ചില സന്ദർഭങ്ങൾ.
2017 ഏപ്രിലിലെ ഒരു സന്ധ്യയിൽ, പത്രത്തിന്റെ ഡസ്‌കിൽ, കിഷോരി അമോങ്കറുടെ ചരമവാർത്തയെഴുതി പൂർത്തിയാക്കി ഒരു ഹെഡിംഗും ഇൻട്രോയും ആലോചിച്ചിരിക്കവേ, പൊടുന്നനെ മിന്നി, ഒരു ചോദ്യവും ഉത്തരവും:
പാടുന്നതെന്തുകൊണ്ട്? ഇതെന്റെ വിധിയായതുകൊണ്ട്.
വിയർപ്പിന്റെ ചവർപ്പുറ്റ മാത്രകളായി, അടക്കമില്ലാതെ ചിലമ്പിക്കുന്ന ആ ശബ്ദം നെറുകയിൽനിന്ന് ശിരസ്സിലേക്ക് ഒഴുകിപ്പരക്കവേ, ആ ചോദ്യകർത്താവിനെ വിളിച്ചു, പ്രിയ ഗായികയുടെ മരണം അറിയിച്ചു. തൊണ്ണൂറുകളിലെ കലാകൗമുദി വായനയിൽനിന്ന് ഓർത്തെടുത്ത ആ അഭിമുഖത്തെക്കുറിച്ച് സംസാരിച്ചു. ഏതോ ഒരു കാലത്തുനിന്നെന്നപോലെ വിജു വി. നായർ അവരെ കണ്ടതിനെക്കുറിച്ച്, സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. ആ ഇന്റർവ്യൂവിനായി അവരെ വിളിച്ചപ്പോൾ, കേട്ട നിർദാക്ഷിണ്യ മറുപടി: ""ഇഫ് ഇറ്റ്സ് എബൗട്ട് മി, അയാം സോറി, ഇഫ് ഇറ്റ്സ് എബൗട്ട് മ്യൂസിക്, വെൽക്കം യു ആർ.''
ഒരു റെബലിന്റെ ആത്മകഥ ചുരണ്ടിയെടുത്തു ആ ചോദ്യം.
മറ്റൊരിക്കൽ, ഗായകൻ ജയചന്ദ്രന്റെ പാട്ടുജീവിതത്തിന് നാലുപതിറ്റാണ്ടു തികഞ്ഞ വേളയിൽ, അദ്ദേഹത്തെക്കുറിച്ച് എഴുതാമോ എന്നു ചോദിച്ചപ്പോൾ, വിജു വി. നായർ പറഞ്ഞു: ജയചന്ദ്രനെ എനിക്കിഷ്ടമാണ്, കാരണം, അദ്ദേഹം എപ്പോഴും രണ്ടാമനാണ്.
പിന്നെ, മറ്റൊരിക്കൽ, കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന അബ്ദുന്നാസിർ മഅ്ദനിയുമായി, മഅ്ദനിയുടെ "മാമ മകൻ' എന്ന് പൊലീസിനെ തെറ്റിധരിപ്പിച്ച് ജയിലിനകത്തുകടന്ന് ദീർഘമായ ഒരു അഭിമുഖം സംഘടിപ്പിച്ച് അതും കക്ഷത്തിൽവെച്ച് കോഴിക്കോട്ടെ പത്രം ഓഫീസിനുപുറത്തെ റോഡരികിൽനിന്ന് വിളിച്ചു. പുറത്തുചെന്ന് കടലാസുകെട്ട് വാങ്ങി അകത്തേക്കുക്ഷണിച്ചപ്പോൾ പറയുന്നു:
അകത്തേക്ക് ഞാനില്ല, സ്ഥാപനങ്ങളെ എനിക്ക് പേടിയാണ്.
പല കാലങ്ങളെയും പല മനുഷ്യരെയും രാഷ്ട്രീയമായും മാനവികമായും അഭിമുഖീകരിക്കാൻ കഴിയുക എന്ന ജേണലിസത്തിന്റെ ക്രിയേറ്റീവ് സ്റ്റഫ് തീവ്രമായി ആവിഷ്‌കരിച്ചയാളാണ് വിജു വി. നായർ. അതുകൊണ്ട്, അദ്ദേഹവുമായി ഇടപെട്ട സന്ദർഭങ്ങൾ പലതരം തിരിച്ചറിവുകളുടേതു കൂടിയായിരുന്നു, ജേണലിസത്തിലെയും ജീവിതത്തിലെയും.
ജേണലിസത്തിൽനിന്ന് വലിയ മാസ്റ്റർഷിപ്പുകൾ ഒഴിഞ്ഞുപോയ തൊണ്ണൂറുകളുടെ തുടക്കത്തിൽ, ജേണലിസം മാത്രമല്ല, ഇന്ത്യൻ സിവിൽ സമൂഹം തന്നെയും വലിയ മാറ്റത്തിനുവിധേയമായ ഒരു കാലഘട്ടത്തിൽനിന്നാണ് ഈ അഭിമുഖം തുടങ്ങുന്നത്. ഈ മാറ്റങ്ങളുടെ പ്രധാന സോഴ്സിൽനിന്ന്, അതിന് സാക്ഷിയായ ഒരു മാധ്യമപ്രവർത്തകന്റെ റിപ്പോർട്ടിംഗ് കൂടിയാണിത്.
മൂന്നുപതിറ്റാണ്ടിനിപ്പുറത്തേക്കും തുടർച്ചയുള്ളതാണെന്നുമാത്രമല്ല, ദുരന്തമോ പ്രഹസനമോ അല്ലാത്ത ആവർത്തനങ്ങൾ തന്നെയാണ് ഈ പരിണാമങ്ങൾ. അതിൽ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളുണ്ട്, മാധ്യമങ്ങളുടെ ഉപജാപങ്ങളുണ്ട്, ഒറ്റച്ചുറ്റലിൽ ചാരമായിത്തീർന്ന നേതാക്കളുണ്ട്, ദുരന്തങ്ങളായി ഒടുങ്ങിയ ആത്മാഹുതികളുണ്ട്...
1978ൽ രൂപീകരിച്ച മണ്ഡൽ കമീഷന്റെ നിർദേശങ്ങൾ നടപ്പാക്കുമെന്ന വെറും നാലുപാരഗ്രാഫിലുള്ള സർക്കാർ ഉത്തരവ് 1990ൽ ഡൽഹിയെ പിടിച്ചുകുലുക്കിയ മണ്ഡൽ വിരുദ്ധ പ്രക്ഷോഭകാലത്ത് ഡൽഹിയിൽ പത്രപ്രവർത്തകനാണ് വിജു. വി. നായർ. ദുരന്തപര്യവസായിയായ ഈ കഥയിലെ നായകനും വില്ലനും കോമാളിയുമെല്ലാം ഒരാൾ തന്നെയെന്നാണ് എക്കാലവും മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, വി.പി. സിങ്ങിനെയും ആ പ്രക്ഷോഭത്തിന്റെ നിമിത്തങ്ങളെയും റീ റിപ്പോർട്ട് ചെയ്യുകയാണ് വിജു. അന്ന് തെരുവിൽ അഴിഞ്ഞാടിയ തീവ്ര വലതുപക്ഷം മൂന്നുപതിറ്റാണ്ടിനുശേഷം ഭരണകൂടമായി മാറി സാമ്പത്തിക/സവർണ സംവരണത്തെ ഒരു ഡിവൈഡിംഗ് ടൂൾ ആയി പ്രയോഗിക്കുമ്പോൾ, അധഃസ്ഥിതരുടെ തുല്യതയുടെയും സാമൂഹികനീതിയുടെയും രാഷ്ട്രീയം ചർച്ചയേ ആകാതിരിക്കുമ്പോൾ, ഇവക്കെല്ലാം ഒരു കെട്ട രാഷ്ട്രീയത്തുടർച്ച സാധ്യമായത് എങ്ങനെയെന്നും സാധ്യമാക്കിയത് ആരെന്നുമുള്ള അന്വേഷണം കൂടി ഇതോടൊപ്പമുണ്ട്. വലതുപക്ഷ ഭരണകൂടവും മുഖ്യധാര മാധ്യമങ്ങളും ക്രോണി കാപ്പിറ്റലിസവും രൂപപ്പെടുത്തിയ ഇന്നത്തെ ക്ലോൺ ഡെമോക്രസിയുടെ ജീൻ സ്പോട്ടിംഗ് കൂടിയാണ് ഈ സംഭാഷണം.
മോദിയുടെ കാലത്ത് ഓർക്കാം, ആ മനുഷ്യനോട്
രാജ്യം ചെയ്ത ചരിത്രപരമായ നന്ദികേട്
കണ്ണൻ: ജേണലിസത്തിന്റെ മറ്റൊരുകാലം സ്വന്തമായുണ്ട് വിജു.വി നായർക്ക്. ഉള്ളടക്കമായാലും പ്രയോഗമായാലും ജേണലിസ്റ്റ് എന്ന ഐഡന്റിറ്റിയായാലും തീർത്തും ഭിന്നമായ ഒന്ന്. മൂന്നുപതിറ്റാണ്ടു മുമ്പ് നിന്ന് തുടങ്ങാമെന്നു തോന്നുന്നു. ജേണലിസത്തിൽ എത്തിയത് എങ്ങനെയാണ്?
വിജു വി. നായർ: പത്രം വായിക്കുന്ന ദുഃശ്ശീലം പണ്ടേയില്ല. എന്നിട്ടുമെങ്ങനെ ഈ രംഗത്തെത്തി എന്നു ചോദിച്ചാൽ... ഇന്നിപ്പോ, ഓർത്തുനോക്കുമ്പോൾ തോന്നുന്ന ഒരുത്തരം അടിയന്തരാവസ്ഥയാണ്.
