ധോളാവീരയിലേക്കുള്ള യാത്രയ്ക്കിടെ / ചിത്രങ്ങൾ : മുഹമ്മദ് എ.

റാപ്പറിലെ, തന്നിഷ്ടവേഗങ്ങളുടെ വണ്ടിക്കാരൻ

ഗോധ്ര കലാപത്തിനുശേഷം ഏറെ കഴിഞ്ഞാണ് അവിടെ പോയത്. രഥൻപുരിലെ ലോഡ്ജിലെ ബഹളങ്ങൾ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന രോഷത്തിന്റെ തീപ്പൊരികളെയാണ് ഓർമിപ്പിച്ചത്, അതുകൊണ്ട് വാതിലിൽ ഉറക്കത്തിനിടെ കേട്ട തട്ടുകൾ പോലും ആധിയുണ്ടാക്കി.

ഘോഷാരാവത്തോടെയാണ് പിന്നീടയാൾ വഴിയിലുടനീളം, യാത്രയിൽ വണ്ടിയോടിച്ചത്. അബദ്ധവശാൽ പറഞ്ഞുപോയ തുകയുടെ വലുപ്പം കൂടിപ്പോയതിന്റെ ആനുകൂല്യത്തിൽ അയാളുടെ ആഹ്ലാദം വ്യക്തമായി.
കേമമെന്ന് സ്വയം തോന്നിയവന്റെ ഭാവം, വണ്ടി ഓടിക്കലിന്റെ ഉല്ലാസമായി കൂടിക്കൂടി വന്നു. റാപ്പറിൽ നിന്നും ധോളാവീരയിലേക്കുള്ള നെടുമ്പാതയിൽ, കച്ഛിലേക്ക് നീളുന്ന ഉപ്പുപാടങ്ങളേയും ഗ്രാമങ്ങളേയും പിന്നിലാക്കി, മൂന്നോ നാലോ വട്ടം വണ്ടി ഓടിച്ചാൽ കിട്ടുന്ന തുകയുടെ വലുപ്പം വന്നുചേർന്ന ആനന്ദത്തിൽ ഡ്രൈവർ ആവേശം കാണിച്ചുകൊണ്ടിരുന്നു.
അതെല്ലാം കണ്ട്, അന്തിച്ച് ഏറെ പഴക്കമുള്ള ആ ജീപ്പിൽ ഇരിക്കേണ്ടിയും വന്നു അന്ന്. അബദ്ധത്തിൽ ഉറപ്പിച്ചുപോയത് കൊണ്ട് പറഞ്ഞ തുക ഇനിയൊട്ട് മാറ്റാനും വയ്യ.
യാത്രയുടെ ആരവം ധോളാവീര തേടിപ്പോയ മൂന്ന് സുഹൃത്തുക്കളേക്കാൾ, ആ പഴഞ്ചൻ കുത്തിക്കുലുങ്ങി ജീപ്പിന്റെ ഡ്രൈവറിലാണ് കണ്ടത്. വന്നവരുടെ ആവേശത്തെ തോൽപിക്കുന്ന തരത്തിൽ, പാട്ടും സന്തോഷവും ബീഡിവലിയും ഇടയ്ക്കിടെ വണ്ടി അധികം സൈഡാക്കാതെ റോഡിന് നടുവിൽ നിർത്തി, അതിസാഹസികനായി, കടകളിലേക്ക് മുറുക്കാൻ മേടിക്കാനും വെള്ളം മേടിക്കാനുമെല്ലാം ഇറങ്ങിപ്പോയി. പലരോടുമുള്ള സംസാരങ്ങളിലൂടെ, സ്റ്റിയറിങ്ങിനുപോലും അമിതപ്രാധാന്യം കൊടുക്കുന്നില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ യാത്രയെ ബഹളമാക്കി മാറ്റി അയാൾ വണ്ടിയോടിച്ചു. ആവേശം പതിയെ പതിയെ തീർന്നത്, അവിടെ നിന്ന് തിരിച്ച് പോരുമ്പോൾ മാത്രമായിരുന്നു. ഹാരപ്പന്റെ ലോകത്തേക്ക്, ഉപ്പുപാടങ്ങൾക്കും ദേശാടനപക്ഷികൾക്കുമരികിലെ, കച്ഛിലേക്ക് നീളുന്ന കടലോര പാതയിലൂടെ ധോളാവീര തേടിപ്പോയ യാത്രയിലായിരുന്നു. ഹാരപ്പൻ പൗരാണിക നാഗരികതയുടെ അവശേഷിപ്പും നീളുന്ന വഴിയിലെ മനുഷ്യരും റാപ്പറിൽ നിന്ന് വണ്ടി ഓടിച്ചവന്റെ പെരുമാറ്റങ്ങളിലെ മറ്റൊരു ലോകവും അങ്ങനെ കണ്ടു.

ധോളാവീരയിലേക്കുള്ള കടലോരപ്പാത

രാജസ്ഥാനിലെ ഒരേയൊരു മലമ്പ്രദേശമായ മൗണ്ട് അബുവിലേക്ക് പോയതാണ് പണ്ടൊരു തണുപ്പിൽ. ഒരു പകൽ മുഴുവൻ ജൈനക്ഷേത്രമായ ദിൽവാരയും മറ്റ് ചിലയിടങ്ങളും കണ്ടലഞ്ഞു മടങ്ങും വഴി യാത്രാപ്ലാൻ ഗുജറാത്തിലേക്കായി. ധോളാവീരയിലേക്ക് പോകുന്നതായി, തീർച്ചപ്പെടുത്തി. രാജസ്ഥാൻ യാത്ര ഗുജറാത്തിലേക്ക് മാറ്റിപ്പിടിക്കാൻ തീരുമാനമായപ്പോൾ മൗണ്ട് അബുവിന്റെ കയറ്റം ഇറങ്ങി. യാത്ര വഴിമാറി. രണ്ട് സുഹൃത്തുക്കൾ ഒപ്പമുണ്ട്. കൊടും തണുപ്പുള്ള കാലത്താണ് രാജസ്ഥാനിലെ ചില വളവും തിരിവും മുക്കും മൂലയും കണ്ട് നടന്നലഞ്ഞത്. തിരിച്ചുവരുമ്പോൾ മൗണ്ട് അബു കൂടി കണ്ടുതീർത്ത് മലയിറങ്ങി. മലമുകളിലേക്ക് പാമ്പുപോലെ നീണ്ടും വളഞ്ഞും പോകുന്ന ചുരത്തിലൂടെ തിരിച്ചിറങ്ങി മൗണ്ട് അബുവിൽ നിന്ന് ബസ് ഗുജറാത്തിലേക്ക് പാഞ്ഞു. പലയിടത്തു നിന്നായി ബസ് മാറിക്കേറിയ, ക്ഷീണിച്ച, തുടരൻ യാത്ര. അതിർത്തി പിന്നിട്ട് ഒടുവിൽ പാലൻപുരിലെത്തി.

