മാർഷ് ലാൻഡ് മനോഹരമായ സ്പാനിഷ് ത്രില്ലറാണ്.
പെഡ്രോ സുവാരസും ജുവാനും ആ ഗ്രാമത്തിലേക്കെത്തുന്നത് പെൺകുട്ടികളുടെ ദുരൂഹ തിരോധാനം അന്വേഷിക്കാനാണ്. കോൾപ്പാടങ്ങളും വന്യമായ ചതുപ്പുകളും ദേശാടനപക്ഷികളും നിറഞ്ഞ മാഡ്രിഡിലെ തനി ഗ്രാമത്തിലേക്കാണ് അവരുടെ വരവ്.
സിനിമ തുടങ്ങുന്നതും ആ വരവിലൂടെയാണ്. അവരുടെ തിരിച്ചുപോക്കിൽ പടം തീരുന്നു. ഫ്രാങ്കോയുടെ ഏകാധിപത്യവാഴ്ചക്കാലത്തെ ഒരു പൊലീസ് കൂട്ടക്കൊലയിൽ പങ്കുവഹിച്ച, അതിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് ജുവാൻ. അയാൾ പുതിയ കേസ് നല്ല രീതിയിലാണ് പക്ഷേ അന്വേഷിക്കുന്നത്. ഗ്രാമത്തിലെ ഓരോ വീടും നിരീക്ഷിച്ച് അന്വേഷണം തകൃതിയായി നടക്കുന്നു. അതിനിടെ, രണ്ട് പെൺകുട്ടികളുടെ മൃതദേഹം വയലിലെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ ആ പൊലീസുകാരുടെ മുന്നിലേക്ക് മറ്റൊരാളും എത്തുന്നുണ്ട്. പാപ്പരാസി സ്വഭാവം തോന്നിപ്പിക്കുന്ന ഒരു പത്രക്കാരൻ. ഫോട്ടോയെടുപ്പും വാർത്തകൾ പടച്ചുവിടലുമായി കഴിയുകയാണയാൾ. പലരുടേയും പല രഹസ്യങ്ങളും അയാൾക്കറിയാം. വളരെ ഫിലോസഫിക്കലായി സംസാരിക്കുകയും അതേസമയം അലസതയോടെ ജീവിക്കുന്ന, ഒന്നിനോടും താല്പര്യമില്ലാത്ത പോലെ ഒരാൾ. ഇടയ്ക്ക് ഉദ്യോഗസ്ഥരോട് ചിലത് വെളിപ്പെടുത്തുന്നുണ്ട്. ചിലത് പറയുകയുമില്ല. അങ്ങനെ, പ്രത്യേക പ്രകൃതമുള്ള മനുഷ്യൻ.
പെൺകുട്ടികളുടെ തിരോധാനക്കേസിൽ അയാൾ ഉദ്യോഗസ്ഥരെ ചില സൂചനകൾ നൽകി സഹായിക്കുന്നുണ്ട്. ഈ വേഷം ചെയ്തത് പ്രശസ്ത സ്പാനിഷ് നടൻ മനോലോ സോളോയാണ്. ഒരു ബാറിലിരുന്ന് പത്രക്കാരൻ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന രംഗത്തിൽ അയാൾ പെഡ്രോയോട് സ്വയം കളിയാക്കിക്കൊണ്ട് പറയുന്നുണ്ട് - എന്റെ ഭാര്യയുടെ വിചാരം ഞാനിവിടത്തെ ട്രൂമാൻ കപോട്ടിയാണെന്നാണ്. എന്നിട്ടൊരു ചിരി ചിരിയ്ക്കും. ആ ചിരിയിലുണ്ട് അയാളുടെ റിയൽ ജീവിതവും ജോലിയിലെ സാഹചര്യവും അയാളുടെ സ്വയം വിലയിരുത്തലും തമ്മിലുള്ള വൈരുദ്ധ്യം. പലതും ആഗ്രഹിച്ച് എന്നാൽ ഒന്നുമാകാതെ പോയ ജേർണലിസ്റ്റാണ് ആ കഥാപാത്രം. പത്തോളം ഗോയ പുരസ്‌കാരം വാരിക്കൂട്ടിയ സിനിമയാണ് മാർഷ് ലാൻഡ്.
ഇപ്പോഴത്തെ ഇന്ത്യൻ മീഡിയ എന്നത്, ഭംഗിയുള്ള ഫ്രെയിനുള്ളിലെ പൊള്ളയായ ഘടനയുള്ള, ഇല്ലാത്ത വാദങ്ങൾക്കും വീരസ്യങ്ങൾക്കും നടുക്ക് നിൽക്കുന്ന അവസ്ഥയുണ്ടല്ലോ. അങ്ങനെ ആലോചിച്ചാൽ ഗതികെട്ട യാഥാർഥ്യങ്ങൾക്കിടെ പണിയെടുക്കുന്ന മാർഷ്‌ലാൻഡിലെ മനോലോ സോളോയുടെ വേഷമാണ് മിക്ക മാധ്യമപ്രവർത്തകർക്കും, ഇവിടെയെന്ന് ചുരുക്കം.
പാപുവ ന്യൂ ഗിനിയയിലെ നാഷണൽ മീഡിയ ഡെവലപ്‌മെൻറ് പോളിസിയെക്കുറിച്ചുള്ള വാർത്ത വായിച്ചിട്ട് കുറച്ചുദിവസമായി. ഇന്ത്യയും ഏതാണ്ട് അതേ ലൈനിലാണ്. വാർത്തകളെ, മാധ്യമമേഖലയെ പൂർണമായ സർക്കാർ നിയന്ത്രണത്തിലോ ഭരണപാർട്ടിക്കോ സർക്കാരിനോ താല്പര്യമുള്ളവരുടെ നിരീക്ഷണത്തിലോ നിർത്താനുള്ള നീക്കം നടപ്പാക്കപ്പെടുകയാണ് ഇവിടെയും അവിടെയും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നടപ്പാക്കിയ പത്രമാരണ നിയമത്തിന്റെ പുതിയ വേർഷനാണ് പാപുവ ന്യൂ ഗിനിയയിലേതെന്ന് അവിടത്തെ അവസ്ഥ റിപ്പോർട്ട് ചെയ്യുന്ന മീഡിയോ ലോകം പറയുന്നുണ്ട്. ദ ഗാർഡിയൻകഴിഞ്ഞദിവസം ഇത് സംബന്ധിച്ച വിശദമായൊരു റിപ്പോർട്ടാഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്’ ഇടയ്ക്കിടെ പുറത്തുവിടുന്ന കണക്കുകളിൽ ലോകമാധ്യമ പ്രവർത്തനത്തിലെ ഭരണകൂട ഇടപെടലുകളുടേയും കൊല്ലപ്പെടലുകളുടേയും കണക്കുകൾ കാണാം. അതായത്, ലോകമാധ്യമ പ്രവർത്തനം ഇപ്പോഴും വലിയ വെല്ലുവിളി നേരിട്ട്മികച്ച ചെറുത്തുനിൽപ്പോ പ്രതിരോധങ്ങളോ തീർത്ത് മുന്നോട്ടുപോകുന്നുണ്ട്. പ്രതിരോധ നീക്കങ്ങളെല്ലാം അത് വ്യക്തമാക്കുന്നത്. പക്ഷേ ഇന്ത്യൻ മാധ്യമലോകത്തിന്റെ സ്ഥിതിയെന്താണ്?.
വാർത്ത എന്നത് സർക്കാർ രാഷ്ട്രീയ- സാമ്പത്തിക താല്പര്യത്തിനുള്ള സ്‌പോൺസേർഡ് പരിപാടിയാണ് എന്ന പ്രൊപ്പഗൻഡാ മീഡിയ കോലത്തിൽ തന്നെ കിടന്നുഴലുകയാണ് ഇന്ത്യൻ മീഡിയ, പൊതുവിൽ (എല്ലാവരുമല്ല). എൻ.ഡി.ടി.വിയെ അദാനി ഗ്രൂപ്പ് വിഴുങ്ങിയതോടെ ദേശീയതലത്തിലുണ്ടായിരുന്ന മാധ്യമ തുരുത്തിൽ ഒന്നുകൂടി ഇല്ലാതാകുകയാണ് പതിയെ. ദലിത് വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ അറിയപ്പെടുന്ന ജേർണലിസ്റ്റ് മീന കൊട്വായ് ഒരഭിമുഖത്തിൽ പറയുന്നുണ്ട്; മീഡിയ പല ശബ്ദങ്ങളേയും കൊന്നുകളയുകയോ ബോധപൂർവ്വം അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നുണ്ടെന്ന്.
ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് മികച്ച റിപ്പോർട്ടുകൾ ചെയ്തയാളാണ് മീന കൊട്വായ്. അവർ പറയുന്നത്, ദലിതരുടെ വാർത്തകൾ എന്നത് മീഡിയയെ സംബന്ധിച്ച് കാന വൃത്തിയാക്കുന്നതിനിടെ മരിക്കുന്ന ദലിതനോ മാസ് ലിഞ്ചിങിൽ കൊല്ലപ്പെടുന്നവനോ മാത്രമാണ് എന്നാണ്. അത്തരം ക്ലാസിഫിക്കേഷനുകളിൽ പെട്ട് കിടക്കുകയാണ് നാം എന്നും. ഇത് ശരിവെക്കുന്നുണ്ട് പല ഉദാഹരണങ്ങളും സത്യത്തിൽ. മീന പറയുന്നത് ആലോചിച്ചാൽ വസ്തുതയുണ്ടെന്നത് അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നു. സർക്കാർ താല്പര്യമോ സർക്കാരിന് താല്പര്യമുള്ള കോർപ്പറേറ്റ് ലോബിയുടെ താല്പര്യമോ ആണ് പലപ്പോഴും ഇന്ത്യൻ മാധ്യമപ്രവർത്തനം. സാമ്പത്തിക ഏകാധിപത്യത്തിന്റെയോ രാഷ്ട്രീയ താൽപര്യത്തിന്റേയോ ഇടപെടൽ പ്രവണതയുടെ കൂട്ടുപിടിച്ചാണ് നമ്മുടെ കാലത്ത് മാധ്യമലോകം നിന്ന് പിഴയ്ക്കുന്നത്. സ്വഭാവികമായ കാര്യമാണതെല്ലാം എന്ന തരത്തിൽ അതിനെ എൻഡോഴ്‌സ് ചെയ്യിക്കാനും നോർമലൈസ് ചെയ്യിക്കാനുമുള്ള ശ്രമം പലതലങ്ങളിൽ നിന്ന് ഉണ്ടാകുന്നുമുണ്ട്. നമ്മുടെ ശീലങ്ങളെ വരെ അതിനെ സ്വാഭാവികത തേടാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്തിനാണ് ബി ബി സി പോലൊരു വിദേശസ്ഥാപനം (ആ പ്രയോഗം പ്രത്യേകം ഓർക്കുക) ഒരു ഡോക്യുമെന്ററി ചെയ്ത് രാജ്യത്തെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ട് ദേശത്തിന്റെ കെട്ടുറപ്പിനെ തകർക്കുന്നത് എന്ന് ചോദിക്കുന്നത് ഒരു സംഘപരിവാർ നേതാവല്ല, മറിച്ച് മുതിർന്ന കോൺഗ്രസ് നേതാവിന്റെ യുവ കോൺഗ്രസ് പുത്രനാണ്. ഇത്തരം ദേശീയതാ വ്യാഖ്യാനങ്ങളുടെ ചതിക്കുഴിയിൽപെട്ട് വ്യസനിക്കുന്നതിലേക്ക് എത്തിക്കൊണ്ട് അപകടകരമായ വിധേയത്വം പ്രകടിപ്പിക്കുന്ന തരത്തിൽ നമ്മളെത്തി എന്ന സത്യം അതിൽ തെളിഞ്ഞുകാണാം. ഇന്നിപ്പോൾ അയാൾ താമരയ്ക്ക് ബസ് പിടിച്ച് അതിൽ കേറിക്കഴിഞ്ഞു. എല്ലാതരം ഫാഷിസ്റ്റ് പ്രവണതകളും ശീലമാക്കി മാറ്റിയാൽ കുഴപ്പമില്ല എന്നതിന്റെ ഒരു രൂപാന്തര പ്രാപ്തിയാണത്. അതായത്, ഫാഷിസം ശീലമാക്കിയാൽ പുതുമോടിയിലെ ബുദ്ധിമുട്ടുകളെ മാത്രമേ നിങ്ങൾ സഹിക്കേണ്ടതുള്ളൂ, പിന്നീടത് ശരിയാകും എന്ന ചിന്താഗതിയിലേക്ക് പുതിയ സമൂഹം എത്തുന്നുണ്ട് പതുക്കെ. എന്നുവെച്ചാൽ ഫാഷിസം ഒരു ഷൂ ആണെങ്കിൽ പുതിയ ഷൂ ഇടുന്ന ആദ്യത്തെ ആഴ്ചയേ ചെറിയ അസ്വസ്ഥതയുള്ളൂ, പിന്നെ സുഖമുള്ള ശീലമായിക്കോളും എന്നതാണ് അതിന്റെ സത്യം. ഷൂ അൽപം ഉരഞ്ഞ് തൊലി പോയാലും ആ ഉരച്ചിൽ സുഖകരമായി മാറിക്കോളുമെന്നാണ് അർത്ഥം.
ഇത്തരം അസംബന്ധങ്ങളിലൂടെ പല നേതാക്കളും അവരുടെ പുതു തലമുറകളും പറഞ്ഞുകൊണ്ടിരിക്കുന്നതും അതുതന്നെ. അങ്ങനെയുള്ള കാലത്തെ പ്രധാന പ്രതിപക്ഷമോ പ്രതീക്ഷയാവേണ്ട മീഡിയ നേരത്തെ തന്നെ ഭരണകൂടത്തിന് വിധേയപ്പെട്ടുപോയിരിക്കുന്നു എന്നതാണ് രാജ്യത്തെ ഏറ്റവും പ്രതിലോമകരമായ വസ്തുത.
നോർത്ത് ഇന്ത്യയിലെ ലോക്കൽ ചാനലുകൾ പലപ്പോഴും കണ്ടപ്പോൾ തോന്നിയ കാര്യം വളരെ കൗതുകകരമാണ്. അവിടെയുള്ള റീച്ചുള്ള, പല പോപ്പുലർ ഹിന്ദി ചാനലുകളിലും രാഷ്ട്രീയ കോമഡി കാർട്ടൂണുകളും ഗ്രാഫിക്‌സുകളും കണ്ടാൽ വില്ലൻമാർ മുസ്ലിംകളാണ് എന്നു കാണാം. നോർത്ത് ഇന്ത്യയിൽ ഇത്തരം നിരവധി പരിപാടികളുണ്ട്. എല്ലാതരം വർഗീയ താൽപര്യങ്ങളേയും ഹിംസാത്മകതയേയും ഫാഷിസ്റ്റ് സിദ്ധാന്തങ്ങളേയും തമാശയാക്കി ട്രോളാക്കി നോർമലൈസ് ചെയ്ത് ആക്‌സെപ്റ്റൻസ് കൂട്ടുക എന്ന അപകടരമായ അലസശീലത്തിലേക്ക് കാലവും ചില കൂട്ടുകെട്ടുകളും മാധ്യമങ്ങളും സോഷ്യൽ മീഡിയയും ജനത്തെ എത്തിച്ചിരിക്കുന്നു എന്നതൊരു നിസ്സാരകാര്യമല്ല, ദുര്യോഗമാണ്. മാതൃഭൂമിയിലെ ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾക്കെല്ലാം പ്രോ- മോദിത്വം കണ്ടെത്താവുന്നത് ഇതുകൊണ്ടാണ്. അതിന്റെ മറ്റൊരു രൂപമാണ് ഇവിടെയെന്ന് സാരം.
മറ്റൊന്ന് സത്യാന്തരലോകത്തിന്റെ ആശയക്കുഴപ്പങ്ങളാണ്. അതായത് മിക്ക വാർത്തകളും പണ്ട് ഡെസ്‌കിൽ നിന്ന് ഫാക്ട് ചെക്ക് നടത്തിയാണ് പുറത്തുവന്നിരുന്നതെങ്കിൽ ഇപ്പോൾ വായനക്കാർ സ്വന്തം നിലയിൽ ഫാക്ട് ചെക്ക് നടത്തേണ്ട, വസ്തുത അരിച്ചരിച്ച് സ്വർണം തിരിച്ചെടുക്കും പോലെ കണ്ടെത്തേണ്ട അവസ്ഥയാണ്. അതായത് വാർത്താ പ്രളയങ്ങൾക്കിടെ വാർത്തയിലെ വസ്തുത എന്നത് പ്രോബ്ലമാറ്റിക് സബ്‌ജെക്ട് ആയിക്കഴിഞ്ഞു. ചെക്ക്, റീ ചെക്ക്, ക്രോസ് ചെക്ക് എന്നത് അതിനുവേണ്ടി മാത്രമുള്ള പോർട്ടലുകളുടെ പണിയായി മാറി, വാർത്ത നൽകുന്നത് ഈ വക ഉത്തരവാദിത്വമൊന്നും ബാധകമല്ലെന്ന് തരത്തിലാണ്, പലപ്പോഴും വ്യാജ വാർത്തകളുടെ ട്രാക്ഷൻ ലോകം വികസിക്കുന്നത് ഇന്ത്യയിൽ.
ഈയിടെ ഒരുപാട് നാൾക്കുശേഷം ലഖ്‌നൗയിൽ പോയപ്പോൾ കൂടെയുണ്ടായിരുന്ന, അവിടെ ആദ്യമായി കണ്ട, നാട്ടിലെ സുഹൃത്തിനോട് അവിടത്തുകാർ പലരും പരിചയപ്പെടുമ്പോൾ ചോദിച്ചത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന്; കേരളത്തിൽ മുസ്ലിം ജനസംഖ്യയാണല്ലേ കൂടുതൽ.
രണ്ട്; നിങ്ങൾ ഹിന്ദുവാണോ?.
തെറ്റിദ്ധാരണജനകമായ വാർത്തകളുടെ സംക്രമണസാധ്യത എത്ര വിപുലവും പ്രതിലോമകരവുമായി നടന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
ഇനി ട്രൂകോപ്പി തിങ്കിലേക്ക് വരാം. എനിക്ക് തോന്നിയ ചില കാര്യങ്ങളിലൊന്ന്, സാമൂഹ്യ രാഷ്ട്രീയം വിശദമായി പറയുന്ന ലോങ് നരേറ്റീവുകൾക്ക് പ്രേക്ഷകരോ വായനക്കാരോ ഉണ്ടെന്ന് ട്രൂകോപ്പിയ്ക്ക് മലയാളത്തിൽ തെളിയിക്കാൻ കഴിഞ്ഞുവെന്നതാണ്. അത്തരം കണ്ടന്റുകൾക്ക് വ്യാപകമായി ലഭിച്ച കമന്റുകളും അഭിനന്ദനങ്ങളും വിമർശനവും പരിഹാസവുമെല്ലാം ശ്രദ്ധയിൽ പെടുത്തുന്നത് ഒരേ കാര്യമാണ്: കണ്ടൻറ് സ്വീകരിക്കപ്പെട്ടു എന്നതാണത്. ട്രൂകോപ്പി തിങ്ക് തുടങ്ങുന്ന കാലത്തെ ചർച്ചകൾക്കൊപ്പം ചിലപ്പോഴൊക്കെ ഇരിക്കാൻ അവസരം ലഭിച്ച ഒരാളെന്ന നിലയ്ക്കാണ് ഈ അനുഭവം പറയുന്നത്. നറേറ്റീവ് ജേർണലിസത്തിന്റെ സാധ്യത മലയാളത്തിൽ അവർക്ക് കൊണ്ടുവരാൻ കൂടുതലായി കഴിഞ്ഞുവെന്നതൊരു നേട്ടമാണ്. ലോങ് നറേറ്റീവുകൾ ആളുകൾ കേൾക്കുമോ, വായിക്കുമോ എന്നെല്ലാമുള്ള സംശയങ്ങളുണ്ടായിരുന്നു. ഇക്കാര്യം മനില സി. മോഹനോട്, ചില പ്രോഗ്രാമുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് പലവട്ടം ഞാനും ചോദിച്ചിട്ടുള്ള കാര്യമാണ്. അത് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. വീഡിയോ അഭിമുഖങ്ങൾ ഷൂട്ട് ചെയ്ത സമയത്തും ഇതെല്ലാം ആര് കാണാനാണെന്ന തോന്നൽ വരുകയുണ്ടായി. പക്ഷേ ട്രൂകോപ്പി വെബ്ബിന്റെ തുടക്കത്തിൽ പെട്ടെന്ന് നല്ല വ്യൂവർഷിപ്പിലേക്ക് ഈ വീഡിയോകളെല്ലാം പോകുന്നതാണ് കണ്ടത്. ‘ഗ്രാൻമാ സ്റ്റോറീസ്’ പോലുള്ള വീഡിയോ സ്റ്റോറീസ് അടക്കം ധാരാളം മികച്ച കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യാനും കഥയും കവിതയും നോവലും ട്രാവലോഗുമെല്ലാമായി മികച്ച സാംസ്‌കാരിക ഇടപെടലോടെ നിലനിൽക്കാനും ട്രൂകോപ്പിയ്ക്ക് കഴിയുന്നതും അതുകൊണ്ടാണ്, ഈ മൂന്നാംവർഷവും.