ഞാനന്ന് എൽ.പി സ്‌കൂളിലാ. എങ്ങനെയും അവധി കിട്ടുക- അതാണ് പ്രിയങ്കര സ്വപ്നം. സാക്ഷാത്കാരത്തിന് പല വകുപ്പുകളുണ്ട്- സമരം, ബന്ദ്, പഠിപ്പുമുടക്ക്, വല്ല മന്ത്രിയോ മുൻമന്ത്രിയോ തട്ടിപ്പോവുക... അമ്മാതിരി സാധ്യതകളെല്ലാം ഒറ്റയടിക്ക് ആവിയാക്കിയ ഭീകരപ്രവർത്തനമായിരുന്നു അടിയന്തരാവസ്ഥ. അടുത്ത ചങ്ങാതിമാരു പോലും ഷെയർ ചെയ്തില്ല ഈ മഹാസങ്കടം. വീട്ടുകാരും നാട്ടുകാരുമൊക്കെ നന്മയിൽ ഗോപാലന്മാരായി. ആമോദത്തോടെ വസിക്കുംകാലം. ഒരു സുപ്രഭാതത്തിൽ വീട്ടുപടിക്കലൊരു കടലാസുകെട്ട്. രാത്രി ആരോ കൊണ്ടുവന്നിട്ട ഒരുപിടി ലഘുലേഖകൾ. ആദ്യത്തേതിന്റെ തലക്കെട്ടുതന്നെ വശീകരിച്ചുകളഞ്ഞു: "അടിയന്തരാവസ്ഥ അറബിക്കടലിൽ'! വായിക്കാൻ നോക്കി, ഒന്നും പിടികിട്ടിയില്ല. കേസുകെട്ട് അമ്മയെ കാണിച്ചു. ഒന്നോടിച്ച് നോക്കിയിട്ട് അവരത് അടുപ്പിലിട്ടു. കാര്യം തിരക്കിയപ്പോ ഒരു വിരട്ടിപ്പെരട്ട്- ആവശ്യമില്ലാത്തതൊന്നും ചോദിക്കാൻ നിൽക്കണ്ടാന്ന്.
കുറച്ചുദിവസം കഴിഞ്ഞ്, പളളിക്കൂടത്തിലേക്കുള്ള പോക്കിനിടെ ഒരു പീടികത്തിണ്ണയിൽ നിന്ന് സംഗതി വീണ്ടും കിട്ടി. അമ്മ കാണാതെ ഭദ്രമായി ഒളിപ്പിച്ചുവെച്ചു. വല്ലപ്പോഴും രഹസ്യമായി മറിച്ചുനോക്കും, പതിവുപോലെ ഒന്നും
പിടികിട്ടാറില്ല. ഹൈസ്‌കൂൾ കാലത്താണ് കുറേശ്ശെ ഗോളം തിരിഞ്ഞുതുടങ്ങിയത്. അടിയന്തരാവസ്ഥ എപ്പോഴേ കർട്ടനിട്ടിരുന്നു, ഇന്ദിര തോറ്റു, മൂത്രസേവക്കാരൻ പ്രധാനമന്ത്രി വന്നു, ടിയാന്റെ ഭരണസംഘം അടിച്ചുപിരിയുന്നു, ഇന്ദിര തിരിച്ചുകയറുന്നു... എന്നുവേണ്ട ഒരു ഹോളിവുഡ് ത്രില്ലറിന്റെ ടീസർ പരുവം. കാര്യങ്ങളറിയാനുളള കൗതുകം പലവഴിക്ക് പെരുകി. നാട്ടിൻപുറത്തെ ചില്ലറ വായനശാലകൾ മാത്രമായിരുന്നു അഭയം. പാഠപുസ്തകമല്ലാതെ വല്ലതും മറച്ചുനോക്കിയാൽ കടുത്ത മൂന്നാംമുറയാണ് വീട്ടുനടപ്പ്. വിലക്കപ്പെട്ട കനിയോട് കൗതുകം കൂടുമല്ലോ. കൂടണം, കൂടി. അങ്ങനെ വായന കാടുകയറി. ഏതാണ്ടൊരു സെക്കൻഡ് അമീനോട്ടിക് ഫ്‌ളൂയിഡിന്റെ മട്ട്. വേറെ വഴിയുമുണ്ടായിരുന്നു. ലഹരികൾ. ഉൽസവപ്പറമ്പുകളിൽ നിന്ന് പെർഫോമിംഗ് ആർട്‌സിന്റെ, മൈതാനങ്ങളിൽ നിന്ന് പന്തുകളിയുടെ, നാട്ടിലെ ഓലക്കൊട്ടകകളിൽ നിന്ന് സിനിമാപ്പടത്തിന്റെ, ദൈവങ്ങളുടെ സെറ്റപ്പിൽ നിന്ന് വിഷ്വൽ ആർട്ടിന്റെ... നമ്മുടെ ചില അമ്പലങ്ങളും പള്ളികളും തന്നെ ഗംഭീര ഇൻസ്റ്റലേഷൻ ആർട്ടല്ലേ? ഈ മൾട്ടിപോളാർ സിൻഡ്രത്തിനു പറ്റിയ അസൈലം ജേണലിസമാണെന്ന് എങ്ങനെയോ തോന്നി, കോളജ് കാലത്ത്. ചില ഇന്റിമേറ്റ് ശത്രുക്കളുടെ ഒത്താശയും കിട്ടി. അങ്ങനെയൊക്കെയാണ് ഈ രംഗത്ത് എത്തിപ്പെട്ടത്.
അപ്പോൾ, ഒരു ദ്രോണരെ കാണാമറയത്തുപോലും വച്ചാരാധിക്കാത്ത തരത്തിലുള്ള ഒരു എതിർ ഏകലവ്യാഭ്യാസമായിരുന്നുവെന്നർഥം?
"തനിനിറം' കൃഷ്ണൻനായരുപോയിട്ട് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പോലും പ്രചോദനമായിട്ടില്ല. കാരണം ഇഷ്ടന്മാരെയൊന്നും അന്ന് പരിചയപ്പെട്ടിരുന്നില്ല.
തൊണ്ണൂറുകളുടെ തുടക്കത്തിലാണല്ലോ ന്യൂഡൽഹിയിൽ എത്തിയത്. എടത്തട്ട നാരായണൻ, സി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ് തുടങ്ങിയ മീഡിയ മാസ്റ്റർഷിപ്പുകളുടെ കാലഘട്ടത്തിനുശേഷമുള്ള ഡൽഹി. ഡൽഹി, ഈ പണിക്ക് എന്തുതരം പ്രചോദനമാണ് നൽകിയത്?
ഡൽഹി ഒരിക്കലും ഒരാകർഷണമായിട്ടില്ല. ഒന്നാമത്, എട്ടുമണിയോടെ ഉറക്കം തൂങ്ങുന്ന കെളവൻ നഗരം. എവിടെ നോക്കിയാലും ഘട്ട്, ഖബറ്, മുസോളിയം... മൊത്തത്തിലൊരു ശവപ്പറമ്പ്. ആത്മവിദ്യാലയ ലൈനാണോ, അതുമല്ല. പ്രേതങ്ങൾക്കുപോലും ജാട. ഏതു പവർ സെന്ററിലെയും സാമാന്യ ലൈൻ അങ്ങനെയാ- ഡംഭും ഓച്ചാനവും. സർവത്ര ഹയറാർക്കിയാൽ ബന്ധങ്ങൾ, അതിനനുസരിച്ച പെരുമാറ്റം. എത്രയോ ആളുകളുടെ, ആശയങ്ങളുടെ സ്വപ്നങ്ങളുടെ ശവപ്പറമ്പായിരുന്നു ഡൽഹി. പണ്ടുതൊട്ടേ പാടിപ്പുകഴ്ത്തുന്ന ഒരു പുഴയില്ലേ, അഴകൊഴുകുന്ന പേരുള്ള വൃത്തികെട്ട ജന്തു- യമുന. ഒന്നിറങ്ങി നീന്താനോ മുങ്ങിക്കളിക്കാനോ ആർക്കെങ്കിലും പറ്റുമോ?
അതിശക്തമായ ഒരു നെഹ്റൂവിയൻ ഓറയുടെ അന്തരീക്ഷമുണ്ടായിരുന്ന കാലമായിരുന്നു അത് എന്ന് കേട്ടിട്ടുണ്ട്, മുഖ്യധാരാ രാഷ്ട്രീയത്തിൽ മാത്രമല്ല, മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമേലും. ആ ഒരു ഇൻഫ്ളൂവൻസിന്റെ കെണികളെക്കുറിച്ചുള്ള കഥകൾ, പിന്നീടുള്ള തലമുറയിൽനിന്ന് പറഞ്ഞുകേട്ടിരിക്കുമല്ലോ?
പലവഴിക്കും ഡൽഹി ഒരു കെണി തന്നെയാണ്. അധികാരമുള്ളവനും ഇല്ലാത്തവനും. ഇല്ലാത്തവൻ അധികാരികളുടെ കെണിയിൽ ശാശ്വതമായി കഴിയും, മറ്റവനോ? അധികാരം ഒരുക്കുന്ന കെണികളിൽ ഉഴറിനടക്കും. കിട്ടിയ അധികാരവും കിട്ടാൻ കൊതിക്കുന്ന അധികാരവുമുണ്ട്. സദാ കൊതി ബാക്കിനിർത്തുന്ന
അധികാരവുമുണ്ട്. അടങ്ങാത്ത പ്രലോഭനവും ഒടുങ്ങാത്ത ലഹരിയുമാണത്.
ചുമ്മാതാണോ നമ്മൾ മണ്ടത്തരത്തിന്റെ മെറ്റഫറാക്കിയ തുഗ്ലക്ക് ഇറങ്ങിയോടിയത്? ചരിത്രബോധമുള്ള ഏതോ കാണിപ്പയ്യൂര് കാതിലോതിയത്രേ, യമുനാതടത്തിൽ സിംഹാസനം വാഴില്ലെന്ന്. പറഞ്ഞുകേട്ട കഥയിലൊന്നാണ്; ഒന്നോർത്താൽ സംഗതി നേരല്ലേ? ഇന്ദ്രപ്രസ്ഥം തൊട്ട് മുഗൾ ചരിത്രം വരെ ഈ ശാപം കിടന്നുകളിക്കുകയല്ലേ? കൽക്കട്ടയിൽ വല്യ തട്ടുകേടില്ലാതെ കഴിഞ്ഞുപോന്ന ബ്രിട്ടീഷുകാർക്ക് ആപ്പായില്ലേ ഡൽഹിക്കുള്ള മാറ്റം? ഇനി 47നു ശേഷമോ? പാടുപെട്ട് ഒഴിപ്പിച്ച കസേര ജവഹർലാൽ നെഹ്‌റു മരണംവരെ കാത്തു. പക്ഷേ മോള്, അവരുടെ രണ്ടു സന്താനങ്ങൾ... പ്രത്യക്ഷ ദുരന്തങ്ങളായില്ലേ? നടപ്പുദുരന്തം ദാ ചുറ്റിത്തിരിയുന്നു- രാഹുൽ. ഇതൊക്കെ കേട്ടാൽ മൊഹമ്മദ് ബിൻ അല്ല ഏതു തുഗ്ലക്കായാലും ഹെഡാപ്പീസ് മാറ്റിപ്പോവും. മണ്ടനായതുകൊണ്ടല്ല, അങ്ങനെയായിപ്പോയി യമുനാതടത്തിൽ അധികാരത്തിന്റെ ചരിത്രഗതി.
അധികാരത്തിന്റെ കെണിയിൽ വീണുപോകുകയായിരുന്നുവോ എടത്തട്ട നാരായണന്റെയും സി.പി. രാമചന്ദ്രന്റെയും കാലത്തും മാധ്യമങ്ങൾ?
ഈ കെണിയിൽ നിന്ന് ഇമ്യൂണിറ്റിയൊന്നുമില്ല, പത്രക്കാർക്ക്. നടപ്പുചരിത്രത്തിന്റെ സാക്ഷികളെന്നാണ് വയ്പ്. എന്നാൽ അധികാരത്തിന്റെ പ്രലോഭനവും ലഹരിയും എന്നുമുണ്ടായിരുന്നു ഈ വർഗത്തിന്. ഒരോരോ കാലത്ത് അതിന്റെ മാനിഫെസ്റ്റേഷനിൽ മാറ്റം വരുമെന്നേയുള്ളൂ. എടത്തട്ടയുടെയും സി.പിയുടെയും മറ്റും കാലത്ത് ഡൽഹി ജേണലിസത്തിന് ഒരു ഹൃദയമൊക്കെയുണ്ടായിരുന്നു.
ഇതാണ് ജവഹർലാൽ: മികച്ച നടൻ, ഷോമാൻ. ഈ ലൈനിൽ ചുട്ടെടുത്ത പ്രഭാവലയത്തിൽ മയങ്ങിപ്പോയി ഒട്ടുമിക്ക പത്രപ്രവർത്തകരും.
സ്ഥാപനവൽക്കരിക്കപ്പെട്ടിരുന്നില്ല അവരുടെ വ്യക്തിത്വം. കുറഞ്ഞപക്ഷം ജേണലിസത്തോടായിരുന്നു അവരുടെ അടിസ്ഥാന കൂറ്. കാശുണ്ടാവുക, ഇൻഫ്‌ളുവെൻസുണ്ടാവുക, അധികാരിയാവുക, മുതലാളിയോ മന്ത്രിയോ ഒക്കെയാവുക... അതൊന്നും അവരെ തീണ്ടിയിട്ടില്ലാത്ത അജണ്ടകളാണ്. ഇതുപറയുമ്പോൾത്തന്നെ ഒരു വസ്തുത കാണാതെ പോകാനാവില്ല- ഫണ്ടമെന്റലായ ഒരു കെണിയിലായിരുന്നു അവരും.
ആ കെണിയെന്തായിരുന്നു?
ജവഹർലാലായിരുന്നുവല്ലോ അക്കാലത്തെ പബ്ലിക് ഹീറോ. അദ്ദേഹമിവിടെ സോഷ്യലിസം വച്ചുപിടിപ്പിക്കുന്നു എന്ന പൊതുവിചാരഗതിയിലാണ് പത്രക്കാരും ഭ്രമിച്ചിരുന്നത്. നെഹ്‌റൂവിയൻ സോഷ്യലിസം എന്ന ഉരുപ്പടി തന്നെ വസ്തുനിഷ്ഠമായി നോക്കിയാൽ, മുക്കുപണ്ടമാണ്. പക്ഷെ അങ്ങനൊരു ഒബ്ജക്ടീവ് നോട്ടത്തിന് പത്രകേസരികളാരും തുനിഞ്ഞില്ല. ഒന്നാമത്, നേഷൻ ബിൽഡിംഗിന്റെ കാലം.
പിന്നെ, ജവഹർലാലിന് ഒരു റൊമാന്റിക് ഓറയുണ്ടായിരുന്നു. അത് പ്രചരിപ്പിക്കാൻ പറ്റിയ നമ്പറുകളൊക്കെ ടിയാൻ ഭംഗിയായി ഇറക്കും. നെഞ്ചത്ത് റോസാപ്പൂ കുത്തി ചാച്ചാജിയാവുക, വിമാനത്തിന്റെ കോണിപ്പടികൾ ഓടിക്കയറിയിട്ട് മുഖംതിരിച്ച് പുഞ്ചിരിയോടെ ടാറ്റാ പറയുക, അങ്ങനെ. വേറെ ചില സർപ്രൈസ് ടെക്‌നിക്കുകളുണ്ട്. ഒരിക്കൽ മധുര സന്ദർശനത്തിനിടെ ഒരു തുറന്ന ജീപ്പിൽ പട്ടണം ചുറ്റൽ. ഒരു തെരുവുമൂലയിൽ പൊടുന്നനെ ചാടിയിറങ്ങി ഒരു കോണിലേക്ക് ഒറ്റയോട്ടം. സെക്യൂരിറ്റിക്കാരും പൊതുജനവും അന്തംവിട്ടുനിൽക്കുമ്പോ, അതാ വരുന്നു കിഞ്ചനവർത്തമാനം- ഈ മൂലക്കെങ്ങോ ആണത്രേ എം.എസ്. സുബ്ബുലക്ഷ്മിയെ പെറ്റിട്ട പഴയ കുടിൽ! വാർത്ത കാട്ടുതീയാവുന്നു. ഇതാണ് ജവഹർലാൽ: മികച്ച നടൻ, ഷോമാൻ. ഈ ലൈനിൽ ചുട്ടെടുത്ത പ്രഭാവലയത്തിൽ മയങ്ങിപ്പോയി ഒട്ടുമിക്ക പത്രപ്രവർത്തകരും. ഈ കെണിയിൽ കിടന്ന് അവർ മുഖ്യധാരാ മാധ്യമങ്ങൾ വഴി ഉണ്ടാക്കിയ ഒരു ദേശീയ പുകമറയാണെന്ന് അവർ പോലും തിരിച്ചറിഞ്ഞില്ല. നേഷൻ ബിൽഡിങ്ങിന്റെ യഥാർത്ഥ ചിത്രമാണ് ഒരു പുകമറയിൽപ്പെട്ട് മറഞ്ഞുപോയത്. സോവിയറ്റ് യൂനിയന്റെ പഴയ എൻ.ഇ.പി (ന്യൂ ഇക്കണോമിക് പോളിസി) ആണല്ലോ ഫോട്ടോസ്റ്റാറ്റെടുത്ത് ജവഹർലാലിവിടെ പഞ്ചവത്സര പദ്ധതിയാക്കിയത്. അതുണ്ടാക്കിയ ചുവപ്പുനാട മാത്രമായിരുന്നില്ല പ്രശ്‌നം, കേന്ദ്രീകൃത ആസൂത്രണമാണ് മർമം. എത്രയോ നൂറ്റാണ്ടുകളായി ഇന്ത്യയിൽ തുടർന്നുപോന്ന ബ്രാഹ്മണിക്കൽ ആസൂത്രണമുണ്ടല്ലോ. ജനങ്ങളോടോ ഗ്രാസ്‌റൂട്ട് യഥാർത്ഥ്യങ്ങളോടോ പുലബന്ധമില്ലാത്ത കടലാസഭ്യാസം. ജനങ്ങളുടെ പേരിൽ ഭരണകർത്താക്കൾക്കുവേണ്ടി ഒരു എലീറ്റ് സംഘം ഈ കസർത്ത് നടത്തുന്നു. അതിന്റെ ഭവിഷ്യത്ത് നാട്ടുകാരനുഭവിക്കുന്നു. ഈ എലീറ്റ് സംഘത്തിന്റെ കയ്യാൾപ്പണിക്കായി ബ്യൂറോക്രസിയെ രാജ്യം മുഴുക്കെ വിപുലപ്പെടുത്തി എന്നതാണ് നേഷൻ ബിൽഡിംഗ് കലാപരിപാടിയിൽ കണ്ട ഏകമാറ്റം.
കമാൻഡ് ഇക്കോണമി, കേന്ദ്രാസൂത്രണം, പെർമിറ്റ് രാജ്, ഉദ്യോഗസ്ഥ പ്രഭുത്വം... നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ നാട്ടുനടപ്പ് എങ്ങനെയെന്നറിയാൻ രാജ്യം ചുറ്റേണ്ട കാര്യമില്ലായിരുന്നു. ഡൽഹിയെ തൊട്ടുകിടക്കുന്ന വെസ്റ്റേൺ യു.പിയിലേക്കോ ഹരിയാനയിലേയ്‌ക്കോ ഒന്നു കണ്ണോടിച്ചാൽ മതി. ഡൽഹി മീഡിയ അബദ്ധവശാൽ പോലും അങ്ങോട്ടൊന്നും കടാക്ഷിച്ചില്ല. ശ്രദ്ധയത്രയും പാർലമെന്റിലും നോർത്ത് സൗത്ത് ബ്ലോക്കിലും പിന്നെ ജവഹർലാലിന്റെ വിദേശ ഇമേജിലുമായിരുന്നു. ഇതാണ് ഏത് അധികാര കേന്ദ്രത്തിലും ആം ചെയർ ജേണലിസത്തിന്റെ സ്വാഭാവിക തലേലെഴുത്ത്. ജവഹർലാലും ടിയാന്റെ സോ കോൾഡ് സോഷ്യലിസവും പ്രമുഖ ജേണലിസ്റ്റുകളെയും കെണിയിലാക്കി എന്നു ചുരുക്കും.
അക്കാലത്തെ ഏതെങ്കിലും കേമന്മാരായ ജേണലിസ്റ്റുകളോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?
ഒരിക്കൽ ബി.ജി. വർഗീസിനോട് സൂചിപ്പച്ചു. ഹൃദയശുദ്ധി കൈമോശം വരാത്ത ആ മാന്യൻ ഉള്ളതുപറഞ്ഞു: ഓരോ കാലയളവിന്റെയും പൊതുബോധം ജേണലിസ്റ്റുകളെയും അടിമപ്പെടുത്താറുണ്ട്, അതിനെതിരെയും നമുക്ക് ജാഗ്രത വേണമെന്ന്. തൊണ്ണൂറുകളുടെ ഒടുവിലെപ്പോഴോ ‘കേരളകൗമുദി’യുടെ നരേന്ദ്രൻസാറുമായി ഇതേ കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഡൽഹിയിലെ പത്രക്കാർ ഇന്ത്യയെ കാണുന്നില്ലെന്നാണ്. കൊല്ലം പത്തിരുപത് കഴിഞ്ഞാലെന്താ, ഇന്നും മുറ തെറ്റാതെ അനുഷ്ഠിക്കയല്ലേ ആ പാരമ്പര്യകല.
ഡൽഹിയിൽ താങ്കൾ എത്തിപ്പെട്ട കാലത്തെ "സിംഹ'ങ്ങൾ ആരെക്കെയായിരുന്നു?
തൊണ്ണൂറുകളിലെ മേജർസെറ്റ് മറ്റൊരു ബ്രിഗേഡാണ്. പദ്‌ഗോങ്കർ, അരുൺ പുരി, തവ്‌ലീൻ, ചന്ദ്രൻ മിത്ര, സ്വാപൻ, വിനോദ് മേത്ത, സാംഗ്വി, അക്ബർ... പേരിനും പ്രതിഭയ്ക്കും യാതൊരു പഞ്ഞവുമില്ല, കാശിനും. എല്ലാവരും നിയോ ലിബറൽസ്. മൂലധനത്തിന്റെ രാഷ്ട്രീയമായിരുന്നു ഡൽഹി അവർക്കായി കരുതിവെച്ച കെണി.
