അബ്ദുൾ നാസിർ. യൗവ്വനകാലത്തെ ചിത്രം.

നാലുതവണ കാൻസർ പെരുകിയാർത്ത
ശരീരം, അതിജീവിച്ച ജീവിതം

ശരീരത്തിന്റെ പലയിടങ്ങളിലായി നാലുതവണ കാൻസർ വരികയും അതിനെ ആശങ്കയും സംഘർഷവും പ്രത്യാശയും ഇടകലർന്ന ആസക്തിക​ളോടെ നേരിട്ട്​ അതിജീവിക്കുകയും ചെയ്​ത ഒരു ജീവിതത്തിന്റെ കുറിപ്പ്​

2014. മുംബൈയിൽ ഒരു നോമ്പുകാലത്തിന്റെ അവസാനം.
നോമ്പുതുറക്കാൻ ആദ്യത്തെ പിടി ഭക്ഷണം അകത്തേക്കുചെന്നപ്പോൾ വയറ്റിൽ ചെറിയൊരു വേദന പോലെ. 35 വർഷത്തെ കുത്തഴിഞ്ഞ ബോംബെ ഭക്ഷണശീലം, പോരാത്തതിന് നോമ്പുകാലവും, വേദന അതിന്റേതായിരിക്കുമെന്നുറപ്പിച്ച് കഴിപ്പു തുടർന്നു. വേദനയുടെ കാര്യം വിട്ടു.

നോമ്പൊക്കെ കഴിഞ്ഞ്, പെരുന്നാളിന് വീട്ടിലേക്ക് പോയി.
ട്രെയ്‌നിലാണ് യാത്ര. വീട്ടിലെത്തിയപ്പോൾ വീണ്ടും വയറുവേദന. ഇപ്രാവശ്യം ട്രെയ്‌നിലെ ഭക്ഷണത്തിനായിരുന്നു കുറ്റം. എന്തായാലും നാട്ടിലെ ഒരു ഡോക്ടറെ കണ്ടു. മലം പരിശോധിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ. രണ്ടാമതൊന്നാലോചിച്ച് ഇതുകൂടെ പറഞ്ഞു, വേദന ഇനിയും മാറുന്നില്ലെങ്കിൽ നാസിർ ഒരു കാര്യം ചെയ്യൂ, കോളനോസ്‌കോപി കൂടി ചെയ്‌തേക്കൂ. മുംബൈയിലെ ജോലിസ്ഥലത്തുനിന്ന് അടിയന്തരമായി വിളി വന്നതിനാൽ കോളനോസ്‌കോപി വേണമെങ്കിൽ അവിടെ ചെന്നിട്ടാകാമെന്നായി ഞാൻ.

അബ്ദുൾ നാസിർ

മുംബൈയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ജോലി. ഉമ്മയും ഉപ്പയും ബോംബെയിലായിരുന്നു. എന്റെ ചെറുപ്പത്തിലവർ നാട്ടിലേക്ക് തിരിച്ചുവന്നു. തൃശൂർ ജില്ലയിലെ തൃപയാറിലാണ് വീട്‌. പതിനാലാം വയസ്സിൽ ജോലിയന്വേഷിച്ച് ഞാൻ തിരികെ ബോംബെയിലേക്ക് പോയി. ട്രാവൽസിലും മറ്റുമൊക്കെയായി പല പണികളും ചെയ്തു. രണ്ടുമാസം ഗൾഫിലായിരുന്നു ഭാഗ്യാന്വേഷണം. തിരികെവന്ന് അവസാനം എത്തിപ്പെട്ടതാണീ പറഞ്ഞ കൺസ്ട്രക്ഷൻ കമ്പനി. കബീർ എന്നൊരാളായിരുന്നു മുതലാളി. മുതലാളി എന്ന് പറഞ്ഞാലത് ഞങ്ങളുടെ ബന്ധത്തെ ചുരുക്കലാകും. ഞാനവിടെ ജോലി ചെയ്‌തുകൊണ്ടിരുന്നപ്പോൾ ഉംറയ്ക്ക് പോകാൻ രണ്ടുലക്ഷം രൂപയൊക്കെ തന്ന മനുഷ്യനാണ്. മുംബൈയിൽ തിരിച്ചെത്തി അദ്ദേഹത്തോട് ഞാനെന്റെ പ്രതിസന്ധിയെപ്പറ്റി പറഞ്ഞു. ഒന്നു തുമ്മിയാലുടൻ ഡോക്ടറെ കാണിക്കുന്നയാളാണ് കബീർ. വയറുവേദനയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അദ്ദേഹം പരിചയമുള്ള ഡോക്ടറെ വിളിച്ച് പരിശോധനയ്ക്കുള്ള കാര്യങ്ങളൊക്കെ തരപ്പെടുത്തി. പദ്ധതിയിട്ടപ്രകാരം ടെസ്റ്റ് കഴിഞ്ഞു. ആറുമണിയായപ്പോൾ കമ്പനിയിൽ നല്ല പരിചയമുണ്ടായിരുന്ന ഒരു എഞ്ചിനീയർ അടുത്തുവന്ന്, ‘നാസിറെ, നിന്നോടൊരു കാര്യം പറയാനുണ്ട്​’ എന്നുപറഞ്ഞു.

ഒരു കുടുംബത്തിൽ രണ്ട് കാൻസർ രോഗികൾ. എന്തൊരു പരീക്ഷണം. വിലസി നടക്കുന്ന പ്രായം, പരുങ്ങിയ സാമ്പത്തികനില, കൂട്ടുകുടുംബത്തിന്റെതായ പരാധീനതകളും.

അടുത്ത പത്തുവർഷങ്ങളിൽ എനിക്ക് നുള്ളിപ്പെറുക്കി കളയാനിരുന്ന നാലു കാൻസറുകളിൽ ആദ്യത്തേതിനെക്കുറിച്ചാണ് അയാൾ പറയാൻ വന്നതെന്ന് ഞാനെങ്ങനെ ഊഹിക്കാൻ? കാൻസർ ആണെന്ന കാര്യം ആദ്യം തന്നെ പറഞ്ഞു. ‘...വൻകുടലിൽ ചെറിയൊരു മുഴയാണ്, നമുക്കത് ഓപറേറ്റ് ചെയ്ത് കളയാം, കുഴപ്പമൊന്നുമില്ല...', ആദ്യ വാചകത്തിന്റെ മുഴക്കത്തിൽ ബാക്കിയൊക്കെ ഒരു മൂളക്കം പോലെ കേട്ടു, പക്ഷെ മനസ്സിലായില്ല. സുഖകരമായ ഒന്നും തന്നെ ഇന്നേവരെ ആരിൽ നിന്നും കേട്ടിട്ടില്ലാത്ത അസുഖം. എന്റെ അനുജന്റെ ഭാര്യ വൻകുടലിൽ കാൻസർ ബാധിച്ച് ട്രീറ്റ്‌മെന്റിലിരിക്കുന്ന സമയമാണ്. ഒരു കുടുംബത്തിൽ രണ്ട് കാൻസർ രോഗികൾ. എന്തൊരു പരീക്ഷണം. വിലസി നടക്കുന്ന പ്രായം, പരുങ്ങിയ സാമ്പത്തികനില, കൂട്ടുകുടുംബത്തിന്റെതായ പരാധീനതകളും. മനസ്സിലൂടെ മിന്നായംപോലെ ചിന്തകൾ കടന്നുപോയിക്കൊണ്ടിരുന്നു. അന്ന് ഞാനെന്റ നാൽപതുകളുടെ തുടക്കത്തിലാണ്. യൗവനത്തിന്റെ വാർധക്യമെന്നൊക്കെ പറയാറുണ്ടല്ലോ, ആ ഒരു സമയം. അന്നെനിക്കും ശരിക്കും വാർധക്യം അനുഭവപ്പെട്ടു. മരണത്തെയൊക്കെ പൂർണമായും അംഗീകരിച്ചു. ചികിത്സയെക്കാളും അതിജീവനത്തെക്കാളും അതാണ് എളുപ്പമെന്ന് തീർച്ചപ്പെടുത്തി.

ബോംബെ കാലം.

ആറരയായപ്പോഴേക്കും ഞാനാ സ്‌പോട്ടിൽ നിന്ന് വിട്ടു. അടുത്തുള്ള ഹാജി അലി ദർഗയിൽ പോയി കുറെ നേരമിരുന്നു. ഫോണെടുത്ത് ആദ്യം വാപ്പായെ വിളിച്ചു, കരഞ്ഞു. കാൻസറാണെന്ന് പറഞ്ഞു. വീണ്ടും കുറേപ്പേരെ വിളിച്ചു. നാട്ടിലേക്ക് കേറി വാ, ബാക്കി നമുക്ക് ഇവിടെ വെച്ച് നോക്കാമെന്നായി അവരൊക്കെ.
അങ്ങനെ മുംബൈജീവിതം മതിയാക്കി തിരിച്ച് നാട്ടിലേക്ക്. മുംബൈയിലെ ഡോക്ടർമാർ പറഞ്ഞതും അതുതന്നെ. ഞാൻ നാട്ടിലെത്തിയത് പക്ഷെ ഓപറേഷന് വേണ്ടിയായിരുന്നില്ല. നാട്ടിലെത്തി ചൂലൂർ ഖബർ പള്ളിയിൽ പോയി എന്റെ മയ്യത്ത് വെക്കാനുള്ള സ്ഥലമൊക്ക് പറഞ്ഞ് ഏർപ്പാടാക്കി. വീട്ടുകാർക്ക് ആ സംഭവമൊക്കെ ഒരുപാട് വിഷമമുണ്ടാക്കിയിരുന്നു.

അബ്ദുൽ കാദർ തന്ന ധൈര്യം

ജീവിതത്തോട് ഇഷ്ടക്കുറവുള്ള ആളൊന്നുമായിരുന്നില്ല ഞാൻ. പക്ഷെ മുമ്പോട്ടുള്ള ജീവിതത്തെക്കുറിച്ച് അന്ന് വല്ലാത്ത ഒരപരിചിതത്വം തോന്നി. ചികിത്സയെടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല. പലരും വന്ന് ഉപദേശിക്കും. ആയിടെ എന്നെക്കാണാൻ ചെന്ത്രാപ്പിന്നിയിൽനിന്ന് ഒരാൾ വന്നു. പേര് അബ്ദുൾ ഖാദർ എന്നായിരുന്നെന്നാണ് ഓർമ. ഭാര്യയുമൊത്താണ് വന്നത്. അയാൾ അനുഭവിച്ച യാതനകളെക്കുറിച്ച് പറഞ്ഞു. കീമോയും ഓപ്പറേഷനും കഴിഞ്ഞിരിക്കുന്ന സമയമാണ്. ചികിത്സയെക്കുറിച്ച് വിശദമായി സംസാരിച്ചു. കാൻസർമുക്തനാകാൻ പോകുന്നതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞു. അപ്പോഴേക്കും ട്രീറ്റ്‌മെൻറ്​ എടുക്കാനുള്ള ധൈര്യവും ആഗ്രഹവും എനിക്കുണ്ടായിത്തുടങ്ങി. ഒരു വർഷത്തോളം കഴിഞ്ഞ് ഞാൻ കീമോ ചെയ്യുന്ന സമയത്ത് ഇയാളെ വീണ്ടും കണ്ടു, കാൻസറൊക്കെ മാറി, അടുത്ത മാസം ദുബായിൽ മക്കളുടെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. നിന്റെ അസുഖവും മാറും, നമുക്ക് വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.

താങ്ങാനാളുള്ളപ്പോൾ തളരുമെന്നായിരുന്നു ട്രീറ്റ്‌മെൻറ്​ സമയത്തെ എന്റെ ഫിലോസഫി. ചികിത്സ തേടാൻ ധൈര്യം വന്നപ്പോൾ ആർക്കും ബുദ്ധിമുട്ടില്ലാതെ എങ്ങനെ മുന്നോട്ടുപോകാമെന്നായിരുന്നു ചിന്ത

ഏതാണ്ടൊരു മാസം കഴിഞ്ഞ് ഞാൻ വീണ്ടും കീമോ ചെയ്യാൻ പോകുന്ന സമയത്താണറിഞ്ഞത്, ഈ വന്നുപറഞ്ഞ മനുഷ്യൻ മരിച്ചെന്ന്. ഞാനിതറിഞ്ഞപ്പോൾ ശരിക്കും തളർന്നു. എന്നോടൊപ്പം വാർഡിലുണ്ടായിരുന്ന വേറെയും ഒരുപാടുപേരുടെ മരണം ഞാൻ കണ്ടു. രസകരമായ കാര്യം, ഞാനിപ്പോൾ കാൻസർ രോഗികളെ കാണാൻ പോകാറുണ്ട്. എനിക്കാവുന്ന തരത്തിൽ സഹായിക്കാറുണ്ട്. അബ്ദുൾ കാദർ എന്നോട് ചെയ്തതുപോലെ.

താങ്ങാനാളുള്ളപ്പോൾ തളരുമെന്നായിരുന്നു ട്രീറ്റ്‌മെൻറ്​ സമയത്തെ എന്റെ ഫിലോസഫി. ചികിത്സ തേടാൻ ധൈര്യം വന്നപ്പോൾ ആർക്കും ബുദ്ധിമുട്ടില്ലാതെ എങ്ങനെ മുന്നോട്ടുപോകാമെന്നായിരുന്നു ചിന്ത. അതൊരു പിടിവാശിയായി കൊണ്ടുനടക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കുറച്ചൊക്കെ വലഞ്ഞിട്ടുണ്ടെന്നത് ശരിതന്നെ.

ആദ്യത്തെ കാൻസർ ചികിത്സിക്കുന്ന സമയത്ത് അസുഖം മൂന്നാം സ്‌റ്റേജിലായിരുന്നു. ലേക്​ഷോർ ഹോസ്പിറ്റലിലെ എച്ച്. രമേശ് ഡോക്ടറാണ് ചികിത്സിച്ചത്. ആർ.സി.സി.യിൽ പോകാൻ പലരുമെന്നെ ഉപദേശിച്ചിരുന്നു. അവിടെയാകുമ്പോൾ ആത്മവിശ്വാസം കൂടുമെന്ന് കരുതിയായിരുന്നു അത്. എനിക്ക് നേരെ മറിച്ചാണ് തോന്നിയത്.​ ലേക്​ഷോറിൽ പോകാമെന്നത് അതുകൊണ്ടുതന്നെ വ്യക്തിപരമായ കാരണങ്ങളാലായിരുന്നു. ഓപറേഷൻ കഴിഞ്ഞു, പിന്നെ ആറുമാസം കീമോ. ആദ്യമൊക്കെ എല്ലാവരും കൂടെ വരുമായിരുന്നു. അതെന്നെ ആശ്വസിപ്പിക്കുന്നതിനെക്കാൾ അസ്വസ്ഥതപ്പെടുത്തി. വീട്ടിൽ രണ്ടുപേർ ഒരേ കാൻസർ ചികിത്സ എടുക്കുന്നുണ്ട്. ഞാൻ കാരണം മറ്റുള്ളവർ ബുദ്ധിമുട്ടരുതെന്ന ചിന്ത ഒരു ഭാഗത്തും, ഒറ്റപ്പെട്ടാലുള്ള ഭയം മറുഭാഗത്തും. ഇബാദത്തിലായിരുന്നു അന്ന് ആശ്രയം കണ്ടെത്തിയത്. വിശ്വാസം വ്യക്തിപരമായി എന്നെയന്ന് സഹായിച്ചു. കീമോയുടെ കോഴ്‌സ് കഴിഞ്ഞ് അസുഖം ഭേദമായി.

'വർഷത്തിൽ ആറുമാസത്തോളം കീമോ തെറാപിയിലായിരിക്കും. ഒരോ തവണ കാൻസർ വരുമ്പോഴും വർഷങ്ങളുടെ ദൈർഘ്യവും ചെറുതാവും.'

ഏതാണ്ടൊരുവർഷം കഴിഞ്ഞ് റെഗുലർ ചെക്കപ്പിൽ വീണ്ടും കാൻസറിന് സാധ്യയുണ്ടെന്നറിഞ്ഞു. വിശദപരിശോധന കഴിഞ്ഞപ്പോൾ വൻകുടലിൽ വീണ്ടും കാൻസർ. ഓപ്പറേഷൻ കഴിഞ്ഞ സ്ഥലത്ത് വീണ്ടും സർജറി വേണം, കീമോ ചെയ്യണം. കാൻസർ തുടർച്ചയായി വന്നാൽ മാറില്ലെന്ന് ആളുകൾ പറയുന്നു. ഞാൻ വീണ്ടും വിഷാദത്തിലേക്ക് കൂപ്പുകുത്തി. അടുത്ത ഓപറേഷന് തയ്യാറായി. ഈ തവണ കീമോ ചെയ്യാൻ എനിക്കൊപ്പം കൂട്ടിന് വന്നത് മൂത്ത പെങ്ങളായിരുന്നു. ഒന്നുരണ്ട് സെഷൻ കഴിഞ്ഞു. ഒരുദിവസം ഇത്താത്തയ്ക്ക് ഒരു വേദന. ഡോക്ടറെ കാണിച്ചപ്പോൾ വീട്ടിലെ മൂന്നാമത്തയാൾക്കും കാൻസർ സ്ഥിരീകരിച്ചു. ആമാശയത്തിലായിരുന്നു കാൻസർ. ഉടൻ ചികിത്സ വേണം. 80,000 രൂപയുടെ കീമോയാണ് അവർക്ക് ചെയ്‌തോണ്ടിരുന്നത്. അതോടെ ഞങ്ങൾ ഒരുമിച്ച് പോയി കീമോ ചെയ്യാൻ തുടങ്ങി. അതിനിടെ അനുജന്റെ ഭാര്യ മരിച്ചു. എന്റെയും ഇത്താത്തയുടെയും കാൻസർ മാറി.

കീമോ ചെയ്യാൻ ഞാനൊറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകും. ബൈസ്റ്റാന്ററുണ്ടെന്ന് കള്ളം പറയും. ഹോസ്പിറ്റൽ സ്റ്റാഫുമായൊക്കെ ഞാനപ്പഴേക്കും നല്ല പരിചയത്തിലായിരുന്നു. കീമോ കഴിയുമ്പഴേക്ക് പക്ഷെ തളരും. ചിലപ്പോൾ സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ച് തിരിച്ചുകൊണ്ടുവിടണമെന്ന് പറയും.

2017-ൽ രക്തം പരിശോധിച്ചപ്പോൾ മൂന്നാമതും കാൻസർ വരാനുള്ള സാധ്യത കണ്ടു. ഇപ്രാവശ്യം വൻകുടലിൽ നിന്ന് മാറി ശ്വാസകോശത്തിലായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം. ചികിത്സാചെലവിനുള്ള പണം അന്നൊരു ചോദ്യചിഹ്നമായിരുന്നു. ആ ഒരു കാരണം കൊണ്ട് ഞാൻ മൂന്നാമത്തെ ചികിത്സ ജൂബിലി മിഷൻ ഹോസ്റ്റ്പിറ്റലിലേക്ക് മാറ്റി. സർജറിയിൽ കോംപ്ലിക്കേഷനൊക്കെ ഉണ്ടായി. ഈ തവണ കാൻസർ വന്നപ്പോൽ ഞാൻ ലോണെടുത്ത് ഒരു കാറ് മേടിച്ചിരുന്നു. പരാശ്രയം കൂടാതെ ചികിത്സ മുന്നോട്ടുകൊണ്ടുപോകണമെന്നതായിരുന്നു അതിനുപിന്നിലെ പ്രധാന ഉദ്ദേശ്യം. കീമോ ചെയ്യാൻ ഞാനൊറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകും. ബൈസ്റ്റാന്ററുണ്ടെന്ന് കള്ളം പറയും. ഹോസ്പിറ്റൽ സ്റ്റാഫുമായൊക്കെ ഞാനപ്പഴേക്കും നല്ല പരിചയത്തിലായിരുന്നു. കീമോ കഴിയുമ്പഴേക്ക് പക്ഷെ തളരും. ചിലപ്പോൾ സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ച് തിരിച്ചുകൊണ്ടുവിടണമെന്ന് പറയും. ഒറ്റയ്ക്ക് ചെയ്തുകളയാമെന്ന വാശിക്ക് ശരീരം എപ്പോഴും പിടിതരില്ല.

അബ്ദുൾ നാസിർ

മൂന്നുമാസം കൂടുമ്പോഴാണ് എനിക്ക് രക്തം പരിശോധിക്കേണ്ടിയിരുന്നത്. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലെ ഞരമ്പിലായിരുന്നു കാൻസറിന്റെ അടുത്ത തവണത്തെ പരാക്രമം, 2018-ൽ. നാലാമത്തെ കാൻസർ. ഇതിന് സർജറി ഒരു മാർഗമല്ല. റേഡിയഷൻ ചെയ്ത് കരിച്ചുകളയണം. എട്ട് കോഴ്‌സുകളുള്ള റേഡിയേഷൻ തെറാപ്പിയാണ്. ഏഴെണ്ണം കഴിഞ്ഞ് എട്ടാമത്തെ റേഡിയേഷൻ എടുക്കാൻ എറണാകുളത്തേക്ക് പോകാനിരിക്കെയാണ് 2018-ലെ മഴ ശക്തിപ്പെട്ടത്. എന്റെ വീട് വെള്ളത്തിലായി. ഹോസ്പിറ്റലിൽ പോകാൻ ഒരു വഴിയും കാണുന്നില്ല. ഡോക്ടറെ വിളിച്ചപ്പോൾ റേഡിയേഷൻ തെറാപ്പിയുടെ കോഴ്‌സ് തെറ്റിക്കുന്നത് ബുദ്ധിയല്ല, എങ്ങനെയെങ്കിലും എത്താൻ ശ്രമിക്കണമെന്ന നിർദേശമാണ് കിട്ടിയത്. അനുജൻ അന്ന് കൂടെയുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞതുകേട്ടപ്പോൾ എങ്ങനെയെങ്കിലും എന്നെ ഹോസ്പിറ്റലിലേക്ക് എത്തിക്കണമെന്ന വാശിയായി അവന്. സുഹൃത്തുക്കളുടെയൊക്കെ സഹായത്തോടെ ഒരുവിധം ഞങ്ങൾ കൊടുങ്ങല്ലൂരെത്തി. ഇനി മുനമ്പത്തെത്തണം. ഏഴു കിലോമീറ്ററോളം വെള്ളത്തിലൂടെ യാത്ര ചെയ്തുപോവുകയല്ലാതെ നിവൃത്തിയില്ല. അവിടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരോട് കാര്യം പറഞ്ഞു. കിലോമീറ്ററുകളോളം അവരെന്നെ വഞ്ചിയിലിരുത്തി തള്ളിക്കൊണ്ടുപോയി. വഞ്ചി മുന്നോട്ടുപോകില്ലെന്നായപ്പോൾ ഞാനും അനുജനും രണ്ടര കിലോമീറ്റർ വെള്ളത്തിലറങ്ങി നടന്നു. മുനമ്പത്തുവെച്ച്, വെള്ളം കേറിയതുകാരണം തിരികെ കൊച്ചിക്ക് പോകാനിരുന്ന ഒരു ടെംമ്പോ വാൻ കിട്ടി. ഒരുവിധം ഹോസ്പിറ്റലിലെത്തി ചികിത്സയെടുത്തു. പൊലീസുകാർക്കായി സർവീസ് നടത്തിയ ഒരു കെ.എസ്.ആർ.ടി.സി.യിൽ കേറിയാണ് തിരിച്ചെത്തിയത്. ശരീരത്തെയും മനസ്സിനെയും വല്ലാതെ തളർത്തിയ ഒരനുഭവമായിരുന്നു. പക്ഷെ അന്ന് ഞങ്ങളോടൊപ്പം നിന്ന മനുഷ്യരൊക്കെ പറഞ്ഞറിയിക്കാനാകാത്ത പ്രതീക്ഷയാണ് നൽകിയത്.

രണ്ടാമത്തെ കാൻസർ എനിക്ക് ശരിക്കും ഒരു ഷോക്കായിരുന്നു. തിരിച്ചുപിടിച്ചെന്ന് കരുതിയിടത്തുനിന്ന് കൈവിട്ടു പോകുന്നതുപോലെയായിരുന്നു.

ഞാൻ നാലാമത്തെ കാൻസറിന്റെ ട്രീറ്റ്‌മെന്റിലിരിക്കെയായിരുന്നു കബീറിന്റെ മരണം. കാൻസർ ചികിത്സയുടെ പലഘട്ടങ്ങളിലും സാമ്പത്തികമായും അല്ലാതെയും പിന്തുണച്ച കബീർ മരിച്ചതും കാൻസർ കാരണമാണ്. ഞാൻ ബുദ്ധിമുട്ടിലായിരുന്നപ്പോൾ എന്റെ ഫുൾ ഓപറേഷന്റെ കാശ് തന്നെന്നെ സഹായിച്ച മനുഷ്യൻ. ആ സമയത്ത് ആളെനിക്ക് ഫ്ലൈറ്റിന് ടിക്കറ്റെടുത്ത് തന്ന് അങ്ങോട്ട് വിളിച്ചു. അദ്ദേഹമെന്നെ ജോലിക്കാരനെക്കാൾ വിശ്വസ്തനായായിരുന്നു കണ്ടത്. ആ കമ്പനിയിൽ എന്നെക്കാൾ ബുദ്ധിയും വിവരവുമുള്ള ഒരുപാടാളുകളുണ്ട്. പക്ഷെ പണി നടക്കുമ്പോൾ സൈറ്റിലെ പണികളുടെ മേൽനോട്ടം കബീർ എന്നെയേൽപ്പിക്കും.

ആശുപത്രിക്കിടക്കയിൽ വെച്ച് അദ്ദേഹം എന്റെ അസുഖത്തെക്കുറിച്ച് ആരാഞ്ഞു. തന്റെ അസുഖം മാറുമോയെന്ന് പ്രത്യാശയോടെ ചോദിച്ചു. അയാളെന്റെ മുന്നിൽ വെച്ചു മരിച്ചു.

അഞ്ചു വയസ്സുകാരന്റെ മാതൃക

രണ്ടാംതവണ കാൻസർ വന്നപ്പോൾ ഒരു സംഭവമുണ്ടായി.
എനിക്ക് കൈയിൽ കാനുല ഇട്ടപ്പോൾ ഫ്ലൂയിഡ് തുടർച്ചയായി റിജ്ക്ട് ചെയ്യുന്ന അവസ്ഥയുണ്ടായി. അടുത്ത തവണ ചെയ്യുമ്പോൾ കർണഞരമ്പിലൂടെ വേണമെന്ന് ഡോക്ടർ കുറിപ്പിലെഴുതി. കഴുത്തിൽ ഒരു സൂചി കേറ്റും. എന്നിട്ട് കാനുല അവിടെ ഫിക്‌സ് ചെയ്യും. ആറുമാസം കൊണ്ടുനടക്കണം. എനിക്കൊരുതരത്തിലും അതുമായി പൊരുത്തപ്പെടാനാവില്ലായിരുന്നു.

'കഴുത്തിൽ കാനുലയുമായി ആറുമാസക്കാലം.' (2014)

അടുത്ത ദിവസം ഡോക്ടർ പറഞ്ഞതുപ്രകാരം നേഴ്‌സ് കഴുത്തിലൂടെ ചെയ്യാൻ തുടങ്ങി. കഴുത്തിലാണെങ്കിൽ ചെയ്യേണ്ടെന്ന് ഞാനും. പാവം അവരെന്തു ചെയ്യാൻ. കൈയിലൂടെ തന്നെ കീമോ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പഴേക്ക് ഞരമ്പുകളൊക്കെ കറുത്ത് തടിക്കാൻ തുടങ്ങി. ഡോക്ടറെത്തി, ആരോട് ചോദിച്ചിട്ടാണിത് ചെയ്തതെന്ന് കയർത്തു. സിസ്റ്റർ എന്നെ നോക്കി. ഡോക്ടർ അപ്പോൾ തന്നെ പുറത്തുപോയി ഒരു ചെറിയ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. അഞ്ചുവയസ്സ് പ്രായം കാണും അവന്. കഴുത്തിലൊരു കാനുലയുണ്ട്. എന്നെക്കൊണ്ട് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കുട്ടിയെ പറഞ്ഞുവിട്ട് ഡോക്ടർ എന്നോട് പറഞ്ഞു, ഈ കുട്ടി എന്തെങ്കിലും തെറ്റുചെയ്തിട്ടാണോ ഇങ്ങനെ? അവന് വല്ലതും അറിയാമോ? എന്തു സന്തോഷത്തോടെയാണ് അവൻ നടക്കുന്നത്. കണ്ടുപഠിക്ക്, എന്ന്.
പിന്നെ ആലോചിക്കാനൊന്നും നിന്നില്ല. ശേഷം അടുത്ത ആറുമാസം ഇത് കഴുത്തിലിട്ടാണ് ഞാൻ ജീവിച്ചത്.

പഞ്ചായത്ത് ഇലക്ഷൻ

രണ്ടാമത്തെ കാൻസർ എനിക്ക് ശരിക്കും ഒരു ഷോക്കായിരുന്നു. തിരിച്ചുപിടിച്ചെന്ന് കരുതിയിടത്തുനിന്ന് കൈവിട്ടു പോകുന്നതുപോലെയായിരുന്നു. ജീവിതത്തിന്റെ വലിയൊരുഭാഗം മുംബൈയിലായിരുന്നതിനാൽ ഞാൻ ‘നാട്ടുകാരൻ' അല്ലായിരുന്നു. അന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്​. രണ്ടാമത്തെ കീമോ കഴിഞ്ഞിരിക്കുന്നു. നാടിനെയും ബന്ധങ്ങളെയും തിരിച്ചുപിടിക്കാൻ വല്ലാത്ത ആഗ്രഹം. ആളുകളെ സഹായിക്കാനുള്ള തോന്നലും കൂടിവന്നു. അസുഖത്തിലൂടെ കടന്നുപോയതുകൊണ്ടായിരിക്കണം. എന്തായാലും ഞാൻ എടത്തിരുത്തി പഞ്ചായത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മാറിമാറി ഭരിക്കാറാണ് പതിവ്. മത്സരിക്കുന്നുണ്ട്, എന്നാലത് എ.എ.പി.യുടെ ബാനറിൽ തന്നെയാകട്ടെയെന്ന് കരുതി. എന്നെനിക്ക് എ.എ.പി.യോട് വലിയ താൽപര്യമായിരുന്നു. എ.എ.പി. വന്ന സമയവുമാണ്. വാർഡിൽ മുന്നൂറിലേറെ വീടുകളുണ്ട്, 996 വോട്ടും. എല്ലാ വീടുകളിലും പോയി, ഒന്നിലധികം തവണം. മത്സരത്തിനുണ്ടായത് ആറു സ്ഥാനാർഥികളായിരുന്നു. ഞാൻ 118 വോട്ട്​ പിടിച്ചു. ആളുകളുമായുള്ള സമ്പർക്കം അസുഖത്തെ നേരിടുന്നതിൽ എന്നെ വലിയതോതിൽ സഹായിച്ചെന്ന് നല്ല ഉറപ്പുണ്ട്. സഹതാപം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. ഒരുതരത്തിലുള്ള ഉപകാരവും അതുകൊണ്ട് ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഈ ബോധ്യം എനിക്ക് പ്രധാനമായിരുന്നു. എനിക്കാരുടേയും സഹതാപം വേണ്ട, ഞാനതൊട്ടാർക്കും കൊടുക്കുകയുമില്ല.

'രണ്ടാമത്തെ കീമോ കഴിഞ്ഞിരിക്കുകയാണ്. നാടിനെയും ബന്ധങ്ങളെയും തിരിച്ചുപിടിക്കാൻ വല്ലാത്ത ആഗ്രഹം. അങ്ങനെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്..'

2018-നുശേഷവും കാൻസർ സാന്നിധ്യം അറിയാൻ മുടക്കാതെ രക്തപരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് നടത്തിയ ടെസ്റ്റിലായിരുന്നു കാൻസർ വന്നതിനുശേഷം എനിക്ക് ഏറ്റവും കുറഞ്ഞ അളവ് രേഖപ്പെടുത്തിയത്. അവസാനം ഡോക്ടറെ കാണാൻ ചെന്നപ്പോൾ എന്നോട് പറഞ്ഞത്, നാസിറെ നീയിപ്പോൾ കാൻസറിനെ പേടിച്ചുജീവിക്കണ്ട. മറ്റ് ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഒരു കരുതൽ വെച്ചാൽ മതിയെന്ന്.

സന്തോഷം തോന്നി. കഴിഞ്ഞവർഷം ലോണെടുത്ത് വാങ്ങിയ കാറിന്റെ അടവ് തീർന്നു. ഇന്നെനിക്ക് നാട്ടിലൊരു കോഴിക്കടയുണ്ട്. അതിനിടെ പരിപ്പും കറിയും ചോറുമെന്റെ ഇഷ്ടഭക്ഷണമായി മാറി. കാൻസർ ബാധിച്ചപ്പോൾ ആരംഭിച്ച വീടുപണി പൂർത്തിയായി. ഇങ്ങനെയൊക്കെയാണിപ്പോൾ ജീവിതം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അബ്ദുൾ നാസിർ

സാമൂഹ്യപ്രവർത്തകൻ, സ്വയം സംരഭകൻ. 2014-18 കാലയളവിൽ നാല് തവണ കാൻസറിനെ അതിജീവിച്ചു.

Comments