വിവാദമായ ഇ-മെയിൽ കേസുമായി ബന്ധപ്പെട്ട വിചാരണകളുടെയും ചോദ്യം ചെയ്യലുകളുടെയും മാധ്യമ ഒത്തുതീർപ്പുകളുടെയും അറിയപ്പെടാത്ത അനുഭവങ്ങൾ
കെ. കണ്ണൻ: ഡൽഹിയിലേക്കുപോയ കാലത്തെ കേരളമായിരുന്നില്ല, 2000ന്റെ ആദ്യം താങ്കൾ തിരിച്ചുവന്നപ്പോഴുണ്ടായിരുന്ന കേരളം. മാധ്യമപ്രവർത്തനം തലമുറമാറ്റത്തിനുതന്നെ വിധേയമായിക്കഴിഞ്ഞിരുന്നു; ഉള്ളടക്കത്തിൽ മാത്രമല്ല, ഈ പണിയുമായി ബന്ധപ്പെട്ട മൂല്യബോധങ്ങളിൽപോലും. The End of Mass Media എന്നൊരു കോൺസെപ്റ്റ് തന്നെ, ഇക്കാലത്തെ മാറ്റത്തെ സൂചിപ്പിച്ച് ദി ഇക്കണോമിസ്റ്റ് ഡെപ്യൂട്ട് എഡിറ്റർ ടോം സ്റ്റാൻഡെയ്ജ് രൂപപ്പെടുത്തുന്നുണ്ട്. ഇന്റർനെറ്റിന്റെ വ്യാപനത്തോടെ, ചുരുക്കം സ്ഥാപനങ്ങൾ വിപുലമായൊരു ഓഡിയൻസിന് കണ്ടന്റ് വിതരണം ചെയ്യുന്ന 20ാം നൂറ്റാണ്ടിലെ മീഡിയ മോഡൽ ഇല്ലാതാകുകയും മീഡിയ എന്നത് കൂടുതൽ ശിഥിലമായ, ക്രമരഹിതമായ ഐഡന്റിറ്റിയായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. Disappearance of the Mass Audience എന്ന സംജ്ഞയിലൂടെ സാമൂഹികശാസ്ത്രജ്ഞനായ മാനുവൽ കാസൽസ് ഇത് പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓഡിയൻസിലെ പുതിയ വർഗത്തെക്കുറിച്ചുള്ള വ്യാജബോധ്യങ്ങളും പുത്തൻ മൂലധനച്ചങ്ങാത്തങ്ങളും ചേർന്ന് രൂപപ്പെടുത്തിയ ഒരു പ്രൊഡക്റ്റ് ആയി മാറിയിരുന്നു അപ്പോഴേക്കും മീഡിയ.
വിജു വി. നായർ: പുറംനാട്ടിലായിരിക്കെ നമ്മുടെ നാടിനെപ്പറ്റി വലിയ മതിപ്പു തോന്നിയിരുന്നു. ഒരർത്ഥത്തിൽ ഇന്ത്യയിലെ ഒരത്ഭുത ദ്വീപാണു കേരളം. രാഷ്ട്രീയത്തിലായാലും അരാഷ്ട്രീയതയിലായാലും, ഒന്നുംവേണ്ട; ചുമ്മാ പുളുവടിയിലായാലും. ചുറ്റിക അരിവാളിനു സ്ഥിരമായി കുത്തുന്നോർക്കും ആൾട്ടർ ഈഗോയായി അമേരിക്ക. വടക്കുള്ള ഖാദിക്കാരുടെ മാതിരിയല്ല നമ്മുടെ കോൺഗ്രസുകാർ. ബി.ജെ.പി പോലും വടക്കൻ ബി.ജെ.പിയല്ല. എല്ലാത്തരം ഐഡിയോളജിയേയും കേരളം ഇൻസ്റ്റിസ്റ്റ്യൂഷനലൈസ് ചെയ്യും. മുനിയൊടിച്ച് നാടിനിണങ്ങുന്ന ബോൺസായ് പരുവമാക്കും.
ഇത് ജേണലിസത്തിനും ബാധകമായിരിക്കുന്നതാണ് നാട്ടിലേക്കു തിരിച്ചുവന്നപ്പോൾ കണ്ടത്. ആളുകൾക്ക് വേണ്ടത് കൊടുക്കുന്നു എന്നാണ് ഇവിടെ സീനിയർ മാധ്യമപ്രവർത്തകർ പറയുന്നത്. ആളുകൾക്ക് വേണ്ടതെന്നു പറഞ്ഞാൽ, അവർക്കിഷ്ടമുള്ളതാണ്. അവർക്ക് വിശ്വസിക്കാൻ ഇഷ്ടമുള്ളത്. അവരെ സുഖിപ്പിക്കുന്നതും വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമായ വഹ. ആ പണിയെടുക്കുമ്പോൾ മീഡിയ ഒരർത്ഥത്തിൽ ആക്ടിവിസ്റ്റ് മീഡിയയാണ്.
സാമ്പ്രദായികതയെ റീ ഇൻഫോഴ്സ് ചെയ്യലാണല്ലോ നടക്കുക. അപ്പോൾ നാടിന്റെ ശരിയായ അവസ്ഥ ഫോക്കസിൽ നിന്നു മാറിപ്പോകുന്നു. ഇത് സമൂഹം അകപ്പെട്ടിരിക്കുന്ന കുരുക്കുകൾ അല്ലെങ്കിൽ പ്രതിസന്ധികൾ വർധിപ്പിക്കുകയേയുള്ളൂ. കാണുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നും വായിച്ചറിയുന്നതിൽ നിന്നുമൊക്കെയാണ് ആളുകൾ അഭിപ്രായം രൂപപ്പെടുത്തുക. ശരിയായ കാഴ്ചയിൽ നിന്ന്, ശരിയായ കേൾവിയിൽ നിന്ന്, ശരിയായ വായനയിൽ നിന്ന് അവരെ subtle ആയി തടയുന്ന ഒരവസ്ഥയുണ്ടിവിടെ. എഡിറ്റോറിയലൈസ് ചെയ്ത ഉള്ളടക്കം, അതുണ്ടാക്കുന്നവർക്ക് ഇഷ്ടമുള്ള കാഴ്ചയും കേൾവിയും വായനയുമാണ് മറ്റുള്ളവർക്കു മുന്നിലേക്കിടുന്നത്. അതു കൈപ്പറ്റുന്ന നാട്ടുകാരുടെ അഭിപ്രായം അങ്ങനെ സെക്കൻഡ്- ഹാൻഡായിപ്പോവുന്നു. മൗലികമായ അഭിപ്രായം രൂപപ്പെടുത്താൻ ശേഷിയില്ലാഞ്ഞിട്ടല്ല, നിരന്തരമായ മീഡിയാഫീഡിന് കാര്യങ്ങൾ മറിച്ചാക്കുകയാണ്: കാരണം, ഒരുതരം മെയ് ഇൻ മീഡിയാ സമൂഹമാണ് 21ാം നൂറ്റാണ്ടിലെ കേരളം. മധ്യവർഗത്തിന് ആധിപത്യമുള്ളിടങ്ങളൊക്കെ അങ്ങനെയാണ്. മധ്യവർഗത്തിൽ നാവാണ് മാധ്യമങ്ങൾ. അത്തരമൊരു സമൂഹത്തിൽ അഭിപ്രായം എഡിറ്റോറിയൽ ചോയ്സ് മാത്രമായി ചുരുങ്ങാം. ചോംസ്‌കിയൊന്നും സ്വപ്നത്തിൽ വിമർശിക്കാത്തത്ര മാനുഫാക്ചറിങ് ഇവിടെ കൺസെന്റിൽ നടക്കുന്നു. വളരെ ലീനമായി.
ടെലിവിഷന്റെ വരവ് പത്രങ്ങളെ എങ്ങനെയാണ് മാറ്റിത്തീർത്തത്?
മുമ്പൊക്കെ പത്രങ്ങളുടെ അഭിപ്രായം മുഖപ്രസംഗങ്ങളിലും എഡിറ്റ് പേജ് കുറിപ്പുകളിലുമാണ് വരാറ്. ടെലിവിഷന്റെ വരവിൽ പത്രങ്ങളുടെ സ്വഭാവം തന്നെ മാറിപ്പോയി. തലക്കെട്ടുകൾ മാത്രം ഒന്നോടിച്ചുനോക്കിയാൽ മതി- ശരിക്കും ടാബ്ലോയ്ഡ് സ്റ്റൈൽ. വായിക്കാൻ ആർക്കും നേരമില്ല, ശ്രദ്ധയാകർഷിക്കാൻ ഇതു ചെയ്യുന്നു എന്നാണ് സകലരുടെയും ന്യായം. അറ്റൻഷൻ സ്പാൻ തീരെക്കുറവാണെന്ന് ടി.വിക്കാർ പറയുന്ന ന്യായമുണ്ടല്ലോ- അതിന്റെ പത്രപരിഭാഷയാണിത്. ഇത് മാധ്യമങ്ങളുടെ വാർത്താ സമീപനത്തെ അതിവേഗം വഴറ്റിയെടുക്കുന്നതാണ് കാണുന്നത്. ടാബ്ലോയ്ഡ് തലക്കെട്ടിൽ നിന്ന് സ്വഭാവത്തിലേക്ക് സംക്രമിക്കുന്നു. പലപ്പോഴും മഞ്ഞപ്പത്രവും ഘടാഘടിയന്മാരായ മഹാപത്രങ്ങളും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നുമില്ല.
അത്ഭുതം തോന്നിയ ഒരു കാര്യമുണ്ട്. മാധ്യമ സ്ഥാപനങ്ങൾ മിക്കതും ഒരുപാടു വളർന്നു, പുതിയവ പെരുകുന്നു. ജേണലിസ്റ്റുകൾ വളർന്നു, പുതിയ പ്രതിഭകൾ വരുന്നു. പക്ഷെ ജേണലിസം ഇപ്പോഴും മുട്ടിലിഴയുന്നു, കിടന്നു മുള്ളുന്നു. കാരയും കരപ്പനും അനീമിയയും. ബാലാരിഷ്ടതകളിൽ നിന്ന് എന്തേ മുതിരുന്നില്ല? ടി.വിയുടെ കാര്യം തന്നെയെടുക്കുക. കാൽനൂറ്റാണ്ടായി ഇവിടെ സ്വകാര്യ ചാനലുകൾ വന്നിട്ട്. ഇപ്പോഴും പറയാനാവുമോ That Malayalam Television has come of Age എന്ന്?
ഏറ്റവും പുതിയ ഒരുദാഹരണം പറയാം. പഞ്ചായത്ത് ഇലക്ഷന്റെ തലേന്നുവരെ എന്താണിവിടെ മീഡിയ ചെയ്തുകൊണ്ടിരിക്കുന്നത്? പ്രതിപക്ഷ നേതാവും ബി.ജെ.പി അധ്യക്ഷനും നിത്യേന വാർത്താസമ്മേളനം നടത്തി സർക്കാറിനെതിരെ ഓരോരോ ആക്ഷേപം ഉന്നയിക്കും. അതൊക്കെ വൈകുന്നേരത്തുള്ള മുഖ്യമന്ത്രിയുടെ പ്രസ് മീറ്റിൽ ചോദിക്കും. അങ്ങോര് എന്തെങ്കിലും മറുപടി പറയും. തീർന്നു; പിറ്റേന്ന് അടുത്ത ഷോ. ആഞ്ചലോട്ടക്കാരന്റെ ഈ പണിക്കാണോ ജേണലിസമെന്നു പറയുക? പിന്നൊന്നു കൂടിയുണ്ട്- സ്വർണക്കടത്ത് പിടിക്കാനെന്നു പറഞ്ഞ് കേന്ദ്രത്തിൽ നിന്ന് ഇവിടെ കറങ്ങിനടക്കുന്ന അപസർപ്പക വിദ്വാന്മാർ, അവരുടെ യഥാർത്ഥ ഉദ്ദേശ്യം ഏതു കുഞ്ഞിനുമറിയാം, മീഡിയാക്കുഞ്ഞുങ്ങൾ മാത്രം too innocent of reality. എന്നിട്ടോ, കേന്ദ്ര ഏജൻസികൾക്ക് അവരുടെ കഥകൾ പാസ് ചെയ്യാനുള്ള വിത്തുപാടമായി സ്വയം കിടന്നുകൊടുക്കയും.
ഒരൊറ്റ മാധ്യമ സ്ഥാപനത്തിനും തോന്നുന്നില്ല, പ്രസ് മീറ്റുകളിലെ ആക്ഷേപങ്ങളോ ഏജൻസികൾ പറഞ്ഞു പരത്തുന്ന കഥകളോ സ്വന്തമായൊന്ന് അന്വേഷിക്കണമെന്ന്; നിജസ്ഥിതി കണ്ടെത്തണമെന്ന്. അതൊക്കെ വല്യ മെനക്കേടാണ്. ഇതാവുമ്പോൾ അന്നന്നത്തെ കമ്പംകൂട്ടാനുള്ള വഹ ഫ്രീയായി ഒത്തുകിട്ടുന്നു. എടുത്തങ്ങു പെരുമാറിയാൽ പോതും. We become what we behold എന്നു പണ്ട് മക്‌ലൂഹൻ പറഞ്ഞതോർക്കണം. അതിന്റെ ബാക്കിയിലാണ് ഇവിടുത്തെ കഥാഗതി കിടക്കുന്നത്: We shape our tools then our tools shape us.
ന്യൂസ് ചാനലുകളുടെ അപചയം ഇന്ന് വൻതോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്, അതിന് നേതൃത്വം നൽകുന്നവർക്കും അതേക്കുറിച്ച് സ്വയം വിമർശനങ്ങളുണ്ട്. എന്നിട്ടും ഒരടി പോലും മുന്നോട്ടുവെക്കാൻ അവക്കാകുന്നില്ല. എല്ലാത്തരം ദുരന്തങ്ങളും സംഗമിച്ചിരിക്കുന്ന ഇടമാണ് ഇന്ന് ന്യൂസ് റൂമുകൾ.
ഇയാൻ മക് ഇവാന്റെ ഒരു നോവലുണ്ട്- The Child in Time. അതിൽ ടെലിവിഷൻ നോക്കി സദാ മിഴുങ്ങസ്യാന്ന് ഇരിക്കുന്ന ഒരു കഥാപാത്രമുണ്ട്. സഹജീവികൾ ചാനലുകളിലിരുന്ന് പരസ്പരം അവഹേളിക്കുന്നതും ഇറിറ്റേറ്റ് ചെയ്യുന്നതും കണ്ടുകണ്ട് അയാൾ ഈ കാഴ്ചയ്ക്കൊരു പേരിട്ടു- Democrat's Pornography. നമ്മുടെ ന്യൂസ് ചാനലുകളിലെ അന്തിച്ചർച്ചകളെ ഉദ്ദേശിച്ചാണോ മക് ഇവാൻ എഴുതിയതെന്നറിയില്ല. അങ്ങനെ പറയുന്നതിൽ വിഷമമുണ്ട്, നമ്മുടെ ജേണലിസത്തിന്റെ വിഷ്വൽ മുഖമാണല്ലോ ന്യൂസ് ടി.വി.
പണ്ട് എല്ലാം കേമമായിരുന്നു എന്നല്ല. എങ്കിലും ടി.വി കാഴ്ചയുടെ ബാല്യകാലത്ത് ഏഷ്യാനെറ്റും മറ്റും അവതരിപ്പിച്ച ജേണലിസത്തിന് ഒരു കരുത്തും അഴകുമുണ്ടായിരുന്നു. 24x7 ന്യൂസ് ചാനലുകൾ വന്നപ്പോൾ വൈവിധ്യവും കരുത്തും കൂടുമെന്നു കരുതി. സംഭവിച്ചത് മറിച്ചാണ്. മത്സരം കൂടുമ്പോൾ വൈവിധ്യം കൂടുമെന്ന കമ്പോളതത്വമൊക്കെ ഏട്ടിലെ പശു. ഇവിടെയുണ്ടായത് യൂണിഫോമിറ്റിയാണ്. ഏതു ചാനലും ഒരേ പോലിരിക്കും.