സീമ മുസ്തഫയെപ്പോലെ വിരലിലെണ്ണാവുന്നവരേ പെട്ടുപോകാതെ സ്വയം കാത്തുള്ളൂ. എൺപതുകളിലെ രസകരമായ ഒരു വ്യത്യാസമുണ്ട്. ഈ ബ്രിഗേഡിന്റെ ശിഷ്യരും അനുകർത്താക്കളും അവരെ അധികരിച്ചങ്ങ് പന്തലിച്ചു. വിശേഷിച്ചും ഇലക്ട്രോണിക് ജേണലിസത്തിലൂടെ. ഈ പുതിയ കൂട്ടരുടെ മൂലധനക്കെണിക്ക് മറയൊന്നുമില്ല. കാരണം, അവർക്കതിൽ ഏതെങ്കിലും തരത്തിലുള്ള കൺഫ്യൂഷനോ വൈക്ലബ്യമോ ഇല്ല. മുൻതലമുറകളുടെ എത്തിക്കൽ ഹാംഗോവറും സ്വന്തം നിയോലിബറൽ താൽപര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് നയന്റീസ് ബ്രിഗേഡിന് വൈക്ലബ്യമുണ്ടാക്കിയത്. അതുകൊണ്ട് അറച്ചും പതുങ്ങിയുമാണ് അവർ ജേണലിസക്കുപ്പായമിട്ട മുതലാളിമാരായത്.
അതായത്, ജേണലിസത്തിൽ ഒരു പാരഡൈം ഷിഫ്റ്റ് ഉണ്ടാകുകയാണ്, അതിന്റെ epicenter ആകുകയാണ് ഡൽഹി.
അതെ, ഒരു പാരഡൈം ഷിഫ്റ്റുതന്നെ. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ അതിര് മുറിക്കാനുള്ള ജാള്യം ഇല്ലാതാക്കിയത് 1991ലെ പുത്തൻ സാമ്പത്തിക നയമാണ്. ഈ നയമാറ്റം ഇന്ത്യൻ ജേണലിസത്തിന്റെ പ്രകൃതത്തിലുണ്ടാക്കിയ പാരഡെം ഷിഫ്റ്റ് വേണ്ടത്ര പരിശോധിക്കപ്പെട്ടിട്ടില്ല. നേഷൻ ബിൽഡിങ് പുകമറ കളഞ്ഞ് ഫെസിലിറ്റേറ്റർ ഗോളിലേയ്ക്ക് സർക്കാർ മാറി. മൂന്നാൻ അഥവാ ബ്രോക്കർ.
സ്വന്തനിലയ്ക്ക് മൂലധനചേതമുള്ള സ്വകാര്യസംരംഭകരായി ജേണലിസ്റ്റുകൾ മാറുമ്പോൾ, ഫോർത്ത് എസ്റ്റേറ്റ് തനി റിയൽ എസ്റ്റേറ്റ് കലാപരിപാടിയായി പുരോഗമിക്കുന്നതാണ് കണ്ടത്.
അതോടെ നമ്മുടെ അർബൻ ജേണലിസ്റ്റുകൾ ഉടുമുണ്ടഴിച്ചു തലയിൽക്കെട്ടി. മൂലധനം സ്വയമിറക്കിയോ ഉള്ളവരെ സംഘടിപ്പിച്ചോ മാധ്യമസംരഭകരാവുന്ന പുതിയ ലൈനെടുത്തു. സംരംഭകനാവാനുള്ള അവസരം പ്രയോജനപ്പെടുത്തുമ്പോൾ അത് പൗരന്റെ പുരോഗതി തന്നെയാണ് സംശയമില്ല. പ്രശ്‌നം, ഈ സംരംഭകനിലെ ജേണലിസ്റ്റ് എത്രത്തോളം അല്ലെങ്കിൽ എവിടെവരെ എന്നതാണ്. സ്വന്തം നിലയ്ക്ക് മൂലധനചേതമുള്ള സ്വകാര്യസംരംഭകരായി ജേണലിസ്റ്റുകൾ മാറുമ്പോൾ, ഫോർത്ത് എസ്റ്റേറ്റ് തനി റിയൽ എസ്റ്റേറ്റ് കലാപരിപാടിയായി പുരോഗമിക്കുന്നതാണ് കണ്ടത്. മുമ്പൊക്കെ ശരാശരി ജേണലിസ്റ്റിന്റെ മനസ്സിൽ പത്രമുതലാളിയായിരുന്നു സ്വാതന്ത്ര്യത്തിന്മേലുള്ള വിലങ്ങ്, വില്ലൻ. ഇന്നിപ്പോ, അയാൾ തന്നെയായിരിക്കുന്നു ആ വില്ലൻ. ഇതൊരു റാഡിക്കൽ പ്രകൃതമാറ്റമാണ്, ഇന്ത്യൻ ജേണലിസ്റ്റിന്റെ. ടി.വി ചാനലുകളുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരം ഈ മാറ്റത്തെ സമ്പുഷ്ടമാക്കി. അതിന്റെ ലോജിക്കൽ പരിണതിയാണ് 21ാം നൂറ്റാണ്ടിൽ ഇന്നിപ്പോ കണ്ടുവരുന്നത്. ജേണലിസ്റ്റുകൾ പലർക്കും തനി ഭരണകൂടഛായ. ചാനൽ ചർച്ചകളിൽ, യൂ ട്യൂബ് സംപ്രേഷണങ്ങളിൽ, സാമൂഹ്യമാധ്യമങ്ങളിൽ... ജേണലിസ്റ്റ് കയറി അധികാരിയാവുകയാണ്, സത്യത്തിന്റെ. ഏതു പ്രമേയത്തിനും അതിന്റേതായ ഒരു സത്യവുമുണ്ടാവുമല്ലോ. ആ സത്യം എന്ത് എന്നു കണ്ടെത്തുകയല്ല, കണ്ടെത്താൻ ശ്രമിക്കുക പോലുമല്ല. മറിച്ച്, എന്തായിരിക്കണം സത്യം എന്ന് പുതിയ അധികാരിയങ്ങ് പ്രഖ്യാപിക്കുകയാണ്. അത് സ്ഥാപിക്കാനുതകുന്ന കങ്കാണികളെ ഒപ്പം കൂട്ടുന്നു, വേണ്ട പക്കമേളമിടുന്നു. സ്വയം ഭരണകൂടമായിത്തീരുന്നു. ഇതാണ് ആന്റി ജേണലിസം.
അർണാബ് ഗോസ്വാമി വരെയുള്ളവരിലേക്കുള്ള "നെഗറ്റീവ് മ്യുട്ടേഷ'ന്റെ ജനിതകം ആ റാഡിക്കൽ ചെയ്ഞ്ചിലെ വില്ലനിൽ ഒളിഞ്ഞിരുന്നു?
നയന്റീസ് ബ്രിഗേഡ് ഒരുക്കിയ നിയോലിബറൽ പ്ലാറ്റ്‌ഫോമിൽ നിന്നാണതിന്റെ
തുടക്കം. ചാനൽ ജേണലിസ്റ്റുകളുടെ സ്‌പെക്ടാക്കുലർ സക്‌സസിലാണതിന്റെ വളർച്ച. സ്‌പെക്ടാക്കുലർ എന്നു വെറുതെ പറഞ്ഞതല്ല. ടെലിവിഷൻ ചാനലുകളിൽ അവരുണ്ടാക്കുന്നത് സ്‌പെക്ടക്ക്ൾസാണ്- കമ്പക്കെട്ടുകൾ. അതുവഴി കിട്ടുന്ന പ്രശസ്തി ഒരുപരിധി കഴിയുമ്പോ തലക്ക് പിടിക്കുന്നു. സ്വന്തമായ സംരംഭകത്വങ്ങൾ ഈ വൈറസിനു മ്യൂട്ടേഷനുണ്ടാക്കുന്നു- അങ്ങനെയാണ് കാൽനൂറ്റാണ്ടുകൊണ്ട് വിഷംമുറ്റിയ ഇനങ്ങൾ ഉടലെടുത്തത്. അർണാബ് ഗോസ്വാമി ഒന്നല്ല, ഒരായിരമാണ്; ഇന്ത്യൻ ജേണലിസത്തിലത്തിൽ. മലയാളത്തിൽ ഈ വിത്തിന്റെ മിനിയേച്ചർ ക്ലോൺസാണുള്ളത്. അവരുടെ അളിയന്മാരും തങ്കച്ചികളും വരെയായിട്ടുണ്ടിപ്പോൾ. മൊത്തത്തിൽ ആന്റി ജേണലിസം പൊടിപൂരം.
രാഷ്ട്രീയത്തിലേക്കുവന്നാൽ... സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസിനെതിരായ രാഷ്ട്രീയ മൂവ്മെന്റിന് ഭരണംവരെ സാധ്യമാക്കാനായത് എൺപതുകളിലാണ്. മൊറാർജിയേക്കാൾ വി.പി. സിങ്ങായിരുന്നു, രാഷ്ട്രീയ ചരിത്രത്തിലെ മൈൽ സ്റ്റോൺ എന്നുതോന്നിയിട്ടുണ്ട്, ഒരുപക്ഷെ ജെ.പിയേക്കാളുമേറെ.