പാടങ്ങൾക്ക് നടവിലൂടെ കൂറ്റൻ ഹൈവേകൾ പെരുമ്പാമ്പിനെ പോലെ നീണ്ടുകിടന്നു. രാജസ്ഥാനിലെ ബേവാറിൽ നിന്ന് ഗുജറാത്തിലെ രഥൻപുർ വഴി കടന്നുപോകുന്ന ഹൈവേയ്ക്കിടയിലാണ്, തടിച്ച ബഹളമുണ്ടാക്കുന്ന പട്ടണമായ പാലൻപുർ.

ഇടത്തരം പട്ടണമാണത്. നഗരത്തിലേക്ക് കൂലിപ്പണിയ്ക്ക് പോയി, ഗ്രാമത്തിലെ വീടെത്താൻ തിരിച്ച് തിരക്കിട്ട് മടങ്ങുന്നവരുടെ തിക്കായിരുന്നു ബസുകളിലെല്ലാം. പാലൻപുരിൽ അത്യാവശ്യം നല്ല ബഹളം കണ്ടു. മെച്ചപ്പെട്ട ഹൈവേകളായിരുന്നു മേഖലയിൽ. പലതും പണിതുതീർത്ത കാലം. ചെറിയ നഗരങ്ങൾ പക്ഷേ പെട്ടെന്ന് തന്നെ കാഴ്ചയിൽ തീർന്നുപോയി, വിജനമായ വെളിമ്പ്രദേശങ്ങളുള്ള ഗ്രാമങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഗ്രാമങ്ങളിലൂടെ, പാടങ്ങൾക്ക് നടവിലൂടെ കൂറ്റൻ ഹൈവേകൾ പെരുമ്പാമ്പിനെ പോലെ നീണ്ടുകിടന്നു. രാജസ്ഥാനിലെ ബേവാറിൽ നിന്ന് ഗുജറാത്തിലെ രഥൻപുർ വഴി കടന്നുപോകുന്ന ഹൈവേയ്ക്കിടയിലാണ്, തടിച്ച ബഹളമുണ്ടാക്കുന്ന പട്ടണമായ പാലൻപുർ. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തി കഴിഞ്ഞുള്ള അടുത്ത പ്രധാന നഗരപ്രദേശം പാലൻപുരാണെന്നാണ് ഓർമ. അവിടെ ഇറങ്ങി സ്റ്റാന്റിൽ പോയി, ബസ് കണ്ടെത്തി, രഥൻപുരിലേക്ക്. അടുത്ത് നിന്നുള്ള തട്ടുകടയിലെ ചപ്പാത്തിയും അരുചികരമായ കിഴങ്ങുകറിയും കഴിച്ചു, വിശപ്പടക്കി. ഉച്ചഭക്ഷണം വൈകുന്നേരത്തോടെയെങ്കിലും കഴിച്ചെന്നു വരുത്തി ബസ്സിൽ കേറിക്കൂടി. നല്ല തിരക്കാണ്. നിന്ന് തിരിയാനിടമില്ല. പണിക്കാർക്കും കൃഷിക്കാർക്കുമൊപ്പം ഇടംപിടിച്ച്, ഞെങ്ങിഞെരുങ്ങി യാത്ര. നൂറിൽ കൂടുതൽ കിലോമീറ്ററുണ്ട് മൗണ്ട് അബുവിൽ നിന്ന് പാലൻപുരിലേക്ക്.

ധോളാവീരയിലേക്കുള്ള യാത്രക്കിടയിലെ കാഴ്​ച

പാലൻപുരിൽ നിന്ന് രഥൻപുർ വഴി ധോളാവീരയ്ക്ക് 300 കിലോമീറ്ററോളം. ഭേദപ്പെട്ട ലോഡ്ജ് മുറി കിട്ടണമെങ്കിൽ പാലൻപുരിൽ തങ്ങണം. പക്ഷേ രാവിലെ അവിടെ നിന്ന് ധോളാവീരയെത്തി മടങ്ങുക നടക്കുന്ന കാര്യമല്ല. യാത്രാസമയം വളരെ കൂടുതലെടുക്കും. പാലൻപുരിൽ നിന്ന് കിട്ടിയ ബസിൽ തൂങ്ങി അടുത്ത ചിന്ന ടൗണായ രഥൻപുരിലേക്ക് വിട്ടു. രഥൻപുരിൽ എത്തുമ്പോഴേക്കും രീതികളും കാഴ്ച്ചകളും മാറി. പരിമിതമായ താമസ സൗകര്യങ്ങളേയുള്ളൂ അന്നവിടെ. രാത്രി വൈകി ചെന്നുപെട്ടാൽ മുറി ലഭിക്കാൻ പ്രയാസമുള്ള ഇടമാണതെന്ന് അറിഞ്ഞതുമില്ല. ലോറിത്തെരുവും റിക്ഷാവാലകളുമായി എല്ലാതരം ചിട്ടവട്ടങ്ങളേയും ധിക്കരിക്കുന്ന ലോകം പോലെ തോന്നിപ്പിച്ചു രഥൻപുർ. അസമയത്ത് ചെന്ന പോലെ. അത്ര രാത്രിയൊന്നുമായില്ലായെങ്കിലും പാതിരയായതുപോലെ. തെരുവുനായ്ക്കൾ കുരച്ചുനടക്കുന്ന, ഉറങ്ങിത്തൂങ്ങിയ, മടി പിടിച്ചൊരു സ്ഥലം. നടന്നുനോക്കി, ലോഡ്ജുകൾ ഒന്നും കണ്ടില്ല. നെറ്റിൽ നോക്കിയിട്ടും കാര്യമുണ്ടായില്ല, ഏതോ ചില പേരുകൾ കാണിക്കുന്നു. എവിടെ എന്ന് പിടിയില്ല. ഫോൺ നമ്പറിൽ ചിലത് ട്രൈ ചെയ്തു, റിങ് ചെയ്യുന്നു ആരുമെടുക്കുന്നില്ല. ഏതോ വിചിത്രദേശത്ത് എത്തിപ്പെട്ട പ്രതീതി. രാത്രി നടക്കാൻ പറ്റിയ ഇടമല്ല. നടത്തം തുടർന്നു. കുറെ മാലിന്യകൂനകൾ കണ്ടു, നിറയെ നായ്ക്കളും. അതുകഴിഞ്ഞ്, ഇടതുഭാഗത്തായി പഴഞ്ചൻ ബാറിന്റെ സെറ്റപ്പിലുള്ള ഒരു ലോഡ്ജിന്റെ ബോർഡ്. എന്തായാലും വഴിയില്ല. ചെന്ന് മുറി ചോദിക്കുക തന്നെ.

റാപ്പറിലേക്കുള്ള ബസിൽ പശുത്തൊഴുത്തിന്റെ മണമായിരുന്നു. പുല്ലും വൈക്കോലും പാലുമായി മനുഷ്യർ. പലയിടത്തും ഇരുന്നു പോകുന്നു. ബീഡി വലിയൊക്കെ ബസ്സിനുള്ളിൽ വെച്ചുതന്നെ. പച്ചക്കറികളും ചിലരുടെ കയ്യിൽ കാലുകളെല്ലാം കൂട്ടിക്കെട്ടിയ കോഴികളുമുണ്ട്.

കേറിച്ചെന്നു. റിസപ്ഷൻ തന്നെ ഏതാണ്ട് ഒരു ബ്രാണ്ടിക്കട കണക്കെയാണ്. ആരോ കുപ്പീം ഗ്ലാസും വെച്ച് മദ്യം വീശുന്നുണ്ട്. കർശന മദ്യനിരോധനം ഉള്ള സ്ഥലമാണ് അവിടെയെല്ലാം എന്നാണ് എത്തുംവരെ ധരിച്ചിരുന്നത്. സൈഡിലെ റെസ്റ്റോറന്റിൽ നിന്ന് വൻ ബഹളം. ഒരു മുറിയുണ്ട്, അതേയുള്ളൂ ഇനി- മറുപടി വന്നു. എടുക്കുകയല്ലാതെ വേറെയെന്ത്. പരിമിതമായ സൗകര്യമെന്ന് പറഞ്ഞാൽ പോര, ടോയ്‌ലറ്റ് ഉൾപ്പെടെ ശോകം, ശോചനീയം. ഒരുവിധേന രാത്രി കഴിച്ചുകൂട്ടുക അതിരാവിലെ വണ്ടി കേറുക, അത്രേയുള്ളൂ. മുറി ഒന്നാമത്തെ നിലയിലോ മറ്റോ ആയിരുന്നു. എല്ലായിടത്തും ബഹളം. ഇടുക്കുവഴിയാണ് മുറിയിലേക്ക്. താഴെ കഫേയിൽ കഴിക്കാനായി പോയി, ഒന്ന് ഫ്രഷ് ആയ ശേഷം. പലയിടത്തും മദ്യക്കുപ്പികൾ. റെസ്റ്റോറന്റിൽ വെച്ച് കുടിയും തീറ്റയും. സർവ്വത്ര ബഹളമയം. വലിയ ഒച്ചയും ചില വഴക്കും അരങ്ങേറുന്നു. അസ്വസ്ഥമായി തോന്നി. എന്തോ പ്രശ്‌നം നടക്കും ഏത് നിമിഷവുമെന്ന് തോന്നിപ്പിച്ചു അവിടം. അത്രയ്ക്ക് തിരക്കും ബഹളവും. ഓർഡർ കൊടുത്തു, കുറെ സമയമെടുത്തു, ഒരു രുചിയുമില്ലാതെ ചിലത് കിട്ടി. എങ്ങനെയോ കഴിച്ച് വേഗം മുറിയിലേക്ക്. വാതിലിന് വലിയ ഉറപ്പൊന്നുമില്ല. പൂട്ടിയെങ്കിലും, കാര്യമായൊന്ന് തള്ളിയാൽ തുറക്കപ്പെടും. സുഹൃത്തിന്റെ പക്കൽ വില കൂടിയ ക്യാമറയും മറ്റുമുള്ളതാണ്. സ്ഥലം അത്ര പന്തിയല്ലെന്ന് വ്യക്തമായി. നേരെ മുറിയിലെത്തി കിടന്നു, പുറത്ത് ബഹളം തുടരുകയാണ്. ഇടയ്ക്കാരോ വാതിലിൽ തട്ടുന്നു. അവിടത്തെ ബഹളത്തിനിടയിൽ കൈയ്യോ കാലോ അറിയാതെ തട്ടുന്നതാണ്. ബഹളം കേട്ടുകൊണ്ടുള്ള കിടപ്പിനിടെ എപ്പോഴോ എന്നറിയില്ല, ഉറങ്ങിപ്പോയി.

