നാഷിഫ് അലിമിയാൻ

ട്രൂകോപ്പിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്
ചൊവ്വര പരമേശ്വരൻ അവാർഡ്

നാഷിഫ് അലിമിയാൻ എഴുതിയ ‘രാസവിഷനദിക്കരയിലെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർ’ എന്ന ലേഖനത്തിനാണ് പുരസ്‌കാരം.

News Desk

കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്. നാഷിഫ് അലിമിയാൻ എഴുതിയ ‘രാസവിഷനദിക്കരയിലെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർ’ എന്ന ലേഖനത്തിനാണ് പുരസ്‌കാരം. എം.പി.അച്യുതൻ, ഡോ. നടുവട്ടം സത്യശീലൻ, ബൈജു ചന്ദ്രൻ എന്നിവരായിരുന്നു ജൂറി.
2023-ലെ മാധ്യമ അവാർഡിന് എട്ടുപേരാണ് അർഹരായത്​. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു.

അരനൂറ്റാണ്ടിലധികമായി വിവിധ വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ പേറി ഒഴുകുന്ന പെരിയാർ, ഏലൂർ- എടയാർ മേഖലയിലെ ജനജീവിത​ത്തിനും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന അതീവ ഗുരുതരമായ ആഘാതങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടാണ് ‘രാസവിഷനദിക്കരയിലെ
മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ’. പെരിയാറിന്റെ തീരത്തെ വ്യവസായശാലകൾ 26 കോടി ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് പമ്പുചെയ്യുന്നത് എന്നും മനുഷ്യശരീരത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം ഹാനികരമായ ഡസൻ കണക്കിന് രാസവിഷങ്ങളും ഘനലോഹങ്ങളും അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് പാതി സംസ്കരിച്ചും തീരെ സംസ്കരിക്കാതെയും ഫാക്ടറികളുടെ ഔട്ട് ലെറ്റുകളിലൂടെ പെരിയാറിലേക്ക് തള്ളുന്നത് എന്നും റിപ്പോർട്ട് പറയുന്നു.

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദിനാണ്. വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോൾ എന്ന 2023 ആഗസ്റ്റ് 10 ലെ എഡിറ്റോറിയലിനാണ് അവാർഡ്​. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. പി.കെ. രാജശേഖരൻ, ഡോ. എ.ജി. ഒലീന എന്നിവരായിരുന്നു വിധിനിർണയ സമിതിയംഗങ്ങൾ.

മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ. എൻ. സത്യവ്രതൻ അവാർഡിന് മലയാള മനോരമ ചീഫ് സബ് എഡിറ്റർ ടി. അജീഷ് അർഹനായി. ഗുഹ മുതൽ നോർവെ വരെ എന്ന പരമ്പരക്കാണ് അവാർഡ്​. കെ.വി. സുധാകരൻ, കെ.ജി.ജ്യോതിർഘോഷ്, വി.എം. അഹമ്മദ് എന്നിവരടങ്ങിയതാണ് ജൂറി.

മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ട് നേടി. ആറുവരിപ്പാതയുടെ വികസനത്തെ സമഗ്രമായി നോക്കിക്കാണുന്ന ആറുവരി സ്വപ്നങ്ങൾ എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. വി.ഇ ബാലകൃഷ്ണൻ, പി.വി. മുരുകൻ, എസ്.നാസർ എന്നിവരടങ്ങിയതാണ് ജൂറി.

ന്യൂസ് ഫോട്ടോഗ്രഫി അവാർഡിന് മലയാള മനോരമ ഫോട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ അർഹനായി. ‘പിറ്റിൽ പിഴച്ചു, ട്രിപ്പിൾ ജംപ് താരത്തിന്റെ കാലൊടിഞ്ഞു’ എന്ന ചിത്രത്തിനാണു പുരസ്കാരം.

മാതൃഭൂമി ഫോട്ടോഗ്രഫർ സാജൻ വി. നമ്പ്യാരുടെ ലഹരിയുടെ ചോരപ്പാടുകൾ എന്ന ചിത്രം ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടി. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പ്രത്യേക പുരസ്‌കാരം. ഷാജി എൻ. കരുൺ, വിധു വിൻസന്റ്, യു.എസ് രാഖി എന്നിവരാണ് അവാർഡിന് അർഹമായ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

മികച്ച ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡിന് അമൃത ടിവിയിലെ സി.എസ് ബൈജു അർഹനായി. വിശാലമ്മ എന്ന വയോധികയുടെ ജീവിതത്തിന്റെ പരിഛേദം അനാവരണം ചെയ്യുന്ന വിശാലമ്മ എന്ന റിപ്പോർട്ടാണ് ബൈജുവിനെ അവാർഡിന് അർഹനാക്കിയത്.

മാതൃഭൂമി ന്യൂസ് ചാനലിലെ റിയ ബേബി തയാറാക്കി അവതരിപ്പിച്ച ‘എനിക്ക് കേൾക്കുന്നില്ല’ എന്ന പരിപാടി ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. ജേക്കബ് പുന്നൂസ്, കെ. കുഞ്ഞികൃഷ്ണൻ, ഡോ. മീന ടി. പിള്ള എന്നിവരായിരുന്നു അവാർഡ് നിർണയ സമിതി അംഗങ്ങൾ.

Read | രാസവിഷനദിക്കരയിലെ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ

Comments