കോൺഗ്രസിനെതിരായ രാഷ്ട്രീയ ചലനം നേരത്തെയുണ്ട്. പ്രശ്നം, കോൺഗ്രസിസം എന്നു പറയാവുന്ന ഒരു രാഷ്ട്രീയമാണ്. അത് പൊതുവിൽ എല്ലാ കക്ഷികളെയും കലശലായി ബാധിച്ചിരുന്നു. 1950നുശേഷം പല സംസ്ഥാനങ്ങളിലും
കോൺഗ്രസിന്റെ എതിരാളികൾ ഭരണം പിടിച്ചിട്ടുണ്ട്. അപ്പോഴും രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് കോൺഗ്രസായിരുന്നു. മറ്റുള്ളവർ ഒന്നുകിൽ അനുകൂലികൾ, അല്ലെങ്കിൽ എതിരാളികൾ. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നീക്കുപോക്കുകളെ ചുറ്റിപ്പറ്റിയുള്ള ചലനങ്ങൾ മാത്രമാണ് മറ്റുള്ളവരും നടത്തിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പ്രമുഖ ചലനമുണ്ടാകുന്നത് ജെ.പി. വഴിയാണ്- ലോക് സംഘർഷ് പ്രസ്ഥാനവും നവനിർമാൺ മൂവ്മെന്റും. അതിന് ലോഹ്യ തിസീസ് തൊട്ട് ഇന്ദിരാഭരണം വരെ പല പ്രേരകങ്ങളുണ്ട്. അടിസ്ഥാനപരമായി ഒരു സിമ്പിൾ പോയന്റിലാണ് അതിന്റെ ഉയിര്. ചില തെക്കൻ ദേശങ്ങളിലൊഴിച്ച് ഇന്ത്യയിലൊരിടത്തും സാധാരണ പൗരൻ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരുന്നില്ല. അവൻ/അവൾ വെറും വോട്ടർ മാത്രമായിരുന്നു. പോളിങ് ദിവസം മാത്രം കറവയുള്ള കന്നാലി. അങ്ങനെയാണ് കോൺഗ്രസിസത്തിൽ പൗരന്റെ സ്ഥാനം. അതിനെതിരായ ആദ്യത്തെ ദേശീയ ചലനമായിരുന്നു ജെ.പിയുടേത്. സ്വഭാവികമായും വോട്ടറുടെ രാഷ്ട്രീയവൽക്കരണത്തെ, അതുകൊണ്ട് ചേതമുള്ളവർ പേടിക്കും. ആ പേടിയുടെ റിയാക്ഷനായിരുന്നു അടിയന്തരാവസ്ഥ.
ജെ.പിയുടെ സ്ഥാനം ഒരാനമയിലൊട്ടകമായിരുന്നു. കമ്യൂണിസ്റ്റുകാർ തൊട്ട് ജനസംഘക്കാർ വരെയുണ്ട്. പ്രത്യയശാസ്ത്രപരമായി മാത്രമല്ല വ്യക്തിപരമായിപ്പോലും യാതൊരു ചേർച്ചയുമില്ലാത്തവരെ ഏച്ചുവെച്ചാൽ എന്താ ഫലം? മുഴച്ചുപൊട്ടി. ഇന്ദിര വേഗം തിരിച്ചുവന്നു. പക്ഷെ കാതലായ ഒരുമാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നു- ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടു സ്ഥാനത്തുനിന്ന് കോൺഗ്രസിസം മാറി. പകരം വയ്ക്കാൻ പെട്ടെന്ന് ഒന്നുമുണ്ടായില്ല. കാരണം ഈ പായിൽ കിടന്നു പെഴച്ചവരാണല്ലോ സകലരും. അങ്ങനെ അച്ചുതണ്ടുസ്ഥാനത്തൊരു വാക്വം വന്നു. എഴുപതുകളുടെ അവസാനം തൊട്ട് മൂന്ന് പതിറ്റാണ്ടിൽ അതങ്ങനെ തന്നെ കടന്നു. ഒഴിവു നികത്താൻ പല ശ്രമങ്ങളുമുണ്ടായി. റാഡിക്കലായ ചലനങ്ങൾ രണ്ടു ഭാഗത്തുനിന്നാണുണ്ടായത്. ഒന്ന് വി.പി സിങ്. മറ്റേത്, ആർ.എസ്.എസ്. ഈ രണ്ടു ചലനങ്ങളും ഡയമെട്രിക്കലി ഓപ്പസിറ്റായ രണ്ടു രാഷ്ട്രീയങ്ങളാണ്. അവ ഇന്ത്യൻ രാഷ്ട്രീയത്തിന് കാമ്പുള്ള ഒരു ബൈനറി സൃഷ്ടിച്ചുതന്നു.
ആർ.എസ്.എസിന്റെ "നിക്കർ വളണ്ടിയറിസ'ത്തിനകത്ത് പൊതിഞ്ഞുവച്ചിരുന്ന "പൊളിറ്റിക്കൽ വളണ്ടിയറിസം' പ്രായപൂർത്തിയാകുകയും ഉദ്ധാരണശേഷി നേടുകയും ചെയ്ത കാലം കൂടിയാണല്ലോ അത്.
ആർ.എസ്.എസിന്റെ നീക്കം നേരത്തേയുള്ളതാണ്. മെജോറിറ്റേറിയൻ സ്റ്റേറ്റ്. അവരുടെ അവതാരോദ്ദേശ്യം തന്നെ അതാണല്ലോ. ബ്രിട്ടീഷുകാർ പോയ ഉടനേ പക്ഷെ, പത്തി താഴ്‌ത്തേണ്ടിവന്നു. കാരണം ഗാന്ധി വധം. പിന്നെ ഓരോരോ മുഖംമൂടിയിട്ടുനോക്കി. ജനസംഘമുണ്ടാക്കി, ക്ലച്ചു പിടിച്ചില്ല. ആറ്റുനോറ്റിരിക്കുമ്പോൾ ജെ.പിയുടെ മൂവ്‌മെന്റ് വന്നു, അടിയന്തരാവസ്ഥയും. മുഖ്യധാരയിലെ കോൺഗ്രസിസമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പൊതുവിൽ ഒഴിപ്പിച്ചുനിർത്തിയിരുന്നത്. ആ അച്ചുതണ്ട് പോയി, ശൂന്യത വന്നപ്പോൾ ആർ.എസ്.എസ് നീക്കങ്ങൾ ഉഷാറാക്കി. മുഖംമൂടി കളഞ്ഞ് ബി.ജെ.പിയുണ്ടാക്കുന്നു. വി.എച്ച്.പി വഴി അനക്കം വയ്പിച്ചിരുന്ന ഗോവധവും അയോധ്യയും ചൂടാക്കുന്നു. ഇന്ദിര പോയി, ഡൈയിംഗ് ഇൻ ഹാർനെസിൽ മകൻ വന്നതോടെ ആർ.എസ്.എസ് ഗിയറുമാറ്റി. കമ്പ്യൂട്ടർയുഗവും യുവത്വത്തിന്റെ കുതിപ്പുമൊക്കെ പറഞ്ഞിറങ്ങിയ രാജീവ് റോക്കറ്റ് വേഗത്തിൽ ആ ചിരപുരാതന കെണിയിലായി- വർഗീയ രാഷ്ട്രീയം. ഷാബാനു കേസ് പ്രശ്‌നത്തിൽ മുസ്‌ലിംകളെ
സുഖിപ്പിക്കാൻ പോയി. ബാലൻസ് ചെയ്യാൻ അയോധ്യയിൽ ശിലാന്യാസപൂജ.
ചടങ്ങിലേക്ക് മന്ത്രി ബൂട്ടാസിംഗിനെ സ്വന്തം പ്രതിനിധിയായി വിടുന്നു. അതുകഴിഞ്ഞ് ഇലക്ഷന് രാമരാജ്യ ഓഫർ, പ്രചാരണത്തിന്റെ ഫ്‌ളാഗോഫ് അയോധ്യയിൽ നിന്ന്. ഇതാണ് കോൺഗ്രസ് വീണ പടുകുഴി. കാരണം, ഇവിടെവെച്ച് ആർ.എസ്.എസിന്റെ അജണ്ട രാഷ്ട്രീയശരിയായി സ്ഥാപിച്ചുകിട്ടുകയായിരുന്നു. ലെജിറ്റമസി കിട്ടിയതോടെ അവർ സ്പീഡു കൂട്ടി- രഥയാത്രയൊക്കെ കൊണ്ടുവരുന്നു. വി.പി. സിങ്ങിന്റെ ചലനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
ഇന്റർവ്യൂവിന് ആദ്യമായി വി.പി. സിങ്ങിനെ കണ്ടപ്പോൾ എന്താണ് സംസാരിച്ചത്?
ആദ്യം ചെന്നുകാണുമ്പോൾ അദ്ദേഹം ദേശീയമാധ്യമങ്ങളുടെ പ്രിയങ്കരനായിരുന്നു. മെയിൻസ്ട്രീം മീഡിയയുടെ പ്രിയവും അപ്രിയവും അവരുടെ പ്രൊഫഷണൽ ചോയ്‌സോ നാഷണൽ ചോയ്‌സോ ഒന്നുമല്ല. മധ്യവർഗത്തിന്റെ നാവാണീ മാധ്യമങ്ങൾ. ഓരോ സ്ഥാപനത്തിലും കീ റോളിൽ പ്രവർത്തിക്കുന്ന ജേണലിസ്റ്റുകളെ നോക്കൂ. ടിപ്പിക്കൽ സവർണ മധ്യവർഗം. അല്ലെങ്കിൽ അവരുടെ സഖ്യകക്ഷികൾ. ഈ സമവാക്യത്തിന് വി.പി. സിങ് പഥ്യമായത് ഒറ്റക്കാരണത്താലാണ്- നമ്മുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി അഴിമതിയെ ദേശീയ പ്രമേയമാക്കിയത് അദ്ദേഹമാണ്. അഴിമതിക്കെതിരെ നീങ്ങിയതോടെ മീഡിയ വി.പി. സിങ്ങിനെ മിസ്റ്റർ ക്ലീനായി കൊണ്ടുവന്നു. തൊട്ടുമുമ്പ് രാജീവിനെ ഇതേപേരിൽ ആഘോഷിച്ചതാണ്. പക്ഷേ ആളിന്റെ പ്രകടനങ്ങളെല്ലാം കടലാസുപുലികളായിരുന്നു. പിന്നെ ബൊഫോഴ്‌സ് വന്ന് സർവം കുളമാക്കി.
വി.പി. സിങ്ങിന്റെ ലൈൻ വേറെയായിരുന്നു. ബിർള, ടാറ്റ, അംബാനി, കിർലോസ്‌കർ... കോർപറേറ്റ് ഡിഫോൾട്ടർമാരെ നിഷ്‌കരുണം പിടികൂടുന്ന ധനമന്ത്രി. സിസ്റ്റമിക് കറക്ഷന് ഒരുകാലത്തും കോൺഗ്രസ് തുനിഞ്ഞിട്ടില്ല. വി.പി. സിങ്ങിന്റെ ഈ നീക്കം മധ്യവർഗത്തിന് ഭേഷെ സുഖിച്ചു. ഈ വർഗത്തിനൊരു പ്രസിദ്ധമായ ഇരട്ടത്താപ്പുണ്ട്. സ്വന്തം കാര്യലാഭത്തിന് കൈമടക്കു കൊടുക്കും. എന്നിട്ട് അഴിമതിക്കെതിരെ തൊണ്ടകീറും. ഈ ഹിപ്പോക്രസിക്കൊരു ഗുഹ്യരോഗം കൂടപ്പിറപ്പായുണ്ട്- കാശുള്ളവനോടുള്ള ചൊറിച്ചിൽ. രാജ്യത്തെ ഏറ്റവും വലിയ കാശുകാരെ പിടികൂടിയപ്പോൾ വി.പി. സിംഗ് അവർക്ക് ഹീറോയായി. പക്ഷെ സ്വന്തം പാർട്ടിക്ക് മിസ്റ്റർ ക്ലീൻ തലവേദനയായി. ആളെ ധനവകുപ്പിൽ നിന്ന് പ്രതിരോധത്തിലേക്ക് മാറ്റി. അവിടെ ബോഫോഴ്‌സും ഹവിറ്റ്‌സറും... കാര്യങ്ങൾ കൂടുതൽ എടങ്ങേറിലാക്കി. അതോടെ കളത്തിനു പുറത്ത്.
ആദ്യ അഭിമുഖത്തിന് ചെല്ലുമ്പോൾ പ്രധാനമായും അറിയേണ്ടിയിരുന്നത് ഈ മനുഷ്യൻ എന്തേ അഴിമതിയിൽ പിടിച്ചുതൂങ്ങി എന്നാണ്. കേട്ടിരുന്നത് കോൺഗ്രസുകാർ തന്നെ പ്രചരിപ്പിച്ച പല്ലവിയാണ്- രാജീവിനെ വെട്ടി പ്രധാനമന്ത്രിയാകാനുള്ള നമ്പറാണെന്ന്. ചോദ്യം നേരത്തെ തന്നെ ചോദിച്ചു. മറുപടി ഏതാണ്ടിങ്ങനെയായിരുന്നു- അഴിമതി ജനുവിനായ പ്രശ്‌നമാണ്. അത് പൗരാവലിയിലെ അസമത്വം കൂടുതൽ വിപുലമാക്കും. നേഷൻ ബിൽഡിംഗിന്മേലുള്ള രോഗമായി അഴിമതിയെ കണക്കാക്കണം... അഴിമതി രാജ്യദ്രോഹമാണ്.
അതൊരു ഭംഗിവാക്കായിരുന്നില്ല. യു.പിയിൽ ഭരണം നടത്തുമ്പോഴും ഇന്ദിരാ കാബിനറ്റിലിരിക്കെയും ഇതേ ലൈൻ കാണാം. ഒടുവിൽ രാജീവിന്റെ കാബിനറ്റിലെ രണ്ടു സ്ഥാനങ്ങളിലിരിക്കുമ്പോഴും അതുതന്നെ കണ്ടു. വി.പിക്ക് അഴിമതിവിരുദ്ധത നൈരന്തര്യമുള്ള രാഷ്ട്രീയ നിലപാടായിരുന്നു. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന ബോറൻ ക്ലീഷേയുണ്ടല്ലോ. മറിച്ച്, കലയുടെ രാഷ്ട്രീയത്തിലാണ് സാധ്യതകൾ അനന്തമാവുക. ജവഹർലാൽ തൊട്ട് രാജീവ് വരെയുള്ള പ്രധാനമന്ത്രിമാർ ആർട്ടിസ്റ്റുകളല്ല. വി.പി. സിംഗിന്റെ കാൻവാസുകൾ കണ്ടുനോക്കണം. ഒരു ക്ലെൻസിംഗ് എഫക്റ്റുണ്ട് അവയ്ക്ക്. രാഷ്ട്രീയക്കാരനിൽ കലാകാരൻ കയറിയതോ, കലാകാരനിൽ രാഷ്ട്രീയക്കാരൻ കയറിയതോ- ഈ മനുഷ്യൻ ഒരു എനിഗ്മാറ്റിക് ഹൈബ്രിഡായി തോന്നിപ്പോവും.
രാഷ്ട്രീയ തിരിച്ചടികൾക്കുശേഷം അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?
പ്രധാനമന്ത്രി കസേരയൊക്കെ പോയി, രാഷ്ട്രീയ ജീവിതത്തിന് മിക്കവാറും കർട്ടനിടുമെന്ന മട്ടിലിരിക്കുമ്പോൾ രണ്ടാമത് കണ്ടു. അപ്പോൾ, എനിഗ്മ വേറൊരു രൂപത്തിലായിക്കഴിഞ്ഞിരുന്നു. ദേശീയഹീറോ ആഗോളവില്ലനായിരിക്കുന്നു.
മാധ്യമങ്ങൾക്ക് ഏറ്റവും വെറുക്കപ്പെട്ടവൻ, ഫോൾ ഫ്രം ഗ്രെയ്‌സ് റോക്കറ്റ് വേഗത്തിലായിരുന്നു. രണ്ടു കൊച്ചുകാരണങ്ങൾ. ഒന്ന്, മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കി. രണ്ട്, അതിന്റെ ലോജിക്കൽ തുടർച്ച എന്നു പറയാവുന്ന കാര്യം- രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തത്.
ഈ കൊച്ചുകാരണങ്ങളിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്ര ഹൃദയമിരിക്കുന്നത്. അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, അതൊരു സ്വാഭാവിക നടപടി എന്നാണ്. കാരണം ""ഹിന്ദുക്കളും മുസ്‌ലിംകളും ഇവിടെ ഒരുമിച്ചു കഴിഞ്ഞുവരികയാണ്. ഈ സംസ്‌കാരം കൺമുന്നിൽ മരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവില്ല. ഇന്ത്യയെ ജീവനോടെ നിർത്താൻ, ഭരണഘടന നിലനിർത്താൻ, അധികാരം ഞാൻ ബലികൊടുത്തു. നിർഭാഗ്യവശാൽ വേണ്ടത്ര പലതും ചെയ്യാൻ എനിക്കായില്ല. മണ്ഡലിനു മുമ്പ് എന്റെ നടപടികളെല്ലാം മഹത്തായതെന്ന് പറഞ്ഞു. മണ്ഡലിനു ശേഷമാകട്ടെ എല്ലാം രാജ്യദ്രോഹം. ഒരുകാൽ ഒടിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളതുവെച്ച് ഞാൻ ഗോളടിച്ചു.''
മണ്ഡൽ വിരുദ്ധ കലാപം എന്തുതരം സാമൂഹികവിഭജനമാണുണ്ടാക്കിയത്? അതിന്റെ ആഘാതമെന്തായിരുന്നു? പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും മാധ്യമങ്ങൾക്കും അതിനോടുള്ള നിലപാട് എങ്ങനെയായിരുന്നു?
മൊറാർജി സർക്കാർ നിയോഗിച്ചതാണ് മണ്ഡലിനെ. പിന്നാക്കക്കാർക്ക് 27% സംവരണം കൊടുക്കണം, സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. മണ്ഡലിന്റെ ശിപാർശ ഇന്ദിര കൈപ്പറ്റി, പരണത്തുവെച്ചു. ഇതാണ് വി.പി. സിങ് എടുത്തു നടപ്പാക്കിയത്. എന്തിന് പൊടിതട്ടിയെടുത്തു? ആ ചോദ്യമാണ് മാധ്യമങ്ങളും മുന്നാക്കക്കാരും ദേശീയ ആക്രോശമാക്കിയത്. സ്വന്തം ഭരണകക്ഷിയിലെ പ്രതിയോഗികളെ തളയ്ക്കാനെന്ന് ഒരുകൂട്ടർ പ്രചരിപ്പിച്ചു. രാജ്യത്തെ വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനെന്ന് മറ്റൊരു കൂട്ടർ. ഇതിനിടെ, സംവരണവിരുദ്ധരുടെ ആത്മാഹുതിശ്രമങ്ങളും കലാപവും. വി.പി. സിംഗായി സകലരുടെയും പൊതുശത്രു.
സത്യത്തിൽ ഈ സംവരണം നടപ്പാക്കുമെന്നത് ജനതാദൾ മുന്നണിയുടെ തുറന്ന വാഗ്ദാനമായിരുന്നു. അധികാരം കിട്ടിയാൽ മണ്ഡൽ കമീഷൻ ശിപാർശ പരിഗണിക്കാൻ 1990 ജനുവരിയിൽ കാബിനറ്റ് കമ്മിറ്റിയുണ്ടാകുമെന്ന് 1989 നവംബറിലേ പ്രകോപിപ്പിച്ചതാണ്. അതനുസരിച്ച് ദേവിലാലിന്റെ ചുമതലയിൽ കമ്മിറ്റിയെ വെച്ചു. അടുത്ത ബജറ്റ് സെഷനിൽ മണ്ഡൽ പ്രഖ്യാപനം നടത്താനായിരുന്നു ഉദ്ദേശ്യം. പക്ഷെ കമ്മിറ്റി റിപ്പോർട്ട് വൈകി. ദേവിലാലിന്റെ മകൻ ചൗതാലയുടെ ഇലക്ഷനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങൾ. പിന്നെ ജാട്ടുകളെ സംവരണ റിപ്പോർട്ടിൽ ഒഴിവാക്കിയതിന്റെ പുക്കാറ്. അതങ്ങനെ നീണ്ടപ്പോൾ ദേവിലാലിൽ നിന്നെടുത്ത് പാസ്വാനെ ദൗത്യമേൽപ്പിച്ചു, വി.പി സിംഗ്. ജൂലൈയിൽ നടപടി പൂർത്തിയാക്കി പാസ്വാൻ കമ്മിറ്റി റിപ്പോർട്ടു കൊടുത്തു. അങ്ങനെ ആഗസ്റ്റ് എഴിന് പ്രധാനമന്ത്രി 27% സംവരണം പ്രഖ്യാപിക്കുന്നു. ഏതാണ്ട് മൂവായിരം കൊല്ലത്തെ ഒരധികാര ഘടനക്ക് ഒരൊറ്റ വിജ്ഞാപനം കൊണ്ടുള്ള അടി. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. സവർണ വിഭാഗങ്ങളെ ബി.ജെ.പി ഇളക്കിവിട്ടു. വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും തെരുവിലിറങ്ങി. വിദ്യാർഥികളെ മുൻനിർത്തിയാണ് സംവരണവിരുദ്ധ പ്രക്ഷോഭം.
അത്രക്ക് നിർണായകമായ ഗോളാണ് വി.പി. സിംഗ് അടിച്ചത്. അതിന്റെ ഭവിഷ്യത്ത് ഗുരുതരമാവുക ബി.ജെ.പിക്കാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന് മതേതരത്വത്തെ പേടിയൊന്നുമില്ല. പേടിയത്രയും ജാതിരാഷ്ട്രീയത്തെയാണ്.
സത്യത്തിൽ, മണ്ഡൽ റിപ്പോർട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇടനെഞ്ചിനിട്ടുള്ള ഇടിയായിരുന്നു. മൃദു ഹിന്ദുത്വകാർഡ് വെച്ചാണ് കോൺഗ്രസ് എന്നും ഹിന്ദുത്വ രാഷ്ട്രത്തെ തളയ്ക്കാൻ ശ്രമിച്ചിരുന്നത്. വി.പി. സിങ്ങാണ് രാഷ്ട്രീയമായും ഭരണപരമായും അതിനെ നേരിട്ടത്. അന്ന് ഗവൺമെന്റിനെ താങ്ങിനിർത്തുന്നത് ബി.ജെ.പിയും ഇടതുപക്ഷവുമാണ്. ആരെങ്കിലും കൈവലിച്ചാൽ സർക്കാർ വീഴും. അങ്ങനിരിക്കെ അദ്വാനിയോട് പാർലമെന്റിൽ ഔദ്യോഗികമായിത്തന്നെ വി.പി സിംഗ് പറഞ്ഞു, അയോധ്യാപ്രശ്‌നം കോടതി പരിഹരിക്കട്ടെ, മറ്റൊരു നീക്കവും പറ്റില്ലെന്ന്. അദ്വാനി കേട്ടില്ല. പൊതുവേ കരുതുമ്പോലെ ഡിസംബർ ആറല്ല പള്ളി തകർക്കാൻ നിശ്ചയിച്ചിരുന്ന മുഹൂർത്തം. 1990 സെപ്റ്റംബർ 20ന് രഥയാത്ര തുടങ്ങി ഒക്ടോബർ 30ന് പൊളിക്കാനായിരുന്നു പ്ലാൻ. ശുഭമുഹൂർത്തത്തിൽ തന്നെ സോമനാഥിൽ നിന്ന് വണ്ടിവിട്ടു. യു.പിയിൽ കയറിയാലുടൻ തടയാൻ മുലായം സർക്കാർ റെഡി. പക്ഷെ ഒക്ടോബർ 23ന് സമസ്തിപ്പൂരിൽ ലാലുപ്രസാദിന്റെ പൊലീസ് രഥത്തിന്റെ കാറ്റൂരി. അതോടെ വി.പി സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് കുറ്റപ്പെടുത്തിയ ജനതാദളുകൾ പോലുമുണ്ട്. മറ്റുള്ളവർക്കെല്ലാം ആഘോഷമായിരുന്നു.
കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ നിർണായക സംഭവമായിരുന്നു മണ്ഡൽ വിരുദ്ധ പ്രക്ഷോഭം. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും യു.പിയിലും ബിഹാറിലുമുണ്ടായ സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രീയമുന്നേറ്റങ്ങൾ, ഹിന്ദുത്വ ഐഡന്റിറ്റിയിലൂന്നിയ വലതുപക്ഷ രാഷ്ട്രീയത്തിന് വൻതിരിച്ചടിയുണ്ടാക്കിയിരുന്നു. ദളിതർക്കും പിന്നാക്കക്കാർക്കും മുഖ്യധാരാ രാഷ്ട്രീയത്തിൽ വിസിബിലിറ്റി നൽകിയ മുദ്രാവാക്യങ്ങളും മുന്നേറ്റങ്ങളും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയലക്ഷ്യത്തിനേൽപ്പിച്ച ആഘാതം കൂടി മണ്ഡൽ വിരുദ്ധ പ്രക്ഷോഭവുമായി ചേർത്തുവെക്കണം എന്നുതോന്നുന്നു. ആ പ്രക്ഷോഭത്തിന്റെ റിപ്പോർട്ടർ എന്ന നിലയ്ക്ക്, ആ നാളുകളെ ഓർക്കാമോ?
മണ്ഡൽ പ്രക്ഷോഭം ഒരു ദേശീയ തട്ടിപ്പാണ്. ഒന്നാമത് മണ്ഡൽ റിപ്പോർട്ട് നടപ്പാകുന്നതുവഴി സാമൂഹിക വിഭജനമുണ്ടാകുന്നു എന്നാണ് പ്രക്ഷോഭകർ പറഞ്ഞത്. പത്തുമൂവായിരം കൊല്ലമായി ഇവിടെയുള്ള യാഥാർത്ഥ്യമാണ് സാമൂഹിക വിഭജനം. അത് പുതുതായി ആരുമുണ്ടാക്കിയതല്ല. വിഭജനത്താൽ ജീവിതം കുളമായിപ്പോയ കുറച്ചുമനുഷ്യരെ കൈപിടിച്ചുയർത്താനുള്ള ചെറിയ ശ്രമം മാത്രമാണ് മണ്ഡൽ പരിപാടി.
രണ്ടാമത്, ഈ ശിപാർശ നടപ്പാക്കുമെന്നത് ജനതാദളിന്റെ ആക്ഷൻ പ്ലാനിൽ നേരത്തേയുള്ളതാണ്. അല്ലാതെ രഹസ്യമോ എടുത്തുചാട്ടമോ അല്ല. പറഞ്ഞപ്രകാരം കാബിനറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയപ്പോഴും ആരും ഒന്നും മിണ്ടിയില്ല. പിന്നാക്കസംവരണം നടപ്പാക്കുക തന്നെയാണ് ഉദ്ദേശ്യമെന്ന് എല്ലാവർക്കുമറിയാം. പ്രഖ്യാപനം നടന്ന് ഒരാഴ്ചയോളം ഒച്ചപ്പാടൊന്നുമില്ല. സകലകക്ഷികളും സ്തംഭിച്ചുപോയിരുന്നു. അത്രക്ക് നിർണായകമായ ഗോളാണ് വി.പി. സിംഗ് അടിച്ചത്. അതിന്റെ ഭവിഷ്യത്ത് ഗുരുതരമാവുക ബി.ജെ.പിക്കാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന് മതേതരത്വത്തെ പേടിയൊന്നുമില്ല. പേടിയത്രയും ജാതിരാഷ്ട്രീയത്തെയാണ്. ഹിന്ദുമതത്തിലെ പിന്നാക്കജാതിയുടെയും ദളിതുകളുടെയും രാഷ്ട്രീയമായ ശാക്തീകരണം അവർക്ക് വിനാശകരമാണ്. അതുകൊണ്ട് അവർ വർണജാതിക്കാരെ ഇളക്കിവിടാൻ തുടങ്ങി. ഈ വർഗത്തിന് പ്രമാണിത്തമുള്ള പത്രലോകം അവരുടെ ശക്തിയും പ്രയോഗിച്ചു തുടങ്ങി. ഇന്ത്യയിലെ യുവജനം വി.പി സിംഗിന് എതിരാണെന്ന് വ്യാപക പ്രചാരണം.
ഇപ്പറയുന്ന യുവജനതയിൽ 80 ശതമാനവും ഒ.ബി.സിയും ന്യൂനപക്ഷങ്ങളുമാണ്. വെറും 20 ശതമാനം വരുന്ന മുന്നാക്ക ജാതിക്കാരെയാണ് ഇന്ത്യൻ യുവജനം എന്ന് പത്രങ്ങൾ ഘോഷിച്ചത്. ഇന്ത്യൻ ജേണലിസത്തിന്റെ ജാതിക്കൂറ് അങ്ങനെ.
വിദ്യാർഥികളെ മുൻനിർത്തിയാണല്ലോ സമരം. എ.ബി.വി.പി എന്ന് പ്രത്യേകിച്ചു പറയേണ്ട. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ദേശബന്ധു കോളജിൽ നിന്നുളള ഒരു സംഘം വിദ്യാർഥികൾ ഉണ്ണാവ്രതം കിടന്നു. ഒമ്പതുദിവസമായിട്ടും കാര്യമായ ശമനം കിട്ടിയില്ല. സമരം ഉഷാറാക്കാൻ അവർ ഒരു പ്ലാനിട്ടു- ഒരു മോക് ആത്മാഹുതി. അങ്ങനെ തിരക്കേറിയ എയിംസ് ക്രോസിംഗിലും രാജീവ് ഹോസ്പിറ്റലിലും കൂട്ടുകാരും ഒത്തുകൂടുന്നു. മുദ്രാവാക്യം വിളിക്കുന്നു. ജനം കൂടുന്നു. വിദ്യാർഥികളിൽ ഒരുവൻ, രാജീവ് ഗോസ്വാമി മണ്ണെണ്ണ കാലിൽ ഒഴിക്കുന്നു. തീപ്പെട്ടി ഉരക്കുന്നു. കാലിലേക്ക് ഒഴിച്ച കൂട്ടത്തിൽ ഇന്ധനം തെറിച്ച് ദേഹത്തും വീഴുന്നു. തീ പടരുന്നു. അണയ്ക്കാൻ ശ്രമിച്ച ചങ്ങാതിമാർക്ക് ഉദ്ദേശിച്ച വേഗത്തിൽ അതുപറ്റിയില്ല. സഫ്ദർജംഗ് ആശുപത്രിയിൽ കുറെക്കാലം കഴിയേണ്ടിവന്നു ഗോസ്വാമിക്ക്. ജീവൻ രക്ഷിച്ചു, പക്ഷേ പല അവയവങ്ങൾക്കും കേട്. ക്രോണിക് രോഗിയായി.
ആത്മാഹുതിശ്രമം വൈറലായി. വൈറലാക്കി എന്നു പറഞ്ഞാൽ കൂടുതൽ ശരി. ഇതോടെയാണ് മണ്ഡൽസമരം ദേശീയമാകുന്നത്. പലേടത്തും കലാപങ്ങളുണ്ടാക്കി. മിക്ക രാഷ്ട്രീയകക്ഷികളും ഇത് വി.പി. സിങ്ങിനെ തല്ലാനുള്ള വടി മാത്രമായി കണ്ടു. പിന്നാക്കസംവരണത്തെപ്പറ്റി മിണ്ടില്ല. എന്തോ മഹാപരാധം ചെയ്തു എന്ന് തട്ടിവിടും. മുന്നാക്കക്കാരെ പേടിയാണോയെന്ന് ചോദിച്ചാൽ മിണ്ടില്ല. പത്രങ്ങൾ ആട്ടിത്തെളിയുന്ന വഴിയേ നിലപാട് പറയുന്നവരായി ദേശീയ നേതാക്കൾ. ബി.ജെ.പിക്ക് ഏതായാലും നുണ പറയേണ്ട കാര്യമില്ല. അവർ മണ്ഡലിന്റെ പേരിൽ കമണ്ഡൽ കൂടുതൽ ഉഷാറാക്കി. ഇടതുപക്ഷകക്ഷികൾ മാത്രമാണ് ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് ഉറപ്പിച്ചു പറഞ്ഞത്.
ഇന്നത്തെപ്പോലെ അന്നും മുഖ്യധാരാ മാധ്യമങ്ങൾ വലതുപക്ഷത്തിന്റെ ചൂട്ടും പിടിച്ച് നടന്നതായി അന്നത്തെ റിപ്പോർട്ടുകൾ വായിച്ചാലറിയാം.
പത്രങ്ങൾ അഴിഞ്ഞാടുകയായിരുന്നു, അർണബ് ഗോസ്വാമിയൊക്കെ കാശിക്കു പോകും. അക്കാലത്തെ റിപ്പോർട്ടിങ്ങും എഡിറ്റ് പേജ് എഴുത്തും കണ്ടാൽ. കോളമിസ്റ്റുകൾ കൂത്താടുകയായിരുന്നു. വി.പി. സിംഗ് പോട്ടെ, പിന്നാക്ക സംവരണം വേണോ വേണ്ടയോ എന്ന ലളിതചോദ്യം ആരുമുയർത്തിയില്ല. കാരണം അധഃകൃതവിഭാഗങ്ങളുടേതല്ലല്ലോ കൊടികെട്ടിയ ഇന്ത്യൻ ജിഹ്വകൾ. എന്തിനധികം, മണ്ഡൽ ഒരു AIDS Infected Syringe എന്നുവരെ തലക്കെട്ടെഴുതിയ ദേശീയ പത്രകേസരികളുണ്ട്.
അന്ന് കോൺഗ്രസ് എന്തുചെയ്യുകയായിരുന്നു?
ഈ കലാപത്തീ ഒരു പുകമറയായിരുന്നു. കോൺഗ്രസിന് ടാർഗറ്റ് വി.പി സിംഗായിരുന്നു. ബി.ജെ.പിക്ക് പിന്നാക്ക സമന്വയം പൊളിച്ചേ തീരൂ. രണ്ടുകൂട്ടർക്കും വേണ്ടത് ഒരു പ്രക്ഷോഭത്തിന്റെ പുകമറ. മണ്ഡൽ റിപ്പോർട്ടിന്റെ വസ്തുത ജനമറിഞ്ഞാൽ എതിർപ്പിന്റെ പൂച്ച് പുറത്താവും: അധികാരത്തിൽ യാതൊരു കാര്യവുമില്ലാതെ നൂറ്റാണ്ടുകളായി കഴിയുന്ന ഒരു വൻജനാവലി. അവർക്ക് കൊടുക്കുന്നതോ- കേന്ദ്രസർക്കാർ നിയമനത്തിലും വിദ്യാഭ്യാസ പ്രവേശനത്തിലും 27% സംവരണം. മൊത്തം തൊഴിൽമേഖലയുടെ 10 ശതമാനംപോലും വരില്ല കേന്ദ്രസർക്കാർ ജോലി. ഈ സംവരണത്തെ പരസ്യമായി എതിർക്കാൻ ഒരു കക്ഷിക്കുമില്ല ഭദ്രമായ ന്യായം. ബി.ജെ.പിക്കു പോലുമില്ല. അതിന്റെ തെളിവാണ് 1991ൽ റാവു ഇതേ മണ്ഡൽ റിപ്പോർട്ട് അതേപടി നടപ്പാക്കിയപ്പോൾ ഒരുത്തനും കമാന്നു മിണ്ടിയില്ല. ഒരു ആത്മാഹുതിയും കലാപവുമില്ല. സാമൂഹ്യവിഭജനത്തിന്റെ ധാർമിക രോഷം തുള്ളിത്തുളുമ്പിയില്ല.
ആത്മാഹുതി ശ്രമം നടത്തിയ രാജീവ് ഗോസ്വാമിക്ക് എന്തുസംഭവിച്ചു?
വെറും 14 മാസം മുമ്പ് ഈ നാടകത്തിനുവേണ്ടി സ്വയം തീവെച്ച ആ ചെറുപ്പക്കാരേൻറത് ക്രൂരമായ വഞ്ചനയുടെ കഥയാണ്. ആത്മാഹുതിശ്രമം കഴിഞ്ഞയുടൻ എയിംസ് ക്രോസിംഗിന് രാജീവ് ചൗക് എന്ന് പേരുപതിച്ചിരുന്നു. ഗോസ്വാമിയെ യൂണിയൻ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ട് അയാൾ എവിടെപ്പോയി? തൊണ്ണൂറുകളുടെ ഒടുവിൽ ചെറിയൊരന്വേഷണം നടത്തി. കൽക്കാജിയിലെ ഗോംതി അപ്പാർട്ട്‌മെന്റിൽ ആളുണ്ടായിരുന്നു. രാജീവ് വിവാഹിതൻ, രണ്ടു കുട്ടികൾ. ഒരു ഇടത്തരം പഞ്ചാബി കുടുംബം. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ആന്തരികാവയവങ്ങൾ പലതിനും കുഴപ്പം.
ചികിത്സയ്ക്കുതന്നെ ഭാരിച്ച ചെലവ്. മണ്ഡൽ പ്രക്ഷോഭത്തിന് ദിശയുണ്ടാക്കിയ ദേശീയ ഹീറോയുടെ ഗതികേട്. ഒരു രാഷ്ട്രീയ കക്ഷിയും ഒരു പത്രക്കാരനും തിരിഞ്ഞുനോക്കിയിട്ടില്ല. രാജീവ് ചൗക് അതിവേഗം പഴയ എയിംസ് ക്രോസിങ്ങായി. 2004ൽ വൃക്കകൾ തകർന്ന് രാജീവ് മരിച്ചു. അയാളുടെ ഭാര്യയും കുട്ടികളും ബന്ധുക്കൾ വഴി അമേരിക്കയിൽ കുടിയേറി.
മണ്ഡൽ പ്രക്ഷോഭം വഴി എന്തെങ്കിലും ആഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ അത് രണ്ടെണ്ണമാണ്. ഒന്ന്, വി.പി. സിംഗ് എന്ന രാഷ്ട്രീയ നേതാവിന്റെ തുടർരാഷ്ട്രീയ ജീവിതത്തിന്. അദ്ദേഹം പിന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലുണ്ടായില്ല. രണ്ട്, രാജീവ് ഗോസ്വാമിക്ക്. അയാളുടെ ജീവിതം തന്നെ ഒരു ദുരന്തമായി.
രാജീവ്ഗാന്ധി തന്റെ സുഹൃത്തിനോട് ഇങ്ങനെ പറഞ്ഞതായി വായിച്ചിട്ടുണ്ട്, ""V.P. Singh is the most divisible man after Muhammad Ali Jinnah'' എന്ന്. ഒരു വിഡ്ഢിയെപ്പോലെ, മുൻപിൻ നോക്കാതെയായിരിക്കുകയില്ല വി.പി. സിങ് ഒടുവിലത്തെ ആയുധം പ്രയോഗിച്ചത്. "ഒരുകാൽ ഒടിഞ്ഞിട്ടും ഉള്ളതുവെച്ച് ഗോളടിച്ച' അദ്ദേഹത്തിന്റെ മനസ്സിൽ, സത്യത്തിൽ എന്തായിരുന്നു?
അധികാരമൊഴിഞ്ഞശേഷം കണ്ടപ്പോൾ വി.പി. സിംഗ് പറഞ്ഞത്, എല്ലാത്തിനും ഒരു പ്രൈസ് ടാഗുണ്ടെന്നാണ്. മണ്ഡൽ നടപ്പാക്കിയതിന്റെ വിലയാണ് അദ്ദേഹം കൊയ്യുന്നത്. വ്യക്തിപരമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയർ തീർത്തുകളഞ്ഞ ഒരു റപ്ചറാണത്. ഇതിൽ ചില ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ നമ്മൾ കാണണം. ഒന്നാമത്, വി.പി. സിങ് ഒരു ഒ.ബി.സി നേതാവല്ല. ലോഹ്യാ സോഷ്യലിസ്റ്റുകളായ ഒ.ബി.സി നേതാക്കൾ പലരും വളർന്നുകഴിഞ്ഞിരുന്നു- മുലായം, ലാലുപ്രസാദ്, ശരത് യാദവ്, നിതീഷ്‌കുമാർ. ഈ ചരിത്രനീക്കത്തിന്റെ ക്രഡിറ്റ് ഒരു ഠാക്കൂർ കൊണ്ടുപോകുന്നത് അവർക്ക് പഥ്യമായ സംഗതിയല്ല. പരസ്യമായി പറയില്ലെങ്കിലും വടക്കെ ഇന്ത്യയിലെ രീതി അതാണ്. ഈ നേതാക്കൾക്കുള്ള ജാതി വോട്ടുബാങ്ക് വി.പിക്കില്ല. ഇതേ പക്ഷത്തുവരേണ്ട ബി.എസ്.പി അന്ന് ബി.ജെ.പി പാളയത്തിലാണ്, ഈ നേരത്താണ് അയോധ്യ പ്രസ്ഥാനം വടക്കെ ഇന്ത്യയെ കൊടുമ്പിരിക്കൊള്ളിക്കുന്നത്. ഇപ്പറഞ്ഞ പിന്നാക്ക, ദളിത് നേതാക്കൾക്കുമുന്നിൽ രണ്ടു ചോയ്‌സ് മാത്രം. ഒന്നുകിൽ ഹിന്ദുത്വ ബാൻഡ് വാഗണിൽ കയറണം. അല്ലെങ്കിൽ അവരവരുടെ ജാതിസ്വത്വം മുറുകെപ്പിടിക്കണം. അവർ സ്വന്തം ജാതിയെ പിടിച്ചു. മേൽജാതിയാണ് ഠാക്കൂർ. അത്തരക്കാർക്ക് ഈ ചേരിയിൽ നീക്കുപോക്കിനുതന്നെ ഇടമില്ല. മാധ്യമ പിന്തുണ കൂടി പോയതോടെ വി.പി ഔട്ട്. ഏറ്റവും വലിയ രാഷ്ട്രീയ റിസ്‌ക്കെടുത്ത് ആർക്കുവേണ്ടി പിന്നാക്ക സംവരണം നടപ്പാക്കിയോ അതേ കൂട്ടരും കയ്യൊഴിഞ്ഞു. ഇതാണ് ഈ രാജ്യം വി.പി. സിംഗിനോട് ചെയ്ത ചരിത്രപരമായ നന്ദികേട്. മറിച്ച്, വി.പി രാജ്യത്തിനുചെയ്തത് മൂന്നു ചരിത്രസംഭാവനകളാണ്. ഒന്ന്, ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ഇൻക്ലൂസീവാക്കി. രണ്ട്, അഴിമതിയെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രമേയമാക്കി. മൂന്ന്, മെജോറിറ്റേറിയൻ രാഷ്ട്രീയത്തെ രാഷ്ട്രീയമായും ഭരണപരമായും ഇത്ര പച്ചയ്ക്ക് നേരിട്ട ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. ഇപ്പറഞ്ഞ മൂന്നും വാസ്തവത്തിലുള്ള ഭരണഘടനാ സംരക്ഷണമാണ്. വി.പിയെ ഇന്ന് ഓർക്കുമ്പോൾ പറയാൻ ഒന്നേ തോന്നാറുള്ളൂ, right man in wrong country.▮
(തുടരും)