Photo: bill wegener / Unsplash

‘‘നിങ്ങളുടെ കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ ആ ക്ലാസിലിടമുണ്ട്, പക്ഷെ…’’

‘‘അയാൾ നീട്ടിയ കയ്യിൽ തൊടാതെ തന്നെ ഞാൻ പടിയിറങ്ങി. എപ്പാർത്തൈഡ് നിരോധിച്ച ഈ രാജ്യത്ത് ഇപ്പോൾ ഇങ്ങനെയാണ് നിറം കുറഞ്ഞവരോട് പെരുമാറുന്നതെങ്കിൽ എപ്പാർത്തൈഡിന്റെ ഭ്രാന്തമായ പരകോടിയിൽ ഇവർ എന്തു തന്നെ പറയുകയും കാണിക്കുകയും ചെയ്തിട്ടുണ്ടാവില്ല’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 41

മ്ബാഷെയിൽ നിന്ന് വളരെ അടുത്താണ് ഐഡ്യൂച്യുവാ ടൗൺ. അവിടെ നിന്ന് മ്ബാഷെയ്ക്ക് ഹൈക്ക് കിട്ടാനും എളുപ്പമാണ്. അതിനാൽ ഞങ്ങൾ വീടന്വേഷണം ഐഡ്യൂച്യുവയിൽ ഒതുക്കി. വാസ്തവത്തിൽ ആ കൊച്ചു ടൗണിൽ അങ്ങനെ ഒരുപാട് വീടുകളൊന്നും ഇല്ലായിരുന്നു, വാടകയ്ക്ക് കൊടുക്കാൻ. മ്ബാഷെ സ്ക്കൂളിൽ ഒഫോസു (മുഴുവൻ പേർ മാർക്ക് ഒഫോസു) എന്നു പേരുള്ള ഒരു ഘാനിയൻ ടീച്ചറുണ്ട്. അയാൾ ഒരിക്കൽ ഐഡ്യൂച്വയിലെ ഒരു പ്രധാന പൗരനായ റവറൻഡ് പുപ്പുമ എന്ന മെതഡിസ്റ്റ് പുരോഹിതന് വീട് വാടകയ്ക്കു കൊടുക്കാനുണ്ടെന്ന് എന്നോട് പറഞ്ഞു. അങ്ങനെ റെവറൻഡിന്റെ രണ്ട് ബെഡ് റൂം ഉള്ള സമാന്യം വലിയ ഒരു വീട്ടിൽ ഞങ്ങൾ ചേക്കേറി. അത് ഏഴെട്ടു വീടുകൾ ചിതറിക്കിടക്കുന്ന ഒരു ഹൗസിംഗ് എസ്റ്റേറ്റ് ആയിരുന്നു. റവ. പുപ്പുമായെപ്പറ്റി പറയുമ്പോൾ ഐഡ്യൂച്വായിലെ സാമാന്യജനം ആവർത്തിക്കുന്ന ഒരു പല്ലവിയുണ്ട് : ദാറ്റ് റവറൻഡ് മാൻ ലൈക് മണി റ്റൂ മച്…

സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുരോഹിതനും പൊതുകാര്യ പ്രസക്തനുമായ ഒരു വ്യക്തിയെക്കുറിച്ചാണ് ഈ പറയുന്നത് എന്ന് ഓർക്കണം. 400 റാൻഡ് വാടക. പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി റവറന്റ് ഞാൻ നീട്ടിയ അഡ്വാൻസ് തിരികെത്തന്നുകൊണ്ട് പറഞ്ഞു; വേണ്ട. എനിക്ക് നിങ്ങളെ വിശ്വാസമാണ്. മാസാവസാനം തന്നാൽ മതി വാടക.

ഫോർട്ട് മലാൻ ഹൈ സ്കൂൾ

അങ്ങനെ ഞങ്ങൾ ആ വൃത്തിയുള്ള വീട്ടിൽ താമസമാക്കി. ആ പ്രദേശത്തെങ്ങും ഞങ്ങൾക്കറിയാവുന്ന ആരുമില്ലായിരുന്നു. ആദ്യം പരിചയപ്പെട്ടത് ഒരു ചെറുപ്പക്കാരനെയായിരുന്നു. ‘മാർക്കി’ന്റെ റഫറൻസ് വച്ചാണ് ഞാൻ അയാളെ കാണാൻ ചെന്നത്. അയാൾ എന്നെ ഒരു ‘ഡർബൻ ഇന്ത്യൻ’ (മൂന്നോനാലോ തലമുറകളായി ദക്ഷിണാഫ്രിക്കയിൽ വംശാവലിയുള്ള ഇന്ത്യൻ കുടിയേറ്റക്കാരിലൊരാൾ) ആയി തെറ്റിദ്ധരിച്ചു. അയാൾ പറഞ്ഞു, ‘ലെറ്റ് മൈ അങ്കിൾ കം. ഐ തിങ്ക് ഹി ഹാസ് പ്രോമിസ്ഡ് ദാറ്റ് ഹൌസ് റ്റു സംവൺ’.

തന്റെ പേര് മനോജ് എന്നാണെന്നും നാട്ടിൽ പുല്ലാട് ആണ് സ്വദേശം എന്നും മനോജ് പറഞ്ഞു. ഞങ്ങൾ വേഗത്തിൽ ഒരു അടുപ്പം സ്ഥാപിച്ചു. മനോജിന്റെ “അങ്കിൾ” യഥാർത്ഥത്തിൽ അയാളുടെ അമ്മയുടെ അനുജത്തിയുടെ ഭർത്താവായിരുന്നു.

അവിടെ നിന്ന് അധികം അകലെ അല്ലാത്ത “ഫോർട്ട് മലാൻ ഹൈ സ്ക്കൂളി”ൽ ആണ് അവർ പഠിപ്പിച്ചിരുന്നത്. കുറെനേരം കഴിഞ്ഞപ്പോൾ അവർ വന്നു. ഡോക്ടറേറ്റുള്ളവരാണ് രണ്ടു പേരും. ചാക്കോ വർഗ്ഗീസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. വീട് കോതമംഗലത്ത്. കൂടുതൽ സംസാരിച്ചപ്പോഴാണ് അവർ ഇന്റർ മാരീഡ് ആണെന്ന് അറിയുന്നത്. ഞങ്ങളെപ്പറ്റി അവർ ആ ഒരു വിവരം അറിഞ്ഞിരുന്നു. അവർക്ക് രണ്ട് മക്കൾ. ഒരാണും (അപ്പു) ഒരു പെണ്ണും (റാണി). അവർ എനിക്ക് നല്ല ഒരു ഊണു തന്നു. വീടും കാണിച്ചു തന്നു. അതിൽ ഒരു ഗീസർ വച്ചു കൊണ്ടിരിക്കയാണ്. ഐഡ്യൂച്വയിൽ ഒരു ചെറിയ ഡാം ഉണ്ട്. അതായിരുന്നു ഞങ്ങൾക്ക് വെള്ളം തന്നു കൊണ്ടിരുന്നത്. ഞങ്ങൾ അവിടെ താമസമാക്കുമ്പോൾ ഐഡ്യൂച്വ ജലക്ഷാമം തീരെ ഇല്ലാത്ത ഒരു പ്രദേശ -മായിരുന്നു. ഐഡ്യൂച്വയിൽ എത്തിയപ്പോഴും അപർണയെ നാട്ടിൽ നല്ലൊരു സ്ക്കൂളീൽ അയച്ച് പഠിപ്പിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. സത്യത്തിൽ അവളെ പിരിയാൻ ഞങ്ങൾക്ക് രണ്ടാൾക്കും കഴിയില്ലായിരുന്നു. ഡിസംബർ അവധിക്കാലത്ത് ഞങ്ങൾ രണ്ടു പേരും ചേർന്ന് നാട്ടിൽ കൊണ്ടു പോയി ആക്കാം എന്ന വേദനാജനകമായ തീരുമാനത്തിലെത്തി. ഐഡ്യൂച്വയിൽ താമസമാക്കിയതിന്റെ പിറ്റേന്ന് രാത്രി അൽ‌പ്പം വൈകി ഓമനയും ചാക്കോ വർഗ്ഗീസും ഞങ്ങളെ കാണാൻ വന്നു. താമസമൊക്കെ സുഖമാണോ എന്ന് അന്വേഷിക്കുക എന്ന വ്യാജേന അവർ ഞങ്ങളോട് അപർണ്ണയുടെ കാര്യം അന്വേഷിച്ചു.

ബട്ടർവർത്ത് (Butterworth) ടൌൺ

അവർ രണ്ടു പേരും ഞങ്ങളെക്കാൾ അല്പം പ്രായവും ജീവിതാനുഭവവും കൂടുതൽ ഉള്ളവരാണ്. മോളെ നാട്ടിൽ അയക്കുന്നത് കൊണ്ടുണ്ടായേക്കാവുന്ന ബന്ധശൈഥില്യ –ത്തെപ്പറ്റിയും കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന “ട്രോമ”യെക്കുറിച്ചും മറ്റും വിവേകികളായ ആ സുഹൃത്തുക്കൾ സംസാരിച്ചപ്പോൾ ഞങ്ങളിരുവരും ആർദ്രചിത്തരായി. ഇന്നും അവർ ഇരുവരോടുമുള്ള സ്നേഹത്തിനും അവരെക്കുറിച്ചുള്ള ഓർമകൾക്കും ഞങ്ങളുടെ മനസ്സിൽ ഒരു മങ്ങലും ഏറ്റിട്ടില്ല എന്ന് ഈ വരികളിൽക്കൂടി ഞാൻ അവരോട് പറഞ്ഞുകൊള്ളട്ടെ.

പിറ്റേന്ന് രാവിലെ അവിടെ നിന്ന് ഈസ്റ്റ് ലണ്ടൻ റോഡിൽ 35 കിലോമീറ്റർ യാത്ര ചെയ്ത് ഞാൻ “ബട്ടർവർത്ത്” (Butterworth) എന്ന അല്പം കൂടി വലിയൊരു ടൗണിലെത്തി. അവിടെ രണ്ട് പ്രധാന സ്ക്കൂളുകളായിരുന്നു ഉള്ളത്; ബട്ടെർവർത് ഹൈ സ്ക്കൂൾ, ന്യൂ ഹൊറൈസൺ സ്ക്കൂൾ. ആദ്യം ഞാൻ ബട്ടർവർത്ത് സ്ക്കൂളിൽ പോയി. അത് ഗവർമെന്റ് സ്ക്കൂൾ ആണ്. അതിനാൽ എല്ലാം “സബ്സിഡൈസ്ഡ്” ആണ്. ബട്ടെർവർത്ത് ഹൈ സ്ക്കൂളിലെ പ്രിൻസിപ്പൽ എന്റെ അഭ്യർത്ഥന കേട്ടയുടൻ ഒരു കൊച്ചു സിംഹാ‍സനത്തിനു തുല്യമായ അയാളുടെ ഇരിപ്പിടത്തിൽ വന്നിരുന്ന്, ഗൗരവം നടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘‘നിങ്ങളുടെ കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ ആ ക്ലാസിലിടമുണ്ട്. പക്ഷെ…”
അവജ്ഞയോടെ ചിറി കോട്ടിക്കൊണ്ട്, “അങ്ങനെ ചെയ്താൽ എന്റെ ക്ലാസിലെ കുട്ടികളുടെ വംശീയ അനുപാതം തകരാറിലാകും. ബെറ്റർ ട്രൈ സം ബാന്റു സ്ക്കൂൾ. ഓർ യു മേ ട്രൈ ന്യൂ ഹൊറൈസൺ; മൈൻഡ് യൂ, ഇറ്റിസ് ഡാം എക്സ്പെൻസിവ്’’.

ഞാൻ എഴുന്നേറ്റു.
അയാളോട് ഞാൻ പറഞ്ഞു, “യൂ ഹാവ് അഡ്വൈസ്ഡ് ദ ബെസ്റ്റ് വേ യു കാൻ. ആസ് ദിസ് കൺസേൺസ് മൈ ചൈൽഡ് ‘സ് ലൈഫ് ഐ വിൽ ടേക് എ വൈസ് ഡിസിഷൻ. ഐ ഡു നോട് നീഡ് യുവർ അസിസ്റ്റൻസ്’’.

അയാൾ നീട്ടിയ കയ്യിൽ തൊടാതെ തന്നെ ഞാൻ പടിയിറങ്ങി. എപ്പാർത്തൈഡ് നിരോധിച്ച ഈ രാജ്യത്ത് ഇപ്പോൾ ഇങ്ങനെയാണ് നിറം കുറഞ്ഞവരോട് പെരുമാറുന്നതെങ്കിൽ എപ്പാർത്തൈഡിന്റെ ഭ്രാന്തമായ പരകോടിയിൽ ഇവർ എന്തു തന്നെ പറയുകയും കാണിക്കുകയും ചെയ്തിട്ടുണ്ടാവില്ല.

എപ്പാർത്തൈഡ് നിരോധിച്ച ഈ രാജ്യത്ത് ഇപ്പോൾ ഇങ്ങനെയാണ് നിറം കുറഞ്ഞവരോട് പെരുമാറുന്നതെങ്കിൽ എപ്പാർത്തൈഡിന്റെ ഭ്രാന്തമായ പരകോടിയിൽ ഇവർ എന്തൊക്കെ ചെയ്തിട്ടുണ്ടാകും. Photo : Wikipedia

ഞാൻ ന്യൂ ഹൊറൈസൺൽ പോയി. അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നൽകി. അത് ഒരു “മൾട്ടി റേഷ്യൽ” സ്ക്കൂളായിരുന്നു. ക്ലാസ്മുറികൾ ചിലതൊക്കെ കാരവാനുകൾ “കൺവർട്ട്” ചെയ്തവയാണ്. ആ സ്ക്കൂളിന്റെ പ്രിൻസിപ്പൽ പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായ ഡേവിഡ് റയാലിന്റെ ബന്ധു എലിസബത്ത് റയാൽ ആയിരുന്നു. ചില മലയാളികളും അവിടെ അദ്ധ്യാപകരായിരുന്നു. സ്വാഭാവികമായ ഭാഷാഭിനിവേശത്താലും പ്രായത്തിൽ കവിഞ്ഞ വായനാശീലത്താലും അപർണ്ണയ്ക്ക് അവരുടെ എല്ലാം പ്രിയപ്പെട്ടവളായിത്തീരാൻ അധികദിവസങ്ങൾ വേണ്ടി വന്നില്ല. മിസ്സ് മൊഫ്ഫാറ്റ് എന്ന ഇംഗ്ലീഷ് ടീച്ചറായിരുന്നു അവളുടെ ക്ലാസ് ടീച്ചർ. ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു; അവർ “ലവ്” (LOVE) എന്ന കൺസെപ്റ്റിനെക്കുറിച്ച് കുട്ടികളെക്കൊണ്ട് അവർക്ക് സങ്കൽ‌പ്പിക്കാവുന്നതെന്തും എഴുതാം എന്നൊരു അസൈന്മെന്റ് നൽകി. അപർണ്ണയുടെ അസൈന്മെന്റ് ആരംഭിച്ചത്

“love is a diamond..” എന്ന രൂപകത്തോടു കൂടി ആയിരുന്നു.അത് ഒരു “എക്സ്റ്റൻഡഡ് മെറ്റഫർ” ആയി അവൾ ആ എഴുത്തിലുടനീളം ഉപയോഗിച്ചു. യാത്രകളിലും വീടു മാറ്റങ്ങളിലും ആ “ഡയമണ്ട്” അടർത്തിയെടുക്കപ്പെട്ടു.

ആ ഇടയ്ക്ക് കുറച്ചുകാലം വിദ്യാഭ്യാസവകുപ്പ് നിയമനങ്ങൾ നിർത്തിവച്ചു. എന്റെ താൽക്കാലികനിയമനവും അതിൽ‌ കുരുങ്ങി. അതിനു വലിയൊരു ചരിത്രമുണ്ട്. ആ ചരിത്രം ഒരിക്കൽ ഇവിടെ വിസ്തരിക്കേണ്ടി വരും. അപ്പോൾ എല്ലാം കൂടെ പറയാം.

എന്റെ സഖിക്ക് ജോലി കിട്ടി പക്ഷേ ശമ്പളം കിട്ടിയിരുന്നില്ല. അതിനു പകരം 1200 റാൻഡ് “മെയ്ന്റെനൻസ്” കിട്ടിയിരുന്നു. ജീവിതം വീണ്ടും കൈവിട്ടു പോകും പോലെ. ആ കാലത്ത് ഞങ്ങളുടെ ഏറ്റവും പ്രിയ സ്നേഹിതൻ മനോജ് ആയിരുന്നു. മനോജ് ഒരു ഗസൽ ഫാൻ ആയിരുന്നു, പ്രത്യേകിച്ച് പങ്കജ് ഉധാസിന്റെ. വലിയ തെറ്റില്ലാതെ പാടുകയും ചെയ്യും. മിക്ക ദിവസങ്ങളിലും മനോജ് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. രാത്രി എട്ടൊൻപതു മണി വരെ ഞങ്ങൾ ഗസലുകളിലൂടെ ഊളിയിട്ടു നടന്നു. ദാരിദ്ര്യം വേണ്ടുവോളമുണ്ടായിരുന്നു. പക്ഷേ സംഗീതം അതിനും മേലെയാണെന്ന് ഞങ്ങൾ അറിഞ്ഞത് ആ ദിനങ്ങളിലാണ്.

ആ കാലത്തെ ഞങ്ങളുടെ പ്രിയ സുഹൃത്ത് മനോജ് ഒരു ഗസൽ ഫാൻ ആയിരുന്നു. രാത്രി എട്ടൊൻപതു മണി വരെ ഞങ്ങൾ ഗസലുകളിലൂടെ ഊളിയിട്ടു നടക്കും. ദാരിദ്രത്തിനും മേലേയാണ് സംഗീതമെന്നറിഞ്ഞത് ആ ദിവസങ്ങളിലാണ്.

മനോജും അമ്മാവനും മറ്റു കുടുംബാംഗങ്ങളും താമസിച്ചിരുന്ന വീട്ടുമുറ്റത്ത് ഒരു തുളസിത്തൈ ഉണ്ടായിരുന്നു. പിന്നീട് അവിടം എന്നെന്നേക്കുമായി വിട്ടു പോകുമ്പോൾ ആ തൈ ഞങ്ങൾ കൊണ്ടു പോയി. പക്ഷേ അത് തളിർത്തില്ല.

ആ കാലത്ത് എത്യോപ്യയിൽ നിന്ന് എന്നെ തേടി പ്രൊഫ. എം.എസ്. ദേവദാസിന്റെ മകൻ മോഹൻ ദാസ് വന്നു. അദ്ദേഹത്തിനു ജോലി തേടി പലയിടത്തും അലഞ്ഞു.

1993 മെയിൽ നിയമനം മരവിപ്പിക്കൽ മാറി. വീണ്ടും തൊഴിൽ വേട്ടയുടെ കാലമെത്തി.ഒരു നാൾ അപ്രതീക്ഷിതമായി ജോർജ്ജ് (ആര്യയിലെ സഹാദ്ധ്യാപകൻ) എന്നെ അന്വേഷിക്കുന്നതായറിഞ്ഞ് അംടാട്ടയിൽ നിന്ന് ഞാൻ ജോർജ്ജിനെ വിളിച്ചു. വർഷങ്ങൾക്കപ്പുറത്തു നിന്ന് സൗഹൃദത്തിന്റെ മണിയൊച്ചയായി ജോർജ്ജിന്റെ സാന്ത്വനശബ്ദം: ജയൻ, ഡോണ്ട് വറി. എന്റെ സ്ക്കൂളിൽ ഒരു വേക്കൻസി ഉണ്ട്. നാളെ ബട്ടർവർത്തിൽ വന്നാൽ നമുക്കൊന്നിച്ചു പോയി പ്രിൻസിപ്പലിനെ കാണാം.

അങ്ങനെ പിറ്റേന്ന് രാവിലെ ഞാൻ ബട്ടർവർത്ത് പോസ്റ്റ് ഓഫീസിനു മുന്നിൽ എത്തി. ജോർജ്ജിന്റെ ടൊയോട്ട ക്രെസ്സിഡയിൽ ഞാൻ പ്രിൻസിപ്പലിനെ കാണാൻ പോയി.
അദ്ദേഹം പേപ്പറുകൾ ഒപ്പിട്ട് തന്നു. രണ്ടാഴ്ചയ്ക്കകം ടെലഗ്രാം കിട്ടി. എന്റെ തസ്തിക ഒരു പെർമനെന്റ് തസ്തിക ആയിരുന്നു.

പിന്നീടുള്ള ഞങ്ങളുടെ വീക്ഡേ പരിപാടികൾ ഇങ്ങനെ ആയിരുന്നു. ഏറ്റവും ആദ്യം പോകുന്നത് ഞാൻ. എനിക്ക് 110 കിലോമീറ്റർ സഞ്ചരിക്കണം. അതിൽ ആദ്യത്തെ 35 കി. മീ. ഹൈക്ക് ചെയ്യണം. പിന്നെയുള്ള 75 കി.മീ ജോർജ്ജിന്റെ ക്രെസ്സിഡയിൽ. ആ യാത്രയിലെ ചില ഭാഗങ്ങളാണ് ദുഷ്കരം. ഞാൻ തിരിച്ച് വീട്ടിലെത്തുന്നത് ഉച്ചതിരിഞ്ഞ് നാലു മണിക്കാവും. എന്റെ സഖി രാവിലെ വില്ലോവെയ്ലിലേക്ക് യാത്രയാവും. അവൾ എന്നെക്കാൾ അല്പം മുൻപ് തിരിച്ചെത്തും. അപർണ്ണ ഡോ വർഗ്ഗീസിന്റെ കാറിൽ തിരിച്ചെത്തി അവരുടെ വീട്ടിൽ കാത്തിരിക്കും. എല്ലാവരുടെ കയ്യിലും താക്കോലുണ്ട്.

എന്റെ സ്ക്കൂൾ വളരെ “പൊളിറ്റിക്കൽ” ആണ്. ആ സ്ക്കൂളിലെ രക്തസാക്ഷി ദിനാചരണ സമ്മേളനത്തിൽ പ്രസംഗിക്കാൻ അദ്ധ്യാപകപ്രതിനിധിയായി കുട്ടികൾ എന്നെ തെരഞ്ഞെടുത്തു. ഇന്നും അതൊരു വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ജീവിതം വീണ്ടും ഒരു സമതലത്തിലെത്തി എന്നു തോന്നിത്തുടങ്ങി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments