ആഫ്രിക്കൻ
വസന്തങ്ങൾ- 34
ആര്യയിലെ സ്റ്റാഫ് റൂമിലും രാജ്യത്തെ പ്രശ്നങ്ങൾ ചർച്ചയാകുമായിരുന്നെങ്കിലും അവിടെ അതും ഞങ്ങൾക്ക് പങ്കെടുക്കാനാവാത്ത ഹിന്ദി ഭാഷയിലായിരുന്നു. മിസ്സിസ് സർക്കാർ, മിസ്സിസ് ഉമാ കൃഷ്ണൻ എന്നിങ്ങനെ രണ്ട് സ്ത്രീകൾ വടക്കേ ഇന്ത്യക്കാരല്ലെങ്കിലും സുന്ദരമായി ഹിന്ദി സംസാരിക്കുന്നവരായിരുന്നു. അവരുടെ സംഭാഷണങ്ങൾ, മിക്കവാറും ഇന്ത്യൻ വംശജർക്കെതിരേയുള്ള ഒരു ലഹളയാണ് ഈ ‘കാലിയ’ (കറുമ്പൻ) കൂട്ടങ്ങൾ ആരംഭിച്ചിരിക്കുന്നത് എന്ന നിലയിലാണ് പുരോഗമിച്ചിരുന്നത്. ഞങ്ങൾ മലയാളികൾ അതിൽനിന്ന് പുറത്തായിരുന്നു. അദ്ധ്യാപകരെ പൊതുവേ ബാധിക്കുന്ന പ്രശ്നങ്ങളായാലും നമ്മൾ പുറത്തുതന്നെ. വംശീയതയുടെ വികൃതമുഖങ്ങളിൽ ഒന്ന് ഞങ്ങൾ നേരിട്ടറിഞ്ഞതും അനുഭവിച്ചതും കെന്യയിലെ ഇന്ത്യൻ വംശജരിൽ നിന്നും അവിടെയുള്ള എലീറ്റ് പ്രവാസികൾക്കിടയിൽ നിന്നും ആയിരുന്നു. കറുത്ത ആഫ്രിക്കരേക്കാൾ ഒരു ചെറിയ പടി ഉയരം. അത്രയേ ദക്ഷിണേന്ത്യന്മാർക്ക് അനുവദിച്ചിരുന്നുള്ളൂ.
ക്ലാസ് മുറികളിലായിരുന്നു ഞങ്ങളുടെ അഭയം. നിർദ്ദോഷമായി പറയുന്ന ഒരു തമാശ പോലും നിമിഷമാത്രയിൽ ‘ഹെഡ്ഡി’ന്റെ ചെവിയിൽ എത്തിക്കുന്ന വ്യക്തികൾക്കൊപ്പമായിരുന്നു ഞങ്ങൾ ജോലി ചെയ്തിരുന്നത്. സി. ആർ. ഇ (ക്രിസ്റ്റ്യൻ റിലിജിയസ് എജ്യുക്കേഷൻ) ഒരു പാഠ്യ വിഷയമായിരുന്നു. ഒപ്പം, ഹിന്ദു മതപഠനവും ഇസ്‍ലാമിക മതപഠനവും സിലബസിലുണ്ടായിരുന്നു.
സി. ആർ. ഇ പഠിപ്പിക്കാനുണ്ടായിരുന്നത് ഒരു യുഗാണ്ടൻ സ്ത്രീയായിരുന്നു. മൃദുഭാഷിയും ഏതാണ്ട് അന്തർമുഖിയുമായ സ്ത്രീ. മിസ് ആരാച്ച് എന്നായിരുന്നു പേര്. അത് ഒരു കുലനാമം മാത്രം. അവരുടെ പേരെന്താണെന്ന് ഞങ്ങൾ ഒരിക്കലും അറിഞ്ഞില്ല. അപൂർവം ചില അവസരങ്ങളിൽ യുഗാണ്ടയിൽ അവർ ജീവിച്ചിരുന്ന ആഡംബരജീവിതത്തെക്കുറിച്ചും മറ്റും എന്റെ സഖിയോട് സംസാരിച്ചിരുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നെന്നു കണ്ടാൽ ഒന്നുകിൽ ആ വിഷയം അവിടെ അവസാനിപ്പിക്കും; അല്ലെങ്കിൽ വിഷയം മാറ്റും. അവർ മറ്റു ആഫ്രിക്കൻ ജീവനക്കാരോടെല്ലാം കിസ്വാഹിലിയിലാണ് സംസാരിച്ചിരുന്നത്. മിസ്സിസ് ശർമ്മയുടെ സ്ഥിരം വേട്ടമൃഗമായിരുന്നു മിസ് ആരാച്ച്. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും സ്റ്റാഫ് റൂമിൽ ഏറ്റവും ഉയരത്തിൽ ഘടിപ്പിച്ചിട്ടുള്ള ബെൽ അവർക്കുവേണ്ടി ശബ്ദിക്കാതിരുന്നില്ല. മിസ്സിസ്സ് ശർമ ഒരു ‘പ്രൈവറ്റ്’ മീറ്റിംഗിന് അവരുടെ ഓഫീസിലേക്ക് നിങ്ങളെ വിളിക്കുന്നു എന്നതിനർത്ഥം, നിങ്ങൾ പോലും അറിയാത്ത ഏതോ പ്രശ്നത്തിൽ നിങ്ങളുടെ പേര് ഉയർന്നിരിക്കുന്നു എന്നാണ്. ആർക്കു വേണ്ടിയായാലും ആ ബെൽ മുഴങ്ങുമ്പോൾ മിസ് ആരാച്ച് പകുതി ആത്മഗതമായി ഇങ്ങനെ പറഞ്ഞിരുന്നു, ‘ഐ ഫിയർ ദാറ്റ് ബെൽ’.
അവരെക്കുറിച്ച് ധാരാളം (ഇല്ലാ)കഥകൾ പരന്നിരുന്നു. അവയിൽ ഒരെണ്ണമെങ്കിലും വിശ്വസനീയമായിരുന്നു എന്നു പറയാം. ഇദി അമീനു ശേഷം യുഗാണ്ടയിൽ അധികാരം കയ്യാളിയ മിൽട്ടൺ ഒബോട്ടെയുടെ ഏറ്റവും വിശ്വസ്തനായ സേനാധിപന്റെ കാമുകിയും പിൽക്കാലത്ത് ‘വെപ്പാട്ടി’യുമായിരുന്നു ആരാച്ച്. ഒബോട്ടെയുടെ കാലം യൊവെരി മുസെവെനി എന്ന കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പട്ടാളക്കാരൻ അവസാനിപ്പിച്ചതോടെ ഒബോട്ടെയുടെ സേവകന്മാരെ കൊന്നു. ആ കൂട്ടത്തിൽ ആരാച്ചിന്റെ കാമുകനും ഉണ്ടായിരുന്നത്രേ. ആ കാലത്ത് യുഗാണ്ട എയ്ഡ്സ് രോഗത്തിന്റെ മരണപ്പിടിയിൽപ്പെട്ട് മെല്ലെ മെല്ലെ ഇല്ലാതാവുകയായിരുന്നു. പട്ടാളമേധാവിയുമായുള്ള വേഴ്ചയിൽ നിന്നാവണം, ആരാച്ച് ഒരു എയ്ഡ്സ് രോഗിയായി. സ്ക്കൂളിൽ മറ്റ് അദ്ധ്യാപകർക്കെല്ലാം അതറിയാമായിരുന്നു. ആ രോഗത്തെപ്പറ്റി നിറയെ അന്ധവിശ്വാസങ്ങൾ ആഫ്രിക്കയിൽ പ്രചരിച്ചിരുന്നു. അതിനാൽ ആരാച്ചിനെ ആരും കൂടെ കൂട്ടിയില്ല. അവർ രോഗത്തെ ഭയപ്പെട്ടിരുന്നതിലേറെ മിസ്സിസ് ശർമയുടെ ബെല്ലിനെ ഭയപ്പെട്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം മിസ് ആരാച്ച് മരിച്ചു എന്ന വാർത്തയെത്തി. എയ്ഡ്സ് രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാൽ സ്ക്കൂളിൽ നിന്ന് ആരും സംസ്കാരത്തിനു പോയില്ല. ഒരു ബൊക്കെ അയച്ചുകൊടുത്തു. അങ്ങനെ പേടിച്ച് ഓടിക്കൊണ്ടിരുന്ന ഒരു പാവം സ്ത്രീ അസ്തമിച്ചു.
ഇതിനിടെ ഒരു ചെറിയ ഡൈഗ്രെഷൻ എടുത്തോട്ടെ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗ്രാമാന്തരങ്ങളിൽ സ്ത്രീ, എപ്പോഴും നടക്കുകയും പലപ്പോഴും ഓടുകയുമായായിരുന്നു. വെള്ളം കൊണ്ടുവരാൻ, വിറകൊടിച്ചു കൊണ്ടുവരാൻ, അങ്ങാടിയിൽ പോയി വരാൻ, ബലം പ്രയോഗിച്ച് സെക്സിന് വിധേയരാക്കുന്ന ആണുങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ; അങ്ങനെ ആഫ്രിക്കൻ സ്ത്രീയുടെ ജീവിതം പലായനങ്ങളുടെ നൈരന്തര്യമായിരുന്നു. ആ കൂട്ടത്തിൽ ഓടി രക്ഷപ്പെടാൻ തന്നാലാവും വിധം ശ്രമിച്ച വ്യക്തിയായിരുന്നു മിസ് ആരാച്ച് എന്ന യുഗാണ്ടൻ ടീച്ചർ എന്നു ഞാൻ അനുമാനിച്ചു. ബുച്ചി എമെച്ചേറ്റയുടെ ജോയ്സ് ഓഫ് മദർഹൂഡിൽ തുടങ്ങി റ്റ്സിറ്റ്സി ഡാങ്ഗെറെംബ്ഗ (Tsitsi Dangerembga) യുടെ നെർവസ് കണ്ഡിഷൻസ് വരെയുള്ള ആഫ്രിക്കൻ സ്ത്രീപക്ഷരചനകളിലെ ഒരു അന്തർധാരയായി, നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീയുടെ ബിംബം തെളിഞ്ഞുനിൽക്കുന്നു.
▮
ആര്യയിലെ കുട്ടികൾ കലാപരമായ കഴിവുകളുള്ളവരായിരുന്നു എന്ന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. സ്ക്കൂളിന്റെ ആനിവേഴ്സറി സ്പീച്ച് ഡേ എന്നാണ് അറിയപ്പെട്ടിരുന്നത്. അത് ഞങ്ങളുടെ ഹെഡ്ഡ് മിസ്സിസ് ശാരദാ ശർമക്ക് തന്റെ തോൽപ്പാവകളെ അണിനിരത്തി ആര്യയുടെ; അതായത്, ആര്യ സമാജിന്റെ, ‘ടോപ് ബ്രാസി’ന് തന്റെ സംഘാടകമികവ് തെളിവുസഹിതം കാണിച്ചു കൊടുത്ത്, അതിന്റെ ആനുകൂല്യങ്ങൾ നേടാനുള്ള അവസരമായിരുന്നു. അതിനുവേണ്ടി ഏതറ്റം വരെ പോകാൻ അദ്ധ്യാപകരും തയാറായിരുന്നു. അദ്ധ്യാപകർക്കിടയിൽ ഒരു കിടമത്സരം തന്നെ ഉണ്ടായിരുന്നു, ആ സ്പീച്ച് ഡേ സീസണിൽ.
എന്റെ സഖി ഒരു പ്രസിഡന്റ്സ് ഗൈഡ് ആയിരുന്നു, നാട്ടിൽ വച്ച്. അതിന്റെ ബാഡ്ജ് അവൾ ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു. അങ്ങനെ ആര്യയിൽ ഒരു ‘ഗേൾ ഗൈഡ്സ്’ യൂണിറ്റ് രൂപം കൊണ്ടു. സ്പീച്ച് ഡേയ്ക്കു വരുന്ന മുഖ്യാതിഥി ഉൾപ്പടെയുള്ളവർക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആ വർഷം സ്വീകരിച്ചത് ബീനയുടെ ഗേൾ ഗൈഡ്സ് ആയിരുന്നു. സത്യത്തിൽ ആ സ്ക്കൂളിലെ മറ്റ് മിക്ക അദ്ധ്യാപകരും അത് (സ്കൗട്ട് ആൻഡ് ഗൈഡ്സ്) കേട്ടിട്ടു പോലും ഉണ്ടായിരുന്നെന്ന് എനിക്കു തോന്നുന്നില്ല. പക്ഷേ ആര്യയുടെ ‘ടോപ് ബ്രാസ്’ സന്തുഷ്ടരായെന്നു മാത്രമല്ല, അവർ അദ്ഭുതപ്പെട്ടു പോയി.
മിസ്സിസ് ശർമ എനിക്കെറിഞ്ഞുതന്ന വെല്ലുവിളി ഒരു സ്കിറ്റ് തയാറാക്കാനായിരുന്നു. വെറും ഒരു സ്കിറ്റ് തട്ടിക്കൂട്ടുന്നതിനേക്കാൾ അൽപം അക്കാദമിക് മൂല്യമുള്ള ഒരു പരിപാടിയാകാം എന്നു ഞാൻ കരുതി. നാടകാഭിനയത്തിൽ താൽപ്പര്യമുള്ള ചില കുട്ടികളെ കൂട്ടി, ആ വർഷം അവർ പഠിച്ചുകൊണ്ടിരുന്ന ജൂലിയസ് സീസറിലെ സീസറെ കൊല്ലുന്ന രംഗവും ബ്രൂട്ടസിന്റെ പ്രസംഗവും (മാർക്ക് ആന്റണിയുടേത് മനഃപ്പൂർവം ഒഴിവാക്കി) വരെയുള്ള ഭാഗങ്ങളായിരുന്നു ഞങ്ങൾ തെരഞ്ഞെടുത്തത്. പൗരുഷത്തിന് മേൽക്കയ്യുള്ള ഒരു ഷെയ്ക്സ്പിയർ കൃതിയാണല്ലോ ജൂലിയസ് സീസർ. അത് പെൺകുട്ടികളെക്കൊണ്ട് അവതരിപ്പിക്കുക എന്നത് ഏറ്റവും ശ്രമകരമായിരുന്നു. പക്ഷേ ഒരു മിനി ഓഡിഷൻ നടത്തി അതിൽനിന്ന് ഞങ്ങൾ തെരഞ്ഞെടുത്തത് സീസർ സമീറ എന്ന പെൺകുട്ടിയെയായിരുന്നു. പഠിക്കാൻ പിന്നാക്കമായിരുന്നെങ്കിലും ഒരു ഡയലോഗ് എഴുതിക്കൊടുത്താൽ ശബ്ദത്തിന്റെ മോഡുലേഷനെല്ലാം കൃത്യമായി മനസ്സിലാക്കി അത് പുനഃസൃഷ്ടിക്കാൻ ബഹു വിദഗ്ദ്ധ. അന്ധനായ സൂത്ത് സേയർ ആയി ജയമാല, ബ്രൂട്ടസ് ആയി ഭാവിഷ, കാഷ്യസ് ആയി കമൽജിത് അങ്ങനെയങ്ങനെ. എല്ലാവരുടെയും പേരുകൾ ഓർക്കുന്നില്ല.
ജൂലിയസ് സീസർ ആയിരുന്നു അന്നത്തെ ഏറ്റവും പ്രീതി നേടിയ പരിപാടി. ഞങ്ങളുടെ മുഖ്യാതിഥി ഒരു ഡോക്ടറായിരുന്നു. ജൂലിയസ് സീസറായി വേഷമിട്ട സമീറ അദ്ദേഹത്തിനുവേണ്ടി ഒരു ഫെലിസിറ്റേഷൻ എഴുതി വായിച്ചു. പരിപാടികളെല്ലാം കഴിഞ്ഞ് പ്രസംഗം തുടങ്ങിയപ്പോൾ ആ ഡോക്ടർ ജൂലിയസ് സീസറായി അഭിനയിച്ച സമീറയെ സ്റ്റേജിലേക്ക് വിളിച്ച് പോക്കറ്റിൽനിന്ന് ഒരു കവറെടുത്ത് നൽകി സദസ്സിനോടായി പറഞ്ഞു; This is a token, not only for the felicitation, but for the role of Julius Caesar. She took me back down memory lane, to my high school days. Thank you for that.
മുഴങ്ങുന്ന ഹർഷാരവങ്ങൾക്കിടെ സമീറ (മെയ്ക് അപ് അഴിക്കാതെ; ‘ഒലീവില’ കിരീടം ഉൾപ്പടെ) ആ കവർ വാങ്ങി. അന്നത്തെ പരിപാടിക്ക് മിസ്സിസ് ശർമയുടെ ഭർത്താവ് മി. ശർമ ഒരു ‘ആര്യാ ടോപ് ബ്രാസ്’ എന്ന നിലയിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനും സന്തോഷമായി.
ആര്യയിലെ മറ്റൊരു പ്രത്യേകത, കുട്ടികൾക്ക് നൽകുന്ന സമ്മാനങ്ങളായിരുന്നു. സമ്മാനം കിട്ടേണ്ട കുട്ടികളെ അദ്ധ്യാപകർ തെരഞ്ഞെടുത്തശേഷം, അവരെ സ്വകാര്യമായി വിളിച്ച്, ഒരു അതിശയസമ്മാനം കിട്ടുകയാണെങ്കിൽ അത് എന്തായിരിക്കും എന്ന് അന്വേഷിക്കും. അങ്ങനെ സമ്മാനദാനക്കമ്മിറ്റി നയ്റോബി ആര്യ സമാജിന്റെ സഹായത്തോടെ കുട്ടികൾക്കുള്ള സമ്മാനങ്ങൾ കണ്ടെത്തും. സമ്മാനമുണ്ടെന്നല്ലാതെ, എന്താണതെന്ന് കുട്ടിക്ക് യാതൊരറിവുമുണ്ടാവില്ല. അതാണ് അതിശയം, അഥവാ സർപ്രൈസ്.
സ്പീച് ഡേ കഴിഞ്ഞതിന്റെ പിറ്റേന്ന് ഉച്ചയ്ക്കുള്ള ബ്രേക്ക് സമയത്ത് സമീറ എന്നെ കാണാൻ വന്നു. സസർ, എനിക്ക് ഒരു കാര്യം പറയാനുണ്ട്’.ഋ
‘എന്താണ് സമീറ?’
‘ഇന്നലെ ചീഫ് ഗസ്റ്റ് എനിക്കുതന്ന സമ്മാനം സത്യത്തിൽ സാറിനു തരേണ്ടതായിരുന്നു. ആ ഫെലിസിറ്റേഷൻ എഴുതി, പറയാൻ പഠിപ്പിച്ചതും ജൂലിയസ് സീസറായി എന്നെ കാസ്റ്റ് ചെയ്തതും അത്രയും ദിവസമെടുത്ത് ഡയലോഗ് റിഹേഴ്സൽ നടത്തിയതും എല്ലാം സാറല്ലേ? അതുകൊണ്ട് എനിക്കു കിട്ടിയ സമ്മാനം മുഴുവനായല്ലെങ്കിലും പകുതിയെങ്കിലും സർ വാങ്ങണം’, ഇതും പറഞ്ഞ് ആ കുട്ടി ഒരു 500 KsH (കെന്യാ ഷില്ലിംഗ്) നോട്ടും കയ്യിൽ വച്ച് നിൽക്കുകയാണ്.
ഞാൻ വളരെ നിർബന്ധിച്ച് അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. അന്നും ഇന്നും എന്റെ വിശ്വാസം, അവളെക്കൊണ്ട് അത് ചെയ്യിച്ചത് മിസിസ്സ് ശർമയാണെന്നാണ്. ആ പദ്ധതി വിജയിച്ചിരു ന്നെങ്കിൽ അവർക്ക് രണ്ട് പ്രധാന അറിവുകൾ എന്നെക്കുറിച്ച് കിട്ടിയേനെ.
ഒന്ന്, പണം കാണിച്ചാൽ ഇവൻ വീഴും.
രണ്ട്, അതുകൊണ്ട് ഇവനെ സൂക്ഷിക്കണം.
ആര്യയിലെ ആഘോഷങ്ങൾക്കപ്പുറം ഞങ്ങളുടെ ജീവിതം സൗഹൃദങ്ങളുടെ ഓളപ്പാത്തികളിലൂടെ തെന്നി നീങ്ങിക്കൊണ്ടിരുന്നു.
മുട്ടം മുരളി ഞങ്ങളുടെ അടിക്കടിയുള്ള സന്ദർശകനായിരുന്നു, അപ്പോഴേക്ക്. മുരളി എന്ന പേരുപേക്ഷിച്ച് ‘സൂര്യ’ എന്ന പേരിൽ അയാൾ കഥകൾ എഴുതാൻ തുടങ്ങിയിരുന്നു. പലതും മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചു വന്നിരുന്നത്. ഒരു കഥയുടെ പേര് സഞ്ചാരികളുടെ നഗരം എന്നായിരുന്നു. നയ്റോബി നഗരമായിരുന്നു അതിലെ നായകൻ / നായിക. വരുന്നവർ സ്ഥിരമായി തങ്ങാത്ത, ഒരിക്കലും സ്വന്തമാവാത്ത, ആർക്കും ഒരു വാതിൽ എപ്പോഴും തുറന്നിട്ടു കൊടുക്കുകയും, തോന്നുമ്പോൾ വലിച്ചുപുറത്തിട്ട് മുഖത്ത് വാതിൽ അടയ്ക്കുകയും, രാത്രികളിൽ വിളക്കുകളുടെ പൂന്തോട്ടം തുറന്നിട്ട് ക്ഷണിക്കുകയും ചെയ്യുന്ന നയ്റോബിയെ തീക്ഷ്ണമായി പ്രതിഫലിപ്പിക്കുന്ന ഒരു കഥ. മുരളി ഞങ്ങളെ സന്ദർശിക്കുമ്പോഴെല്ലാം എനിക്കു തോന്നിയിട്ടുള്ളത്, അയാൾ ശാന്തമായ കുടുംബാന്തരീക്ഷത്തിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നു എന്നാണ്. അയാൾ മുട്ടത്തേക്ക് പോയിട്ട് വളരെ വർഷങ്ങളായിരുന്നു. നാട്ടിൽ അയാൾക്ക് ഭാര്യയും ഒരു മകളും ഉണ്ടായിരുന്നു. മായമോൾ എന്നായിരുന്നു ആ കുട്ടിയുടെ പേര് എന്നു മാത്രം ഞാൻ ഓർക്കുന്നു.
വിജയകുമാറിനെ പേട്ടെന്ന് കാണാനില്ലാതായി. എന്നു വച്ചാൽ ഞങ്ങളുടെ വീട്ടിലേക്കുള്ള അയാളുടെ വരവ് പൊടുന്നനെ നിലച്ചു. മുട്ടം മുരളി പറഞ്ഞിരുന്നത് അയാളുടെ കൺസ്ട്രക്ഷൻ കമ്പനിയിലെ തിരക്കു മൂലമാണ് കാണാത്തതെന്നാണ്. പിന്നീട് മുരളി തന്നെ എന്നോട് പറഞ്ഞു, വിജയൻ ഇപ്പോൾ മിക്കവാറും വൈകുന്നേരങ്ങളിൽ മുരളി- രാധികമാരുടെ വീട്ടിലെ സന്ദർശകനാണെന്ന്.
ജമൂരി ഡേയിൽ ഞങ്ങളോടൊപ്പം ഒരു സ്പെഷൽ ഡിന്നറൊക്കെ കഴിച്ചുപോയശേഷം മുരളിയും രാധികയും ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നില്ല. അതൊരു വിടവാങ്ങൽ ഡിന്നറായിരുന്നെന്ന് പിന്നീട് ഞങ്ങൾ മനസ്സിലാക്കി.
സ്നേഹം തോന്നിയവർ വിട്ടുപോകുമ്പോൾ തോന്നുന്ന വേദന ഞങ്ങൾ മൂവർക്കും ഉണ്ടായിരുന്നു. ഞങ്ങളുടെ മകളുടെ ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ സുഹൃത്ത് മുരളിയങ്കിൾ ആയിരുന്നു. മുരളി- രാധികമാരുടെ കൊച്ചു മകൻ അച്ചുവിനും ഞങ്ങളോട് മറ്റാരെക്കാളും അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരുടെയും തെറ്റുകൊണ്ടല്ലാതെ വന്നുചേർന്ന ആ അകൽച്ച ഒരു നീറ്റമായി മനസ്സിൽ ഇന്നും അവശേഷിക്കുന്നു. പിന്നീട് ഞാൻ മുരളിയെ ഒരു തവണയേ കണ്ടിട്ടുള്ളു. ഞാൻ പാർക്ക് ലാൻഡ്സിലേക്കു പോകുന്ന ഒരു മട്ടാറ്റുവിൽ ഇരിക്കുമ്പോൾ. മുരളി എനിക്ക് ഒരു പേരിട്ടിരുന്നു: ‘താപസൻ’. ആരോ അതു വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് മുരളി പിൻസീറ്റിലെവിടെയോ ഇരുന്ന് കയ്യുയർത്തി. ഞാനും കയ്യുയർത്തി. ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
ഏറെ നാൾ കഴിഞ്ഞ്, ഒരു ദിവസം വൈകുന്നേരം എന്റെ ഫോൺ റിങ് ചെയ്തത് എടുത്തപ്പോൾ “താപസാ, താപസാ, താപസാ” എന്നു മാത്രം പറയുന്ന മുരളിയുടെ ശബ്ദം അങ്ങേത്തലയ്ക്കൽ. പെട്ടെന്ന് ആ ഫോണിൽ മുട്ടം മുരളി കടന്നുവന്നു. “ഞങ്ങൾ ഇപ്പോൾ മുത്തായ്ഗാ ഗോൾഫ് ക്ളബ്ബിന്റെ വി ഐ പി ഗസ്റ്റ് ഹൗസിലാണ് ഇരിക്കുന്നത്. അല്ല, ഇരിക്കുന്നതും കിടക്കുന്നതും കുടിക്കുന്നതും എല്ലാം ഇവിടെത്തന്നെ. മനസ്സിലായോ, വിപ്ളവകാരീ….”
മുത്തയ്ഗ ഗോൾഫ് ക്ലബ് എന്നത് കെന്യൻ പ്രസിഡന്റിനെപ്പോലുള്ളവരുടെ സ്വൈരവിഹാരകേന്ദ്രമാണ്. അവിടെ മുട്ടം മുരളി എങ്ങനെ ചെന്നെത്തി എന്ന് ഞാൻ ആലോചിച്ചു തുടങ്ങും മുൻപ് മുരളി തന്നെ വിശദീകരിച്ചു; “വിജയ് മല്ലയ്യ എന്നൊരാളെ കേട്ടിട്ടുണ്ടോ; യുണൈറ്റഡ് ബ്രിവറീസിന്റെ ഇപ്പോഴത്തെ സർവ്വാധിപതി. അയാൾ കെന്യയിൽ യു ബി ഡിസ്റ്റില്ലെറീസ് എന്ന പേരിൽ സ്വന്തം വാറ്റുകമ്പനി ആരംഭിച്ചിരിക്കുന്നു. അതിലാണ് മുട്ടം മുരളി ഇപ്പോൾ. എല്ലാം വിജയന്റെ ഔദാര്യം. ഹ ഹ ഹ ഹ…”
രണ്ടു മുരളിമാരെയും ഞാൻ അതിനുശേഷം കണ്ടിട്ടുമില്ല, തമ്മിൽ സംസാരിച്ചിട്ടുമില്ല. യു ബി ഡിസ്റ്റില്ലെറീസ് കെന്യയിൽ മോഹൻ മീകിൻസിന്റെ ‘ഓൾഡ് മോങ്ക്’ നന്നായി മാർക്കറ്റ് ചെയ്തിരുന്നു. പക്ഷേ അവർ ‘സോർഗം’ എന്ന ധാന്യമുപയോഗിച്ച് ഉൽപ്പാദിപ്പിച്ച ബിയർ വലിയ പരാജയമായിരുന്നു. ആ കമ്പനി പച്ചപിടിച്ചില്ല എന്നാണ് പിന്നീട് കേട്ടിട്ടുള്ളത്. മല്ലയ്യയെ സംബന്ധിച്ച് അത് ഇന്നൊരു വാർത്ത അല്ലല്ലോ.
വിജയകുമാർ എങ്ങനെ യു ബി യുമായി ബന്ധം സ്ഥാപിച്ചെന്നോ എന്തായിരുന്നു അയാൾക്ക് അതിലെ റോളെന്നോ അറിയില്ല. വിജയകുമാറിനെക്കുറിച്ച് പിന്നീട് ഒന്നും കേട്ടിട്ടില്ല. ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ചെന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുരളിയുടെ ഒരു കത്ത് വന്നു. അതിനു പിന്നാലെ മുട്ടം മുരളിയുടേതും. മുട്ടം മുരളി കത്തിന്റെ കൂടെ ഒരു നോവലിന്റെ ആദ്യ അദ്ധ്യായവും അയച്ചുതന്നു. വന്ദന എന്നൊരു യുവതിയായിരുന്നു അതിലെ മുഖ്യകഥാപാത്രം. ഇത് നമുക്ക് രണ്ടു പേർക്കും കൂടെ എഴുതാം എന്നയാൾ പറഞ്ഞു. അങ്ങനെ മുട്ടത്തിന്റെ താൽപ്പര്യത്തിനു വഴങ്ങി, വന്ദനയെ ഞാൻ കേരളത്തിൽ നിന്ന് ആഫ്രിക്കയിലെ ഒരു ഗ്രാമീണ സ്ക്കൂളിൽ അദ്ധ്യാപനവൃത്തിക്കെത്തിയ ഒരു ഇന്ത്യൻ എക്കണോമിക് റെഫ്യൂജിയാക്കി മാറ്റി. ഞങ്ങളുടെ ആ ലക്ഷ്യമില്ലാത്ത നോവൽ, മുട്ടം മുരളിയുടെ ജീവിതം പോലെ എവിടെയോ നഷ്ടപ്പെട്ടു. മുരളിയെപ്പറ്റി ഞാൻ ഒരുപാട് അന്വേഷിച്ചു. അയാൾ നാട്ടിൽ തിരിച്ചുവന്നതിനു ശേഷം എന്തുണ്ടായി എന്ന് ആർക്കുമറിയില്ല. മുരളിക്ക് മലയാളി സുഹൃത്തുക്കളും കുറവായിരുന്നു. എന്റെ വിശ്വാസം, മുരളി ഇപ്പോഴും എവിടെയോ ഉണ്ട് എന്നു തന്നെയാണ്. തന്റെ കവിതയും കഥകളും ജീവിതവുമെല്ലാം ഒരു ഭാണ്ഡമാക്കി ഏതോ നദീപ്രവാഹത്തിൽ വലിച്ചെറിഞ്ഞിട്ട് അയാൾ നടന്നു പോകുന്നുണ്ടാവും; ഒന്നും അന്വേഷിക്കാനല്ലാതെ; എല്ലാം കണ്ടും കേട്ടും.
(തുടരും)