മറഞ്ഞിട്ടും മറക്കാൻ പറ്റാത്ത ചിലതിനെക്കുറിച്ച്…

‘‘അയൽഗ്രാമങ്ങളിൽ നെല്ലെടുപ്പും വെടിവെപ്പും അഭിനവഭാരത യുവക് സംഘവും എ.വി. കുഞ്ഞമ്പുവും തിരുമുമ്പും ഉണ്ടായിട്ടും റിപ്‌വാൻവിങ്കിളിനെപ്പോലെ കിടന്നുറങ്ങിപ്പോയ നാടിന്റെ ആത്മപുച്ഛമാണ് ഇന്ന് ഉറക്കെ ഇൻക്വിലാബ് വിളിക്കുന്നത്.’’

രിച്ചവർ അനാഥമാക്കിയിട്ട ഒരു തറവാട്ടുപറമ്പിലൂടെ നിത്യവും യാത്ര ചെയ്താലെത്തുന്ന വീടാണെന്റേത്.
ഓരോവഴി നടപ്പിലും കൂട്ടുപോരുന്ന നെയ്മണമുള്ള ഏമ്പൻപുൽവിത്തുകൾ പടുമുള പൊട്ടി തൊട്ടുവിളിക്കുന്നു, നിത്യവും.

മഹാശിലായുഗത്തിലെ ഒരു കൽവെട്ടു ഗുഹയാണ് മരിച്ചവരുടെ ഏറ്റവും പഴക്കമുളള ഗ്രാമീണസ്മാരകം.
നാട്ടുപുരാവൃത്തത്തിൽ അത് ജീവന്റെ പേടകം.

പണ്ട്,
പടയോട്ടങ്ങളുടെതുമാത്രമായ ഒരു ഇക്കിരാംകാലത്ത് ലോകമവസാനിച്ചുവത്രേ. തീയത്തിമാളികയെന്ന ആ നോഹയുടെ പേടകത്തിൽ കയറിനിന്ന് ഒരു അടിയാത്തിയും പൂവൻകോഴിയും മാത്രം ബാക്കിയായി. അടിയാത്തിയിൽ പൂവൻ കോഴി ജനിപ്പിച്ചകുഞ്ഞുങ്ങളത്രേ പിൻകാല തലമുറകളത്രയും.

പറഞ്ഞുതന്ന കഥയിൽ സംശയിച്ച്, യുക്തിയുടെ കുറുന്തോട്ടി വേരുതിരയുന്ന കുഞ്ഞുങ്ങളോട് കൈത്തണ്ടയിൽ അമർത്തിയുരച്ച്, കോഴിക്കാഷ്ഠത്തിന്റെ ഗന്ധമറിയിച്ച്, ഉത്പത്തികഥയ്ക്ക് അടിവരയിടുന്ന മുത്തശ്ശിക്കൊപ്പം വാങ്മയങ്ങളുടെ വസന്തകാലവും മലയിളകി മറഞ്ഞു.

ഒന്നിച്ചു പൂത്ത പൂമരമല്ല ഞങ്ങളുടെ കമ്യൂണിസ്റ്റ് ഗ്രാമങ്ങൾ.

പേടിത്തൂറികളും ഒറ്റുകാരും വിനീതവിധേയരായ കൃഷിപ്പണിക്കാരും ജീവിച്ചിരുന്ന നാടായിരുന്നു എന്റേത്. അത് തൊണ്ട തുറന്നു മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത് അറുപതുകളിൽ മാത്രമാണ്. അയൽഗ്രാമങ്ങളിൽ നെല്ലെടുപ്പും വെടിവെപ്പും അഭിനവഭാരത യുവക് സംഘവും എ.വി. കുഞ്ഞമ്പുവും തിരുമുമ്പും ഉണ്ടായിട്ടും റിപ്‌വാൻവിങ്കിളിനെപ്പോലെ കിടന്നുറങ്ങിപ്പോയ നാടിന്റെ ആത്മപുച്ഛമാണ് ഇന്ന് ഉറക്കെ ഇൻക്വിലാബ് വിളിക്കുന്നത്.

തണ്ണീർപന്തലുകളും ചുമടുതാങ്ങികളും കാരമുള്ളിൽ കുത്തിവെച്ച നാളികേരപ്പൂളുകൾ നിരന്ന നാട്ടങ്ങാടികളും ഉണ്ടായിരുന്ന ഗ്രാമത്തിലേക്ക് ആലപ്പുഴയിൽനിന്ന് റോഡുപണിക്ക് വന്ന ബാലകൃഷ്ണൻ മേസ്ത്രിയാണ് കമ്യൂണിസം കൊണ്ടുവന്നത്.
കാറ്റായി വന്ന് കാറ്റു പോൽ മറഞ്ഞു പോയ ഒരാൾ. എവിടെയും ഒപ്പിട്ടു സാന്നിധ്യം വെക്കാത്തയാൾ. ചന്തൻ കുഞ്ഞിയേട്ടന്റെയും ഭാസ്ക്കരൻ മാഷുടെയും ഓർമകളുടെ ഉപ്പിൽ അലിയാതെ ബാക്കിയായവൻ.

എ.വി. കുഞ്ഞമ്പുവും തിരുമുമ്പും

കൊലപാതക ദിനങ്ങൾ
ഹർത്താൽ ദിനങ്ങൾ
സാധാരണദിനങ്ങൾ
എന്നിങ്ങനെ പതിച്ചെടുക്കാവുന്ന,
എന്നാലെപ്പോഴും അവ അന്യോന്യം വെച്ചു മാറുന്ന
കാലത്തിലൂടെ വണ്ടിയിറങ്ങിയിട്ടും വീടെത്താൻ പറ്റാത്ത അരക്ഷിത നാളുകളുണ്ടായിരുന്നു, പണ്ട്.

ഈരോപ്പമുണ്ടയുടെ കൂമ്പൻ ഇലപ്പോളകൾ ചതച്ച് വിസർഗം ചേർത്ത് ചുരുക്കിയെഴുതിയ ഏകാക്ഷരത്തെ സഖാവെന്ന് വായിക്കാൻ പഠിപ്പിച്ച മൺകയ്യാലകൾ മറഞ്ഞിടത്താണ് രക്തസാക്ഷികളുടെ സ്മാരകമായി തകരമേല്ക്കൂരയിട്ടു ചുവപ്പിച്ച പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിരവധി ഉണ്ടായി വന്നത്.

രണ്ട്

രിച്ചവർ മരിക്കുന്നില്ല.
ഓർത്തുവെക്കാറില്ല,
ആരുടെയും ചരമദിനം.

ദേ കവല വരെ എന്നുപറഞ്ഞ് ഒരു സിഗരറ്റിനായി കപിലവസ്തുവിട്ടൊരു സിദ്ധാർത്ഥൻ, വിനീത സഞ്ചാരത്തിന്റെ സഹയാത്രികനായി, ഇപ്പോഴും നിനവു ചുറ്റുന്നുണ്ട്, കുമാറിന്റെ ടെമ്പോ ട്രാവലറിൽ. ചക്കര ബസാറും പഴയസ്റ്റാന്റുമൊക്കെ പിന്നിട്ട്, ജോസ് പ്രകാശിന്റേതുപോലൊരു കറുത്തനീളൻ ഗൗണിൽ നഗരപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുകയാണ്, താമസിച്ച ലോഡ്ജിന്റെ പേരു മറന്നുപോയ ബാബു ഭരദ്വാജ് ഇപ്പോഴും.

ബാബു ഭരദ്വാജ്

ഒരു ഹർത്താൽ ദിനത്തിൽ, വിശുദ്ധവനത്തിന്റെ ആദ്യ പ്രദർശന ശേഷം, ബീഫും പൊറോട്ടയും വാങ്ങിച്ചുതരാൻ ബാറിൽ കയറ്റിയതിന് സോറി പറയുന്നുണ്ട് മോഹനേട്ടൻ.

അയ്യക്കപ്പോതിയുടെ പൊറാട്ട് നൃത്തത്തെക്കുറിച്ചൊരു ഘടനാത്മക വിവരണം തയ്യാറാക്കാനേല്പിച്ചത് ചെയ്യാനാകാത്തതുകൊണ്ട്, രാജഗോപാലൻ മാഷിൽനിന്ന് മുങ്ങിനടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടുമൂന്നായി.

നേത്രാവതിയെ തേജസ്വിനിയുമായി ചേർത്തുകെട്ടി ഒരുപാട് പാലം പണിത എഞ്ചിനിയറായിട്ടും, ചന്ദ്രഗിരിപുഴയ്ക്കുമേലെ പഴയ എൻ എച്ച് 17, 64 ആയി പേരുമാറ്റി ഒഴുകുന്നതുനോക്കി ‘യാ ബംബാ’ എന്ന് ആഫ്രിക്കൻ ഭാഷയിൽ അദ്ഭുതപ്പെടുന്നുണ്ട്, രാഘവൻ മാഷ്.

കോടിവൈദ്യരുടെ കുറിപ്പടിയിലെ ചർമ്മലന്തയുടെ ഇല നുള്ളാൻ മാതൃഭൂമിയിൽ നിന്ന് ടൗൺ യു.പി.സ്കൂളിലേക്ക് അതിക്രമിക്കുന്നുണ്ട്, പ്രമേഹം കുരുക്കിയിട്ട അമ്മദ് മാഷ്.

ആഴ്ചവട്ടത്തെ പൂട്ടിപ്പോകാറായ പ്രൈമറി സ്കൂളിനെ മാധ്യമങ്ങളുടെ കാഴ്ചവട്ടത്തിലാക്കി കഥയിൽ നിന്നും ജീവിതത്തിൽ നിന്നും മറഞ്ഞുപോയ ചന്ദ്രൻ മാഷ് ചന്ദ്രൻപാറയായി.

ഇരിഞ്ചയത്തെസെബാസ്റ്റ്യൻ സാറിനെക്കണ്ട് ഒരു മണ്ണെഴുത്തുപുസ്തകത്തിലേക്ക് മണ്ണിനെപ്പറ്റിയുള്ളൊരു മുറം കുലുക്കിപ്പാട്ട് വാങ്ങിക്കാനേല്പിച്ച അധ്യാപികച്ചങ്ങാതിയോട്, മൂപ്പര് പോയിട്ട് രണ്ട് വർഷമായെന്ന്, യു.കെ. കുമാരൻ കഥയിലെ അമ്മയെപ്പോലെ നിർമമമയായി പറഞ്ഞത്രേ കൂട്ടുകാരി.

വിടാതെ ചാറ്റുപാട്ടു പാടുന്നുണ്ട്, മരിപ്പറിയാതെപാട്ടുതേടി പോയതിന്റെ മരവിപ്പ്.

കാലത്തിന്റെ റേഷൻഷാപ്പിൽ അട്ടിവെച്ച അന്ത്യോദയക്കാർഡുകളിൽ തിരിമറി നടത്തി അരി വാങ്ങിപ്പോകുന്നുണ്ട്, കവിത കൊണ്ട് ചിത്രം വരച്ച കാഞ്ഞങ്ങാട്ടുകാരൻ ചങ്ങാതി.

ടി.പി. സുകുമാരൻമാഷ് ന്റെ പേരിന്റെ പൊരുൾ പുസ്തക കവർ

ഉപ്പിലിട്ടുവെക്കില്ല കാലമൊന്നിനെയും എന്ന് കണ്ണിറുക്കി ഇടന്തലയിലൊരു മരണപടഹം കൊട്ടുന്നു ടി.പി. സുകുമാരൻമാഷ്. മരണത്തെക്കുറിച്ച് അധികമൊന്നും പറയാത്തൊരാൾ.
ജീവിതം കൊണ്ട് മരണത്തെ നിർവചിച്ച് വാക്കുകളെ അനാഥമന്ദിരത്തിലേല്പിച്ച് ദൃഷ്ടി മറഞ്ഞ് പിറകിലേക്കു മറിഞ്ഞുവീഴുന്ന ദുഃസ്വപ്നമാണ് എന്റെ അലാറം.

ഒറ്റവൈക്കോലിൽ നിന്ന് പറന്നു പൊങ്ങിയ വെളളിൽ പക്ഷിയിൽ നിന്നും ഫുക്കുവോക്ക ബാധിച്ച കൗമാരത്തിൽ, തെങ്ങിൽ തോപ്പിൽ വിതച്ച വെളളരിവിത്തിന് ഏട്ടിൽ പറഞ്ഞ പ്രകാരം പുതയിടാൻ നാട്ടിൽ കിട്ടാത്ത ക്ലോവ് ചെടി തന്നെ തേടി പോയി ഉഴാതെ ബാക്കിയാക്കിയ തരിശു നിലത്ത് ധൃതരാഷ്ട്രപ്പച്ചകളുടെ ഭൂമി രതി, മരണമില്ലാവീട്ടിലെ കടുകുമണികൾ പൊട്ടിത്തെറിച്ച് കൃഷ്ണമണികൾ വെന്തവന് സായാഹ്നക്കാഴ്ച.

ജീവിതത്തിന്റെ ഉത്തമ സാധാരണ ഘടകമാകില്ല മരണമൊരിക്കലും.

അച്ഛൻ മരിച്ചന്നും നാടകം കളിച്ചൊരു നടിയുണ്ട്, കേശവദേവിന്റെ നോവലിൽ.

ഏഴാം ക്ലാസിലെ സ്കൂൾ വാർഷികത്തിന്റെയന്നാണ് അച്ഛൻ മരിച്ചത്.
നാട്ടുനടപ്പിനും നാടകത്തിനുമിടയിൽ തോറ്റ നടന്റേതാണ് ശിഷ്ടജീവിതം.
കുടിയൊഴിയില്ല ഗ്രാമജീവിത നാടകവേദിയിൽ നിന്ന് മരിച്ചാലും വേദി കയറേണ്ട നട്ടുവരുടെ നാടകോത്സവങ്ങൾ.

സ്കൂളാനിവേഴ്സറിക്ക് സൽസ്വഭാവത്തിന് സമ്മാനം കിട്ടിയ ഗാന്ധിയുടെ "സത്യാന്വേഷണപരീക്ഷ’കളിൽ നിന്ന് ഓർമയിൽ കുരുങ്ങിയത് ആത്മഹത്യ ചെയ്യാൻ കഴിച്ച ഉമ്മത്തക്കുരു മാത്രം.അറിയാത്ത നാട്ടിലെ വെള്ളത്തിനെയും അറിയുന്ന നാട്ടിലെ പ്രേതത്തെയുമേ ഭയക്കേണ്ടതുള്ളുവെന്ന മുത്തശ്ശിമൊഴിയായിരുന്നു ചെറുപ്പത്തിലെ മൃത്യുഞ്ജയ മന്ത്രം.

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലെ ആർത്തനാദം എന്ന് കവിതയിൽ വായിച്ച കാലത്തായിരുന്നു ആദ്യത്തെ തൂങ്ങിമരണം കണ്ടത്. ബാല്യത്തിന്റെ ഇടിയാത്ത കുന്നിലൂടെ വീണ്ടും നടന്നെത്തിയ പറങ്കിമാവിൻ കൊമ്പിൽ ഇപ്പോഴും ആരെന്നറിയാതെ തൂങ്ങിയാടുന്നുണ്ട്, ഉടുമുണ്ടിൽ ചോര പുരണ്ട ഒരു കറുത്ത ഉടൽ.

അന്നൂരമ്പലത്തിൽ പ്രഹ്ളാദചരിതം കഥകളി കണ്ട ഉറക്കക്ഷീണത്തിൽ പകലുറങ്ങിപ്പോയ ഒരച്ഛന്റെ കിനാവിലൂടെ കത്തി പായിച്ച നരസിംഹാവിഷ്ടനായ ഒരു മകൻ ഇത്തിരിപ്പോന്ന ഒരടയ്ക്കാക്കത്തിയുമായി ചോരയിൽ മുങ്ങി നീന്തുന്നതാണ് ആദ്യം കണ്ട കൊലപാതകം.

സ്കൂളിൽ നിന്ന് ഇടവേളകളിൽ ആഘോഷമായായിരുന്നു അന്നൊക്കെ മരണം കാണാൻ പോവുക. പഴയ പോസ്റ്റാപ്പീസരികിലെ കലുങ്കിലിടിച്ച് അഞ്ചു പേർ മരിച്ച ജീപ്പപകടത്തിന് പ്രഥമ വിവരപ്പട്ടിക തയ്യാറാക്കിയ കുണ്ടി കീറിയ കാക്കി ട്രൗസറിട്ട സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗമായിരുന്നു ഞാനും ബാബുവും രാങ്കിയും. നാലു സ്ത്രീകളും ഒരു പുരുഷനും.

തകർന്ന ജീപ്പിന്റെ പൊട്ടിയ ഹെഡ് ലൈറ്റിന്റെ ബൾബ് ഊരിയെടുത്ത് സിനിമാപ്പെട്ടി കാത്തിക്കാമെന്ന സ്വകാര്യം പറഞ്ഞ് ഒരു കള്ളന്റെ നിഷ്കളങ്കതയോടെ ജീപ്പരികിൽ എത്തിയ കൂട്ടുകാരന്റെ കാലിൽ തട്ടിയ ചോര നനവ് വണ്ടി തട്ടിച്ചത്തു പോയ ഒരു പേക്കാച്ചിത്തവളയായിരുന്നു എന്നാണ് ആദ്യം കരുതിയത്.
കോലുകൊണ്ടുചിള്ളി ചിള്ളി നോക്കി അവൻ പറഞ്ഞു, ‘കുറുപ്പിന്റെ കുടു’.
പറിഞ്ഞുവീണ ഒരു പുരുഷാവയമായിരുന്നു അത്.

പഴന്തമിഴ് കാലം തൊട്ടേ നന്നങ്ങാടികൾ നിരന്നു കിടന്നിരുന്ന പൊന്വിട്ട കൊവ്വലാണ് ഇന്നും ഗ്രാമത്തിന്റെ ചുടുകാട്.

ജാതി തിരിച്ച് സ്മൃതിവനമെന്നും ആത്മാരാമമെന്നും ആത്മവിദ്യാലയമെന്നും പേരിട്ട പുത്തൻ വാതകശ്മശാനങ്ങൾ നിരന്നുകിടക്കുന്ന പരേതരുടെ ജനപഥമാണത് ഇന്ന്. മനുഷ്യരുടെതു മാത്രമായ ചുടുകാടൊന്ന് ജാതിമതിലുകൾക്ക് വെളിയിലുണ്ട്.
മരിച്ചുപോയ യുക്തിവാദികൾക്ക് ആത്മാവുണ്ടായിരുന്നെങ്കിൽ അതിന്റെ അരമതിലിലിരുന്ന് ടി.ടി. ഗോവിന്ദേട്ടനും വാസുക്കുട്ടൻ മാഷും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെപ്പറ്റിയോ അനന്തേശ്വരത്തെ മുതലയെപ്പറ്റിയോ വിചാരപ്പെടുമായിരുന്നു.

മരിച്ചവർ മരിക്കുന്നില്ല.
ഓർത്തുവെക്കാനില്ല,
ആരുടെയും ജീവിതം.


ഇ. ഉണ്ണിക്കൃഷ്ണൻ

അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ, കേരളത്തിലെ നാട്ടുവൈദ്യം എന്നിവ കൃതികൾ

Comments