സ്വയംഭൂനാഥക്ഷേത്രത്തിന്റെ അരികിലെ, പരമ്പരാഗത കരകൗശല വസ്തുക്കൾ വിൽക്കുന്ന കട.

ഗന്ധകിയുടെ കാട്ടുവഴിയ്ക്കും പെരുമഴയ്ക്കുമിടെ
രാവണ്ടിയിൽ, ഒരു വഴക്കുപുരാണം

സുനൗലിയെന്നോ നേപ്പാളെന്നോ കേട്ടാൽ രണ്ട് ദൃശ്യങ്ങളാണെപ്പോഴും മനസ്സിലുയരുക. ഗൊരക്പുർ മെഡിക്കൽ കോളേജിൽ, മൂക്കിലൂടെ ട്യൂബിട്ട കുഞ്ഞിന്റെ തലയിൽ തണുത്ത വെള്ളം കോരിയൊഴിക്കുന്ന അമ്മയും പൊഖ്‌റയിൽ നിന്നുള്ള ബസ്സിൽ ഗന്ധകിയുടെ കാടിനുള്ളിൽ രാത്രിമഴയ്ക്കിടെയുണ്ടായ പെരുംവഴക്കിൽ രണ്ട് മലയാളികളെ ഇറക്കിവിടാനുള്ള ബഹളവും..

സുനൗലിയുടെ മറുകരയാണ് നേപ്പാളിന്റെ ആരംഭം.
ഗൊരക്പുരിൽ നിന്ന് രണ്ട് മണിക്കൂറിലെത്തും നേപ്പാളതിർത്തിയിൽ, ഗൊരക്പുർ എന്ന പട്ടണത്തിലൂടെ. പലവട്ടം പോയ ഇടമാണത്. ബി.ആർ.ഡി. മെഡിക്കൽ കോളേജിൽ കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ച ദിവസങ്ങളിൽ നാലഞ്ച് ദിവസം വാർത്ത ചെയ്യാനായി അവിടെയുണ്ടായി. അതിനു മുൻപും ശേഷവും തെരഞ്ഞെടുപ്പ് റിപ്പോർട്ടിങിനായി പോയിട്ടുമുണ്ട്. ഒരു വരണ്ട പട്ടണമാണ് ഗൊരക്പുർ. പൊടിയും ഈച്ചയും ബഹളവും റിക്ഷകളും തെരുവുവിൽപ്പനക്കാരും പഴയ പൊടിപിടിച്ച ബസ്സുകളും ഹോണടിയുമെല്ലാമായി തിരക്കിന്റെ നഗരം. പൊടിയും ഈച്ചയുമാണ് പ്രധാന അധിനിവേശക്കാരെന്ന് സന്ദർശകർക്ക് തോന്നിയാൽ കുറ്റം പറയാനാകില്ല. ഗൊരക്പുരിൽ ചെന്നപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ മടിയോ പേടിയോ തോന്നി ആ ദിവസങ്ങളിൽ. പോരാത്തതിന് മഴ നടപ്പുമാണവിടെ. മഴയുടെ സീസണിൽ മഹാമാരികൾ ഗോരക്പുരിന്റെ ജാതകത്തിൽ നിന്ന് ഒഴിയുകയുമില്ല. ഏറെ തെരഞ്ഞ് കണ്ടെത്തിയ കൊള്ളാവുന്ന ഹോട്ടലിലായിരുന്നു മുറി. ഏക ആശ്വാസം അതായിരുന്നു. ഹോട്ടലിലെത്തി മാത്രം ഭക്ഷണം കഴിക്കാനും മറ്റും റിപ്പോർട്ടിങ് സമയത്ത് ശ്രദ്ധിച്ചുപോന്നു.

മെഡിക്കൽ കോളേജിലൂടെ കുട്ടികളുടെ ഐ.സി.യുവിലേക്ക് നടക്കുമ്പോൾ കണ്ടു അത്. പല വാർഡിന്റെ വാരാന്തയിലും നായ്ക്കൾ അലഞ്ഞുതിരിയുന്നത് അവിടെ സ്വാഭാവികമായ ദൃശ്യമാണ്. വാർഡുകൾ ചേർന്ന നടുമുറ്റത്ത് പശുക്കളും അരികിലെ ഒരു മരച്ചുവട്ടിൽ ഏതോ പ്രതിഷ്ഠയും.

പുറത്തുനിന്ന് വെള്ളമോ പഴങ്ങളോ മാത്രം മേടിച്ചു. പൊടി നിറഞ്ഞ സ്ഥലമായതിനാൽ മഴ പെയ്താൽ ഗൊരക്പുർ ചെളിയുടെ കൈലാസമാണ്. രോഗങ്ങൾ പടരാൻ അധികനേരത്തിന്റെ താമസമില്ല എന്ന് അവിടത്തെ ആസ്പത്രികളിലെ ഡെത്ത് ഡാറ്റ അത് തെളിയിക്കും. അങ്ങനെ, പലവട്ടം പോകേണ്ടിവന്ന സ്ഥലമാണ് പക്ഷേ, പിന്നീട് പോകാൻ തോന്നിക്കാത്ത നഗരങ്ങളിലൊന്നാണ് ഗൊരക്പുർ. ഗൊരക്പുരിനെ ഓർത്താൽ ആദ്യം മനസ്സിലേക്ക് എത്തുന്ന ദൃശ്യം അന്നത്തെ ആസ്പത്രി റിപ്പോർട്ടിങാണ്. മെഡിക്കൽ കോളേജിലൂടെ കുട്ടികളുടെ ഐ.സി.യുവിലേക്ക് നടക്കുമ്പോൾ കണ്ടു അത്. പല വാർഡിന്റെ വാരാന്തയിലും നായ്ക്കൾ അലഞ്ഞുതിരിയുന്നത് അവിടെ സ്വാഭാവികമായ ദൃശ്യമാണ്. വാർഡുകൾ ചേർന്ന നടുമുറ്റത്ത് പശുക്കളും അരികിലെ ഒരു മരച്ചുവട്ടിൽ ഏതോ പ്രതിഷ്ഠയും. രോഗികൾക്ക് കൂട്ടിരിക്കുന്നവരും രോഗികളും അവിടെ രാവിലെ പ്രാർത്ഥിക്കാൻ ക്യൂ നിൽക്കും. നിറയെ മഞ്ഞ-ചുവപ്പ് ചരടുകൾ തൂക്കിയതു കാണാം മരത്തിൽ. താഴെ തറയിൽ നിരവധി പേർ കൊച്ചുവിഗ്രഹ രൂപങ്ങൾ ഉപേക്ഷിച്ചുപോയതും കാണാം.

ഗൊരക്പൂരിലെ ഒരു തെരുവ് / Photo: Nishtha Prakash, twittter

കുട്ടികളുടെ മരണത്തെ തുടർന്ന് വിവാദമുണ്ടായ ഐ.സിയുവിലേക്ക് പോകാനായി നടക്കവേയാണ് അത് കണ്ടത്. നടുമുറ്റത്തെ പൈപ്പിൽ നിന്ന് ഒരു സ്ത്രീ മൂക്കിലൂടെ ട്യൂബിട്ട കുഞ്ഞിനെ വെള്ളം തലയിൽ ഒഴിച്ച് കുളിപ്പിക്കുന്നു. ഗുരുതരമായി രോഗമുള്ള കുഞ്ഞിനെ തലയിലൂടെ വെള്ളമൊഴിച്ച് കുളിപ്പിക്കുകയാണ് വാർഡിന് തൊട്ടുമുന്നിൽ ആ സ്ത്രീ. കൂടെയുള്ള സുഹൃത്ത് ലഖ്‌നൗ മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്. അവനത് കാട്ടിക്കൊടുത്തപ്പോ പോയി അവരോട് നിർത്താൻ പറഞ്ഞു. അപ്പോഴേക്കും ഗൊരക്പുരിലെ അറിയപ്പെടുന്ന പ്രാദേശിക ജേർണലിസ്റ്റും ആക്ടിവിസ്റ്റുമായ മനോജ് സിങ് അവിടേക്കെത്തി, അവരെ നല്ല പോലെ ചീത്ത പറഞ്ഞു. എന്ത് വിഡ്ഢിത്തമാണ് കാണിക്കുന്നത് എന്നെല്ലാം ചോദിച്ചു അയാൾ. പക്ഷേ അവർ തിരിച്ച് മറുപടി പറഞ്ഞുകൊണ്ട് കുട്ടിയെ കുളിപ്പിച്ചു തോർത്തുകയാണ്. ഒരുപക്ഷേ വാർഡിലുള്ള ഏതെങ്കിലും സ്റ്റാഫ് നിർബന്ധിച്ചുകാണാം കുട്ടിയെ വൃത്തിയാക്കാൻ. അതിനുള്ള മാർഗം ഇതാണെന്ന് ആ സ്ത്രീയും കരുതിക്കാണും.

മെനഞ്ചൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങളുടെ മരണലോകമായിരുന്നു അന്ന് ഗൊരക്പുർ, ഇപ്പോഴും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. അവിടത്തെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജിലായിരുന്നു ഈ കാഴ്ചകൾ. ആ കുട്ടി ഇപ്പോ ജീവനോടെയുണ്ടാകാൻ ഒരു സാധ്യതയുമില്ല, വല്ല ഇൻഫെക്ഷനും മൂർച്ഛിച്ച് മരിച്ചു പോകാനാണിട. ആസ്പത്രി അധികൃതരുടെ അനാസ്ഥയും നിർബന്ധങ്ങളും രക്ഷിതാക്കളുടെ അറിവില്ലായ്മയുമെല്ലാമാണ് കാരണം. ഗൊരക്പുരിൽ ഓക്‌സിജൻ കിട്ടാതെ നവജാതശിശുക്കൾ മരിച്ച സംഭവത്തെ തുടർന്ന് അന്ന് ജോലി ചെയ്യുന്ന പത്രത്തിനു വേണ്ടി അവിടെ നിന്ന് നിരവധി വാർത്തകളെഴുതി. അന്നുപോയ അനുഭവങ്ങളുടെ ഓർമവേരുകൾ മുറിയാത്തതുകൊണ്ടാകാം, വാരാണസി പിന്നെയും പോകാൻ തോന്നലുണ്ടാക്കും, പക്ഷേ ഗൊരക്പുർ അങ്ങനെയൊരു ചിന്ത ജനിപ്പിക്കാറില്ല.

ബി.ആർ.ഡി. മെഡിക്കൽ കോളജ്

അങ്ങനെയിരിക്കെ പാട്‌ന ബ്യൂറോയിലെ ലേഖകനായ സുഹൃത്ത് ഒരിക്കൽ ലഖ്‌നൗവിലെ വീട്ടിലേക്ക് വന്നു. തൃശൂരും ഡൽഹിയിലും ജോലി ചെയ്ത് ഒടുവിൽ പാട്‌നയിൽ എത്തിപ്പെട്ടവനാണ്. പാട്‌നയിലെ ജീവിതം പല കാരണങ്ങൾ കൊണ്ട് പിടിക്കാതിരുന്നപ്പോൾ മടുപ്പിന് വിരാമമിട്ട് ലഖ്‌നൗവിൽ എത്തിയതാണ്. കറങ്ങൾക്ക് ശേഷം ഒരു ദീർഘയാത്ര പോകാൻ ആലോചിച്ചു. നേപ്പാൾ ആകാമെന്ന് കണ്ടെത്തി. അങ്ങനെ രാത്രി വണ്ടികേറിപ്പോകാൻ തീരുമാനിച്ചു. ലഖ്‌നൗ സ്റ്റേഷനിൽ നിന്ന് പാതിരാത്രിയ്ക്ക് കിട്ടിയ ഏതോ ട്രെയിനിൽ ഗൊരക്പുരിലേക്ക്. ചെന്നെത്തിയത് രാവിലെ. റെയിൽവേ സ്റ്റേഷന് പുറത്ത് സ്റ്റാന്റിൽ നിന്ന് മനസ്സില്ലാമനസ്സോടെ ഒരു ചായ കുടിച്ചു, പ്രൈവറ്റ് ബസുകൾ നോക്കി, സുനൗലി ബോർഡ് ബസ് കണ്ടെത്തി, കേറി. സുനൗലിയെത്താൻ രണ്ട് മണിക്കൂർ സമയം വേണം ചുരുങ്ങിയത്. അങ്ങനെ ലോക്കൽ ബസ്സിൽ നേപ്പാൾ അതിർത്തിയിലേക്ക്.

വണ്ടി വിടാനായാൽ അവരുടെ ആളെത്തി ഹോട്ടലുകളിൽ വിളിച്ചു പറയും കേറാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. ആളെ തട്ടിയെടുക്കും പോലെയാണ് കാൻവാസിങ്. അതുകൊണ്ട് വണ്ടി പോകുമെന്ന പേടിവേണ്ട

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിശാലമായ റോഡിനുള്ള പണി നടക്കുന്ന സയമായിരുന്നു. നിറയെ പൊടിയും വഴിതടസ്സങ്ങളും. അതിനാൽ ബസ് അതിർത്തിയിലേക്ക് എത്തില്ല. കുറെ മുമ്പുതന്നെ നിർത്തിയിട്ടു. നടന്നുപോകണം അതിർത്തിയിലെ കവാടം വരെ. സമീപമുള്ള ഇരുഭാഗത്തേയും കടകൾ റോഡ് വികസനത്തിനായി പൊളിച്ചടുക്കിയിരിക്കുകയാണ്. അതിന് മുന്നിൽ അതേ കടക്കാർ തന്നെ താൽക്കാലിക ഷെഡുകളുണ്ടാക്കി കച്ചവടം നടത്തുന്നു. ഭൂട്ടാനിലെ പോലെ ഐഡി നോക്കലോ പരിശോധനയോ പെർമിറ്റെടുക്കലോ ഒന്നുമില്ല. നേരെ കേറിച്ചെല്ലുകയാണ് മറ്റൊരു രാജ്യത്തേക്ക്. ബസ് സ്റ്റാൻറ്​ അന്വേഷിച്ചു, നേപ്പാൾ കവാടത്തിന്റെ അടുത്തുതന്നെ. അടുത്തു തന്നെ ടിക്കറ്റ് കൗണ്ടറുമുണ്ട്. പോഖ്‌റ, കാഠ്മണ്ടു ബസ്സുകൾ പുറപ്പെടാനുള്ള വെമ്പലിൽ പള്ളനിറയെ ആളു നിറച്ച് കുതിക്കാൻ റെഡിയായി നിൽക്കുന്നത് കണ്ടു. സമയം വൈകും മലമുകളിലെത്താൻ. അതിനുള്ള ക്ഷമയില്ല. ഇഷ്ടം പോലെ ഷെയർ ടാക്‌സി കിട്ടും. അതിൽ കാഠ്മണ്ടു പോകുകയാണ് സൗകര്യപ്രദമെന്ന് തോന്നി.

അടുത്തുകണ്ട ബ്രാണ്ടിക്കടയുടെ പുറകുവശത്തോട് ചേർന്ന് റെസ്റ്റോറൻറ്​ കണ്ടു. ഭക്ഷണവും മദ്യവും റെഡിയാണ്. ഫ്രൈഡ് റൈസും രണ്ട് ബിയറും ഓർഡർ ചെയ്ത് ഇരുന്നു. വണ്ടി വിടാനായാൽ അവരുടെ ആളെത്തി ഹോട്ടലുകളിൽ വിളിച്ചു പറയും കേറാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. ആളെ തട്ടിയെടുക്കും പോലെയാണ് കാൻവാസിങ്. അതുകൊണ്ട് വണ്ടി പോകുമെന്ന പേടി വേണ്ട. കുടിയും തീറ്റയും കഴിഞ്ഞ് തിരിച്ചുവന്നു ടിക്കറ്റെടുത്ത് ടാക്‌സിയിൽ ഇരുന്നു. പുറപ്പെടുകയാണ്, ആശ്വാസം. വലുപ്പമുള്ള വാനാണ്. സംഗതി ഗ്രാൻറ് എന്നുതോന്നി. ഇഷ്ടമുള്ള സീറ്റിൽ മുന്നിലായി കേറിയിരുന്നു, ഡ്രൈവർ മറുത്തൊന്നും പറഞ്ഞില്ല. അധികം തിരക്കില്ല, സ്ഥലമുണ്ട് സ്വസ്ഥമായി ഇരിക്കാം. നഗരം വിട്ട് കുന്ന് കയറുംമുമ്പേ അതെല്ലാം പക്ഷേ, നിറഞ്ഞുകൊണ്ടിരുന്നു. ഫ്രണ്ട് സീറ്റിൽ ബാക്കിലോട്ട് ഞങ്ങളെ ഡിപ്രോമോട്ട് ചെയ്തു അതിനിടെ, ഡ്രൈവർ. നേരത്തെ വിളിച്ചുപറഞ്ഞ സീറ്റാണിതെന്ന് -ഡ്രൈവർ കൈമലർത്തി. അവരുടെ നാട്ടിൽ അവർ പറയുന്ന ലോജിക്കിനാണല്ലോ വില.

സുനൗലി അതിർത്തി / Photo: Wikimedia Commons

ഓരോയിടത്തുനിന്നും ആളെകേറ്റി തിരക്കിത്തിക്കിയ പോക്ക്.
മല കേറുമ്പോഴേക്കും നല്ല ടൈറ്റായി ഇരിപ്പ്. ഓരോ ഹെയർപിൻ വിളവിലും പിടിക്കേണ്ടി വന്നില്ല. ആളുകൾ ബെൽറ്റിട്ട പോലെയായി. എല്ലാ സുന്ദരദേശങ്ങളിലേക്കുമുള്ള യാത്രയിൽ ഇത്തരം അസ്വസ്ഥതകൾ കൂടി സഹിക്കണം, അതൊരു പ്രകൃതി നിയമമാണ്. നേപ്പാളിന്റെ കാഴ്ചകൾ കണ്ട്, ഇരിപ്പ് തുടർന്നു മണിക്കൂറുകളോളം. ഇരുന്ന്, മുട്ടും നടുവും കഴച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന സുനൗലി മുതലുള്ള യാത്ര, നേപ്പാൾ കാഴ്ചകൾക്ക് വഴിമാറി. വണ്ടിയിലെ ഇരിപ്പിന്റെ വിരസത അങ്ങനെ ഒഴിവായി. ഏഴ് മണിക്കൂറെന്ന് ഡ്രൈവർമാർ പറഞ്ഞ് പ്രലോഭിപ്പിച്ചത് കാഠ്മണ്ടു എത്തുമ്പോൾ ഒമ്പത് മണിക്കൂറായി മാറി. സ്റ്റാന്റിനടുത്തിറങ്ങി. ഒരന്തവുമില്ലാതെ നിന്ന് തിരിഞ്ഞു, കടകളടച്ചു തുടങ്ങി, ഒമ്പതുമണിയോ മറ്റോ ആയി.

ചിലരെ മാത്രം കടകൾക്ക് മുന്നിൽ കണ്ടു. പരിചയമില്ലാത്ത ഇടത്ത്, ഇറങ്ങിചെല്ലാൻ പറ്റിയ സമയമായിരുന്നില്ല. ഹോട്ടൽ വേണോ എന്ന് ചോദിച്ച് ഒരു യുവാവ് വന്നു. കൂടെ ഹോട്ടലന്വേഷിച്ച് ചെന്നു. രണ്ടുമൂന്നിടത്ത് പോയി നോക്കി. മഹാ അലമ്പ് സ്ഥലങ്ങൾ. ഏതെല്ലാമോ ഇടവഴികളിലൂടെ ചിലർ നടത്തിച്ചുവെന്നത് മിച്ചം. പോകുന്ന ഇടവഴിയിൽ ഹോട്ടലിന് മുന്നിലെ റോഡിൽ ലൈംഗിക തൊഴിലാളികളായ ചിലർ മുറിയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് സമീപിച്ചു. അത്തരം ഇടങ്ങളിലേക്കാണ് റോഡിൽ കണ്ട യുവാവ് കൊണ്ടുപോകുന്നതും. ശരിയാവില്ലെന്ന് പറഞ്ഞ് തിരിച്ചു മടങ്ങി. അവനെ ഒഴിവാക്കി. നഗരമധ്യത്തിലെ പുഴയുടെ പാലം ക്രോസ് ചെയ്‌തെത്തി. അടച്ചുതുടങ്ങിയ ഒരു മാർക്കറ്റിനുള്ളിലൂടെ നടന്നു. തണുപ്പ് വസ്ത്രങ്ങളുടെ കടകളാണ് ഇരുവശവും. ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള കടകളാണ്. ചില മദ്യക്കടകളും കണ്ടു. മാർക്കറ്റിന്റെ അറ്റത്ത് ഒരു ഹോട്ടൽ കണ്ടെത്തി. കൊള്ളാം. റെസ്റ്റോറന്റുമുണ്ട് താഴെ. റൂം നോക്കാനൊന്നും പോയില്ല. യാത്രാക്ഷീണം കൊണ്ട് വയ്യ. ചെന്നപ്പോ നല്ല മുറി. ആശ്വാസമായി. ഒരു ഹരിയാനക്കാരന്റെ ഹോട്ടലാണത്. അയാളും ഭാര്യയും ചേർന്നാണ് നടത്തിപ്പ്. ഭക്ഷണം കഴിച്ച് മരിച്ചപോലെ, ഉറക്കം.

പശുപതിനാഥ ക്ഷേത്രം / Photo: Wikimedia Commons

നേപ്പാൾ കറക്കത്തിന് വണ്ടി ശരിയാക്കിത്തന്നു ഹോട്ടലുടമ. രാവിലെ ബ്രേക്ഫാസ്റ്റും കഴിച്ച് ഇറങ്ങി, പശുപതിനാഥനെ കാണാൻ. ബാഗ്മതിയുടെ കരയിൽ പശുപതിനാഥ ക്ഷേത്രത്തിലേക്ക് വണ്ടി വിട്ടു. നേപ്പാളിനെ പ്രകമ്പനം കൊള്ളിച്ച് വലിയ കെടുതിയിലേക്ക് നയിച്ച ഭൂകമ്പം കഴിഞ്ഞ് ഒരുപാട് കാലമായിരുന്നില്ല. അതിന്റെ മുറിവുകൾ എല്ലാ സ്മാരകങ്ങളിലും ആരാധനാലയങ്ങളിലും കണ്ടു. പലയിടവും പുതുക്കിപ്പണിതു വരുന്നതേയുള്ളൂ. സ്വയംഭൂനാഥിലും പശുപതിനാഥിലും ദർബാർ സ്‌ക്വയറിലുമെല്ലാം അതിന്റെ പരിക്കുകളുണ്ട്, ഉണങ്ങാത്ത മുറിവുകൾ പോലെ. ബാഗ്മതി നദിയുടെ അരികിൽ നടന്നലഞ്ഞപ്പോൾ ഗൗരി എന്ന കഥയോർത്തു. പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതപ്പെട്ട കഥയെന്ന് കെ.പി. അപ്പൻ നിരൂപിച്ച ടി.പത്മനാഭന്റെ കഥയുടെ പശ്ചാത്തലമായ ഇടം. ബാഗ്മതിയുടെ തീരവും അവിടത്തെ ക്ഷേത്രവും കത്തിയെരിഞ്ഞിട്ടും പുകഞ്ഞുകൊണ്ടിരുന്ന നദിയുടെ കരയിലെ ചുടലകളുമെല്ലാം. അവിടെ കുറനേരം ഇരുന്നു. ഫോട്ടോകളെടുത്തു. പശുപതിനാഥനോട് ഉച്ചവെയിലിൽ യാത്ര പറഞ്ഞു മടങ്ങി നേരെ സ്വയംഭൂനാഥനെ കാണാൻ.

ഭൂകമ്പത്തിൽ തകർന്ന പശുപതിനാഥ ക്ഷേത്രത്തിനരികിലെ ഒരു ഭാഗം

വഴിയിൽ നേപ്പാളിന്റെ കാഴ്ച്ചകൾ. പല വീടുകളും കെട്ടിടങ്ങളും പാലങ്ങളും പുനർനിർമിച്ചു കണ്ടു. പലയിടവും പണികൾ നടക്കുന്നു. സ്വയംഭൂനാഥ ക്ഷേത്രത്തിലേക്ക് കേറിപ്പോയി ഏറെനേരമം അവിടെ ഇരുന്നു. താഴെയുള്ള ചവിട്ടുപടികൾക്കരികിലെ പഷ്മിന ഷാളും തൊപ്പിയും കുന്തവും അമ്പുവില്ലും പലതരം തണുപ്പുവസ്ത്രങ്ങളും വിൽക്കുന്ന കടകളിൽ കേറി, പലയിടത്തും കറങ്ങി, ചില ഗ്രാമങ്ങളിലൂടെ ടാക്‌സിയിൽ അലഞ്ഞു. ഉച്ചയ്ക്ക് തക്കാലി മീൽസ് എന്ന നേപ്പാളുകാരുടെ ചോറും കറികളും കഴിച്ചു. നമ്മളുടേത് പോലെ തന്നെയുള്ള ഊണും കാര്യങ്ങളുമാണ് അതും. അവരുടെ രീതിയിൽ ചിക്കനോ മട്ടനോ ചേർത്ത് കഴിക്കാം എന്നുമാത്രം. പലതരും പച്ചക്കറികൾ ചേർത്ത തോരനും പരിപ്പുകറിയും തൈരും പപ്പടവും മറ്റുമുണ്ട്, ബസുമതി അരിയും. നല്ല രുചിയുള്ള ഊണ്. അതിനെയാണ് തക്കാലി മീൻസെന്ന് പറയുന്നത്. നേപ്പാളിലെ സാധാരണ ഭക്ഷണം. അന്നത്തോടെ കറക്കം തീർക്കണം, പൊഖ്‌റയെത്തണം. പൊഖ്‌റയിലേക്ക് ബസ് യാത്ര രാവിലെയാണ്. കാഠ്മണ്ഠുവിലെ മാർക്കറ്റും മറ്റും കറങ്ങി, വൈകുന്നേരം ഒരു കടയിൽ ചെന്ന് എവറസ്റ്റ് എന്ന വോഡ്കയും അത്യാവശ്യം കൗതുകവസ്തുക്കളും ഡ്രസുമെല്ലാം മേടിച്ച് മുറിയിലേക്ക്. പൊതുവേ വയറ് കേടാക്കാത്ത ഭക്ഷണങ്ങളാണ് നേപ്പാളിൽ നിന്ന് കഴിച്ചതത്രയും. അതിരാവിലെ എണീറ്റ് ബസ് കേറാനുണ്ട്.

ഗന്ധകി പ്രവിശ്യയുടെ തലസ്ഥാനമാകുന്നു പൊഖ്‌റ. പൊഖാറ, പോഖ്ര എന്നും ഉച്ചരിക്കും. ഗന്ധകി പ്രവിശ്യയുടെ നാലർത്തികളിൽ ഒരറ്റം ടിബറ്റൻ മലനിരയോട് ചേർന്നുകിടക്കുന്ന മുസ്താങ് വാലി എന്ന ലോകത്തിലെ തന്നെ ഏറ്റവും മനോഹര പ്രദേശങ്ങളിലൊന്നാണ്. അതിന്റെ മുകൾത്തട്ടായി അന്നപൂർണ പർവ്വതനിരകൾ. ഭാഗ്മതി നദിയുടെ തീരമൊഴുകുന്ന ഭാഗമാണ് മറ്റൊരു അതിർത്തി. ബുദ്ധന്റെ ജന്മദേശമായ ലുംബിനിയോട് ചേർന്ന് കിടക്കുന്ന മേഖലയാണ് മറ്റൊരു ഭാഗം. ബിഹാറിന്റെ അതിർത്തിപ്രദേശമാണത്. സുനൗലിയോട് അടുത്താണ് ലുംബിനി. ഏതാണ്ട് ഒരു മണിക്കൂർ യാത്രയേ കാണൂ ലുംബിനിയിലേക്ക്, സുനൗലിയിൽ നിന്ന് ധാരാളം ലോക്കൽ ബസ്സുകൾ കിട്ടും. നേപ്പാളിന്റെ കിഴക്കൻ ഭാഗമായ കർനാലിയാണ് ഗന്ധകി പ്രവിശ്യയുടെ നാലാമത്തെ അതിര്.

മുസ്താങ് വാലി

ഗന്ധകി, കുളങ്ങളും തടാകങ്ങളുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ദേശമാണ്. പൊഖ്‌റയുടെ പേരിന്റെ അർത്ഥം തന്നെ അതാണ്. പൊഖ്‌റയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഫെവ തടാകം. ഗന്ധകിയും ഭാഗ്മതിയുമെല്ലാം വലിയ നദികളാണ്. നദീനാമങ്ങളുടെ അരഞ്ഞാണമിട്ട ജനപഥങ്ങളാണ് ഇവിടത്തെ മിക്ക പ്രവിശ്യകളും. ബുദ്ധവിഹാരങ്ങൾ കഴിഞ്ഞാൽ, നദികളും തടാകങ്ങളുമാണ് കുന്നിന്മുകളിലെ നേപ്പാളിന്റെ ആകർഷണം. ടിബറ്റൻ പ്രവിശ്യയിലേക്കുള്ള പാതയും പർവ്വത ശിഖരങ്ങളിലേക്കുള്ള കാട്ടുവഴികളും നേപ്പാളിനെ അതിശയസൗന്ദര്യമുള്ളതാക്കുന്നു. പോൾ ബ്രണ്ടന്റെ ലോകം കൂടിയായിരുന്നു ഇത്. ഹിമാലയത്തിലെ അവധൂതജീവിതത്തെക്കുറിച്ച് പുസ്തകമെഴുതിയ ബ്രണ്ടന്റെത് അടക്കമുള്ളവരുടെ കാഴ്ച്ചകൾ നേപ്പാളിനെ കൂടുതൽ അടുപ്പിച്ചു, മനസ്സിലേക്ക് പണ്ടേ. ചെന്നിറങ്ങിയപ്പോൾ ശാന്തമായ ഒരു നഗരിയാണ് പൊഖ്‌റ. ഭൂകമ്പത്തിൽ ഇല്ലാതായതെല്ലാം പുനർനിർമിച്ചു വരുന്നതേയുള്ളൂവെന്ന് പൊഖ്‌റ യാത്ര ബോധ്യപ്പെടുത്തി.

തക്കാലി മീൽസ്

ഒറ്റപ്പാലത്തുള്ള ഏതോ കവലയിൽ ചെന്നുപെട്ട പോലെ, തടാകതീരത്തെ വളവുതിരുവുകളും ആൽമരച്ചുവടുകളും. പുലാമന്തോളിലോ തൃത്താലയോ പോലെ. ആൾക്കാരുടെ മുഖരൂപം കൊണ്ട് പക്ഷേ ഹിമാലയത്തിന്റെ അരികിലെത്തിയെന്ന് മനസ്സിലാകും. അല്ലലില്ലാത്ത സ്ഥലമായി തോന്നി. നല്ല അന്തരീക്ഷം, കടകൾ, കഫേകൾ, ഫെമ തടാകത്തിന് കരയിലെ ഭാഗങ്ങളെല്ലാം ടൂറിസം കേന്ദ്രമായതിനാൽ ധാരാളം ഷോപ്പുകളുണ്ട്. നല്ല ഭക്ഷണം കിട്ടി. തടാകക്കരയിലൂടെ നടക്കാൻ പോകാം. കുന്നിൽമുകളിലെ വിസ്തൃതമായ തടകാം, അത്ഭുതം പലെ തോന്നിപ്പിച്ചു. അവിടെ ബോട്ടിങിന് വേണ്ടി വലിയ തോതിൽ വിദേശകളടക്കം സഞ്ചാരികളെത്തുന്നു. അതിനടുത്തുള്ള ഒരു സ്ട്രീറ്റിൽ മുറിയെടുത്തു. ഇടയ്ക്കിടെ പുറത്ത് നടക്കാനും മറ്റും പോകാനെളുപ്പമായി. കാഠ്മണ്ടുവിനേക്കാൾ ശാന്തസുന്ദരമായ ദേശം. പൊഖ്‌റയിൽ പതിവുകറക്കങ്ങളും വിശ്രമവും തടാകക്കരയിലെ നടപ്പുമെല്ലാമായി ഒരു ദിവസം അവിടെ കഴിഞ്ഞു. കുടയും മറ്റ് ചില സാധനങ്ങളും നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്ന് മേടിച്ചു. പിന്നേറ്റ് വൈകുന്നേരം വരെ, പലയിടങ്ങളിലായി അലഞ്ഞു.

യോദ്ധ- സിനിമയിലാണ് പോഖ്‌റ എന്ന സ്ഥലത്തെക്കുറിച്ച് ആദ്യം കേൾക്കുന്നത്. പിറ്റേന്ന് വൈകുന്നേരം ഫെവ തടാകത്തിനരികിൽ നിന്ന് തിരിച്ചുപോന്നു നഗരത്തിലേക്ക്, ബസ് കേറണം മടങ്ങണം. മുസ്താങ് വാലിയിലേക്ക് പോകാനുള്ള സമയമില്ല, ആഗ്രഹമുണ്ടെങ്കിലും. പിന്നീടൊരിക്കൽ പോകണന്ന് തീർച്ചപ്പെടുത്തി. മഴയും ഇടിയും മാറിമാറി തരംപോലെ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. രാത്രി നല്ല മഴയായിരിക്കുമെന്ന് ഇടിമിന്നലിന്റെ മുന്നറിയിപ്പ് വന്നു. പൊഖ്‌റയിലെ ബസ് ടെർമിനലിൽ ബസ് കേറാനെത്തി. സമയമായിട്ടില്ല, വണ്ടി ഇനിയും കുറെ കഴിഞ്ഞേ പോകൂ. സ്റ്റാർട്ട് ചെയ്തിട്ടില്ല. സ്റ്റാർട്ട് ചെയ്തിട്ട് കുറെനേരം അതേ കിടപ്പ് കിടക്കുകയാണ് പതിവ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് നമ്പറും മറ്റും മേടിച്ചതിനാൽ പേടിയില്ല. എതിരെ കണ്ട കഫേയിൽ കയറി, മിക്ക കഫേകളിലും മദ്യവും കിട്ടും, ഗോവ പോലെ. രണ്ടുദിന യാത്രാസൗന്ദര്യം മനസ്സിലുണ്ട്. അതും കഴിഞ്ഞുള്ള ആലസ്യത്തിലാണ് തിരിച്ചുമടക്കം. ബസിൽ ഇരുന്ന് നേരംവെളുക്കും വരെ ഉറങ്ങേണ്ടതാണ്. ചെറിയ രീതിയിൽ മദ്യവും അത്യാവശ്യത്തിന് ഭക്ഷണവും എന്നതായിരുന്നു കോമൺ മിനിമം പരിപാടി.

ബസ് കേറി, നോക്കുമ്പോ വലിയ തിരക്ക്. എല്ലാ സീറ്റിലും ആള്. സീറ്റ് നമ്പറ് കാണുന്നില്ല. തല്ക്കാലം ഡ്രൈവറുടെ പുറകിലിരിക്കാൻ കണ്ടക്ടർ പറഞ്ഞു. സീറ്റ് അറേഞ്ചു ചെയ്യാനാണ് എന്ന് കരുതി അത് സമ്മതിച്ചു. പ്രധാന പാതകൾ വിട്ട് വണ്ടി കുറച്ചുദൂരം പോന്നതോടെ കണ്ടക്ടർ എത്തി, ടിക്കറ്റ് പരിശോധിച്ചു. അവിടെ ഇരുന്നോളാൻ പറഞ്ഞു. ഡ്രൈവറുടെ സീറ്റിനരികിൽ താല്ക്കാലികമായി ഒരു കുഷ്യനിട്ടിരിക്കുന്നു. അയാൾക്ക് തൊട്ടരികെ പുറകിൽ. കാൽനീട്ടാൻ പോലും സ്ഥലമില്ലാത്ത ഇടത്ത്. അതാണ് സീറ്റെന്ന് ഡ്രൈവർ. നേരത്തെ ബുക്ക് ചെയ്തതാണെന്ന് എന്ന് പറഞ്ഞപ്പോ ഇതാണ് നിങ്ങൾക്ക് കിട്ടിയ ടിക്കറ്റെന്ന് അയാൾ. ഇതുപോലെ ഒരു താൽക്കാലിക സംവിധാനം ഒരു ബസ്സിലും കണ്ടിട്ടില്ല. നോക്കുമ്പോ പിന്നെയും അതേ കുഷ്യനിലേക്ക് ആളുകൾ കേറുന്നു. ബസ് പിന്നെയും നീങ്ങുകയാണ്. അത് വലിയൊരു വഴക്കിലേക്ക് എത്തുകയായി. ഇത് ചതിയാണ് ഇത്രയും ദൂരത്തേക്ക് നേരത്തെ ടിക്കറ്റെടുത്തിട്ട് ഇല്ലാത്ത സീറ്റുണ്ടാക്കി ഇരിക്കാൻ പറയുന്നത് ശരിയല്ലെന്ന് തർക്കിച്ചു, കൂടെയുള്ള സുഹൃത്ത് വലിയ ബഹളമായി. ഉള്ളിലെ റമ്മ് കൂടി ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി.

വന്നു കയറിയവർക്ക് എങ്ങനെയെങ്കിലും മല ഇറങ്ങാനുള്ളതുകൊണ്ട് എവിടെയും ഇരിക്കാൻ അവർ തയ്യാറാണ്. ചിലർ ബസ്സിൽ കിടക്കുന്നു. രണ്ടുപേർ ബസ്സിന്റെ ഗിയർ ബോക്‌സിനരികെ കേറി ഇരിപ്പാണ്, എല്ലാവരും ഇരിപ്പും കിടപ്പുമായി. അസ്വസ്ഥത കൊണ്ട് വീർപ്പുമുട്ടി, ഇരിക്കപ്പൊറുതിയില്ലാതായി. പൊഖ്‌റയിൽ നിന്ന് കേറിയപ്പോ തന്നെ ഇവർ ഇത് പറഞ്ഞിരുന്നെങ്കിൽ തിരിച്ചിറങ്ങി നാളേക്ക് യാത്ര മാറ്റാമായിരുന്നു, പക്ഷേ മനപൂർവ്വം മെയിൻ പാതകളെല്ലാം കഴിഞ്ഞാണ് അറിയിപ്പ് തന്നത്. അത് അവരുടെ ഒരു ട്രിക്ക് ആണെന്ന് മനസ്സിലായി. നല്ല ഇരുട്ടും മഴയും രാത്രിയും. ഇറങ്ങാനാകില്ല. ബഹളം തുടർന്നു, കൂടെയുള്ള സുഹൃത്ത് വലിയ ഒച്ചയിൽ വഴക്കായി ബസുകാരുമായും അടുത്തിരിക്കാൻ എത്തിയവരുമായും. ഇംഗ്ലീഷാണ് പറയുന്നത് അവർ നേപ്പാളി ഭാഷയും. അതുകൊണ്ട് കാര്യമായ പ്രകോപനമില്ല ആദ്യം. പരസ്പരം ഒന്നും മനസ്സിലാകുന്നില്ലല്ലോ. അതിനിടെ ബസ് വനമേഖലയിലേക്ക് പ്രവേശിച്ചു. കനത്ത മഴയും ഇടിയും, ബസ്സിന്റെ എല്ലാ സൈഡും അടച്ചു, സൂചി കടത്താനിടമില്ലാത്ത ബസ്സിൽ ഷട്ടറുകളെല്ലാം ഇട്ടു. ഡ്രൈവർ മാത്രം ഇട്ടിട്ടില്ല. അയാൾക്ക് സൈഡ് കാണുന്നില്ല, മഴ കാരണം. അതിലൂടെ പെയ്യുന്ന മഴ മുഴുവൻ നെഞ്ചത്തേക്ക് എത്തിത്തുടങ്ങി. മൊത്തത്തിൽ നേപ്പാളിന്റെ സൗന്ദര്യമാസ്വാദിച്ച മൂന്ന് ദിനങ്ങളുടെ സന്തോഷം ഉരുകിയില്ലാതായി.

പലയിടത്തും നേർത്ത റോഡിലൂടെയാണ് ബസ് കടന്നുപോകുന്നത്. തൊട്ടരികെ അഗാധമായ താഴ്ചകളാണ്, ഒരുവശത്ത് മലയുടെ ഭാഗവും. വളവും തിരിവുമൊന്നും ശരിക്കും വ്യക്തമൊന്നുമല്ല, സ്ഥിരം പോകുന്ന പാതയായതുകൊണ്ടാകാം ഡ്രൈവർ കൂസലില്ലാതെ വണ്ടി കത്തിച്ചുവിടുന്നു.

സുഹൃത്ത് ധാർമിക രോഷം ഉച്ചത്തിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു, ഉറക്കത്തിലായ യാത്രക്കാർ മിക്കവരും ഉണർന്നു. അവർ ഇവരെ രണ്ടിനേയും ഇറക്കിവിടുകയാണ് വേണ്ടതെന്ന് അലറി. അതോടെ കാര്യങ്ങൾ വഷളായി. പെരുംമഴയിൽ ഏതോ കാടിനും മലഞ്ചെരിവുകൾക്കുമിടെ വണ്ടി നിർത്തി ഇറക്കിവിടാനുള്ള കാര്യത്തിൽ ബസിലുള്ള മിക്കവാറും പേർ ഒന്നിക്കുന്ന മട്ടായി. സുഹൃത്തിനോട് തൽക്കാലം സംസാരം നിർത്താൻ ആവശ്യപ്പെട്ടു, പുള്ളി സമ്മതിക്കുന്നില്ല. ധാർമികതയും ന്യായവും തങ്ങളുടെ പക്ഷത്താണെങ്കിലും ആ പാതിരാത്രിയിൽ അതിനൊരു പ്രസക്തിയുമില്ലെന്ന സത്യം സുഹൃത്ത് റമ്മിന്റെ ഉഷാറിൽ തിരിച്ചറിയുന്നതേയില്ല എന്നതിൽ സങ്കടം തോന്നി. ചിലർ ഇടപെട്ടു. മഴയും മദ്യവും കൂടി മൂത്രശങ്കയും കൂട്ടിക്കൊണ്ടുവന്നു അതിനിടെ. ഒരു തവണ വണ്ടിനിർത്തി, ഇറങ്ങി മൂത്രശങ്ക തീർത്ത് വേഗം വണ്ടിയിൽ കേറി. വനമേഖലയിൽ തന്നെ മറ്റൊരു ഇടത്ത് തട്ടുകട പോലെ കണ്ടു, അവിടെ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തി, സമയം പാതിരയാണ്. അരമണിക്കൂറോളം കിട്ടി. കാര്യങ്ങൾ ഒന്നടങ്ങി, ശാന്തമായി. ഒരു ചായ കുടിച്ച് ഉഷാറായി, നടന്നും നിന്നും കാലുനിവർത്താൻ അവസരം ലഭിച്ചതോടെ ആശ്വാസം. ശേഷം വണ്ടി കയറി.

പിന്നെയും കാടിനോട് ചേർന്നുള്ള യാത്ര. ഇടയ്ക്ക് വഴിയിൽ കുടുങ്ങി. മലയിടിച്ചിലാണ്. പോകില്ലെന്ന് അറിയിപ്പ് വന്നു. വെളിച്ചമില്ല നിലാവുണ്ട്. പുറത്തിറങ്ങി നിന്നും ബസിൽ ഇരുന്നുറങ്ങിയും സമയം കഴിച്ചു. എപ്പോഴോ വണ്ടിയെടുത്തു. മിക്കവരും ഉറക്കമാണ്, ചിലർ അവിടെ ഇറങ്ങിപ്പോയതും കണ്ടു. സീറ്റിൽ ഇരുന്നുറക്കമായി. കനത്ത മഴ ഭീതിപ്പെടുത്തുന്ന കണക്കെ കോരിച്ചൊരിയുന്നു. പലയിടത്തും നേർത്ത റോഡിലൂടെയാണ് ബസ് കടന്നുപോകുന്നത്. തൊട്ടരികെ അഗാധമായ താഴ്ചകളാണ്, ഒരുവശത്ത് മലയുടെ ഭാഗവും. വളവും തിരിവുമൊന്നും ശരിക്കും വ്യക്തമൊന്നുമല്ല, സ്ഥിരം പോകുന്ന പാതയായതുകൊണ്ടാകാം ഡ്രൈവർ കൂസലില്ലാതെ വണ്ടി കത്തിച്ചുവിടുന്നു. കനത്ത മഴയിൽ പലയിടത്തും മണ്ണിടിഞ്ഞ് കിടക്കുന്നുണ്ട്. രണ്ടിടത്ത് പിന്നെയും വണ്ടി നിർത്തി. പോലീസ്, കടന്നുപോകേണ്ട ഇടം അടയാളപ്പെടുത്തി മണ്ണ് നീക്കാനുള്ള ശ്രമത്തിലാണ്. ഒരിടത്തും വെളിച്ചമില്ല. കാട്ടുയാത്രയ്ക്കിടെ ഇടയ്ക്ക് എത്തിച്ചേരുന്ന ഇടങ്ങളിൽ വീടുകളുണ്ട്, പക്ഷേ കടകളൊന്നുമുണ്ടാകില്ല, കറന്റില്ല എന്ന് ബോധ്യപ്പെട്ടു, നല്ല മഴയും കാറ്റും ഇടിയും. ഗന്ധകിയുടെ കാട്ടുവഴിയിലൂടെ കനത്ത മഴയ്ക്കും ഇടിയ്ക്കുമിടെ രാത്രിബസ്സിൽ സംഭവിച്ച വഴക്കുപുരാണനാടകവും കഴിഞ്ഞ് എല്ലാവരും മയങ്ങി. താൻസെൻ മലയോര മുൻസിപ്പാലിറ്റി പ്രദേശമാണ്. ഹിമാലയൻ താഴ്വരകളാണ് എല്ലാം. കാളിഗന്ധകി എന്ന പുരാണം മുതൽക്കേ പേരുകേട്ട നദിയുടെ ഓരങ്ങളിലൂടെ, കൈവഴിയിലെ കാട്ടിലെ സഞ്ചാരത്തിന് വിരാമമായി.

സുനൗലിയിലെ (ഇന്ത്യ-നേപാൾ) അതിർത്തിയിൽ ലേഖകൻ

പുലർച്ചെയോടെ മലയിറങ്ങി, രാവിലെ സുനൗലിയിലേക്കും. മിക്കവാറും പേർ ഇറങ്ങി. സീറ്റിൽ ഇഷ്ടംപോലെ സ്ഥലമായി. പുറകുഭാഗത്ത് പോയി അൽപനേരം കിടന്നു, സുനൗലിയിലെ സ്റ്റാൻഡ് വരെയാണ് ബസ്, അതുകൊണ്ട് ഉറങ്ങിപ്പോയാലും അവർ വിളിച്ചോളും. ബട് വാൾ, താൻസെൻ, പുത് ലി ബസാർ വഴിയായിരുന്നു വരവ്. എല്ലാം ആരണ്യകങ്ങളാണ്. പുലർച്ചെ സുനൗളിയ്ക്ക് മുമ്പുള്ള ഒരു സ്ഥലത്ത് എല്ലാ യാത്രക്കാരും ഇറങ്ങി. സിദ്ധാർത്ഥ് നഗറിലാണെന്ന് തോന്നുന്നു. സുനൗളിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഡ്രൈവറും കണ്ടക്ടറും, മറ്റൊരു പയ്യനും മാത്രം. അവൻ ഉറങ്ങുക തന്നെയാണ്. കണ്ടക്ടർ ഉണർന്നിരിപ്പുണ്ട്. മയക്കം വിട്ടു, ഉറക്കം തീർന്നു, നല്ല ക്ഷീണം, രോഷവും മറ്റും ശമിച്ചു, എല്ലാം പെരുമഴ പോലെ പെയ്ത് തോർന്നിരിക്കുന്നു.

സുനൗലി അതിർത്തി എത്താറായിരിക്കുന്നു, കണ്ടക്ടറോടും ഡ്രൈവറോടും യാത്ര പറഞ്ഞു. അവർക്കിത് ഓർമയില്ലാത്ത പോലെ അവരും കൈവീശി കാണിച്ചു, ചിരിച്ചു, ഞങ്ങൾ ബാഗെടുത്ത് എണീറ്റു. എന്തൊക്കെയാണ് ഇന്നലെയുണ്ടായത്, ഛെ അത്രയ്‌ക്കൊന്നും വേണ്ടായിരുന്നു, ഇന്നലെ രോഷാകുലനായി ബസ്സിൽ നിന്ന് ഇറക്കിവിടാനുള്ള എല്ലാ സാധ്യതയുമൊരുക്കിയ സുഹൃത്ത് തന്നെ ബസ്സിലിരുന്ന് പറഞ്ഞു ചിരിച്ചു. സത്യത്തിൽ, നന്ദി പറയണം നേപ്പാളികളോട്. ഇല്ലെങ്കിൽ ഏതോ അപരിചിത വനത്തിൽ, കൊടുംമഴയിൽ വിറങ്ങലിച്ചു ജഡമായി കിടക്കേണ്ടിവന്നേനെ. അതും പറഞ്ഞ് ചിരിച്ച്, ബസ്സിറങ്ങി, അതിർത്തി ക്രോസ് ചെയ്യാനായി ഇന്ത്യയിലേക്ക് നടന്നു. സുനൗലിയെന്നോ നേപ്പാളെന്നോ കേട്ടാൽ രണ്ട് ദൃശ്യങ്ങളാണെപ്പോഴും മനസ്സിലുയരുക. ഗൊരക്പുർ മെഡിക്കൽ കോളേജിൽ, മൂക്കിലൂടെ ട്യൂബിട്ട കുഞ്ഞിന്റെ തലയിൽ തണുത്ത വെള്ളം കോരിയൊഴിക്കുന്ന അമ്മയും പൊഖ്‌റയിൽ നിന്നുള്ള ബസ്സിൽ ഗന്ധകിയുടെ കാടിനുള്ളിൽ രാത്രിമഴയ്ക്കിടെയുണ്ടായ പെരുംവഴക്കിൽ രണ്ട് മലയാളികളെ ഇറക്കിവിടാനുള്ള ബഹളവും. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments