ആഫ്രിക്കൻ
വസന്തങ്ങൾ- 27
ഇംഗ്ലീഷിലെഴുതി, ആഫ്രിക്കൻ ഭൂഖണ്ഡത്തിനു പുറത്ത് പ്രശസ്തരായ എഴുത്തുകാരുടെ പട്ടികയിൽ ആദ്യം രേഖപ്പെടുത്തേണ്ട പേര് നൈജീരിയൻ സാഹിത്യകാരനായ ചിനുവ അച്ചെബെയുടേതാണ്. അദ്ദേഹം വിദേശങ്ങളിൽ ആഫ്രിക്കൻ സാഹിത്യത്തിലെ ഒരു അഗ്രഗാമിയായിത്തന്നെ ഇന്നും കരുതപ്പെടുന്നു. അച്ചെബെ പ്രശസ്തനായശേഷം മറ്റനേകം പേർ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഇംഗ്ലീഷ് എഴുത്തിന്റെ മാദ്ധ്യമമായി സ്വീകരിക്കുകയും പലരും പല തലങ്ങളിൽ പ്രശസ്തരാവുകയും ചെയ്തു. ഫ്ലോറാ ന്വാപ്പാ (നൈജീരിയ), ങ്ഗൂഗി വാ തിയോങൊ (കെന്യ) തുടങ്ങിയവർ ആ കൂട്ടത്തിലുണ്ട്.
മറ്റു പല ആഫ്രിക്കൻ സാഹിത്യകാരന്മാരെപ്പോലെ അച്ചെബെ മാതൃഭാഷയായ ഇബോ (Igbo എന്നും Ibo എന്നും ഇംഗ്ലീഷിൽ എഴുതിക്കണ്ടിട്ടുണ്ട്) തന്റെ സാഹിത്യത്തിന്റെ ഭാഷയായി സ്വീകരിച്ചില്ല. “ഇംഗ്ലീഷ് ലോകത്തിലേക്ക് ഒരു ജാലകം തുറന്നു തരും” എന്ന് അച്ചെബെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തന്റെ സംവേദനമാദ്ധ്യമം ഇംഗ്ലീഷ് ആണെങ്കിലും ഇബോ ഭാഷയുടെയും ഇബോ ഗോത്രത്തിന്റെയും വലിയ സാദ്ധ്യതകൾ അച്ചെബെ തന്റെ സാഹിത്യത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഒന്നാന്തരം ആഖ്യാതാവായ അച്ചെബെ ഇംഗ്ലീഷ് ഭാഷയെ തകിടം മറിക്കുന്ന പ്രയോഗങ്ങളാൽ തന്റെ ഇംഗ്ലീഷ് ശൈലിക്ക് തീർത്തും പുതുമയുള്ള പരിവേഷം നൽകി. തന്റെ ജീവിതസാഹചര്യങ്ങളിൽ കണ്ടും കേട്ടും അനുഭവിച്ചും വളർന്ന എല്ലാം അദ്ദേഹം ധീരമായി തന്റെ ശൈലിയിൽ ഇഴ ചേർത്തു. ഏറെ അനുകരിക്കപ്പെട്ട ഒരു ശൈലിയായി അത് മാറി. വർഷങ്ങൾക്കുശേഷം തന്റെ ബുക്കർ സമ്മാനാർഹമായ ‘ദ ഗോഡ് ഓഫ് സ്മാൾ തിങ്സി’ൽ അരുന്ധതിറോയ് വളരെ ഫലപ്രദമായി മലയാളത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചത് നാം കണ്ടിട്ടുണ്ട്. (തകഴിയുടെ ചെമ്മീനിന്റെ കഥയുൾപ്പടെ).
ഇങ്ങനെ ഏതാണ്ട് സാർവലൗകികമായി ആഫ്രിക്കയെക്കുറിച്ചും കൊളോണിയൽ കാലത്തിനു മുൻപുള്ള അവരുടെ സ്വച്ഛമായ ഗ്രാമീണ ജീവിതത്തെക്കുറിച്ചും ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ നമ്മെ എഴുതി അറിയിച്ച അച്ചെബെയുടെ ആദ്യ നോവലായ തിങ്സ് ഫാൾ എപ്പാർട്ട് ഞാൻ സ്കൂളിൽ പഠിപ്പിച്ചിരുന്നു. അതിന്റെ കഥാബീജവും പാത്രസൃഷ്ടിയും പശ്ചാത്തലവുമെല്ലാം ആദ്യ വായനയിൽത്തന്നെ എന്നെ അച്ചെബെയുടെ ഒരു വായനക്കാരനാക്കി. ഞാൻ ആ നോവൽ വീണ്ടും വീണ്ടും വായിച്ചു. മഹത്തായ ഷെയ്ക്സ്പീരിയൻ ദുരന്തനാടകങ്ങൾ ഓരോ തവണ വായിക്കുമ്പോഴും ഓരോ അനുഭവമാണ് നമുക്കുണ്ടാവുക എന്നു പറയുന്നതുപോലെ, അച്ചെബെയുടെ ആദ്യ നോവലിന്റെ ഓരോ വായനയും എത്രയോ പുതിയ അനുഭവങ്ങളാണ് എനിക്കു നൽകിയത്. കഥ പറച്ചിലിന്റെ അനായാസതയിൽ അച്ചെബെ എന്നെ ഓർമിപ്പിച്ചത് ബഷീറിനെയല്ല, തകഴിയെയാണ്. തകഴിയുടെ പിൽക്കാലനോവലുകളിലും കഥകളിലും, മേശവിളക്കിന്റെ വെളിച്ചത്തിൽ ചാരുകസേരയിൽ നിവർന്നിരുന്ന് കഥ പറയുന്ന ഒരു മുത്തശ്ശന്റെ രൂപമാണ് മനസ്സിൽ നിറയുക. അതേ ചിത്രമാണ് അച്ചെബെയുടെ നോവലുകൾ വായിക്കുമ്പോൾ തെളിയുക. എന്റെ സഖിയും ഞാനും വളരെ പെട്ടെന്ന് അച്ചെബെയുടെ ആരാധകരായി.
മാത്യൂസും അച്ചെബെയുടെ വായനക്കാരനായിരുന്നു. തിങ്സ് ഫാൾ എപ്പാർട്ടിന്റെ വായനാസുഖം, അത് മൊഴിമാറ്റം ചെയ്യാൻ പറ്റിയ ഒരു കൃതിയാണെന്ന് എന്നെ നിരന്തരം ഓർമിപ്പിച്ചു. മാത്യൂസ് എന്നെ അത് ചെയ്യാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കുറെയേറെ ആഫ്രിക്കൻ കവിതകൾ ഞാൻ അതിനും എത്രയോ മുൻപ് മൊഴിമാറ്റം നടത്തുകയും പ്രശസ്തമായ പല ആനുകാലികങ്ങളിലും പ്രസിദ്ധപ്പെടുത്തി യിട്ടുമുണ്ട്. അതു പോലെയല്ലല്ലോ ആഫ്രിക്കൻ സാഹിത്യത്തിലെ ദീപസ്തംഭം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന
തിങ്സ് ഫാൾ എപ്പാർട്ട് മൊഴിമാറ്റത്തിനൊരുങ്ങുക. അത് ചെയ്യാൻ തുടങ്ങിയാൽ മിക്കവാറും ഞാൻ അതിൽത്തന്നെ മുഴുകുകയും സ്കൂളിലെ ജോലിയെ അത് ബാധിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ ഞാൻ അതേപ്പറ്റി ചിന്തിച്ചുവെങ്കിലും തൽക്കാലത്തേക്ക് ആ ‘പ്രൊജക്റ്റ്’ മാറ്റിവച്ചു. അടുത്ത ഡിസംബർ അവധിക്കാലത്താവട്ടെ എന്ന് മനസ്സിൽ തീരുമാനിക്കുകയും ചെയ്തു.
അതിനിടയ്ക്ക് ഞങ്ങളെ തേടി എത്യോപ്യയിൽ നിന്ന് ഒരാൾ കൂടി വന്നെത്തി. ഞങ്ങൾക്ക് യാതൊരു മുൻപരിചയവും ഇല്ലാത്തൊരാൾ. മുൻപൊരിക്കൽ ഞാൻ പരിചയപ്പെടുത്തിയിട്ടുള്ള തൃശ്ശൂർ കൊടകരയിലെ ‘മാവ്’ മോഹൻദാസ് പറഞ്ഞിട്ടാണ് ആ ആൾ വന്നത്. അയാളുടെ പാഠ്യവിഷയം ജനസംഖ്യാശാസ്ത്രം (ഡെമോഗ്രഫി) ആയിരുന്നു. സ്കൂളുകളിൽ അങ്ങനെയൊരു വിഷയമില്ലല്ലോ. യൂണിവേഴ്സിറ്റിയിൽ കിട്ടണമെങ്കിൽ പിഎച്ച് ഡി നിർബ്ബന്ധം. അങ്ങനെ ആകെ കുഴഞ്ഞു നിൽക്കുമ്പോഴാണ് പണ്ടു പഠിച്ച കമ്പ്യൂട്ടർ കോഴ്സിന്റെ സർട്ടിഫിക്കറ്റ് തപ്പിയെടുത്തത്. അത് ഒരു സർദാർജിയെ കാണിച്ച് തന്റെ കമ്പ്യൂട്ടർ ജ്ഞാനം അയാളെ ബോധിപ്പിച്ച്, ഒരു ജോലി സമ്പാദിച്ചു. അത് ഞങ്ങളുടെയൊപ്പം താമസിക്കാൻ തുടങ്ങി ഏതാണ്ട് ഒന്നു രണ്ടു മാസം കഴിഞ്ഞിട്ടാണ്. അനിശ്ചിതമായ കാലയളവിൽ ഒരാളെ ഒപ്പം താമസിപ്പിക്കാൻ ‘ഇൻഫ്രാസ്ട്രക്ചറൽ’ ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും ഞങ്ങൾ അയാളെ കൈവിട്ടില്ല. കാലക്രമേണ അയാൾ മറ്റൊരു ജോലി കണ്ടെത്തുകയോ മറ്റോ ചെയ്തെന്നു തോന്നുന്നു. മൂന്നു മാസത്തോളം മോഹൻദാസിന്റെ ആ സുഹൃത്ത് ഞങ്ങളോടൊപ്പം താമസിച്ചു. ഞങ്ങളുടെ വീട്ടിൽനിന്ന് പോയശേഷം അയാളെ പിന്നെ കണ്ടിട്ടില്ല. ഞങ്ങൾ പിന്നീട് തിക്കയിൽ നിന്ന് നയ്റോബിയിലേക്ക് തിരിച്ചുപറന്ന് അവിടെ വേറെ കൂടുകെട്ടി താമസിക്കുമ്പോഴേക്ക് അയാൾ കെന്യ വിട്ടിരുന്നെന്നു തോന്നുന്നു. വർഷങ്ങൾക്കുശേഷം അയാൾ നയ്റോബിയിലെ എന്റെ ഫോൺ നമ്പർ എങ്ങനെയോ സംഘടിപ്പിച്ച് എന്നെ വിളിച്ചു. അന്നയാൾ പറഞ്ഞത് നേരോ നുണയോ എന്നൊന്നും ഞാൻ ആരോടും അന്വേഷിച്ചില്ല. അയാൾക്ക് യു.എന്നിൽ ജോലി കിട്ടിയെന്നും ദൽഹിയിലാണ് വാസമെന്നും പറഞ്ഞതോർക്കുന്നു. അയാളിൽനിന്ന് അങ്ങനെയൊരു ഫോൺ കാൾ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ലാത്തതുകൊണ്ട് അയാൾ ഞങ്ങളെ ഓർമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. വ്യക്തിപരമായ ഒരുപാട് പ്രശ്നങ്ങൾ അന്നയാൾ എന്നോട് പറഞ്ഞു. എല്ലാം കേട്ടതല്ലാതെ എനിക്കൊന്നും ചെയ്യാനാവില്ലല്ലോ എന്നു ഞാൻ പറഞ്ഞില്ല. അങ്ങനെയും ചിലർ മറുനാടൻ ജീവിതത്തിൽ വിളിക്കാതെ വന്നു കയറും. അത്രമാത്രമേ ഞങ്ങൾ അയാളെപ്പറ്റി വിചാരിച്ചുള്ളൂ.
മാത്യൂസ് ആയിടക്ക് സ്വയം തർജ്ജമ ചെയ്ത ഒരു കഥയുമായി വന്നു. തൊട്ടു മുൻപത്തെ വർഷം നൊബേൽ സമ്മാനം നേടിയ ഈജിപ്ഷ്യൻ സാഹിത്യകാരൻ നഗ്വിബ് മഹ്ഫൂസിന്റെ ഒരു നല്ല കഥ. അത് പ്രസിദ്ധീകരിക്കണം എന്ന് മാത്യൂസിന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അത് കലാകൗമുദിക്ക് അയച്ചു. അത് പ്രസിദ്ധീകരിച്ചോ ഇല്ലയോ എന്നറിയില്ല. പക്ഷേ, അത് വായിച്ചപ്പോൾ എനിക്ക് ഒരു ആശയം തോന്നി. മാത്യൂസിനോടൊപ്പം എന്തുകൊണ്ട് അച്ചെബെയെ മൊഴിമാറ്റാൻ ശ്രമിച്ചു കൂടാ? പിറ്റേ വാരാന്ത്യത്തിൽ കണ്ടപ്പോൾ ഞാൻ മാത്യൂസിനോട് അക്കാര്യം സൂചിപ്പിച്ചു. അതിനടുത്ത കൂടിക്കാഴ്ചയിൽ മാത്യൂസ് ഒരു വഴി നിർദ്ദേശിച്ചു. ഓരോ അദ്ധ്യായം ഓരോരുത്തർ ചെയ്യുക. അങ്ങനെ ‘ഓഡ്’ നമ്പറുകൾ എനിക്കും ‘ഈവൻ’ നമ്പറുകൾ മാത്യൂസിനുമായി ഭാഗിച്ചു. ആദ്യ രണ്ടെണ്ണം ചെയ്തു കഴിഞ്ഞ് വായിച്ച്, വേണ്ട എഡിറ്റിംഗ് നടത്തി മുന്നോട്ടുപോകാം. ആർക്കും ധൃതിയൊന്നുമില്ലല്ലോ. ആരും ആവശ്യപ്പെട്ടിട്ടല്ലല്ലോ ഞങ്ങൾ ഇത് ചെയ്യുന്നത്.
തിങ്സ് ഫാൾ എപ്പാർട്ട് എന്ന പേര് എല്ലാം തകർന്നു വീഴുന്നു എന്ന് മൊഴിമാറ്റിയെടുത്തു. അങ്ങേയറ്റം ശ്രദ്ധയോടെ നൈജീരിയൻ പേരുകളുടെയും സ്ഥലനാമങ്ങളുടെയും മറ്റും ഉച്ചാരണം പഠിച്ചശേഷമാണ് ഞങ്ങൾ അവയെ മലയാളത്തിൽ ‘ട്രാൻസ്ക്രൈബ്’ ചെയ്തത്. ഒരാഴ്ച രണ്ട് അദ്ധ്യായങ്ങൾ എന്ന നിലയ്ക്ക് മുന്നോട്ടു പോയി. 25 അദ്ധ്യായങ്ങളുണ്ടായിരുന്നു എന്നാണ് ഓർമ. പകുതിയിലേറെ കഴിഞ്ഞപ്പോൾ അടുപ്പമുള്ള ഒരു പത്രാധിപനോട് നോവൽ തുടർച്ചയായി കൊടുക്കാമോ എന്നന്വേഷിച്ചു. അദ്ദേഹം പറഞ്ഞത്, പുസ്തകമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാകയാൽ ‘ഹൈനെമാൻ പബ്ലിഷേഴ്സി’ന്റെ അനുവാദം കിട്ടിയാൽ കൊള്ളാം എന്നാണ്. നയ്റോബിയിൽ ഹൈനമാന്റെ ഓഫീസ് കണ്ടുപിടിച്ച് ഞങ്ങൾ അവിടെ ചെന്നു. വിവരമറിയിച്ചപ്പോൾ പബ്ലിക്കേഷൻസ് മാനേജർ പറഞ്ഞു, “ഹൈനെമാൻ ലാഭത്തിനു വേണ്ടിയല്ല ആഫ്രിക്കൻ റൈറ്റേഴ്സ് സീരീസ് അച്ചടിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആഫ്രിക്കയുടെ സാഹിത്യം എത്തിക്കാൻ വേണ്ടിയാണ്. പക്ഷേ, ഞങ്ങളുടെ പുസ്തകങ്ങൾ മൊഴിമാറ്റി പ്രസിദ്ധപ്പെടുത്തുമ്പോൾ അതിന് ഒരു പ്രതിഫലം ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ എനിക്ക് ഒരു എഴുത്തെഴുതി തരൂ; നിങ്ങൾ ഒരു ‘ലിറ്റിൽ മാഗസി’നു വേണ്ടി അച്ചെബെയുടെ നോവൽ തർജ്ജമ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നും അതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്. ഞാൻ അത് ഹെഡ് ഓഫീസിലേക്ക് ഫോർവേഡ് ചെയ്യാം, എന്റെ ശുപാർശയോടെ. നിങ്ങളെ ഞാൻ പോസ്റ്റ് വഴി വിവരം അറിയിക്കാം.’’
വളരെ മാന്യനായ ഒരു നൈജീരിയൻ എം ബി എ ബിരുദധാരിയായിരുന്നു അയാൾ. ഞാൻ പിറ്റേന്നു തന്നെ നാട്ടിലെ പത്രാധിപസുഹൃത്തിന് വിവരങ്ങളെല്ലാം വിശദമാക്കി എഴുതി. അതിന് ഒരു മറുപടിയും കിട്ടിയില്ല. വീണ്ടും എഴുതി, തഥൈവ. എനിക്ക് ഈ മൊഴിമാറ്റത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടുതുടങ്ങി. അങ്ങനെ അവസാനത്തെ എട്ട് അദ്ധ്യായങ്ങളോളം മാത്യൂസ് തനിയെ ചെയ്തു. മാത്യൂസ് അത് മനോഹരമായി ബൈൻഡ് ചെയ്ത് സൂക്ഷിച്ചു. കുറേ ദിവസത്തിനുശേഷം എനിക്ക് ഹൈനെമാന്റെ എഴുത്തുവന്നു. അതും അത്ര ആശാവഹമായ സന്ദേശമായിരുന്നില്ല. ലിറ്റിൽ മാഗസിൻ എന്നു പറഞ്ഞതിനാൽ ഒരു തുക ഒരുമിച്ച് നൽകിയാൽ മതി എന്നാണ് കത്തിന്റെ ഉള്ളടക്കം.ആ വിവരം കാണിച്ച് വീണ്ടും സുഹൃത്തിന് എഴുതി. മറുപടിക്ക് ഞാൻ കാത്തില്ല. കാരണം ഒരു കത്തിന് സ്വാഭാവികമായും നാം മറുപടി പ്രതീക്ഷിക്കേണ്ടുന്ന കാലയളവുണ്ടല്ലോ. അതൊന്നും എന്റെ പത്രാധിപസ്നേഹിതന് ബാധകമല്ലായിരുന്നു. ഒരു ദിവസം വളരെ ചുരുങ്ങിയ വാക്യങ്ങളിൽ എനിക്കൊരു കത്ത് വന്നു. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു: തർജ്ജമ ചെയ്തു കഴിഞ്ഞെങ്കിൽ അയച്ചു തരിക.
ആ ഒരു തർജ്ജമയുടെ പേരിൽ വലിയ ചട്ടങ്ങൾ പറഞ്ഞ് എന്നെ നയ്റോബി നഗരപ്രദക്ഷിണത്തിന് ഓടിച്ച മഹാനാണ് ഒറ്റ വാക്യത്തിൽ, ‘എല്ലാം ശരിയാക്കാം’ എന്ന മട്ടിൽ എഴുതുന്നത്. എനിക്ക് ആ വാക്കുകളിൽ തീരെ വിശ്വാസം തോന്നിയില്ല, മാത്യൂസിനും. മനോഹരമായി ബൈൻഡ് ചെയ്ത ആ പുസ്തകം പിന്നീടൊരിക്കൽ എന്റെ പുസ്തകശേഖരത്തിൽ, നഷ്ടപ്പെട്ട ഒരു അവസരത്തിന്റെ സ്മാരകമായി വിശ്രമിക്കും. അതിന് ഇനിയും സമയമുണ്ട്. അപ്പോഴേക്ക് ചങ്ക് തകർക്കുന്ന ഒരു വാർത്ത ഞങ്ങളെ തേടിയെത്തി. കൊല്ലത്തുനിന്നിറങ്ങുന്ന ഏതോ വാരികയിൽ ‘സർവ്വവും ശിഥിലമാവുന്നു’ എന്ന പേരിൽ അച്ചെബെയുടെ നോവൽ പ്രസിദ്ധീകരണം തുടങ്ങുന്നു എന്ന്. പോരേ പൂരം.
അച്ചെബെയെ മലയാളത്തിൽ എഴുതുകയെന്നത് അച്ചെബെയുടെ നോവൽ പഠിപ്പിക്കുന്നതുപോലെ തന്നെ, പുതിയ അറിവുകളുടെയും വെല്ലുവിളികളുടെയും ഒരു ലോകം കാണിച്ചുതന്നു. “പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകളില്ല,” എന്ന് മലയാളത്തിലും “ഐ ആം അറ്റ് എ ലോസ് ഫോർ വേഡ്സ് ” എന്ന് ഇംഗ്ലീഷിലും പറയുന്നത് അച്ചെബെയുടെ ഇബോയിൽ വരുമ്പോൾ “ഐ ഡു നോട്ട് ഹാവ് ദ മൌത്ത് വിത്ത് വിച്ച് റ്റു ടെൽ യൂ ദാറ്റ്” എന്നാവും. ഇബോകളുടെ വാചാലതയുടെ ഏറ്റവും ലളിതമായ ഒരു ഉദാഹരണമാണിത്. അച്ചെബെയുടെ നോവൽ വായിക്കുമ്പോഴാണ് ഇബോകളുടെ സംസ്കാരത്തിൽ അന്തർലീനമായ വാക്കുകളോടുള്ള പ്രണയം നാം മനസ്സിലാക്കുക. അച്ചെബെ തന്നെ തന്റെ മറ്റ് എഴുത്തുകളിലും പ്രഭാഷണങ്ങളിലും അത് വ്യക്തമാക്കുന്നുണ്ട്.
ഞങ്ങളുടെ തർജ്ജമ അങ്ങനെ ഞങ്ങളുടെ വീടുകളിൽ മാത്രം സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു ചരിത്രരേഖയായി അവശേഷിച്ചെങ്കിലും ഞങ്ങളുടെ സൗഹൃദത്തെ അത് ബാധിച്ചില്ല. പക്ഷേ വർഷാവസാനമെത്താറായി. 1988- ൽ ഞങ്ങളുടെ സ്കൂളിന്റെ സുഗമമായ നടത്തിപ്പും ഞങ്ങൾ അവിടെ അനുഭവിച്ചിരുന്ന സുരക്ഷിതത്വവും തകരാറിലാവുന്ന ചില സംഭവങ്ങൾ വീണ്ടും അനിശ്ചിതത്വത്തിന്റെ നാളുകളിലേക്ക് ഞങ്ങളെ വലിച്ചിഴ്യ്ക്കും.
(തുടരും)