വാതിൽപ്പഴുതുകൾ ​​​​​​​ദേശക്കാഴ്ചകൾ

സാറാ ജോസഫിന്റെ ജീവചരിത്രപുസ്​തകത്തിൽനിന്ന്​ ഒരു ഭാഗം

തൃശ്ശൂരിൽനിന്ന് കുരിയച്ചിറയിലേക്കെത്തുക ഗോസായിക്കുന്ന് വഴിയാണ്. വലിയ ഒരു കയറ്റമാണ് അന്ന് ഗോസായിക്കുന്ന്. കുരിയച്ചിറ അങ്ങാടിയിലേക്കുള്ള ചരക്കുകളെല്ലാം എത്തിച്ചിരുന്നത് ആളുകൾ വലിച്ച് നീങ്ങുന്ന കൈവണ്ടികളിലാണ്. ഭാരം കയറ്റിയ വണ്ടികൾ ചിലപ്പോൾ ആരെങ്കിലും പിന്നിൽനിന്ന് തള്ളിക്കൊടുക്കാനുണ്ടാകും. എന്നാലും വണ്ടി ആയാസപ്പെട്ട് വെറും ആൾബലത്താൽ വലിച്ചുനീങ്ങുന്ന കാഴ്ച സാറയുടെ മനസ്സ് നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഒറ്റ ആളുടെ അദ്ധ്വാനത്തിൽ നീങ്ങാനാവാതെ അത് ഞെരങ്ങിനില്ക്കും. വണ്ടി വലിക്കുന്ന മനുഷ്യന്റെ വിയർപ്പ് റോഡിൽ ഇറ്റുവീഴും. ഈ ആയാസം കാണുമ്പോൾ സാറയും കൂട്ടുകാരും സഹായിക്കാൻ മുതിരും. എല്ലാവരും കൂടെ പിന്നിൽനിന്ന് വണ്ടി തള്ളും. അങ്ങനെ തള്ളിയാൽ വണ്ടി വേഗം കയറുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അത് കാണുമ്പോൾ വണ്ടി വലിക്കുന്ന ആൾ കുട്ടികളെ ഓടിക്കും. വണ്ടിയെങ്ങാൻ പിന്നിലേക്ക് തെന്നിവന്നാൽ കുട്ടികൾക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടിയായിരിക്കും അയാൾക്ക്. അയാളുടെ വിരട്ടൽ കേട്ടാൽ എല്ലാവരും ഓടിമാറി നില്ക്കും. അയാളുടെ കണ്ണു തെറ്റുമ്പോൾ പിന്നെയും ചെന്ന് തള്ളും. സ്‌കൂൾ വിട്ട് പോകുമ്പോൾ ഒഴിഞ്ഞ കാളവണ്ടിയോ കൈവണ്ടിയോ വന്നാൽ പുസ്തകക്കെട്ടെല്ലാം അതിൽ വെയ്ക്കുന്നതും കുട്ടികളുടെ ശീലമായിരുന്നു. എന്നിട്ട് കയ്യും വീശി വണ്ടിയുടെ പിന്നാലെ നടക്കും. ചിലപ്പോൾ അധികാരഭാവത്തിൽ പുസ്തകക്കെട്ടുകൾ വെച്ച വണ്ടിയിൽ കൈവെച്ച് നടക്കുന്നതൊക്കെ അന്ന് സാറയും കൂട്ടുകാരും രസത്തോടെ ആസ്വദിച്ചിരുന്നു.

കുട്ടിക്കാലത്ത് ഇടയ്‌ക്കൊക്കെ തൃശൂർക്ക് സിനിമ കാണാൻ പോകുന്നത് ഗോസായിക്കുന്ന് വഴി നടന്നാണ്. മുതിർന്നവർ ആശുപത്രിയിലേക്കും മറ്റും പോകുമ്പോൾമാത്രമാണ് ബസ്സിനെ ആശ്രയിച്ചിരുന്നത്. സാറയുടെ അപ്പൻ ഇംഗ്ലീഷ് പടങ്ങൾ കാണാനാണ് ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ അതിൽ അശ്ലീലവും നഗ്നതാപ്രദർശനവുമെല്ലാം ഉണ്ടെന്നു പറഞ്ഞ് അമ്മ ഇംഗ്ലീഷ് പടങ്ങൾ കാണുന്നതിൽനിന്ന് വിട്ടുനിന്നു. അമ്മയുടെ ഈ പ്രഖ്യാപിതനയം കാരണം സൗണ്ട് ഓഫ് മ്യൂസിക്പോലുള്ള സിനിമകൾപോലും കാണാൻ അന്ന് സാറയ്ക്കും മറ്റു കുട്ടികൾക്കും കഴിഞ്ഞില്ല. ഗംഭീര പാട്ടുകളുണ്ട്, കുട്ടികൾ കാണേണ്ട പടമാണ് എന്നൊക്കെ അപ്പൻ കെഞ്ചിപ്പറഞ്ഞിട്ടും അമ്മ വിലക്ക് നീക്കിയില്ല. എന്നാൽ ബൈബിൾ കഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ കാണിക്കാൻ സാറയുടെ അമ്മ ഒരുക്കമായിരുന്നു. അതിനാൽ ബെൻഹർ, റ്റെൻ കമാൻഡ്‌മെന്റ്‌സ്തുടങ്ങിയ ചില ഇംഗ്ലീഷ് പടങ്ങൾ അക്കാലത്ത് സാറയ്ക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിലെ ആത്മീയവും വൈകാരികവുമായ രംഗങ്ങളൊക്കെ കാണുമ്പോൾ അയ്യോ, കർത്താവ് എന്നൊക്കെ പറഞ്ഞ് അമ്മ നിലവിളിക്കും. അതേസമയം, നഗ്നത കാണിക്കും, ചുംബനരംഗങ്ങളുണ്ടാകും എന്നൊക്കെ പറഞ്ഞ് മറ്റെല്ലാ സിനിമകളും കുട്ടികൾക്ക് നിഷേധിക്കുകയും ചെയ്തു.

പെരുന്നാൾ, പൂരം തുടങ്ങിയ ആഘോഷങ്ങളൊക്കെ അക്കാലത്ത് കുട്ടികൾക്കുള്ള സന്തോഷങ്ങളായിരുന്നു. സാറയെയും മറ്റു കുട്ടികളെയും അപ്പൻ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം കാണാൻ കൊണ്ടുപോകാറുണ്ടായിരുന്നു. എല്ലാവരെയും കാറിൽ കയറ്റി മുനിസിപ്പൽ ബസ്​ സ്​റ്റാൻറിലെത്തിക്കും. കൂട്ടം തെറ്റുമെന്ന് പറഞ്ഞ് അതിനപ്പുറത്തേക്കു പോകാൻ അപ്പൻ സമ്മതിക്കുമായിരുന്നില്ല. ആനയുടെ മൂട് കാണാം എന്നാണ് സാറയുടെ അമ്മ ഈ പൂരംകാണലിനെപ്പറ്റി പറഞ്ഞിരുന്നത്. കുട്ടികളെ കാറിന്മേൽ കയറ്റിയിരുത്തിയാണ് പൂരം കാണിച്ചിരുന്നത്. പുത്തൻപള്ളി പെരുന്നാളും വലിയ ആഘോഷമായിരുന്നു. പെരുന്നാളിന് ‘വ്യാകുലം എഴുന്നള്ളിക്കുക' എന്നൊരു പരിപാടിയുണ്ട്. അതായത് യേശുവിന്റെ അമ്മയുടെ ഹൃദയത്തിലൂടെ കടന്നുപോയത് വേദനയല്ല, വ്യാകുലത്തിന്റെ വാളുകളാണ് എന്നാണ് വിശ്വാസം. അങ്ങനെ ദുഃഖത്തിന്റെ ഏഴു വാളുകൾ കടന്നുപോയി എന്ന സങ്കല്പത്തിൽനിന്നാണ് വ്യാകുലമാതാവ് എന്ന പേരു വന്നത്. മരിച്ചുപോയ മകനെക്കുറിച്ചുള്ള വേദനയുടെ അടയാളങ്ങളുമായി ഒരു അമ്മയുടെ സ്പന്ദിക്കുന്ന തിരുഹൃദയം. ഏഴു വാളുകളിറങ്ങിയ ആ ഹൃദയരൂപം വാഹനത്തിൽ എഴുന്നള്ളിച്ച് പ്രദക്ഷിണം ചെയ്യുന്നത് കാണാൻ സാറയുടെ അപ്പൻ നേരത്തേതന്നെ സീറ്റ് പറഞ്ഞുവെച്ചിട്ടുണ്ടാകും. മിക്കവാറും അത് അഞ്ചുവിളക്കിനു മുന്നിലുള്ള ഏതെങ്കിലും കടയുടെ മുകളിലാവും. അവിടെനിന്ന് നോക്കിയാൽ തൊട്ട് താഴെ അഞ്ചുവിളക്കിന്റെ മുന്നിലൂടെ വ്യാകുലമാതാവിന്റെ എഴുന്നള്ളിപ്പ് കടന്നുപോകുന്നത് ഭംഗിയായി കാണാം. അന്നൊന്നും കാഴ്ചയ്ക്ക് തടസ്സം നില്ക്കാൻ വലിയ കെട്ടിടങ്ങളില്ല. രണ്ടോ മൂന്നോ നിലകളുള്ള ഏതാനും ചില കെട്ടിടങ്ങൾ മാത്രം.

ലൂർദ്ദ് പള്ളി പെരുന്നാളും അതുപോലെ ആഘോഷമായിരുന്നു. തൃശ്ശൂരുകാര്​മുഴുവൻ പൂരം ആഘോഷിച്ചിരുന്നതുപോലെ പെരുന്നാള് കാണാനും നേർച്ച കണ്ട് ഭക്ഷണം കഴിക്കാനും വഴിപാട് ഇടാനും എല്ലാവരുമെത്തും. മുണ്ടും നേര്യതുമുടുത്ത് ചുവന്ന ബ്ലൗസുമിട്ടാണ് ഹിന്ദു സ്ത്രീകൾ അധികവും പള്ളിയിലെത്തിയിരുന്നതെന്ന് സാറാ ജോസഫിന്റെ ഓർമയിലുണ്ട്. ഏഴ് ആഴ്ച തുടർച്ചയായി ലൂർദ്ദ് പള്ളിയിൽ പോയി നിത്യസഹായമാതാവിനോട് പ്രാർത്ഥിച്ചാൽ ഏതു കാര്യവും നടക്കും എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് നിരവധി ഹിന്ദു സ്ത്രീകൾ പതിവായി ലൂർദ്ദ് പള്ളിയിലെ പ്രാർത്ഥനയിൽ പങ്കുകൊള്ളുമായിരുന്നു. ഏഴ് ആഴ്ച തുടർച്ചയായി പള്ളിയിൽ വന്ന് പ്രാർത്ഥിച്ച ശേഷം വിചാരിച്ച കാര്യം നടന്നുവെന്ന് അയൽപക്കത്തുള്ള ചേച്ചിമാർ അമ്മയോടു പറയുന്നത് സാറ കേട്ടിട്ടുണ്ട്. അസാധ്യമായ കാര്യങ്ങളൊന്നുമാവില്ല അവർ പ്രാർത്ഥിച്ചിട്ടുണ്ടായിരിക്കുക. എങ്കിലും അങ്ങനെ വിശ്വാസത്തിന്റെ ബലവും ശക്തിയും അന്ന് മതങ്ങൾക്കതീതമായി മനുഷ്യർക്കിടയിലുണ്ടായിരുന്നു. അവർ പരസ്പരം ബഹുമാനിച്ചിരുന്നു. വിഷുവിന് അയൽപക്കത്തുണ്ടാക്കുന്ന പലഹാരങ്ങൾ ഏറെ സ്വാദോടെ സാറയും വീട്ടുകാരും കഴിച്ചിരുന്നു. പെരുന്നാളിന്റെ അച്ചപ്പവും കുഴലപ്പവുമെല്ലാം അയൽപക്കത്തേക്കും എത്തിക്കും. അങ്ങനെ പലഹാരങ്ങളും കറികളുമൊക്കെ മതങ്ങൾക്കതീതമായി സഞ്ചരിച്ചിരുന്നു. ജാതിസമുദായങ്ങൾ തമ്മിലുള്ള വേർതിരിവ് അന്ന് വളരെ കുറവായിരുന്നു.

ലൂർദ്ദ് പള്ളി

സ്വാതന്ത്ര്യാനന്തരഭാരതത്തിലെ കുട്ടിക്കാലമാണത്. മതവിവേചനങ്ങളൊക്കെ സാധാരണജീവിതത്തിലേക്ക് കടത്തിവിടപ്പെട്ടത് പിന്നീടാണ്.
അതേസമയം അമ്പലത്തിലേക്ക് ക്രിസ്ത്യാനികൾക്ക് പ്രവേശനമില്ലായിരുന്നു. അമ്പലത്തിലുള്ളതൊന്നും ദൈവമല്ലെന്നും അവയൊക്കെ ചെകുത്താന്റെ സ്വരൂപങ്ങളാണെന്നും ദൈവം ഉള്ളത് പള്ളിയിൽ മാത്രമാണെന്നും അക്കാലത്ത് വേദപാഠങ്ങളിൽ പ്രത്യേകം പഠിപ്പിച്ചിരുന്നു. അച്ചന്മാർ അങ്ങനെയൊക്കെ അന്ന് പള്ളിയിൽ പ്രസംഗിച്ചിരുന്നു. ജോനോന്മാർ എന്ന് അക്കാലത്ത് വിളിച്ചിരുന്ന മുസ്ലീങ്ങൾ കുരിയച്ചിറയിൽ അക്കാലത്ത് വളരെ കുറവായിരുന്നു.
സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടാണ് അക്കാലത്ത് എല്ലാവരും ജീവിച്ചിരുന്നത്. അന്ന് കുരിയച്ചിറയിലുള്ളവർ തൃശ്ശൂർ നഗരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നവരായിരുന്നു. തൃശ്ശൂർ നഗരത്തിലെ വലിയ വീടുകളിൽ പോയി അടുക്കളപ്പണിയെടുത്താണ് സ്ത്രീകൾ വീടു പുലർത്തിയിരുന്നത്. നഗരത്തിലേക്ക് ഉച്ചയ്ക്ക് ചോറു കൊണ്ടുപോകുന്ന ജോലിയും കുരിയച്ചിറയിലെ സ്ത്രീകൾ ചെയ്തിരുന്നു. മുളകൊണ്ട് മെടഞ്ഞുണ്ടാക്കിയ വലിയ ചോറ്റുകുട്ട തലയിൽ വെച്ച് വീട്ടമ്മമാർ തയ്യാറാക്കുന്ന ചോറു നിറച്ച പിച്ചളകൊണ്ടുള്ള അടുക്കുപാത്രങ്ങൾ സ്ത്രീകൾ വീടുതോറും നടന്ന് ശേഖരിച്ച് ഉച്ചയ്ക്ക് ഭക്ഷണസമയമാകുമ്പോഴേക്കും അവ നഗരത്തിൽ ജോലിചെയ്യുന്ന ഗൃഹനാഥന്മാരുടെ കയ്യിൽ കൃത്യമായി എത്തിച്ചിരുന്നു. ഉച്ചഭക്ഷണം ചൂടോടെ കഴിക്കാൻ സൗകര്യമൊരുക്കുന്ന ഒരു നല്ല ഏർപ്പാടായിരുന്നു അത്. ഭക്ഷണം കഴിച്ചശേഷം പാത്രങ്ങൾ ശേഖരിച്ച് കഴുകി തിരികെ ഉടമസ്ഥരായ വീട്ടമ്മമാരുടെ കയ്യിലെത്തിച്ചു കൊടുത്താലാണ് അന്നത്തെ പണി കഴിയുക. പലപ്പോഴും ഭക്ഷണം കഴിക്കുന്ന ഗൃഹനാഥന്മാർ ബാക്കിവെക്കുന്ന ചോറും കൂട്ടാനുമൊക്കെയാകും അവരുടെ മക്കൾക്കുള്ള ഭക്ഷണം. അങ്ങനെ ബാക്കിവെക്കാനായി സാറയുടെ അമ്മ കൂടുതൽ ചോറ് പാത്രങ്ങളിൽ നിറയ്ക്കുമായിരുന്നു. പാത്രങ്ങൾ തിരിച്ചുനല്കുന്ന സമയത്ത് ഇന്ന് വല്ലതും കിട്ടിയോടീ എന്ന് അമ്മമാർ ചോദിക്കുന്നതും പതിവായിരുന്നു. ആ അന്വേഷണം അവരുടെകൂടി വയറു നിറയ്ക്കുവാനുള്ള ആഗ്രഹമായിരുന്നു. അത്രയ്ക്കു ക്ഷാമവും ദാരിദ്ര്യവുമായിരുന്നു അക്കാലത്ത്. ഇത്തരം പിച്ചളകൊണ്ടുള്ള ചോറ്റുപാത്രങ്ങൾ ഇടയ്‌ക്കെല്ലാം ഈയ്യം പൂശാൻ ആളുകൾ എത്തിയിരുന്നു.

കുരിയച്ചിറയിലെ സ്ത്രീകൾ ചെറിയ കച്ചവടങ്ങൾ നടത്താനും തല്പരരായിരുന്നു. വീട്ടിൽ പലഹാരങ്ങളുണ്ടാക്കി നഗരത്തിലെ കടകളിൽ കൊണ്ടുപോയി കൊടുക്കുന്ന പതിവ് അന്നുണ്ടായിരുന്നു. അങ്ങനെ കൊണ്ടുക്കൊടുത്തിരുന്ന കുരിയച്ചിറയിലെ അപ്പത്തിന് നല്ല ചെലവായിരുന്നു. പുത്തൻപള്ളിക്കു മുന്നിലിരുന്ന് അരിയും അവലുമൊക്കെ സ്ത്രീകൾ വിറ്റിരുന്നു. അക്കാലത്ത് ഒല്ലൂര് ധാരാളം വിറകുകമ്പനികളുണ്ടായിരുന്നു. കുരിയച്ചിറയിലെ സ്ത്രീകൾ തലച്ചുമടായി ഒല്ലൂര് പോയി വിറകു കൊണ്ടുവന്ന് ചെറിയ കുറെ കെട്ടുകളാക്കി അങ്ങാടിയിൽ വില്ക്കാൻ വെയ്ക്കും. അതൊരു തൊഴിലായിരുന്നു. അന്നന്ന് കത്തിക്കാനുള്ള വിറകു വാങ്ങുന്നതിനുള്ള പണമേ കഷ്ടിച്ച് ആളുകളുടെ കയ്യിലുണ്ടാവുമായിരുന്നുള്ളൂ.
തീപ്പെട്ടിയുണ്ടാക്കൽ അക്കാലത്ത് ഒരു കുടിൽവ്യവസായമായിരുന്നു. അതിനോടനുബന്ധിച്ച പണികളിലൊക്കെ സ്ത്രീകൾ വ്യാപൃതരായിരുന്നു. തീപ്പെട്ടിക്കൂടുണ്ടാക്കുക, അതിന്മേൽ പടം ഒട്ടിക്കുക എന്നിവയിലെല്ലാം സ്ത്രീകൾ വ്യാപൃതരായിരുന്നത് സാറ കണ്ടിട്ടുണ്ട്. കപ്പപ്പൊടി കുറുക്കിയാണ് പശയുണ്ടാക്കുക. അങ്ങനെയങ്ങനെ ഉണ്ടാക്കുന്ന ഇത്തിരി കാശുകൾ കൂട്ടിവെച്ച് അരി വാങ്ങി കഞ്ഞിയുണ്ടാക്കിക്കൊടുത്താണ് അവർ മക്കളുടെ വയറു നിറച്ചിരുന്നത്. മക്കളെ ഉറക്കിക്കിടത്തി ബാക്കി കഞ്ഞി ഭർത്താവിനായി കരുതിവെച്ച് കാത്തിരിക്കും. ഭർത്താക്കന്മാർ മദ്യപിച്ചെത്തി, കഞ്ഞിക്കലമെടുത്ത് പുറത്തേക്കെറിയുന്ന കലാപരിപാടികളും സാധാരണമായിരുന്നു. യാതനയും ദാരിദ്ര്യവും ഇഴപാകിയ ജീവിതമായിരുന്നു അന്ന് സാറയ്ക്കു ചുറ്റിലും കാണാനായിരുന്നത്.

ഇതിനുമിത്തിരി മുന്നിൽ നില്ക്കുന്ന സാറാ ജോസഫിന്റെ വീട്ടിലെ അവസ്ഥയും അത്രയൊന്നും ഭേദപ്പെട്ടതായിരുന്നില്ല. ദാരിദ്ര്യം എന്നു പറയാൻ പറ്റില്ലെങ്കിലും പണമില്ലാത്ത അവസ്ഥതന്നെയായിരുന്നു. ഒന്നിലും ആഡംബരമില്ല. മിതത്വം പാലിക്കുന്നതുകൊണ്ട് കഴിഞ്ഞുപോകുന്നുവെന്നുമാത്രം. അങ്ങാടിയിൽനിന്ന് ചീട്ടിത്തുണി വാങ്ങിക്കൊണ്ടുവന്ന് പാവാടയും ബ്ലൗസും തയ്പിക്കും. അതാർക്കും പാകമുണ്ടാവില്ല. പ്രത്യേകിച്ച് സാറയ്ക്ക്. വളരുന്ന പ്രായത്തിൽ അതിന്റെ അഭംഗി മുഴച്ചു നില്ക്കും. കുരിശിന് ഉറയിട്ടപോലെ എന്നൊക്കെ പറഞ്ഞ് അമ്മായിമാർ സാറയുടെ അന്നത്തെ വേഷത്തെ കളിയാക്കുമായിരുന്നു. ഒന്നോ രണ്ടോ ജോടി വസ്ത്രങ്ങൾ വിരുന്നിനു പോകുമ്പോൾ ഇടാനായി മാത്രം മാറ്റിവെച്ചിരിക്കും. അതിന്മേൽ സാറ്റിനോ ക്രെയ്‌പോ തുന്നിപ്പിടിപ്പിച്ചിട്ടുണ്ടാകും. വസ്ത്രത്തിൽ മാത്രമല്ല, ഭക്ഷണത്തിലും പൊതുവേ ലാളിത്യവും മിതത്വവുമായിരുന്നു അന്നുണ്ടായിരുന്നത്. ഓരോ ദിവസവും ആവശ്യമുള്ള മീനും പുളിയും തേങ്ങയുമെല്ലാം അങ്ങാടിയിൽ പോയി വാങ്ങുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. പലചരക്കുസാധനങ്ങൾ തേക്കിലയിൽ പൊതിഞ്ഞാണ് അന്ന് ലഭിച്ചിരുന്നത്. ചിലപ്പോൾ പത്രക്കടലാസും അക്കാലത്ത് ഉപയോഗിച്ചിരുന്നു.

അക്കാലത്ത് തൃശ്ശൂർ നഗരത്തിന് വലിയ തിരക്കില്ല. തൃശ്ശൂർ നഗരത്തിനോടടുത്ത് ശാന്തമായിരുന്ന ഒരിടമായിരുന്നു അന്ന് കുരിയച്ചിറ. പൊതുവേ ക്രിസ്ത്യൻ സംസ്‌കാരമായിരുന്നു കുരിയച്ചിറയിലുണ്ടായിരുന്നത്. ക്രിസ്ത്യൻ സമ്പ്രദായങ്ങളിൽ സ്ത്രീകൾ വെള്ളവസ്ത്രങ്ങളായിരുന്നു അധികം ഉപയോഗിച്ചിരുന്നത്. പ്രായമായവർ വെളുത്ത മുണ്ടും ചട്ടയും ധരിക്കും. വീട്ടിൽ സാറയുടെ അമ്മായിമാർ വെളുത്തതോ മങ്ങിയ നിറമുള്ളതോ ആയ സാരികളാണ് ഉപയോഗിച്ചിരുന്നത്. നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കുലീനത്വമില്ലായ്മയായിട്ടാണ് അന്ന് കണക്കാക്കിയിരുന്നത്. ചുവപ്പുസാരി ധരിച്ച ഒരു സ്ത്രീ റോഡിലൂടെ പോകുമ്പോൾ ‘ദേ, ഒരു ചോപ്പ് കുളാപ്പി പോകുന്നു' എന്നു പറഞ്ഞ് അമ്മായി മറ്റുള്ളവരെ കാണിച്ചുകൊടുത്തിരുന്നു. മഞ്ഞയാണെങ്കിൽ മഞ്ഞക്കുളാപ്പിയും നീലയാണെങ്കിൽ നീലക്കുളാപ്പിയുമായി ആ കാണിച്ചുകൊടുക്കൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകും. വഴിയിൽ പോകുന്നത് അപൂർവ്വം യാത്രികരാവും. ഒരു വിരുന്നുപോക്കിലൊക്കെയാകും ഇങ്ങനെ നിറമുള്ള വസ്ത്രങ്ങൾ സ്ത്രീകൾ ധരിക്കുന്നത്.

സാറയുടെ വീട്ടിലുപയോഗിച്ചിരുന്ന വെള്ളത്തുണികൾക്ക് നീലം ചേർക്കുന്ന പതിവുണ്ടായിരുന്നു. ചെറിയ പൊതികളിൽ ലഭിച്ചിരുന്ന നീലത്തെ പൂനീലം എന്നാണ് പറഞ്ഞിരുന്നത്. ചെറോണയായിരുന്നു നാട്ടിലെ അലക്കുകാരി. പുറമേ പച്ചനിറം തോന്നിക്കുന്ന നീലത്തിന്റെ കട്ടയാണ് ചെറോണ ഉപയോഗിച്ചിരുന്നത്. അത് മുക്കിയാൽ വേറൊരു നിറമായിരിക്കും. നല്ല തുണികളിലൊക്കെ പൂനീലമാണ് മുക്കുക. അത് മുക്കുന്നതോടെ വെള്ളയുടെ പ്രത്യേക സൗന്ദര്യമാണ് തുണികൾക്കു ലഭിക്കുക. റോബിൻ നീലം, ടിനോപാൽ, തുള്ളി നീലം എന്നിവയെല്ലാം പിന്നീടാണ് വരുന്നത്.

നാട്ടിൻപുറത്തുകാരെല്ലാം അധികം സിനിമ കണ്ടിരുന്നത് ഓല ടാക്കീസുകളിലാണ്. ഇടയ്‌ക്കൊക്കെ നഗരത്തിലെ തിയേറ്ററുകളിൽ പോകുമെങ്കിലും കുട്ടിക്കാലത്ത് സാറ അധികം സിനിമകൾ കണ്ടിട്ടുള്ളത് ഇത്തരം ഓല ടാക്കീസുകളിലാണ്. സിനിമ കാണാനുള്ള പോക്കിനുമുണ്ട് പ്രത്യേകതകൾ. മാറ്റിനിക്കാണ് പോകുക. ഓലകൾക്കിടയിലൂടെ വെളിച്ചം വീണ് സ്‌ക്രീനിൽ നിറയെ പൊട്ടുകളുണ്ടാകും. കുട്ടികൾ തറയിലാണ് ഇരിക്കുക. അമ്മമാരും മുതിർന്നവരും ബെഞ്ചിലിരിക്കും. അമ്പതോ അറുപതോ ആളുകളാണ് ടാക്കീസിൽ ആകെ ഉണ്ടാവുക. അയൽക്കാർ എല്ലാവരും കൂടിയാണ് സിനിമയ്ക്കു പോകുക. അതിന് രാത്രിപ്പണികളെല്ലാം നേരത്തേ ഒതുക്കും. അടിച്ചുവാരലും വൃത്തിയാക്കലും അത്താഴമൊരുക്കലും എല്ലാം കഴിഞ്ഞിരിക്കും. രാത്രി കത്തിക്കാനുള്ള വിളക്കുകളിൽ മണ്ണെണ്ണ നിറച്ചുവെയ്ക്കൽ, മേശവിളക്കിന്റെ ചില്ല് തുടച്ചുവെയ്ക്കൽ തുടങ്ങി കുട്ടികൾ ചെയ്യേണ്ട ജോലികളെല്ലാം സാറയും മറ്റുള്ളവരും ഉത്സാഹത്തോടെ ചെയ്തുതീർക്കും. ചിലച്ചുചിരിച്ച്, സിനിമയുടെ വർത്തമാനങ്ങളൊക്കെ പറഞ്ഞുകൊണ്ടായിരിക്കും തിരിച്ചുവരവ്. അങ്ങനെയങ്ങനെ ഒരു ഉത്സവമായിരുന്നു കുട്ടിക്കാലത്തെ സിനിമകാണൽ. ചിലപ്പോൾ കഥയിലെ ദുരന്തങ്ങൾ പറഞ്ഞ് അമ്മമാരുടെ വിലാപങ്ങളുണ്ടാകും. നല്ലതങ്ക എന്ന സിനിമ കഴിഞ്ഞ് വരുമ്പോൾ അമ്മമാരൊക്കെ കരഞ്ഞുകൊണ്ടാണ് വഴി നടന്നുതീർത്തത്. നല്ലതങ്കയിലെ നായികാപ്രാധാന്യമുള്ള കഥാപാത്രം മക്കളെ കിണറ്റിലിട്ട് ആത്മഹത്യ ചെയ്തിരുന്നത് വിവരിച്ച് തേങ്ങിത്തേങ്ങിയാണ് സ്ത്രീകൾ കരഞ്ഞിരുന്നത്. ജനോവ, ജീവിതനൗക എന്നിവയൊക്കെയാണ് സാറാ ജോസഫ് അന്ന് കണ്ടിട്ടുള്ള ചില സിനിമകൾ. ജനോവ ബൈബിളിനെ ആധാരമാക്കിയുള്ള സിനിമയായിരുന്നു. പ്രേംനസീറായിരുന്നു അതിൽ അഭിനയിച്ചത്. ജീവിതനൗകയിൽ തിക്കുറിശ്ശിയും. ജീവിതനൗകകണ്ടുവന്ന് സാറ അനിയത്തിയോടൊപ്പം കളിയോടുകളിയായിരുന്നു. ‘ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദശ്രീകൃഷ്ണാ വാ മുറുക്ക്' എന്ന പാട്ടിന്റെ മേമ്പൊടിയോടെയായിരുന്നു കളികൾ.

മാനുഷിയുടെ പിറവി

തിനൊക്കെ ഇടയിൽ കോളേജന്തരീക്ഷം കൂടുതൽ സർഗ്ഗാത്മകമായിക്കൊണ്ടിരുന്നു. ക്യാമ്പസ് തിയേറ്റർ എന്ന ആശയം കുട്ടികളെയും അധ്യാപകരെയും ഒരു ബാധപോലെ കീഴടക്കുകയും നാടകരംഗത്ത് അവരെ ക്രിയാത്മകരാക്കുകയും ചെയ്തു. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോളേജധ്യാപകർക്കു നല്കിയിരുന്ന നാടക പരിശീലനത്തിൽ പങ്കെടുത്തുകൊണ്ട് അധ്യാപകരും പുതിയ വേദികളിൽ കുട്ടികളോടൊപ്പം സജീവരായി. സാറാ ജോസഫ് നാടകത്തോട് അടുക്കുന്നത് അങ്ങനെയാണ്. പി. ഗംഗാധരൻ മാഷ് നാടകരൂപത്തിലാക്കിയ വിഖ്യാത സാഹിത്യകാരൻ ബെർടോൾഡ് ബ്രെഹ്റ്റിന്റെ ‘മേരി ഫെറ'എന്ന കവിതയുടെ രംഗാവതരണത്തിൽ സാറ ടീച്ചറും സംവിധാന സഹായിയായി. ആവേശത്തിന്റെ കാലമായിരുന്നു അത്. ‘ചോരക്കുഞ്ഞിനെ കൊന്ന മേരി ഫെറ' എന്ന ആ നാടകവും കൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലോത്സവത്തിനു പോയി. ഒന്നാം സമ്മാനവും കിട്ടി. അതിന്റെ ആഹ്ലാദത്തിൽ തിരിച്ചുവരുമ്പോഴാണ് കോളേജിനെ നടുക്കിയ അതിദാരുണമായ ആ സംഭവമറിയുന്നത് കോളേജിലെ സംസ്‌കൃതം ബിരുദവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന ദുരന്തവാർത്ത. ആ സംഭവം എല്ലാ സന്തോഷങ്ങളെയും കെടുത്തിക്കളഞ്ഞു.

തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ക്യാമ്പസിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ അധ്യാപകനും സംസ്‌കൃതം ബിരുദവിദ്യാർത്ഥിനിയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയായിരുന്നു അത്. അതിനെ പ്രണയം എന്നു പറയാൻ പറ്റില്ല. എന്നാൽ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊക്കെ ആയിരുന്നിരിക്കാം. രണ്ടുപേരും രാവിലെ നേരത്തേ ലാബിൽ വരും. കുട്ടികൾ അത് കണ്ടുപിടിച്ചു. അധ്യാപകന്റെ വശത്തുനിന്നുള്ള പ്രലോഭനത്തിന്റെയും ചൂഷണത്തിന്റെയും പ്രശ്‌നമായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. കോളേജു മുഴുവൻ ഇതിനെതിരായി നിന്ന് അധ്യാപകൻ മാപ്പു പറയണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചു. ആ പെൺകുട്ടിയുടെ മനസ്സ് കാണണമെന്നും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുകൂടി ചിന്തിക്കണമെന്നുമുള്ള സാറ ടീച്ചറുടെ അഭ്യർത്ഥന അന്നത്തെ ആവേശത്തിൽ കുട്ടികളൊന്നും കാര്യമായി എടുത്തില്ല. മാപ്പു പറയാമെന്ന് അധ്യാപകൻ സമ്മതിച്ചതോടെ പെൺകുട്ടി ആകെ തകർന്നുപോയി. മാപ്പു പറയുന്നതിന്റെ തലേന്ന് അവൾ ആത്മഹത്യ ചെയ്തു. പ്രണയം അവിടെ യാഥാർത്ഥ്യമായിരുന്നെങ്കിൽ മാപ്പ് എന്ന വിഷയത്തിന്റെ ആവശ്യമേ വരില്ലായിരുന്നു. കോളേജ് പരിസരം ഉപയോഗപ്പെടുത്തിയുള്ള ചൂഷണം എന്ന നിലയിൽ ഇനിയത് ആവർത്തിക്കരുത് എന്ന കാര്യത്തിൽ തർക്കമില്ലായിരുന്നു. ഇക്കാര്യത്തിൽ വിദ്യാർത്ഥിനികളെല്ലാം ഒറ്റക്കെട്ടായി നിന്നു.
ഒരുപക്ഷേ പുരുഷനുമാത്രം കഴിയുന്ന ചൂഷണവും ഒറ്റപ്പെടുത്തലുമാണ് അതെന്ന നിലയിലാണ് വിദ്യാർത്ഥിനികളും അധ്യാപികമാരും ഒറ്റക്കെട്ടായി നിന്നത്. ഇനിയും ഇത്തരമൊരു അനുഭവത്തിന് കോളേജന്തരീക്ഷം സാക്ഷിയായിക്കൂടാ എന്ന് പ്രഖ്യാപിക്കാൻ പെൺകുട്ടികളെല്ലാം തയ്യാറായി. അതെങ്ങനെ എന്ന വിഷയത്തിലേക്കായിരുന്നു ചർച്ച ഉയർന്നത്.

എല്ലാ വിദ്യാർത്ഥിനികളും ചേർന്ന് കോളേജിൽ ഒരു പ്രകടനം നടത്താൻ തീരുമാനമായി. പുരുഷന്റെ കൂടെപ്പോലും പ്രകടനത്തിനു പോകാൻ സ്ത്രീകൾ മടിച്ചിരുന്ന കാലമാണത്. അപ്പോഴാണ് പെൺകുട്ടികൾമാത്രമായി ഒരു പ്രകടനം നടത്താൻ ആലോചിക്കുന്നത്. അങ്ങനെ മുന്നോട്ടു വരുമ്പോൾ അത് എന്തിന്റെയെങ്കിലും പേരിലായിരിക്കണം. അങ്ങനെയാണ് അതുവരെ ചർച്ചകൾ സംഘടിപ്പിക്കാൻ മാത്രം ഒത്തുചേർന്നിരുന്ന കൂട്ടായ്മ ഒരു സംഘടനയാക്കാൻ തീരുമാനിച്ചത്. മനുഷ്യൻ എന്ന് പറയുമ്പോൾ എപ്പോഴും ഉയർന്നുവരുന്നത് ആണിന്റെ രൂപമാണ്. അവന്റെ സ്വപ്നങ്ങളും തീരുമാനങ്ങളുമാണ്. മനുഷ്യന്റെ സ്വരൂപമുള്ള സ്ത്രീയെക്കുറിച്ച് രണ്ടാംചിന്തയിൽപ്പോലും വരുന്നില്ല. അതുകൊണ്ട് സ്ത്രീയുടെ മനുഷ്യരൂപമായ സംഘടനയ്ക്ക് മാനുഷി എന്ന് പേരിടാൻ തീരുമാനിച്ചു. 1985ൽ ‘മാനുഷി ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടന' എന്ന ബാനർ പട്ടാമ്പി കോളേജിന്റെ ചുമരുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പോസ്റ്റർ എഴുതിയതും ചുമരുകളിൽ പതിപ്പിച്ചതും പെൺകുട്ടികൾ തന്നെയായിരുന്നു. അറുപതു പെൺകുട്ടികൾ പങ്കെടുത്ത പ്രകടനത്തോടെ അങ്ങനെ ഒരു സ്ത്രീസംഘടന യാഥാർത്ഥ്യമായിത്തീർന്നു.

‘മാനുഷി'ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടനയായിരുന്നു. ചിന്തകളായിരുന്നു മൂലധനം. പെൺസ്വത്വത്തിന്റെ ക്രിയാത്മകമായ ആർജ്ജവത്തിൽ പ്രതിഫലിക്കുന്ന ചിന്തകൾ. എന്നാൽ ഒരു സംഘടന എന്ന നിലയിൽ അതിന്റെ പ്രാധാന്യത്തെപ്പറ്റിയോ ചലനാത്മകതയെപ്പറ്റിയോ വലിയ ധാരണകളൊന്നും അന്ന് സംഘടനയിൽപ്പെട്ട ആർക്കുമില്ലായിരുന്നു. മാത്രമല്ല, സംശയത്തോടെയും വൈരാഗ്യത്തോടെയും അതിനെ കാണുന്നതിന് നിരവധി പേർ ഉണ്ടായിരുന്നു. പെൺകുട്ടികൾ അവർക്കു നിർണയിക്കപ്പെട്ട ഇടങ്ങളിൽനിന്ന് മാറിനടക്കുക എന്നത് ചിന്തിക്കാൻ കൂടി കഴിയാതിരുന്ന കാലത്താണ് പട്ടാമ്പിക്കു ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള കുറെ പെൺകുട്ടികൾ അസാധാരണമായ ഈ ചങ്കുറപ്പു കാണിച്ചത്. വീറും എല്ലുറപ്പുമുള്ള കുട്ടികൾ എന്നാണ് സാറ ടീച്ചർക്ക് അവരെപ്പറ്റി പറയാനുള്ളത്. വള്ളുവനാടൻ ദേശത്തിന്റെ പ്രത്യേകതയായ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഉറച്ച വീക്ഷണങ്ങൾ സ്വയമാവാഹിച്ച പെൺകുട്ടികൾ എന്നുകൂടി ടീച്ചർ അവരെ വിശേഷിപ്പിക്കുന്നു. എന്നാൽ ഇതൊരു പ്രാധാന്യമുള്ള മുന്നേറ്റമാണെന്ന് പറയാൻ അന്നേ തയ്യാറായത് കോളേജിലെതന്നെ കുറെ ആൺകുട്ടികളാണ്. അവർ ഈ മുന്നേറ്റത്തെ അസാധാരണമായ ഒന്നായി തിരിച്ചറിഞ്ഞ് കൂടെ നില്ക്കാൻ തയ്യാറായി. സ്ത്രീഅവസ്ഥകളുടെ തിരുത്തലുകൾക്കുവേണ്ടി നിലകൊണ്ട സംഘത്തിന് പ്രോത്സാഹനങ്ങൾ നല്കിക്കൊണ്ട് അവർ പെൺകൂട്ടത്തിന്റെ ഒപ്പം നിന്നു.
അങ്ങനെ മാനുഷിയുടെ ചർച്ചാവേദികൾ സജീവമായി. ആദ്യമൊക്കെ രാഷ്ട്രീയത്തിനതീതമായി എല്ലാ സംഘടനയിൽപ്പെട്ടവരും ചർച്ചയ്‌ക്കെത്തിയിരുന്നു. മാനുഷി ആത്യന്തികമായി സ്ത്രീസംഘടനയാണെന്നും അത് നിലനില്‌ക്കേണ്ടത് സ്ത്രീകൾക്കുവേണ്ടിയാണെന്നും അതിൽ പ്രവർത്തിക്കേണ്ടത് സ്ത്രീകളാണെന്നുമുള്ള വ്യക്തമായ ധാരണ ആ കൂട്ടായ്മയ്ക്കുണ്ടായിരുന്നു. എന്നാൽ, മുളപൊട്ടി വളർന്നുവരുന്ന ഒരു കൂട്ടായ്മയോട് യോജിച്ചു പ്രവർത്തിക്കാൻ തയ്യാറായ എല്ലാവരെയും ചേർത്തുനിർത്താനല്ലാതെ മറ്റൊന്നിനും ആവാത്ത നിസ്സഹായതയും അന്ന് സംഘടനയ്ക്കുണ്ടായിരുന്നു. മാനുഷിയുടെ തുടർന്നുള്ള ഗതിവിഗതികളെ നിർണയിച്ചതാകട്ടെ, ഈ ചേർത്തുനിർത്തലുകളായിരുന്നു.
പട്ടാമ്പി കോളേജിന്റെ സവിശേഷമായ അന്തരീക്ഷമാണ് മാനുഷിയുടെ രൂപീകരണത്തിന് പ്രധാനമായും വേദിയായതെന്ന് പറയാം. കേരളത്തിന്റെ മറ്റു പൊതു ഇടങ്ങളിൽനിന്നും മറ്റു കോളേജുകളിൽനിന്നും വ്യത്യസ്തമായി പട്ടാമ്പി കോളേജിലെ ആശയതീക്ഷ്ണമായ ഇടം മാനുഷിക്ക് മണ്ണും വളവും വെള്ളവും ആകാശവുമൊക്കെ ആയി.

നവോത്ഥാനമുന്നേറ്റങ്ങളുടെ പരിസരമായിരുന്നു പട്ടാമ്പിയും അനുബന്ധപ്രദേശങ്ങളും. ചലനാത്മകമായ ഒരന്തരീക്ഷം നിലനിന്നിരുന്ന സ്ഥലം. പൊന്നാനിവള്ളുവനാടൻ ഏറനാടൻ കലർപ്പുകളുള്ള സാംസ്‌കാരിക ലയം. കമ്യൂണിസ്റ്റ് പ്രസ്ഥാനം, കർഷകപ്രസ്ഥാനം, അധ്യാപകപ്രസ്ഥാനം എന്നിവയുടെയെല്ലാം സ്വാധീനവും പ്രബലമായിരുന്നു. സാംസ്‌കാരികമായും രാഷ്ട്രീയമായും അവബോധമുള്ള സാമൂഹ്യാവസ്ഥയിൽ ശക്തമായ ആശയങ്ങൾ രൂപംകൊള്ളുന്നതിനുള്ള വെമ്പൽ സ്വാഭാവികമായിരുന്നു. സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും പറഞ്ഞാൽ ചെവിയോർക്കാൻ തയ്യാറായിരുന്ന, കലാസാംസ്‌കാരിക വിഷയങ്ങളിൽ താല്പര്യമുള്ള സ്ഫുടതയുള്ള ജനമനസ്സുകളായിരുന്നു പട്ടാമ്പി കോളേജിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നത്. സാറാ ജോസഫ് എന്ന ആക്ടിവിസ്റ്റിന് കനൽച്ചൂള ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞ സ്ഥലകാലമായിരുന്നു അത്. ആരോടും കലഹിക്കാതെ, പരാതികളും പരിഭവങ്ങളും കൊണ്ടുനടക്കാതെ, എല്ലാവരെയും കേട്ട്, സഹനതയോടെ ഉൾക്കൊണ്ട് കുട്ടികളുടെയും ടീച്ചർമാരുടെയും ധീരയായ നേതാവാകാൻ അവർക്കു കഴിഞ്ഞെന്ന് പ്രൊ. ആർ. സുമംഗലക്കുട്ടി അന്നത്തെ ഓർമ്മകളിൽനിന്ന് എടുത്തുപറയുന്നു.

അക്കാലത്ത് കോളേജിൽ മറ്റൊരു സംഭവവുമുണ്ടായി. രണ്ടു വിദ്യാർത്ഥികൾ റിപ്പബ്ലിക് ഡേയിൽ കോളേജിലെ കൊടിമരത്തിനു താഴെ തലയോട്ടി വെച്ച് പ്രതീകാത്മകമായ ചില പ്രതിഷേധങ്ങൾ ഉയർത്തി. ഈ കൗമാരകുസൃതി പോലീസ് കേസായി. അവരുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. അറിവില്ലായ്മയും ഇത്തിരി അഹങ്കാരവും ഒക്കെയായിരുന്നു അതിനു പിന്നിലുള്ള ചേതോവികാരം. രാജ്യദ്രോഹക്കുറ്റം ചുമത്തി അവർ കോളേജിൽനിന്ന് പുറത്താക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കുട്ടികളുടെ ഭാവി നശിക്കരുതെന്ന ലക്ഷ്യത്തിൽ സാറ ടീച്ചർ, സുമംഗലക്കുട്ടി ടീച്ചർ, പാർവ്വതി ടീച്ചർ, ഇന്ദിര ടീച്ചർ എന്നിവരടങ്ങുന്ന സംഘം കുട്ടികൾക്കായി വാദിച്ചു. പോലീസ് ടീച്ചർമാരെ അന്വേഷിച്ച് കോളേജിലെത്തി. കുട്ടികളെ രക്ഷപ്പെടുത്താനായെങ്കിലും ടീച്ചർമാർ കോളേജിൽ നോട്ടപ്പുള്ളികളായി.

അന്നത്തെ കോളേജ് ദിനങ്ങൾ ഓരോന്നും ആവേശഭരിതമായിരുന്നു. എന്തു പരിപാടിയിലും സാറയുടെ ഇടപെടൽ ഉണ്ടായിരുന്ന കാലമായിരുന്നു അതെന്ന് സുമംഗലക്കുട്ടി ടീച്ചർ. സാറയില്ലെങ്കിൽ ആ പരിപാടി പിന്നത്തേക്കു മാറ്റിവെക്കുമായിരുന്നു. പ്രശസ്ത കവി എൻ.എൻ. കക്കാട് മരിച്ച ദിവസം ഒരു അനുസ്മരണയോഗം നടന്നു. പെട്ടെന്ന് സംഘടിപ്പിച്ച യോഗമായിരുന്നു അത്. അന്ന് കക്കാടിന്റെ കവിത ചൊല്ലി സാറ ടീച്ചർ നടത്തിയ പ്രസംഗം കോളേജിനെ മുഴുവൻ പിടിച്ചടക്കി. 'സാറ ചൊല്ലിയ വരികൾ, പറഞ്ഞ വാചകങ്ങൾ ഇപ്പോഴും കാതിൽ അലയടിക്കുന്നതുപോലെ. അത്രയ്ക്കു ഗംഭീരമായിരുന്നു ആ പ്രസംഗം. അതുപോലൊരു പ്രസംഗം പിന്നീടൊരിക്കലും കേട്ടിട്ടില്ല. സാറയെ പുറംലോകം ശരിക്കുമറിഞ്ഞിട്ടില്ല, ഞങ്ങളൊക്കെ അറിഞ്ഞ അത്രപോലും അറിഞ്ഞിട്ടില്ല', സുമംഗലക്കുട്ടി ടീച്ചർ പറയുന്നു.

നേതൃത്വഗുണവും നൈതികബോധവും പ്രതികരണശേഷിയും സാറാ ജോസഫിന്റെ ജന്മസിദ്ധമായ കഴിവുകളായിരുന്നു എന്നാണ് പ്രൊഫ. എസ്. പാർവ്വതിയുടെ അഭിപ്രായം. സമൂഹത്തിൽ പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയുന്ന സ്ത്രീ, അതിനോടു പ്രതികരിക്കുന്ന സ്ത്രീ, അതിന്റെ പരിഹാരമന്വേഷിക്കുന്ന സ്ത്രീ. ഈ സ്ത്രീയിലേക്കാണ് ടീച്ചറുടെ നേതൃത്വം ഓരോരുത്തരെയും എത്തിച്ചുകൊണ്ടിരുന്നത്. സാറയ്‌ക്കൊപ്പം നില്ക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നു. സംസ്‌കൃതം ഡിപ്പാർട്ട്‌മെന്റിലെ പ്രഭ ടീച്ചറും ശ്രീദേവി ടീച്ചറും എല്ലാ പിന്തുണയുമായി കൂടെ നിന്നു. കുട്ടികളുമായി ധാരാളം ഇടപെടുമായിരുന്ന ഇന്ദിര ടീച്ചറാണ് പട്ടാമ്പിയിലെ പെൺകുട്ടികളെ സംഘടനയോട് കൂടുതൽ അടുപ്പിച്ചത്. വിദ്യാർത്ഥിനികളുടെ സംഘത്തെക്കൂടാതെ എം.ജി. ശശിയുടെ നേതൃത്വത്തിലുള്ള ആൺകുട്ടികളുടെ സംഘവും ടീച്ചർമാർക്കൊപ്പമുണ്ടായിരുന്നു. ഏത് രാഷ്ട്രീയപാർട്ടിയോട് അനുഭാവം പുലർത്തുന്നവരായാലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നവരാണ് എന്ന അറിവും അത് പ്രതിരോധിക്കേണ്ടതാണ് എന്ന അവബോധവുമാണ് ഈ കൂടിച്ചേരലിനു പിൻബലമായി ഉണ്ടായിരുന്നതെന്ന് അന്ന് മാനുഷിയിൽ സജീവസാന്നിധ്യമായിരുന്ന പാർവ്വതി ടീച്ചർ വിശ്വസിക്കുന്നു.

പരിഷ്‌കൃതമെന്ന് വിശ്വസിച്ചിരുന്ന അന്തരീക്ഷത്തിൽ പഠിച്ചുവളർന്ന തനിക്ക് അടഞ്ഞ അന്തരീക്ഷമെന്നു തോന്നിപ്പിച്ച വിക്ടോറിയ കോളേജും കുറച്ചുകൂടി തുറസ്സായിരുന്ന ചിറ്റൂർ കോളേജും കടന്ന് പട്ടാമ്പിയിലെത്തിയപ്പോഴാണ് പലതരം സാംസ്‌കാരികവൈവിധ്യങ്ങളോടും അറിവുകളോടും പരിചിതമാകാൻ കഴിഞ്ഞതെന്ന് സുമംഗലക്കുട്ടി ടീച്ചർ കരുതുന്നു. പലതരം വസ്തുക്കളോടുള്ള ആഗ്രഹങ്ങളും സ്‌നേഹങ്ങളും അതിൽ മയങ്ങുന്ന പൊങ്ങച്ചങ്ങളുമെല്ലാം വെറും നാട്യങ്ങളാണെന്ന് മനസ്സിലായത് ഇക്കാലത്താണ്. പുറമേ കാണുന്ന നിറമുള്ള ആടയാഭരണങ്ങൾമാത്രമല്ല വ്യക്തിത്വത്തിനു മാനദണ്ഡമെന്നും, മാനുഷികമായി നേടുന്നതെന്ത് എന്നതിന്റെ ഗുണനിർണ്ണയത്തിലാണ് തൂക്കങ്ങളും തീരുമാനങ്ങളും ഉണ്ടാകേണ്ടതെന്നും മനസ്സിലായത് മാനുഷിയുടെ പ്രവർത്തനങ്ങളിലൂടെയാണ്. വൃത്തി അത്രയ്ക്ക് അളക്കേണ്ട സംഗതിയല്ല എന്നു മനസ്സിലായി. ഹൈജീനിക് ആകരുതെന്നല്ല, വൃത്തിബോധത്തെക്കുറിച്ച് ഹൈടെക്ക് ധാരണകൾ ആവശ്യമില്ലെന്ന അനുഭവബോധം വന്നു. പലയിടത്തും മാനുഷിയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പോയി. രാത്രിസൗഹൃദങ്ങൾ തികച്ചും ആഹ്ലാദിപ്പിക്കുന്നതായിരുന്നു. രാത്രി വൈകുന്നതുവരെ യോഗങ്ങളും ചർച്ചകളും കഴിഞ്ഞ് വിദൂരമായ സ്‌കൂളുകളിലും വായനശാലകളിലും അന്തിയുറങ്ങി. സ്‌കൂളുകളിൽ ബെഞ്ചുകൾ കൂട്ടിയിട്ട് ഉറങ്ങുന്നതും കുട്ടികൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതും ശീലമായപ്പോൾ ഇങ്ങനെയും ജീവിക്കാം എന്ന തിരിച്ചറിവുണ്ടായി.

സ്വന്തമാക്കലുകളോടുള്ള ആർത്തിയിൽനിന്നുള്ള മുക്തി അക്കാലജീവിതം തന്ന വലിയൊരു സമ്പാദ്യമായി ടീച്ചർ കരുതുന്നു. പ്രൊഫ. കെ.എ. ഇന്ദിരയുടെ ഓർമയിൽ മാനുഷിയുണ്ടാക്കാൻ പോയിരുന്ന കാലമായിരുന്നു അത്. എവിടെ കുറെ സ്ത്രീകളെ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നുവോ അവിടെയെല്ലാം ഓടിയെത്തി സംഘടനയുണ്ടാക്കി അവബോധമുള്ള, അഭിമാനമുള്ള സ്‌ത്രൈണസാന്നിധ്യം സൃഷ്ടിച്ചെടുക്കാൻ ടീച്ചർമാർ ശ്രമിച്ചുകൊണ്ടിരുന്നു. കേരളത്തിലെ സ്ത്രീസ്വത്വത്തിന്റെ തലയുയിർപ്പിനുള്ള ആദ്യ സംഘടിതയത്‌നത്തിന്റെ അടിത്തറയിടൽ നടത്തുകയായിരുന്നു അങ്ങനെ ആ അധ്യാപികസംഘം ചെയ്തത്. എല്ലാ രാഷ്ട്രീയകക്ഷികളിലും ഉൾപ്പെട്ടിരുന്ന പലതരം കാഴ്ചപ്പാടുകളുള്ള കുട്ടികളുടെ ഒരു കൂട്ടായ്മയായിരുന്നു മാനുഷി. ഒരു രാഷ്ട്രീയപാർട്ടിയോടും പ്രത്യേകിച്ച് അനുഭാവമോ കീഴ്‌പ്പെടലോ വേണ്ടെന്നത് മാനുഷിയുടെ തുടക്കം മുതലുള്ള കാഴ്ചപ്പാടായിരുന്നു. പക്വമായ സംഘടനാബോധത്തോടെ താത്ത്വികമായ ചിന്താപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്ന വിദ്യാർത്ഥികളായിരുന്നു മാനുഷിയുടെ വളർച്ചയ്ക്ക് അടിത്തറപാകിയത്. അതിലേറ്റവും പ്രയോജനമായത് യുവജനവേദി പ്രവർത്തകരായ വിദ്യാർത്ഥികളുടെ രാഷ്ട്രീയ കാഴ്ചപ്പാടും അവബോധവുമായിരുന്നു. പുറംലോകത്തേക്കുള്ള മാനുഷിയുടെ പ്രവേശനത്തിന് അവരുടെ പ്രവർത്തനപരിചയങ്ങൾ സഹായകമായി. ഇടതുപക്ഷ അനുഭാവത്തോടെ, എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമാകാതെ സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന നിലപാടിലാണ് മാനുഷിനിലകൊണ്ടത്.
മാനുഷിയുടെ നിലപാടിനോട് പൂർണമായ യോജിപ്പായിരുന്നു കുട്ടികൾക്കെങ്കിലും അവരുടെ രാഷ്ട്രീയബോധം അവരെ അത്രതന്നെ സ്വതന്ത്രരാക്കിയിരുന്നില്ല. നിലനിന്നിരുന്ന സംഘടനാബോധം പലരെയും പിന്നീട് പുറകോട്ടടിപ്പിച്ചു. കെ.എസ്.യുവിനോടനുഭാവമുള്ള കുട്ടികൾ ആദ്യമേ വിട്ടുപോയിരുന്നു. വർഗപ്രശ്‌നമാണ് സ്ത്രീപ്രശ്‌നമെന്ന സി.പി. ഐ. (എം). നിലപാടിൽനിന്ന് മാറി സ്ത്രീപ്രശ്‌നം വർഗ്ഗേതരമാണ് എന്ന ആശയത്തെ മാനുഷിനിരന്തരമായി മുന്നോട്ടു വെച്ചു. എസ്.എഫ്. ഐയിലെ കുട്ടികൾ പാർട്ടിക്ക് നിരക്കാത്ത ഈ നിലപാടു കാരണം അകന്നുകൊണ്ടിരുന്നു. ഒടുവിൽ രാഷ്ട്രീയമായി മാനുഷിയുടെ സ്ത്രീപക്ഷനിലപാടുകളോട് അനുഭാവം പുലർത്തിയ യുവജനവേദിയിലെ കുട്ടികൾ മാത്രമാണ് സമാനചിന്തകളുമായി ഒപ്പം നിന്നത്. അവരുടെ സഹകരണവും പ്രവർത്തനവും ശക്തമായിരുന്നു. ഒരുപക്ഷേ, അധികാരരാഷ്ട്രീയത്തിലേക്കുള്ള അകലത്തോട് സമരസപ്പെടാനുള്ള സന്നദ്ധത അവർക്കുമാത്രമായിരുന്നു എന്നതാണ് ഇതിനു മറ്റൊരു കാരണം.

പുരുഷൻ ഉണ്ടാക്കുന്ന സ്ത്രീസംഘടനകളിൽനിന്ന് വ്യത്യസ്തമാകണം മാനുഷിയെന്ന് അതിന്റെ ആദ്യകാലപ്രവർത്തകർക്കെല്ലാം തുടക്കം മുതൽ നിർബന്ധമുണ്ടായിരുന്നു. സ്ത്രീസഹജമെന്നു പറയുന്ന എല്ലാ വൈമനസ്യങ്ങളും മാറ്റിവെച്ച് സംഘടനാപ്രവർത്തനത്തിന്റെ ഏറ്റവും പ്രാഥമികമായ കാര്യങ്ങൾമുതൽ സ്ത്രീകൾതന്നെ മുന്നോട്ടു വന്ന് ചെയ്യണം. സ്ത്രീകളുടേതു മാത്രമായ സംഭാവനകളിലൂടെയും അവരുടെ ഇച്ഛാശക്തിയിലൂടെയും സംഘടന വളരുകയും ശക്തിപ്പെടുകയും വേണം. ഇതൊക്കെയായിരുന്നു ആശയലക്ഷ്യങ്ങൾ.
ആ ഘട്ടത്തിൽ ഏറ്റവും ശക്തമായി ഉയർന്നത് സ്ത്രീപ്രശ്‌നം വർഗ്ഗേതരമാണ് എന്ന മാനുഷിയുടെ നിലപാടിനോടുള്ള വിയോജിപ്പുകളാണ്. ഇടതുപക്ഷ അടിത്തറയോടെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുമ്പോഴും സ്ത്രീയുടെ തീച്ചൂളകളെ വെറും വർഗ്ഗതലത്തിൽമാത്രം വിശദീകരിച്ചവസാനിപ്പിക്കുന്ന സി.പി.ഐ.(എം)യുടെ രാഷ്ട്രീയത്തെ വിമർശനാത്മകമായി നേരിടുകയാണ് മാനുഷിചെയ്തത്. അതോടൊപ്പം ഒരു മാർക്‌സിയൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സോഷ്യലിസ്റ്റ് ധാരയുമായി ചേർന്നുപോകാനും മാനുഷി തയ്യാറായിരുന്നു. അതിനുവേണ്ടി റാഡിക്കൽ ഫെമിനിസമടക്കം ആധുനികമായി രൂപംകൊണ്ട പല സ്ത്രീമുന്നേറ്റങ്ങളെക്കുറിച്ചും വായനയിലൂടെയും സംവാദങ്ങളിലൂടെയും പ്രവർത്തകർ മനസ്സിലാക്കിക്കൊണ്ടിരുന്നു. അത്തരം വിമോചനചിന്തകളും പ്രവർത്തനങ്ങളും സ്ത്രീലോകത്തിനു നല്കിക്കൊണ്ടിരുന്ന മാറ്റങ്ങൾ മാനുഷി അറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ മുന്നോട്ടായുന്ന ആശയങ്ങൾ വിഭാവനം ചെയ്യുന്ന പരിവർത്തിതലോകത്തിൽ പ്രചോദിതമായാണ് സംഘടന പ്രവർത്തിച്ചത്.

സ്ത്രീവിമോചനമെന്ന ആത്യന്തികലക്ഷ്യത്തെ ഏറ്റെടുത്തുകൊണ്ട് നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും വിഷയസംഘർഷങ്ങളിലൂടെയും അതിന്റെ ആശയലക്ഷ്യം കൈവരിക്കാനുള്ള തീവ്രതകളിൽ ഓരോ മാനുഷി പ്രവർത്തകയും ജാഗരൂകയായിരുന്നു. അവർക്ക് അത് സഹജീവികളോടും തന്നോടുതന്നെയുമുള്ള സത്യസന്ധമായ ഉത്തരവാദിത്വമായിരുന്നു. എന്നാൽ എത്രമാത്രം ഗൗരവതരമായ ചരിത്രലക്ഷ്യത്തിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് അപ്പോഴൊന്നും ആരും ചിന്തിച്ചിരുന്നില്ല. കാരണം, ഒരുകാലത്തും ഒരു തലത്തിലും പൊതുസമൂഹത്തിൽ സ്ത്രീസത്തയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഒരു മുന്നേറ്റമായി വളർന്നിട്ടുണ്ടായിരുന്നില്ല. അത് കേരളത്തിലെന്നല്ല, ഇന്ത്യയിൽത്തന്നെ ഇത്രമാത്രം വിപുലമായി അന്നുവരെ സംഭവിച്ചിരുന്നില്ല എന്നു പറയാം. സാമൂഹികമായ ഉൾവശങ്ങളിൽ ഒറ്റപ്പെട്ട ചില ധ്വനികൾ വ്യക്തിപരമായ സംഘർഷങ്ങളിൽനിന്ന് ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയമായി അരികുവല്ക്കരിക്കപ്പെട്ട ഒരു വിഭാഗം എന്ന നിലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കും അനീതികൾക്കും എതിരേ ശബ്ദിക്കുന്നതിന് 1975ൽ ബോംബെയിൽ സ്ത്രീമുക്തിസംഘടനയും 1977ൽ പുനെയിൽ പുരോഗമി, സോഷ്യലിസ്റ്റ്എന്നീ സ്ത്രീ സംഘടനകളും മുന്നോട്ടു വന്നിരുന്നു. ലൈംഗികാതിക്രമങ്ങളിലും ഗാർഹികപീഡനങ്ങളിലും പ്രതിഷേധിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായിരുന്നു ഈ സംഘടനകൾ പ്രാമുഖ്യം നല്കിയിരുന്നത്.

ഇതേ വർഷംതന്നെ ഡൽഹി ആസ്ഥാനമാക്കിയുള്ള സ്ത്രീസംഘർഷ്എന്ന സംഘടന സ്ത്രീധനമരണങ്ങളുടെയും ആത്മഹത്യകളുടെയും അടിസ്ഥാനത്തിൽ പ്രതിരോധങ്ങൾ ഉയർത്തിയിരുന്നു. 1979ൽ മഹാരാഷ്ട്രയിൽ സ്ത്രീസമ്പർക്കസമിതിയും ഹൈദരാബാദിൽ പ്രോഗ്രസ്സിവ് ഓർഗനൈസേഷൻ ഓഫ് വിമൻ എന്ന സംഘടനയും സ്ത്രീവിരുദ്ധ സാമൂഹ്യനിലപാടുകൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത്തരം സംഘടനകളെയെല്ലാം ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആദ്യമായി നടന്നത് 1978 ലാണ്. ന്യൂഡൽഹി ആസ്ഥാനമാക്കിയുള്ള ആ ശൃംഖലയിൽ നിന്ന് മാനുഷിഎന്ന ദ്വൈമാസിക ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഇന്ത്യയിൽ അന്ന് പ്രവർത്തിച്ചിരുന്ന എല്ലാ സ്ത്രീസംഘടനകളിൽനിന്നും സ്ത്രീസംബന്ധിയായ വിഷയങ്ങളുടെയും ആശയങ്ങളുടെയും ലിഖിതരൂപങ്ങൾ സമാഹരിച്ചുകൊണ്ട് സ്ത്രീപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു മധു പൂർണിമ കിഷ്വാറിന്റെയും റൂത്ത് വനിതയുടെയും നേതൃത്വത്തിൽ മാനുഷി എന്ന ആനുകാലികത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ നടന്നത്. എന്നാൽ, കൃത്യമായ സാമൂഹികസ്ഥാനങ്ങളിൽ നിന്നുകൊണ്ട് സംഘടനാതലത്തിൽ ഒരു രാഷ്ട്രീയമുന്നേറ്റമായി മുന്നോട്ടു ചലിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായതായി എവിടെയും രേഖപ്പെടുത്തിക്കാണുന്നില്ല.

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന സാറാ ജോസഫിന്റെ ജീവചരിത്രപുസ്തകത്തിൽനിന്ന്)

Comments