ട്രൂകോപ്പി,നാലാം വർഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്.
ഇതോടൊപ്പം, ഭൂമിയിലുള്ള മനുഷ്യർ ഹൃദയത്തിൽ ചേർത്തുവെക്കുന്ന /വായിക്കുന്ന ഒരു നോവ്; ‘കോവിഡ്- 19 പാൻഡമിക്കിനും ഭൂമിയിൽ മൂന്നുവർഷം പൂർത്തിയാകുന്നു’ എന്നതാണ്. 2020 ജനവരിയിലാണ് ഭൂമിയിലാദ്യമായി ചൈനയിലെ വുഹാനിൽ പുതിയ വൈറസിനെ കണ്ടെത്തുന്നതും ആളുകൾ മരിക്കുന്നതും അത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങുന്നതും. ആരോഗ്യ പ്രവർത്തകനെന്ന നിലയിൽ, കോവിഡിനോടൊപ്പം അപ്ഡേറ്റായി സഞ്ചരിക്കുമ്പോഴാണ് ട്രൂകോപ്പി ഉദയം ചെയ്യുന്നത്. അതിനാൽ ഈ കാലഘട്ടത്തിലെ എപിഡിമിയോളജിസ്റ്റായ എന്റെ എഴുത്തുകൾ മുഴുവൻ കോവിഡുമായി നേരിട്ടോ നേരിട്ടല്ലാതെയോ ബന്ധപ്പെടുന്നതായി മാറി.
ശാസ്ത്രലോകത്തിന് ഇതുവരെ പരിചിതമല്ലാത്തത്തിനാൽ കോവിഡിന്റെ ഒരോ അറിവും പുതിയതും പുതുതായി തിരുത്തപ്പെടുന്നതുമായിരുന്നു. മൂന്നുവർഷ കാലഘട്ടത്തിൽ എന്റേതായി 35-ലധികം ലേഖനങ്ങൾ ട്രൂകോപ്പിയിൽ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഈ കാലം ഔദ്യോഗികമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ പ്രൊഫസർ നിലയിലുഉള്ള അക്കാദമിക്ക് പ്രവൃത്തികൾക്കുപുറമേ, മേഖലാ പകർച്ചവ്യാധി നിയന്ത്രണ സെല്ലിന്റെ പ്രവർത്തനവുമായി പാൻഡമിക്ക് സംബന്ധിച്ച പ്രാദേശിക- ദേശീയ- അന്താരാഷ്ട്ര തലത്തിലുമുള്ള ദൈനംദിന ഡാറ്റ വിവരശേഖരണവും വിശകലനവും അപ്‌ഡേറ്റിംഗും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിൽ ആദ്യ രണ്ടു വർഷം മിക്കവാറും കോവിഡിനെ തുടർന്ന് ലോകം അടച്ചിരിപ്പിന്റെ - ലോക്ക്ഡൗണിന്റെ- കാലവുമായിരുന്നു. ആളുകൾക്ക് തൊഴിലിനുപോലും പുറത്തു പോകാനാവാതെ, നിരത്തിലും ആകാശത്തും ഗതാഗതമില്ലാത്ത അപൂർവഅടച്ചിരിപ്പിന്റെ കാലം. ഈ കാലത്ത്പത്രങ്ങളിലൂടെ, അവയുടെ സ്പർശനത്തിലൂടെ, കോവിസ് പകരുമെന്ന അകാരണഭീതിമൂലം ആളുകൾ പത്രങ്ങൾ പോലും ഉപേക്ഷിച്ചിരുന്നു. സ്‌കൂളുകളും കോളേജുകളും തൊഴിലിടങ്ങളും അടച്ചിടപ്പെട്ട് വീട്ടുമുറികളിൽ തന്നെ ചെലവഴിക്കേണ്ടുന്ന സമയത്ത്, കൂടുതൽ പേർക്ക് സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമായപ്പോൾ അവരുടെ ഓൺലൈൻ സാക്ഷരത കൂടി. അവരുടെ വായന ഓൺലൈനിലേക്ക് മാറിയത് ഇതുപോലെയുള്ള ഓൺലൈൻ മാധ്യമങ്ങളുടെ വ്യാപനത്തെ സഹായിച്ചിട്ടുണ്ട് - ഇത് ട്രൂകോപ്പിയെയും വളരാൻ സഹായിച്ചിട്ടുണ്ട്.
ലോകാരോഗ്യസംഘടന തന്നെ കോവിഡ് കാലത്തെ വിലയിരുത്തുന്നത്, 21-ാംനൂറ്റാണ്ടിൽ ലോകത്താകെ 70% ആളുകൾക്ക് ഇന്റനെറ്റ് ലഭ്യമായ അവസരത്തിൽ വന്ന രോഗം ഒരേസമയം അനുഗ്രഹവും ശാപവുമായി എന്നാണ്. ദ്രുതഗതിയിലുള്ള അറിവിന്റെ വ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞൻമാരേയും ആരോഗ്യ പ്രവർത്തകരേയും വൈറസിനെയും വ്യാപനത്തെയും പറ്റിയുള്ള അറിവുകൾ യഥാസമയം കൈമാറാൻ സഹായിച്ചപ്പോൾ ഭൂരിഭാഗം സാധരണ ജനങ്ങളിലും ഈ സമയം ഓൺലൈനിലൂടെ പ്രചരിച്ചത് കോവിഡിനെപ്പറ്റിയുള്ള തെറ്റായതും വളച്ചൊടിച്ചതുമായ ‘മിസ് - ഡിസ് ഇൻഫോർമേഷൻ’ ആയിരുന്നു. വൈറസ് വ്യാപനത്തോടൊപ്പം നടന്ന ഈ പാൻഡമിക്കിനെ ‘ഇൻഫോ ഡെമിക്ക്' എന്നാണ് ലോകാരോഗ്യ സംഘടന വിളിച്ചത്. ഇതിന്റെ വ്യാപനം തടയുന്നത് വൈറസിന്റെ വ്യാപനം തടയുന്നതിലും വിഷമകരമായ ടാസ്‌ക് ആയിരുന്നു.
ഈ അവസരത്തിൽ ഇതിനെപ്പറ്റിയുള്ള ആധികാരികമായ ശാസ്ത്രീയ വിവരങ്ങൾ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ്, ലാൻസെറ്റ് , ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, നേച്ചർ തുടങ്ങിയ അന്താരാഷ്ട്ര മെഡിക്കൽ പ്രസിദ്ധീകരണങ്ങൾ വഴി അതാതുസമയം വായിച്ച് ലേഖനങ്ങൾ തയ്യാറാക്കി ട്രൂകോപ്പിയിലൂടെ ജനങ്ങളിലേക്കെത്തിക്കാൻ എനിക്കായിട്ടുണ്ട്. ട്രൂകോപ്പിയുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ ചോദനകൾ (demands) എന്റെ വിജ്ഞാനസമ്പാദനത്തിനും വായനക്കും എഴുത്തിനും പ്രേരകവും പ്രചോദനവുമായിട്ടുണ്ട്. ഇതിനുമുമ്പുള്ള വർഷങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ എന്നിലെ സാമൂഹ്യ ചിന്തകളെയും ക്രിട്ടിക്കൽ തിങ്കിങ്ങിനേയും ലേഖനമെഴുത്തിനേയും ഊട്ടിവളർത്താൻ ഇതേ ടീം സഹായിച്ചിട്ടുണ്ടായിരുന്നു. ആയതിനാൽ അവരുടെ വിളികൾക്കുനേരെ ചെവിപൊത്തിപ്പിടിക്കാൻ എനിക്കാവതില്ല.
ഈ സമയത്ത് മെഡിക്കൽ കോളേജടക്കം വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ ബാധകമാക്കിയത് എന്റെ മെഡിക്കൽ വായനക്ക്, ആഴമുള്ള റഫറൻസുകൾക്ക് കൂടുതൽ സമയം അനുവദിച്ചുതന്നു - സമയബന്ധിതമായി എഴുത്ത്പൂർത്തിയാക്കാനും അയച്ചുകൊടുക്കുന്നത് ആശയങ്ങൾക്ക് മുറിവേൽക്കാതെ, കാര്യമായി എഡിറ്റിംഗ് കത്രിക പ്രയോഗിച്ച് മാറ്റാതെ, മിക്കതും ചുരുങ്ങിയ സമയത്തിനുള്ളിൽ വായനക്കാരിലെത്തിക്കാൻ ട്രൂകോപ്പി സഹായിച്ചിട്ടുണ്ട്. സാധാരണ ആനുകാലികങ്ങളിൽ ഇതിന് മിനിമം രണ്ടാഴ്ചയോ അതിൽ കൂടുതലോ സമയമെടുക്കാറുണ്ട്. പോരാതെ, അംഗഭംഗം സംഭവിക്കാറുമുണ്ട്. ഇത്, വേണ്ട സമയത്തുതന്നെ വായനക്കാരിലെത്താൻ സഹായിച്ചുവെന്നുമാത്രമല്ല, ചൂടാറുന്നതിനു മുമ്പ് ഭക്ഷണം വിളമ്പുന്നതുപോലെ, വായനക്കാർക്കൊപ്പം എഴുതുന്നയാൾക്കും സന്തോഷം കിട്ടുന്ന കാര്യമാണ്.
ട്രൂകോപ്പിയിൽ ആദ്യത്തേത്, 2020 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഏഷ്യൻ ബാങ്കിന്റെ കോവിഡ് സഹായമെന്ന പേരിൽ രാജ്യത്തിനു നൽകുന്ന കടത്തെ ക്കുറിച്ചുള്ള ‘കോവിഡും കാണാച്ചരടുകളും’ എന്ന ധനശാസ്ത്ര- രാഷ്ട്രീയ ലേഖനമായിരുന്നു. ഭൂമിയിൽ ഏത് രാജ്യത്തായിരുന്നാലും രോഗികളിൽ നിന്നു ചികിത്സയുടെ ‘പോയിൻറ് ഓഫ് കെയറിൽ’ ചാർജായി ഒരു പൈസ പോലും ഈടാക്കരുതെന്ന വ്യവസ്ഥകളിലേക്കു മാറാൻ ദരിദ്രരും ധനവാൻമാരും ഒരു പോലെ സർക്കാരുകളോട് ആവശ്യപ്പെടുന്ന, സാമ്പത്തിക വളർച്ച പ്രതീക്ഷകളുടെ മൂന്നിലൊന്നായി കൂപ്പുകുത്തി, എല്ലാം തുടങ്ങിയിടത്തുതന്നെ വീണ്ടും തുടങ്ങേണ്ട പിൻമടക്കത്തിൽ, മലമുകളിൽ ഉരുട്ടിക്കയറ്റിയ കല്ലുകൾ താഴേക്കുതന്നെ പതിക്കുമ്പോൾ, പാശ്ചാത്യ - പൗരസ്ത്യ ഭേദമില്ലാതെ ‘സിസിഫസും’ "നാറാണത്ത് ഭ്രാന്തനും’ പരസ്പരം നോക്കി കെട്ടിപ്പിടിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിൽ, അതിർത്തികളിൽ പട്ടാളക്കാർ യുദ്ധങ്ങൾ മറന്ന് തോക്കുകൾ താഴേക്കുവെച്ച് കണ്ണീർ തുടച്ച് വിത്തു വിതക്കാനായി കലപ്പകൾ ആഗ്രഹിച്ചു കൈകൾ നീട്ടുന്ന സമയത്ത്... കോവിഡ് അതിജീവിക്കുന്ന ലോകം ഇനി വേറെയായിയിരിക്കും എന്നാണ് നാമൊക്കെ സ്വപ്നം കാണുന്നത് എന്നായിരുന്നു അതിന്റെ തുടക്കവരികൾ. പിന്നീട് നീണ്ട കോവിഡ് കാലത്തോടെ ലോകമാകെ സാമ്പത്തിക കടത്തിലേക്ക് കൂപ്പു കുത്തുന്നതും പാൻഡമിക് ഒടുങ്ങുന്നതിനു മുമ്പുതന്നെ ലോകം മറ്റൊരു പാൻഡമിക് ആയി യുദ്ധത്തിലേക്ക് എടുത്തുചാടിയതും അത് ഒരു വർഷം കടക്കുന്നതും നമ്മൾ കണ്ടു.
പാൻഡമിക് അമ്‌നെഷിയ (Pandemic Amnesia) - അല്ലെങ്കിൽ കൂട്ട മറവികളുടെ കാലമാണല്ലോ മനുഷ്യചരിത്രം. ശാസ്ത്രസത്യത്തിനുമപ്പുറം ഭരണകർത്താക്കൾ തീരുമാനിച്ച കഠിന നിയന്ത്രണങ്ങളെ തുടർന്ന് രോഗം മൂലം മരിക്കുന്നവരോടുള്ള അവഗണനയെപ്പറ്റി ‘പാൻഡമിക്കും രംഗബോധമില്ലാത്ത കോമാളികളും’ എന്ന എന്റെ ലേഖനത്തിൽ വിശദീകരിച്ചിരുന്നു: രോഗം നിർണയിക്കപ്പെട്ടതിനുശേഷം വേണ്ടപ്പെട്ടവരിൽ നിന്ന് ദിവസങ്ങളോളം അകന്ന് ഐസോലേഷൻ മുറികളിൽ, മനുഷ്യരുടെ തുറന്നിട്ട മുഖം പോലും കാണാതെ, ബന്ധുജനങ്ങളോട് ഒരു വാക്കു പോലും ഉരിയാടാനാകാതെ, അവരോട് കണ്ണുകൊണ്ടുപോലും ഒന്നു വിട പറയാതെയാണ് അവർ യാത്രയാകുന്നത്. ഭൗതികശരീരം പോലും അടുത്തുള്ളവരുടെ ഒരു വിരൽസ്പർശമോ ചുംബനം പോയിട്ട്, ഒരു തലോടൽ പോലുമോ ഏറ്റുവാങ്ങാനാകാതെയാണ് ചുടലകളിൽ സംസ്‌കരിക്കപ്പെടുന്നത്. മരണം വിതക്കുന്ന രോഗത്തോടൊപ്പം നമ്മൾ രംഗബോധമില്ലാത്ത കോമാളികളായി മാറിപ്പോകാതിരിക്കാനും ശ്രമങ്ങൾ വേണ്ടതുണ്ട്.
കോവിഡ് മൂലം മരിക്കുന്നവരെ കുറിച്ച് ട്രൂകോപ്പിയിൽ വന്ന എന്റെ ഈ ലേഖനത്തിന് ധാരാളം പ്രതികരണം ലഭിച്ചിരുന്നു.
വാക്‌സിൻ പരീക്ഷണങ്ങൾ അവസാനഘട്ടത്തിൽ എത്തിയപ്പോൾ (2020 ഒക്ടോബർ) ‘വാക്‌സിൻ വന്നാൽ എല്ലാം ശരിയാകുമോ' എന്നൊരു ക്രിട്ടിക്കൽ ഗവേഷണ പേപ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്: ‘കോവിഡ് വാക്‌സിൻ വന്നാൽ പാൻഡമിക് തീകെടുത്തും പോലെ ഒടുക്കാമെന്ന പ്രത്യാശയിലാണ് ലോകം. എന്നാൽ കാര്യങ്ങൾ അങ്ങനെയാകണമെന്നില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മൈതാനങ്ങളിൽ നടക്കുന്ന ഓട്ടമത്സരങ്ങളിൽ ആദ്യം ഓടിയെത്തി ഫിനിഷിങ് ലൈനിൽ എത്തുന്നവരെ വിജയിയായി പ്രഖ്യാപിച്ച് വിക്ടറി സ്റ്റാന്റിൽ നിർത്തി മെഡലുകൾ അണിയിക്കുന്നത് ശരിയാണ്. എന്നാൽ വാക്‌സിന്റെ കാര്യത്തിൽ ഫാസ്റ്റ് ട്രാക്ക് വഴികളിലൂടെ ആദ്യം എത്തുന്നവരെ വിജയിയായി പ്രഖ്യാപിക്കുന്നത് എപ്പോഴും ശരിയാവില്ലെന്നും സമയമെടുത്ത് മെല്ലെ എത്തുന്നവർ ചിലപ്പോൾ ഫലപ്രദ വാക്‌സിനുകൾ കൈയിലുള്ളവരായിരിക്കാമെന്നും ഇപ്പോഴത്തെ വാക്‌സിൻ പരീക്ഷണങ്ങൾ പലതും അറിയേണ്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പരാജയപ്പെടുകയാണെന്നും, അതുകൊണ്ട് ഇപ്പോൾ കണ്ടെത്തുന്ന വാക്‌സിൻ ചിലപ്പോൾ ഭൂമിയിലെ കോവിഡു പ്രശ്നത്തിന്റെ പരിഹാരത്തിനായുള്ള അവസാന വാക്ക് ആകണമെന്നില്ലെന്നും അതിന് ഇനിയും ആഗോള സഹകരണങ്ങൾ വേണ്ടതുണ്ടെന്നും’ പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചത്.
ശാസ്ത്രത്തിനുമപ്പുറം ഇതിനോടനുബന്ധിച്ചുള്ള ജിയോ പോളിറ്റിക്സ്, വാക്‌സിൻ നാഷണലിസം വിഷയങ്ങളും ഇതിൽ ചൂണ്ടിക്കാണിച്ചിരുന്നു. മ്യുട്ടേറ്റ്ചെയ്ത് മാറുന്ന വൈറസിനനുസരിച്ച് ഇന്നും വൈറസ് പടരുന്നു; ഒപ്പം വാക്‌സിൻ ഗവേഷണങ്ങൾ തുടരുന്നു. പൊതു ജനാരോഗ്യ - സാമൂഹിക - ശാസ്ത്ര വിഷയങ്ങൾക്കപ്പുറം മനുഷ്യാവകാശം, സാംസ്‌കാരികം, കല തുടങ്ങിയ വിഷയങ്ങളിലും എന്റെ പല എഴുത്തുകളും ട്രൂകോപ്പി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോസ് ചിറമ്മലിന്റെ നാടകജീവിത ഓർമകൾ ഇവയിൽ ഒന്നായിരുന്നു. 2020ൽ ട്രൂകോപ്പി, മാതൃഭൂമി ആഴ്ച പ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ് എന്നിവയിൽ പ്രസിദ്ധീകരിച്ചുവന്ന എന്റെ ലേഖനങ്ങൾ ഡി.സി ബുക്‌സ് ‘മഹാമാരി വുഹാനിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ' എന്ന പേരിലും 2021ൽ എഴുതിയവ ‘ഇൻഫോഡമിക്കിൽ ചലിക്കുന്ന കോവിഡ് ഭൂലോകം' എന്ന പേരിൽ ഒലിവ് ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രൂകോപ്പിയിൽ എഴുതുന്നതിൽ ഭൂരിഭാഗവും സാമ്പത്തിക നേട്ടത്തിനോ, സ്ഥാപിതതാല്പര്യങ്ങളുടെ പേരിലോ, സ്‌പോൺസർമാരുടെ പിന്തുണക്കോ വേണ്ടിയല്ല എന്നാണ് എന്റെ അനുഭവം. മിക്കവരും ആത്മാവിഷ്‌ക്കാരത്തിനായി, നിക്കോനാർ പാർറയുടെ ഭാഷയിൽ ‘ഒഴിഞ്ഞ പേജിൽ തോന്നുംപടി എഴുതി’ മുന്നേറുന്നവരാണ്. ലോകത്തെ മനുഷ്യരോട് തങ്ങളുടെ ശബ്ദത്തിലൂടെ എന്തെങ്കിലും വിളിച്ചുപറയാനുള്ളവരാണ്. അധികാരത്തിലുള്ളവരെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ഇതിൽ കണ്ടിട്ടില്ല.
സാമ്പ്രദായിക ഇലക്ട്രോണിക് - പ്രിൻറഡ് മാധ്യമങ്ങൾ കക്ഷി രാഷ്ട്രീയത്തിന്റെയും ഭരണകക്ഷികളുടെയും വൻകിട പരസ്യ സ്‌പോൺസർമാരുടെയും താൽപര്യങ്ങൾക്കനുസരിച്ചും അനുയായികളുടെ കൈയ്യടി പ്രതീക്ഷിച്ചും പടച്ചുവിടലുകൾ നടത്തുമ്പോൾ അവഗണിക്കപ്പെട്ടവരുടേയും അരികുവത്കരിക്കപ്പെട്ടവരുടേയും ശബ്ദം വേറിട്ടുകേൾപ്പിക്കാൻ (ഇത്തരം ശബ്ദങ്ങൾക്ക് ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കയാണ്) ട്രൂകോപ്പി ശ്രദ്ധിക്കാറുണ്ട്.
ലോകരാജ്യങ്ങൾ കൂടുതൽ വലതുപക്ഷ രാഷ്ട്രീയത്തിലേക്കും വിപണി മേൽക്കോയ്മയിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത കാലത്ത്, കേരളത്തിലെ മിക്ക രാഷ്ട്രീയകക്ഷികളും തങ്ങളുടെ അണികളെ അരാഷ്ട്രീയരാക്കി മാറ്റി ആനന്ദിപ്പിക്കുന്നു എന്നതാണ് വാസ്തവം.
ഇത്തരമൊരു സാഹചര്യത്തിൽ; ദലിതർ, വികസനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടവർ, അഭയാർത്ഥികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ, ഭിന്ന ലൈംഗികതയുള്ളവർ, അരികുവൽക്കരിക്കപ്പെട്ടവർ എന്നിവരുടേതായി ട്രൂകോപ്പി പ്രസിദ്ധീകരിച്ച എഴുത്തുകൾ, ഇന്റർവ്യൂകൾ, വീഡിയോകൾ ഇവ പ്രത്യേകം ശ്രദ്ധിച്ചാൽ ഈ നിലപാട് മനസ്സിലാകും. മാക്‌സിം ഗോർക്കിയുടെ ചോദ്യം ‘നിങ്ങൾ ആരുടെ പക്ഷത്താണ്’ എന്നതിന് ഇത് ഒരു ഉത്തരം നൽകുന്നു. പലപ്പോഴും, വ്യക്തിപരമായി എന്റെ നിലപാടുകളുമായി യോജിച്ചു പോകുന്നതുമാണിത് എന്നൊരു താദാത്മ്യവുമുണ്ട്. ചിലപ്പോൾ ഇത് എന്റെ ഓർമകളിലെ യൗവനപിന്മടക്കം പോലെ അനുഭവിക്കാറുമുണ്ട്; പ്രേരണ, വാക്ക്, നിയോഗം, സംക്രമണം, പ്രസക്തി എന്നിവയുടെ വായനകൾ പോലെ.
തീവ്ര വലതുപക്ഷത്തെ ശക്തിയായി വിമർശിക്കുമ്പോഴും പ്രാദേശികമായി അരാഷ്ട്രീയമായ ഭരണപക്ഷത്തിന്റെ പല പോരായ്മകളെയും വെള്ളപൂശുന്നതും കണ്ടില്ല എന്ന് നടിക്കുന്നതായും ചിലപ്പോഴെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിപണിയുടെ വെള്ളപ്പൊക്കത്തിൽ ചവിട്ടടികൾ ഉറപ്പിക്കാൻ വേണ്ട ചില കോംപ്രമൈസുകളായിരിക്കണം ഇതെന്ന് ഒപ്പം ആശ്വസിക്കാറുമുണ്ട്. ഭൂരിപക്ഷ വായനക്കാരുടെ പിന്തുണയും താല്പര്യവും പിടിച്ചുനിർത്തുന്നതിനും വേരുറപ്പിക്കുന്നതിനും ഇതൊക്കെ ആവശ്യമാണല്ലോ എന്നും ആശ്വാസം കൊള്ളാറുണ്ട്.
മിത്തുകളെ കിളച്ചെടുത്ത് ചരിത്രമായി വിശ്വസിപ്പിക്കുകയും അവക്കു മുകളിൽ കോട്ടകൾ പണിത് പഴമകളിൽ അഭിരമിക്കുകയും ചെയ്യുന്ന പൈഡ് പൈപ്പർ മാർക്കുപിറകിൽ (അതുമല്ലെങ്കിൽ വിഴുങ്ങുന്ന കാപ്‌സുളുകൾക്കസൃതം ) തങ്ങളുടെ ചിന്താശേഷി വലിച്ചെറിഞ്ഞ്, പ്രതികരണശേഷിയില്ലാതെ, ആരവങ്ങളായി വളരുന്ന ആൾക്കൂട്ടങ്ങളുടെ പുത്തൻകാലത്ത്, മാധ്യമങ്ങളെ മതസംഘടനകളും സമുദായസംഘടനകളും വീതം വെച്ച് അധികാര കേന്ദ്രങ്ങളുമായി ഒത്തുതീർപ്പ് നടത്തി വിളവ് കൊയ്യുന്ന കൊയ്‌തെടുക്കുന്ന അവസരത്തിൽ, പുതുരാഷ്ട്രീയ ചിന്തകൾക്ക്വംശനാശം പറ്റാതിരിക്കാനും ബദൽ സംസ്‌കാരങ്ങൾക്കും ചിന്തകൾക്കും വിത്തും വളവും നൽകുന്നതുമായ ഇതുപോലെയുള്ള മാധ്യമ പ്രസ്ഥാനങ്ങളും ആവശ്യമുണ്ട്.
മാർക്കറ്റിന്റെ സാധ്യതകൾ മാത്രമാണ് നിലനിൽപ്പ് എന്ന പിടിവള്ളി മുറുകെ പിടിക്കാതെ, അതിന് സൗകര്യമുള്ള ഒരു മതിലിന്റെ ഓരം ചാരിനിന്ന് വിപണിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന വ്യവസ്ഥയിൽ അതിന്റെ ‘പ്രൊപ്പഗാൻറാ’ ചുമരെഴുത്തുകൾക്ക് പ്രതലം നൽകാതെ, വേരുകൾ വ്യാപകമായി പടർത്തി ഉയർന്നുനിൽക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ബോക്‌സ് ഓഫീസ് താത്പര്യങ്ങൾക്കപ്പുറം, വായനക്കാരുടെ അടച്ചിട്ടമുറിയിലെ ആനന്ദം മാത്രമല്ല, ചിന്തകളും കലാപപുമാകണം വായന, അതിനായി സമരമുഖത്തേക്ക് തുറക്കുന്ന ഒരു വാതിലും കൂടി തുറന്നിടാൻ ഇതിലെ കണ്ടന്റുകൾക്ക് ആകേണ്ടതുണ്ട്. ഇതിന് കാതോർക്കുന്ന ഒരു വായനാ സമൂഹത്തെ ലോകമലയാളി സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ മൂന്ന് വർഷം കൊണട്ട്രൂകോപ്പിക്ക് ഒരു പരിധിയോളം കഴിഞ്ഞുവെന്ന് കരുതുന്നു. ട്രൂ കോപ്പിയുടെ ടാഗ് ലൈൻ- Readers are thinkers- ആണല്ലോ.
ജനാധിപത്യവ്യവസ്ഥ ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൊടിയുയർത്തി നിൽക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത്, സയൻസിലായാലും (ഭരണപക്ഷ- പ്രതിപക്ഷ) രാഷ്ട്രീയത്തിലായാലും വിയോജിപ്പിന്റെ ശബ്ദം (Right to dissent) ഉയർന്നുതന്നെ കേൾക്കണമെന്ന നിർബന്ധത്തിൽ, ‘രാജാവ് നഗ്ന്നനാണ്’ എന്നു വിളിച്ചുപറഞ്ഞ കൗമാരക്കാരന്റെ ആർജവം മാധ്യമങ്ങൾക്കുണ്ടാകേണ്ടതുണ്ട് എന്ന് കരുതുന്നു. ‘ഭയം കൊണ്ട് ഒരു പട്ടി പോലും കുരക്കാതിരുന്നിട്ടില്ല’ എന്ന കവിവചനം ഓർമിപ്പിച്ചാണ് ഓരോ രാത്രികളും കഴിഞ്ഞ് നമ്മൾ ഉണർന്നെഴുന്നേൽക്കുന്നത്. ‘സത്യാനന്തര ലോകത്ത് സത്യം പറയുന്നവരുടെ ശബ്ദം ഒറ്റപ്പെട്ടുപോകരുത്’ എന്നുറപ്പാക്കാൻ ഭാവിയെപ്പറ്റി ആകുലചിത്തരാകുന്ന ഓരോ ജനാധിപത്യ വിശ്വാസിക്കും കടമയുണ്ടെന്ന ധാരണയിൽ, ട്രൂകോപ്പിയുടെ പേജുകളിൽ ഇനിയും നൂറു പൂക്കൾ വിടരട്ടെ എന്ന് ആശംസിക്കുന്നു.