അതിരാവിലെ എണീറ്റു റെഡിയായി. നേരത്തെ യാത്ര തുടങ്ങിയാലേ ഉച്ചയ്ക്ക് ശേഷമെങ്കിലും ധോളാവീരയിൽ എത്താനാവൂ. രഥൻപുരിൽ നിന്ന് ആടേസറിലേക്ക് വണ്ടി കിട്ടി. ബസ്സിൽ ആടേസറെന്ന ഗ്രാമക്കവലയിലേക്ക്. നേരം വെളുത്തെങ്കിലും ബസിന് ഇരുഭാഗത്തേയും ഗ്രാമങ്ങൾക്ക് നേരം വെളുത്തുവരുന്നു. മൺതേച്ച പുരകൾ. അതിൽ കുമ്മായം കൊണ്ട് വരച്ച ഫ്രെയിമുകൾ പോലെയുള്ള വീടുകൾ. മണ്ണിന്റെ നിറവും വെള്ള ബോർഡറുകളുമുള്ള കൊച്ചു കൊച്ചു വീടുകൾ. പച്ചക്കറിയും പൂക്കളും പഴങ്ങളും വിൽക്കാൻ പോകുന്നവർ. വണ്ടികളിൽ പാൽപാത്രങ്ങളും പച്ചക്കറിയുടെ കുട്ടകളും ചാക്കുകളും കൊണ്ട് പലരും ബസ് കേറി. അവിടത്തെ ജീവിതം എങ്ങനെയെന്ന് കൃത്യമായി വരച്ചുവെച്ച മട്ടിലുള്ള യാത്രയായി രഥൻപുരിൽ നിന്ന് ആടേസറിലേക്കും അവിടെ നിന്ന് റാപ്പറിലേക്കും. റാപ്പറിൽ നിന്ന് ധോളാവീര വരെയ്ക്ക് ഷെയർ ടാക്‌സിയുണ്ടാകും. അല്ലെങ്കിൽ ജീപ്പ് വിളിച്ചുപോകണം. പ്ലാനൊക്കെ റെഡി. വണ്ടികൾ കിട്ടലായിരുന്നു പ്രയാസം. രഥൻപുരിൽ നിന്ന് അതിരാവിലെ തുടങ്ങിയ യാത്ര, റാപ്പറിലെത്തുമ്പോൾ ഉച്ചയോടടുത്തു. റാപ്പർ വരെ ബസ് കിട്ടി. ഗ്രാമങ്ങളിലേക്കുള്ള വഴികൾ ടാർ ചെയ്തു കണ്ടു. ഗ്രാമത്തിലെ, ചില വഴികളിലൂടെ ലോഫ്‌ളോർ ബസുകൾ കടന്നുപോകുന്നുണ്ട്. ചിലയിടത്തേക്ക് യാതൊന്നുമില്ല.

പാൽ നന്നായി ആറ്റിക്കുറുക്കിയുണ്ടാക്കുന്ന ചായയുടെ രുചി ഒന്നുവേറെയാണ്. അനുഷ്ഠാനം പോലെയാണ് ചായ ആറ്റിക്കുറുക്കുന്നതിലെ ധ്യാനാത്മകത. എരുമപ്പാലാണ് കൂടുതലും. ഇഞ്ചിയും ഏലക്കായും ചതച്ച് പാൽ പലവട്ടം തിളപ്പിച്ച് ആട്ടിയിളക്കി, അരിച്ച് ഒഴിച്ചുതരും

സ്‌കൂട്ടറിന്റെ പുറകിൽ ഇരിപ്പിടം ഒരുക്കി, ആകെയൊന്ന് ഷീറ്റ് കൊണ്ടു പുതപ്പിച്ചെടുക്കുന്ന വിചിത്രരൂപികളായ ചില വണ്ടികളാണ് പലയിടത്തും കണ്ടത്. ബൈക്കിന്റെ പുറംഭാഗം അടർത്തിമാറ്റി ഓട്ടോറിക്ഷയുടെ സീറ്റുകൾ ഘടിപ്പിച്ച ഒരു തരം ഓട്ടോയും. ഭൂരിഭാഗം പേരുടേയും സമീപയാത്രകൾ ഇങ്ങനെയൊക്കെയാണ്. ബൈക്കും ഓട്ടോയും ചേർന്ന ‘സയാമീസ് വണ്ടികൾ' ധാരാളമായി കണ്ടു. ട്രാൻസ്‌പോർട്ട് വകുപ്പിന് അവിടെ വലിയ റോളൊന്നും ഇല്ലെന്ന് അത് കണ്ടപ്പോൾ തോന്നി. രഥൻപുർ തൊട്ട് ആടേസർ വരെയുമുള്ള മേഖലകൾ കൃഷിയും വ്യവസായവും ഇടകലർന്ന പ്രദേശങ്ങളാണ്. ആടേസറിൽ നിന്ന് പ്രധാന ഹൈവേ വഴിതിരിയുന്നു. ധോളാവീരയെത്താൻ ഹൈവേ വിട്ട്, ഉൾഗ്രാമങ്ങളിലൂടെയുള്ള റോഡിലേക്ക് യാത്ര മാറി. റാപ്പറിലേക്കുള്ള ബസിൽ കയറുമ്പോൾ പശുത്തൊഴുത്തിന്റെ മണമായിരുന്നു. പുല്ലും വൈക്കോലും പാലുമായി മനുഷ്യർ. ബീഡി വലിയൊക്കെ ബസ്സിനുള്ളിൽ വെച്ചുതന്നെ. പച്ചക്കറികളും ചിലരുടെ കയ്യിൽ കാലുകളെല്ലാം കൂട്ടിക്കെട്ടിയ കോഴികളുമുണ്ട്. പാൽക്കാരും കൃഷിക്കാരുമായി ഇടിഞ്ഞുപൊളിഞ്ഞൊരു ബസിലായി റാപ്പറിലേക്കുള്ള യാത്ര. പാലും പാലുൽപ്പന്നങ്ങളേയും ഉപജീവിച്ച് കഴിയുന്ന കാർഷിക ജനതയ്ക്ക് മൃഗപരിപാലനം പ്രാധാന്യമുള്ള കാര്യമാണ്. ഗ്രാമങ്ങളിൽ നിന്ന് എള്ളും കടുകും പരുത്തിയും കൃഷി ചെയ്യും, പച്ചക്കറികൾ അടുത്തുള്ള ചെറിയ പട്ടണ പ്രദേശങ്ങളിൽ കൊണ്ടെത്തിച്ച് വിറ്റ് രാത്രി ഇവരെല്ലാം തിരികെ മടങ്ങും. പണിയ്ക്ക് പോകുന്നവരുമെല്ലാമുണ്ട്, നല്ല തിരക്കുണ്ട് ബസിൽ.

