്‌മെൻറ്​, ജേണലിസം എന്നതിലുപരിയായ ഒരു കാര്യമാണ്​. ഞാൻ മറ്റൊരു മേഖലയിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇങ്ങനെ ഒരു സ്‌റ്റേറ്റ്‌മെന്റുമായി ആരെങ്കിലും സമീപിച്ചാൽ തീർച്ചയായും ഒപ്പുവെക്കുമായിരുന്നു. ഒരു പൗരനെന്ന നിലയിലാണ് അത്​ ചെയ്​തത്​, ജേണലിസ്റ്റാണെന്നത് രണ്ടാമതേ വരുന്നുള്ളൂ. ഒന്നാമതായി, ഒരു പ്രതിഷേധത്തേക്കാൾ ഭരണഘടനാ അതോറിറ്റികൾക്കുള്ള ഓർമപ്പെടുത്തലായിരുന്നു അത്. രണ്ടാമത്, ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞപ്പോൾ, പ്രത്യേകിച്ചും, ന്യൂനപക്ഷങ്ങൾക്കിടയിൽ വളരെ നിരാശയുണ്ടായതായി എനിക്കുതോന്നി. സി.ഐ.എ പോലൊരു പ്രശ്‌നമുണ്ടായപ്പോൾ ശക്തമായ പ്രതിഷേധമുണ്ടായി. അന്ന് ഹിന്ദുക്കൾ കുറച്ചുകൂടി ആക്റ്റീവാകേണ്ടതായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു. അതായത് അവർ പ്രതിഷേധത്തിൽ കൂടുതൽ മുന്നോട്ടുവരണമായിരുന്നു. തുടക്കത്തിൽ അതൊരു മുസ്‌ലിം പ്രതിഷേധമായിരുന്നു. പിന്നീട് അത് വികസിച്ചു. അതിൽ ഹിന്ദുക്കൾ കൂടുതൽ മുന്നോട്ടുവരണമായിരുന്നു.

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന് ന്യൂനപക്ഷങ്ങളോട് പറയേണ്ടത് ഒരു പൗരനെന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി.

ഞാൻ ഹിന്ദുവായതുകൊണ്ട് ഒപ്പുവെച്ചു എന്നല്ല പറയുന്നത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന് ന്യൂനപക്ഷങ്ങളോട് പറയേണ്ടത് ഒരു പൗരനെന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി. ഒരു ഭൂരിപക്ഷ സമുദായാംഗം എന്ന നിലയിൽ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക്, നിങ്ങൾക്കൊപ്പമുണ്ടെന്ന ഉറപ്പുകൊടുക്കൽ. ഞാൻ ഒരു വ്യക്തി എന്ന നിലയിലാണ് സംസാരിക്കുന്നത്. ബാക്കി എഡിറ്റേഴ്‌സ് എന്തുകൊണ്ടാണ് ഒപ്പുവെച്ചത്, അല്ലെങ്കിൽ ഒപ്പുവെക്കാത്തത് എന്നത് അവരുടെ കാര്യം. എഡിറ്റർമാർ ആരും പരസ്പരം സംസാരിച്ചിട്ടല്ല പ്രസ്താവനയിൽ ഒപ്പുവെച്ചത്. സ്വന്തം താത്പര്യപ്രകാരമാണ് ഒപ്പുവെച്ചത്. ആരൊക്കെ ഒപ്പുവെച്ചില്ലെന്നത് എനിക്കറിയില്ല. അത് പുറത്തുവന്നശേഷം പലർക്കും അതിൽ ചേരണമെന്നുണ്ടായിരുന്നു. രണ്ടാമതൊരു അപ്പീൽ പോകുമ്പോൾ അതിൽ ആ പേരുകൾ ചേർക്കുമെന്നാണ് തോന്നുന്നത്.

സി.ഐ.എ. പ്രശ്നത്തിൽ ഹിന്ദുക്കൾ കുറച്ചുകൂടി ആക്റ്റീവാകേണ്ടതായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നുണ്ട്. അതായത് അവർ പ്രതിഷേധത്തിൽ കൂടുതൽ മുന്നോട്ടുവരണമായിരുന്നു. / ഫോട്ടോ: ഷഹീൻബാഗിൽ നടന്ന പ്രതിഷേധം. Wikimedia Commons

അത് വലിയൊരു ചലനമുണ്ടാക്കാൻ ചെയ്തതല്ല. ചിലർക്കങ്ങനെ തോന്നി. അങ്ങനെ കൊടുത്തുവെന്നേയുള്ളൂ. അതിൽ, ഓൺലൈൻ മീഡിയയുടെ നല്ല പ്രാതിനിധ്യമുണ്ട്. പക്ഷെ പ്രിൻറ്​, ലെഗസി മീഡിയകൾ നോക്കുകയാണെങ്കിൽ സെർവിങ് എഡിറ്റേഴ്‌സ് വളരെ കുറച്ചുപേരേയുള്ളൂ. എനിക്ക് തോന്നുന്നത്, അവരെ ചിലപ്പോൾ സമീപിച്ചിട്ടുണ്ടാകില്ല എന്നാണ്​. എല്ലാവരും നിരാകരിച്ചു എന്നല്ല പറയുന്നത്.

കേരളത്തിൽ തന്നെ വലിയ മീഡിയ ഹൗസുകളുണ്ട്. അവരുടെ അടുത്തേക്ക് എന്തുകൊണ്ട് പോയില്ല എന്നത് ഒരു ചോദ്യമാണ്. അവർക്ക് പോകാൻ തോന്നാത്തത്തിന് ഒരു കാരണം തീർച്ചയായും ഉണ്ടാകും. ടെലഗ്രാഫ് ഈസ്റ്റേൺ ഇന്ത്യയിൽ മാത്രം പ്രസിദ്ധീകരിക്കുന്ന വളരെ ചെറിയ പത്രമാണ്. അവിടെ എഡിറ്ററായ എന്നെ ഡൽഹിയിലൊന്നും ആർക്കും അറിയില്ല. ഞാൻ 30 വർഷമായി ജേണലിസത്തിലുള്ളയാളാണെങ്കിലും മൂന്നുനാലു വർഷമായി​ട്ടേയുള്ളൂ കേരളത്തിലുള്ളവർ അറിയാൻ തുടങ്ങിയിട്ട്. അങ്ങനെ അറിയപ്പെടാത്ത ഒരാളെ അവർ എന്തുകൊണ്ട് സമീപിച്ചു? എന്നെക്കാൾ വളരെ പ്രസിദ്ധരായ പലരുമുണ്ട്. അവരെ എന്തുകൊണ്ട് സമീപിച്ചില്ല എന്നത് എഡിറ്റേഴ്‌സും ആലോചിക്കേണ്ടതാണ്. ബാക്കിയുള്ളവരും ആലോചിക്കേണ്ടതാണ്.

Photo : Muhammed Fasil

ആക്റ്റിവിസ്റ്റ് സ്വഭാവം കാണിക്കുന്ന ദി പ്രിൻറും കാരവനും പോലെയുള്ള നാഷണൽ മീഡിയയും മലയാളത്തിൽ ഓൺലൈൻ മീഡിയയുമാണ് കുറച്ചുകൂടി ധൈര്യത്തോടെ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത്. ടെലഗ്രാഫ് അതുപോലെത്തന്നെ വ്യത്യസ്തമായി നിൽക്കുന്ന പത്രമാണ്. താങ്കൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, മൂലധന താത്പര്യങ്ങളാണ് ലെഗസി മീഡിയയെ അതില്നിന്ന് തടയുന്ന ഒരു കാരണം എന്ന്​. ഈയൊരു ആക്റ്റിവിസ്റ്റ് മോഡിനകത്ത് എന്തുകൊണ്ടായിരിക്കും ലെഗസി മീഡിയക്ക് മത്സരം തോന്നാത്തത്?

സോഷ്യൽ മീഡിയ, അല്ലെങ്കിൽ ഓൺലൈൻ മീഡിയ എന്നുപറയുന്നത്​ ഒരു ന്യൂ മീഡിയയാണ്. ന്യൂ മീഡിയയിൽ ആക്റ്റിവിസത്തിന്റെയും ധൈര്യത്തിന്റെയും ബോൾഡ്‌നെസ്സിന്റെയുമൊക്കെ ചില ഘടകങ്ങളുണ്ടാകും. അതുകൊണ്ടാണല്ലോ ആ രീതിയിൽ അവ തുടങ്ങിയത്. അല്ലെങ്കിൽ അവർക്ക് ലെഗസി മീഡിയയുടെ ഭാഗമായാൽ മതിയായിരുന്നല്ലോ. അല്ലെങ്കിൽ ഒരു മീഡിയയുടെയും ഭാഗമാകാതിരിക്കാം. തുടങ്ങി എന്നതുകൊണ്ടുതന്നെ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതേസമയം, ലെഗസി മീഡിയ അങ്ങനെയായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, 1990കളിൽ ഒരു ന്യൂസ് റൂമിൽ നിങ്ങൾ എന്തുകൊണ്ട് ജേണലിസ്റ്റായി എന്ന് ചോദിക്കുകയാണെങ്കിൽ, പലരും പറയുക ‘എനിക്ക് സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യാൻ ഇഷ്ടമാണ്’, അല്ലെങ്കിൽ ‘ബോളിവുഡ് കവർ ചെയ്യാൻ ഇഷ്ടമാണ്’, അതുമല്ലെങ്കിൽ ‘ഡെവലപ്‌മെന്റൽ ജേണലിസം ചെയ്യണം’എന്നൊക്കെയായിരിക്കും. ഗ്രാമീണ മേഖലയിൽ പോയി പത്ത് ദിവസം താമസിച്ച് ഒരു ഫീച്ചർ, അല്ലെങ്കിൽ ഹ്യൂമൻ ഇന്ററസ്റ്റ് സ്‌റ്റോറി എഴുതുന്നതാണ് ഡെവലപ്‌മെന്റൽ ജേണലിസം എന്നാണ് അന്ന് പലരും കരുതിയിരുന്നത്.

അപ്പർ മിഡിൽ ക്ലാസ്, അല്ലെങ്കിൽ മിഡിൽ ക്ലാസ് റീഡേഴ്‌സിന് നമ്മുടെ ഇല്ലായ്മയെക്കുറിച്ച് ഓർമിപ്പിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ ഫീൽ ഗുഡ്, പോസിറ്റീവ് വാർത്തകൾ വന്നുതുടങ്ങിയപ്പോൾ ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളുകളെ ആവശ്യമായി വന്നു

അരാഷ്​ട്രീയമായ ഒരു ന്യൂസ് റൂം ബോധപൂർവമോ അല്ലാതെയോ 1990കളിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. അതിന് ഒരു കാരണം സ്‌പോർട്‌സിന്റെ അതിപ്രസരമാണ്. രണ്ടാമത് ബോളിവുഡ്. ‘ഫീൽ ഗുഡ് ന്യൂസി’ന്റെ ഭാഗമായി വന്ന ഒരു മാറ്റമാണിത്​. 1992ലെ പരിഷ്​കാരങ്ങൾ കഴിഞ്ഞപ്പോഴുണ്ടായ ‘സമൃദ്ധി’യുടെ ഭാഗമായി മാരുതി കാർ പോലെ ഒരുപാട് ഉത്പന്നങ്ങൾ വിപണിയിൽ വരുന്നു. അപ്പർ മിഡിൽ ക്ലാസ്, അല്ലെങ്കിൽ മിഡിൽ ക്ലാസ് റീഡേഴ്‌സിന് നമ്മുടെ ഇല്ലായ്മയെക്കുറിച്ച് ഓർമിപ്പിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ ഫീൽ ഗുഡ്, പോസിറ്റീവ് വാർത്തകൾ വന്നുതുടങ്ങിയപ്പോൾ ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളുകളെ ആവശ്യമായി വന്നു. അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒരു സ്‌റ്റോറി എഴുതാൻ കഴിയുന്നയാൾ.

പൊളിറ്റിക്‌സ് വേണമെന്നില്ല എന്ന് വന്നു?

പൊളിറ്റിക്‌സ് പാടില്ല എന്നും ഉണ്ടായിരുന്നു. പൊളിറ്റിക്കൽ കാഴ്ചപ്പാടുള്ളവരെ നക്സലാണ്, അഹങ്കാരിയാണ് എന്നൊക്കെയുള്ള ലേബലിലാണ്​ കണ്ടിരുന്നത്. അങ്ങനെയുള്ള ആളുകളെ താത്പര്യമില്ല. പൊളിറ്റിക്കൽ റിപ്പോർട്ടിംഗിനുതന്നെ ക്യാരക്ടർ ന്ഷ്ടപ്പെട്ടു അപ്പോഴേക്കും. 90കളിൽ ന്യൂസ്റൂമിലെത്തിയ പലരുമാണിന്ന് നേതൃസ്ഥാനത്തിരിക്കുന്നത്. അവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുകയാണെങ്കിൽ നമ്മൾ നമ്മളെ തന്നെ വിഡ്ഢികളാക്കുകയാണെന്ന് പറയേണ്ടിവരും.

1992 റിഫോംസ് കഴിഞ്ഞപ്പോഴുണ്ടായ സമൃദ്ധിയുടെ ഭാഗമായി ഒരുപാട് ഉത്പന്നങ്ങൾ വിപണിയിൽ വരുന്നു. അപ്പർ മിഡിൽ ക്ലാസ്, അല്ലെങ്കിൽ മിഡിൽ ക്ലാസ് റീഡേഴ്‌സിന് നമ്മുടെ ഇല്ലായ്മയെക്കുറിച്ച് ഓർമിപ്പിക്കുന്നത് ഇഷ്ടമല്ല.

ഇന്ത്യയിലെ വലിയ ഒരു ന്യൂസ് പേപ്പറിന്റെ എഡിറ്റർ മാധ്യമപ്രവർത്തകർക്കിടയിൽ നന്നായി അറിയപ്പെടുന്നയാളാണ്. പക്ഷെ വായനക്കാർക്ക് അദ്ദേഹത്തിന്റെ പേര് അറിയില്ല. ആളുകൾ അദ്ദേഹത്തെ ഫസ്റ്റ് നെയിം ആണ് വിളിക്കുന്നത്. സാമ്പത്തികമായി വലിയ വിജയമാണ് പത്രം. അതുകൊണ്ട് അദ്ദേഹം കഴിവുള്ളയാളാണെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം ഏതെങ്കിലും വിഷയത്തിൽ നിലപാടെടുത്തതായി കണ്ടിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ എന്തെങ്കിലും എഴുതിയതായി ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് അങ്ങനെയുള്ള ഒരു എഡിറ്ററാകാനും കഴിയും. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ശമ്പളം കൈപ്പറ്റുന്ന മാധ്യമപ്രവർത്തകരിലൊരാളാകാൻ സാധ്യതയുണ്ട്. ലെഗസി മീഡിയ ആക്റ്റിവിസം ചെയ്യില്ലെങ്കിലും ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലുമൊരു നിലപാട് എടുക്കുക പോലും ചെയ്യില്ല. അത്ര പരിതാപകരമായ അവസ്ഥയാണത്. 90കളിലാണ് ഇതിന്റെ വിത്ത് വിതയ്ക്കപ്പെടുന്നത്. അതുകൊണ്ട്​, 2014 മുതൽ നരേന്ദ്ര മോദിയെപോലെയോ സംഘപരിവാറിനെ പോലെയോ ആർ.എസ്.എസിനെ പോലെയോ ക്ലിയർ അജണ്ടയുള്ള, ഒരു ഡീപ് സ്റ്റേറ്റ് പോലെയൊരു സംഭവം ഉണ്ടാകുമ്പോൾ അതിനെ ചെറുക്കാൻ നമ്മുടെ കൈയിൽ യാതൊരു ആയുധവും ഇല്ലാതായിപ്പോയി.

ചാനൽ ഫോർ പോലെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിലേയ്‌ക്കൊന്നും നമ്മുടെ ടെലിവിഷൻ പോയിട്ടില്ല. അതിന്റെ ഒരു കാരണം, ലെഗസി മീഡിയയുടെ സ്വാധീനം തന്നെയാണ്

1990കളിൽ തന്നെയാണ് ടെലിവിഷന്റെ വരവും സംഭവിക്കുന്നത്. അരാഷ്ട്രീയ നിലപാടുകളുണ്ടാകുന്നതിന് അതും കാരണമായിട്ടുണ്ടോ?

ടെലിവിഷൻ ജേണലിസം ഇന്ത്യക്കുപുറത്ത് മനോഹരമായി നടക്കുന്നുണ്ട്. ചാനൽ ഫോർ പോലെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിലേയ്‌ക്കൊന്നും നമ്മുടെ ടെലിവിഷൻ പോയിട്ടില്ല. അതിന്റെ ഒരു കാരണം, ലെഗസി മീഡിയയുടെ സ്വാധീനം തന്നെയാണ്. രണ്ടാമത്​, 90കളുടെ അവസാനത്തോടെയോ അല്ലെങ്കിൽ 2000-ന്റെ തുടക്കത്തിലോ ടെലിവിഷനിൽ റിപ്പോർട്ടിങ് എന്ന സംഭവം തന്നെ ഇല്ലാതായി, കമന്ററിയാണ് ചെയ്യുന്നത്. ഇപ്പോൾ ഒരു ന്യൂസ് ചാനലിലും റിപ്പോർട്ടറില്ല. ന്യൂസ് റിപ്പോർട്ടിങ്ങിനുപകരം അഭിപ്രായം പറയുകയാണ് പലപ്പോഴും. വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുപകരം അവരുടെ അഭിപ്രായമാണ് റിപ്പോർട്ടർമാർ പറയുന്നത്. ടെലിവിഷൻ ചാനലുകൾ എക്കോ ചേംബറുകളാവുകയാണ്. ഇതിനെയും ജേണലിസം എന്നാണ് വിളിക്കുന്നത്. ടെലിവിഷൻ ജേണലിസം എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.

ചാനൽ ഫോർ സ്റ്റുഡിയോ

സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും താങ്കളെ പോലെയുള്ള ആളുകൾ പ്രിൻറ്​ ജേണലിസത്തിൽ ഇത്ര ശക്തമായി തുടരുന്നുണ്ട്. എന്താണ് അതിൽ തുടരാൻ പ്രേരിപ്പിക്കുന്നത്? പൊളിറ്റിക്കൽ സാഹചര്യവും ജേണലിസ്റ്റിക് സാഹചര്യവുമൊക്കെ അപചയം നേരിടുന്ന സമയത്ത് എന്താണ് ഇതിൽ തന്നെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നത്?

ഞാൻ വളരെ ലക്കിയാണ്. കാരണം 1992-നു മുമ്പാണ് ഞാൻ ജോലിയിൽ ചേർന്നത്. ജേണലിസ്റ്റാകുക എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഞാൻ മാത്രമല്ല, കൂടെയുള്ള പലരും അങ്ങനെയുള്ളവരാണ്. ഇവരിൽ 75 ശതമാനം പേരും ജേണലിസം ഒരു ജോലിയായിട്ട് വേണം എന്നുകരുതി വന്നവരല്ല. അവർക്കെല്ലാം വേറെ താത്പര്യങ്ങളുണ്ടായിരുന്നു. ആർമിയിൽ ചേരുക എന്നതായിരുന്നു കുട്ടിക്കാലം മുതൽ എന്റെ താത്പര്യം. ഒരു ഘട്ടത്തിൽ ജേണലിസം തലയിൽ കയറി. പക്ഷെ എനിക്കറിയാമായിരുന്നു, എന്താണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന്. ഒരിക്കൽ തിരുവനന്തപുരത്തുവെച്ച് കാൻഷിറാമിനെ കണ്ടു. അന്നാണ് അദ്ദേഹത്തിന്റെ സ്വാധീനം മനസ്സിലാക്കിയത്. ഭാഗ്യവശാൽ എനിക്കറിയാമായിരുന്നു, ഞാൻ എന്തിലേക്കാണ് കടക്കുന്നതെന്ന്. ഞാൻ തിരുവനന്തപുരത്ത് ഒരു മലയാള സായാഹ്ന പത്രത്തിൽ റിപ്പോർട്ടറായിരുന്നു. ഒരു ചെറിയ പത്രത്തിൽ നിന്ന് വന്നപ്പോൾ എനിക്കൊരിക്കലും മാധ്യമങ്ങളെക്കുറിച്ച് ഒരു ഇല്യൂഷനും ഉണ്ടായിരുന്നില്ല. തൊഴിൽസുരക്ഷയില്ലെന്നൊക്കെയുള്ള യാഥാർഥ്യം അറിയാമായിരുന്നുവെന്നുമാത്രം.

കാൻഷി റാം / Photo: Twitter, Manoj_cyss

പക്ഷെ 1992-നുശേഷം സ്ഥിതിയാകെ മാറി. മാധ്യമമെന്നത് ഏറ്റവും ആകർഷണീയമായ ജോലിയായി. പേജുകളുടെ എണ്ണം കൂടി. ശമ്പളം വലിയ തോതിൽ കൂടി. അർഹമായതിനേക്കാൾ കൂടുതായിരുന്നു കിട്ടിയിരുന്നത്. തിരമാല വരുമ്പോൾ എല്ലാ ബോട്ടുകളും ഉയരുമല്ലോ. അങ്ങനെ എന്റെ ശമ്പളവും കൂടി. ഇത് സ്ഥിരതയില്ലാത്തതായിരുന്നു. ഇത് പോകുന്ന വഴിയേതെന്ന് അറിയാമായിരുന്നു. ഒരു ദിവസം നമ്മൾ ഉണർന്നെണീക്കുമെന്നും ഇതൊക്കെ തകരുമെന്നും എനിക്കറിയാമായിരുന്നു. ഭൂരിഭാഗം ആളുകളും അത് മനസ്സിലാക്കിയില്ല. അതുകൊണ്ടാണ് പലർക്കും ജേണലിസം നിർത്തി പി.ആർ. ജോലിക്കൊക്കെ പോകേണ്ടിവന്നത്​. എനിക്ക് ഒരുതരത്തിലുള്ള ഇല്യൂഷൻസും ഉണ്ടായിരുന്നില്ല എന്നതാണ്​ പ്രധാന കാര്യം. എന്നെപ്പോലെ പലരുമുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ലഭിക്കാത്ത ഒരു ജേണലിസ്റ്റിനെ ഞാൻ കോഴിക്കോട്ടുവെച്ച് കണ്ടു. അദ്ദേഹം ഓഫീസിൽ തന്നെ കിടന്നുറങ്ങുകയും ജോലി ചെയ്യുകയുമാണ്. ഫ്രീ ജേണലിസമാണ് അയാൾ ചെയ്യുന്നത്. എന്റെ സഹപ്രവർത്തകരാരും അങ്ങനെ ജോലി ചെയ്യില്ല. ഏറെ ത്യാഗം ചെയ്യുന്നുണ്ടെന്നാണ് അവർ കരുതുന്നത്. പക്ഷെ അവരാരും ഇങ്ങനെയൊന്നും ചെയ്യുന്നില്ല. അതുപോലെ ഒരുപാട് പേരുണ്ട്.

രണ്ടുതരത്തിലുള്ള ജേണലിസ്റ്റുകൾ, അല്ലെങ്കിൽ പല ക്ലാസിൽ പെട്ട ജേണലിസ്റ്റുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. വലിയ ശമ്പളം വാങ്ങുന്ന, എന്നാൽ കണ്ടൻറ്​ ഉണ്ടാക്കാത്ത ജേണലിസ്റ്റുകൾ ഒരു വശത്തും അപ്പുറത്ത് ഭയങ്കരമായി കഷ്ടപ്പെടുകയും പൊളിറ്റിക്‌സിനുവേണ്ടി നിൽക്കുകയും ചെയ്യുന്നവരും. അങ്ങനെ തോന്നിയിട്ടില്ലേ?

തീർച്ചയായും. അതുമാത്രമല്ല, ഇംഗ്ലീഷ് പ്രസിന് അത് അർഹിക്കാത്ത തരത്തിലുള്ള ശമ്പളമാണുള്ളത്. ഞാനിത് പറയുമ്പോൾ എനിക്ക് കൂടുതൽ ശത്രുക്കളുണ്ടാകും. ഇംഗ്ലീഷ് മാധ്യമങ്ങൾ ശമ്പളം കുറച്ച് കുറക്കണമെന്നല്ല പറയുന്നത്. വെർണകുലർ മീഡിയ അഥവാ ഇന്ത്യൻ ഭാഷാ മാധ്യമങ്ങളിൽ ശമ്പളം കുറയാൻ കാരണമെന്തെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഒരു കാരണം പരസ്യങ്ങളുടെ നിരക്കാണ്. പരസ്യദാതാക്കൾ ഇംഗ്ലീഷ് മാധ്യമങ്ങൾക്കാണ് കൂടുതൽ തുക നൽകുന്നത്. അവരുടെ വായനക്കാർ പ്രത്യേക സാമ്പത്തികമേഖലയിലുള്ളവരാണ് എന്നതായിരിക്കാം കാരണം. അതിൽ ജേണലിസ്റ്റുകൾക്ക് ഒന്നും ചെയ്യാനില്ല. എങ്കിലും ഇങ്ങനെയൊരു വിവേചനം പാടില്ല. വേജ് ബോർഡ് ഒക്കെ വന്നിട്ടുണ്ടെങ്കിലും ഓരോ മാധ്യമസ്ഥാപനങ്ങളിലും ശമ്പളനിരക്കിൽ വ്യത്യാസമുണ്ട്. ഒരേ സ്ഥാപനത്തിൽ അടുത്തടുത്തിരിക്കുന്നവർ തമ്മിൽ പോലും ശമ്പളത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഒരാൾ മറ്റൊരു പത്രസ്ഥാപനത്തിൽ നിന്ന് വന്നതാണെങ്കിൽ കൂടുതൽ കിട്ടാൻ സാധ്യതയുണ്ട്.

പത്രങ്ങൾ അതിജീവിക്കുമെന്ന് എനിക്കുറപ്പാണ്. കാരണം, അവർക്ക് ധാരാളം ബിസിനസ് മാതൃകകളുണ്ട്. പല ബിസിനസ് ന്യൂസ് പേപ്പറുകളും അതിജീവിക്കുന്നത് അവാർഡ് ഫങ്ഷനുകളിലൂടെയാണ്

ഇപ്പോഴത്തെ സാഹചര്യത്തിൽ സംസാരിക്കുമ്പോൾ, പ്രിൻറ്​ ജേണലിസം ഇല്ലാതായിപ്പോകുന്ന സ്​ഥിതിയാണെന്ന്​ തോന്നാം​. പുറത്തൊക്കെ പത്രങ്ങൾ പൂട്ടിപ്പോകുന്നത്​ നമ്മൾ കാണുന്നുണ്ട്. ഡിജിറ്റൽ മീഡിയയാണ് മെയിൻസ്ട്രീമായി മാറാൻ പോകുന്നത് എന്ന ചർച്ചകളുണ്ട്. അങ്ങനെയൊരു ഭയമുണ്ടോ?

ഇപ്പോഴത്തെ സ്ഥിതിയിൽ പത്രസ്ഥാപനങ്ങൾ പൂട്ടിപ്പോകാൻ സാധ്യതയില്ല. പക്ഷെ എന്തിനാണ് അവ നിലനിൽക്കുന്നത് എന്ന ചോദ്യം പലപ്പോഴും ചോദിക്കേണ്ടിവരും. അവർ എന്താണ് ചെയ്യുന്നത്? ഇത്തവണ ബജറ്റ് വന്നു. കേരളത്തിലെ ഒരു പത്രം എന്തോ ഭയങ്കര സംഭവം പോലെയാണ് റിപ്പോർട്ട് ചെയ്തത്. രാവിലെ 11 മണി മുതൽ വൈകുന്നേരം നാലുമണി വരെ വായിച്ചിട്ട്, ഈ ബജറ്റിൽ നിന്ന്​ എനിക്ക് എന്തെങ്കിലുമൊരു ന്യൂസ് പോയിൻറ്​ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷെ കേരളത്തിലെ ഒരു പ്രമുഖ പത്രം, എന്തോ വലിയ ഡിജിറ്റൽ സംഭവം ഉണ്ടാകാൻ പോകുന്നതുപോലെയാണ് അവതരിപ്പിച്ചത്. അതുപോലെ, യു.പി. തെരഞ്ഞെടുപ്പിന് തലേദിവസം പ്രധാനമന്ത്രി, അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു ന്യൂസ് ഏജൻസിക്ക് അഭിമുഖം കൊടുക്കുന്നു. അതിൽ അദ്ദേഹം പറയുന്നത്, തീർച്ചയായും യോഗി തെരഞ്ഞെടുക്കപ്പെടുമെന്നാണ്. ഒരു നാഷണൽ പത്രം പിറ്റേന്ന്​ അതൊരു ലീഡ് സ്റ്റോറിയാക്കി. പ്രധാനമന്ത്രി ഇതല്ലാതെ വേറെ എന്തെങ്കിലും പറയുമോ? യോഗിയല്ല, അഖിലേഷ് യാദവാണ് തെരഞ്ഞെടുക്കപ്പെടുക എന്ന് പ്രധാനമന്ത്രി പറഞ്ഞാൽ അതിൽ വാർത്തയുണ്ട്. ഇതിൽ എന്ത് വാർത്തയാണുള്ളത്. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്, ഇത്തരം പത്രങ്ങൾ നിലനിൽക്കേണ്ട ആവശ്യമുണ്ടോ?

ലഖ്‌നൗ രാജ് ഭവനിൽ യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും. / @yogiadithyanath

പത്രങ്ങൾ അതിജീവിക്കുമെന്ന് എനിക്കുറപ്പാണ്. കാരണം, അവർക്ക് ധാരാളം ബിസിനസ് മാതൃകകളുണ്ട്. പല ബിസിനസ് ന്യൂസ് പേപ്പറുകളും അതിജീവിക്കുന്നത് അവാർഡ് ഫങ്ഷനുകളിലൂടെയാണ്. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ അത് പറ്റൂ. നരേന്ദ്ര മോദി ഒരു തവണ ഒരു പത്രത്തിനെ ശിക്ഷിച്ചു. അദ്ദേഹം ചെല്ലാമെന്നേറ്റിട്ട്, ആ പത്രത്തിന്റെ വേറെയൊരു സെക്ഷൻ അദ്ദേഹത്തെ വിമർശിച്ചു എന്നുപറഞ്ഞ് പോയില്ല. പ്രധാനമന്ത്രി പോയില്ലെങ്കിൽ സ്‌പോൺസർമാർ കാശ് കൊടുക്കില്ല. വിചിത്രമായ സംഗതികളാണ് ഇവിടെ നടക്കുന്നത്. ആറും ഏഴും മന്ത്രിമാരാണ് ഇത്തരം ചടങ്ങുകൾക്ക് പോകുന്നത്. മ​ന്ത്രിമാർ, സ്വകാര്യ ഏജൻസികളുടെ ചടങ്ങിൽ പരസ്യം​ പോലെയാണ്​ നിൽക്കുക. സ്‌പോൺസർമാർ ഈ സ്വകാര്യ ഏജൻസിക്ക് കാശ് കൊടുക്കും. ന്യൂസ് പേപ്പറുകളുടെ ബിസിനസ് മോഡൽ ഇതാണ്. ഇതിനെയൊക്കെ ന്യൂസ് പേപ്പർ എന്ന് വിളിക്കാമോ എന്നറിയില്ല. ഇത്തരം പത്രങ്ങൾ ഇല്ലാതായാൽ ആർക്കും ഒരു നഷ്ടബോധവും തോന്നില്ല.

ലെഗസി മീഡിയ ഹൗസുകൾ അവരുടെ നിക്ഷേപം ഓൺലൈനിലേയ്ക്ക് മാറ്റുന്നുണ്ട്. മലയാളത്തിൽ തന്നെ ഇത്​ സംഭവിക്കുന്നുണ്ട്​, ആ യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ടായിരിക്കാം അവർ വലിയ നിക്ഷേപം ഓൺലൈൻ മീഡിയയിലേക്ക് കൊണ്ടുവരുന്നുണ്ട്. അത് ഓൺലൈൻ മീഡിയയുടെ നിലനിൽപ്പിലുള്ള പ്രതീക്ഷയായിരിക്കുമോ. അതോ ഈയൊരു യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള നടപടിയായിരിക്കുമോ?

രണ്ടുമുണ്ട്. പെരിഷബിൾ ബിസിനസ് എന്ന് പറയുന്നതുപോലെ, ഒരു ദിവസത്തെ പരസ്യം കിട്ടിയില്ലെങ്കിൽ നമുക്ക് പിന്നെയത് തിരിച്ചുകിട്ടില്ല. ആ സ്‌പേസ് നഷ്ടപ്പെടും. ഹോട്ടൽ ബിസിനസ് പോലെ; ഒരു ദിവസം ഒരു റൂം ആരുമെടുത്തില്ലെങ്കിൽ ആ വരുമാനം തിരിച്ചുകിട്ടില്ല. ഒരു ബിസിനസ് മോഡൽ എന്നുപറയുമ്പോൾ എവിടെയൊക്കെ സാധ്യതയുണ്ടോ അതെല്ലാം അവർ ഉപയോഗപ്പെടുത്തും. ഇതൊരു ബാക്കപ്പ് കൂടിയാണ്. ഇന്ത്യയിലെ സാഹചര്യത്തിൽ ഈ ബിസിനസ് മോഡൽ ഇങ്ങനെ പോവുകയാണെങ്കിൽ അവർ ദീർഘകാലം അതിജീവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മാസം ഒന്നോ രണ്ടോ നല്ല സപ്ലിമെൻറ്​ ഇറക്കാനായാൽ അവർക്ക് അതിജീവിക്കാം. ആർക്കുവേണമെങ്കിലും അവരെ പിന്തുണയ്ക്കാം, ഒരു രാഷ്ട്രീയ പാർട്ടിക്കോ വലിയ ബിസിനസ് ഗ്രൂപ്പുകൾക്കോ. സപ്ലി​മെൻറുകൾ എല്ലാ ദിവസവും വേണമെന്നില്ല, ഒരു അവാർഡ് ചടങ്ങോ അങ്ങനെയെന്തെങ്കിലും മതി. ഫ്രൻഡ്‌ലി അഡ്വർടൈസ്‌മെൻറ്​സുമായി ബന്ധപ്പെട്ട ന്യൂസ് സ്റ്റോറികളായാലും മതി. ഇതൊരു ദൂഷിത വലയമാണ്​.

ഞങ്ങളുടെ പത്രത്തിന്റെ ഒരു കോപ്പിക്ക്​ 15 രൂപയാണ് ചെലവ്. പക്ഷെ, വിൽക്കുന്നത് നാലുരൂപയ്ക്കാണ്. ബ്രേക്ക് ഈവൺ ആകണമെങ്കിൽ തന്നെ പരസ്യത്തിൽ നിന്ന് 11 രൂപ കണ്ടെത്തണം. അപ്പോൾ 11 രൂപ കൊടുക്കുന്ന പരസ്യദാതാവിനാണോ നാലുരൂപ കൊടുക്കുന്ന വായനക്കാർക്കാണോ നമ്മൾ പ്രാധാന്യം കൊടുക്കുക?.

ട്രൂകോപ്പി തുടങ്ങിയ സമയത്ത് താങ്കൾ തന്നെ പറഞ്ഞ ഒരു സംഗതിയുണ്ട്, സബ്‌സ്‌ക്രിപ്ഷൻ ബേസ്ഡായി ഒരു ഓൺലൈൻ മീഡിയ വരുന്നു എന്നത് പ്രതീക്ഷയുണ്ടാക്കുന്ന ഒരു കാര്യമാണെന്ന്. പക്ഷെ ഇതിന് വേറെയൊരു അനുകരണം കാണുന്നില്ല. ലെഗസി മീഡിയയായാലും പുതുതായി വരുന്ന മീഡിയ ആയാലും, സബ്‌സ്‌ക്രിപ്ഷൻ ഓൺലൈനിൽ കൊണ്ടുവരാൻ ഇപ്പോഴും ഭയക്കുന്നുണ്ട്. ഇത് അതിജീവിക്കില്ല എന്നൊരു തോന്നലുണ്ട്. അതിനൊരു ഭാവി കാണുന്നുണ്ടോ? ഇങ്ങനെയൊരു ബാക്കപ്പില്ലാതെ ഇത്തരം മീഡിയ സർവൈവ് ചെയ്ത് മുന്നോട്ടുപോകാൻ സാധ്യതയുണ്ടോ?

ശുഭാപ്തി വിശ്വാസത്തോടെ നോക്കുകയാണെങ്കിൽ മികച്ച മാതൃകയാണ് ന്യൂയോർക്ക് ടൈംസ്. അവരുടെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ ഇപ്പോൾ 10 മില്യൺ വരെയെത്തി. ഇത് അവരുടെ തന്നെ പ്രിൻറ്​ മീഡിയയേക്കാൾ എത്രയോ കൂടുതലാണ്. മറ്റൊരു വലിയ വിജയമാണ് ഡെയിലി മിറർ. ഡെയിലി മിററിന്റെ ജേണലിസത്തെ ഞാൻ പിന്താങ്ങുന്നില്ല. പക്ഷെ അതൊരു വിജയമാതൃകയാണ്. അതായത് ഇവിടെ വിജയമാതൃകകളുണ്ട്. പക്ഷെ ഇന്ത്യയിൽ നമുക്ക് ഒരു ഉറപ്പില്ല. ലെഗസി മീഡിയയിൽ തന്നെ പേ വാൾ വരികയാണെങ്കിൽ ഒരു സെക്ഷൻ മാത്രം പേ വാളിലാക്കും. നല്ല ഒരു ആർട്ടിക്കിൾ, പേരുള്ള ഒരാളിന്റെ ആർട്ടിക്കിൾ അങ്ങനെ. ഒറ്റ രാത്രി കൊണ്ട് ഇത് മാറില്ല. നിങ്ങൾ പോരാട്ടം തുടരണം.

ന്യൂയോർക് ടൈസ് സബ്​സ്​ക്രിപ്​ഷൻ പേജ്

ഞങ്ങളുടെ പത്രത്തിന്റെ ഒരു കോപ്പിക്ക്​ 15 രൂപയാണ് ചെലവ്. പക്ഷെ, വിൽക്കുന്നത് നാലുരൂപയ്ക്കാണ്. ബ്രേക്ക് ഈവൺ ആകണമെങ്കിൽ തന്നെ പരസ്യത്തിൽ നിന്ന് 11 രൂപ കണ്ടെത്തണം. അപ്പോൾ 11 രൂപ കൊടുക്കുന്ന പരസ്യദാതാവിനാണോ നാലുരൂപ കൊടുക്കുന്ന വായനക്കാർക്കാണോ നമ്മൾ പ്രാധാന്യം കൊടുക്കുക?. അത്ര ലളിതമാണ് ഈ ഇക്കണോമിക്‌സ്. അതുകൊണ്ടാണ് നമ്മൾ പറയുന്നത്, വാർത്ത വിലയില്ലാത്തതാണെന്ന്. എന്തിനെയെങ്കിലും കമോഡിറ്റിയാക്കുമ്പോൾ, വില കുറച്ച് നൽകുമ്പോൾ, അത് മൂല്യമില്ലാത്തതാണെന്നാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഇപ്പോൾ നാലുരൂപയ്ക്ക് ഇന്ത്യയിൽ എന്തെങ്കിലും കിട്ടുമോ? ഒരു ചായ പോലും കിട്ടില്ല. അപ്പോൾ വാർത്തയെ അതിനേക്കാൾ വില കുറഞ്ഞതാക്കിയത് നമ്മൾ തന്നെയാണ്. ഒരു രൂപയ്ക്കും കിട്ടുന്നുണ്ട് ചില ഇംഗ്ലീഷ് പത്രങ്ങൾ. വാർത്തകളെ അത്രയും ചീപ്പാക്കിയ ശേഷം ഒരു ഓൺലൈൻ മീഡിയയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ അഞ്ച് രൂപ തരണമെന്ന് പറയുമ്പോൾ അത് വായനക്കാർ സ്വീകരിക്കണമെന്നില്ല. വായനക്കാർക്കും ഉത്തരവാദിത്വമുണ്ട്. പണം കൊടുക്കാനാകില്ലെന്നും ഫസ്റ്റ് ക്ലാസ് ക്വാളിറ്റി വേണമെന്നും ഒരിക്കലും പറയാനാകില്ല. ന്യൂസ് പേപ്പർ വേണമോ വേണ്ടയോ എന്ന് അവർ തീരുമാനിക്കണം. ഉത്തർപ്രദേശിൽ യോഗിക്ക് വോട്ട് ചെയ്തതുപോലെയാണ് നമ്മുടെ രാജ്യമെങ്കിൽ നമ്മുടെ ന്യൂസ് പേപ്പറുകളും അതുപോലെ തന്നെയായിരിക്കും. എങ്ങനെ രണ്ടിനെയും വേർതിരിക്കാൻ പറ്റും?.

30 വർഷത്തിനിടെ ഇടതുപക്ഷത്തിനെതിരെ ഇത്ര ആഴത്തിൽ എതിർപ്പുണ്ടെന്ന കാര്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല. ഇടതിനെ എപ്പോഴും വിമർശിച്ചുകൊണ്ടിരുന്ന ഞങ്ങൾക്ക്​, ശരിക്കുള്ള വിമർശനം വന്നപ്പോൾ, അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ബംഗാളിൽ 30 വർഷമായി മാധ്യമപ്രവർത്തനം നടത്തുന്ന ഒരാളാണ്. പണ്ടുതൊട്ടേ കേരളവും ബംഗാളും തമ്മിൽ വലിയ താരതമ്യം നടത്താറുണ്ട്, പല കാര്യങ്ങളിൽ. സാഹിത്യത്തിലുമൊക്കെ പലതരം കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ബംഗാളും കേരളവും. ഇപ്പോൾ ആ കൊടുക്കൽ വാങ്ങൽ നടത്തുന്നത് വേറെയൊരു രീതിയിലാണെന്ന് തോന്നുന്നു. അവിടെയുള്ള ആളുകളൊക്കെ ജോലിക്ക്​ വരുന്നൊരു സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവിടെ പ്രവർത്തിക്കുന്ന ഒരു പത്രം എന്ന രീതിയിൽ ഈയൊരു കുടിയേറ്റത്തെ അല്ലെങ്കിൽ അവിടത്തെ മനുഷ്യവിഭവം കേരളത്തിലെ വലിയ തൊഴിൽസേനയായി മാറുന്നതിനെ ഒരു എഡിറ്റർ എന്ന രീതിയിൽ എങ്ങനെയാണ് കാണുന്നത്?

ഇത് ശരിക്കും 90കളുടെ മധ്യത്തിൽ തന്നെ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ പലർക്കും വിശ്വസിക്കാൻ പറ്റില്ല, ഞങ്ങൾ ബുദ്ധദേവ് ഭട്ടാചാര്യയുടെ വ്യവസായവത്കരണത്തിനെ പിന്തുണച്ച പത്രമാണ്. സിംഗൂർ പ്രശ്‌നം വലുതായപ്പോൾ ഞങ്ങൾ ഫൊട്ടോഗ്രാഫറെ അയച്ച് ഷാലിമാർ സ്റ്റേഷനിലെ അവസ്ഥയുടെ ചിത്രമെടുത്തിരുന്നു. കേരളത്തിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനാണ്. ഒരു കൈയിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കവറും പിടിച്ച് ചെറുപ്പക്കാർ കേരളത്തിലേക്കുള്ള ട്രെയിനിന് ക്യൂ നിൽക്കുന്നത് കാണാം. ഇപ്പോഴും ഇതേ അവസ്ഥയാണ്. പരിതാപകരമായ, ഭീകരമായ കാഴ്ചയാണത്. ഇങ്ങനെ നിൽക്കുന്ന, ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള ചെറുപ്പക്കാരെ പൊലീസുകാർ ലാത്തിവെച്ച് ട്രെയിനിലേക്ക്​ തള്ളിക്കയറ്റുകയാണ്. മീൻ അട്ടിയിടുന്നതുപോലെയാണ് അവരെ ലാത്തി കൊണ്ട്​ ട്രെയിനിനകത്തേക്ക് തള്ളിയിടുന്നത്. ‘ലേബർ വാഗൺസ് ഓഫ് ബംഗാൾ’ എന്നുപറഞ്ഞാണ് ഞങ്ങൾ ഇത്​ കൊടുത്തത്.

മൈഗ്രന്റ് ലേബഴ്‌സ് എപ്പോഴും എവിടെയാണോ തൊഴിൽ കിട്ടുന്നത് അവിടേക്ക് പോകും. കേരളത്തിലെ ഗൾഫ് ബൂം പോലെയൊന്നും ബംഗാളിലെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടായിട്ടില്ല. അവിടെ കിട്ടുന്നതിനെക്കാളും 500 രൂപ ദിവസം കൂടുതൽ കിട്ടുമെന്നേയുള്ളൂ /Photo : P.Sainath, Ruralindiaonline.org

ഇതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് വ്യവസായവത്കരണം മാത്രമാണ് ഉത്തരമെന്ന്. ഇവരെല്ലാം കൃഷിക്കാരാണ്. ബംഗാളിലേത്​ ഫലഭൂയിഷ്ടമായ ഭൂമിയാണ്. ഇപ്പോഴത്തെ തലമുറക്ക്​ കൃഷി ചെയ്യാൻ താത്പര്യമില്ല. മുഴുവൻ വർഷത്തേക്ക് കൃഷി ചെയ്യാൻ പറ്റില്ല. ഒഴിവുസമയത്താണ് അവർ പോയിത്തുടങ്ങിയത്. അങ്ങനെയാണ് ഈ കുടിയേറ്റം തുടങ്ങിയത്. പക്ഷെ ഇപ്പോൾ അത് മുഴുവൻ സമയ കുടിയേറ്റമായി. ഇതിനെ നേരിടാൻ വ്യവസായവത്കരണമല്ലാതെ വേറെ മാർഗമില്ല എന്ന രീതിയിലാണ് ഞങ്ങളന്ന് ശക്തമായി ബുദ്ധദേവ് ഭട്ടാചാര്യയെ പിന്തുണച്ചത്. എന്നാൽ, 30 വർഷത്തിനിടെ ഇടതുപക്ഷത്തിനെതിരെ ഇത്ര ആഴത്തിൽ എതിർപ്പുണ്ടെന്ന കാര്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല. അതിന് കാരണം, ഞങ്ങൾ ആദ്യം തൊട്ടേ ഇടതിനെ വിമർശിക്കുമായിരുന്നു. ഞങ്ങളുടെ പത്രത്തിന്റെ പോളിസി തുടക്കം മുതലേ ഇടതിനെ വിമർശിക്കുക എന്നതായിരുന്നു. എപ്പോഴും വിമർശിച്ചുകൊണ്ടിരുന്ന ഞങ്ങൾക്ക്​, ശരിക്കുള്ള വിമർശനം വന്നപ്പോൾ, അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ തന്നെ ശബ്ദം കേൾക്കുകയാണെന്നാണ് ഞങ്ങൾ കരുതിയത്. നമ്മൾ സദാ വിമർശിച്ചുകൊണ്ടിരിക്കുന്നതിനിടെ, മറ്റൊരാൾ വിമർശിക്കുമ്പോൾ നമ്മളത് ഗൗരവമായിട്ടെടുക്കില്ല. അവർ നമ്മളെ സുഖിപ്പിക്കാൻ പറയുന്നതാണെന്നേ കരുതൂ. 2009 ആയപ്പോഴാണ് ഇത്രയും ഭീകരമായി ഇടതുപക്ഷത്തിന്റെ തകർച്ചയുണ്ട്​ എന്ന്​ മനസ്സിലാക്കുന്നത്.

ഇക്കാര്യം ഒരു മാധ്യമസ്ഥാപനത്തിന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നത് വളരെ ഇന്ററസ്റ്റിങ്ങായ കാര്യമാണ്. അതുപോലെ തന്നെയല്ലേ പാർട്ടിക്കുള്ളിലും സംഭവിച്ചത്?

അതെ, അവർ പോലും അറിഞ്ഞിട്ടുണ്ടാകില്ല. എനിക്ക് ബുദ്ധദേവ് ഭട്ടാചാര്യയെ പരിചയമില്ല. ഞാൻ വിചാരിക്കുന്നത്, അദ്ദേഹം സംസ്ഥാനത്തെ രക്ഷിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നുവെന്നാണ്. പ്രത്യേകിച്ച് യുവാക്കൾക്കുവേണ്ടി ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബുദ്ധദേവ് പരമ്പരാഗത മാർക്‌സിസ്റ്റാണ്. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ബുദ്ധദേവ് യോഗിയെ പോലെയായിരുന്നു. സത്യത്തിൽ ആ സമയത്ത് ഒരു മീഡിയ സെന്റർ തകർത്തു എന്നൊക്കെ പറഞ്ഞ് മീഡിയ അദ്ദേഹത്തെ വെറുത്തിരുന്നു. മുഖ്യമന്ത്രിയായതോടെ അദ്ദേഹം മാറി. ബുദ്ധദേവാണ് സി.പി.എമ്മിനെ നശിപ്പിച്ചതെന്ന് പലരും ഇപ്പോഴും പറയുന്നുണ്ട്. ഇത് ശരിയല്ല. പാർട്ടിയെ രക്ഷപ്പെടുത്താൻ അദ്ദേഹം പരമാവധി ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല.

ബുദ്ധദേവ് ഭട്ടാചാര്യ / Photo: twitter

ഇത്രയും ആളുകൾ പുറത്തുപോയി ജോലി ചെയ്യുന്നതുകൊണ്ട് ബംഗാളിൽ അടിത്തട്ടിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ? ഇവിടത്തെ ഗൾഫ് ബൂമുമായിട്ടൊക്കെ ഇതിനെ താരതമ്യപ്പെടുത്താമോ?

അങ്ങനെ മാറ്റമുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. കാരണം, അവർ കേരളത്തിൽ വന്നിട്ടില്ലായിരുന്നെങ്കിൽ മറ്റെവിടെയെങ്കിലും പോകുമായിരുന്നു. ബംഗാളിൽ തൊഴിലില്ലായ്മ അത്രയ്ക്ക് രൂക്ഷമായിരുന്നു. കേരളത്തിലെ ഗൾഫ് ബൂം പോലെയൊന്നും ബംഗാളിലെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടായിട്ടില്ല. അവിടെ കിട്ടുന്നതിനെക്കാളും 500 രൂപ ദിവസം കൂടുതൽ കിട്ടുമെന്നേയുള്ളൂ. മമതയെ നമ്മളെന്തൊക്കെ കുറ്റം പറഞ്ഞാലും, പത്തുകോടി ആളുകളിൽ ഏഴുകോടിയാളുകൾ അവരുടെ ഏതെങ്കിലുമൊക്കെ വെൽഫെയർ സ്‌കീമുകളുടെ ഭാഗമാണ്.

ജീവീച്ചു പോകുന്നുണ്ട്?

അതെ. അങ്ങനെ പറയാം.

ഇപ്പോഴത്തെ ഒരു താരതമ്യം കെ റെയിലുമായി ബന്ധപ്പെട്ടാണ്. നന്ദിഗ്രാമും സിംഗൂരും നിരന്തരം ഇവിടെ ഓർമിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ, താങ്കൾ തന്നെ കഴിഞ്ഞദിവസം പറഞ്ഞു, കേരളം, പൂർണമായും നന്ദിഗ്രാമായി മാറാൻ സാധ്യതയില്ല എന്ന്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്?

സിംഗൂരിന്റെ ഒരു പ്രത്യേകത ഭൂമിയുടെ ഉടമസ്ഥർ ശരിക്ക് അവിടെയുള്ളവരല്ല എന്നതാണ്​. അവർ അവിടെനിന്നെല്ലാം വിട്ടുപോയിരുന്നു. ഷെയർ പ്രോപ്പേഴ്‌സായി അവിടെ ജോലിചെയ്യുന്നവരാണ് ഭൂമി കൈവശം വെച്ചിരുന്നത്. ബുദ്ധദേവ് ഭട്ടാചാര്യ ആദ്യം പറഞ്ഞു, ഭൂമി വിട്ടുകൊടുക്കാൻ എല്ലാവരും തയ്യാറാണെന്ന്. സാങ്കേതികമായി അദ്ദേഹം പറഞ്ഞത് ശരിയാണ്. കാരണം, ഭൂമിയുടെ ഉടമസ്ഥർ വിട്ടുകൊടുക്കാൻ തയ്യാറാണ്. പക്ഷെ അവരവിടെയല്ല. അവർ കരുതിയത്, ഇവരെ ഒഴിപ്പിക്കുകയും ചെയ്യാം, കാശും കിട്ടും എന്നാണ്​. പിന്നീടാണ് ഷെയർ പ്രോപ്പേഴ്‌സിന്റെ പ്രശ്‌നമുണ്ടെന്ന് ഇടതുപക്ഷം മനസ്സിലാക്കിയത്. എന്തുകൊണ്ടാണത് പാർട്ടി മനസ്സിലാക്കാതിരുന്നതെന്നറിയില്ല. ചിലപ്പോൾ അവരുടെ ബന്ധമില്ലായ്മ കൊണ്ടായിരിക്കാം. അല്ലെങ്കിൽ അവരുടെ അസോസിയേഷനുകളെ അതിനകത്ത് ഉൾപ്പെടുത്താത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ തീർച്ചയായും അറിയേണ്ടതായിരുന്നു. അവർക്ക് തെറ്റുപറ്റിയെന്നത് തീർച്ചയാണ്.

നന്ദിഗ്രാമിൽ നടന്ന വെടിവെയ്പ്പും പ്രതിഷേധങ്ങളും

രണ്ടാമത്, ഷെയർ പ്രോപ്പേഴ്‌സിന്റെ പ്രശ്‌നം വന്നപ്പോൾ അദ്ദേഹം വളരെ ഉദാരമായ പാക്കേജാണ് പ്രഖ്യാപിച്ചത്. ആ പ്രശ്‌നമെല്ലാം തീർന്നതായിരുന്നു. അതുകഴിഞ്ഞ് നന്ദിഗ്രാമിൽ ലക്ഷ്മൺ സേഠ് എന്ന ഒരാൾ പഞ്ചായത്ത് ഓഫീസിൽ പോയി ഒരു നോട്ടീസ്​ പതിച്ചു. അപ്പോൾ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയിട്ടില്ലായിരുന്നു. ഇവിടത്തെ കുറ്റിയിടലിന്റയത്രപോലും എത്തിയിട്ടില്ലായിരുന്നു. അപ്പോൾ അവിടത്തെ ജനങ്ങൾ ഇയാളുടെ ജീപ്പ് കത്തിച്ചു. അങ്ങനെയാണ് പ്രശ്‌നം തുടങ്ങുന്നത്. ചെറിയൊരു സംഭവത്തിൽ നിന്ന് ആളിപ്പടർന്നതാണ്. മനപ്പൂർവം സംഭവിച്ചതല്ല. വളരെയധികം മുസ്‌ലിങ്ങളുള്ള ഒരു സ്ഥലമാണ്. ഒരുപാട് ഖബർ ഏറ്റെടുക്കണം. അങ്ങനെയുള്ള ഒരു വൈകാരിക പ്രശ്‌നമായി ഇത്​ മാറിയപ്പോൾ അവർ വഴിയും പാലവുമൊക്കെ അടച്ച് നന്ദിഗ്രാം ഐസലോറ്റ് ചെയ്തു. അപ്പോൾ അത്​ വലിയൊരു ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറി.

അതുകഴിഞ്ഞും അവർ അതിനെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ബുദ്ധദേവ് പ്രഖ്യാപിച്ചു. നന്ദിഗ്രാം വേണ്ട, വേറെ ഒരു ദ്വീപിൽ സ്ഥലം കണ്ടുപിടിച്ചു എന്നു പറഞ്ഞു. അവിടെ അവർക്ക് പദ്ധതി നടപ്പാക്കാൻ പറ്റില്ല. അതിനുശേഷം സംഭവിച്ചത്, ഇങ്ങനെയൊരു ചെറുത്തുനിൽപ്പ് പാടില്ലെന്ന് തീരുമാനിച്ച സി.പി.എം, നന്ദിഗ്രാം തിരിച്ചുപിടിക്കാൻ തീരുമാനിച്ചു. അങ്ങനെ പൊലീസ് വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. സംഭവത്തിന്റെ സാധ്യത വളരെ വേഗം മമത തിരിച്ചറിഞ്ഞു. അതിനകത്ത് റിസ്‌വാനൂർ പ്രശ്‌നം വന്നു. അങ്ങനെ എല്ലാം കൂടി ചേർന്ന് ഒരു പെർഫെക്റ്റ് സ്റ്റോമായി. കേരളത്തിൽ അങ്ങനെയൊരു സ്ഥിതിയുണ്ടാകുമെന്ന് എനിക്കുതോന്നുന്നില്ല. ബംഗാളിൽ വലിയ അസംതൃപ്തി ഉണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഒരു ഔട്ട്‌ലെറ്റായിരുന്നു നന്ദിഗ്രാമും സിംഗൂരും. കേരളത്തിൽ സർക്കാരിനെതിരെ അങ്ങനെയൊരു അസംതൃപ്തിയുണ്ടെന്ന് തോന്നുന്നില്ല.

പത്രങ്ങൾ തന്നെ പലപ്പോഴും ശക്തനായ നേതാവ് എന്നൊക്കെ പറയും. എന്താണ് ശക്തമായ നേതൃത്വം?. എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയുള്ള വാക്കുകൾ പത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല.

ഈയൊരു പ്രത്യേക പ്രശ്‌നം വെച്ച് മാത്രമല്ല. നേരത്തെ പറഞ്ഞില്ലേ, ജനങ്ങളുടെ പൾസ് മനസ്സിലാക്കാൻ പറ്റാത്തതിനെക്കുറിച്ച്. ആ ഒരു ഡിസ്‌കണക്റ്റ് ഉണ്ടല്ലോ, അതിവിടെ സംഭവിക്കുന്നുണ്ടോ? കെ റെയിൽ കുറ്റികൾ നാട്ടുന്നതിലൊക്കെ ഇത്​ സംഭവിക്കുന്നുണ്ട്​. ആദ്യം ചെയ്യേണ്ടത് ജനങ്ങളുമായി സംസാരിച്ച് ഇങ്ങനെയൊരു സംഭവം വരുന്നുണ്ടെന്ന് പറയുകയാണല്ലോ. പല വീടുകളിലും അറിയുന്നത് പൊലീസ് വന്നുകഴിയുമ്പോഴാണ്. അതാണ് പ്രതിഷേധമായി മാറിക്കൊണ്ടിരിക്കുന്നത്. ഈയൊരു ഡിസ്‌കണക്റ്റ് ഇവിടെ സംഭവിക്കുന്നില്ലേ?

തീർച്ചയായിട്ടും ഉണ്ട്. അതുകൊണ്ടാണല്ലോ ഇത്രയും ആളുകൾ ഇടതിനെതിരെ വരുന്നത്. എനിക്ക് തോന്നുന്നില്ല, മുമ്പ് ഇതുപോലെ ഇടതിനെതിരെ ആളുകൾ സംസാരിച്ചിട്ടുണ്ടെന്ന്. പ്രത്യേകിച്ച്, വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്. പലപ്പോഴും ഒരു ജനവിധി മിസ്‌റീഡ് ചെയ്യാൻ സാധ്യതയുണ്ട്. എന്തും ചെയ്യാനുള്ള ഒരധികാരമാണെന്ന്​ തോന്നാം, അല്ലെങ്കിൽ ചെയ്ത തെറ്റുകളെല്ലാം ശരിയാണെന്ന് തോന്നും. എന്ത് തീരുമാനമെടുത്താലും ശക്തമായി അത് നടപ്പാക്കണമെന്ന ഒരുതരം വാശിയുണ്ടാകും.

കെ-റെയിൽ സർവേ കുറ്റിയിൽ നാട്ടുകാർ പ്രതിഷേധസൂചകമായി സമർപ്പിച്ച റീത്ത്. / Photo: Shafeeq Thamarassery

പത്രങ്ങൾ തന്നെ പലപ്പോഴും ശക്തനായ നേതാവ് എന്നൊക്കെ പറയും. എന്താണ് ശക്തമായ നേതൃത്വം?. എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയുള്ള വാക്കുകൾ പത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ശക്തനായ നേതാവ് എന്ന് പറയുമ്പോൾ, ജനങ്ങളുമായി സംസാരിക്കുക എന്നത് എന്തോ തെറ്റായ കാര്യമാണെന്നോ അല്ലെങ്കിൽ ദൗർബല്യത്തിന്റെ സൂചനയായോ നമ്മൾ തന്നെ കാണുകയാണ്. നമ്മുടെ തന്നെ ഭാഷ കൊണ്ട് നമ്മൾ തന്നെ സൃഷ്ടിച്ചെടുക്കുന്നതാണിത്. നെഞ്ചിന്റെ അളവൊക്കെ പറഞ്ഞ് നരേന്ദ്ര മോദിയെ അങ്ങനെയാക്കിയതല്ലേ. അതുകൊണ്ടൊക്കെയുള്ള ഡിസ്‌കണക്റ്റായിരിക്കാം.
മാറിനിന്ന് ചിന്തിക്കുമ്പോൾ പിണറായി വിജയൻ ചെയ്യുന്നത് തെറ്റാണെന്ന് നമുക്കു തോന്നാം. പക്ഷെ, പിണറായി വിജയന്റെ ഭാഗത്തുനിന്ന്​ നോക്കുമ്പോൾ, താൻ ഒരു സ്‌ട്രോങ് ലീഡറാണെന്നും താനിത് ചെയ്യേണ്ടതാണെന്നും അദ്ദേഹത്തിനു തോന്നാം.

ഹെഡ്‌ലൈനിൽ തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം, ഞങ്ങൾ തിരുത്താം, മറിച്ച്, നിങ്ങൾക്ക് ഒരിക്കലും ഞാൻ ഇങ്ങനെയൊരു ഹെഡ്‌ലൈൻ കൊടുത്തുകൂടാ എന്ന് പറയാനാകില്ല. അത് എന്റെ ജോലിയാണ്. അതാണ് ഒരു എഡിറ്റർ ചെയ്യേണ്ടത്.

ഭാഷയെക്കുറിച്ച് പറഞ്ഞില്ലേ. അതായത് പത്രഭാഷ അല്ലെങ്കിൽ മീഡിയ ഉപയോഗിക്കുന്ന ഭാഷ. അത് പ്രത്യേകിച്ച് ടെലഗ്രാഫിനെ മുന്നിൽ നിർത്തി പറയുമ്പോൾ, എപ്പോഴും അതിന്റെ ഹെഡ്ഡിങ്ങുകള്ക്ക് അഭിനന്ദനം കിട്ടാറുണ്ട്.

അഭിനന്ദനം മാത്രമല്ല കിട്ടാറുള്ളത്.

ഇടിയും കിട്ടാറുണ്ടല്ലേ? പൊതുവേ നോക്കുമ്പോൾ പൊളിറ്റിക്കൽ കറക്റ്റ്‌നെസ് അല്ലെങ്കിൽ ഇൻസെൻസിറ്റീവായ ഭാഷ ഉപയോഗിക്കാതിരിക്കാനുള്ള ശ്രമങ്ങൾ... അങ്ങനെ ന്യൂസ് റൂമുകളിൽ ഒരു പഠനം നടക്കുന്നുണ്ടോ? അതോ ഈ എഡിറ്റേഴ്‌സ് ലെവലിലുള്ള മനസ്സിലാക്കൽ മാത്രമാണോ നടത്തുന്നത്. ട്രെയിനി ജേണലിസ്റ്റ് തൊട്ട്, ഫീൽഡിൽ നിൽക്കുന്ന റിപ്പോർട്ടർ തൊട്ട്, എല്ലാവരിലും ഈയൊരു വിദ്യാഭ്യാസം നടക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

പണ്ട് നമ്മുടെ ഡെസ്ക് സിസ്റ്റം, ‘ഹോഴ്‌സ് ഷൂ ഡെസ്‌ക്’ എന്നുപറഞ്ഞ ഒരു കോൺസെപ്റ്റായിരുന്നു. ഒരു ഫ്‌ളോ ചാർട്ട് പോലെയാണ് അത് ഡിസൈൻ ചെയ്യുന്നത്. അതായത് ജൂനിയർ മോസ്റ്റിൽ നിന്ന് സീനിയർ മോസ്റ്റിലേക്ക് വരും, വീണ്ടും സീനിയർ മോസ്റ്റിൽ നിന്ന് ജൂനിയർ മോസ്റ്റിലേക്ക് പോകും, പിന്നെ പ്രസ്- അങ്ങനെയായിരുന്നു. കമ്പ്യൂട്ടറൈസേഷൻ വന്നപ്പോൾ എല്ലാം മാറി. ഇപ്പോൾ ചിലരൊക്കെ കൂടെക്കൂടെ വർക്ക്‌ഷോപ്പ് നടത്തുന്നുണ്ട്. ജോലിയുടെ കാര്യത്തിൽ, സീനിയേഴ്‌സ് പറയുക എന്നതല്ലാതെ ഒരു ഫോർമൽ രീതിയിലുള്ള തിരുത്തൽ നടക്കുന്നില്ല. പക്ഷെ വിവേകമുള്ള ഒരു സബ് എഡിറ്റർക്ക് എപ്പോഴും പഠിക്കാൻ അവസരമുണ്ട്. കാരണം, അത് വളരെ എളുപ്പമാണ്. നമ്മൾ ചെയ്ത കാര്യവും അത് പത്രത്തിൽ അടിച്ച് വരുന്നതും എങ്ങനെയാണെന്ന് നോക്കാം. വേണമെന്നുള്ളവർക്ക് സീനിയറിനോട് ചോദിക്കാം, ഞാൻ ചെയ്തത് എന്തുകൊണ്ടാണ് താങ്കൾ മാറ്റിയതെന്ന്. അങ്ങനെ ചോദിക്കുന്നവരുണ്ട്. ചോദിക്കാത്തവരുമുണ്ട്. ചോദിക്കാതെയും നമുക്ക് ജോലിയിൽ കൂടി കടന്നുപോയി വിരമിക്കാം. രണ്ടും നമ്മൾ തീരുമാനിക്കേണ്ടതാണ്.

പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രാ ചെലവിനെക്കുറിച്ചുള്ള ദി ടെലഗ്രാഫ് റിപ്പോട്ട്

ഒരു ഐഡിയൽ സാചര്യത്തിൽ അല്ലെങ്കിൽ പ്രാക്റ്റീസ് ചെയ്യുന്ന രീതിയിൽ തന്നെ ഒരു എഡിറ്റർഷിപ്പ് ഒരു മാധ്യമസ്ഥാപനത്തിന് എത്ര പ്രധാനമാണ് അതിന്റെ എല്ലാ അർഥത്തിലും?

ഞാൻ എഡിറ്ററായതുകൊണ്ട് എനിക്ക് എന്റെ ജോലിയെ പ്രതിരോധിച്ചേ പറ്റൂ. എഡിറ്റർ എന്നത് ന്യൂസ് പേപ്പറിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു പ്രൊവൊക്കേറ്റീവ് ഹെഡ്‌ലൈൻ ഇടാൻ ആലോചിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു, ഇത് ഹിന്ദുത്വ വോട്ടാണ് എന്ന്​. ഉത്തർപ്രദേശിൽ കോവിഡ് മരണമുണ്ടായപ്പോൾ "ശവവാഹിനി ഗംഗ' എന്നുപറഞ്ഞ് ഗുജറാത്തിയിൽ ഒരു കവിതയുണ്ടായി. അതുവച്ച്, "സെക്യുലറിസത്തിന്റെ ശവവാഹിനി ഗംഗ യു.പി.യിൽ കൂടി ഒഴുകുന്നു' എന്ന് കൊടുത്തു. പിറ്റേദിവസം കൊൽക്കത്തയിൽ വളരെ പ്രശസ്തനായ, എല്ലാവരും ബഹുമാനിക്കുന്ന ഒരു ഡോക്ടർ എന്നെ ഫോൺ ചെയ്തു. അദ്ദേഹം വളരെ അപ്‌സെറ്റായിരുന്നു. നിങ്ങൾ ഇങ്ങനെ ചെയ്യരുതായിരുന്നു എന്നു പറഞ്ഞു. എന്തുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞില്ല.

ഹെഡ്‌ലൈനിൽ തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം, ഞങ്ങൾ തിരുത്താം, ആശയപരമായി പ്രശ്‌നമുണ്ടെങ്കിൽ കത്തെഴുതാം, പ്രസിദ്ധീകരിക്കാം എന്നാണ്​ ഞാൻ അദ്ദേഹത്തോട്​ പറഞ്ഞത്​. മറിച്ച്​, നിങ്ങൾക്ക് ഒരിക്കലും ഞാൻ ഇങ്ങനെയൊരു ഹെഡ്‌ലൈൻ കൊടുത്തുകൂടാ എന്ന് പറയാനാകില്ല. അത് എന്റെ ജോലിയാണ്. അതാണ് ഒരു എഡിറ്റർ ചെയ്യേണ്ടത്. പബ്ലിഷർക്കോ മറ്റാർക്കെങ്കിലുമോ എന്നോട് അങ്ങനെ പറയാനാകില്ല. എന്നെ പിരിച്ചുവിട്ടിട്ട് പറയാം. എഡിറ്ററാണ് തീരുമാനങ്ങളെടുക്കുക. മറ്റാർക്കും അത് മാറ്റാനാകില്ല. താലിബാൻ വിഷയത്തിൽ മാധ്യമം പ​ത്രം ഒരു ഹെഡ്‌ലൈൻ കൊടുത്തത് വിവാദമായിരുന്നു. നിങ്ങൾക്ക് ഹെഡ്‌ലൈനിനെ വിമർശിക്കാം. അല്ലാതെ അത് കൊടുക്കാൻ പാടില്ലെന്ന് പറയാനാകില്ല. അത് അവരുടെ കാര്യമാണ്.

അങ്ങനെയെങ്കിൽ നമ്മളെങ്ങനെ ഉത്തര കൊറിയയിൽ നിന്ന് വ്യത്യസ്തരാകും. ഒരു ഹെഡ്‌ലൈനിന് എന്നെ പ്രസ് കൗൺസിൽ സെൻഷ്വർ ചെയ്​തു. പക്ഷെ ഞാൻ ആ ഹെഡ്‌ലൈൻ പിൻവലിച്ചില്ല. അത് എന്റെ തീരുമാനമാണ്. നിങ്ങൾക്ക് വേണമെങ്കിൽ അതിന്റെ പേരിൽ എന്നെ ശിക്ഷിക്കാം. അല്ലാതെ മാറ്റണമെന്ന് പറയാനാകില്ല. അങ്ങനെയൊരു കാര്യം എഡിറ്റർക്ക് മാത്രമേ ചെയ്യാനാകൂ. അല്ലെങ്കിൽ ആരാണ് തീരുമാനമെടുക്കുക? ന്യൂസ് എഡിറ്റർ എന്നോ ന്യൂസ് എക്‌സിക്യൂട്ടീവ് എന്നോ എന്തുപേരിൽ വിളിച്ചാലും തീരുമാനമെടുക്കാൻ ഒരാൾ വേണം. എഡിറ്ററെ ആർക്കും മറികടക്കാനാകില്ല.

പബ്ലിഷറും എഡിറ്ററും തമ്മിൽ ഒരു ‘ടഗ് ഓഫ് വാർ’ നടക്കാറുണ്ടോ? എല്ലാ ന്യൂസ് ഹൗസിലും നടക്കുന്ന ഒരു സംഗതിയാണ്. വ്യക്തിപരമായ അനുഭവത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോ?

ഞാൻ എഡിറ്ററായപ്പോൾ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഞങ്ങളുടേത് ഒരു ലെഗസി മീഡിയയാണ്. ആനന്ദ ബസാർ പത്രികയുടെ ഭാഗമാണ്. ടെലഗ്രാഫ് സ്വതന്ത്രമായ ഒരു സ്ഥാപനമല്ല. ഭാഗ്യവശാൽ സ്വാതന്ത്ര്യസമര കാലത്താണ് ആനന്ദ ബസാർ പത്രിക രൂപം കൊണ്ടത്. അന്ന് നേതാജിയും ടാഗോറും എല്ലാമാണ് ബംഗാളിന് ഒരു പത്രം വേണമെന്ന് നിർദേശിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലം നൽകുന്ന സ്‌പേസ് വളരെ വലുതാണ്. ഒരു വാർത്ത നമ്മൾ കൊടുക്കുകയാണെങ്കിൽ അത് വർഗീയ സംഘർഷത്തിനിടയാക്കുമെങ്കിൽ അത് വേണ്ടെന്നുവെക്കാം. അങ്ങനെയുള്ള വിശാലമായ മാർഗനിർദേശങ്ങളുണ്ട്.

ദേശീയ വാർത്തകൾ മലയാളം മാധ്യമങ്ങളിൽ കാണുമ്പോൾ ചിലപ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഇങ്ങനെ വേണ്ടിയിരുന്നില്ല, ഇത്രയും നല്ല ഒരു പത്രം ഇത് ചെയ്യേണ്ടിയിരുന്നില്ല, വേറെ രീതിയിൽ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു എന്നൊക്കെ തോന്നാറുണ്ട്.

ഞങ്ങൾ വിചാരിക്കുന്നത് വിദ്യാഭ്യാസം പൂർണ്ണമായും ഫ്രീ ആക്കണമെന്നാണ്. ഞങ്ങൾക്ക് വിവാദപരമായ നിലപാടുമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിൽ സർക്കാർ ഇടപെടരുതെന്നായിരുന്നു ഞങ്ങളുടെ നിലപാട്, അത് പൂർണമായും സ്വകാര്യവത്കരിക്കണമെന്നായിരുന്നു. ഇങ്ങനെയുള്ള ചില കാര്യങ്ങളുണ്ടായിരുന്നു. അല്ലാതെ ഇന്നത് ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഇഷ്​ടപ്പെടാത്തതുണ്ടെങ്കിൽ പിറ്റേദിവസം വിളിച്ച് പറയും, ഞങ്ങൾ അതിനോട് യോജിക്കുന്നില്ലെന്ന്. തെറ്റാണെങ്കിൽ ഞാൻ തിരുത്തും. ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. സിനിമകളിൽ സൂപ്പർ സ്റ്റാറുകൾ പറയും, താൻ എപ്പോഴും രാജിക്കത്ത് പോക്കറ്റിലിട്ടാണ് നടക്കുന്നതെന്ന്. അതുപോലെ, രാജിക്കത്ത് പോക്കറ്റിലില്ലെങ്കിലും മനസ്സിലെപ്പോഴുമുണ്ട്, എപ്പോഴും തയ്യാറാണ്. കാരണം, നമ്മുടെയല്ലല്ലോ ഇതൊന്നും.

തിരിച്ചും സംഭവിക്കില്ലേ? പിറ്റേദിവസം ഇറങ്ങുന്ന ഒരു പത്രം കാണുമ്പോൾ ഭയങ്കര അഭിമാനമൊക്കെ തോന്നില്ലേ? ചിലപ്പോൾ ഒരു ഹെഡിംഗിടുമ്പോൾ അല്ലെങ്കിൽ ഒരു തിരുത്തൽ നടത്തുമ്പോഴൊക്കെയായിരിക്കും അഭിമാനം തോന്നുക. അത്തരം സന്ദർഭങ്ങളുണ്ടായിട്ടുണ്ടോ?

എനിക്ക്, ഞാൻ ചെയ്യുന്നതിൽ കൂടുതൽ സന്തോഷമൊന്നും തോന്നാറില്ല. പക്ഷെ പലപ്പോഴും പബ്ലിഷറെന്ന നിലയിൽ പറയാറുണ്ട്, നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ മനുഷ്യരല്ലേ, കേൾക്കാൻ സുഖമാണ്.

ജേണലിസത്തിന്റെ ഒരു പൊസിഷൻ എന്നു പറയുന്നത്, ഭരണകൂടത്തിന്റെ പ്രതിപക്ഷമായിരിക്കുക എന്നാണല്ലോ സൈദ്ധാന്തികമായി പറയാറ്​. അവിടെയിരുന്നു നോക്കുമ്പോൾ കേരളത്തിൽ ടെലഗ്രാഫ് പോലെ കൃത്യമായ ഒരു പ്രതിപക്ഷ പത്രം അല്ലെങ്കിൽ ഒരു മീഡിയ ഉണ്ട് എന്ന് തോന്നിയിട്ടുണ്ടോ?

ഒരു പത്രം എന്ന രീതിയിൽ എനിക്ക് തോന്നിയിട്ടില്ല. പക്ഷെ, കേരളത്തിലെ പല പത്രങ്ങളും പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോൾ എനിക്കും അങ്ങനെ ചെയ്താൽ കൊള്ളാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മലയാളം ഹെഡ്‌ലൈൻസ് ചിലപ്പോഴൊക്കെ വളരെ ഉന്നത നിലവാരമുള്ളവയാണ്. മലയാളം ജേണലിസത്തിൽ അങ്ങനെ തെറ്റായി എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. സംസ്ഥാന വാർത്തകൾ കൊടുക്കുന്നതിൽ മലയാള മാധ്യമങ്ങൾ മികച്ചതാണ്. ദേശീയ തലത്തിലേക്ക് വരുമ്പോൾ ചെറിയ പ്രശ്‌നങ്ങളുണ്ട്. ബജറ്റ് പോലെയൊരു സംഭവം വരുമ്പോൾ പത്രങ്ങൾക്ക് ഒരു കടമയുണ്ട്. സർക്കാർ പറയുന്ന കാര്യങ്ങൾ അതുപോലെ പറയുകയല്ല വേണ്ടത്. ബജറ്റ് പോലെയുള്ള കാര്യങ്ങൾ സാധാരണക്കാർക്ക് ചിലപ്പോൾ മനസ്സിലാകണമെന്നില്ല. അതുകൊണ്ട് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. എനിക്ക് ഒരു കാര്യം അറിയില്ലെങ്കിൽ ഞാൻ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ പോകില്ല. ദേശീയ വാർത്തകൾ മലയാളം മാധ്യമങ്ങളിൽ കാണുമ്പോൾ ചിലപ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഇങ്ങനെ വേണ്ടിയിരുന്നില്ല, ഇത്രയും നല്ല ഒരു പത്രം ഇത് ചെയ്യേണ്ടിയിരുന്നില്ല, വേറെ രീതിയിൽ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു എന്നൊക്കെ തോന്നാറുണ്ട്.

മലയാളം ജേണലിസത്തിലേക്ക് തിരിച്ചുവരണമെന്ന് എപ്പൊഴെങ്കിലും തോന്നിയിട്ടുണ്ടോ?

പണ്ട് എനിക്ക് ഇവിടെ ജോലി കിട്ടിയില്ല. അതുകൊണ്ടാണ് പുറത്ത് പോകേണ്ടിവന്നത്. ഇനിയിപ്പോൾ ഞാൻ ഈ പറയുന്നതൊക്കെ കേട്ടാൽ ആരെങ്കിലും ജോലി തരുമോ?

ഇംഗ്ലീഷ് പത്രങ്ങൾക്ക് വൈഡ് വായനക്കാരാണല്ലോ. ഇംഗ്ലീഷ് പത്രവും മലയാളം പത്രവും തമ്മിൽ അങ്ങനെയൊരു വ്യത്യാസമുണ്ടോ? വായനക്കാരുടെ പ്രതികരണത്തിന്റെ കാര്യത്തിൽ?

ഭാഷാപത്രങ്ങൾക്കാണ് വായനക്കാർ കൂടുതൽ. വായനക്കാരുടെ പ്രതികരണം നോക്കുകയാണെങ്കിൽ, ഇംഗ്ലീഷ് പത്രങ്ങളുടേത് കുറച്ചുകൂടി വൈഡാണെന്ന് പറയാം. ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്നവർ പലരും, സി.പി.എമ്മിന്റെ ഭാഷയിൽ പറഞ്ഞാൽ പൗരപ്രമുഖരാണ്. പ്രതികരിക്കുന്നത് നല്ലതായാണ് ഞാൻ കാണുന്നത്. നമ്മളെ അവഗണിക്കുന്നതിനേക്കാൾ നല്ലത്, ചീത്ത വിളിക്കാനാണെങ്കിലും പ്രതികരിക്കുന്നതാണ്. അവരിൽ ശക്തമായ അഭിപ്രായങ്ങളുള്ളവരുണ്ട്. അത് ഒരു വിധത്തിൽ നല്ലതാണ്. അവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസ്സിലാകും നമ്മൾ ഈ ചെയ്യുന്നതൊക്കെ വെറുതെയാണെന്ന്. അവരുടെ മനസ് ഒരിക്കലും മാറില്ല.

കഴിഞ്ഞ ദിവസം ചന്ദ്രികയുടെ എഡിറ്റർ എന്നോടുചോദിച്ചു, രാജഗോപാൽ ഇങ്ങനെ ഭയങ്കര ഹെഡ്‌ലൈൻസ് കൊടുക്കുന്നു, വിനോദ് ജോസ് എക്‌സ്‌ക്ലൂസീവ് കവർ സ്‌റ്റോറീസ് ചെയ്യുന്നു, വേണു ബ്രേക്കിങ് സ്‌റ്റോറീസ് ചെയ്യുന്നു. എന്നാലും ബി.ജെ.പി. തന്നെയല്ലേ വീണ്ടും വീണ്ടും ജയിച്ചുകൊണ്ടിരിക്കുന്നത്, ഇതൊക്കെ ചെയ്തിട്ട് വല്ല കാര്യവുമുണ്ടോയെന്ന്. അതങ്ങനെയാണ്.

അതിൽ നിരാശ തോന്നാറുണ്ടോ?

ഹേയ്. എനിക്കതിൽ നിരാശയൊന്നും തോന്നാറില്ല. ഇപ്പോൾ സോണിയാ ഗാന്ധി എന്നോട് ചോദിച്ചാൽ ഞാൻ പറയും, നിങ്ങൾ നിരാശപ്പെടേണ്ടതില്ല. കാരണം, കോൺഗ്രസ് രൂപീകരിക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയല്ല. സി.പി.എമ്മും തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി രൂപംകൊണ്ടതല്ല. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് മാത്രമല്ല കാര്യം, എന്നല്ല അതൊരു ഘടകമാകാനേ പാടില്ല, പാർട്ടികളെ സംബന്ധിച്ച്. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതോടെ പോപ്പുലിസ്റ്റ് പാർട്ടിയാകുന്നു. പിന്നെ അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യില്ല. പാർട്ടികൾ എൻ.ജി.ഒ. പോലെ പ്രവർത്തിക്കണമെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ പിന്നെ അവർ പൊതുജന സേവനം എന്ന് പറയരുത്, തെരഞ്ഞെടുപ്പ് ജയിക്കാനാണ് വന്നതെന്ന് പറയണം. ഇന്ത്യൻ ഇലക്ഷൻ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് ഇലക്ഷൻ പാർട്ടി ഓഫ് ഇന്ത്യ എന്നൊക്കെ വിളിക്കണം. അങ്ങനെയല്ലല്ലോ അവർ പേരിട്ടിരിക്കുന്നത്. 39 ശതമാനം വരുന്ന ഒരു ഭൂരിപക്ഷ സമുദായം സാമുദായികമായി വോട്ട് ചെയ്യുമ്പോൾ അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബുദ്ധിമുട്ടാണ്. വേണ്ട, അവർ ജയിച്ചോട്ടെ. പക്ഷെ നിങ്ങൾ ചെറുത്തുനിൽക്കണം. ഓരോ ദിവസവും നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.

ന്യൂസ് റൂമിൽ ഞാൻ കാണുന്നത് റിപ്പബ്ലിക് ടി.വി.യാണ്. പലരും വരുമ്പോൾ അത്ഭുതപ്പെട്ടുപോകും, ഞങ്ങൾ ഫോട്ടോയെടുത്ത് റിപ്പബ്ലിക് ടി.വി.യുടെ പരസ്യത്തിനിടുമെന്ന് പറയും. ഞാൻ എപ്പോഴും നോക്കുന്നത് ഇവർ എന്താണ് ബദലായിട്ട് പറയുന്നതെന്നാണ്.

സിദ്ദിഖ് കാപ്പൻ, ഒമർ ഖാലിദ് തുടങ്ങിയ ചെറുപ്പക്കാരെയൊക്കെ ജയിലിലിട്ടതിനെക്കുറിച്ച്​ ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ല. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ ആരും ഒന്നും ചെയ്യുന്നില്ല. ഞാൻ ഒരിക്കലും നിരാശനല്ല. കാരണം, 30 വർഷം ഇടതിനെ ഞങ്ങൾ എതിർത്തിട്ടും ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ കൂടുതൽ സീറ്റോടുകൂടിയാണ് തിരിച്ചുവന്നിരുന്നത്. പക്ഷെ അവർ പോകുന്ന സമയത്ത് ഞങ്ങൾക്കത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നുമാത്രം.

മലയാളത്തിലുള്ള വായനയൊക്കെ എങ്ങനെയാണ്?

ഞാൻ മലയാളം പത്രങ്ങളെല്ലാം വായിക്കും. അടുത്തകാലത്തൊന്നും പത്രങ്ങളല്ലാതെ മറ്റൊന്നും അധികം വായിച്ചിട്ടില്ല. കെ.ആർ. മീരയെ വായിക്കാറുണ്ട്. അന്നത്തെ കാലത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ ഒ.വി. വിജയന്റെ വലിയൊരു ആരാധകനാണ് ഞാനും. കൂടുതൽ വായിക്കാൻ സമയം കിട്ടാറില്ല.

ബംഗാളി വായിക്കാനറിയാമോ, സംസാരിക്കുമോ?

ബംഗാളി വായിക്കാനറിയില്ല. സംസാരിക്കാറുമില്ല. ബംഗാളികളെ ബഹുമാനിക്കുന്നതുകൊണ്ട് അറിയാതെ ആ ഭാഷ സംസാരിക്കാൻ ശ്രമിക്കാറില്ല. കേട്ടാൽ മനസ്സിലാകും.

പണ്ടൊക്കെ, ബംഗാളിൽ നിന്ന്​ ഒരുപാട് നോവലുകളൊക്കെ വിവർത്തനം ചെയ്ത് വരുമായിരുന്നു. ഇപ്പോൾ പക്ഷെ ആ രീതിയിലുള്ള സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലിന്റെ കുറവ് വന്നിട്ടില്ലേ?

അത് മാഗസിൻ എഡിറ്റേഴ്‌സിന്റെ കാര്യമാണ്. പണ്ട് കാമ്പിശ്ശേരിയാണത് ചെയ്തിട്ടുള്ളത്. . അതുപോലെയുള്ള എഡിറ്റർമാർ ഉണ്ടാവുകയാണെങ്കിൽ നടക്കുമായിരിക്കും. അതുപോലെ ബംഗാളി നോവലിന്റെ ഇപ്പോഴത്തെ നിലവാരം എന്താണെന്ന് എനിക്കറിയില്ല.

മലയാളത്തിലെ ഓൺലൈൻ മീഡിയ ശ്രദ്ധിക്കാറുണ്ടോ?

തീർച്ചയായും, ഓൺലൈൻ മീഡിയ എല്ലാം നോക്കാറുണ്ട്. എല്ലാ ചാനലും കാണാറുണ്ട്. ഒരു ചൈനീസ് ചൊല്ലുണ്ട്, നിങ്ങളുടെ ശത്രുവിനെ അടുപ്പിച്ച് നിർത്തുക എന്ന്. ന്യൂസ് റൂമിൽ ഞാൻ കാണുന്നത് റിപ്പബ്ലിക് ടി.വി.യാണ്. പലരും വരുമ്പോൾ അത്ഭുതപ്പെട്ടുപോകും, ഞങ്ങൾ ഫോട്ടോയെടുത്ത് റിപ്പബ്ലിക് ടി.വി.യുടെ പരസ്യത്തിനിടുമെന്ന് പറയും. ഞാൻ എപ്പോഴും നോക്കുന്നത് ഇവർ എന്താണ് ബദലായിട്ട് പറയുന്നതെന്നാണ്. പക്ഷെ ഇതുവരെ പറഞ്ഞ കാര്യങ്ങളൊന്നും എന്നെ കൺവിൻസ് ചെയ്യുന്നതായിരുന്നില്ല. ഞാൻ തുറന്ന മനസ്സോടെയാണ് കാണുന്നത്. അവർക്ക് എന്നെ കൺവിൻസ് ചെയ്യാൻ പറ്റുകയാണെങ്കിൽ ഞാൻ ആക്‌സപ്റ്റ് ചെയ്യാം. പക്ഷെ ഇതുവരെ എന്നെ കൺവിൻസ് ചെയ്യിക്കാൻ പറ്റുന്ന ഒരു വാദവും ആ ഭാഗത്തുനിന്ന് ഞാൻ കേട്ടിട്ടില്ല.

കോവിഡ് കാലത്ത് ഒരുപാട് മാധ്യമപ്രവർത്തകർക്ക് ജോലി പോയിട്ടുണ്ട്​. അവിടത്തെ ഒരു സാഹചര്യം എന്തായിരുന്നു? ജോലി ചെയ്യുന്ന ശൈലിയൊക്കെ മാറിയിട്ടുണ്ടല്ലോ.

എല്ലാം മാറി. ഞങ്ങൾക്കും പല കറസ്‌പോണ്ടൻസിനെയും നഷ്ടപ്പെട്ടു. നമുക്ക് താങ്ങാൻ പറ്റാതെ വന്നു. വലിയൊരു പ്രശ്‌നമാണത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഫീൽഡ് റിപ്പോർട്ടിങ് പ്രശ്‌നമാണ്. ബംഗാളിൽ ഞങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് വേണ്ട പോലെ കവർ ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, അങ്ങനെ കവർ ചെയ്യേണ്ടിയിരുന്നോ എന്ന തോന്നലുമുണ്ട്. കാരണം, ഇങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ. പലപ്പോഴും നമുക്ക് അവിടെ നിന്ന് കിട്ടിയിരുന്ന ഫീൽഡ് റിപ്പോർട്ട് ഇതുമായി ചേരുന്നതായിരുന്നില്ല. യോഗി ജയിക്കുമെന്ന് എനിക്കൊരു ഉറപ്പുണ്ടായിരുന്നു. പക്ഷെ ഇത്ര ഭീകരമായ രീതിയിൽ ജയിക്കുമെന്ന് കരുതിയില്ല.

പത്തുവർഷം മുമ്പ് പത്രങ്ങളായാലും ആളുകളായാലും ഒരു പ്രതീക്ഷയുണ്ടായിരുന്നു, അങ്ങനെ സംഭവിക്കില്ലായിരിക്കുമെന്ന്. ഒരു ഹിന്ദുത്വ സർക്കാർ ഇന്ത്യയിൽ വരുമോ എന്ന സംശയമുണ്ടായിരുന്നു. ആദ്യത്തെ ടേം കഴിഞ്ഞപ്പോൾ നമ്മൾ അതിനെ ചെറുത്തുനിൽക്കാൻ എവിടെയൊക്കെയോ ശ്രമിച്ചു. വരരുത് എന്ന ഒരു ആഗ്രഹം കൊണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതൊരു സ്വാഭാവികതയായി. ഇന്ത്യയുടെ മൊത്തം ഒരു മനസ്സ് ആ രീതിയിലേക്ക് പരുവപ്പെട്ടോ?

ഇത് തന്നെയാണ് ജർമനിയിലും സംഭവിച്ചത്. ആദ്യം വന്നപ്പോൾ ഞെട്ടലുണ്ടായി. പിന്നെ അതൊരു സാധാരണ കാര്യമായി മാറി. ഇതാണ് ഏറ്റവും ഭയാനകമായ അവസ്ഥ. മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരുടെ സംഭാഷണം ആലോചിച്ചുനോക്കൂ. ഒരു പത്തുവർഷം മുമ്പ് നമ്മൾ പറയാൻ മടിച്ചിരുന്ന അല്ലെങ്കിൽ ഉള്ളിൽ തോന്നിയാൽ പോലും രഹസ്യമാക്കി വെച്ചിരുന്ന കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുകയാണിപ്പോൾ. ജാതിയും മതവും ഒക്കെ പറഞ്ഞ് പരസ്യമായി ചർച്ച ചെയ്യുകയാണ്. ഇങ്ങനെയൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ.

കേരളത്തിൽ ഗ്രാജ്വേറ്റ് ചെയ്ത ഒരാൾ പുതിയ ജേണലിസ്റ്റായി വരുന്നു. അയാളെ നമ്മൾ യു.പി.യിലേക്ക് അയക്കുകയാണ്. എത്ര രക്ഷകർത്താക്കൾ സമ്മതിക്കും?. ബി.ജെ.പി.യെയും യോഗിയെയും പിന്തുണയ്ക്കുന്നവർ അവരുടെ സ്വന്തം മക്കളെ അവിടേക്ക്​ അയക്കുമോ? റഷ്യ- യുക്രെയ്ൻ പ്രശ്‌നത്തിൽ ഇന്ത്യ ബാക്കി 35 രാജ്യങ്ങളുടെ കൂടെ നിന്നില്ലേ. ഇതിൽ ഏതെങ്കിലും ഒരു രാജ്യത്ത് ഇന്ത്യയിലെ, വിദ്യാഭ്യാസമുള്ള ഏതെങ്കിലുമൊരു രക്ഷകർത്താവ് തങ്ങളുടെ മക്കളെ ടൂറിസത്തിനുപോലും ഒരു ദിവസത്തേക്കെങ്കിലും അയക്കുമോ? ഇതൊക്കെയാണ് പ്രശ്‌നം. നിങ്ങൾ കൂടുതൽ ബ്ലോ അപ്പ് ചെയ്യുകയാണ് കാര്യങ്ങൾ, ഇന്ത്യയിൽ പ്രശ്‌നങ്ങളൊന്നുമില്ല എന്നൊക്കെ എന്നോട് പറയാറുണ്ട്. അപ്പോൾ ഞാൻ ചോദിക്കും, നാളെ നിങ്ങളുടെ മകനെയോ മകളെയോ യു.പി.യിലേക്ക് ഫീൽഡ് റിപ്പോർട്ടിങ്ങിനയക്കാമോ എന്ന്​. ജേണലിസ്റ്റായിട്ടുവേണ്ട, അല്ലാതെയാണെങ്കിലും അയക്കാൻ ധൈര്യമുണ്ടോ?

എന്റെ മകൾ കൊൽക്കത്തയിലാണ്. ഇത്രയും സെക്കുലർ ആയ സ്ഥലം വേറെയില്ല. അവൾ ​കോളേജിലേക്ക്​ പോകാൻ വൈകിയ ഒരു ദിവസം ഫ്രിഡ്ജിൽ നിന്ന് ഒരു കറിയെടുത്ത് പാക്ക് ചെയ്ത് ഓടിപ്പോയി. ഭാര്യ തിരിച്ചുവിളിച്ച് അവളുടെ ബോക്‌സ് തുറന്ന് പരിശോധിച്ചു. ഞങ്ങൾ വീട്ടിൽ ബീഫ് വെക്കുന്നതാണ്. അവൾ അറിയാതെ ബീഫ് എടുത്തുകൊണ്ടുപോയോ എന്ന് പേടിച്ചാണ്​ നോക്കിയത്. ജെ.എൻ.യുവിനേക്കാൾ റവല്യൂഷണറിയായ കാമ്പസാണ്​ ജാഡോ പോൾ. അങ്ങനെയുള്ള ഒരു കോളേജിനകത്തുപോലും കുട്ടികൾ ഭക്ഷണം പങ്കുവെക്കുമ്പോൾ ഇത് ഏതെങ്കിലും ഹിന്ദുത്വവാദിയുടെ കൈയിൽ കിട്ടിയാൽ പ്രശ്‌നമാകുമെന്ന ഭയമുണ്ട്​. ഇങ്ങനെ നമ്മൾ ചിന്തിക്കാൻ തുടങ്ങി. ഇങ്ങനെയാണ് ഇത് സാധാരണമാകുന്നത്.

കേരളത്തിൻറെ കാര്യമെടുത്താൽ വോട്ട് ഷെയർ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ബി.ജെ.പി.യുടെ വോട്ട് ഷെയർ ഇപ്പോഴും അതിന്റെയൊരു മാർക്കിലേക്കൊന്നും വന്നിട്ടില്ല. പക്ഷെ ഹിന്ദുത്വ മനസ്സുള്ള മനുഷ്യരുടെ എണ്ണം ഭയങ്കരമായി കൂടുന്നുണ്ട്. അങ്ങനെ നിരീക്ഷിച്ചിട്ടുണ്ടോ? കേരളത്തിൽ എന്താണ് സംഭവിക്കുന്നത്?

ഇവിടെ ബി.ജെ.പി.യ്ക്ക് വോട്ട് ചെയ്താൽ ജയിക്കില്ല എന്ന ഒരു തോന്നലുണ്ട്, എന്നാൽ, ജയിക്കാനുള്ള ഒരു വാഞ്​ഛ സമൂഹത്തിനുണ്ട്. അതുതന്നെ തെറ്റാണെന്നാണ് ഞാൻ പറയുക. അതുകൊണ്ട് വോട്ട് പാഴാക്കരുതെന്ന തോന്നലിൽ ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നില്ല എന്നേയുള്ളൂ. ബാക്കി എല്ലാ രീതിയിലും അവർ ബി.ജെ.പി. തന്നെയാണ്. അവരുടെ ദൈനംദിന ഇടപെടലുകളിലും ആളുകളെ തെറിവിളിക്കുന്നതിലും സൊസൈറ്റി എന്ന രീതിയിൽ അവർ ഇടപെടുന്നതും എല്ലാം. അതുകൊണ്ടുള്ള പ്രശ്‌നങ്ങളെല്ലാം ഉണ്ടുതാനും. വോട്ട് ചെയ്യുന്നില്ല എന്നുമാത്രമേയുള്ളൂ. ▮

Comments