യു.പി- ബംഗാൾ രാഷ്ട്രീയ- സാമൂഹ്യ വിശകലനം സീരീസായി ചെയ്യുകയാണ് ആദ്യം ട്രൂകോപ്പിയ്ക്ക് വേണ്ടി ചെയ്തത്. എപ്പിസോഡുകൾക്ക് നല്ല സ്വീകാര്യതയും കിട്ടി. തുടർന്ന്, വെബ്സീനിൽ 25 പാക്കറ്റുകളിലായി ഇന്ത്യൻ യാത്രകളുടെ സീരീസ് എഴുതി. റിപ്പോർട്ടിങിനും യാത്രകൾക്കുമായി ഇന്ത്യയിൽ പലയിടത്തുമായി പോയ (പ്രത്യേകിച്ച് റൂറൽ റിപ്പോര്ട്ടിങ്) അനുഭവങ്ങളുടെ എഴുത്തായിരുന്നു അത്. ട്രൂകോപ്പി എഡിറ്റോറിയൽ ടീമിന്റെ നിരന്തര നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ് സത്യത്തിൽ അത്രയും ലക്കങ്ങൾ എഴുതിതീർത്തത് എന്നതാണ് വസ്തുത. എല്ലാ സ്റ്റോറികളിലും പോഡ്കാസ്റ്റുകളും ഉൾപ്പെടുത്തി. വായിക്കാൻ സമയമില്ലാത്തവർക്ക് ഇയർഫോണിന്റെ സഹായം മതി, അവ കേട്ടുകൊണ്ട് യാത്ര ചെയ്യാനെന്നത് വലിയ കാര്യമാണ്. നിരവധി പേർ ഇയർഫോണിലാണ് യാത്രാവിവരണം ആസ്വദിച്ചത് എന്നുപറഞ്ഞു. വലിയ സന്തോഷം തോന്നി അത് കേട്ടപ്പോൾ. അതെല്ലാം ചേർത്ത് പുസ്തകമായി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. മലയാളത്തിൽ രാഷ്ട്രീയ-സാമൂഹ്യ വിശകലനങ്ങളിൽ മികച്ചുനിൽക്കുക മാത്രമല്ല, മുഖ്യധാരയുടെ കണ്ണിൽ പെടാതെ പോകുന്ന നിരവധി മികച്ച ഫീച്ചറുകൾ ട്രൂകോപ്പിയിൽ നിന്ന് കാണാനിടയായിട്ടുണ്ട്. വിദേശത്തും ഇവിടെയുമുള്ള നിരവധി പുതിയ എഴുത്തുകാരുടെ വലിയ ധാരയെ രൂപപ്പെടുത്താനുമായി. പലരേയും വായിക്കുന്നതും കേൾക്കുന്നതും അങ്ങനെയാണ്.
ഇത്തരത്തിൽ പുതിയൊരു വായനാരീതിയെ പരിചയപ്പെടുത്താനോ അല്ലെങ്കിൽ കൂടുതൽ വിപുലമായ രീതിയിലേക്ക് അത്തരം വായനകളെ എത്തിക്കാനോ ട്രൂകോപ്പിയ്ക്ക് കഴിഞ്ഞുവെന്നതാണ് എനിക്ക് വ്യക്തിപരമായി തോന്നുന്ന കാര്യം. എതിരൻ കതിരവനും സജി മാർക്കോസും എ.കെ.ജയശ്രീയുമെല്ലാം നിരന്തരം എഴുതുന്ന മികച്ച വായനാക്ഷമമായ കണ്ടന്റുകൾ അതിനെ കൂടുതൽ വിഷയങ്ങളാൽ വിസ്തൃതമാക്കുന്നുമുണ്ട്. അതിനിടയിൽ ഈയുള്ളവനും കുറച്ചൊക്കെഎഴുതാനായി എന്നതിൽ വ്യക്തിപരമായി സന്തോഷവുമുണ്ട്. ഇനിയും മുന്നോട്ടുതന്നെ പോകട്ടെ, കൂടുതൽ സംവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട്.