അവതാരകകർക്കുപോലും സമാനമായ ഭാവവാഹാദികൾ. വാർത്തകൾക്കും വിശകലനങ്ങൾക്കും ഒരേ അച്ചിലിട്ട പടുതി. മീഡിയ സിൻഡിക്കേറ്റ് പിണറായി വിജയന്റെ തലയിലല്ല, ന്യൂസ് റൂം സിരകളിലാണുദിച്ചത്. സാജാത്യത്തിനുള്ള ത്വരയാണ് ജേണലിസ്റ്റുകൾക്ക്. കൂട്ടത്തിൽ ചേരാനും കൂട്ടം തെറ്റിപ്പോകാതിരിക്കാനുമുള്ള വെമ്പൽ. ഈ herd- instinct വലിയ സുരക്ഷിതത്വം പകർന്നുകൊടുക്കും. ചെറിയൊരു പ്രശ്നം മാത്രം- വച്ചു നടത്തുന്ന കലാരൂപത്തിന് മറ്റുവല്ല പേരുമിടണം.
ന്യൂസ് ചാനലുകൾ നോക്കൂ, നേരും ചൊടിയുമുളള ന്യൂസ് പ്രോഗ്രാമുകൾ പടിയിറങ്ങിപ്പോയി. ഇറക്കിവിട്ടതാവണം. വാർത്തകൾക്ക് നേരം കൂട്ടാനായിരുന്നോ ഇത്? എങ്കിലത് വാർത്തകളിൽ കാണേണ്ടേ? എത്ര വേഗമാണ് വാർത്തകളിൽ നിന്ന് ശരിയായ പ്രയോറിറ്റി മാറിമറിഞ്ഞത്. എല്ലാവരും ഒരേപോലെയിരിക്കാൻ പാകത്തിലായിരിക്കുന്ന പ്രയോറിറ്റി പരികൽപന.
മലയാളം ന്യൂസ് ചാനലുകളുടെ ഒരു പ്രശ്നകാരണം അതിന്റെ ശിരസുകൾക്കു സംഭവിച്ച പ്രയോറിറ്റി പ്രശ്നമാണ്. മുഖത്തു ചായമിട്ട് സ്വയം പ്രദർശിപ്പിക്കാനാണ് മുതിർന്ന ജേണലിസ്റ്റുകൾ മിക്കവരും ശ്രദ്ധവയ്ക്കുന്നത്. ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കാനുള്ള കൊതി തീരുന്നതേയില്ല. അപ്പോൾപ്പിന്നെ ടെലിവിഷൻ എന്ന മാധ്യമത്തിന്റെ സാധ്യതകളേയും അതിലെ ജേണലിസത്തിന്റെ മുരടിപ്പിനെയും കുറിച്ചൊക്കെ ചിന്തിക്കാൻ നേരമെവിടെ?
ടെലിവിഷൻ നൽകുന്ന മുഖപ്രശസ്തിയാണ് അവരെ വഴിതെറ്റിക്കുന്നത്. ഈ മാധ്യമത്തിന്റെ വരവോടെ തെളിഞ്ഞുപോയ കൂട്ടർ ജേണലിസ്റ്റുകളല്ല രാഷ്ട്രീയക്കാരാണെന്നതാണ് ഫലിതം. തങ്ങളാണ് ജേതാക്കളെന്ന മട്ടിൽ നാട്ടിലെ അവതാരകർ ഞെളിയുമ്പോൾ രാഷ്ട്രീയകക്ഷികൾ അവരുടെ മൈലേജ് ഭംഗിയായി കൂട്ടിയെടുക്കുകയാണ്, ടെലിവിഷന്റെ ചെലവിൽ. അതാണ് ശരിയായ കോമഡി ഷോ.
ഉള്ളടക്കത്തിന്റെ ലോജിക്കും വിശ്വാസ്യതയും തങ്ങളുടെ അവകാശമാണെന്ന ബോധം കാണികൾക്കുപോലും ഇന്നില്ല. അത്രമാത്രം കാണുന്നവയിൽനിന്നും കേൾക്കുന്നവയിൽനിന്നും വായിക്കുന്നവയിൽനിന്നും അവർ അന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞു.
നേരത്തെ പറഞ്ഞുവല്ലോ, സ്വന്തം നിലയ്ക്ക് ഓരോ കാര്യവും അന്വേഷിക്കാൻ മെനക്കെടാത്തതിന്റെ കുഴപ്പം. മാധ്യമങ്ങളുടെ ഈ അലംഭാവത്തിനൊപ്പമാണ് സ്വകാര്യ അജണ്ടകളുടെയും ലോബിയിങ്ങിന്റെയും സംഭാവന. സ്വകാര്യ അജണ്ടകൾ എന്നു പറയുമ്പോൾ ജേണലിസ്റ്റുകളുടെ വ്യക്തിപരമായ സെൽഫ് മാർക്കറ്റിങ് പൂതി വരെ ഉൾപ്പെടുന്നു. ലോബിയിംഗിന് പഴയമാതിരിയല്ല, 1991നുശേഷം പ്രൊഫഷനൽ പി.ആർ കമ്പനികളുണ്ട്. ചില്ലറ കൊടുത്ത് പത്രക്കാരെ പാട്ടിലാക്കുന്ന കാലമൊക്കെ പോയി. മികച്ച ശമ്പളവും പെർക്‌സുമുള്ള ജേണലിസ്റ്റുകൾക്ക് ഫൈവ്സ്റ്റാർ ഡിന്നറും മുന്തിയ ഗിഫ്റ്റും ഫോറിൻ ട്രിപ്പുമൊക്കെ നൽകുന്ന ഇടക്കാലവും പോയി.
ജേണലിസ്റ്റുകളെ വെല്ലുന്ന ലീലകൾ പി.ആർ പ്രൊഫഷണലുകൾ മീഡിയക്കുള്ളിൽ തന്നെ നടത്തുന്ന കാലമാണിത്. പത്രക്കാരൊക്കെ വെറും നോക്കുകുത്തികൾ.
ചെറിയൊരു സമീപകാല ഉദാഹരണം പറയട്ടെ. സ്വപ്നയും സ്വർണക്കടത്തുമൊക്കെ നമ്മുടെ ടി.വി ചാനലുകൾ വച്ചലക്കിക്കൊണ്ടിരിക്കുമ്പോൾ എല്ലാ ചാനലുകളിലും വന്നുകൊണ്ടിരുന്ന ഒരു അരമണിക്കൂർ പ്രോഗ്രാമുണ്ട്, ഏതാണ്ടൊരു സീരിയൽ പോലെ നിത്യവും. അത് അവതരിപ്പിക്കുന്നതും വോയ്സ് ഓവർ കൊടുക്കുന്നതും അതതു ചാനലിലെ അവതാരകർ. വിഷയം: കിഫ്ബി വഴി കേരളത്തിലെ ഓരോ നാട്ടിടയിലുമുള്ള വികസന പദ്ധതികൾ. സർക്കാറിന്റെ ഈ പരസ്യം എത്ര കൂളായിട്ടാണ് ചാനലുകളെ വിഴുക്കളഞ്ഞത്. തീർത്തും പെയ്ഡ് തന്നെ; പക്ഷെ പെയ്ഡ് ന്യൂസ് എന്നതിനെ വിളിക്കാൻ ആരും മുതിരുന്നില്ല. അതുവേണ്ടെന്നുവെയ്ക്കാൻ ഒരൊറ്റ ചാനലും മുതിർന്നില്ല. പി.ആർ പ്രൊഫഷണലിസം ഇങ്ങനെയാണ് ജേണലിസത്തെ കാൽച്ചോട്ടിലാക്കുന്നത്.
ഇവിടെ റേറ്റിംഗ് എന്ന മറ്റൊരു തട്ടിപ്പു നടക്കുന്നുണ്ടല്ലോ. സത്യത്തിൽ റേറ്റിംഗ് വേണ്ടത് പരിപാടികൾക്കല്ല, മാധ്യമ സ്ഥാപനങ്ങൾക്കാണ്- ക്രഡിബിലിറ്റി റേറ്റിംഗ്. നിയോലിബറൽ കാലമാണല്ലോ. ആ മട്ടിൽ പറഞ്ഞാൽ, റസ്റ്റോറന്റുകൾക്ക് Michelin Star റേറ്റിംഗ് പോലൊരു ഡേറ്റ റേറ്റിംഗ്. വിശ്വാസ്യത വിലക്കുവാങ്ങാൻ കിട്ടില്ല, മത്സരിച്ചു ജയിച്ച് കപ്പെടുത്താലും കിട്ടില്ല. സ്വന്തം പ്രവൃത്തിയുടെ ശുദ്ധിയിൽ നിന്നാണതുണ്ടാവുക. ആ ശുദ്ധി ഒരു ശീലമാക്കുമ്പോൾ ഒരു സൈഡ് ഇഫക്ടായി വരും, വിശ്വാസ്യത.
ഇത്തരമൊരു സാഹചര്യത്തിൽ ഒരു കൗണ്ടർ / ആൾട്ടർ മീഡിയയുടെ സ്‌പെയ്‌സുണ്ടായിരുന്നു സോഷ്യൽ മീഡിയക്ക്. എന്നാൽ, സോഷ്യൽ മീഡിയ പ്രയോഗം മറ്റൊരു Vicious Space രൂപപ്പെടുത്തുകയാണ് ചെയ്തത്, അനുഭവത്തിൽ.
സോഷ്യൽ മീഡിയ നമ്മുടെ കയ്യിൽ ആന്റിസോഷ്യലാണ്. അതിശക്തമായ ഈ മാധ്യമം കയ്യാളാനുള്ള ശേഷി നമുക്കായിട്ടുണ്ടോ എന്നു സംശയം. ഓലപ്പിപ്പിക്കാരനു നാദസ്വരം കൊടുത്ത മട്ടിലാണ് തൽക്കാലം കാര്യങ്ങൾ. ആദ്യമേ മനസിലാക്കേണ്ടത്, സോഷ്യൽ മീഡിയ പച്ചപിടിക്കുന്ന രാഷ്ട്രീയ പരിസരമാണ്. ഫിനാൻസ് കാപ്പിറ്റലിന്റെ ആഗോള മുന്നേറ്റത്തിന് പറ്റിയ ഒരു വിനിമയത്തേര്. അങ്ങനെയാണിത് കളം പിടിക്കുന്നത്. സ്വഭാവികമായും ഈ രാഷ്ട്രീയത്തിന്റെ പ്രകൃതഘടകങ്ങളൊക്കെ അതിന്റെ വാഹനത്തിനുണ്ടാവും. തൊലിപ്പുറക്കാഴ്ചയും വിഭജിക്കലും റാപ്പിഡ് ആക്ഷൻ പൊളിറ്റിക്സുമെല്ലാം. ഇക്കാല രാഷ്ട്രീയത്തിന്റെ വിനിമയപ്രകൃതം നോക്കൂ- വ്യാജവാർത്ത, പച്ചനുണ, സദാ പ്രചരണമോഡ്, സ്പിൻ... ഇതെല്ലാമല്ലേ സോഷ്യൽ മീഡിയയുടെയും സ്വഭാവഘടകങ്ങൾ? സത്യത്തിൽ സോഷ്യൽ മീഡിയയുടെ അൽഗോരിതങ്ങൾ തന്നെ ലോകത്തെക്കുറിച്ച് തെറ്റായ ധാരണ പകരുന്നതാണ്.
ഉദാഹരണമായി, പുതിയ പൗരത്വബില്ലിനെ അനുകൂലിക്കുന്നയാളാണ് നിങ്ങൾ എന്നിരിക്കട്ടെ, ബില്ലിനെ അനുകൂലിച്ചുള്ള ഡിസ്‌കോഴ്സ് നടത്തുന്ന ഏതെങ്കിലും യൂ ട്യൂബ് സെറ്റിലേക്ക് നിങ്ങളൊന്നു പോകുന്നു. അവിടെ നിന്ന് തൊടുത്ത് ദേശസ്നേഹ സെറ്റുകളിലെത്തുന്നു. അവിടന്ന് പിന്നെ ജിംഗോയ്സ്റ്റിക് ദേശീയതയുടെ സെറ്റുകളിലേക്ക്, സെനഫോബിക് സെറ്റുകളിലേയ്ക്ക്. ഒക്കെ ഏതാനും ക്ലിക്കുകളുടെ ചെലവിൽ. എല്ലാം കണ്ടും കേട്ടും നിങ്ങൾക്ക് ക്ഷോഭം ഒരു ശീലമാകുന്നു, വിഭാഗീയ ചിന്ത നിങ്ങളുടെ നോർമൽ പ്രകൃതമാകുന്നു. ഇതിലൊന്നും പെടാത്ത മറ്റ് സോഷ്യൽമീഡിയാ വേദികളിലേക്ക് നിങ്ങൾ ചെല്ലുന്നത്, ഈ സൈസ് നോർമൽ ലെവലും കൊണ്ടാണ്. അവിടുത്തെ വിനിമയങ്ങൾ നിങ്ങളുടെ ഞരമ്പ് തരിപ്പിക്കുന്നു, അഡ്രീനലിൻ തിളച്ചുപൊങ്ങുന്നു. പിന്നെ എന്തൊക്കെയോ പ്രതികരണമായി തട്ടിവിടുകാന്ന് പറയാൻ പറ്റില്ല. വിഷവും പ്രതിവിഷവും കൊണ്ടാറാട്ട്.
ആദ്യകാലങ്ങളിൽ നമ്മുടെ സോഷ്യൽ മീഡിയ പൊതുവേ ചിരിവകയായിരുന്നു- പൊങ്ങച്ചങ്ങളും ആത്മരതിയും വെടിവട്ടങ്ങളും കൊണ്ടൊരു സ്വകാര്യ പ്രപഞ്ചം. പിന്നെ വിടരുന്ന മൊട്ടുകളുടെ എഴുത്തുകസർത്ത്. ഈ മീഡിയയുടെ കരുത്ത് അതുപയോഗിക്കുന്നവർ തിരിച്ചറിയും, മുതിർന്നുവരും എന്നു പൊതുവേ കരുതി. തിരിച്ചറിഞ്ഞവരുണ്ടായി, എങ്കിലും ഭൂരിപക്ഷവും വേറെ വഴിക്കാണു മുതിർന്നത്. ജേണലിസത്തെ വളർത്തേണ്ടതാണ് സോഷ്യൽമീഡിയ. പക്ഷെ കണ്ടുവരുന്നത് രണ്ടു പ്രവണതകളാണ്. ഒന്ന്, ജേണലിസമെന്ന പേരിൽ വ്യാപകമാകുന്ന മഞ്ഞപ്പത്ര ബിസിനസ്. പ്രിന്റിനോ, ടെലിവിഷനോ വേണ്ട ഭാരിച്ച ചെലവില്ല, അക്കൗണ്ടബിലിറ്റിയില്ല. ചോദ്യോത്തരങ്ങളില്ലാത്ത ആദായ ബിസിനസ്. രണ്ട്, പത്രക്കാരും ടി.വിക്കാരും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന പ്രവണത. വാർത്തക്കും വിശേഷങ്ങൾക്കുമായി ഉപയോഗിക്കുന്നതു മനസിലാക്കാം. എന്നാൽ സോഷ്യൽ മീഡിയയിലെ ചപ്പും ചവറും പ്രമാണിമാരുടെ നാവേറും പെറുക്കിയെടുത്ത് മറ്റുമാധ്യമങ്ങൾ നിറയ്ക്കുന്ന ഏർപ്പാടാണ് മിക്കപ്പോഴും. വല്ലവന്റേം കഴമ്പില്ലാത്ത വാചകമടികൾ കുറിച്ചെടുത്ത് പകർത്തിയെഴുതുന്ന പണിയാണ് പത്രപ്രവർത്തനം- പണ്ട് സ്വാമി ചിന്മയാനന്ദൻ പറഞ്ഞതാണ്. പൂർവാശ്രമത്തിൽ നാഷനൽ ഹെറാൾഡിന്റെ റിപ്പോർട്ടറായിരുന്ന കാര്യം ചോദിച്ചപ്പോൾ, അനുഭവത്തിൽ നിന്നു പറഞ്ഞതാണ്. സോഷ്യൽ മീഡിയയിലെ കഴമ്പില്ലായ്മ പത്രങ്ങളിലും ടി.വി ചാനലുകളിലും പകർത്തുന്ന പണി കൂടി ഇപ്പോൾ ജേണലിസ്റ്റുകളെടുക്കുന്നു. അതിലും കളിക്കുന്നത് പ്രയോറിറ്റി സംബന്ധിച്ച അസംബന്ധജീൻ തന്നെ.
ഉസ്താദ് അംജദ് അലിഖാൻ ഒരിക്കൽ റിയാലിറ്റിഷോകളെപ്പറ്റി സങ്കടപ്പെടുന്നതു കേട്ടു, മറ്റുളളവരുടെ പരാജയങ്ങളും വേദനയുമൊക്കെ ആസ്വദിക്കാൻ പാകത്തിൽ ട്യൂൺ ചെയ്യപ്പെട്ട മനസുള്ളവരുടെ വേദിയാണിതെന്ന്. വലിയൊരളവിൽ സംഗതി സോഷ്യൽ മീഡിയയ്ക്കും ചേരും. എന്തിനേറെ പറയണം, സാദാ പത്രവാർത്തകളുടെ വാലറ്റത്തിടുന്ന കമന്റുകൾ പോലും നോക്കൂ- പച്ചത്തെറിയും അളിഞ്ഞുനാറുന്ന മനസും യാതൊരു മടിയുമില്ലാതങ്ങ് വിക്ഷേപിക്കയല്ലേ?
അതാ പറഞ്ഞത്, സോഷ്യൽ മീഡിയ ഇവിടെ ആന്റിസോഷ്യലാണ്. നിയമം കൊണ്ട് നിയന്ത്രണം വയ്ക്കുന്നതിൽ അർത്ഥമില്ല, ജനാധിപത്യ വിരുദ്ധവുമാണ്. സത്യത്തിൽ, ഇങ്ങനെയൊക്കെ പറയുന്ന, ഈ ലിബറൽ മാർജിൻ മുതലാക്കിയാണ് പലരും കയറി നെഗളിക്കുന്നത്. എഡിറ്ററില്ല എന്നതാണല്ലോ ഈ മീഡിയയുടെ ഏറ്റവും വലിയ കരുത്ത്. ആരു പറഞ്ഞില്ലെന്ന്? എഡിറ്ററുണ്ട്- അവനവൻ തന്നെ. അയാൾ സ്ഥിരമായി ഹാജരല്ല, അതാ പ്രശ്നം. അയാൾ ഹാജരുവച്ചു തുടങ്ങുമ്പോൾ നമ്മൾ അപസ്വരമില്ലാതെ നാദസ്വരം വായിച്ചു തുടങ്ങും.
സാധാരണ പൗരന്മാർക്കുനേരെയുള്ള മാധ്യമ / ഭരണകൂട സർവെയ്‌ലൻസുകളുടെ ആക്രമണങ്ങൾ തീവ്രമായ കാലം കൂടിയായിരുന്നു ഇത്. അനുബന്ധമായി പറയാവുന്ന ഒരു സംഭവത്തിന്റെ റിപ്പോർട്ടറും പിന്നീട് പ്രതിയുമാക്കപ്പെട്ട ഒരാൾ കൂടിയാണ് താങ്കൾ. വിവാദവും ചർച്ചയുമായ ഇ- മെയിൽ കേസിൽ ശരിക്കും എന്താണ് സംഭവിച്ചത്?
അതൊരു ട്രാജി കോമഡിയാണ്. നമ്മുടെ പൊതുബോധത്തിന്റെയും മുഖ്യധാരാ ജേണലിസത്തിന്റെയും നിലവാരം വ്യക്തമാക്കിത്തന്ന ഒരനുഭവം. നിലവാരം മാത്രമല്ല, ആമ്പിയറും.
200ൽ ഒരു പുസ്തകം ചെയ്തിരുന്നു- ടെററിസത്തെപ്പറ്റി. 2010ൽ അതൊന്ന് അപ്ഡേറ്റ് ചെയ്യണമെന്ന് ഒരഭിപ്രായം വന്നു. കാരണം, പുസ്തകമിറങ്ങിയശേഷമുള്ള 10 കൊല്ലത്തിലാണ് ഇന്ത്യയിൽ ഭീകരപ്രവരർത്തനം പൂത്തുലയുന്നത്. ടെററിസം, ഭരണകൂടം വക കൗണ്ടർ ടെററിസം, കാവിഭീകരത, എൻകൗണ്ടർ കൊലകൾ, കോടതി വ്യവഹാരങ്ങൾ, അവിടെ പൊളിയുന്ന പ്രോസിക്യൂഷൻ തിരക്കഥകൾ, ഈ ടെറർ പൊളിറ്റിക്സിൽ തകർന്നുപോയ ജീവിതങ്ങൾ... അതെല്ലാം പഠിച്ച്, പുസ്തകത്തിൽ ചേർക്കാൻ ഏതാണ്ട് ഒരു കൊല്ലത്തെ അന്വേഷണം. ആ യാത്രകൾക്കിടക്കാണ് ഒരു വിവരമറിയുന്നത്. കേരളത്തിൽ റിലീജിയസ് പ്രൊഫൈലിംഗ് പോലെ എന്തോ ഒന്നു നടക്കുന്നു. മുസ്‌ലിംങ്ങളുടെ ഇ- മെയിൽ ചോർത്തുന്ന ഒരു ഡൂബിയസ് പദ്ധതി. മെയിൽ സർവീസ് പ്രൊവൈഡേഴ്സിനും രഹസ്യപൊലീസിനും ഇ-മെയിൽ പോയിട്ടുണ്ട്, വിവരങ്ങൾ തേടിക്കൊണ്ട്.
അവിടെയായിരുന്നു ക്യാച്ച്. കാരണം ചോർത്തൽ ഇവിടൊരു സ്ഥിരം നാടകവേദിയാണ്. ഫോണായാലും തപാലായാലും. സി.സി.ടി.വി പ്രേമികളായ മലയാളികൾക്ക് സർവെയിലൻസ് ഒരു പ്രശ്നമേയല്ലതാനും. കൗതുകമുണർത്തിയത് മെയിൽ സർവീസ് ദാതാക്കൾക്ക് കായതം വിട്ടെന്ന സൂചനയാണ്. അത്രയ്ക്കങ്ങ് മര്യാദാരാമന്മാരല്ല നമ്മുടെ സീക്രട്ട് ഏമാൻഗണം. ഇലക്ട്രോണിക് തപാൽ ചോർത്താൻ അവയ്ക്ക് ഇത്തരം ഔദ്യോഗിക ലൈനൊന്നും ആവശ്യമില്ല. കടലിനടിയിലെ കേബിൾ ശൃംഖലയാണ് ഇമ്മാതിരി കമ്മ്യൂണിക്കേഷന്റെയെല്ലാം അടിത്തറ. ഇന്ത്യൻ ഹബ്ബിൽ അതിന്റെ റിപ്പയൽ ആന്റ് മെയിന്റനൻസ് ചുമതല സർക്കാറിനു പോലുമല്ലല്ലോ. ഭാരതി മിത്തലിന്റെ എയർടെൽ കമ്പനിക്കാണ്. ഈ മേഖലയിലൂടെ കടന്നുപോവുന്ന ഏതിനം വിനിമയവും അവരുടെ ചെന്നൈ ആസ്ഥാനത്തുനിന്നു കൈപ്പറ്റാം- അനൗദ്യോഗികമായി. അതാണ് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളുടെ സ്പെഷ്യൽ ബ്രാഞ്ചുകാരും ചെയ്തുവരുന്നതും. എന്നിരിക്കെ, എന്തേ ഒരു നേർവഴി?
അവിടെ ആദ്യം അറിയേണ്ടിയിരുന്നത് ഈ ചോർത്തൽ നേരാംവഴിക്കുള്ളതാണോ എന്നതാണ്. നിയമാനുസൃത ലൈനിലാണെങ്കിൽ രണ്ടു വഴികളേയുള്ളൂ. ഒന്ന് ഏതെങ്കിലും കോടതി ഉത്തരവിടണം. അങ്ങനെയൊരു അനുമതി ഇക്കാര്യത്തിൽ കിട്ടിയിട്ടില്ല. ഏതെങ്കിലും കേസുണ്ടെങ്കിലല്ലേ, കോടതിയിലെത്തൂ? രണ്ടാമത്തേത്, സർക്കാർ അനുമതിയാണ്: കേന്ദ്രത്തിലാണെങ്കിൽ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു മൂന്നംഗ സർവെയ്ലൻസ് കമ്മിറ്റിയുണ്ട്. ഹോം സെക്രട്ടറിയും ടെലികോം സെക്രട്ടറിയുമാണ് മറ്റംഗങ്ങൾ. സംസ്ഥാന തലത്തിലും സമാനമായ കമ്മിറ്റിയുണ്ട്, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ, ചോർത്തേണ്ട പൗരന്റെ / വ്യക്തിയുടെ വിവരങ്ങൾ ഈ കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം, എന്ത് സംശയത്തിന്റെ പേരിലാണ് ചോർത്തുന്നതെന്നും വ്യക്തമാക്കണം. അതനുസരിച്ച് കമ്മിറ്റി രണ്ടാഴ്ചത്തേക്ക് താൽക്കാലിക അനുമതി കൊടുക്കും. രണ്ടാഴ്ച തീരുമ്പോൾ, ചോർത്തിക്കിട്ടിയ വിവരങ്ങളും നിഗമനങ്ങളും കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. തുടർന്നും രഹസ്യ നിരീക്ഷണം വേണോ വേണ്ടയോ എന്നു കമ്മിറ്റി വിലയിരുത്തും. വേണ്ട, എന്നാണെങ്കിൽ സർവെയ്ലൻസിന് വിധേയനായ വ്യക്തിയെ കമ്മിറ്റി വിവരമെല്ലാം സത്യസന്ധമായി ധരിപ്പിക്കും.
സർവെയ്ലൻസിനുള്ള വ്യവസ്ഥാപിത രീതികൾ രണ്ടും ഈ കേസിൽ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. പിന്നെ എയർടെൽ വഴിക്കുള്ള നാട്ടുനടപ്പിന് തുനിഞ്ഞിട്ടുമില്ല. അപ്പോൾ ചേതോവികാരം മറ്റെന്തോ ആണ്. അതായിരുന്നു അന്വേഷണത്തിന്റെ അടുത്തപടി. 9/11 ന്റെ പശ്ചാത്തലത്തിൽ അമേരിക്ക പ്രഖ്യാപിച്ചല്ലോ വാർ ഓൺ ടെറർ. അതിൽ ഇന്ത്യ അംഗമായ ശേഷം കേന്ദ്ര ആഭ്യന്തരവകുപ്പ് ഒരു സീക്രട്ട്ഫണ്ട് ഏർപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനങ്ങൾ നേരിടാൻ കേന്ദ്ര സംസ്ഥാന ഏജൻസികൾക്കുളള പ്രവർത്തന ഫണ്ട്. 1600 കോടിയിൽ കുറയില്ല. ബജറ്റിനു പുറത്തായതുകൊണ്ട് ഓഡിറ്റിനു വിധേയമല്ല, പാർലമെന്റ് അറിയില്ല.
ചുരുക്കിപ്പറഞ്ഞാൽ ഒരു ബല്യ തോന്ന്യാസക്കിഴി. തോന്നിയപടി തന്നെ അതിൽ നിന്ന് പല സംസ്ഥാന പൊലീസ് സംഘങ്ങളും കാശുവാരി. ഇസ്ലാമികം, മാവോയിസം ഇത്യാദി പല വകുപ്പിലായിരുന്നു വാരൽ, ചിദംബരം ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായി. കണക്കപ്പിളളയാണല്ലോ ചെട്ടിയാറ്. ഈ തോന്ന്യാസപ്പടിക്ക് മൂപ്പര് ചെറിയൊരു കോലുവെച്ചു. കാശുകിട്ടണമെങ്കിൽ മുന്നോടിയായി തരക്കേടില്ലാത്ത ഒരു പ്രൊജക്ട് സമർപ്പിക്കണം. ആ വകുപ്പിൽ കേരളത്തിൽ നിന്ന് ഡൽഹിക്കു ചെന്ന പ്രൊജക്ടുകൾ പലതുണ്ട്. ഒക്കെ രഹസ്യപ്പൊലീസ് ഏമാന്മാരുടെ ആസൂത്രണങ്ങൾ. കണ്ണൻ ഓർമിക്കുന്നുണ്ടാവും, കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാന്റിലെ സ്ഫോടനം, എറണാകുളത്ത് കാക്കനാട് സിവിൽസ്റ്റേഷനിലെ സ്ഫോടനം, അങ്ങനെ ചിലത്... കൊല്ലമെത്രയായി? ഇതൊന്നും എവിടെയുമെത്തിയിട്ടില്ല. ആരും ചോദിക്കയുമില്ല. കാക്കനാട്ടേത് ഒരു മോക്- ഡ്രിൽ ആയിരുന്നെന്ന് വിശദമായി ഞാനൊരു റിപ്പോർട്ട് എഴുതിയിരുന്നു. യാതൊരു പ്രതികരണവുമില്ല. പൊലീസ് ഭാഷ്യം മാത്രം വിഴുങ്ങിയ മാധ്യമങ്ങൾക്ക് പിന്നീടും യാതൊരു ചോദ്യവുമില്ല. പ്രതികരണമൊന്നും എവിടെ നിന്നും വരില്ല. കാരണം, ഇപ്പറഞ്ഞ കേന്ദ്രഫണ്ട് പറ്റാനുളള ഗൂഢപദ്ധതികളാണിതെല്ലാം. കേരളത്തിൽ ഭീകരപ്രവർത്തന സാധ്യത ലൈവാണെന്നു വരുത്താൻ പൊലീസ് നടത്തിയ അന്തരീക്ഷ സൃഷ്ടി. ഈ ഫീലുണ്ടാക്കിക്കഴിഞ്ഞാൽ ഫണ്ട് വിഹിതത്തിന് ഏതുനേരവും അപേക്ഷിക്കാം, എന്തും പറഞ്ഞപേക്ഷിക്കാം. ആർക്കും സംശയം തോന്നില്ല. ഇതിപ്പോ, മാവോയിസ്റ്റ് വേട്ടക്കാലം. തണ്ടർബോൾട്ടും അവരുടെ ഉന്മൂലനയജ്ഞവും. ഓരോ എൻകൗണ്ടർ ഡ്രാമയും കീശയിലെത്തുന്ന കാശത്രയെന്ന് ജനമറിയില്ല., ഒരു കോടതിക്കും ചോദിക്കാനും വകുപ്പില്ല. മുമ്പ് ഇസ്‌ലാമിക ടെററിസത്തിന്റെ അക്കൗണ്ടിലാണ് ഈ ചെക്കുമാറൽ. അങ്ങനെയൊരു ആസൂത്രിതനീക്കമായിരുന്നു ഇ-മെയിൽ പദ്ധതി.
പ്രത്യക്ഷത്തിലുള്ള കഥാകാലക്ഷേപം ഇങ്ങനെയായിരുന്നു- കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ ചിലരുമായി ചില ഭീകരസംഘടനകൾക്ക് സാമ്പത്തിക ഇടപാടുണ്ട്. അതുസംബന്ധിച്ച വിവരകൈമാറ്റം നടക്കുന്നത് ഇ-മെയിൽ വഴിയാണ്. അതു കണ്ടെത്താൻ റാൻഡം പരിശോധന ആവശ്യമുണ്ട്. അതിനായി മുന്നൂറോളം പേരുടെ ഇ- മെയിൽ വിലാസങ്ങളുള്ള ഒരു പട്ടിക സംഘടിപ്പിക്കുന്നു. വിലാസങ്ങൾ വിവിധ മെയിൽ സർവീസ് പ്രൊവൈഡർമാർക്കു കീഴിലാണ്- ഗൂഗ്ൾ, യാഹു, ഏഷ്യാനെറ്റ് ഇന്ത്യ, ഇത്യാദി. ഈ പട്ടിക ഹൈ ടെക് സെല്ലിന് കൈമാറുന്നു. ഒരു കവറിംഗ് ലെറ്ററുണ്ട്: ഈ പട്ടികയിലെ വിലാസക്കാർ നിരോധിക്കപ്പെട്ട ‘സിമി'യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരാണ്, അവരുടെ രജിസ്ട്രേഷൻ ഐഡിയും ലോഗിൻ ഡീറ്റെയ്ൽസും എത്രയും വേഗം ബന്ധപ്പെട്ട മെയിൽ സർവീസ് ദാതാക്കളിൽ നിന്ന് വാങ്ങിത്തരിക എന്നാണ് കത്ത് പറയുന്നത്. ഇന്റേണൽ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പിക്കുവേണ്ടി കത്തിൽ ഒപ്പിട്ടിരിക്കുന്നത് അതേ വിഭാഗത്തിലെ കെ.കെ. ജയമോഹൻ എന്ന എസ്.പി. ദോഷം പറയരുതല്ലോ, ഇമെയിലു വഴി ഭീകരപ്രവർത്തകർ സാമ്പത്തിക ഇടപാടു നടത്തുന്ന കാര്യം കത്തിലില്ല. ‘മാധ്യമ'ത്തിൽ റിപ്പോർട്ട് വന്ന് ഫണ്ട് പദ്ധതി പൊളിഞ്ഞശേഷം പത്രക്കാരോട് പറയുന്ന സ്ഥിരം ന്യായമായിട്ടാണ് ഈ സാമ്പത്തിക ഇടപാടുകഥ വരുന്നത്.
ഹൈ ടെക് സെൽ ഉടനെ ഗൂഗ്ൾ തൊട്ടുള്ള ഓരോ സർവീസ് ദാതാക്കൾക്കും മെയിൽ വിടുന്നു. സംഗതി ഭീകരപ്രവർത്തനമല്ലേ സർവീസ് കമ്പനിയുടെ പ്രൈവസി പോളിസിയൊക്കെ സ്വാഹ. ഇത്രയും വ്യക്തമായതോടെ കഥയൊന്നു സോഴ്സിൽത്തന്നെ വെരിഫൈ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്തേക്ക് കണ്ണു തിരിയുന്നത്. ഈ ഹൈടെക് സെൽ എന്നത് സൈബർ സെല്ലിന്റെ ഏതോ ഭാഗമെന്നാണ് വിചാരിച്ചത്. അതുകൊണ്ട് സൈബർ സെല്ലിൽ അടുപ്പമുള്ള ആരെയെങ്കിലും കിട്ടണം. ആലോചിച്ചപ്പോൾ ഒരു പേരു കത്തി- അഡ്വ. ഷാനവാസ്. സൈബർ സെല്ലുമായി ബന്ധപ്പെട്ട് ചില പ്രധാന കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നറിയാം. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ്. കുറച്ചുകാലത്തെ പരിചയമുണ്ട്. ഷാനവാസിനെ വിളിച്ചു. ശരിയായ കാര്യം പറഞ്ഞില്ല, ഒരു കാര്യം ക്രോസ് ചെക്ക് ചെയ്യാൻ ശരിയായ കാര്യം പറഞ്ഞില്ല, ഒരു കാര്യം ക്രോസ് ചെക്ക് ചെയ്യാൻ സൈബർ സെല്ലിൽ ഒരു കോണ്ടാക്ട് കിട്ടുമോന്നു ചോദിച്ചു. വക്കീൽ തിരുത്തി, ഹൈ ടെക് സെൽ അവിടല്ല, പൊലീസ് ആസ്ഥാനത്തെ വേറൊരു സെറ്റപ്പാണ്. ഭാഗ്യവശാൽ വക്കീലിന് അവിടൊരു പരിചയക്കാരനുണ്ട്- ബിജു സലിം. അയാൾ വഴി അറിയേണ്ടിവരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കൈവശമുള്ള പട്ടിക തന്നെയാണോ ഹൈ-ടെക് സെല്ലിലുളളത്? രണ്ട്, ആ കവറിങ് ലെറ്ററിന്റെ ഉള്ളടക്കം.
വെരിഫിക്കേഷനിൽ കാര്യങ്ങൾ കിറുകൃത്യം. കേരളത്തിൽ വിവിധ തുറകളിലുള്ള മുന്നൂറോളം പേരുടെ ഇ- തപാൽ ചോർത്താനുളള ചാരപ്പടയുടെ പദ്ധതി ഏറെക്കുറെ പൂർത്തിയാവുകയാണ്. ഇത്രയും ബോധ്യമായപ്പോഴാണ് സംഗതി പബ്ലിഷ് ചെയ്യാൻ നിശ്ചയിക്കുന്നത്. അക്കാലത്ത് മാധ്യമം പത്രത്തിൽ ഒരു കോളം ചെയ്തിരുന്നു, അവരുടെ ആഴ്ചപ്പതിപ്പിൽ മിക്കവാറും ആഴ്ചകളിൽ എഴുതുന്നുമുണ്ട്. കോളത്തിന് സ്ഥലപരിതിമിതികളുണ്ടല്ലോ. അതുകൊണ്ട് ആഴ്ചപ്പതിപ്പിൽ ചോദിക്കാമെന്നു വെച്ചു! അവർക്കു തടസമുണ്ടെങ്കിൽ വേറെ വഴിനോക്കാം. ആഴ്ചപ്പതിപ്പിലെ ഷാനവാസ് എം.എയോട് കാര്യം സൂചിപ്പിച്ചു. അദ്ദേഹം പിരിയോഡിക്കൽസ് എഡിറ്റർ പി.കെ. പാറക്കടവിനോടും പത്രാധിപർ ഒ. അബ്ദുറഹ്മാനോടും കാര്യം പറഞ്ഞു. അച്ചടിക്കാൻ അവർ തയ്യാർ. അങ്ങനെ ആഴ്ചതോറുമുള്ള എഴുത്തിന്റെ ഭാഗമായി ഇതും എഴുതി. ഒരു ലക്കമേ ഉദ്ദേശിച്ചിരുന്നുളളൂ. എന്നാൽ സർക്കാർ പ്രതികരണം നിറയെ ഉഡായിപ്പും നുണകളുമായപ്പോൾ മറുപടി അനിവാര്യമായി, അങ്ങനെ രണ്ടാംഭാഗവും കുറിക്കേണ്ടിവന്നു.
ഒരു ഇൻഫെറൻഷ്യൽ റിപ്പോർട്ട്. അങ്ങനെയാണ് സംഗതിക്ക് കൊടുത്ത എഴുത്തുരൂപം. രേഖകളൊന്നും അച്ചടിക്കേണ്ടതില്ല. പകരം സർക്കാറിന്റെ ഇന്ന ഇന്ന രേഖകൾ പ്രകാരം ബോധ്യമാവുന്ന വസ്തുതകൾ എന്ന മട്ടിൽ അവതരിപ്പിക്കുക. അല്ലെങ്കിൽപ്പിനെ ഏമാന്മാരു പറയും, രഹസ്യ രേഖകൾ കട്ടെന്ന്. ആ വഴിക്ക് കാര്യങ്ങൾ തിരിച്ചുവിടും. നമ്മുടെ ഏമാൻഗണത്തിന്റെ ഐ.ക്യുനിലവാരം അങ്ങനെയാണല്ലോ.
പുസ്തക രചനയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തൽ, പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുപകരം ഒരു ആനുകാലികത്തിൽ കൊടുത്തത് എന്തുകൊണ്ടാണ്?
വേണമെങ്കിൽ പുസ്തകത്തിൽ അച്ചടിക്കാമായിരുന്നു, രേഖകൾ സഹിതം. എന്നാൽ ഒരു ജനറൽ പിരിയോഡിക്കൽ വഴി പുറത്തുവരട്ടെ എന്നു തീരുമാനിച്ചതിനു ചില കാരണങ്ങളുണ്ട്. ഒന്ന്, വടക്കെ ഇന്ത്യൻ മോഡലിൽ ഇവിടെയൊരു ഭീകരാന്തരീക്ഷ സൃഷ്ടി നടത്തുന്നത് അൽ ഖയിദ, ലഷ്‌കറെ ത്വയ്യിബ, ആ ജാതി കില്ലാഡികളല്ല, കേരളാ പൊലീസാണ്. അതും ഒരു ജനാധിപത്യ സർക്കാരിന്റെ മറയിൽ. ഭരണകൂട ഏജൻസി എന്ന നിലയ്ക്ക് ഇതവരുടെ താരിഫാണ്. തിരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലെത്തുന്ന ജനനേതാക്കൾ കേവലം സ്റ്റേജ് മാനേജർമാർ മാത്രമാണ്, അവർ ആരായാലും ഭരണകൂടം അതിന്റെ പണി തുടർന്നുകൊണ്ടിരിക്കും. അതിന്റെ ലേറ്റസ്റ്റ് തെളിവല്ലേ, ചെന്നിത്തലയ്ക്കുകീഴിലും പിണറായിക്കു കീഴിലും നടന്ന മാവോയിസ്റ്റ് കൊലകൾ? തല മാറിയതുകൊണ്ട് തരവഴി മാറിയോ?
രണ്ട്, കേന്ദ്രഫണ്ട് തരപ്പെടുത്താനാണെങ്കിൽ പോലും ഈ ചാരപ്പടയുടെ അറ്റംപ്റ്റ് ഒരു തരത്തിലുള്ള റിലീജ്യസ് പ്രൊഫൈലിംഗിനാണ്. ഇന്ത്യൻ സ്റ്റേറ്റ് അന്ന് അനുവർത്തിച്ചുപോന്ന ദേശീയ നയമാണ് ഇസ്‌ലാമോഫോബിയ. അത് കേരളത്തിലെ ഏജൻസിയും കൂളായി പ്രയോഗിക്കുന്നു. ആരു ചോദിക്കാൻ?
മൂന്ന്, ഒരു ജേണലിസ്റ്റിക് കൗതുകം- കേരളത്തിലെ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും സർവെയ്ലൻസ് എന്ന പ്രമേയത്തോടുള്ള സമീപനമെന്ത്? അതൊന്നറിയണമെന്നുണ്ടായിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് മൂന്നുമാസം മുമ്പാണ് ലണ്ടനിൽ ഒരു റഫറൻഡം നടക്കുന്നത്. ഫോൺ തൊട്ട് സകല വിനിമയ മാധ്യമങ്ങളുടെയും തൽസമയ സർവെയ്ലൻസ് നടത്താൻ ജയിംസ് കാമറൂൺ ഗവൺമെന്റ് ആലോചിക്കുന്നു. വിശേഷിച്ചും 7/11 പോലുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ. അതു വേണോ വേണ്ടയോ എന്നാണ് ജനഹിത പരിശോധന. പൗരാവലിയിലെ 97 ശതമാനവും പറഞ്ഞത്, a big NO. എന്നുവെച്ചാൽ ഏതു ഭീകരാക്രമണത്തേക്കാളും വലിയ ഭീഷണിയായി അവർ കരുതുന്നത് സ്വന്തം സ്വകാര്യതയിലേക്കുള്ള ഒളിനോട്ടമാണ്. പ്രബുദ്ധകേരളത്തിന് ഇക്കാര്യത്തിലുള്ള നിലപാടെന്താവാം?
നാല്, നമ്മളെ ചോർത്തുന്നവരെ തിരിച്ചു ചോർത്തുന്നതിലുള്ള ഒരു കുസൃതിസുഖം ഒരു അണ്ണാറക്കണ്ണനും തന്നാലായത്- ലൈൻ.
മാധ്യമം ആഴ്ചപ്പതിപ്പിൽ റിപ്പോർട്ട് വന്നശേഷമുള്ള പ്രതികരണം എന്തായിരുന്നു?
മാധ്യമം ഇത് വലിയ പബ്ലിസിറ്റിയൊക്കെ കൊടുത്ത് ആഘോഷിച്ചു. ന്യൂസ് ചാനലുകൾ സംഗതി ഏറ്റെടുത്തു. ഭരണപക്ഷത്ത് ആദ്യമൊരു മരവിപ്പായിരുന്നു. പൊലീസ് തലപ്പത്ത് ആകപ്പാടെയൊരു അങ്കലാപ്പ്. അങ്ങനെ പോയി, പ്രാഥമിക പ്രതികരണങ്ങൾ. മുഖ്യമന്ത്രി ചാണ്ടി ഇങ്ങനൊരു ചോർത്തലേയില്ലെന്നാണ് തുടക്കത്തിൽ തട്ടിവിട്ടത്. എന്നാൽ പിറ്റേന്നുതൊട്ട് പൊലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ ശാരികപ്പൈതലായി, മുഖ്യൻ. അവിടെയാണ് ചാണ്ടിയിലെ ജനകീയ നേതാവ് ഭരണകൂട ഏജൻസിയുടെ വെറും മിമിക്രിക്കാരനായിപ്പോയത്.
ഒന്നാമത്, സർവെയ്ലൻസിന്റെ പൗരവിരുദ്ധതയൊന്നും ചാണ്ടിക്ക് പിടിയില്ല. അതുകൊണ്ടുതന്നെ സ്വകാര്യതയുടെ രാഷ്ട്രീയവുമറിയില്ല. തന്റെ സർക്കാറിനെതിരായ ഏതോ രാഷ്ട്രീയ നീക്കമാണിതെന്ന ബാലിശതയിലായിരുന്നു ടിയാന്റെ മനസ്. അതിന്റെ ഫലമായി പൊലീസിന്റെ മാനിപ്പുലേഷന് വേഗം ഇരയായിക്കൊടുത്തു. സമൂഹത്തിനെതിരായ കുറ്റകൃത്യം രഹസ്യമായി നടത്തിവന്ന പൊലീസുകാർ ഏക്കാലവും സ്വയം ന്യായീകരിക്കുകയേയുള്ളൂ എന്ന ലളിത യാഥാർത്ഥ്യം പരിചയ സമ്പന്നനായ ചാണ്ടിയെ ഒഴിഞ്ഞുപോയി. പിന്നെ, ആരാണീ പുന്നൂസ്? ഇടതു- വലതു സർക്കാറുകൾ മാറിമാറി വന്നപ്പോഴും ദീർഘകാലം ഇന്റലിജൻസ് മേധാവിയുടെ കസേര കാത്ത അഭ്യാസി. സുപ്രീം കോടതി ഉത്തരവുപ്രകാരം പൊലീസ് പരിഷ്‌കരണം അനിവാര്യമായപ്പോൾ ഇതേ പുന്നൂസിനെയാണ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ചുമതലയേർപ്പിച്ചതെന്നോർക്കുക. കള്ളനെ കാവലേൽപ്പിച്ച കലാപരിപാടി.
അങ്ങനെ പൊലീസുകാർക്കുവേണ്ടി ഒരു പരിഷ്‌കരണ റിപ്പോർട്ടുണ്ടാവുന്നു. പല്ലും നഖവുമില്ലാത്ത ഒരു പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുണ്ടാവുന്നു. ചുരുക്കത്തിൽ, വളരെ അത്യാവശ്യമായ പൊലീസ് റിഫോം കുളമാക്കിക്കൊടുത്ത ടിപ്പിക്കൽ പൊലീസുകാരനാണ് പുന്നൂസ്. നമ്മുടെ രാഷ്ട്രീയക്കാരെ പൊട്ടൻ കളിപ്പിക്കാൻ നല്ലോണമറിയുന്ന വിത്ത്. ഇ-മെയിൽ വൃത്താന്തം പുറത്തായതും ടിയാൻ മുഖ്യമന്ത്രിയെ ബ്രയിൻവാഷ് ചെയ്യുന്ന ചുമതലയേറ്റു. ഭീകരപ്രവർത്തകരുടെ ചില ഫണ്ടിടപാട് പിടിക്കാൻ നടത്തിയ രഹസ്യനീക്കമാണ് ഈ വെളിപ്പെടുത്തൽ വഴി അട്ടിമറിച്ചിരിക്കുന്നത്, ഇത് ഇവിടുത്തെ തീവ്രവാദികൾക്ക് വലിയ വളമാകും, അതുകൊണ്ട് വിവരം ചോർത്തിയവരെ ഒരു പാഠം പഠിപ്പിക്കണം- ഇതായിരുന്നു മുഖ്യമന്ത്രിക്കു കിട്ടിയ ഓത്തുപാഠം. സ്വന്തം നിലക്ക് വല്ലതും പഠിക്കുന്ന ദുശ്ശീലമില്ലാത്തതുകൊണ്ട് ഏമാൻ ചൊന്നതപ്പടി ചാണ്ടി ഏറ്റുപാടി. ആ പാട്ടിലെ മണ്ടത്തരങ്ങൾ ഏറ്റുപാട്ടുകാരന് തിരിഞ്ഞതുമില്ല.
അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി റിപ്പോർട്ടിലെ കാര്യങ്ങൾ ശരിവെക്കുകയാണല്ലോ ചെയ്തത്
ഇന്റലിജൻസുകൾക്കുവേണ്ടി അവരുടെ മുൻമേധാവി നടത്തുന്ന ഉഡായിപ്പാണിതെന്ന് വകതിരിവുണ്ടായിരുന്നെങ്കിൽ ചാണ്ടി ശ്രദ്ധിക്കുമായിരുന്നു. രണ്ടു ലളിതമായ കാര്യങ്ങൾ ഒന്നു നോക്കിയിരുന്നെങ്കിൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ, പൊലീസിന്റെ ഉരുട്ടിപ്പിരട്ട്.
ഒന്ന്, ഈ പട്ടിക എങ്ങനെയാണുണ്ടായത്?
പുന്നൂസിന്റെ മറുപടി രസകരമാണ്: ‘കുറേക്കാലമായി ഞങ്ങൾ നിരീക്ഷിച്ചുവരുന്ന ഒരാളുടെ കയ്യിൽ നിന്നു കിട്ടിയതാണ്'
ആരാണയാൾ?
‘അതു പറയില്ല'
അതെന്താ പറയാൻ കഴിയാത്തത്?
‘നിരീക്ഷിച്ചുവരുന്നതേയുള്ളൂ കേസൊന്നുമില്ല'.
പിന്നെന്തിനാണ് നിരീക്ഷിക്കുന്നത്?
‘അങ്ങനെ പലരേയും നിരീക്ഷിക്കാറുണ്ട്'
ഇങ്ങനെ പോകുന്നു പട്ടികയുടെ ഉൽപത്തിക്കഥ.
‘ഈ പട്ടിക വച്ചിട്ട് എന്തു ചെയ്യാനാണ്? '
‘പട്ടികയിലെ മെയിൽ ഐഡികൾ ശരിക്കുള്ളതാണോ വ്യാജമാണോ എന്നു കണ്ടെത്താൻ.'
‘ശരിക്കുള്ളതാണെങ്കിൽ? '
‘എങ്കിൽ, അതിലാരും കുഴപ്പക്കാരല്ലെന്നുറപ്പിക്കാം.'
‘മറിച്ചാണെങ്കിൽ?’
‘വ്യാജ ഐഡിയുള്ളവരെ നിരീക്ഷിക്കാം.'
‘ഒ.കെ, എങ്ങനെയാണതു കണ്ടു പിടിക്കുക?. ഒറിജിനലലോ വ്യാജമോ എന്ന്?’ ‘അതിനാണ് ഹൈടെക് സെല്ലിനെ ഏൽപ്പിച്ചത്. അവരത് വെരിഫൈ ചെയ്യും?' ‘എങ്ങനെ?’
‘ബന്ധപ്പെട്ട മെയിൽ സർവീസ് ദാതാക്കളോട് വെരിഫൈ ചെയ്യും'
‘എന്നുവെച്ചാൽ ഇ മെയിലുകൾ തുറന്നുവായിക്കും?’
‘ഒരിക്കലുമില്ല'
‘മെയിൽ ദാതാക്കളോട് ചോദിക്കുന്നത് ലോഗ്-ഇൻ ഡീറ്റെയ്ൽസാണല്ലോ. അതിൽ രണ്ടെണ്ണമല്ലേയുള്ളൂ- യൂസർ നെയിമും, പാസ് വേർഡും?’
‘നോ നോ നോ. പാസ് വേർഡൊന്നും ചോദിച്ചിട്ടില്ല.'
ഈ ങഞണനമ- യാണ് ചാണ്ടിയുടെ നാവിൽ പുന്നൂസ് പതിച്ചുവിട്ടത്. മുഖ്യമന്ത്രിയുടെ സമ്പൂർണ്ണ ഡിജിറ്റൽ നിരക്ഷരത ഇതൊക്കെ കേട്ട പത്രക്കാരങ്ങ് കണ്ണടച്ചുവിട്ടു. പ്രശ്നം മുഖ്യനെ ഈ പരുവത്തിലാക്കിയ പൊലീസേമാന്റെ സിരകൾക്കായിരുന്നു. പുന്നൂസ് പറഞ്ഞപോലെ വ്യാജവിലാസക്കാരെ കണ്ടെത്താൻ എന്താവഴി? മൊത്തം പേജുകളുടെയും ഇ-തപാലുകൾ തുറന്നുവായിച്ചുനോക്കണം. പക്ഷെ തുറക്കില്ലെന്നാണ് പുന്നൂസും അതുവഴി മുഖ്യമന്ത്രിയും ശഠിക്കുന്നത്. എന്താണ് ചേതോവികാരമെന്ന് ഊഹിച്ചോളുക.
എന്റെ റിപ്പോർട്ടിന്റെ കാതൽ നാലേ നാലു പോയിന്റുകളാണ്. ഒന്ന്, ഇങ്ങനൊരു തപാൽ ചോർത്തലൽ പട്ടികയുണ്ടാക്കിയിരിക്കുന്നു. അതിൽ 95 ശതമാനവും മുസ് ലിം പൗരന്മാരാണ്. രണ്ട് അവരെല്ലാം, നിരോധിക്കപ്പെട്ട സിമിയുമായി ബന്ധപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു. മൂന്ന്, അവരുടെയെല്ലാം ഇ-മെയിൽ തുറന്നു പരിശോധിക്കാൻ വേണ്ടി ബന്ധപ്പെട്ട മെയിൽ സർവീസ് പ്രൊവൈഡർമാരോട് രജിസ്ട്രേഷൻ ഐഡിയും ലോഗ്-ഇൻ ഡീറ്റെയ്ൽസും ചോദിച്ചിരിക്കുന്നു. നാല്, ആ കമ്പനികകൾ പ്രസ്തുതവിവരം പൊലീസിന് കൈമാറിയിരിയുന്നു.
ഇതിൽ ഒന്നാമത്തേത് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാബിനറ്റ് ബ്രീഫിംഗിൽ പരസ്യമായി സമ്മതിച്ചു. രണ്ടാമത്തേത് പത്രക്കാർ ചോദിച്ചപ്പോൾ ഒന്നു തപ്പി, പെട്ടെന്നുതന്നെ ഉരുണ്ടു- അതൊരു ഉദ്യോഗസ്ഥന്റെ കൈപ്പിഴയാണെന്ന്. വലിയ സംഘം പൗരന്മാരെ ഒറ്റയടിക്ക് നിരോധിത സംഘടനയുടെ ആളുകളാക്കി മാറ്റിയ ആ കൈപ്പിഴക്കാരനെതിരെ നടപടിയുണ്ടോ?
‘നെവർ, സാരമില്ല കൈപ്പിഴയല്ലേ?' മുഖ്യമന്ത്രിയാശാൻ ക്ഷമിച്ചിരിക്കുന്നു!
മൂന്നാമത്തെ പോയിന്റ് മുഖ്യമന്ത്രി തന്നെ ഇതേ ബ്രീഫിംഗിൽ സമ്മതിച്ചു. നാലാം പോയിന്റ്- മെയിൽ കമ്പനികൾ മറുപടി തന്നോ എന്നത് ടിയാനറിയില്ല. പക്ഷെ അതറിഞ്ഞു ഉത്തരം സാക്ഷാൽ ഡി.ജി.പിയിൽ നിന്നുതന്നെ വന്നു. റിപ്പോർട്ടർ ടി.വിയിൽ നികേഷ് കുമാറിന്റെ ചോദ്യത്തിന് പുന്നൂസിന്റെ മറുപടി: ‘നൂറു ജിഗാ ബൈറ്റൊന്നും കിട്ടിയിട്ടില്ല. അതിലും കുറവാണ്' (മാധ്യമം റിപ്പോർട്ടിൽ നൂറു ജിഗാബൈറ്റ് സിഡി കിട്ടി എന്നാണ് എഴുതിയിരുന്നത്).
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ റിപ്പോർട്ടിലെ നാലു കാർഡിനൽ പോയിന്റ്സും ഇങ്ങനെ പരസ്യമായി കോറൊബറേറ്റ് ചെയ്തു. എന്റെ സാക്ഷികൾ മുഖ്യമന്ത്രിയും ഡി.ജി.പിയുമാണ്.
ആ പട്ടിക ശരിക്കും ഉത്ഭവിച്ചതെങ്ങനെയാണ്?
അത് ചാരപ്പടയുടെ ഫണ്ട് പദ്ധതിക്കുള്ള തിരക്കഥയുടെ ഭാഗമാണ്. കൊടുങ്ങല്ലൂരിൽ പ്രസ് നടത്തിപ്പുകാരനും സ്ട്രിംഗറുമൊക്കെയായ ഒരു ഷക്കീലുണ്ട്. അയാളുടെ ഇൻഡക്സ് ബോക്സിലെ വിലാസങ്ങളാണ് പട്ടികയിൽ ഭൂരിപക്ഷവും. അതിനൊപ്പം സിമി കേസുകൾ നടത്തുന്ന വക്കീലന്മാരുടെയും ചില ദളിത് ആക്ടിവിസ്റ്റുകളുടെയും വിലാസങ്ങൾ ചേർത്തു. ഷക്കീലിന്റെ ക്ലയന്റ് ലിസ്റ്റാണ് അടിസ്ഥാനം. അയാളെ പ്രതിയാക്കാൻ പിൽക്കാലത്ത് ശ്രമം നടത്തി. പക്ഷെ ലിങ്ക് ചെയ്യാനൊത്തില്ല.
മലയാള മാധ്യമങ്ങളുടെ പാരസ്പര്യം കൗതുകകരമായ ഒരു കാര്യമാണ്. പ്രധാനപ്പെട്ട, പൊതുതാൽപര്യമുള്ള ഒരു വാർത്ത, ഒരു മാധ്യമത്തിൽ മാത്രമായി അച്ചടിച്ചുവന്നാൽ ഒന്നുകിൽ സഹജീവികൾ ആ വാർത്ത കണ്ടില്ലെന്നുനടിക്കും, അല്ലെങ്കിൽ അതിനെ ഇല്ലാതാക്കാൻ നോക്കും. ഒരു മാധ്യമം ചെയ്ത വാർത്തയുടെ ഫോളോഅപ്പ് ചെയ്യുക എന്നത് എന്തോ അപരാധം പോലെയാണ്. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ടും ഇത്തരം പ്രതികരണങ്ങളാണ് മറ്റു മീഡിയകളിൽനിന്നുണ്ടായതെന്ന് ഓർക്കുന്നു
ടി.വി ചാനലുകൾ കുറേ ദിവസങ്ങൾ ചർച്ചാപൂരത്തിലായിരുന്നു. അതിലാക്കെ നിരീക്ഷകർ എന്ന ലേബലിൽ ചില വിദ്വാന്മാർ പ്രത്യക്ഷപ്പെടും. അതി വ്യാഖ്യാനവും ബൗദ്ധികകസർത്തുമാണ് മൃഗയാവിനോദം. അക്കൂട്ടത്തിൽ ഒരു കോഴിക്കോടൻ ബുദ്ധിജീവി ദാർശനിക ഭാവാഭിനയം വഴി ഒരു പ്രപഞ്ചരഹസ്യം പുറത്തുവിട്ടു: ബിജു സലിം എന്ന പൊലീസുകാരൻ ജമാഅത്തെ ഇസ്ലാമി കേരള പൊലീസിൽ പ്ലാന്റ് ചെയ്തിരിക്കുന്ന mole ആണ്. ഏഷ്യാനെറ്റിൽ ഇതു കണ്ടപ്പോൾ ചിരിയടക്കാനായില്ല. നമ്മുടെ ബുദ്ധിജീവികളും റിയാലിറ്റിയും തമ്മിലുള്ള ബന്ധമോർത്ത്. ഇത്ര കുശാഗ്രബുദ്ധിയായ ഈ ഷെർലക്ഹോംസിനെപ്പറ്റി അന്വേഷിച്ചപ്പോഴാണറിയുന്നത് ആളൊരു ജമാഅത്ത് വിരോധിയായ മുസ്‌ലിം ബുജിയാണ്.
മലയാള മനോരമ ചാനലായും പത്രമായും അഴിഞ്ഞാടി. സർവെയ്ലൻസ് ഒന്നുമല്ല അവർക്കു പ്രശ്നം, കുഞ്ഞൂഞ്ഞാണ്. പണ്ടൊക്കെ മനുഷ്യരെ പെറ്റിടുന്നത് പാളയിലേക്കായിരുന്നു, കുഞ്ഞൂഞ്ഞിനെ പെറ്റിട്ടത് ന്യൂസ് പ്രിന്റിലേക്കാണ്. അതും മനോരമ വക. മാതൃഭൂമിക്ക് അന്ന് ടി.വി ചാനലായിട്ടില്ല. പകരം പത്രം ആ ധർമം കൂടി വഹിച്ചു. അതിലെ ഒരു നിലയ വിദ്വാൻ ഇത് വ്യാജവാർത്തയാണെന്നുവരെ വച്ചുകാച്ചി. സാക്ഷാൽ മുഖ്യമന്ത്രി പരസ്യമായി വൃത്താന്തം സമ്മതിച്ചശേഷമാണ് ഈ വാഗ്വിലാസമെന്നോർക്കണം.
സ്വ.ലേ. കളുടെ ഈ സൈസ് കോമാളിത്തങ്ങൾ പോട്ടെ. ശരാശരി മലയാളിക്ക് ഇത്തരം പ്രമേയങ്ങളിലുള്ള മനോനില പ്രതിഫലിപ്പിച്ചത് എം.എം ഹസനാണ്. ‘‘നമ്മൾ പെൺകുട്ടികളെ കോളജിലേക്കയക്കുമ്പോൾ അവർക്കുമേൽ ഒരു കണ്ണ് വയ്ക്കാറില്ലേ, അവരുടെ സുരക്ഷായി? അതുപോലെയാണ് സർക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നതും. എന്താ കുഴപ്പം? ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങളാണ്.'’ - അറിവില്ലാ പൈതങ്ങളാണ് പൗരാവലി. കാത്തരുളാൻ കരുണാമയനായ ഭരണകൂട പ്രഭു. കെ.പി.സി.സി അധ്യക്ഷനാണ് അന്ന് ഈ പ്രഭു. എങ്ങനെയുണ്ട്, നമ്മുടെ ജനാധിപത്യ പ്രഭുക്കളുടെ പൗര സങ്കൽപം?
ശരിയായ പ്രമേയം പൗരന്റെ സ്വകാര്യതയും ഭരണകൂട സർവെയ്ലൻസുമാണെന്ന നേര് ഈ ഒച്ചപ്പൂരത്തിൽ മുങ്ങിമരിച്ചു, മാധ്യമങ്ങൾ പൊതുവിൽ രണ്ടായി ചേരിതിരിഞ്ഞു. ഭരണകൂടത്തിന്റെ പൗരവിരുദ്ധ ചെയ്തിയെപ്പറ്റി കൂട്ടത്തിലൊരു മാധ്യമം വെളിപ്പെടുത്തൽ നടത്തിയാൽ നേരെന്തെന്ന് സ്വന്തം നിലയ്ക്ക് അന്വേഷിക്കാം, കണ്ടെത്താം. കാരണം ഇവിടെ പരാമർശവിഷയം പൗരന്റെമേലുള്ള ഗോപ്യമായ ആക്രമണമാണ്. അതെപ്പറ്റി പറയുന്നത് ഏതു പത്രം എന്നതല്ല പ്രധാനം. എന്നാൽ കേരളത്തിലെ ഒരൊറ്റ മാധ്യമവിദ്വാനും ഈ പണിയെടുത്തില്ല. അതേസമയം, ചാരപ്പട കാതിലോതുന്നത് തൊണ്ട തൊടാതെ ‘എക്സ്‌ക്ലൂസീവാ'ക്കുന്ന സ്റ്റെനോപ്പണിയിൽ ഹിന്ദു മുതൽ മാതൃഭൂമിവരെയുള്ള പത്രങ്ങളിലെ ക്രൈം റിപ്പോർട്ടർമാർ മത്സരിച്ചുകൊണ്ടിരുന്നു.
രാഷ്ട്രീയ പാർട്ടികളിൽ, മുസ്‌ലിംലീഗ് ആദ്യമൊന്നു പകച്ചു. അവർ കൂടി അധികാരത്തിലിരിക്കുമ്പോൾ മുസ്‌ലിംകളെ ചോർത്തുന്നതിലെ വൈക്ലബ്യം. പോരെങ്കിൽ സംഗതി പുറത്തുവന്നിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണത്തിലൂടെയാണ്. എന്നാൽ അവർ വേഗം സമനില വീണ്ടെടുത്തു. കെ.എൻ.എ ഖാദർ പരസ്യമായി പറഞ്ഞു, ഇത് പത്രക്കാരുടെ വൈഭവമാണ്, വിവരം ചോർത്തിയത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്.
ഇത്തരം മൗലിക പ്രമേയങ്ങളോട് സമൂഹവും മാധ്യമങ്ങളും എടുക്കുന്ന സമീപനമാണ് ഇവിടെ നഗ്‌നമായിപ്പോയത്. ഈയിടെ സ്പ്രിങ്ളർ ലഹള കണ്ടപ്പോൾ ചിരിച്ചു മണ്ണ്കപ്പി. കോവിഡ് രോഗികളുടെ ഡാറ്റ ചോരും പോലും! ബയോമെട്രിക്സത്രയും നഗ്‌നമാക്കുന്ന ആധാറും കിടുപിടികളും പോട്ടെ. നാടുനീളെ സി.സി.ടി.വി, തെരുവുനീളെ ക്യാമറക്കണ്ണ്. ഒന്നും പോരാഞ്ഞ് കേരള പൊലീസ് കൊട്ടിഘോഷിക്കുന്ന ഒരു ദിവ്യദൃഷ്ടിയുണ്ട്- സൈബർ ഡോം. കുറ്റകൃത്യങ്ങൾ തടയാനെന്ന പളുങ്കുന്യായം ഒരു സമൂഹത്തെയാകെ ഒളിക്യാമറയുടെ കീഴിലാക്കുമ്പോഴും ആർക്കും ഒരു പരാതിയുമില്ല. ഈ ഭരണകൂട ക്രിമിനാലിറ്റിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന എം.എം ഹസൻമാരല്ലേ നമ്മളെല്ലാം? സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോൾ വെണ്ടയ്ക്കാ നിരത്തി. എന്താണീ വിളംബരത്തിന്റെ നാട്ടുനടപ്പെന്ന സരളമായ ചോദ്യം ആരും സ്വയം ചോദിച്ചില്ല. പറഞ്ഞുവന്നാൽ സംഗതി സക്കർബർഗിന്റെ കളപ്പുരയിലെ പ്രൈവസി പോളിസിയുടെ പരുവത്തിലാ- മഞ്ഞളുപോലെ വെളുത്തിരിക്കും.
പട്ടികയിലുള്ള മുസ്‌ലിംകളുടെ പേരു മാത്രം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചത് വർഗീയത ലക്ഷ്യമിട്ടാണെന്ന പ്രചാരണവുമുണ്ടായിരുന്നു, സർക്കാറിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന്.
ഉമ്മൻചാണ്ടി പറഞ്ഞു, കേസെടുക്കുന്നില്ല; മാധ്യമം തെറ്റുതിരുത്തിയാൽ മതിയെന്ന്. എന്താണു തിരുത്തേണ്ടതെന്ന് ടിയാൻ പറഞ്ഞില്ല. ആഴ്ചപ്പതിപ്പിൽ റിപ്പോർട്ടിനൊപ്പം കൊടുത്ത പട്ടികയിൽ മുസ്ലിംകളല്ലാത്തവരുടെ പേര് ഒഴിവാക്കിയതാണ് പുന്നൂസം കമ്പനിയും കണ്ടുപിടിച്ച ഏക പരിച. സർക്കാർ പട്ടിക മാധ്യമം തിരുത്തി എന്നായിരുന്നു ഘോഷം. അപ്പോൾ സർക്കാറിനൊരു ചോർക്കൽ പട്ടികയുണ്ടെന്ന് സമ്മതിച്ചു. പോട്ടെ. മാധ്യമം അച്ചടിച്ചത് ആ പട്ടികയിൽ നിന്ന് മുസ്‌ലിം എന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന ഐഡികളാണ്. അവരുടെ പട്ടികയ്ക്കു മീതെ കേരള പൊലീസ് ചോർത്തുന്ന മുസ്‌ലിംകളുടെ പേരുവിവരം എന്ന് തലക്കെട്ടുമുണ്ട്. അക്കാര്യം സൗകര്യം പോലെ വിഴുങ്ങിക്കൊണ്ടാണ് പൊലീസും പൊലീസ് മന്ത്രിയും തെറ്റ്, തെറ്റ് എന്ന് ഒച്ചയെടുത്തത്. അല്ലാതെ മൂന്നുറോളം പൗരന്മാരുടെ തപാൽ ചോർത്തിക്കുന്ന ഗൗരവമുള്ള കുറ്റകൃത്യമല്ല തെറ്റ്. നിയമപ്രകാരം പൊലീസിനെതിരെ മുന്നൂറോളം സൈബർ കേസുകൾ എടുക്കേണ്ട കുറ്റകൃത്യം. പ്രത്യക്ഷത്തിൽ അമുസ്‌ലിംകളുടേത് എന്ന് മാധ്യമം കരുതിയ ഏഴെട്ടു വിലാസങ്ങൾ അവർ അച്ചടിക്കാതിരുന്നാലോ അച്ചടിച്ചാലോ പൊലീസ് നടപടിയുടെ ക്രിമിനൽ ഇൻടെൻഡ് ഒട്ടും മാറുന്നില്ല.
സിമി ബന്ധം ആരോപിച്ചാണല്ലോ ഈ ചോർത്തലത്രയും. അതിൽനിന്ന് പകൽപോലെ വ്യക്തമല്ലേ ഈ നിഴൽക്കുത്തിനു പിന്നിലെ മതപരമായ ചേതോവികാരം? ഏതായാലും ആ എപ്പിസോഡ് തീർത്ത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒന്നടങ്ങി. ഏമാന്മാർക്ക് അടങ്ങാൻ പറ്റുമോ? പാഠം പഠിപ്പിക്കണ്ടേ? കാരണം, ചോർത്തൽ വീരന്മാരുടെ ഈഗോയ്ക്ക് കിട്ടിയ വെറും അടി മാത്രമായിരുന്നില്ലിത്. ഉദ്ദിഷ്ട കേന്ദ്ര ഫണ്ട് പോയ്പ്പോയില്ലേ? വൈകാതെ ക്രൈം ബ്രാഞ്ചിന് കേസ് വിടുന്നു. ആ അന്വേഷണമാണ് അവരുടെ പേര് അന്വർത്ഥമാക്കിയത്- ക്രൈം നടത്താനുള്ള ബ്രാഞ്ച് കമ്മിറ്റി. നാട്ടാരുടെ തപാൽ കട്ടതും തുറന്നുനോക്കിയതുമൊന്നുമല്ല, വിഷയം മാറുന്നു- തീവ്രവാദികളുടെ ഗൂഢാലോചനയും രാജ്യദ്രോഹവും. എന്തിനുവേണ്ടി? കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ.
ഈ റിപ്പോർട്ടിൽ വർഗീയ കലാപത്തിന് എവിടെയാണ് സ്‌കോപ്പ്?
ഏതൊരു വർഗീയ കലാപത്തിനും മിനിമം രണ്ട് വർഗീയ കക്ഷികളെങ്കിലും വേണം. ഇവിടെ മുസ്‌ലിംകളെ പൊലീസ് ചോർത്തുന്നു എന്നുപറഞ്ഞാൽ ക്ഷുഭിതരാവുക മുസ്‌ലിംകളാണ്. അവർ ക്ഷോഭിക്കുക പൊലീസിനെതിരെയും, ചോർത്തിയത് അവരാണല്ലോ. ഇവിടെ വർഗീയ കലാപങ്ങളുണ്ടാവണമെങ്കിൽ, അത് മുസ്‌ലിംകൾക്കും പൊലീസിനുമിടയിലാകണം. അപ്പോൾ കേരള പൊലീസിന് മതവർഗീയതയുണ്ടെന്നല്ലേ ക്രൈംബ്രാഞ്ചിന്റെ കേസനുസരിച്ച് മനസിലാക്കേണ്ടത്? ഈ ലൈനിലുള്ള ഒരു തിരക്കഥയാണ് ടിയാന്മാർ ആദ്യമേ രചിച്ചത്. അതിനുവേണ്ട കഥാപാത്രങ്ങളും രംഗങ്ങളും ചമയ്ക്കലായി അടുത്ത ദൗത്യം. ഈ കലാപരിപാടിക്ക് കൊടുത്ത പേരാണ് കേസന്വേഷണം. അവരുടെ തിരക്കഥ പ്രകാരം ബിജു സലീമും ഷാനവാസ് വക്കീലും പ്രതിയായതുപോലും മനസ്സിലാക്കാം- എന്റെ റിപ്പോർട്ടിന് സഹായം ചെയ്തുവെന്ന പേരിൽ.
വൈകാതെ ദസ്തകീർ എന്നൊരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ. ബിജു സലിമിനെ ചികിത്സിച്ച ഹോമിയോ ഡോക്ടർ. തന്റെ പേഷ്യന്റിന് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കാൻ കീഴ്ജീവനക്കാരിയായ ഡോക്ടറോട് ടിയാൻ പറഞ്ഞത്രേ. ആ സർട്ടിഫിക്കറ്റ് മുമ്പേർ തിയതിവെച്ച് കൊടുക്കാൻ കൽപിച്ചത്രേ. ഇതാണ് ദസ്തകീർ ഇ- മെയിൽ കേസിൽ ചെയ്ത ക്രൈം. ഒരു നിമിഷം. ഈ പറഞ്ഞതു ശരിയാണെന്നു തന്നെ വയ്ക്കുക. അയാളെങ്ങനെ ഈ കേസിന്റെ മാസ്റ്റർ ബ്രെയിനാകും? എന്നാൽ കേട്ടോളൂ, ദസ്തകീർ എന്ന കൊടുംഭീകരനാണ് ഇ- മെയിൽ കേസിന്റെ മാസ്റ്റർ ബ്രെയിൻ എന്നാണ് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് കൊടുത്ത സ്റ്റേറ്റ്മെന്റ്. ഈ റിപ്പോർട്ടുണ്ടാക്കിയ എനിക്ക് അങ്ങനെ പത്രവാർത്ത വഴി ഞങ്ങളുടെ സംഘത്തിലെ കൊള്ളത്തലവനെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായി.
ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷമുള്ള കേസിന്റെ ‘പുരോഗതി' എങ്ങനെയായിരുന്നു?
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ളയായിരുന്നു മുഖ്യ അന്വേഷകൻ. എസ്.പി. ജോളി ചെറിയാൻ. കവറിംഗ് ഓഫീസർ. സത്യത്തിൽ, ക്രൈംബ്രാഞ്ച് വെറും ഫ്രണ്ട് ഓഫീസ് മാനേജർ മാത്രമായിരുന്നു. ഇന്റലിജൻസുകാരുടെ തിരക്കഥ ആടിക്കൊടുക്കുന്ന നടികർ സംഘം. തിരക്കഥപ്രകാരം കേസ് കൊഴുപ്പിക്കാൻ തീവ്രവാദികളുടെ സംഖ്യ കൂട്ടണം. അതിനായി നാട്ടിലെ മുൻ സിമി പ്രവർത്തകരെ കാടടച്ചു ചോദ്യം ചെയ്യുന്നു മൊഴിയെടുക്കുന്നു, വിരട്ടുന്നു. ഈ കേസിലേയ്ക്ക് അവരെ എങ്ങനെയും കണക്ട് ചെയ്യാൻ പഴുതന്വേഷിക്കുന്നു. പ്രതികളായി പ്രഖ്യാപിച്ചവർക്ക് സിമി ബന്ധം സ്ഥാപിച്ചെടുക്കാനുള്ള കഠിനാധ്വാനം വേറെ. അഡ്വ. ഷാനവാസിനോട് പ്രത്യേകമായൊരു മമത നേരത്തെ കിടപ്പുണ്ട്- സിമി കേസുകളിൽ അഡ്വ. മഞ്ചേരി സുന്ദർരാജിന്റെ ടീമിൽ ചില പ്രതികൾക്കുവേണ്ടി അപ്പിയർ ചെയ്തിട്ടുണ്ട്. ചാരപ്പടയെ സംബന്ധിച്ച് അതൊരു അപ്പീലില്ലാത്ത കുറ്റകൃത്യമാണല്ലോ.
ഏതായാലും 120 (ബി), 153 (എ) തുടങ്ങി കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ടാക്കി, ക്രൈംബ്രാഞ്ച്. കുറച്ചു മതതീവ്രവാദികൾ ഗൂഢാലോചന നടത്തി കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ ഒരു മുസ്‌ലിം പത്രസ്ഥാപനം മുഖേന ശ്രമിച്ചു എന്നാണ് കേസിന്റെ രത്നച്ചുരുക്കം. മൊത്തത്തിലൊരു മുസ്‌ലിം ടച്ച്. ഓഡ് മാൻ ഔട്ട്, വിജു. വി നായർ.
‘മാധ്യമം'കാരെ കേസിൽനിന്ന് വിട്ടുകളഞ്ഞോ?
വിട്ടിട്ടൊന്നുമില്ല. കോഴിക്കോട്ടുപോയി മൊഴിയൊക്കെ എടുത്തിരുന്നു, അറസ്റ്റൊന്നുമില്ല. ഇതിനിടെ മാധ്യമം മേധാവികൾ തിരുവനന്തപുരത്തുപോയി ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെ കാണുന്നു. അദ്ദേഹം പറഞ്ഞു, ഒ.സിയെ കാണൂ, അദ്ദേഹം കുണ്ഠിതനാണ്. അങ്ങനെ അവർ മുഖ്യമന്ത്രിയെ മുഖം കാണിക്കുന്നു. പ്രജാവത്സലന് ദയാദാക്ഷിണ്യം: നിങ്ങളെ അറസ്റ്റു ചെയ്യില്ല. അതുകേട്ട് വുഡ്- ബീ പ്രതികൾ സമാധാനത്തോടെ കോഴിക്കോട്ടേക്കു മടങ്ങി എന്നാണറിവ്. അപ്പോൾ കേസോ എന്നായി എന്റെ സംശയം. കാരണം, ഏതു ഗൂഢാലോചനക്കേസിന്റെയും ലോജിക്കൽ കൺക്ലൂഷനുണ്ടാവുക ഗൂഢാലോചന നടപ്പാവുമ്പോഴാണ്. ഇവിടെ അതുണ്ടാവുന്നത് റിപ്പോർട്ട് എഴുതി പ്രസിദ്ധീകരിക്കുമ്പോഴാണ്. അപ്പോൾ അവസാനഭാഗം എക്സിക്യുട്ടീവ് ചെയ്തവരെ വിട്ടിട്ട് ആദ്യഭാഗക്കാരെ മാത്രമെങ്ങനെ പ്രതിയാക്കും? മുഖ്യമന്ത്രിയെ മുഖംകാണിച്ചവർക്കും കനിഞ്ഞരുളിയ മുഖ്യനും ഇതറിയാത്തതല്ല.
കേസിൽ താങ്കൾ നാലാംപ്രതിയായിരുന്നുവല്ലേ. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ എങ്ങനെയായിരുന്നു?
എന്നെ പൊക്കുന്നത് എങ്ങനെയായിരിക്കും എന്നൊരു ഗസ് വർക്കിന് എന്റെ കുടുംബക്കാർ ചിലർ വെടിവട്ടമൊരുക്കിയിരുന്നു. കൂട്ടത്തിലെ അതിഭാവനാശാലികൾ ചില ഉത്തരാധുനിക സീൻവരെ ചമച്ചു. കാരണമുണ്ട്. നാലാംപ്രതിയാണ് ഞാൻ. അതിനോടകം മൂന്നു പ്രതികൾ അറസ്റ്റിലായിരുന്നു. ബിജു സലിം ഒഴിച്ചുള്ളവരെ വിഷ്വൽ ഇഫക്ടുണ്ടാക്കി പിടിക്കുന്ന കലാപരിപാടിയാണ് ക്രൈംബ്രാഞ്ച് അരങ്ങേറ്റിയത്. ഉദാഹരണത്തിന് നോട്ടീസ് പോലും വേണ്ട, ഒന്നു ഫോൺ ചെയ്താൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്താം. കയ്യെത്തും ദൂരത്താണ് അഡ്വ. ഷാനവാസിന്റെ വക്കീലാപ്പീസ്. എന്നാൽ ഉച്ചതിരിഞ്ഞ് വീട്ടിലേക്കു ബൈക്കിൽ പോകുംവഴി നഗരമധ്യത്തിൽവെച്ച് പൊടുന്നനെ അഞ്ചാറു ബൈക്കുകൾ വളഞ്ഞു.
ജനം നോക്കിനിൽക്കേ തടഞ്ഞുനിർത്തുന്നു; പിന്നാലെ വന്ന ജീപ്പിൽ കയറ്റി പാഞ്ഞുപോകുന്നു. പിടികിട്ടാപ്പുള്ളിയായ ഭീകരനെ റാഞ്ചുന്ന സീൻ. അത്തരം സിനിമാറ്റിക് സൗഭാഗ്യമൊന്നും എനിക്കുണ്ടായില്ല. അവർ മുൻകൂർ അന്വേഷണമൊക്കെ വെടിപ്പായി നടത്തിയിരുന്നു- ആളെങ്ങനെ, കണ്ടാലെങ്ങനിരിക്കും, എവിടെയൊക്കെ പോകുന്നു ഇത്യാദി. നോട്ടീസു കിട്ടി നേരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചെന്നു. എട്ട്- എട്ടര മണിക്കൂർ ചോദ്യം ചെയ്യൽ. മാന്യമായ പെരുമാറ്റം.
അവർക്കുവേണ്ടതൊക്കെ അവർ ചോദിച്ചു. എനിക്ക് വേണ്ടതൊക്കെ ഞാൻ പറഞ്ഞു. ആദ്യത്തേത് തിരക്കഥയും രണ്ടാമത്തേത് യാഥാർത്ഥ്യവുമായതുകൊണ്ട് സ്വാഭാവികമായും ഒരു ബൈനറി കോൺഫ്ളിക്ടുണ്ട്. അതങ്ങനെ തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കാരണം, കോൺഫ്ളിക്ട് റസല്യൂഷൻ എടുക്കേണ്ടത് പൊലീസുകാരല്ല, കോടതിയാണ്. മനുഷ്യജീവിതത്തിൽ കോൾ ഹിസ്റ്ററിയുടെ നിർണായക പ്രാധാന്യം അന്നാണ് മനസിലായത്. ഇക്കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്തത് വല്ലാത്ത ബുദ്ധിമുട്ടാണ്- ഇല്ലാത്തോനല്ല; കേസന്വേഷകർക്ക്. ഏതായാലും ഗ്രില്ലിംഗ് കഴിച്ച്; വീണ്ടും കാണേണ്ടിവരും എന്ന ആശംസയോടെ വിട്ടയച്ചു. കൂട്ടത്തിൽ പറയട്ടെ, ഒരു കൊച്ചു ബാഗും ഒരു പാവം വക്കീലുമായിട്ടാണ് പോയത്. ബാഗിൽ ഒരു കൈലിമുണ്ട്, തോർത്ത്, പല്ലുതേപ്പുരുപ്പടി, രണ്ടു പുസ്തകങ്ങൾ. പിടിച്ചകത്തിട്ടാൻ ബോറടിക്കരുതല്ലോ. പിന്നെ വക്കീൽ- എന്റെ സഹപാഠിയും അടുത്ത ചങ്ങാതിയുമാണ്, ആലപ്പുഴ ബാറിലെ പ്രമുഖ ക്രിമിനൽ ലോയർ ശിവദാസ്. നിയമം അതിനു തോന്നുന്ന വഴിക്കങ്ങുപോയാൽ അതിനും ഒരു സാക്ഷിവേണ്ടേ?
മാധ്യമം വിഷയം നന്നായി ഏറ്റെടുത്തിരുന്നതായി ഓർക്കുന്നു
മറുപടി: മാധ്യമത്തിന്റെ നിലപാടിന് രസകരമായ ഒരു ഇവല്യൂഷനുണ്ട്. ആദ്യം അവർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പരമാവധി കവറേജിന് അന്തരീക്ഷമൊരുക്കി. ആഴ്ചപ്പതിപ്പിലെ സ്‌കൂപ്പിന്റെ പോസ്റ്റർ വരെ അച്ചടിച്ച് തെരുവിലൊട്ടിച്ചു. പിന്നീട് ദിനപത്രത്തിൽ "ഭരണവേട്ട' പരമ്പരയാക്കി. വി.ആർ. കൃഷ്ണയ്യർ തൊട്ടുള്ള സാമൂഹ്യ പ്രമുഖരുടെ ലേഖനങ്ങളും പ്രതികരണങ്ങളും നിരന്തരം കൊടുത്തു. ടി.വി ചർച്ചകളിൽ മാധ്യമം പ്രതിനിധികൾ നിറഞ്ഞുനിന്നു. സർവെയ്ലൻസിന്റെ ജനായത്ത വിരുദ്ധതയെപ്പറ്റി പൊതുയോഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു. എന്തുകൊണ്ടും അർത്ഥവത്തായ പ്രതികരണം.
താങ്കളെ ഇതിലൊന്നും കണ്ടില്ലല്ലോ...
പല മാധ്യമങ്ങളിൽ നിന്നും വിളിച്ചിരുന്നു. ചില യോഗങ്ങൾക്കും ക്ഷണിച്ചു. എങ്ങും പങ്കെടുത്തില്ല. കാരണം, അത് എന്റെ നിലപാടിനു ചേർന്നതല്ല. ചെയ്യാനുളളത് ചെയ്യുക, മിണ്ടാതെ മാറിനിൽക്കുക: അതാണ് ജേണലിസ്റ്റിന്റെ റോൾ. ക്ലാസിക്കൽ ഡാൻസറെപ്പോലെയാവണം ജേണലിസ്റ്റ്. Present your art rather then your chassis.
പിന്നീട് മാധ്യമം പൊടുന്നനെ പിൻവാങ്ങിയതായി തോന്നിയിട്ടുണ്ടോ?
ക്രൈംബ്രാഞ്ചിന് കേസ് വിട്ടതും മാധ്യമം അതുവരെ കാണിച്ച ചൊടിയും ചൂടും പെട്ടെന്ന് അപ്രത്യക്ഷമായി. അവരുടെ ടി.വി ചാനൽ തയ്യാറാവുകയാണ്, സർക്കാർ വിചാരിച്ചാൽ പല എടങ്ങേറുമുണ്ടാക്കാം, അതുകൊണ്ട് പിൻവലിഞ്ഞതാണ്- അങ്ങനൊക്കെയാണു പറഞ്ഞുകേട്ടത്. അതിൽ ശരിയുണ്ടായിരിക്കാം. എങ്കിലും ഇതുപോലൊരു മൗലികമായ വിഷയത്തിൽ പൊടുന്നനെ വിപരീത സമീപനമുണ്ടാവുമോ? കേസന്വേഷണം തുടങ്ങിയതോടെ എന്തോ വലിയ അപരാധം ചെയ്തമാതിരിയായി പെരുമാറ്റം. ഇ- മെയിൽ ചോർത്തിയതല്ല കുഴപ്പം, അത് വാർത്തയാക്കിയതാണെന്ന മട്ട്. മാധ്യമത്തിലെ ജേണലിസ്റ്റുകൾ പലരും ആ നിലപാടുകാരല്ല എന്നാണറിഞ്ഞത്. പക്ഷെ സ്ഥാപനത്തിന്റെ പെരുമാറ്റം സർക്കാർ അപ്പോളജിസ്റ്റിന്റെ ഭാവത്തിലായി. ഒന്നു കുനിഞ്ഞു കൊടുത്താൽ ചവുട്ടിക്കൂട്ടുന്നവരാണ് അധികാര രാഷ്ട്രീയക്കാർ, ചവുട്ടിക്കൂട്ടുന്നവരാണ് കാക്കിക്കൂട്ടം. അത്ര നാളും ധീരമായി നിന്ന പത്രം പെട്ടെന്നങ്ങനെ ലൈൻ മാറ്റിയത് കൺഫ്യൂഷനുണ്ടാക്കി. ഒരുപക്ഷെ മാധ്യമ രംഗത്ത് ഈ വിഷയത്തിലുണ്ടായ ഒറ്റപ്പെടൽ ഒരു കാരണമാവാം. ജമാഅത്തെ ഇസ്‌ലാമിയുടെ പത്രമെന്ന പേര്. ഇസ്‌ലാമോഫോബിയ പ്രചാരത്തിലിരിക്കെ ഈ ഒറ്റപ്പെടലും ക്രിമിനൽ കേസും അവരെ ആശങ്കപ്പെടുത്തിയിട്ടുണ്ടാവാം. ഈ പേടിയും പിൻവാങ്ങലും തന്നെയാണ് ഭരണകൂടത്തിനും വേണ്ടിയിരുന്നത്.
മാധ്യമം പ്രതിരോധത്തിലായത് ക്രൈംബ്രാഞ്ചിന് അതിന്റെ വ്യാജവാദങ്ങളുറപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ചെയ്തത് എന്ന് സുഹൃത്തുക്കളായിരുന്ന ചില മാധ്യമപ്രവർത്തകർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അത് ശരിയാണ്, സർവെയ്ലൻസിന്റെ പൂച്ച് പുറത്താവുകയും പൗരാവലിക്കു മുമ്പിൽ പ്രതിരോധത്തിലാവുകയും ചെയ്തിരുന്ന ഭരണകൂടം അപ്പർഹാൻഡു കിട്ടിയതോടെ അന്യായ ഉഷാറിലായി. കോറസ് പാടാൻ മറ്റു മാധ്യമങ്ങളും. മാധ്യമം എന്തോ വലിയ കുഴപ്പം ചെയ്തു എന്ന ഭരണകൂട നറേറ്റീവ് പുരപ്പുറത്തൊട്ടിച്ചു. ആ നറേറ്റീവ് ബലപ്പെടുത്താൻ വേണ്ട കൃത്രിമങ്ങൾ ക്രൈംബ്രാഞ്ച് കെട്ടഴിച്ചു തുടങ്ങി, ഓരോന്നായി മീഡിയയിൽ പ്ലാന്റ് ചെയ്യുന്നു. എല്ലാം കണ്ട് വാപൂട്ടി നിൽക്കാനേ മാധ്യമത്തിനു തോന്നിയുളളൂ. റെസിസ്റ്റൻസിന്റെ ലാഞ്ചന പോലുമില്ലാതെ യഥാർത്ഥ പ്രതികൾ കയറിയങ്ങു മേഞ്ഞു. യഥാർത്ഥ കുറ്റകൃത്യം തമസ്‌കരിക്കപ്പെടുകയും പകരം അവർ കെട്ടിച്ചമച്ച കുറ്റകൃത്യം അരങ്ങുതകർക്കുകയും ചെയ്തു. അങ്ങനെ പബ്ലിക് ഡിസ്‌കോഴ്സിന്റെ നറേറ്റീവ് മാറ്റിയെടുത്തു. കൗണ്ടർ നറേറ്റീവിന് ഒരു കുഞ്ഞുമില്ല.
സാധാരണ നിലയ്ക്ക് ഭരണകൂടം ഇമ്മാതിരി തുരപ്പൻ പണിയെടുക്കുമ്പോൾ അതിന്റെ ഇരകൾക്ക് വോയ്സ് കിട്ടാറില്ല. മീഡിയയെ അടങ്കം പറ്റിത്തീനികളാക്കിക്കൊണ്ടാവുമല്ലോ സ്റ്റേറ്റിന്റെ കൺകെട്ട്. ഇക്കാര്യത്തിൽ പക്ഷെ, ആ വോയ്സുയർത്താൻ നാവുള്ള ഒരു മാധ്യമസ്ഥാപനമാണ് മൗനം പാലിച്ചത്. പല സീനിയർ ജേണലിസ്റ്റുകളും സാമൂഹ്യ നിരീക്ഷകരും എന്നോട് പറഞ്ഞത്, ഈ കീഴടങ്ങൽ ജേണലിസത്തിന്റെ തന്നെ പരാജയമാണെന്നാണ്. കാരണം, പൗരാവലിക്കു മേലുള്ള സർവെയ്ലൻസ് ചോദ്യം ചെയ്തുകൂടാ എന്ന ഭരണകൂട നിലപാട് ഇവിടെ എംഫസൈസ് ചെയ്യപ്പെടുകയാണ്. ചോദ്യം ചെയ്യുന്നതിനെ കുറ്റകൃത്യമാക്കും, മേലിൽ ആരും അതിന് ധൈര്യപ്പെടരുത്- ഭരണകൂടം ഇച്ഛിച്ച ഈ സന്ദേശമാണ് മീഡിയ പൊതുവിൽ തലയിലേറ്റിയത്. മൗനിയായിപ്പോവുക വഴി മാധ്യമം അത് സമ്മതിച്ചുകൊടുക്കുന്ന മാതിരിയായി. ഇതേസമയം മാധ്യമം മേധാവികൾ തലസ്ഥാനത്തുപോയി ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെ കാണുന്നു. അദ്ദേഹം നിർദേശിച്ച പ്രകാരം മുഖ്യമന്ത്രിയെ കാണുന്നു. അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി സമാധാനിപ്പിച്ചു വിടുന്നു. തിരക്കഥയിൽ ട്വിസ്റ്റിനൊന്നും വകുപ്പില്ല, കേസ് അതിന്റെ വഴിക്കുതന്നെ നീങ്ങിപ്പോയി.
പൂർണമായും ‘പ്രതിക്കൂട്ടി'ലായ ഈ സമയത്ത് താങ്കൾക്കൊപ്പം ആരുമുണ്ടായിരുന്നില്ലേ?
ഭരണകൂട നറേറ്റീവിന് മീഡിയ കീഴടങ്ങിയപ്പോൾ കൗണ്ടർ നറേറ്റീവിനു ശ്രമിച്ച ചില വ്യക്തികളുണ്ട്. അവരെ ഇവിടെ ഓർക്കാതിരുന്നുകൂടാ- കഥാകൃത്തും ജേണലിസ്റ്റുമായ സി. അനൂപ്, തിരുവനന്തപുരം മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫസറും ആക്ടിവിസ്റ്റുമായ ഡോ. എസ്.എസ്. സന്തോഷ്‌കുമാർ, ചിത്രകാരനും ഡോക്ടറുമായ അജിത് കുമാർ... ഇതിൽ, മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തുവെന്ന പേരിൽ അനൂപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകവരെയുണ്ടായി. രാഷ്ട്രീയ നിരീക്ഷകനായ ഡോ. സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്ര ബാബു, ചലച്ചിത്രകാരൻ കെ.പി. ശശി, മാധ്യമ നിരീക്ഷകൻ ഡോ. യാസീൻ അശ്റഫ് തുടങ്ങിയവരുടെ പരസ്യമായ കൗണ്ടർ നറേറ്റീവും മറക്കാവുന്നതല്ല. കൊടുങ്ങല്ലൂരിൽ ടി.എൻ. ജോയി- അദ്ദേഹം ഇന്നില്ല- ഈ വിഷയത്തിൽ വിപുലമായ പബ്ലിക് സെമിനാറും സംഘടിപ്പിച്ചിരുന്നു.
പൊലീസ് വീടുവരെയെത്തി എന്നുകേട്ടിട്ടുണ്ട്. അത്തരം പ്രതിസന്ധികൾ എങ്ങനെയാണ് നേരിട്ടത്?
ക്രൈംബ്രാഞ്ച് സംഘങ്ങൾ കുടുംബവീട്ടിൽ പിന്നീട് പലവട്ടം വന്നുപോയി. ഓരോ വട്ടവും ഓരോ കാരണങ്ങൾ. വീട്ടിൽ വൃദ്ധരായ നാലഞ്ചുപേരുണ്ട്. അവരുടെ അസ്വസ്ഥത പറയേണ്ടല്ലോ. അവരിൽ നിന്ന് എന്റെ അച്ഛനെ ചോദ്യം ചെയ്യുന്നു, നാട്ടിലെ പരിചയക്കാരെ ചോദ്യം ചെയ്യുന്നു. നാട്ടിൻപുറത്ത് ഈ വരവുപോക്ക് നടത്തുന്നതിന്റെ ചേതോവികാരം ഊഹിക്കാം. മറ്റു പലേടത്തുമുള്ള ചങ്ങാതികളിൽ പലരോടും ഇതുപോലെ ചെന്നുകണ്ട് ചോദിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ശരിയായ ഇംഗിതം വ്യക്തമായത് കുറേക്കൂടി കഴിഞ്ഞിട്ടാണ്. നമ്മുടെ ഡിറ്റക്ടീവുകൾ ആലപ്പുഴയെത്തി എന്റെ ചങ്ങാതി അഡ്വ. ശിവദാസിനെ വിളിക്കുന്നു. വക്കീലാപ്പീസിലേക്കു ക്ഷണിച്ചപ്പോൾ അതുവേണ്ട ബീച്ച് ഭാഗത്തു കാണാമെന്നായി- പിന്നീട് തെളിവുണ്ടാകാതിരിക്കാനുള്ള പൊലീസ് മുൻകരുതൽ. രഹസ്യ കൂടിക്കാഴ്ചയിൽ ഒരാവശ്യമേയുള്ളൂ- വിജു. വി. നായരെ അപ്രൂവറാക്കി കിട്ടണം. അയാൾ എന്തിന് ഈ മുസ്‌ലിം പ്രതികളെ സഹായിക്കണം? കൂട്ടത്തിൽ നൈസായൊരു ഭീഷണിയും- ‘കേസ് എൻ.ഐ.എക്ക് പോവുകയാണ്, അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ, വക്കീലിനറിയാമല്ലോ. അതിനുമുമ്പ് കാര്യങ്ങൾ തീർക്കുന്നതാണ് നല്ലത്'
അജണ്ടയും ഭീഷണിയും കേട്ട് പരിചയ സമ്പന്നനായ ശിവദാസ് ആ മാന്യന്മാരെ സൗമ്യമായി നിരാശപ്പെടുത്തിവിട്ടു. കാര്യമിത്രേയുള്ളൂ- ഇന്റലിജൻസ് ചമച്ച തിരക്കഥ പുരോഗമിക്കുന്നില്ല. ചേർത്തുവെച്ച കണ്ണികളിൽത്തന്നെ നാലാം പ്രതി ഒരു കല്ലുകടിയാണ്. മറ്റുള്ളവരെല്ലാം മുസ്‌ലിംകൾ. തീവ്രവാദം, ഗൂഢാലോചന, കലാപോദ്ദേശ്യം... ചേരുംപടി ചേർക്കുന്നതിൽ ഇങ്ങനൊരു എടങ്ങേറ്. അവനെ പിടിച്ചു മാപ്പുസാക്ഷിയാക്കിയാൽ സർവം ശുഭം.
ഇതിനിടെ കേസ് എൻ.ഐ.എക്കുവിടും, യു.എ.പി.എ ചുമത്തും എന്നും കേട്ടിരുന്നു
അതാണ് പുറംലോകം അറിയാത്ത മറ്റൊരു സുപ്രധാന ഘടകം. തുടക്കത്തിലെ ഒച്ചപ്പാടും വിഷ്വൽ ഇഫക്ടുമൊക്കെ കഴിഞ്ഞപ്പോൾ തിരക്കഥ ക്ലച്ചു പിടിക്കുന്നില്ലെന്ന് വ്യക്തമായി തുടങ്ങി. പാഠം പഠിപ്പിക്കണമല്ലോ. അതിനു കേസുകെട്ട് ദീർഘിപ്പിക്കണം. വിചാരണക്കുമുമ്പ് കഠിനമായ അനുഭവങ്ങൾ പകരണം. എങ്കിലേ ഭീതിയുടെ അന്തരീക്ഷമുണ്ടാക്കാനാവൂ. അങ്ങനെയാണ് കേസ് എൻ.ഐ.എക്ക് വിടാൻ ആലോചിക്കുന്നത്. അതിനായി പ്രതികൾക്കുമേൽ യു.എ.പി.എ ചുമത്തുന്നു. യു.എ.പി.എ കേസുകൾ എൻ.ഐ.എ സ്വാഭാവികമായിത്തന്നെ ഏറ്റെടുക്കും. ഇതായിരുന്നു പ്ലാൻ. എന്നാൽ കേസ് പ്രാഥമികമായി പഠിച്ച എൻ.ഐ.എ ഈ ആവശ്യം തള്ളി- തങ്ങൾക്ക് ഏറ്റെടുക്കാൻ വേണ്ടതൊന്നും ഇതിലില്ലെന്നു പറഞ്ഞ്. മറുപടി കിട്ടിയതും കോടതിയിൽ യു.എ.പി.എ രായ്ക്കുരാമാനം പിൻവലിക്കുന്നു. തൊട്ടതും പിടിച്ചതുമെല്ലാം മാധ്യമങ്ങളിലെ സ്റ്റെനോകൾ വഴി പ്ലാന്റ് ചെയ്യുന്ന ചാരപ്പട ഇക്കാര്യങ്ങൾ കൃത്യമായി വിഴുങ്ങി. ഒരൊറ്റ മാധ്യമപ്രവർത്തകർക്കും ഇപ്പറഞ്ഞ യു.എ.പി.എ കളിയുടെ കഥ ഇപ്പോഴുമറിയില്ല.
കേസ് പിൻവലിക്കാൻ സർക്കാർ തലത്തിൽ തീരുമാനമുണ്ടായശേഷവും ചില നിയമക്കുരുക്കുകളുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്
ഇടതുപക്ഷ സർക്കാർ വന്നയുടനെ മാധ്യമം പത്രാധിപർ മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുക്കുന്നു- കേസ് റദ്ദാക്കാൻ. മുഖ്യമന്ത്രി അത് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണത്തിനായി കൊടുക്കുന്നു. ജേക്കബ് തോമസാണെന്നു തോന്നുന്നു, അന്വേഷണം നടത്തി റിപ്പോർട്ട് കൊടുക്കുന്നു- ക്രൈംബ്രാഞ്ചിന്റെ കേസ് നിലനിൽക്കുന്നതല്ല. മുഖ്യമായും അതിലെ സാക്ഷികളത്രയും പൊലീസുകാരും പിന്നെ ഇ- മെയിൽ ചോർത്തപ്പെട്ട ഇരകളിൽ ചിലരുമാണ്. അതുകൊണ്ട് കേസ് പിൻവലിക്കുന്നതാണ് ഉചിതം. മുഖ്യമന്ത്രി അത് ഹോം സെക്രട്ടറിക്ക് വിടുന്നു. കേസ് പിൻവലിക്കാൻ ഹോം സെക്രട്ടറി, പ്രോസിക്യൂട്ടർക്ക് ഉത്തരവു കൊടുക്കുന്നു. ഉടനെതന്നെ ചില മാധ്യമങ്ങളിൽ ഇതിനെതിരെ ചാരപ്പട വക പ്ലാന്റിംഗ് നടക്കുന്നു. ഇനിയാണ് ആന്റി ക്ലൈമാക്സ്.
സർക്കാരു പിൻവലിച്ചതുകൊണ്ടായില്ല. കോടതി കൂടി സമ്മതിക്കണം. ഒന്നുകിൽ റദ്ദാക്കാം, അല്ലെങ്കിൽ വിചാരണ തുടങ്ങാം. രണ്ടും ചെയ്യാതെ മൂന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ ഇതിന്മേൽ അടയിരുന്നു. കാരണമാണ് കേമം. ഈ കേസിൽ ഇന്റലിജൻസിനും സംഘപരിവാറിനും പ്രത്യേക താൽപര്യമുണ്ട്. രണ്ടും ദീർഘകാലമായി ഒക്കച്ചങ്ങായിമാരുമാണല്ലോ. കേസ് വിളിക്കുന്നതിന്റെ അന്ന്, പത്രങ്ങളിൽ കൃത്യമായി വാർത്ത വരും- ഒരുമാതിരി വിരട്ടിപ്പെരട്ടുലൈനിൽ. മാത്രമല്ല പത്രലേഖകർ എന്ന മട്ടിൽ ചിലർ കോടതിമുറിയിൽ അന്നേദിവസം മാത്രം കൃത്യമായെത്തും. ഇന്റലിജൻസ് ഏമാന്മാർ മാറിവരുന്ന മജിസ്ട്രേറ്റിനെ നേരിൽകണ്ട് ബ്രീഫ് ചെയ്യുന്ന സ്പെഷ്യൽ ഐറ്റവുമുണ്ട്. ഈ കലാവിരുന്ന് രണ്ടുകൊല്ലമായപ്പോൾ എന്റെ അഭിഭാഷകൻ ശിവദാസ് നേരിൽ ഹാജരായി കാര്യക്രമം ചോദ്യം ചെയ്യുന്നു- വാദിഭാഗത്തിനു പോലും വേണ്ടാത്ത ഈ കേസ് ആർക്കാണ് വേണ്ടത്? അടുത്തയാഴ്ച കോടതി കേസ് റദ്ദാക്കുന്നു.
എന്താണ് കേസിന്റെ ഫലശ്രുതി?
ലളിതം- പൗരാവലിയിലെ ഒരു വിഭാഗത്തിന്റെ സ്വകാര്യതയിലേക്ക് വ്യക്തമായ കാരണങ്ങളില്ലാതെ രഹസ്യപ്പൊലീസ് കടന്നുകയറുന്നു. ഇന്നേവരെ യുക്തിസഹമായ ഒരു കാരണം അവർക്കു പറയാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും കേസിന്റെയോ പ്രീ - എംപ്റ്റീവ് ഓപ്പറേഷന്റെയോ ഒന്നും പേരിലല്ല ഈ പ്രവൃത്തി. അത് പുറത്തറിയിച്ചപ്പോൾ പൊതുസമൂഹം ഉദാസീനമായി വഴിപോക്കരെപ്പോലെ നിന്നു. മാധ്യമങ്ങൾ ചേരിതിരിഞ്ഞ് കലപില കൂട്ടി, പിരിഞ്ഞു: ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾ മൗനം പാലിച്ചു. ഭരണകക്ഷി പൊലീസിനെ ന്യായീകരിച്ചു. ഭരണകൂടം, ചോർത്തുന്നവരെ ചോർത്തിയവരെ പാഠം പഠിപ്പിക്കാൻ കള്ളക്കേസുമായി വേട്ടയ്ക്കിറങ്ങി. ഇതാണ് 100% സാക്ഷരതയും അതിനെ വെല്ലുന്ന ഡിജിറ്റൽ സാക്ഷരതയും അവകാശപ്പെടുന്ന ഒരു സമൂഹത്തിന്റെ കാലികനിലവാരം. ഇ- മെയിൽ കേസ് ആരേയും ഒന്നിൽ നിന്നും തടഞ്ഞില്ല. ഭരണകൂട കിങ്കരന്മാർ അവരുടെ തോന്ന്യാസങ്ങൾ പഴയപടി തുടരുന്നു.
വല്ല പാഠവും പഠിച്ചോ? പഠിപ്പിച്ചുവെന്നല്ലേ പൊലീസ് പറഞ്ഞിരുന്നത്?
ചിരപുരാതന പാഠം തന്നെ. ഭരണകൂടത്തെ അതിന്റെ കാതലിൽ മൗലികാർത്ഥത്തിൽ എപ്പോഴൊക്കെ എക്സ്പോസ് ചെയ്താലും അതു തിരിച്ചടിക്കും. എന്നുവച്ചാൽ, സ്റ്റേറ്റിന്റെ ഗ്രാമറിലേക്ക് ആരും കടക്കരുത്. പുറമേയ്ക്ക് പ്രദർശിപ്പിക്കുന്ന ആടയാഭരണങ്ങളുടെ മാറ്റു നോക്കുകയോ കുറ്റം പറയുകയോ എന്തുമാവാം. അതിനപ്പുറം കാതലിലേയ്ക്കു കടന്നാൽ സ്റ്റേറ്റ് വടിയെടുക്കും. ആദ്യം ഇക്കാര്യത്തിൽ പൊതുബോധ്യത്തിന്റെ കണ്ണുകെട്ടാനുള്ള പുകമറ തീർക്കും. തിരക്കഥയുണ്ടാക്കി വില്ലന്മാരെ പ്രഖ്യാപിക്കും. അവർക്കുനേരെ നീതിന്യായത്തിന്റെ പ്രഛന്നവേഷത്തിൽ സ്വന്തം കിങ്കരപ്പടയെ ഇറക്കും, വേട്ടയാടും. വേട്ടക്കുവേണ്ട കവറേജും, വിസിബിലിറ്റിയും തരപ്പെടുത്തും- എന്നാലല്ലേ സംഗതിയൊരു പൊതുസന്ദേശമാകൂ.
എത്ര നിസാരമായാണവർക്ക് കേരളത്തിലെ കൊമ്പൻ മാധ്യമങ്ങളെ വിഭജിച്ചു തമ്മിലടിപ്പിക്കാൻ കഴിഞ്ഞതെന്നോർക്കുക. കൂട്ടത്തിൽ ഒരെണ്ണത്തിനും അബദ്ധവശാൽ പോലും തോന്നിയില്ല, പൗരാവലിക്കെതിരെ സ്റ്റേറ്റ് കാണിച്ച കുറ്റകൃത്യത്തിലേയ്ക്ക് സ്വന്തം നിലയ്ക്കൊന്നും ടോർച്ചടിക്കാൻ. പകരം, വകതിരിവില്ലാതെ കലപില കൂട്ടി പച്ചയായ ഒരു ജനവിരുദ്ധതയെ ചുമ്മാ പാസാക്കിവിട്ടു.
ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ മീഡിയ ഒന്നടങ്കം സ്റ്റേറ്റിനു ഭംഗ്യന്തരേണ കീടങ്ങുകയാണുണ്ടായത്. അക്കാര്യം നമ്മുടെ മാധ്യമ ശിങ്കങ്ങൾ തിരിച്ചറിയുന്നേയില്ല എന്നതാണു ഫലിതം. അതുകൊണ്ട് അവർ സ്പ്രിംഗ്ളറെന്നു കേട്ടാൽ ചാടിക്കുരയ്ക്കും, സൈബർ ഡോമിനെപ്പറ്റി കമാന്നു മിണ്ടില്ല. ഇവിടുത്തെ കാവൽനായ്ക്കൾ കടിക്കില്ലെന്നതു പോട്ടെ. കാര്യമുളള കാര്യങ്ങളിൽ ഒന്നു കുരയ്ക്കുക പോലുമല്ല, കുരവയിടുകയാണ്.
ശേഷവും ഇത്തരം ചോർത്തലുകൾക്കുള്ള ഊർജം അവശേഷിക്കുന്നുണ്ടോ?
ഒത്തുകിട്ടിയാൽ എപ്പോ ചോർത്തീന്നു ചോദിച്ചാൽ മതി. ഒരു സീക്രട്ട് പറയാം, ടോം ആന്റ് ജെറിയാണ് എന്റെ ഫേവറിറ്റ് ഷോ. നർത്തകിയുടെ അംഗലാവണ്യം അല്ലെങ്കിൽ അംഗവൈകൃതം. അതല്ല പ്രസക്തം, നൃത്തമല്ലേ? ജേണലിസ്റ്റും അതുപോലെ സെൽഫ്- ഇഫെയ്സിംഗ് പേഴ്സണാവണം. അതാണ് ഈ പ്രവൃത്തിക്ക് ചേരുന്ന നില. പക്ഷെ അതുമാറ്റാൻ തക്ക കാരണമൊന്നും ഇതേവരെ അനുഭവപ്പെട്ടിട്ടില്ല. മറിച്ചുള്ള അനുഭവങ്ങൾ ചുറ്റിലും ധാരാളമുണ്ട്.
ചുരുക്കത്തിൽ, മാധ്യമപ്രവർത്തനം എന്നത് വലിയൊരു നന്ദികിട്ടാപ്പണിയാണ്?
നന്ദികിട്ടാപ്പണി തന്നെയാണ്, സംശയമില്ല. നന്ദി കിട്ടണമെന്ന് എന്തിനാ മോഹിക്കുന്നത്? സത്യംപറഞ്ഞാൽ, അർഹമായ ശമ്പളം പോലും പലപ്പോഴും കിട്ടിയിട്ടില്ല. ചോദിച്ച് എഴുതിവാങ്ങിയ ലേഖനങ്ങൾക്ക് കാലണ തരാത്തവരും ധാരാളം. പക്ഷെ ഒന്നുണ്ട്- ഇഷ്ടമുള്ളത് എഴുതാൻ ഇതുപോലെ എഴുതാൻ കിട്ടിയ സ്വാതന്ത്ര്യം. ആരും എന്റെ കൈക്കു കയറി പിടിച്ചിട്ടില്ല. അതിനെയാണ് പ്രതിഫലമായി കൂട്ടുന്നത്. മേൽത്തരം വയ്ക്കോലും കാടിവെള്ളവും തന്ന് ISO- 9002 തൊഴുത്തിൽകെട്ടിയ കൂഞ്ഞായിരിക്കുന്നതിലും എത്രയോ സമ്പന്നമാണ് ഈ ഇല്ലായ്മ. പിന്നെ കണ്ണൻ പറഞ്ഞില്ലേ, ഒരുപാട് വായനയിലേക്ക് inspire ചെയ്തിട്ടുണ്ടെന്ന്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിൽപരമൊരു thankfulness വേറെയുണ്ടോ? സത്യത്തിൽ, അത് വ്യക്തിപരമായി കൂടുതൽ പ്രചോദിപ്പിക്കുകയാണ്, മുന്നോട്ടുപോകാൻ. ▮
(അവസാനിച്ചു)