തിംഫു- ഒരു ദൂരക്കാഴ്​ച / ഫോ​ട്ടോകൾ: വി.എസ്​. സനോജ്​

ടീസ്റ്റാ നദി തൊട്ട്, നോർബുവിന്റെ വഴിയെ,

ആർക്കും ഒന്നിരുന്ന് ധ്യാനിക്കാൻ തോന്നിപ്പോകുന്ന അത്ര ശാന്തതയും തണുപ്പുമുണ്ട്, മലമുകളിലെ റിംപോഷെയുടെ മടയിൽ. ഒരുവശത്ത് നിന്ന് കാറ്റ് ആഞ്ഞുവീശുന്നു. ചിലർ പ്രാർത്ഥനകളിലാണ്.

റിംപോഷെയുടെ മടയിൽ

നാഥുലാപാസിലെ ഒരു പകൽത്തണുപ്പു മുഴുവനും കൊണ്ട്, ഉടലാകെ മരവിച്ച് മടങ്ങിയെത്തി. ഇനി ആശ്വാസം സിക്കിം മസ്‌ക്കാണ്, അത് മേടിക്കണം. എം.ജി. മാർഗിൽ കറങ്ങണം, രാവിലെ ഗ്യാങ്‌ടോക്ക് വിടണം. സിക്കിം മസ്‌ക് പണ്ടുമുതലേ പേരുകേട്ടയിനം മദ്യമാണെന്ന് കൂടെയുള്ള സുഹൃത്ത് പറഞ്ഞാണറിഞ്ഞത്. മറ്റ് സാധനങ്ങളും മേടിക്കാനുണ്ട്, എം.ജി. മാർഗിലേക്കിറങ്ങി.
ഹോട്ടലിൽ നിന്നുള്ള പതിനെട്ടാംപടിയുമിറങ്ങി താഴെ സ്ട്രീറ്റിൽ.
ഇരുട്ട് വീണുതുടങ്ങുന്നു, വിളക്കുകൾ തെളിഞ്ഞു. വിളക്കുകാലിനരികെ കസേരകളിൽ സഞ്ചാരികൾ. എം.ജി.മാർഗ് എന്ന ഗ്യാങ്‌ടോക്കിലെ വീഥി ഒരു യൂറോപ്യൻ ശൈലിയുള്ള സ്ഥലമാണ്. നോർത്ത് ഈസ്റ്റിൽ ഇത്തരം ഇടം പലയിടത്തുമുണ്ട്, ഷിംലയിലും മറ്റും. തറയോട് വിരിച്ച റോഡുകളും വിളക്കുകാലും ഇരുമ്പു കസേരകളും, വീഥി എപ്പോഴും വൃത്തിയാക്കാൻ ആളും. ധാരാളം പേർക്ക് വന്നിരിക്കാനും മഞ്ഞും മഴയും ആസ്വദിക്കാനും പറ്റുന്നയിടം. പക്ഷേ ഈ വൃത്തിയും സൗന്ദര്യമുള്ള ഒരു സ്ട്രീറ്റ് മലയിറങ്ങിയെത്തുന്ന സംസ്ഥാനങ്ങളിൽ എവിടെയും കണ്ടതായി ഓർമയില്ല, വിരളമാണ്. പോയ അനുഭവങ്ങൾ വെച്ച്.

നാലോ അഞ്ചോ സ്ത്രീകൾ മദ്യം വാങ്ങുന്നുണ്ട്, അതിലൊരാൾ കന്യാസ്ത്രീയാണ്, സഹയാത്രികർ കുപ്പി തിരയുന്ന ആവേശവും സീനും കണ്ടാസ്വദിച്ചാണ് കൂടെയുള്ള കന്യാസ്ത്രീയുടെ നിൽപ്പ്.

എം.ജി. മാർഗിലെ ടിബറ്റൻ കഫേയിൽ നല്ല മൊമോ കിട്ടും, പലതരം സൂപ്പുകളും. സൂപ്പ് കഴിക്കാനായി മാത്രം കഫേ തേടി സഞ്ചാരികളെത്തും. മൊമോ ടിബറ്റൻ ശൈലിയിൽ ഉണ്ടാക്കിത്തരും. പ്രായമുള്ള സ്ത്രീകളാണ് അടുക്കളയിലും കൗണ്ടറിലും. ഇറങ്ങിനടപ്പിനിടെ മദ്യക്കട കണ്ടു. ഡ്യൂട്ടി പെയ്ഡ് ഷോപ്പ് പോലെ വൃത്തി, തിരക്കില്ല, സൗന്ദര്യവർധകവസ്തുക്കൾ മേടിക്കുന്ന കട പോലെ ഗ്യാങ്‌ടോക്കിലെ മദ്യക്കടകൾ. ക്രീമോ ഷാമ്പുവോ പെർഫ്യൂമോ മേടിക്കുന്ന കണക്കെ മദ്യകുപ്പി മേടിക്കാം. നാട്ടിലേക്ക് കുപ്പി മേടിക്കുന്ന മലയാളികൾ എങ്ങാനും ചെന്ന് തിരക്ക് കൂട്ടിയെങ്കിലേയുള്ളൂ. സാവധാനം നോക്കി മേടിക്കാം, സമയമെടുത്ത്, ആരും ഒന്നും പറയില്ല. ഇത്തരം മദ്യക്കടകൾ സ്ട്രീറ്റിൽ ധാരാളമുണ്ട്. ചെന്ന കടയിൽ ചെറിയൊരു തിരക്ക്. നാലോ അഞ്ചോ സ്ത്രീകൾ മദ്യം വാങ്ങുന്നുണ്ട്, അതിലൊരാൾ കന്യാസ്ത്രീയാണ്, സഹയാത്രികർ കുപ്പി തിരയുന്ന ആവേശവും സീനും കണ്ടാസ്വദിച്ചാണ് കൂടെയുള്ള കന്യാസ്ത്രീയുടെ നിൽപ്പ്. അവരൊഴികെ നാല് സ്ത്രീകളും മദ്യക്കടയിൽ ബ്രാൻഡ് തിരയുന്ന തിരക്കിലും. കണ്ടിട്ട്, പ്രായം 50-55 റേഞ്ച്. നല്ല പൊസിഷനിൽ ജോലി ചെയ്തവരായിരിക്കാം.

തിംഫുവിലെ കാഴ്​ച

ചോദിച്ചു, എവിടെന്നാണ്, അവർ ചിരിച്ചു. പലയിടത്തു നിന്നുള്ളവരാണ്. ഒരുമിച്ച് ജോലി ചെയ്തവർ. അധ്യാപകരാണ്, റിട്ടയർ ചെയ്തു. എല്ലാ വർഷവും യാത്ര പോകും. റിട്ടയർമെന്റിന് ശേഷം കൂടുതൽ ആഘോഷമാക്കി ജീവിതം. യാത്രയ്ക്ക് കുറവില്ലാതെ, അർമാദിക്കാൻ ഒട്ടും പിശുക്കില്ലാതെ കറങ്ങുകയാണ്, കഴിഞ്ഞ തവണ ഗോവ, ഇത്തവണ ഗ്യാങ്‌ടോക്കിലെത്തി. നാഥുലയിലെല്ലാം പോയി. യാത്ര തീർന്നിട്ടില്ല. ഇനി പെല്ലിങിലേക്കാണ്, വെസ്റ്റ് സിക്കിം. കാഞ്ചൻജംഗയുടെ താഴത്തെ പർവ്വത നിരകൾക്കരികിലെ ദേശം. കാഞ്ചൻജംഗ വളരെ അടുത്ത് ദർശിക്കാമെന്നതാണ് പെല്ലിങിന്റെ ആർഭാടം. തമാശകൾ പൊട്ടിച്ചും ഉറക്കെ ചിരിച്ചും രസികത്തം കളയാത്ത ആഘോഷത്തിൽ, ടീച്ചർമാർ വിസ്‌കിയും റമ്മുമാണ് ചോദിച്ചു മേടിക്കുന്നത്, വില കൂടിയ ബ്രാൻഡുകൾ. അല്പം കാത്തുനിന്നു. ബില്ലടച്ച്, നല്ല പൈസയ്ക്കുള്ള മദ്യക്കുപ്പികൾ ബാഗിൽ വെച്ച് യാത്ര പറഞ്ഞു, ചിലരുടെ കയ്യിൽ ബാഗില്ല, കുപ്പി കൈയ്യിൽ പിടിച്ചുതന്നെ മുറിയിലേക്ക്. സ്ത്രീകൾ ഇത്ര ആത്മവിശ്വാസത്തോടെ തമാശയും കളിയും ചിരിയുമായി മദ്യക്കടയിൽ പോയി വരിക കേരളത്തിൽ ഇനിയും വിദൂരമാണല്ലോ എന്നോർത്തു.

സിക്കിം മലനിരകൾ

കടക്കാരനോട് സിക്കിം മസ്‌ക് ബ്രാണ്ടി ചോദിച്ചു, ഫുട്‌ബോളിന്റെ ആകൃതിയുള്ള ഒരു ബ്രാണ്ടിക്കുപ്പിയും ഉറയിൽ വെച്ച വാളിന്റെ ഷേപ്പിലുള്ളതും കണ്ടു. കൗതുകമുള്ള കുപ്പികൾ. അതും വാങ്ങി. ഒരെണ്ണം വീട്ടിലെത്തുമ്പോൾ അച്ഛനും മറ്റൊന്ന് നാട്ടിലെ ഫ്രണ്ട്‌സിനും കൊടുക്കാം. കൂടെയുള്ള ഫ്രണ്ട്‌സും മദ്യം വാങ്ങി. സിക്കിം മസ്‌ക്, രാത്രി കമ്പനിയ്ക്കുള്ളതാണ്. ആറുപേരുടെ യാത്രാസംഘമാണ്. ഒരാൾ ഒഴികെയെല്ലാവരും മദ്യം കഴിക്കും. ഒരേ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർ. മദ്യം കഴിക്കാത്ത സുഹൃത്തിന് ഗുവാഹത്തിയിലാണ് ജോലി. കോഴിക്കോട്ട് നിന്ന് സ്ഥലംമാറ്റപ്പെട്ടതാണ് എല്ലാവരും. വേജ് ബോർഡ് വിഷയത്തിൽ മുതലാളിയുമായി കലഹിച്ചതിന്റെ പേരിൽ സുന്ദരമായ ഇന്ത്യ കാണലിന് ഭാഗ്യം സിദ്ധിച്ചവരെന്നും പറയാം. സിക്കിം-ഭൂട്ടാൻ യാത്രയ്ക്ക് അരങ്ങൊരുങ്ങിയതും അങ്ങനെത്തന്നെ. പല സംസ്ഥാനങ്ങളിലാണ് ജോലി എന്നതിനാൽ കൂടിച്ചേർന്നുള്ള യാത്ര എളുപ്പമായി, കേരളത്തിൽ നിന്ന് വരേണ്ടവർക്ക് മാത്രമേ യാത്രാ അകലവും ട്രെയിനിലെ മടുപ്പുമുള്ളൂ. സിക്കിം മസ്‌ക്കുമായുള്ള മൽപ്പിടുത്തത്തിന് ശേഷം ഉറങ്ങി, നാഥുലയിലെ നടപ്പിന്റെ ക്ഷീണം. അതിരാവിലെ ഹോട്ടൽ വിട്ടു, വണ്ടി കേറി. സിക്കിമിന് മൊഴിചൊല്ലി ചുരമിറങ്ങി, ജൊയ്‌ഗോൺ വഴി, വളഞ്ഞുപുളഞ്ഞ്, ആളോഹരി സന്തോഷത്തിന്റെ രാജ്യമായ ഭൂട്ടാനിലേക്കാണിനി.

ടക്‌സാങ് പൽഫുഗ് മൊണാസ്ട്രി

ഏറെനേരത്തെ യാത്രയ്ക്ക് ശേഷം സെവോക് ഹിൽ ഫോറസ്റ്റ് റോഡിലൂടെ, ടീസ്റ്റ നദിയുടെ അരികുപറ്റി, പ്രസിദ്ധമായ കോറണേഷൻ ബ്രിഡ്ജ് വഴി ഇടത്തോട്ട് തിരിഞ്ഞ്, ആലിപുർദ്വാർ, കൂഛ് ബെഹാറിന്റെ ഓരത്തൂടെ യാത്ര ചെന്നെത്തിയത് പുങ്‌ഷൊലിങ് എന്ന ജയ്‌ഗോണിലേക്ക്. ടീസ്റ്റാ നദി വൻ കഥാപാത്രമാണ്, ആ ഒഴുകലിന്, പ്രത്യേകതയേറെ. ചൈന, ബംഗ്ലാദേശ്, ഇന്ത്യ - അന്താരാഷ്ട്ര അതിർത്തികളിലെ സാന്നിധ്യം, മൂന്ന് രാജ്യങ്ങളിലും രണ്ട് സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന സെലിബ്രിറ്റി നദി. ബംഗ്ലാദേശുമായി വെള്ളം പങ്കുവെക്കുന്ന കരാറുമുണ്ട്. സിലിഗുരി മേഖലയുടേയും സിക്കിമിന്റേയും ബംഗ്ലാദേശിന്റേയും ജീവിതത്തിൽ ടീസ്റ്റയ്ക്ക് പ്രധാന്യമുണ്ട്. വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന ടീസ്റ്റ, സിക്കിമിലും ഡാർജലിങ് അടക്കം ബംഗാളിലെ മേഖലകളിലും കുടിവെള്ളവും ജലസേചനവും സാധ്യമാക്കുന്നു. നോർത്ത് സിക്കിമിലെ ചുങ്താങ് മഞ്ഞുമലകളിൽ നിന്ന് ഉരുവം കൊണ്ട് ചൈനീസ് അതിർത്തി പ്രദേശത്തുകൂടെ ഒഴുകി, സിവാലിക് മലനിരകളിലൂടെ ഡാർജലിങ്, കാലിംപോങ്, ജയ്പാൽഗുഡി വഴി ബംഗ്ലാദേശിലേക്കെത്തുന്നു. ടീസ്റ്റ ലയിക്കുന്ന ഇടം ടീസ്റ്റാമുഖ് എന്നുമറിയപ്പെടുന്നു. അവിടെയും നദീജല പദ്ധതിയുണ്ട്.

ഭൂട്ടാൻ കടകളിലും റെസ്റ്റോറന്റുകളിലും പുറത്തുനിന്ന് വരുന്നവർക്ക് കേറാം. അവിടന്നങ്ങോട്ട് യാത്രാ പെർമിറ്റ് വേണം. ലൈസൻസ് ഒഴികെയുള്ള തിരിച്ചറിയൽ രേഖയാണ് ഭൂട്ടാനിലേക്ക് വേണ്ടത്.

ടീസ്റ്റ ഒഴുകുന്നത് കൂടുതലും ഇന്ത്യയ്ക്ക് വേണ്ടിയാണ്, നോർത്ത് ഈസ്റ്റിലും മറ്റുമായി. ബ്രഹ്‌മപുത്രയോട് ചേരുന്നത് ബംഗ്ലാദേശിലും. അത് ഇന്ത്യൻ മഹാസമുദ്രത്തിൽ ലയിക്കുന്നു. ജലവൈദ്യുത പദ്ധതികളുണ്ട്, ഹൈഡൽ പ്രോജക്ടുകൾ. പോകുന്ന വഴി, പാലം പണികൾ നടക്കുന്നത് കണ്ടു ചിലയിടത്ത്. സിലിഗുരി-ജയ്പാൽഗുഡി വഴിയിലൂടെ ഗ്യാങ്‌ടോക്കിലേക്ക് പോകുന്നവർ യാത്രയിലുടനീളം ഈ നദിയുടെ ഓരത്തുകൂടെ പോണം. മറ്റൊരിക്കൽ വെള്ളം വളരെ കുറഞ്ഞ സമയത്ത്, ടീസ്റ്റയ്ക്കരികെ വണ്ടിനിർത്തി, നദിയിലിറങ്ങി ഭംഗിയുള്ള അഞ്ചെട്ട് കല്ല്, വലുതും ചെറുതുമായത് പെറുക്കി കാറിൽ കൊണ്ടുപോന്നു. സിലിഗുരിയിലേക്ക് വരുംവഴി, മുമ്പുണ്ടായ ഒരു യാത്രയ്ക്കിടെ. കൊൽക്കത്തയിലെ വീട്ടിൽ ചെറിയ കല്ലുകൾ ഷോകേസിലെ അപൂർവ്വ വസ്തുവായി സൂക്ഷിച്ചു, വലിയ രണ്ടെണ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചതയ്ക്കാനായി അടുക്കളയിലും വെച്ചു. കൊൽക്കത്ത വിട്ടപ്പോൾ ആ കല്ലുകളെ കയ്യൊഴിയേണ്ടിവന്നു. കല്ലിനെ ഒഴുകിയൊഴുകി ഉരുട്ടി ഉരുളൻ കല്ലാക്കി മാറ്റുന്ന നദിയാണ്. ഒട്ടും അഴുക്കില്ലാത്ത പോലെ തോന്നും, കാഴ്ച്ചയിൽ, അടിയിലെ കൊച്ചു ഉരുളൻ കല്ലുകൾ തെളിഞ്ഞുകാണാം. പരുക്കനാകാൻ തീരുമാനിച്ച് നദിയുടെ ഇടപെടലിൽ മയപ്പെട്ടുപോയ കല്ലുകൾ നിറച്ചുള്ള നദിയാണ് ടീസ്റ്റ. അതിനെക്കുറിച്ച് ഇനിയുമെഴുതാൻ ഏറെയുണ്ട്.

തിംഫു

ബംഗാൾ- ഭൂട്ടാൻ അതിർത്തിയെത്തി. ഉള്ളിലേക്ക് കുറച്ചുദൂരം പ്രവേശിക്കാം. നാലോ അഞ്ചോ സ്‌ക്വയർ കി.മീറ്റർ ഫ്രീ സോണാണ്. ഭൂട്ടാൻ കടകളിലും റെസ്റ്റോറന്റുകളിലും പുറത്തുനിന്ന് വരുന്നവർക്ക് കേറാം. അവിടന്നങ്ങോട്ട് യാത്രാ പെർമിറ്റ് വേണം. ലൈസൻസ് ഒഴികെയുള്ള തിരിച്ചറിയൽ രേഖയാണ് ഭൂട്ടാനിലേക്ക് വേണ്ടത്. ജൊയ്‌ഗോണിലെത്തിയപ്പോൾ നേരം ഇരുട്ടി, രാവിലെ തിരിച്ചറിയൽ രേഖയുമെടുത്ത് പോകാനേ ഇനി പറ്റൂ, റൂമെടുത്തു. ഡ്രൈവർ ബംഗാളിയാണ്, അയാൾ, മൊത്തം യാത്രാത്തുക പറഞ്ഞതിൽ മുക്കാലും ആദ്യമേ വേണമെന്ന് തലേന്ന് പറഞ്ഞു. അതോടെ സംശയമായി, ഇയാൾ പറ്റിക്കുമോയെന്ന്, കാശെല്ലാം കിട്ടിക്കഴിഞ്ഞാൽ കക്ഷി മുങ്ങിയാലോ. ഒടുവിൽ കുറെ ചർച്ച ചെയ്ത ശേഷം പൈസ കൊടുത്തു, മനസ്സില്ലാമനസ്സോടെ. അയാളത് ആർക്കോ കൊടുത്തയക്കുന്നതും മറ്റും കണ്ടു. എന്തോ അത്യാവശ്യമാണയാൾക്ക്. ഐ.ഡി. വെരിഫിക്കേഷനിൽ കൂടെയുള്ളവരുടേത് എല്ലാം ക്ലിയറായി. പക്ഷേ വോട്ടേഴ്‌സ് ഐ.ഡി. എടുക്കാതെ പാൻ കാർഡും ലൈസൻസുമെടുത്ത് പോയതിനാൽ പെട്ടു. ആധാർ നിർബന്ധമാക്കിയിട്ടില്ല, എടുത്തിട്ടുമില്ല. അവർക്കുമാത്രം പോകാം എന്നായി സ്ഥിതി. ഉദ്യോഗസ്ഥർ വഴങ്ങുന്നില്ല. പല തരത്തിൽ റിക്വസ്റ്റ് ചെയ്തുനോക്കി. ഒടുവിൽ ഡ്രൈവറുടെ പരിചയവും യാത്രാസംഘത്തിലെ പാസ്‌പോർട്ട് ഉള്ള സുഹൃത്തിന്റെ രേഖയുടെ ജാമ്യത്തിലുമായി പെർമിഷൻ കിട്ടി. ഇന്നോവയിൽ യാത്ര തുടങ്ങി, ജൊയ്‌ഗോണിൽ നിന്ന് തിംഫുവിലേക്ക്.

കാറിലെത്തിയ യുവതീ- യുവാക്കൾ ബിയർ കുപ്പികളുമായി ബുദ്ധപ്രതിമയ്ക്ക് എത്തുന്നതിന് മുമ്പുള്ള മരങ്ങളുള്ള വഴിയുടെ വിജനതയിൽ ആർത്തുല്ലസിക്കുന്നത് തിരിച്ചറിങ്ങുന്ന സായാഹ്നത്തിൽ കണ്ടു.

ദോഷൈകദൃക്കായ മലയാളിയുടെ സ്വതസിദ്ധ സംശയങ്ങളാണ് ഡ്രൈവറെക്കുറിച്ച് പൊന്തിവന്നത്. ആരെയും വിശ്വാസമില്ല. അത് അനാവശ്യമായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. യാത്രയിലുടനീളം അയാളുടെ പെരുമാറ്റവും ഇടപെടലും ഹൃദ്യമായിരുന്നു. ഭൂട്ടാനിലേക്ക് അതിർത്തിയിൽ നിന്നുള്ള ദൂരം ആറ് മണിക്കൂറോളമാണ്. ആ യാത്ര തന്നെ ധാരാളം മതി, ഭൂട്ടാനെ അറിയാൻ. ആ പോക്കിലെ കാഴ്ച്ച മനം നിറച്ചു. താഴ് വരകൾ, തട്ടുകൃഷിയിടങ്ങൾ, മലഞ്ചെരിവിലൂടെ, റോഡിനരികിലൂടെ പോകുന്ന നദികൾ, വലിയ കനാലുകൾ, കുന്നിൽ മുകളിലെ തുറന്ന ജയിൽ, മികച്ച നിലവാരമുള്ള റോഡുകൾ, നല്ല ഭക്ഷണവും ശാന്തമായ അന്തരീക്ഷവും ഇതെല്ലാം ഭൂട്ടാനെ ഹാപ്പിനെസ് ആളോഹരിയുടെ ലോകമാക്കി മാറ്റുന്നതൊരു സത്യമാണ്. ഭക്ഷണം കഴിക്കാനായി ഒരിടത്ത് നിർത്തി. ഒരു പാലവും വലിയ വളവുമുണ്ട്. അതിനടുത്താണ് ഹോട്ടൽ. ഏതോ ഹൈഡൽ പ്രോജക്ടിന്റെ പണി നടക്കുന്ന പ്രദേശം. നദിയ്ക്കു കുറുകെ വലിയൊരു പാലം. ഊണിന് മുമ്പ് മദ്യം മിക്ക ഹോട്ടലുകളിലും കിട്ടും. ഭക്ഷണം വരാൻ സമയമെടുക്കും. ബിയറും വോഡ്കയുമൊക്കെ പറഞ്ഞു. പലതരം കറികൾക്കൊപ്പം, ചുവന്ന വറ്റൽ മുളക് കൊണ്ട് തോരനും ചോറും മോരു കാച്ചിയതും പപ്പടവുമൊക്കെ വന്നു, കാണാൻ ഭയങ്കര ചോപ്പാണ് തോരൻ. പക്ഷേ പേടിച്ചപോലെ ഭീകരമായ എരിവൊന്നുമല്ല, നല്ല രുചിയാണതിന്, എരിവുണ്ടാകുമോ എന്ന് പേടിച്ച് കുറേശ്ശേ കഴിച്ചുനോക്കി. ഉഗ്രൻ ലഞ്ച്. കാഴ്ച്ചകളും പടമെടുപ്പും കഴിഞ്ഞ് വഴികൾ താണ്ടി ഒടുവിൽ തിംഫു എത്തുമ്പോൾ സായാഹ്നം.

ലുങ്താ എന്നറിയപ്പെടുന്ന, ബുദ്ധവിശ്വാസികളുടെ പ്രാർത്ഥനാ മന്ത്രങ്ങളെഴുതിയ, ചരടിൽ ചേർത്ത് കെട്ടിയ പതാകകൾ

നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിംഫുവിന്റെ കവാടം തന്നെ ഫോട്ടോജനിക്കാണ്. അവിടെ ഇറങ്ങി ചില പടങ്ങളെത്തു. പുതിയതായി പണികഴിപ്പിച്ച ഹോട്ടലിൽ നല്ല വിശാലമായ മുറി കിട്ടി. നാല് പേർക്ക് കിടക്കാവുന്ന വലിയ മുറിയും രണ്ടുപേരുടെ മറ്റൊരു മുറിയും. താഴ് വര നല്ല പോലെ കാണാവുന്ന വലിയ ചില്ലു ജനാലകളുണ്ട്, നല്ല പുറംകാഴ്​ച. തിംഫുവിൽ ജോലി ചെയ്യുന്ന സുഹൃത്ത് വഴി മുറികൾ തരപ്പെടുത്തിയതതാണ്. ഹോട്ടലിൽ മുറി തുറന്നുകൊടുത്തു തുടങ്ങിയില്ല, പക്ഷേ പരിചയം വെച്ച് പണി പൂർത്തിയായ മുറി തന്നതാണ്. ഭാഗ്യത്തിന് കിട്ടിയ സൗകര്യം. ബാക്കി പണികൾ നടക്കുന്നു. ഭക്ഷണം അവർ എത്തിച്ചുതന്നു. നടത്തിപ്പുകാർ താഴത്തെ നിലയിൽ കുടുംബമായി താമസിക്കുന്നു. ഗ്യാങ്‌ടോക്ക് മുതൽ തിംഫു വരെ നീളുന്ന യാത്രയുടെ ക്ഷീണം കൊണ്ട് സുഖമായി കിടന്നുറങ്ങാനായി. അതിരാവിലെ എണീറ്റ് കുറച്ചുദൂരം നടന്നു, മഴച്ചാറലുണ്ടായപ്പോ തിരികെ വന്നു, മഴയും മഞ്ഞുമുള്ള സീസണിലായിരുന്നു യാത്ര. ബ്രേക്ക്ഫാസ്റ്റും കഴിച്ച് പുറത്തിറങ്ങി.

ഭൂട്ടാൻ രാജകുടുംബത്തിന്റെ കൊട്ടാരവും പാർലമെൻറ്​ പരിസരവുമെല്ലാം ഉച്ചവരെ കറങ്ങി. പ്രശാന്തമായ ഇടങ്ങളാണ്. കരവിരുതിൽ വിസ്മയിപ്പിക്കുന്ന ആർക്കിടെക്ച്ചറാണ് കൊട്ടരത്തിന്റേത്. എവിടെ ക്യാമറ വെച്ചാലും നല്ല ഫ്രെയിം കിട്ടുന്ന നാടാണ് ഭൂട്ടാൻ. തിംഫുവിലെ കവാടം തന്നെ അത് വ്യക്തമാക്കി. ലുങ്താ എന്ന ബുദ്ധവിശ്വാസികളുടെ പ്രാർത്ഥനാ മന്ത്രങ്ങളെഴുതിയ, ചരടിൽ വിലങ്ങനെ ചേർത്ത് വെച്ച് കെട്ടിയ പതാകകളുണ്ട് മിക്കയിടത്തും നിറയെ. അത് കാറ്റിൽ അലയടിച്ചുകൊണ്ടിരിക്കും. തിംഫുവിലെ സൂ കണ്ടശേഷം അഫ്ഗാനിലെ ബാമിയാനെ പോലെ പ്രശസ്തമായ ബുദ്ധപ്രതിമ കാണാനായി വൈകീട്ട് പോയി. ചൈനയുടെ ധനസഹായത്തോടെ പണിതതാണ് ഈ വെങ്കലബുദ്ധൻ. തിംഫുവും പാറോ വാലിയും അവിടെ നിന്നാൽ കാണാം. കുന്നിൻമുകളിലാണത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളിലൊന്ന്. ബാമിയാൻ ബുദ്ധപ്രതിമ കഴിഞ്ഞാൽ ഏറ്റവും വലുത് ഇതാണെന്നും പറയപ്പെടുന്നു. ചൈനയുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രതിമ പണിതത്.

തിംഫുവിലെ ഒരു മൊനാസ്​ട്രി

വ്യൂ പോയിന്റുമാണത്. മലമുകളിൽ മൈതാനം പോലെ, അതിന് നടുവിലായി പ്രതിമ. ഗ്രേറ്റ് ബുദ്ധ ഡൊറെൻമ എന്നെഴുതിവെച്ചിട്ടുണ്ട്. അവിടെ നിന്ന് നോക്കിയാൽ, പാറോ വിമാനത്താവളവും വാലിയും തൊട്ടടുത്തെന്നപോലെ കാണാം. വിമാനത്താവളത്തിന് തൊട്ടുമുന്നിലെ പാറോ ചു, നദിയും. വോങ് ചുവിൽ ചെന്ന് ചേരുന്നു ആ നദി, വോങ് ചു ഒഴുകിയൊഴുകി ബംഗാളിലെത്തി ബ്രഹ്‌മപുത്രയിലും. ബുദ്ധപ്രതിമ കാണാൻ സഞ്ചാരികൾ ധാരാളം എത്തുന്നു. കാറിലെത്തിയ യുവതീ- യുവാക്കൾ ബിയർ കുപ്പികളുമായി ബുദ്ധപ്രതിമയ്ക്ക് എത്തുന്നതിന് മുമ്പുള്ള മരങ്ങളുള്ള വഴിയുടെ വിജനതയിൽ ആർത്തുല്ലസിക്കുന്നത് തിരിച്ചറിങ്ങുന്ന സായാഹ്നത്തിൽ കണ്ടു. ബന്ധങ്ങളെ ലിബറലായി കാണുന്നവരാണ്. ഭൂട്ടാനിൽ പുതു തലമുറയുടെ സൗഹൃദവും പ്രണയവും ലൈംഗികതയ്ക്കും സ്വതന്ത്ര അഭിരുചികളുണ്ട്. അടിച്ചമർത്തലില്ല. സ്‌കൂളിൽ വരുന്നവരുടെ ബാഗിൽ സിഗരറ്റ് പാക്കറ്റ് കണ്ടാൽ കർശന നടപടിയുണ്ടാകും, ഭൂട്ടാൻ പുകവലി നിയന്ത്രണമുള്ള രാജ്യമാണ്. പക്ഷേ ബാഗിൽ കോണ്ടം പാക്കറ്റ് കണ്ടാൽ ആരും അത് പ്രശ്‌നമാക്കാറില്ല- അവിടത്തെ ഒരു ടീച്ചർ പറഞ്ഞു.

കോട്ടയംകാരൻ ജോസഫ് മാഷോ ജോർജു മാഷോ മാത്ത്‌സ് പഠിപ്പിക്കാത്ത ഭൂട്ടാനികളില്ല എന്നൊരു തമാശ തന്നെയുണ്ടവിടെ. അതുതന്നെ സംഭവിച്ചു. മൊണാസ്ട്രിയിലേക്കുള്ള ട്രക്കിങിനിടെ കണ്ട ഒരു ഭൂട്ടാൻ സ്വദേശി, കോട്ടയത്തെ അധ്യാപകൻ പഠിപ്പിച്ചിരുന്നതായി പറയുകയും ചെയ്തു, ജോസെന്നോ ജോർജെന്നോ മാഷിന്റെ പേരും അയാൾ പറഞ്ഞു. ഭൂട്ടാനിൽ, മാത്ത്‌സ് പഠിപ്പിക്കുന്ന മലയാളികൾ ധാരാളമുണ്ടായിരുന്നു. ഇപ്പോ പൊതുവേ മലയാളി അധ്യാപകർ കുറവാണ്. അവിടെ പരിചയമുള്ള മലയാളി മാഷന്മാരുടെ താമസസ്ഥലത്തേക്കും വിസിറ്റ് നടത്തി, ചായ കുടിച്ചു, സംസാരിച്ചിരുന്നു, പടമെടുത്തു തിരിച്ചുപോന്നു. തിംഫുവിലെ കർഷക ഗ്രാമങ്ങൾ കണ്ട്, ഭക്ഷണവും കഴിച്ച് കറങ്ങി, ഗ്രാമങ്ങൾ കലണ്ടറിലെ ചിത്രം കണക്കെയാണ്. തട്ടുകൃഷിയുടെ സൗന്ദര്യരൂപം, വാങ്ചു നദിയുടെ ഓരത്തെ ജനപഥങ്ങൾ, ഓരോ വാതിലും ജനലും കവാടവും ചുവരുകളും നിറയെ ചിത്രപ്പണികൾ. ബുദ്ധമന്ത്രങ്ങൾ എഴുതിയ ലുങ്താ ശീലക്കീറുകൾ അങ്ങനെ പല കാഴ്ച്ചകൾ.

ആസക്തിയും പകയും അസാധാരണ സ്‌നേഹവും നിഗൂഢ കാമനയുമുള്ള മനുഷ്യരുടെ കഥയാണ് ഭൂട്ടാനീസ് ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ നോർബു സിനിമകളിലൂടെ പറയുന്നത്.

ബുദ്ധിസ്റ്റ് ലാമയും പ്രസിദ്ധ സംവിധായകനുമായ ഖ്യെൻസെ നോർബുവിന്റെ ദേശം കൂടിയാണ് ഭൂട്ടാൻ. സിനിമാ-ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ കക്ഷിയുടെ ശരിക്കുള്ള പേര് പറയണമെങ്കിൽ, കുറച്ചു പാടുപെടും- സൊങ്‌സർ ജംയാങ് ഖ്യെൻസെ റിംപോഷെ. ട്രാവലേഴ്‌സ് ആന്റ് മജിഷ്യൻസ്, ഹേമ ഹേമ, ദ കപ് തുടങ്ങി സിനിമകളും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. ടൊറന്റോ ഫെസ്റ്റിവലിലടക്കം സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടു. ഭൂട്ടാന്റെ ഒഫീഷ്യൽ എൻട്രിയായി ഓസ്‌കാറിൽ വിദേശഭാഷാ ചിത്രത്തിനായി അദ്ദേഹത്തിന്റെ സിനിമ മത്സരിച്ചു. കിഴക്കൻ ഭൂട്ടാനിൽ ജനിച്ച നോർബുവിന്റെ സിനിമകളിലെ ഗ്രാമങ്ങൾ, പാറോ വാലിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായി. ആസക്തിയും പകയും അസാധാരണ സ്‌നേഹവും നിഗൂഢ കാമനയുമുള്ള മനുഷ്യരുടെ കഥയാണ് ഭൂട്ടാനീസ് ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ നോർബു സിനിമകളിലൂടെ പറയുന്നത്. ഭൂട്ടാനിന്റെ സംഗീതവും ബുദ്ധശ്രുതികളും നാടോടിക്കഥയും അയാൾ കാഴ്ച്ചകളും കഥാപാത്രങ്ങളുമായി സിനിമയിൽ അവതരിപ്പിക്കുന്നു. ട്രാവലേഴ്‌സ് ആന്റ് മജീഷ്യൻസ് എന്ന സിനിമയിലെ ഗ്രാമം പാറോ വാലിയിലും തിംഫുവിന് മുമ്പുള്ള പല പ്രദേശങ്ങളിലും കാണാം.

പാറോ വാലി

ഇനി, പാറോ വാലിയുടെ ഉൾഭാഗത്തേക്കാണ്. തണുപ്പും ശാന്തതയും. ഗ്രാമങ്ങളും മലമ്പ്രദേശങ്ങളും. വിജനമെന്ന് തോന്നിപ്പിക്കുന്ന കൃഷിയിടങ്ങൾ. റെഡ് റൈസ് - മട്ട അരി പോലെ, കൃഷി ചെയ്യുന്നുണ്ട്. തട്ടുതട്ടായുള്ള വയലുകളാണ്. ടീസ്റ്റയുടെ തണുപ്പൻ ആശ്ലഷത്തിലൂടെ കടന്നുവന്ന്, നോർബുവിന്റെ സിനിമകൾ വരച്ചിട്ട ഗ്രാമങ്ങൾ കണ്ട് നടന്ന് ഇനി ടൈഗർ നെസ്റ്റ് മൊണാസ്ട്രിയിലേക്കാണ്. പാറോ വാലിയിലെ മലയിലുടെ അറ്റത്താണ് ലോകപ്രസിദ്ധമായ ടക്‌സാങ് പൽഫുഗ് മൊണാസ്ട്രി. യുനെസ്‌കോയുടെ പൈതൃക പദവിയുള്ള ഗുഹകൾക്കരികിലെ ബുദ്ധവിഹാരം. ടൈഗേഴ്‌സ് നെസ്റ്റ് എന്നും വിളിക്കുന്നയിടം. പാറോ വാലിയുടെ മുകളിലെ കൽഗുഹകളാണവ. ഒമ്പതാം നൂറ്റാണ്ട് മുതൽ മൃഗങ്ങളുടെ കേന്ദ്രത്തെ ധ്യാനഗുഹകളാക്കി, വജ്രായന ബുദ്ധിസത്തിന്റെ ആചാര്യനായ ഗുരു പത്മസംഭവ, ധ്യാനിക്കുകയും വജ്രായനബുദ്ധിസം ശിഷ്യരെ പഠിപ്പിക്കുകയും ചെയ്ത സ്ഥലമായി കരുതപ്പെടുന്നു. പിന്നീട് വലിയ ബുദ്ധവിഹാരമായി മാറി. മൊണാസ്ട്രിയിലെത്തിയാൽ ആരും പറഞ്ഞുപോകും ഗുരു പത്മസംഭവ ആളൊരു സംഭവം തന്നെയെന്ന്.

ഒരു വലിയ പർവ്വതത്തിന്റെ ഭാഗത്തിനോട് ചേർന്ന്, കല്ല് ചെത്തി, അതിനോട് ചേർത്ത് പണിത്, മേഞ്ഞ്, ജനാലകളും വാതിലും ചേർത്ത് മുറിയാക്കിയ മൊണാസ്ട്രി. എല്ലാ അർത്ഥത്തിലും അത്ഭുതമാണതിന്റെ കാഴ്​ച

രണ്ട് മണിക്കൂറെടുത്തു മലയിലൂടെ ട്രക്കിങ്. അത്ര ദൂരമില്ലെങ്കിലും വഴികൾ ഈസിയല്ല കേറാൻ. മഴ പെയ്ത് കുത്തിയൊലിച്ച വഴിയാണ് പലയിടവും. വേരുകൾ വഴി നിറയെ പടർന്നുകിടപ്പുണ്ട്, ഒരു വിധം നടക്കാം. പതിയെ, കാൽ നിരങ്ങി വീണുപോകാതെ കുത്തനെ കേറിവേണം മൊണാസ്ട്രിയെത്താൻ. പല വളവിലും പ്രാർത്ഥനകൾ വരച്ചിട്ട ലുങ്താ ശീലക്കീറുകൾ കെട്ടിയത് കണ്ടു. ചിലയിടത്ത് പ്രാർത്ഥനയും മൗനവുമായി ഇരിക്കുന്നവർ. ഏറെദൂരം നടന്നു. മൊണാസ്ട്രിയുടെ കാഴ്ച്ച അടുത്തെത്തി. കയറ്റം തീർന്നാൽ പടിയിറക്കം, പിന്നെ വീണ്ടും മുകളിലേക്ക്. പടി കയറി, എത്താറായി. അവിടെ രണ്ട് മലയാളി പയ്യന്മാരെ കണ്ടു. അതിലൊരുവൻ രണ്ട് പൂച്ചക്കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു, മൊണാസ്ട്രിയുടെ പടികളുടെ അരികെ. അവർ മടങ്ങുകയാണ്, മലപ്പുറംകാരാണ്. നടന്ന് ക്ഷീണിച്ച് ചെല്ലുമ്പോൾ പിന്നെയും പടി കേറാനുണ്ടെന്നത് ക്ഷീണമുണ്ടാക്കി. പക്ഷേ ദൂരെ നിന്നു പോലുമുള്ള കാഴ്ച്ചയുടെ സൗന്ദര്യം ആരെയും ബുദ്ധവിഹാരത്തിലേക്ക് എത്തിക്കും. പടികളുടെ അടുത്ത് മരച്ചുവട്ടിലെ കൊച്ചുമുറിയ്ക്ക് പുറത്ത്, പ്രായമായൊരാൾ പ്രാർത്ഥനയുമായി ഇരിക്കുന്നു. കയ്യിൽ ലോട്ടസിന്റെ വിത്തു കൊണ്ടുള്ള ജപമാല. ടിബറ്റൻ ബുദ്ധിസ്റ്റുകൾക്ക് അത് പ്രധാനപ്പെട്ട വസ്തുവാണ്. മന്ത്രം ജപിച്ച് മാലയുടെ ഓരോ മണിയും വിരൽ കൊണ്ട് തൊട്ട് അപ്പൂപ്പൻ പ്രാർത്ഥിക്കുകയാണ്. പലയിടത്തും അത്തരം കാഴ്ച്ചകളുണ്ടായി.

മൊണാസ്ട്രിയുടെ കാഴ്ച്

ആർക്കും ഒന്നിരുന്ന് ധ്യാനിക്കാൻ തോന്നിപ്പോകുന്ന അത്ര ശാന്തതയും തണുപ്പുമുണ്ട്, മലമുകളിലെ റിംപോഷെയുടെ മടയിൽ. ഒരുവശത്ത് നിന്ന് കാറ്റ് ആഞ്ഞുവീശുന്നു. ചിലർ പ്രാർത്ഥനകളിലാണ്. ചെരാതുകളിൽ വിളക്കു തെളിയിക്കുന്നവരുമുണ്ട്. ഏറെനേരം നിന്നു ഇതെല്ലാം കണ്ട്, നടന്നു. ഒരു വലിയ പർവ്വതത്തിന്റെ ഭാഗത്തിനോട് ചേർന്ന്, കല്ല് ചെത്തി, അതിനോട് ചേർത്ത് പണിത്, മേഞ്ഞ്, ജനാലകളും വാതിലും ചേർത്ത് മുറിയാക്കിയ മൊണാസ്ട്രി. എല്ലാ അർത്ഥത്തിലും അത്ഭുതമാണതിന്റെ കാഴ്​ച. ഗുഹകളിൽ ചിലതെല്ലാം കയറാനാവാത്ത അത്ര ചെറുതും, മറ്റുചിലത് അടഞ്ഞുകിടപ്പുമാണ്. ഗ്രില്ല് വെച്ച് പൂട്ടിയിട്ടുണ്ട് ചിലത്. ഗുഹയോട് ചേർന്ന് പണിത മൊണാസ്ട്രിയുടെ അകംഭാഗം പക്ഷേ വിശാലമാണ്. ഗുഹയുടെ ഭാഗം തന്നെ. അകച്ചുചുവരിൽ പ്രാചീനവരകൾ നിറയെ. മലയുടെ തുഞ്ചത്തിനോട് ചേർന്നുള്ള മൊണാസ്ട്രിയുടെ നിൽപ്പ് അത്ഭുതപ്പെടുന്ന ആർക്കിടെക്ച്ചറാണ്. റോക്ക് കേവുകൾ. ടിബറ്റൻ വജ്രായന ബുദ്ധിസത്തിന്റെ പ്രധാന പതിമൂന്ന് ഇടങ്ങളിലൊന്നാണിത്.

വി.എസ്​. സനോജ്​ മൊണാസ്​ട്രിക്കരികെ

കാട്ടിലെ നടപ്പും കഴിഞ്ഞ് മല കേറി, നൂറോളം പടികളും താണ്ടി, ക്ഷീണിച്ചലഞ്ഞ്, ചവുട്ടി കിതച്ച് ഇതെല്ലാം എങ്ങനെ സാധിക്കുമെന്ന് ഓർത്ത് നിൽക്കുമ്പോൾ, താഴെ നിന്നതാ ഒരു ബുദ്ധഭിക്ഷു നല്ല വലുപ്പമുള്ള ഗ്യാസ് കുറ്റിയും തലയിലേറ്റി നടന്നുവരുന്നു, പുല്ലുപോലെ. തലയിലും പുറത്തുമായി തുണി ചേർത്ത് വെച്ച് കെട്ടി ഈ നേരമത്രയും കാടുംകയറി മലയിലേക്കെത്തിയതാണ് പുള്ളി. അസാധ്യത എന്ന വാക്കിനെ വെല്ലുവിളിച്ച ഇടമാണല്ലോ അത്. ആരും പ്രതീക്ഷിക്കാത്ത മലയുടെ മുകളിൽ മൊണാസ്ട്രിയുണ്ടാക്കിയത് അസാധ്യതയെ ധ്യാനബുദ്ധന്മാർ വെല്ലുവിളിച്ചതു കൊണ്ടാണല്ലോ. ഏപ്രിൽ- മേയിൽ പാറോ വാലിയിൽ നടക്കുന്ന സേച്ചു ഫെസ്റ്റിവലിന് ഇവിടെ ഏറെ പ്രധാനമാണ്. പാറോ വാലിയുടെ മലമുകളിലെ ധ്യാനകേന്ദ്രത്തിന്റെ പ്രാചീന സൗന്ദര്യവും കാട്ടിലെ വഴിവിട്ട നടത്തവും കഴിഞ്ഞ് താഴെ തിരിച്ചെത്തി, പാറോയിൽ മുറിയെടുത്തു, അതിരാവിലെ തിരിച്ച് പോകണം, തിംഫു, ജൊയ്‌ഗോൺ വഴി സിലിഗുരിയിലേക്ക്. രാത്രിയാണ് തിരിച്ചുള്ള ട്രെയിൻ കൊൽക്കത്തയിലേക്ക്. ടൈഗേഴ്‌സ് നെസ്റ്റിന്റെ ദൃശ്യം അത്ര പെട്ടെന്നൊന്നും ഉള്ളിൽ നിന്ന് മായില്ല എന്നുറപ്പായി.

ആ യാത്രയിൽ കൂടെയുണ്ടായ ഒരു സുഹൃത്ത് കോഴിക്കോട് നിന്നായിരുന്നു. ഞങ്ങൾ ഒരേദിവസമാണ് ഒരേ ഡെസ്‌കിൽ മാധ്യമപ്രവർത്തകരായി പണ്ട്, അവിടെ ജോയിൻ ചെയ്തത്. പിന്നീട് രണ്ടിടത്തായി. പല യാത്രകൾക്കും അവൻ പ്രേരണയായി. സിക്കിം-ഭൂട്ടാൻ യാത്രയടക്കം. നാഥുലയിലും സാങ്കോ തടാകക്കരയിലും വെച്ച് അവന്റെ പടമെടുത്തു കൊടുത്തു, ജീവിതത്തിലെ മനോഹര പടങ്ങളതാണെന്ന് അവൻ പറഞ്ഞു. തിംഫുവിലെ മുറിയിൽ വെച്ച് ഓഫീസിലെ കുറെ ഫണ്ണി സ്റ്റോറീസും. പിന്നീടും വിളിക്കും, യാത്രാ പ്ലാനുകൾ പറയാൻ, ചിലപ്പോൾ സ്വന്തം ബുള്ളറ്റുമെടുത്ത് പലയിടത്തും പോയിവന്നു. പോണ്ടിച്ചേരി പോകാനായി അവൻ പ്ലാൻ ചെയ്തു, നടന്നില്ല, ലീവ് ഇല്ലായിരുന്നു. പിന്നീട് ആൻഡമാനിൽ പോകണമെന്ന് പറഞ്ഞ് വിളിച്ചു, ഫ്‌ലൈറ്റ് ടിക്കറ്റെല്ലാം നോക്കി. ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു, ഒരു യാത്ര പോയേ പറ്റൂവെന്ന് തീർത്തു പറഞ്ഞു, മറ്റെന്തെങ്കിലും ടെൻഷനുള്ളതായി പറഞ്ഞതുമില്ല, ജോളി മൂഡിലായിരുന്നു ഓരോ കോളും. ശരി- ടിക്കറ്റ് നോക്കാൻ പറഞ്ഞു, പോർട്ട് ബ്ലയർ ടിക്കറ്റ്, റേറ്റ് കുറവുള്ള ഡേറ്റിന് ബുക്ക് ചെയ്യാൻ പറഞ്ഞു. മെയിലിൽ ഫ്‌ളൈറ്റ് റേറ്റുകൾ അവൻ അയച്ചുതന്നു. ഒരു ദിവസം അതിരാവിലെ ഉറക്കത്തിനിടെ ഒരു സുഹൃത്തിന്റെ കോൾ. അവൻ പോയി, ജീവിതം സ്വയം അവസാനിപ്പിച്ചുവെന്നും പറഞ്ഞ്. എല്ലാ യാത്രയ്ക്കും പെട്ടെന്നൊരു ദിവസം ഫുൾസ്റ്റോപ്പിട്ട് അവൻ കടന്നുകളഞ്ഞു, അതിവിദഗ്ദ്ധമായി, ഒരു ലോഡ്ജ് മുറിയിൽ.

പാറോയിലെ മൊണാസ്ട്രി കണ്ട് തിരിച്ചുവന്ന രാത്രിയിൽ നല്ല മഴയുണ്ടായി. പുലർച്ചെ നേരത്തെ എണീറ്റു, ഇറങ്ങണം. വെറുതെ ജനാല വഴി നോക്കിയപ്പോളാണ് ആ കാഴ്ച്ച കണ്ടത്. പാറോ വാലി മുഴുവൻ മഞ്ഞുവീണ് കിടക്കുകയാണ്. വീടുകളുടെയെല്ലാം മേൽക്കൂര നിറയെ, മരങ്ങളുടെ തലപ്പിലും ഇലകളിലും വെള്ളനിറത്തിൽ മഞ്ഞ് തരികൾ പുതച്ചു കിടക്കുന്നു. ജനലിലൂടെ താഴെയ്ക്ക് നോക്കി, ഡ്രൈവർ ഹോട്ടലിന്റെ താഴെ പാർക്കിങ് ഏരിയയിൽ കിടക്കുന്ന കാറിന്റെ മുകളിൽ മൂടിക്കിടക്കുന്ന മഞ്ഞ്, എന്തോ ഉപയോഗിച്ച് തൂത്തുകളയുന്നു. അയാൾ റെഡിയാണ്, തിരിച്ചുപോകാൻ, അതിരാവിലെ മടങ്ങാൻ മടി തോന്നി, പക്ഷേ പോയേ പറ്റൂ. ഒരു ചായ പറഞ്ഞ് പാറോയിൽ മഞ്ഞുപെയ്യുന്നതും നോക്കി പിന്നെയും നിന്നു. ചൈനീസ് പെയിന്റിങോ ചിത്രമോ പോലെയാണ് കാഴ്ച്ച. കൊച്ചുവീടുകൾ, മേൽക്കൂര ഷീറ്റുകളാണ് മിക്കതും. ചില വീടുകളിൽ നിന്ന് പുക ഉയരുന്നത് മഞ്ഞുവീഴ്ച്ചയിലും കാണാം. അകത്ത്, ആരോ ചായ തിളപ്പിക്കുന്ന പുകയാവാം.

​ഒടുവിൽ സമയമായി. ടീസ്റ്റാ നദിയുടെ കരയിലൂടെ പോയ യാത്രയ്ക്ക് വാങ് ചു നദിയുടെ കരയിലൂടെ മടക്കം. അപ്പോഴും വാങ് ചുവിന്റെ കരയിലെ ഇരുമ്പുപാലത്തിന്റെ മുകളിൽ നീളത്തിൽ കെട്ടിത്തൂക്കിയ മന്ത്രസൂക്തങ്ങൾ ആലേഖനം ചെയ്ത ലുങ്തകൾ, കൈവരികളിൽ മഞ്ഞുകാറ്റിൽ വിറച്ച് ആടിക്കൊണ്ടിരിക്കുന്നത് കണ്ട് മടക്കം. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments