തൃശ്ശൂർ- കുറ്റിപ്പുറം ബസിൽ, ദേശീയപാതയിലൂടെ സഞ്ചരിച്ച്, എടപ്പാളിലിറങ്ങി പട്ടാമ്പി റോഡിലൂടെ കിഴക്കോട്ട് നീങ്ങിയാൽ പാലക്കാട് ജില്ലയുടെ ഭാഗങ്ങളായി. പടിഞ്ഞാറങ്ങാടി, കൂറ്റനാട്, തൃത്താല, കുമ്പിടി ദേശങ്ങൾ. ചെങ്കല്ലിന്റെ മാദകമണങ്ങളും വഴിവക്കിലെ വയസ്സൻ മരങ്ങളുടെ തണൽ പരത്തുന്ന ആശീർവാദങ്ങളും വാങ്ങി മുന്നോട്ടുപോകാം.
മണ്ണിട്ടുതൂർത്ത് കെട്ടിപ്പൊക്കിയ നെൽപ്പാടങ്ങളിലെ കോൺക്രീറ്റ് സൗധങ്ങളും കടന്ന് യാത്ര തുടർന്നാൽ മണ്ണിനെ ഉപജീവിച്ച് കഴിയുന്ന ഒരു പറ്റം മനുഷ്യരുടെ വിയർപ്പും ചളിയും പുരണ്ട പുരാതന കാലാവസ്ഥകളിലേക്ക് പ്രവേശിക്കാം. തൃത്താല എത്തുന്നതിനുമുമ്പ് ഇടത്തോട്ടുള്ള ടാറിട്ട വഴിയിലൂടെ, ഉറക്കം വിട്ടൊഴിയാത്ത കുടിലുകൾ കടന്നുചെന്നാൽ ആനക്കര ഗ്രാമപ്പഞ്ചായത്തിന്റെ മഞ്ഞബോർഡ് നമ്മളെ സ്വാഗതം ചെയ്യും. ആനമലയിൽ നിന്നുത്ഭവിച്ച് പൊന്നാനിയിലെത്തി അറബിക്കടലിൽ ലയിച്ചുചേരുന്നുവെങ്കിലും വെള്ള്യാങ്കല്ല് മുതൽ പേരശ്ശന്നൂർ കടവിൽ വള്ളാഞ്ചേരിക്കയം വരെ നിള മുട്ടിനില്ക്കുന്നുണ്ട്. മെലിഞ്ഞ മേനിയുമായി കരകളെയുരുമി, മണ്ണെടുത്ത് എല്ലും തോലുമായ പുഴ നിങ്ങളുടെ കൂടെത്തന്നെയുണ്ട്. നിളയിൽ തൂതപ്പുഴ കൂടുന്ന ഇടമായാൽ കൂടല്ലൂരായി. കിഴക്കേപുഴയും വടക്കേപുഴയും തെക്ക് താന്നിക്കുന്നും പടിഞ്ഞാറ് മുത്തുവിളയുംകുന്നും അതിരിടുന്ന എം.ടിയുടെ പ്രിയപ്പെട്ട കൂടല്ലൂർ.
വഴിയരികിൽ ആദ്യം കണ്ടത് തൈവളപ്പിൽ ചന്തുവിന്റെ മകൻ വിശ്വനാഥനെയാണ്. കൂടല്ലൂർ ഗവ. യു.പി. സ്‌കൂളിൽ അദ്ധ്യാപക രക്ഷാകർതൃസമിതി പ്രസിഡൻറാണ് അദ്ദേഹം. നാലുകെട്ടിലെ ഒരു കഥാപാത്രമാണ് തൈവളപ്പിൽ ചന്തു.
കഥാപാത്രങ്ങളുടെ കൂടല്ലൂർ
വഴിയരികിൽ ആദ്യം കണ്ടത് തൈവളപ്പിൽ ചന്തുവിന്റെ മകൻ വിശ്വനാഥനെയാണ്. കൂടല്ലൂർ ഗവ. യു.പി. സ്‌കൂളിൽ അദ്ധ്യാപക രക്ഷാകർതൃസമിതി പ്രസിഡൻറാണ് അദ്ദേഹം. നാലുകെട്ടിലെ ഒരു കഥാപാത്രമാണ് തൈവളപ്പിൽ ചന്തു.
സൈതാലിക്കുട്ടിയുടെ വിരുന്നുകഴിഞ്ഞിറങ്ങിയ കോന്തുണ്ണി നായർ വഴിയരികിലെ കല്ലത്താണിയിൽ ഛർദ്ദിച്ച് തളർന്നുവീണപ്പോൾ ചന്തുവാണ് താങ്ങിയെടുത്തത്.‘ആരാത്?’
‘ഞാനാ ചന്ത്വാ, അച്ചോ, ന്റെ കമ്മക്കെന്താ പറ്റീത്?’
‘സെയ്താലിക്കുട്ടി ന്നെ ചതിച്ചൂ ചന്ത്വാ.’
ചന്തു താങ്ങിയെടുത്ത് വീട്ടിലെത്തിച്ചപ്പോൾ അമ്മ വിളക്കും വെച്ച് കാത്തിരിക്കുകയാണ്.
പിതാവ്, നാലുകെട്ടിലെ കഥാപാത്രമായതിന്റെ അഭിമാനത്തോടെ വിശ്വനാഥൻ ഹസ്തദാനം ചെയ്തു. കൂടലൂരിലെത്തി ആദ്യം പരിചയപ്പെട്ട വ്യക്തി തന്നെ നാലുകെട്ടുമായി ബന്ധമുള്ള ആളാണെങ്കിൽ വഴിയരികിൽ കാണുന്നവരിൽ ഇനിയും ഏറെ കഥാപാത്രങ്ങളെ കണ്ടേക്കാം. ശങ്കരൻനായർ, കുട്ടമ്മാമ, മുത്താച്ചി, വല്ല്യമ്മാമ, വക്കീൽ കുമാരനായർ, കോരുകുട്ടിപ്പണിക്കർ, ആമിനുമ്മ, യൂസഫ്, കൊപ്രക്കാരൻ കുഞ്ഞാലു, രാമകൃഷ്ണൻ മാസ്റ്റർ, അത്തുണ്ണി മുതലാളി, കണ്ടൻ മേസ്തിരി... കണ്ടിട്ടും കണ്ടിട്ടും മതിവരാതെ എം.ടി തന്നെ വിശേഷിപ്പിച്ച കൂടല്ലൂരിലെ അമരന്മാരെ കാണാൻ കൂടല്ലൂരങ്ങാടിയിലിറങ്ങി. നാലുകെട്ടിലെ കഥാപാത്രങ്ങൾ അവരുടെ യഥാർത്ഥപേരിൽ തന്നെ ഇന്നും കൂടല്ലൂരിൽ നിലനില്ക്കുന്നുവെന്നത് അതിശയകരമായ ഒരു സംഗതിയാണ്.
1958 ൽ പുസ്തകരൂപത്തിൽ നാലുകെട്ട് മലയാളിയുടെ മുന്നിലെത്തുമ്പോൾ, കേരളീയ സാമൂഹികചരിത്രത്തിന്റെ ഒരു പരിണാമഘട്ടത്തെ പ്രതീകവൽക്കരിക്കുകയായിരുന്നു ഈ നോവൽ. പാരമ്പര്യത്തിന്റെ ആർദ്രതയും ആധുനികതയും തമ്മിലുള്ള സംഘർഷമാണ് നാലുകെട്ടിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്.
കണക്കുപ്രകാരം 150ൽ പരം കഥാപാത്രങ്ങളിലൂടെ എം.ടി എന്ന 24 കാരൻ രചിച്ച നാലുകെട്ട്, മലയാളിയുടെ മനസ്സിൽ കുടിയേറിയിട്ട് ആറരപ്പതിറ്റാണ്ടാകുന്നു. 1958 ജനുവരിയിലാണ് നാലുകെട്ടിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. ആ വർഷത്തെ സാഹിത്യഅക്കാദമി പുരസ്‌കാരവും നാലുകെട്ടിനായിരുന്നു. ഐക്യകേരളപ്പിറവിക്കുശേഷം, ഒന്നേകാൽ കോടി മലയാളികളുടെ മാതൃഭൂമിയായ കേരളത്തിൽ ജന്മിത്വത്തിന് അന്ത്യം കുറിച്ച്, ആദ്യ തെരഞ്ഞെടുപ്പിൽതന്നെ ലോകചരിത്രത്തിലേക്ക് കയറിപ്പോയ സവിശേഷ മുഹൂർത്തത്തിലാണ് നാലുകെട്ടിന്റെ ബീജാവാപം. 1958 ൽ പുസ്തകരൂപത്തിൽ നാലുകെട്ട് മലയാളിയുടെ മുന്നിലെത്തുമ്പോൾ, കേരളീയ സാമൂഹികചരിത്രത്തിന്റെ ഒരു പരിണാമഘട്ടത്തെ പ്രതീകവൽക്കരിക്കുകയായിരുന്നു ഈ നോവലിലൂടെ എം. ടി വാസുദേവൻ നായർ. പാരമ്പര്യത്തിന്റെ ആർദ്രതയും ആധുനികതയും തമ്മിലുള്ള സംഘർഷമാണ് നാലുകെട്ടിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്. എസ്. കെ. പൊറ്റക്കാടിന് അതിരാണിപ്പാടം പോലെ, സ്‌റ്റൈൻബക്കിന് കാലിഫോർണിയൻവാലിപോലെ, തോമസ്ഹാർഡിക്ക് വെസക്സ് കൗണ്ടി പോലെ, മാർക്കോസിന് മക്കൊണ്ട പോലെ, എം.ടി യും കൂടല്ലൂരും അക്ഷയമായ സർഗ്ഗശക്തിയുടെ വറ്റാത്ത നീരുറവകളായി.‘എന്റെ സാഹിത്യ ജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റേയും ഗോവിന്ദൻകുട്ടിയുടേയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടേയും കാതുമുറിച്ച മീനാക്ഷിയേട്ടത്തിയുടേയും നാടായ കൂടല്ലൂരിനോട്.’(എം.ടി, തെരഞ്ഞെടുത്ത കഥകൾ).
അൻപത് വർഷങ്ങൾക്കുമുന്നെയുള്ള നാലുകെട്ടിലെ ജീവിതാവസ്ഥകളും ഭൂമിശാസ്ത്രവുമല്ല ഇന്ന് കൂടല്ലൂരിലുള്ളത്. നാം ഇന്നലെകളിൽ എങ്ങനെ ജീവിച്ചു എന്നതിന്റെ വ്യക്തമായ രേഖാചിത്രം അവിടെയുണ്ട്. ശാസ്ത്രവും അറിവും സാങ്കേതികവിദ്യയും കാലത്തെയും കൂടല്ലൂരിനേയും കേരളത്തെയും നവീകരിച്ചിരിക്കുന്നു. വളർച്ചയുടെ ആസുരമായ ഗതിവേഗങ്ങളിലേക്ക് കഥയും കഥാപാത്രങ്ങളും പരിവർത്തനപ്പെട്ടു. അതുകൊണ്ടുതന്നെ, ‘വളരും, വളർന്ന് വലിയ ആളാവും’ എന്നാണ് നാലുകെട്ടിലും എം.ടി. ആദ്യം കുറിച്ചിട്ടത്.
എല്ലാവരും തനിക്കെതിരാണ്. താൻ നശിക്കുന്നതുകാണാൻ കാത്തിരിക്കുകയാണെല്ലാവരും. പ്രഭാതത്തിലെ നേർത്ത മൂടൽമഞ്ഞ് പൊതിഞ്ഞുനില്കുന്ന ആ നാലുകെട്ടിനെയും അതിനകത്തെ മനുഷ്യരെയുമെല്ലാം അവൻ വെറുക്കുന്നു. ക്ലാസ് മുറിയിലെ ആരും കേൾക്കാത്ത വിവരങ്ങളവനുണ്ട്. വളർച്ച രണ്ട് വിധമാണ്. പാറകളും പടികാരക്കട്ടയും വളരുന്നത് പുറമെനിന്നാണ്. ജീവികൾ ഉള്ളിൽനിന്ന് വളരുന്നു. നാലുകെട്ടിൽ അവൻ മാത്രം, അപ്പുണ്ണി, വളർന്നു വലുതായി.
ആ പ്രാസംഗികൻ പിന്നീട് പരിവേഷങ്ങളില്ലാത്ത ജനനായകനായി. വെളിച്ചം ദാഹിച്ചുനടന്ന കുട്ടി പ്രതിസന്ധികളെ മുറിച്ചുകടന്ന് ദേശത്തും നാട്ടിലും അക്ഷരദീപം കത്തിച്ച് ജഞാനപീഠപ്രഭ കൊണ്ടുവന്നു.
കൂട്ടുകാർ പോയിരിക്കുന്നു. ചെമ്മണ്ണു നിറഞ്ഞ പാതയിലെ കാളവണ്ടിച്ചക്രങ്ങൾ പതിഞ്ഞ അടയാളങ്ങൾക്കുപുറകെ നോക്കിനടന്ന അപ്പുണ്ണിയുടെ യാത്ര നാലുകെട്ടിലുണ്ട്. ഇന്ന് ചെമ്മണ്ണുനിറഞ്ഞ പാതകളോ കാളവണ്ടിചക്രങ്ങൾ ഉരുണ്ട അടയാളമോ കൂടല്ലൂരിലില്ല. താന്നിക്കുന്നിന്റെ ഉച്ചിയിൽവരെ ടാറിട്ട റോഡുകളും വോഡാഫോണിന്റെ കൂറ്റൻ മൊബൈൽ ടവറും. മുകളിൽ വളർച്ചയുടെ തരംഗദൈർഘ്യങ്ങൾ പിടിച്ചെടുത്ത് കിഴക്ക് മെലിഞ്ഞുണങ്ങിയ പുഴയുടെ ഗതികേടുകൾ കണ്ട് കൂടല്ലൂരിലെ സൂര്യൻ ഉണരും. പവർകട്ടില്ലാ കാലത്തും കാക്ക ശബ്ദിക്കുന്നതുകേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമുന്നെ മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലോ? മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ കോലായിൽ കിട്ടുന്ന നേർത്ത വെളിച്ചത്തിൽ വായിക്കാനിരുന്നു. അൻപത് വർഷം മുന്നെയുള്ള പ്രഭാതം എത്ര മാറിപ്പോയി. യാന്ത്രികതയിലേക്കും തിരക്കിലേക്കും മലയാളി മാറിപ്പോയിരിക്കുന്നു. 64 വർഷം മുമ്പത്തെ ഒരു തലമുറ. നാലുകെട്ടും നടുമുറ്റവും തെക്കിനിയും വടക്കിനിയും പടിഞ്ഞാറ്റിനിയും മുന്നു കയ്യാലകളും 64 അംഗങ്ങളുമുള്ള തറവാട്. പുലി പോലെത്തെ കാരണവന്മാരായ മുൻതലമുറകൾ വെളിച്ചം കിട്ടാതെ മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ച രാത്രികൾ. കോണിച്ചുവട്ടിലെ ഇരുട്ടുമുറികളിലും, ഓലക്കുടിലുകളിലും, പാടത്തും പറമ്പിലും അന്തിയുറങ്ങിയ കാലം.
കുമരനെല്ലൂരിലെ ഹൈസ്‌കൂൾ പഠനകാലത്തെ വെളിച്ചം തേടിയുള്ള അനുഭവം എം.ടി. മറ്റൊരിടത്തു പറയുന്നുണ്ട്. കുമരനെല്ലൂരിലെ അങ്ങാടിയിലേക്ക് മണ്ണെണ്ണ വാങ്ങാൻ പോയപ്പോൾ, ഒരു കുറിയ മനുഷ്യൻ പ്രസംഗിക്കുന്നു. ചുറ്റും ആൾക്കാർ കൂടിനിന്ന് പ്രസംഗം കേൾക്കുകയാണ്. മണ്ണെണ്ണക്കുപ്പിയും തൂക്കിപ്പിടിച്ചുനില്ക്കുന്ന കുട്ടിയായ വാസുവിനെ നോക്കി ആ പ്രസംഗികൻ ഗർജിച്ചു: കണ്ടോ? ഈ കുട്ടി മണ്ണെണ്ണ വാങ്ങാൻ പോകുകയാണ്. അതിനിനി പോയി ക്യൂ നിൽക്കണം. ഈ കുട്ടിക്കും ഇതുപോലെയുള്ള കുട്ടികളും വെളിച്ചമില്ലാതെ എങ്ങനെ പഠിക്കും. ഇവരൊക്കെ പഠിച്ച് വലുതായി നമ്മുടെ നാട്ടിനെ രക്ഷിക്കേണ്ടതല്ലെ. അതുകൊണ്ട് ഈ നാട്ടിൽ വൈദ്യുതി വരണം.
നേതാവിന്റെ പ്രസംഗവും ഗർജ്ജനരോഷവും തുടർന്നു. പിന്നീട് ആരോ പറയുന്നത് ആ കുട്ടി കേട്ടു; ‘‘അതാണ് ഇമ്പിച്ചിബാവ.’’
ആ പ്രാസംഗികൻ പിന്നീട് പരിവേഷങ്ങളില്ലാത്ത ജനനായകനായി. വെളിച്ചം ദാഹിച്ചുനടന്ന കുട്ടി പ്രതിസന്ധികളെ മുറിച്ചുകടന്ന് ദേശത്തും നാട്ടിലും അക്ഷരദീപം കത്തിച്ച് ജഞാനപീഠപ്രഭ കൊണ്ടുവന്നു.
പറങ്ങോടന്റെയും അച്ചുതക്കുറുപ്പിന്റെയും ഷാരടിയുടേയും പറങ്കിമാവിൻ തോപ്പുകളും കടന്ന് സ്‌കൂൾ കുട്ടികൾ നടന്നുവരുന്നതുകണ്ടു. ഷാരടിയുടെ പറങ്കിമാവിൻ തോപ്പ് നിറയെ പൂത്തിട്ടുണ്ട്. അച്ചുതക്കുറുപ്പിന്റെയും പറങ്ങോടന്റെയും പറമ്പിൽ ഇരുമ്പുവേലികൾ കെട്ടിയിട്ടുണ്ട്. വഴിയരികിലെ കരിയിലകളും ചപ്പുചവറുകളും അടിച്ചുവൃത്തിയാക്കുന്ന സ്ത്രീകൾ പറയുന്നതു കേട്ടു, കുട്ട്യോൾക്കൊന്നും ഇപ്പോ പറേങ്ക്യങ്ങിം, അണ്ടീം ഒന്നും വേണ്ടാതായിരിക്കുന്നു. കൂടല്ലൂരങ്ങാടിയിൽ അഞ്ചുറുപ്യ കൊടുത്താൽ ഫ്രൂട്ടീം പാക്കറ്റിലുള്ള വറുത്ത വിദേശയണ്ടിപ്പരിപ്പും കിട്ടും. അതുകൊണ്ടുതന്നെ മാങ്ങ എറിഞ്ഞുവീഴ്ത്താനുള്ള ഉന്നം പിടുത്തങ്ങൾ കുട്ടികൾക്ക് അറിയേണ്ടതില്ല. ഷാരടിയുടെ പറമ്പിലെ കാറപ്പറങ്കിമാങ്ങകളും അണ്ടികളും അവർക്കു വേണ്ടേ വേണ്ട.
അരാഷ്ടീയമായിത്തന്നെ അറുപതുവർഷം മുന്നെയുള്ള കേരളീയ സമൂഹത്തെ നാലുകെട്ടിൽ എം.ടി വരച്ചിടുമ്പോഴും അദൃശ്യമായ ഒരു രാഷ്ട്രീയം ഈ നോവൽ കൊണ്ടുവരുന്നുണ്ട്.
കൂടല്ലൂരിന്റെ സവിശേഷവും മനോഹരവും ഹരിതാഭവുമായ ഭൂമിശാസ്ത്രം നാലുകെട്ടിൽ എം.ടി. ഹൃദയഹാരിയായി ചിത്രീകരിച്ചിട്ടുണ്ട്. തൂതപ്പുഴ നിളയിൽ കൂടുന്ന ‘കൂടൽ ഊരാ’ണ് കൂടല്ലൂരായത്. പാറുക്കുട്ടിയുടെ കല്ല്യാണം പൂമൻ തോടു മുതൽ കൈതക്കാട് വരെയുള്ള നായർതറവാടുകളിൽ പറഞ്ഞിട്ടുണ്ട്. നസ്രത്തെ പള്ള്യാൽ മുതൽ കിഴക്കേപുഴ വരെ പ്രകൃതിയും മനുഷ്യനും കാലാവസ്ഥയും വൃക്ഷലതാദികളും കൃഷിബന്ധങ്ങളും കഥാപാത്രങ്ങളുടെ നോക്കിലും വാക്കിലും പ്രവൃത്തിയിലുമാണ്. കൂർക്കക്കും മത്തനും തടം വെച്ചിട്ടാണ് കോന്തുണ്ണിനായർ അവസാനമായി വീട്ടിൽനിന്നിറങ്ങിപ്പോയത്. ആലിന്റെ വേരിലിരിക്കുന്ന ഒരു പ്രണയക്കാഴ്ച പാറുക്കുട്ടിക്കുണ്ട്. നിലവിളക്കിന്റെ പ്രഭയിൽ ഓളം വെട്ടുന്ന നഗ്‌നമായ മാറിടവും അഴിഞ്ഞുലയുന്ന മുടിക്കെട്ടുമായി കവുങ്ങിൻ പൂക്കുല പിടിച്ചിരുന്ന് ഉറയുന്ന സർപ്പസുന്ദരിയുടെ ചിത്രവും നാലുകെട്ടിലുണ്ട്.
നിരത്തിൽനിന്ന് വീണ്ടും പാടത്തേക്കിറങ്ങി. അവിടെ നിന്ന് ഇടവഴികയറി കുറെ നടന്നപ്പോൾ കുന്നിൻചെരിവിലെത്തി. എങ്ങോട്ടാണീ നടത്തമെന്നാലോചിച്ചില്ല. അവസാനം ചെന്നെത്തിയത് നരിവാളൻ കുന്നിന്റെ ചെരിവിലാണ്. കുന്നിൻ പരപ്പിലെ കരിഞ്ഞുണങ്ങിയ പുൽപ്പരപ്പ് മാത്രം കാണാം. വെയിൽ പരന്നിരിക്കുന്നു. കുന്നിൻപുറം നിറച്ച് കണ്ണാന്തളിപ്പൂക്കളായിരുന്നു. കഥാപാത്രങ്ങളുടെ മാനസിക നിലക്കനുസരിച്ച് പ്രകൃതിദൃശ്യങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്നു. കൂടല്ലൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് കൂമാന്തോട്, കൂട്ടക്കടവ്, വടക്കുംമുറി, താന്നിക്കുന്ന് , പാറപ്പുറം, മുത്ത്വിളയും കുന്ന്, മേഴിക്കുന്ന്, പട്ടിപ്പാറ, മണ്ണിയം പെരുമ്പല, മലമക്കാവ്, വരട്ടിപള്ളിയാൽ എന്നിവ. താന്നിക്കുന്ന്, താലപ്പൊലിക്കുന്ന്, മലമക്കാവ് കുന്ന്, കുറ്റിപ്പാലക്കുന്ന്, കുമരകം കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ. കുളങ്ങളും തോടുകളും ഈ പുഴഗ്രാമത്തെ അതീവ സൗന്ദര്യവതിയാക്കുന്നു. എം.ടിയുടെ തന്നെ മാഞ്ഞുപോയ ഒരു ഗ്രാമീണ ഭൂതകാലത്തെ സൂചിപ്പിക്കുന്ന ഒരു രചനയുടെ പേരുതന്നെ കുമരനെല്ലൂരിലെ കുളങ്ങൾ എന്നാണ്. എന്തോ, കേരളത്തിന്റെ മൊത്തം പുരോഗതിയുടെ ഗതിവേഗം ഈ എം.ടി ഗ്രാമത്തിനില്ല.
‘ഒരു കണ്ടം കടന്നാൽ അങ്ങാടിയായി. പുഴവക്കത്തുതന്നെയാണ് അങ്ങാടി. എല്ലാം വൈക്കോൽ മേഞ്ഞ പീടികകളാണ്. ഓടിട്ട പീടിക ഒന്നേയുള്ളൂ. അത് യൂസ്പിന്റെ പീടികയായിരുന്നു' (നാലുകെട്ട്).
കൂടല്ലൂരിൽ ഇന്ന് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ യൂസപ്പിനെ കാണിച്ചുതന്നത് സ്ഥലത്തെ വ്യാപാരിവ്യവസായി സംഘടനയുടെ ഭാരവാഹിയാണ്. ശുഭ്രവസ്ത്രധാരിയായി, നാടൻ വെള്ളത്തലേക്കെട്ടുമായി റോഡ് മുറിച്ചുകടക്കുകയായിരുന്നു, 50 വർഷം മുന്നെ പെടോമാക്സിന്റെ വെളിച്ചത്തിലുള്ള, ഓടിട്ട, ഏറ്റവും വലിയ കടയുടെ ഉടമസ്ഥനായ നാസർ. കരം പിടിച്ച് കുലുക്കി വരവിന്റെ ഉദ്ദേശ്യം അറിയിച്ചു.
തൊണ്ണൂറ് പിന്നിട്ട ആ ഗ്രാമീണൻ വാചാലനായി എം.ടിയെക്കുറിച്ചും നാലുകെട്ടിനെക്കുറിച്ചും പറഞ്ഞു: ‘അധികം ആരോടും വല്ല്യ വർത്താനത്തിനൊന്നും നിക്കാത്ത ഒരു ഗൗരവക്കാരൻ കുട്ട്യാർന്നു. പീട്യേൽ വന്നാൽ കുറച്ചുനേരം ഇരിക്കും, ആരോടും അധികം മുണ്ട്യാർന്നുല്ല്യ. ഞമ്മളേറ്റ് വല്ല്യ അടുപ്പേർന്ന്. എപ്പളും ഒരു ബുക്ക് കയ്യില്ണ്ടാവും. ഈ പീട്യേന്റെ മുമ്പിലൂടെ ബുക്കൊക്കെ വായിച്ചിട്ട് ങ്ങനെ നടന്നുപോകുന്നത് കാണാം. നോവലില് ഞമ്മളീം ഞമ്മളെ പീട്യേനേം പറ്റി ഒക്കെ എയ്തീട്ട്ണ്ടെന്ന് നാട്ട്യാര് പറഞ്ഞിട്ടാ അറീണത്. അയീ പിന്നെ നാലുകെട്ടൊക്കെ ഒന്നു വായിച്ച് നോക്കീട്ടൊക്കെണ്ട്. വായിച്ചപ്പോ അതിസയം തോന്നീ. അന്ന് അതൊക്കെ ങ്ങനെ നോക്കി നിരീച്ചിട്ടൊക്കെ മനസ്സിലാക്കീട്ടുണ്ടാകും.’
‘1948ലാണ് ഈ പീടിക തുടങ്ങീത്. മൂന്നുവരെ പഠിച്ചിട്ടുള്ളൂ. പ്പോ വയസ്സ് തൊണ്ണൂറ് ആയി. ഇന്നും ഇന്നലെത്തീം കാര്യം ഒന്നും അല്ലല്ലോ. കൊല്ലം പത്തമ്പത് കഴിഞ്ഞില്ല്യേ, പ്പോ പലരും വന്ന് ഓരോന്ന് ചോയ്ക്കണണ്ട്. ന്നാള് പത്രക്കാര് വന്നീര്ന്ന്. പല പേപ്പറ്കാരും വന്നീര്ന്ന്. പേരൊന്നും ഓർമ്മല്ല്യാ. ഞമ്മളെ വീടര് കൊയമ്പ് തേച്ച് ഇരിക്ക്യാ. കച്ചോടം ഒക്കെ മക്കൾ നോക്കുന്നുണ്ട്. കച്ചോടം കൊണ്ട് തന്ന്യാ മക്കളെ പഠിപ്പിച്ചതും സമ്പാദിച്ചതും.’
അധികാരത്തിന്റെ വർണപ്പട്ടുടുത്ത വെളുപ്പിലേക്കും വിധേയത്വത്തിനുമുന്നിൽ കുമ്പിട്ട് വണങ്ങി നിൽക്കുന്ന കറുപ്പുനിറത്തിലേക്കും എം.ടി. യുടെ കണ്ണ് പായുന്നു. കാണാതെ എല്ലാ കാണുന്ന ഒരു സൗന്ദര്യം ആ നോട്ടത്തിനുണ്ട്.
കൂടല്ലൂരിലെ പ്രമുഖ തറവാടുകളിലൊന്നായ പള്ളി മഞ്ഞായിൽ തറവാട്ടിലെ ഇളം മുറക്കാരനായ ഇക്ബാലിന്റെ സഹായത്തോടെ കുറി നടത്തിയിരുന്ന ആമിനുമ്മയുടെ പുന്നാര മകൻ മുഹമ്മദിനെയും തിരക്കി അങ്ങാടിനിരത്തിലൂടെ നടന്നു.
‘‘കുതിരപ്പറമ്പിൽ നിന്ന് പുഴയിലേക്കിറങ്ങി. പുഴ വരണ്ടുകിടക്കുകയാണ്. നോക്കെത്താതെ കിടക്കുന്ന മണൽപ്പരപ്പിന്റെ ഒരരികിലൂടെ ശോഷിച്ച ഒരു നീർച്ചാലായി പുഴ ഒഴുകുന്നു. അവിടവിടെ കുഴിയുണ്ടാക്കിയാണ് ആളുകൾ കുളിക്കുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളും കറുത്ത ശരീരവുമുള്ള ആളുകൾ. അല്പം അകലെ വർണങ്ങളും വെളുപ്പും കാണാം. അത് അധികാരിയുടെ വീട്ടിലെ പെൺകുട്ടികളാണ്. ഞൊറി വെച്ച് വെള്ള ഉടുപ്പിട്ട് പെൺകുട്ടികൾ'' (നാലുകെട്ട്).
അരാഷ്ടീയമായിത്തന്നെ അറുപതുവർഷം മുന്നെയുള്ള കേരളീയ സമൂഹത്തെ നാലുകെട്ടിൽ എം.ടി വരച്ചിടുമ്പോഴും അദൃശ്യമായ ഒരു രാഷ്ട്രീയം ഈ നോവൽ കൊണ്ടുവരുന്നുണ്ട്. അധികാരത്തിന്റെ വർണപ്പട്ടുടുത്ത വെളുപ്പിലേക്കും വിധേയത്വത്തിനുമുന്നിൽ കുമ്പിട്ട് വണങ്ങി നിൽക്കുന്ന കറുപ്പുനിറത്തിലേക്കും എം.ടി. യുടെ കണ്ണ് പായുന്നു. കാണാതെ എല്ലാ കാണുന്ന ഒരു സൗന്ദര്യം ആ നോട്ടത്തിനുണ്ട്. ജന്മിത്വവും സവർണമേധാവിത്വവും അരങ്ങുവാണ സമൂഹത്തിന്റെ മങ്ങുന്ന വെളിച്ചത്തെക്കുറിച്ചാണ് കൂടല്ലൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നത്. നാലുകെട്ടിന്റെ അകത്തളങ്ങളിലെ വീർപ്പുമുട്ടലും, കോലായകങ്ങളിലെ പുരുഷാധിപത്യ സ്വാർത്ഥതകളുമാണ്ഏകാകികളായിപ്പോകുന്ന മനുഷ്യരിലൂടെ തെളിയുന്നതെങ്കിലും സമൂഹത്തിലെ അധഃസ്ഥിതരിലേക്കും അവർണരിലേക്കും എം.ടി പറയാതെ പറയുന്ന വേദനകളും കാണാതെ കാണുന്ന നോട്ടങ്ങളും നിഴലുകളുടെ അദൃശ്യവാഴ്ചകളായി പടർന്നുകയറുന്നു. വെളിച്ചത്തെക്കുറിച്ചു പറഞ്ഞ് ഇരുട്ടിന്റെ ആത്മനൊമ്പരങ്ങളെ അനുഭവിപ്പിക്കാനാകുന്ന കലയുടെ സൗന്ദര്യം ഇവിടെ സാധ്യമാകുന്നു.
നാലുകെട്ട് തന്നെ വിലക്കെടുക്കാൻ തക്കവണ്ണം അപ്പുണ്ണിയെ വളർത്തി. പാറുക്കുട്ടിയെയും ശങ്കരൻനായരേയും സെയ്താലിക്കുട്ടിയെയും വല്ല്യമ്മാമയെയും കുട്ടമ്മാമയെയും മീനാക്ഷിയേടത്തിയെയും അമ്മിണിയെയും വല്ല്യമ്മയെയും ഭാസ്‌കരനെയും കൃഷ്ണൻകുട്ടിയെയും ഉപഗ്രഹ കഥാപാത്രങ്ങളാക്കി അരികിലേക്ക് മാറ്റിനിറുത്തുമ്പോഴും ഇവർക്കൊക്കെ ചൂട്ടി കത്തിച്ച് പിന്നാലെ പോയ ചെറിയ വെളിച്ചങ്ങൾ ഇന്ന് കൂടുതൽ തെളിച്ചത്തോടെ കൂർത്ത വെളിച്ചങ്ങളായി പരിണമിക്കുന്ന അദ്യശ്യരാഷ്ടീയം നാലുകെട്ടിലുണ്ട്. വളരെ അരാഷ്ട്രീയമെന്ന് തോന്നുമ്പോഴും നാലുകെട്ട് ഇത്തരം ചില രാഷ്ട്രീയബോധ്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.
അന്നത്തെ സാമൂഹിക ജീവിതത്തെക്കുറിച്ച് നാലുകെട്ടിൽ ചില സൂചനകൾ ഇങ്ങനെ വരച്ചിടുന്നു‘‘അയിത്തമാകുന്നതുകൊണ്ട് വിരോധമില്ല, ചെന്നിട്ട് കുളിക്കണം. അവരുടെ കറുത്ത ശരീരത്തിനടുത്ത് എത്തുമ്പോൾ വിയർപ്പും മെഴുക്കും ചളിയും ചേർന്ന് മനം പുരണ്ടിട്ടാവണം, അവൻ പിൻവാങ്ങി''‘‘മുറ്റത്തെ കിണറ്റിൽ നിന്ന് തേവാൻ വരാറുള്ളത് അയാളാണ്. ചെറുമികളും തീയരും തൊടാൻ പാടില്ല''.
‘‘... കൊല്ലാനറിയുന്നവരാണ് പറയർ. പറയവരെ ഭയപ്പെടണം''.
‘‘പണിക്കാരികൾ എച്ചിലകൾ മുന്നിലൂടെ എടുത്തുകൊണ്ടുപോയി വാഴക്കുണ്ടിലിടുന്നു. അവിടെ ചെറുമിക്കുട്ടികൾ വന്നാൽ വാരാൻ തമ്മിൽ തല്ലുകൂടി മത്സരിക്കുന്നു''.
‘‘അപ്പുണ്ണിയെ അവരുടെ കൂടെ ചെറുമച്ചെക്കനെയും കൂടി അയച്ചു''.
‘‘വെള്ളപ്പൊക്കം വന്നപ്പോൾ പശുത്തൊഴുത്തിന്റെയും കളത്തൊഴുത്തിന്റെയും കോലായിൽ ചെറുമികൾ വന്നുകൂടി.’’
‘‘തൊഴുത്തിന്റെ എറ്യേത്തുകിടക്കുന്ന അയ്യപ്പൻ. ആ അയ്യപ്പന് ങ്ങ്യന്യെ തൊഴുത്തിന്റെ എറ്യേല് കിടക്കണ്, തണുത്തിട്ട്.’’
(നാലുകെട്ട്) അറുപത്തിനാല് വർഷം മുൻപുള്ള കേരളീയ സാമൂഹിക ജീവിതത്തിന്റെ ചില ദൃശ്യങ്ങൾ എം. ടി ഇങ്ങനെയൊക്കെയാണ് നാലുകെട്ടിൽ വരച്ചിടുന്നത്.
ഓരജീവിതം നയിക്കുന്ന, മണ്ണിൽ വിയർപ്പുതൂകി പണിയെടുക്കുന്ന പേരില്ലാത്തവരുടേതാണ് ഈ ഉദ്ധരണികൾ. അവർ ചെക്കന്മാരും ചെറുമികളും എന്ന പൊതുനാമത്തിൽ നാലുകെട്ടിന്റെ പുറകിലും എച്ചിൽകൂനയുടെ സമീപത്തുമുണ്ട്.
കേരളത്തിൽ മരുമക്കത്തായം നിരോധിച്ച 1933ലായിരുന്നു എം.ടിയുടെ ജനനം.
ഇന്ത്യ സ്വതന്ത്രമാകുമ്പേൾ അദ്ദേഹത്തിന് 14 വയസ്സുണ്ടായിരുന്നു. മരുമക്കത്തായത്തിന്റെ തിക്തമായ ബോദ്ധ്യങ്ങളും തറവാട്ടിന്റെ അകത്തളങ്ങളിലെ കണ്ണീരും, കാരണവന്മാരുടെ പതനവും തകർച്ചയും ഒക്കെചേർന്ന ഫ്യൂഡൽ മധ്യവർഗത്തിന്റെ തകർച്ചയാണ് നാലുകെട്ടിലെ പ്രമേയം. തറവാടുകളുടെയും കൂട്ടുകുടുംബങ്ങളുടെയും ഒരു വലിയ നിരതന്നെയുണ്ട് കൂടല്ലൂരിൽ. ക്യാപ്റ്റൻ ലക്ഷ്മിയുടെ ജന്മം കൊണ്ട് ധന്യമായ വലിയ കൂട്ടുകുടംബം കൂടിയായ ആനക്കര വടക്കത്ത് തറവാട്, പള്ളി മഞ്ഞാലിൽ തറവാട്, മഞ്ഞപ്രകളം തറവാട്, പാറക്കുളങ്ങര തറവാട് എന്നിങ്ങനെ അതിപ്രതാപശാലികളായ തറവാട്ടുകാരുടെ ദേശമാണ് കൂടല്ലൂർ. സാമൂതിരി കോവിലകം വഴിയും കൊടിക്കുത്ത് ക്ഷേത്രം ദേവസ്വം വകയും ഭൂമി കാണം ചാർത്ത് ലഭിച്ച മഞ്ഞപ്രകളത്തിന്റെ സ്വത്ത് 16,000ത്തിലധികം പാട്ടഭൂമിയുണ്ടെന്ന് കൂടല്ലൂരിന്റെ ഓർമപുസ്തകത്തിൽ കെ. എ. ഗംഗാധരമേനോൻ രേഖപ്പെടുത്തുന്നു. ഈ ഭൂമിയിലൊക്കെ അദ്ധ്വാനത്തിന്റെ വിത്തിറക്കിയവരെ അസ്പ്രശ്യതയും അയിത്തവും കല്പിച്ച് ദൂരെ നിർത്തിയ ഒരു കാലം. അതിന്റെ വിളറിയ ചിത്രം മായ്ക്കാൻ കഴിയാതെ എം.ടി പലഘട്ടങ്ങളിലായി കുറിച്ചിട്ടുണ്ട്.
ആമിനുമ്മയുടെ വീടും മകനെയുമന്വേഷിച്ച് പുഴയോരത്തുകൂടെ നടന്നു. പുഴയോടുചേർന്നുതന്നെയാണ് വീട്. മാടത്തു തെക്കേപ്പാട്ട് എന്ന എം.ടിയുടെ തറവാടിനോടുചേർന്നുതന്നെ. അപ്പുണ്ണിക്ക് ചോറ്റുപാത്രം വാങ്ങാൻ ആമിനുമ്മയുടെ നറുക്കുകുറിയിൽ പാറുക്കുട്ടി ചേർന്നിട്ടുണ്ട്. ആ കുറിയുടെ നറുക്കെടുക്കുന്നത് ഈ പുന്നാരമകനാണ്. അപ്പുണ്ണി കുറിയെടുക്കുന്ന സമയത്ത് ചെല്ലുന്നു. പാറുക്കുട്ടിയമ്മയുടെ മകൻ അപ്പുണ്ണിയുടെ പേര് അന്നും വിളിച്ചുചൊല്ലിയില്ല.
നാലുകെട്ടിലെ കഥാപാത്രം ആമിനുമ്മയുടെ മകൻ മുഹമ്മദ് സൈക്കിളിൽ നിന്നിറങ്ങാതെ കാത്തുനില്ക്കുകയായിരുന്നു: ‘വാസുദേവൻനായർ ഇവിടെ കേറീട്ട് ഉമ്മയെ കണ്ടിട്ടേ തറവാട്ടിലേക്ക് പോകാറുള്ളൂ. പഠിക്കുന്ന കാലത്ത് കൊളമ്പിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛനെ വിളിക്കാൻ പുന്നയൂർക്കുളത്ത് ചെന്നാൽ നാലണ കിട്ടും. അന്ന് അതൊക്കെ വല്ല്യ കാര്യമായിരുന്നു. ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഉമ്മ മരിച്ചിട്ട് കുറച്ച് വർഷങ്ങളായി.’ സൂക്കേടായതിനാൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദ് എന്ന നറുക്കെടുപ്പുവീരൻ നാട്ടിൽ തന്നെയാണ്. നറുക്കുറികളും ചങ്ങാതിക്കുറികളും അന്യം നിന്ന നാട്ടിൽ ബ്ലേഡ് കമ്പനിയും ലോട്ടറിക്കച്ചവടവും ഉഷാറാണ്.
‘‘ഞാനും നായരുമായി വർത്തമാനം പറഞ്ഞുപിരിഞ്ഞുപോകുന്ന പാറുക്കുട്ടിയെ ചീരു എന്ന സ്ത്രീ കാണുന്നുണ്ട്. ആരോടാ പാറുക്കുട്ടി വർത്തമാനം പറഞ്ഞിരുന്നത്, അവൾ ഇനി താൻ ശങ്കരൻ നായരുമായി ലോക്യത്തിലാണെന്ന് നാടുമുഴുവൻ പറഞ്ഞ് നടക്കും. അപവാദങ്ങൾ മുതൽ വലിയ കേസുകൾ വരെ പറഞ്ഞുനടക്കുന്നത് രണ്ടുപേരാണ് ദേശത്ത്, ഒന്നു ചീരു മറ്റേത് വെളക്കെത്ര അമ്മാളു''. (നാലുകെട്ട്).
കൂടല്ലൂരിൽ എം.ടിയുടെ ‘അശ്വതി’ക്കുസമീപം കഥാകൃത്തും ബാലസാഹിത്യകാരനുമായ എം.ടിയുടെ ചെറിയമ്മയുടെ മകൻ രവീന്ദ്രനുണ്ട്. കോന്തുണ്ണിനായരും സെയ്താലിക്കുട്ടിയും അദ്ദേഹത്തിന്റെ അകാലമരണവുമൊക്കെ കൂടല്ലൂരിൽ നടന്ന കാര്യങ്ങൾ തന്നെയാണ്.
അമ്മാളുവിനോട് ചീരു തോറ്റുപോകും. എന്നാൽ ഈ കഥാപാത്രത്തെ അച്ഛന്റെ നാട്ടിൽ നിന്നാണ് എം.ടി നാലുകെട്ടിൽ കൂട്ടിച്ചേർത്തത്. പുന്നയൂർക്കുളത്തെ എലിവാട്ടെ ചിറയ്ക്ക് സമീപമാണ് അമ്മാളുഅമ്മ താമസിക്കുന്നത്.‘എം.ടി. വാസുദേവൻനായതെ അറിയുമോ?’‘പിന്നെ അറ്യാണ്ട് ദാ ... ഈ ഇടവഴിയിലൂടല്ല്യേ ചെറേൽക്ക് തോർത്തും സോപ്പുമെടുത്ത് കുളിക്കാൻ പോയിരുന്നത്.’
ഈ ഇടവഴി, പല ഘട്ടങ്ങളിലും പല കഥകളിലും പരാവർത്തിച്ച് പരിക്കേൽക്കാതെ പുന്നയൂർക്കുളത്ത് ഇന്നും നിലനിൽക്കുന്നുണ്ട്. വിലാപയാത്ര എന്ന നോവലിൽ വിശദമായിത്തന്നെ ഈ ഇടവഴിയുടെ സൗന്ദര്യമുണ്ട്.
കൂടല്ലൂരിൽ എം.ടിയുടെ ‘അശ്വതി’ക്കുസമീപം കഥാകൃത്തും ബാലസാഹിത്യകാരനുമായ എം.ടിയുടെ ചെറിയമ്മയുടെ മകൻ രവീന്ദ്രനുണ്ട്. കോന്തുണ്ണിനായരും സെയ്താലിക്കുട്ടിയും അദ്ദേഹത്തിന്റെ അകാലമരണവുമൊക്കെ കൂടല്ലൂരിൽ നടന്ന കാര്യങ്ങൾ തന്നെയാണ്. തന്റെ തറവാടിന്റെ പേര് എം.ടി എന്ന ചുരുക്കെഴുത്തിൽ മലയാളസാഹിത്യത്തിന്റെ ഭാഗമായതിൽ അദ്ദേഹത്തിന് അഭിമാനമുണ്ട്, എം.ടിയുടെ തറവാടായ മാടത്തെ തെക്കേപ്പാട്ട് തറവാട്ടിൽ മൂത്ത ജ്യേഷ്ഠത്തിയമ്മയും മകൾ നളിനിയുമാണ് താമസം. പഴയ ആ നാലുകെട്ട് പുതുക്കിപ്പണിഞ്ഞതാണ്. ചുമരുകളിൽ ആ സാഹിത്യ നായകന്റെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നു. കൂട്ടത്തിൽ എം.ടിയുടെ , 10ാം ക്ലാസിലെ ഫോട്ടോയുമാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ കാര്യത്തിൽ, അധികമൊന്നും പരിക്കേൽക്കാത്ത പ്രകൃതിയുടെ ഹരിതാഭശോഭ ഇന്നും കൂടല്ലൂരിലുണ്ട്.
അപ്പുണ്ണിയുടെ ഛായയുള്ളവർ
മലമക്കാവ് ലക്ഷ്യം വെച്ച് നടന്നു. ഏക്കറുകണക്കിന് സ്ഥലങ്ങളിൽ നേന്ത്രവാഴകൃഷി ജോറായി നടക്കുന്നു. കോന്തുണ്ണി നായരുടെയും സെയ്താലിക്കുട്ടിയുടെ മുഖച്ഛായയുള്ളവർ പങ്കായി കൊള്ളികൃഷിയ്ക്ക് നനയ്ക്കുന്നു.
പകിട കളിക്കാരുടെ ആർപ്പുവിളി എങ്ങാനും ഉയരുന്നുണ്ടോ? പകിടകളിക്കാരന്മാരും മണ്ണാൻ ചോപ്പനും എതിരെ വരുന്നുണ്ടോ? കൂനൻ ചാത്തുനായരാണോ ആ പോകുന്നത്. ആരേയും കാണുന്നില്ല.
മലമക്കാവിലുള്ള കയറ്റത്തുവെച്ച് രംഗനാഥൻ എന്ന റിട്ടയേഡ് കോളേജ് അധ്യാപകനെ കണ്ടു. മലമക്കാവിലെ അവശേഷിക്കുന്ന നാലുകെട്ടിലേക്ക് അദ്ദേഹം കൂട്ടികൊണ്ടുപോയി. മിൽട്ടന്റെയും കീറ്റിസിന്റെയും കവിതകൾ ചൊല്ലിയിരുന്ന ഇരുട്ടുപുതച്ച പത്തായപ്പുരയും അകത്തളങ്ങളും കാണിച്ചുതന്നു.
വയലുകൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന ഹരിഹരൻ എന്ന ചെറുപ്പക്കാരനും മകനും പശുവിനെ തീറ്റിപ്പിക്കുകയാണ്. മകൻ മണികണ്ഠന് എം.ടിയുടെ പുസ്തകം പഠിക്കാനുണ്ട്. തള്ള ചെറുമി കോച്ചിയുടെ പിൻമുറക്കാർ പാടവരമ്പിലിരുന്നു കള പറിക്കുന്നുണ്ട്.
മലമൽക്കാവ് സ്‌കൂളും കടന്ന് അയ്യപ്പക്ഷേത്രത്തിൽ തൊഴുത് താന്നിക്കുന്നിലേക്ക് കയറി. പൈപ്പിൽ ഇത്തിരി വെള്ളത്തിന് കാത്തുനില്ക്കുന്നു, ഉമ്മമാരും കുട്ടികളും. പുഴയും കടന്നു പാലവും വയലും കൈതക്കാടുകളും കുന്നിൻപാറകളും താന്നിക്കുന്നിൽ നിന്ന് വിദൂരമായ ഓർമകളായി കാണുന്നുണ്ട്. ലോഹനൗകകൾ മൊബൈൽടവറിനായി കുഴിയെടുക്കുന്നു. ചെങ്കൽ ക്വാറികൾ, അഭിനവ പതാളങ്ങൾ, കരിഞ്ഞുണങ്ങിയ പുൽപരപ്പുകൾ എല്ലാം ദൂരെ കാണാം. തല്ലിക്കൊന്ന് വലിച്ചെറിഞ്ഞ ഒരു പാമ്പ് ... പോലെ നിള. താന്നിക്കുന്നിറങ്ങി വീണ്ടും തിരിഞ്ഞ് ചെങ്കുത്തായ ഇറക്കങ്ങളിലൂടെ അങ്ങാടിയിലെത്തി.
ഓലമേഞ്ഞ ചായമക്കാനിയാൽ കയറി. പണപ്പെട്ടികൾക്കു പിന്നിൽ സുമുഖനായ കൗമാരക്കാരന് അപ്പുണ്ണിയുടെ ഛായയുണ്ടോ?
അമ്പത് വയസ്സുള്ള റിയാസ് എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പൊതുമാപ്പിൽ അജ്മാനിൽ നിന്ന് വന്നിട്ട് ഒരു മാസമായി. ഇപ്പോൾ ബാപ്പയെ സഹായിക്കാൻ കടയിലിരിപ്പാണ്. എം.ടിയെ അറിയും, എന്നാൽ, നാലുകെട്ടിനെക്കുറിച്ചൊന്നും അറിയില്ല. സന്ധ്യ മയങ്ങുകയാണ്. കൂടല്ലൂരങ്ങാടിയിലെ ട്രാവൽ ഏജൻസിയുടെ ബോർഡ് കണ്ടപ്പോഴാണ് കണ്ടൻ മേസ്തിരിയെ ഓർമ വന്നത്. നാലുകെട്ടിൽ ആനമലയിലെ ചായത്തോട്ടത്തിലേക്ക് ആളുകളെ കയറ്റിയയച്ചിരുന്ന മനുഷ്യക്കടത്തുകാരനായിരുന്നു കണ്ടൻ മേസ്തിരി. അറുപതുവർഷങ്ങൾക്കുശേഷം കണ്ടൻ മേസ്തിരി റിക്രൂട്ടിങ് ഏജൻസികളും ട്രാവൽ ഏജൻസികളുമായി വിമാനത്താവളങ്ങളിൽ പറന്ന് ഉയരാനുള്ള കേരളത്തിന്റെ മനുഷ്യവിഭവശേഷിയെ കയറ്റി അയച്ച് കിട്ടുന്ന പണം കൊണ്ട് കേരളത്തെ തീറ്റിപ്പോറ്റുന്നു.
നാലക്ഷരം പഠിച്ച് തലക്ക് വെളിവുണ്ടായപ്പോൾ പ്രകൃതിയും പ്രണയവും ഉപേക്ഷിച്ച് നാട്ടീന്ന് പൂവ്വാനാണ് വളർന്ന് വലുതായി കൈകൾക്ക് കരുത്തായപ്പോൾ അപ്പുണ്ണിക്ക് തോന്നിയത്. നാലുകെട്ടിലെ കോണിച്ചോട്ടിലെ ഇരുട്ടുതിന്ന് അവനു മടുത്തിരിക്കുന്നു. തിരിച്ചുവന്ന് നാലുകെട്ട് വിലക്കുവാങ്ങി വല്ല്യമ്മാവനോടും കുട്ട്യമ്മാമയോടും പ്രതികാരം ചെയ്ത് അതുപൊളിച്ച് കാറ്റും വെളിച്ചവുമുള്ള ഒരു ചെറിയ വീട് പണിയാനാണ് അപ്പുണ്ണി തീരുമാനിച്ചത്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസത്തിന് പൊതഖജനാവിലെ പണം സ്വന്തമാക്കുന്ന ഇളംമുറക്കാർ ആവശ്യത്തിന് വെളിച്ചവും വെള്ളവും കൃഷിസ്ഥലങ്ങളുമുണ്ടായിട്ടും അവയൊക്കെ ഉപേക്ഷിച്ച് ഗ്രാമത്തിന്റെ മനസ്സും ബന്ധങ്ങളും പ്രണയങ്ങളും വെടിഞ്ഞ് നാലുകെട്ടിലെ അപ്പുണ്ണിയെപ്പോലെ കേരളം വിടാനൊരുങ്ങുകയാണ്. സാമൂഹിക പ്രതിബന്ധങ്ങൾ തല്ക്കാലം മറന്ന് ദീർഘകാല പ്രവാസിയായി തിരിച്ചുവന്ന് ഈ ഗ്രാമം ഒന്നാകെ വിലക്കുവാങ്ങി നാലുകെട്ടുകൾ പൊളിച്ചുകളഞ്ഞ് വാസ്തുവിദ്യാപ്രകാരം കൊട്ടാരം പോലെയുള്ള നാലുകെട്ടുകൾ പണിയണം. കാരണവരോടും ബന്ധുക്കളോടും പ്രതികാരം ചെയ്യണം. കൂടല്ലൂർ ഈ കേരളീയ പരിച്ഛേദത്തിൽ പെടുന്നുണ്ടോ? ഉയരത്തിൽ നില്ക്കുന്ന കുത്തബ്മിനാറുകളും കോൺക്രീറ്റ് ഹുങ്കുകളും കൂടല്ലൂരിലില്ല.
കേരളീയ മനസ്സിൽ നവകേരളത്തിന്റെ ഈ എഴുത്തച്ഛൻ വരച്ചിട്ട കഥകളും കഥാപാത്രങ്ങളുമായി അമരന്മാരുടെ ഈ ഗ്രാമം മലയാളിയുടെ മനസ്സിൽ ഭൗതികമായ ഉയരങ്ങളെ അതിജീവിച്ച് ഉയർന്നുയർന്നു നില്ക്കുന്നു. എം.ടിയുടെ ഭാഷയിൽ തന്നെ നന്ദി പറയാം, നമ്മുടെ മനസ്സിന്റെ മരുപ്പറമ്പിൽ തണലും തണുപ്പും സുഗന്ധവുമായി അദ്ദേഹം നട്ടുനനച്ച കാലത്തിനും ഈ ദേശസ്മരണയുടെ ഉർവ്വരതക്കും നന്ദി പറയാം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.