ധോളാവീരയിലെ ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിർമിതികളുടെ പൗരാണിക- നഗരവത്കൃത രൂപം

സമീപത്തെങ്ങും നല്ല ഹോട്ടലുകളോ മറ്റ് കടകളോ കണ്ടില്ല. ഓരോ കൊച്ചു കവലയിലും ചൂട് ചായയും മറ്റും വിൽക്കുന്ന ഷെഡ്ഢ്, മറ്റുചിലർ ചായ സ്‌കൂട്ടറിന് സൈഡിൽ പെട്ടെന്ന് ചൂടാറാത്തയിനം പാത്രം കൊളുത്തിയിട്ട് ചായ വിൽക്കുന്നു. മുറുക്കാനും ബീഡിയുമൊക്കെ വിൽക്കുന്ന കടയും നാടൻ ചായക്കടകളും ധാരാളം. പാൽ നന്നായി ആറ്റിക്കുറുക്കിയുണ്ടാക്കുന്ന ചായയുടെ രുചി ഒന്നുവേറെയാണ്. അനുഷ്ഠാനം പോലെയാണ് ചായ ആറ്റിക്കുറുക്കുന്നതിലെ ധ്യാനാത്മകത. എരുമപ്പാലാണ് കൂടുതലും. ഇഞ്ചിയും ഏലക്കായും ചതച്ച് പാൽ പലവട്ടം തിളപ്പിച്ച് ആട്ടിയിളക്കി, അരിച്ച് ഒഴിച്ചുതരും. രുചികരമായ അനുഭവമാണ് ഗുജറാത്തിലെ ചായ. റാപ്പറിൽ നിന്ന് ജീപ്പ് നോക്കി, ധോളാവീരയ്ക്ക്. ധോളാവീരയിലേക്ക് സർവീസ് നടത്തുന്ന ബസിൽ പോയാൽ അന്ന് തിരിച്ചുമടങ്ങുക പ്രയാസമാകും എന്നറിയാവുന്നതുകൊണ്ട് ജീപ്പ് പിടിച്ചു. ദിവസത്തിൽ ഒന്നോ രണ്ടോ ബസ് സർവീസ്. ബസ്​ എപ്പോൾ എത്തിച്ചേരുമെന്ന് ഒരുറപ്പുമില്ല. ധോളാവീരയിലേക്ക് ജീപ്പിന് വലിയ തുകയാണ് ഡ്രൈവർ വാടക പറഞ്ഞത്. ഇരുനൂറ് രൂപ കുറച്ച് ഒതുക്കി സമ്മതിപ്പിച്ച് വെള്ളവും കുറച്ച് പഴവും വാങ്ങി യാത്ര തുടങ്ങാൻ തീരുമാനിച്ചു. അത് പക്ഷേ വലിയ തുകയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

ഉപ്പളങ്ങൾ നിറഞ്ഞ ഗ്രാമക്കാഴ്ച്ചയ്ക്കിടെ ഉപ്പുപാടങ്ങളിൽ കറുത്ത പൊട്ടുപോലെയുള്ള മനുഷ്യരെ കണ്ടു. ഉപ്പ് അലിയുന്ന ലാഘവത്തോടെ ജീവിതം മുതലാളിയുടെ കീഴിൽ ജീവിച്ചുതീർക്കുന്നവരാണ്.

മറ്റ് യാത്രക്കാരെ കൂടി കയറ്റി ഷെയർ ചെയ്ത് പോകാവുന്ന യാത്രയാണ് ഈ വഴിയ്ക്കായത്. കുറച്ച് കേറ്റി പറഞ്ഞുനോക്കിയതാണ് സ്മാർട്ട് ഡ്രൈവർ. 200 രൂപ കുറയ്ക്കുന്ന തന്നെ വലിയ കാര്യമല്ലേ എന്ന ചിന്ത കൊണ്ട്, പൈസ ഉറപ്പിച്ചതോടെ ഡ്രൈവർ ആളുഷാറായി. ഡ്രൈവർ രസികനായിരുന്നു. ശരീരഭാഷ മാറി. ഷെയർ വണ്ടിയായി ഓടുന്ന ജീപ്പ് വിളിച്ച് പോകാനൊരുങ്ങിയ തീരുമാനം പാളിയെന്ന് പിന്നീട് മനസ്സിലായി. തുക ഉറപ്പാക്കിയപ്പോ അവിടെ കേറിയിരുന്നവരെ അയാൾ ഇറക്കി. വേറെ ഷെയർ വണ്ടിയിലേക്ക് വിട്ടു. ഞങ്ങളെ മാത്രം ജീപ്പിലേക്ക് ആനയിച്ചു. ഇനി സ്വസ്ഥമായ യാത്രയായിരിക്കും എന്ന് തോന്നിപ്പിച്ചു. റാപ്പറിൽ നിന്ന് നിന്ന് യാത്ര തുടങ്ങി. പരുത്തിയും എള്ളും കടുകും കൃഷി ചെയ്യുന്ന പാടങ്ങൾക്ക് നടുവിലൂടെയാണ് റാപ്പറിൽ നിന്നുള്ള യാത്ര. കടുക് പാടങ്ങളിലെ മഞ്ഞുപൂക്കളും പരുത്തി വെളുപ്പും പൂത്തുലഞ്ഞ നിൽക്കുന്ന ഇരുവശങ്ങൾ. ആടേസർ, റാപ്പർ എന്നിവ കൊച്ചുകവല പോലെയുള്ള പട്ടണങ്ങളാണ്. ലോഡ്ജുകൾ ഉള്ളതായി തോന്നിയില്ല. വാഹനത്തിന്റെ ഇരമ്പലിനൊപ്പം ഡ്രൈവറുടെ ഗുജറാത്തിയും ജീപ്പിലെ ഉറക്കെയുള്ള ഹിന്ദിപ്പാട്ടും സംഭവിച്ചു. നല്ല പൈസയ്ക്ക് ഓട്ടം കിട്ടിയതിന്റെ ആവേശവും അമ്പരപ്പും ഡ്രൈവർക്ക് മാറിയില്ല. ധോളാവീരയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും വഴിയെ കാണുന്ന പരിചയക്കാരോടെല്ലാം സ്പെഷ്യൽ ട്രിപ്പ് ആണെന്ന് പുകയിലക്കറയുള്ള പല്ലുകളുള്ള അദ്ദേഹം ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

റാപ്പറിൽ നിന്ന് മുപ്പത്തഞ്ചു കിലോമീറ്ററോളം പോയാൽ സംഖിയാലി എന്നൊരു ചെറിയ ടൗൺഷിപ്പുണ്ട്. ഇവിടെ ലോഡ്ജുകളുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. കച്ഛ് ജില്ലയിലാണ് ഈ മേഖലകൾ. ആദ്യ രണ്ട് സ്റ്റോപ്പുകൾ കൂടി കഴിഞ്ഞതോടെ ഡ്രൈവർ വണ്ടിയിൽ ആളെ കേറ്റാൻ തുടങ്ങി. ഇത് പ്രത്യേകം പൈസ കൊടുത്ത് ഏർപ്പാടാക്കിയ വണ്ടിയാണെന്ന കാര്യം ഡ്രൈവർ മറന്നതുപോലെ. പലരേയും കേറ്റി വണ്ടിയിൽ. ഒരുപാട് ദൂരെയല്ലാതെ അടുത്തുള്ള മറ്റിടങ്ങളിൽ അയാൾ ഇറക്കുകയും ചെയ്തു. ബസ് കുറവുള്ള അവിടെ അയാളുടെ സ്ഥിരം യാത്രികരായിരിക്കാം. അവരെ പിണക്കേണ്ടെന്നോ ബുദ്ധിമുട്ടിക്കരുതെന്നോ കരുതിക്കാണും. പലയിടത്തും ഡ്രൈവർ വണ്ടി നിർത്തുന്നു. ഉച്ചത്തിൽ വിളിച്ചുപറയുന്നു. കടയിൽ കേറി ബീഡിയും മുറുക്കാനും മേടിക്കുന്നു. വളവുകളിൽ കണ്ടുമുട്ടുന്ന ടാക്‌സിക്കാരോട് ട്രിപ്പ് പോകുന്നു മറന്നുപോയ പോലെ, സമയമെടുത്ത് ചർച്ച. ഉച്ചത്തിലാണ് സംസാരം. പാട്ട് ചെവി തുളയ്ക്കുന്ന ശബ്ദത്തിൽ വെച്ചിട്ടുണ്ട്. അതിനെ മറികടക്കാനായി അതിലും ഉച്ചത്തിൽ സംസാരം. റാപ്പറിന്റെ ഡ്രൈവറുടെ പുണ്യപുരാതന ജീപ്പ് പാഞ്ഞുകൊണ്ടിരുന്നു. അതിനിടെ അല്പം സമയം കാണാതായി ഡ്രൈവറെ. വല്ലയിടത്തും കേറി രണ്ട് പെഗ് കൂടി അടിച്ചോ എന്ന് സംശയം തോന്നി. എല്ലാതരം ഹരവും പുറത്തെടുത്താണ് ഡ്രൈവിങ്.

ഗുജറാത്തിലെ ഒരു ഗ്രാമം

100 കിലോമീറ്റോ മറ്റോ ഉണ്ട് റാപ്പർ ജംങ്ഷനിൽ നിന്ന് ധോളാവീരയിലേക്ക്. അത്രയും ദൂരത്തേക്ക് സയാമീസ് ഓട്ടോകൾ വരില്ല. ജീപ്പ് തന്നെയാണ് രക്ഷ. ഈ ദൂരപരിധിയിൽ ഒരുപാട് വീടുകളില്ല. ഉള്ള മനുഷ്യരെ എല്ലാവർക്കും പരസ്പരം അറിയുന്നുണ്ടാകാം. ഡ്രൈവറുടെ പരിചിതബന്ധങ്ങൾക്ക് അതായിരിക്കാം കാരണം. ഈ കിലോമീറ്റർ പരിധിയിൽ കാണുന്നവരെല്ലാം അയാൾക്ക് പരിചയക്കാരാണെന്ന് തോന്നി. വണ്ടി ഏറെ ദൂരം പിന്നിട്ടതോടെ ഉപ്പുപാടങ്ങളുടെ മേഖലയായി. അവിടന്ന് കടലിന്റെ അരികിലേക്ക് ഭൂപ്രകൃതി മാറി. കൃഷിയിടങ്ങൾ പിന്നിട്ട് കച്ഛ് മേഖയിലേക്ക് എത്തിയെന്ന് തോന്നി. പിന്നീടങ്ങോട്ട് വിശാലമായ ഉപ്പുപാടങ്ങളാണ്. ഉപ്പളങ്ങൾ നിറഞ്ഞ ഗ്രാമക്കാഴ്ച്ചയ്ക്കിടെ ഉപ്പുപാടങ്ങളിൽ കറുത്ത പൊട്ടുപോലെയുള്ള മനുഷ്യരെ കണ്ടു. ഉപ്പ് അലിയുന്ന ലാഘവത്തോടെ ജീവിതം മുതലാളിയുടെ കീഴിൽ ജീവിച്ചുതീർക്കുന്നവരാണ്. ചതുപ്പുപോലെ ഇടങ്ങൾ പരന്നുവിശാലമായി നീണ്ടു കിടക്കുന്നു ഒരുവശത്ത്. നീലനിറത്തിൽ ആകാശം. മറുവശത്ത് വെള്ളമുണ്ട്. കടൽ വെള്ളം കേറിവരുന്ന മേഖല. കണ്ണിലും മനസ്സിലും കാഴ്ച്ച നിറച്ച് ദേശാടനപക്ഷികളും ധാരാളം. നടുവിലെ പുതിയതായി ടാർ ചെയ്ത കറുത്ത റോഡിലൂടെ യാത്ര തുടർന്നു. ജനവാസം കുറഞ്ഞതോടെ ഡ്രൈവറുടെ കാട്ടിക്കൂട്ടലുകളുടെ ബഹളമൊടുങ്ങി. അതുവരെയും ഗ്രാമങ്ങളിലെ മനുഷ്യരെ കണ്ട് കണ്ട് പിന്നീട് ജനവാസമേഖല അല്ലാതായി ഏറെ ദൂരം. പലയിടത്തും പക്ഷികളെ കണ്ടപ്പോ, ഇറങ്ങി പടമെടുത്തു. പതിനായിരക്കണക്കിന് ദേശാടനപക്ഷികൾ ചുവന്ന കാലുകളും വെളുത്ത ദേഹവുമായി ആ കടലോരത്തും പരന്നുകിടക്കുന്ന ചതുപ്പിലും നിറഞ്ഞ് ആഹ്ലാദിച്ചുലസിക്കുന്നു. അതിന്റെ മുകൾത്തട്ട് പ്രാചീനമായ ആവാസവ്യവസ്ഥ പോലെ വിശാലമായ പുൽമേടും മരങ്ങളുമായി കിടക്കുന്നു.

ധോളാവീര പ്രധാനപ്പെട്ട ഒരു പൗരാണിക ഇടമാണ്. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിർമിതികളുടെ പൗരാണിക- നഗരവത്കൃത രൂപം. 4500 വർഷങ്ങൾക്ക് മുൻപാണ് ഇവയെല്ലാം ഉണ്ടായിരുന്നതെന്ന് വിശ്വസിക്കാനാകാത്ത അത്ര ആധുനികമായ നിർമാണ വൈഭവം

പിന്നെയും കുറച്ചു ദൂരം കച്ഛ് റോഡിലൂടെ പോയി വലത്തോട്ട് തിരിഞ്ഞു. ധോളാവീരയ്ക്കുള്ള വഴി. അവിടെ നിന്ന് ദൂരം ഒട്ടുമില്ല. ഹാരപ്പൻ മഹാസംസ്‌കൃതിയുടെ അവശേഷിപ്പുകളിൽ ഗുജറാത്തിലെ ഏറ്റവും പ്രധാന ഇടമായ ധോളാവീരയിലേക്ക് അങ്ങനെ ചെന്നെത്തി. ഗുജറാത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഒരറ്റത്തിന് അരികിലാണ് ധോളാവീര. കഛ് ജില്ലയിലെ ഖാദിർബെറ്റിന് കുറുകെ നീണ്ടുകിടക്കുന്ന വഴിയിലൂടെ അപൂർവ്വങ്ങളായ ദേശാടനപക്ഷികൾ വിരുന്നെത്തുന്ന മേഖലയ്ക്കപ്പുറം. ബച്ചാവു താലൂക്കാണെന്ന് തോന്നുന്നു. ധോളാവീരയെത്തുന്നതിന് തൊട്ടുമുമ്പാണ് ഗ്രേറ്റ് റാൻ ഓഫ് കഛിലേക്കുള്ള വഴി. ഖാദിർബെറ്റിൽ നിന്ന് പാക് സമുദ്രാതിർത്തിയിലേക്ക് അധികം ദൂരമില്ല. ലോഥാൾ, കാലിബംഗൻ. ബനാവലി, രാഖിഗഢ് തുടങ്ങി നിരവധി ഹാരപ്പൻ സൈറ്റുകൾ ഇന്ത്യയുടെ പല മേഖലകളിലായുണ്ട്. പക്ഷേ ധോളാവീര വളരെ പ്രധാനപ്പെട്ട ഒരു പൗരാണിക ഇടമാണ്. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിർമിതികളുടെ പൗരാണിക- നഗരവത്കൃത രൂപമാണത്. 4500 വർഷങ്ങൾക്ക് മുൻപാണ് ഇവയെല്ലാം ഉണ്ടായിരുന്നതെന്ന് വിശ്വസിക്കാനാകാത്ത അത്ര ആധുനികമായ നിർമാണ വൈഭവമാണ് അതിന്റെ അവശേഷിപ്പുകൾക്ക്. ധോളാവീരയിലെ നിർമ്മിതരൂപങ്ങളുടെ നഗരാസൂത്രണ മികവ് അത്രമേൽ അതിശയകരമാണ്.

ഹാരപ്പൻ കാലഘട്ടത്തിൽ ഈ മേഖലയിൽ ഒഴുകിയിരുന്ന രണ്ട് നദികളുടെ ഓരം ചേർന്നാണ് പൗരാണിക നാഗരികത നിലനിന്നതെന്നാണ് ചരിത്രം. പ്രകൃതി പ്രതിഭാസത്തിൽ ഈ മേഖലയുടെ സ്വഭാവം തന്നെ പിന്നീട് മൊത്തത്തിൽ മാറിപ്പോയി എന്ന് പഠനങ്ങൾ പറയുന്നു. ആസൂത്രണത്തിലെ ദീർഘവീക്ഷണം അത്ഭുതപ്പെടുത്തും. കോട്ടമതിൽ അവശിഷ്ടങ്ങൾ, ശ്മശാനത്തിനായി ഒരറ്റത്ത് മാറ്റിവെച്ച സ്ഥലം, കല്ല് അടക്കി പല അടരുകളായി തീർത്ത നിർമിതികൾ, കല്ലുകൊണ്ട് അരിക് കെട്ടിയുണ്ടാക്കിയ തുരങ്കവും സമാനമായി കെട്ടിപ്പൊക്കിയ കുളവും പടവുകളും, ജലസേചനത്തിനുള്ള പ്രത്യേകതരം പാത്തികളും. മലിനജലം ഒഴുകിപ്പോകാനുള്ള ഓവുചാലുകൾ, കുളത്തിലേക്ക് മഴവെള്ളം എത്താനായുള്ള ചാലുകൾ വേറെ. അങ്ങനെ, ആധുനികമായ ശൈലി അവലംബിച്ചുള്ള നിർമാണരീതി.

പുതിയ കാലത്തിന് സമാനപ്പെടുത്താവുന്നവ, പ്രത്യേകിച്ച് ജലസേചന രീതി. വിനോദത്തിനായി കളിയിടം നിർമിച്ചതിന്റെ ശിഷ്ടരൂപം, കല്ലുകൊണ്ടുള്ള സീലുകൾ, മൃഗങ്ങളുടെ എല്ലുകൾ, മൺപാത്രങ്ങൾ, കൃത്യമായ ആകൃതിയിലും ചിത്ര ശിൽപ്പ രൂപകൽപ്പനയിലും നിർമ്മിക്കപ്പെട്ട ആഭരണങ്ങൾ, ആയുധങ്ങൾ, കുളിക്കാൻ ഷവറു പോലെത്തെ പഴയ രൂപമുള്ള കുളിമുറി, രഹസ്യ തുരങ്കം, സ്വാഗതകമാനം, ഇന്റർലോക്ക് ചെയ്ത കല്ലുകളുടെ വമ്പൻ കല്ലുപാളികൾ, ചുട്ടെടുത്തതും ചിത്രണം ചെയ്തതുമായ ഇഷ്ടികകൾ. ഹാരപ്പൻ നാഗരികതയുടെ ഖനനം ചെയ്‌തെടുത്ത കാഴ്ചകൾ ആരെയും കൗതുകപ്പെടുത്തും. ഖാദിർ ബെറ്റ് പ്രദേശത്തെ ഒരു ഗ്രാമമാണ് ധോളാവീര. ബെറ്റ് എന്നാൽ ദ്വീപ് എന്നർത്ഥം. കൊട്ടാഡ ടിമ്പ എന്നും കോട്ടത്തളങ്ങളുള്ള സെറ്റിൽമെൻറ്​ എന്ന അർത്ഥത്തിൽ പറയുന്നു.

ഗുജറാത്തിലെ ആടേസർ ഗ്രാമത്തിലെ മൺപുരകൾ.

ഉച്ച കഴിഞ്ഞാണ് അവിടെ എത്തിയത്. ആർക്കിയോളജി വകുപ്പ് ഗസ്റ്റ് ഹൗസും മ്യൂസിയവും ഉണ്ട് സൈറ്റിനരികെ. ജോലിക്കാരോട് ഭക്ഷണം കിട്ടുമോ എന്ന് ചോദിച്ചു. ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു. സമീപത്ത് കടകൾ ഇല്ല. കണ്ട് തീർക്കാൻ സമയമെടുത്തതിനാൽ ശേഷം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ ചൂടോടെ എല്ലാം റെഡി. ആർത്തിയോടെ കഴിച്ചു. റൊട്ടിയും പച്ചക്കറിയും ദാലും. ഡ്രൈവറെ കാണാതായി ഏറെനേരം പിന്നെയും. അവൻ രണ്ടെണ്ണം വീശി തിരിച്ചുവന്നുവെന്ന് തോന്നി, ഭക്ഷണത്തിന്റെ സമയത്തിന്. ഇവനെങ്ങനെ മദ്യപിച്ച് വണ്ടിയോടിക്കുമെന്ന് പേടി തോന്നി. പുല്ലുപോലെ ജീപ്പോടിച്ചു അതിവേഗത്തിൽ തിരിച്ചുപോന്നു. പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്കിടയിൽ അകലെ നിന്ന് നോക്കിയാൽ കൂൺ പോലെ തോന്നിക്കുന്ന കൊച്ചുകുടിലുകൾ കണ്ട് ഇനി മടങ്ങണം. മഞ്ഞിലും വേനലിലും ഖാദിർബെറ്റിലെ നീളൻ റോഡിലൂടെ സഞ്ചാരം കൗതുകകരമാണെങ്കിലും മഴക്കാലം പ്രദേശത്തെ ജലസമാധിയിലാക്കും. പെരുമ്പാമ്പിനെ പോലെ നീണ്ടുകിടക്കുന്ന വഴിയ്ക്ക് ഇരുവശവും പക്ഷികളുടെ കലപിലകളും കടലിന്റെ നീലിമയും ഉപ്പളങ്ങളുടെ വെളുത്ത് പരന്ന ഉടലും കണ്ട് പഴയ ജീപ്പിൽ മടങ്ങി.

റാപ്പറിൽ നിന്ന് ഖാദിർബെറ്റിന് തൊട്ടുമുമ്പുള്ള കാഴ്ച്ച സഞ്ചാരം വേറിട്ടതാണ്. ഉപ്പുപാടവും ആകാശവും കടലും പക്ഷികളുമായുള്ള യാത്ര.

തിരിച്ചുപോരാൻ റാപ്പറിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ലാസ്റ്റ് ബസ്​ രാത്രി ഏഴരയ്ക്കാണ്. നല്ല ദൂരമുണ്ടെങ്കിലും അതിന് മുമ്പേ അവൻ റാപ്പറിലെത്തിച്ചു തന്നു. സന്തോഷത്തോടെ കാശ് മേടിച്ചു, വിനയത്തോടെ തൊഴുതു, യാത്ര പറഞ്ഞുപോയി. അയാൾക്ക് ഏതായാലും ആഘോഷദിവസമാണല്ലോ. ഗുജറാത്ത് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രാത്രി ബസിൽ എട്ട് മണിയോടെ അഹമ്മദാബാദിലേക്ക് തിരിച്ചു. ഗോധ്ര കലാപത്തിനുശേഷം ഏറെ കഴിഞ്ഞാണ് അവിടെ പോയത്. പക്ഷേ ഓരോ ഇടത്തൂടെ യാത്ര ചെയ്യുമ്പോഴും കലാപത്തിന്റെ വാർത്തകളിലൂടെ മനസ്സിൽ ഭീതി തങ്ങിനിന്നു.

കച്ഛ് മേഖല പക്ഷേ മറ്റൊരു ലോകം പോലെയാണ്. ധോളാവീരയുടെ അടുത്തേക്ക് എത്തുന്ന ഇടമായിരുന്നു യാത്രയിലെ, വ്യത്യസ്തമായ കാഴ്ച്ചയിലൊന്ന്. റാപ്പറിൽ നിന്ന് ഖാദിർബെറ്റിന് തൊട്ടുമുമ്പുള്ള കാഴ്ച്ച സഞ്ചാരം വേറിട്ടതാണ്. ഉപ്പുപാടവും ആകാശവും കടലും പക്ഷികളുമായുള്ള യാത്ര. കടലിനും ഉപ്പുപാടത്തിനും നടുവിലൂടെ നീണ്ടുപോകുന്ന വഴിയും അവിടത്തെ പക്ഷികളും കാറ്റും. തിരിച്ചുവരുമ്പോൾ മറ്റൊരു കാഴ്ച്ച കൂടി കണ്ടു. റാപ്പറിൽ നിന്ന് ധോളാവീരയ്ക്ക് വരാനായി കേറിയാലോ എന്ന് ആലോചിച്ച ആ ലോക്കൽ ബസ് പതിയെ കുലുങ്ങി കുലുങ്ങി എതിരെ വരുന്നത് കണ്ടു. എപ്പോഴോ ധോളാവീരയിൽ എത്തേണ്ട ബസായിരുന്നു. അത് കുട്ടിക്കഥയിലെ ആമയുടെ വേഗത്തിൽ ഹാരപ്പൻ പ്രാചീന നഗരത്തിലേക്ക് പോകുന്നേയുണ്ടായിരുന്നുള്ളൂ, അപ്പോഴും. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments