‘എന്റെ സർ നെയിം മ​ണ്ടേല, നിങ്ങളുടേതോ?’

‘‘ദക്ഷിണഫ്രിക്കയിൽ ഞാൻ നേരിട്ട ഒരു പ്രശ്നം അതൊന്നുമല്ലായിരുന്നു. പരിചയപ്പെട്ടുകഴിയുമ്പോൾ ഒരാൾ നമ്മോട് പറയുന്നു, ‘മൈ സർനെയിം ഈസ് മണ്ടേല. വാട്ട്സ് യുവേഴ്സ്?’ നമ്മൾ ഈ ‘സർനെയിം’ പറഞ്ഞു കളിക്കാറില്ലല്ലോ. ആദ്യമൊക്കെ വിഷമിച്ച് എന്റെ സർനെയിം ചോദിച്ചയാളെ പഠിപ്പിച്ചെടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പിന്നീട് ഞാൻ അത് ഉപേക്ഷിച്ചു’’- യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 38

1948 ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ നിർണായക വർഷമാണ്. ഹെൻറിക് ഫെർവൂർഡ് (Henrik Verwoord) എന്ന നിഷ്ഠൂരനായ പ്രധാനമന്ത്രി ‘എപാർതൈഡ്’ രാജ്യത്തിന്റെ ഔദ്യോഗിക നയമായി പ്രഖ്യാപിക്കുന്ന പ്രഭാഷണം നടത്തി. ‘ബാന്റു സ്റ്റാനു’കളിലെ വിദ്യാഭ്യാസമാദ്ധ്യമം അതത് ബാന്റു സ്റ്റാനിലെ ഗോത്രവർഗ ഭൂരിപക്ഷത്തിന്റെ വ്യവഹാരഭാഷയായിരിക്കണം എന്ന് അയാൾ പ്രഖ്യാപിച്ചു. ബാന്റു എന്ന, അവരവർ വ്യവഹരിക്കുന്ന സാമൂഹ്യമണ്ഡലങ്ങളിൽ സ്വന്തം ഭാഷ ഒരു ശക്തിയായി വളർത്തിയെടുക്കാൻ ബാന്റു സമൂഹങ്ങൾ തീവ്രമായി പരിശ്രമിച്ചു. കറുത്തവരെക്കുറിച്ച് ഫെർവൂർഡ് പറഞ്ഞത് ശ്രദ്ധിക്കുക: ‘‘തങ്ങൾക്ക് വെള്ളക്കാരെപ്പോലെ തുല്യമായ അവകാശങ്ങൾ പ്രാപ്യമാണെന്ന ഉറപ്പിൽ മുന്നോട്ടു പോകാമെന്ന് അവർ കരുതുന്നുവെങ്കിൽ അവർ വലിയൊരു അപരാധമാണ് ചെയ്യുന്നതെന്ന് അവരറിയണം. തങ്ങളുടെ സമുദായത്തിൽ നിന്ന് വേറിട്ടു പോകുന്നൊരു സ്ക്കൂൾ സംവിധാനത്തിൽ അവർ അകപ്പെടാൻ പാടില്ല. അത്തരം വേർതിരിവുകളവരെ യൂറോപ്യൻ സമൂഹത്തിന്റെ ഹരിതമേടുകൾ കാണാൻ തെറ്റായ ദിശയിലേക്ക് നയിക്കും. അവിടെ മേയാൻ തങ്ങൾക്ക് അനുവാദമില്ലെന്ന് അവർ അറിയണം’’.

ബാന്റു വിദ്യാഭ്യാസം വിളംബരം ചെയ്യുന്ന പ്രസംഗം. അയാളുടെ വാക്കുകളിൽ തുടിക്കുന്ന അവജ്ഞയും വംശീയവെറുപ്പും എത്ര സുതാര്യമാണ്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി ഹെൻറിക് ഫെർവൂർഡ് (Henrik Verwoord)

ഫെർവൂർഡിന്റെ നികൃഷ്ടമായ വർണ്ണവെറിക്ക് അയാൾ സ്വന്തം ജീവൻ കൊണ്ട് വില കൊടുക്കേണ്ടി വന്നു എന്നത് മറ്റൊരു ചരിത്രസത്യം. വർണവിവേചനത്തിന്റെ ശിൽ‌പ്പിയും പ്രയോക്തവുമയ ഈ നരാധമൻ 1966 സെപ്തംബർ ആറിന് ലെജിസ്ലേറ്റിവ് അസംബ്ലിയിലെ ഒരു മെസ്സഞ്ജറായിരുന്ന ദിമിട്രീ റ്റ്സാഫെൻഡിസിന്റെ തുടരെത്തുടരെയുള്ള കത്തിക്കുത്തേറ്റ് മരിച്ചു.
ദിമിട്രി ഒരു ഗ്രീക്ക് കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്നു. അക്കാലത്തെ ദക്ഷിണാഫ്രിക്കൻ മാദ്ധ്യമങ്ങൾ ജെ.എഫ്.കെയുടെ (കെന്നഡി) വധവുമായാണ് ഫെർവൂർഡിന്റെ കൊലയെ താരതമ്യം ചെയ്തത്. ഇന്ന് അതേ മാദ്ധ്യമങ്ങൾ അയാളെ വർണവെറിയൻ എന്ന് ലജ്ജാലേശമില്ലാതെ വിശേഷിപ്പിക്കുന്നത് കാണുമ്പോൾ സമകാലിക ഇന്ത്യയിലെ എന്തെല്ലാം സംഭവങ്ങളുമായി അതിന് സമാന്തരബന്ധമുണ്ടായിരിക്കാം എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ബാന്റു എജ്യുക്കേഷന്റെ വെട്ടും കുത്തുമേറ്റ് വികലമായ ഒരു യുവസമൂഹ മനഃസാക്ഷിയെ അറിവിന്റെ പുതിയ മേച്ചിൽ‌പ്പുറങ്ങളിലേക്ക് നയിക്കുക എന്നതാവണം ബാന്റുസ്താനുകളിൽ അദ്ധ്യാപനത്തിനെത്തുന്ന ഓരോ അദ്ധ്യാപകരുടെയും ലക്ഷ്യം. ഇതൊക്കെയാണ് മഹത്തായ ആശയങ്ങൾ. സത്യത്തിൽ ബാന്റുസ്താനുകളിൽ ജോലി തേടിയെത്തുന്നവരിൽ ഒരു വിഭാഗം ജോലിക്കൊപ്പം സ്വന്തം അഭ്യുദയം കൂടി മുന്നിൽ കണ്ടാണ് പ്രവർത്തിച്ചിരുന്നത്.

ബാന്റു എജ്യുക്കേഷനെപ്പറ്റി ഞൻ കേട്ട വാർത്തകളീലെ സത്യം ഭീതിദമായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പഠനം ഏറ്റവും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. അതേപ്പറ്റി സ്വന്തം അനുഭവത്തിൽ നിന്ന് ചില കാര്യങ്ങൾ പിന്നീട് പറയാം. അദ്ധ്യയന മാദ്ധ്യമം മാതൃഭാഷയാവണം എന്ന ‘എപ്പാർതൈഡ്’ നയം കറുത്തവരെ ഒരു വിധത്തിലും സ്വയംപര്യാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ‘സെപരേറ്റ് ഡവലപ്മെന്റ്’ എന്ന വികലമായ മൂലക്കല്ലിൽ ഫെർവൂർഡും കിങ്കരന്മാരും കെട്ടിയുയർത്തിയ ബന്റുസ്താൻ സങ്കല്പങ്ങളും ബാന്റുരാജ്യങ്ങളുടെ വളർച്ചയുമെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്ന കാഴ്ചയാണ് പിൽക്കാലത്ത് ലോകം വീർപ്പടക്കിപ്പിടിച്ചുനിന്ന് കണ്ടത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍.എഫ്.കെന്നഡി

ഞങ്ങളുടെ തൊഴിൽവേട്ട വൈകിക്കാനാവില്ല. അപർണ്ണയെ മുഴുവൻ സമയവും അയൽക്കാരെ ഏൽ‌പ്പിച്ച് പോകാനും പറ്റില്ല. അങ്ങനെ ഞങ്ങൾ എന്റെ സഖിയുടെ ചെറിയച്ഛൻ പറഞ്ഞ വീട്ടിലേക്ക് താമസം മാറ്റി. കുടുംബം എന്ന നിലയിലൊരു പ്രൈവസി നാം ആഗ്രഹിക്കില്ലേ. വില്ലോവെയിലിൽ വന്ന ശേഷം അത് ഇല്ലാതായിരുന്നു. ഞങ്ങൾ താമസിച്ച രണ്ടാമത്തെ വീട് അവിടത്തെ ഒരു ധനികനായ പോസ്വാ എന്ന ലെസൂറ്റു സ്വദേശിയുടെതായിരുന്നു.

“കൈ” എന്ന നദിയെ പലയിടങ്ങളിലായി കാണുകയും വേർപിരിയുകയും ചെയ്യുന്ന ഭൂഭാഗമായതിനാലാണ് ട്രാൻസ്കൈ എന്ന പേര് ലഭിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രവർഗ്ഗചരിത്രവും സംസ്കാരവും ഭാഷാപാരമ്പര്യവുമുള്ള ക്ലോസകൾ ആഫ്രിക്കയിലെ തന്നെ ഏറ്റവും ബുദ്ധിശാലികളാ‍ണെന്നാണ് കേട്ടറിവ്. ക്ലോസ ഭാഷ പഠിച്ചെടുക്കുക എന്നത് തീർത്തും ക്ലിഷ്ടമായ ഒരു വ്യായാമമാണ്. കൊച്ചു കുട്ടികൾ അത് വളരെ വേഗം പഠിക്കുകയും ചെയ്യും. മറ്റു ഭാഷകൾക്കൊന്നുമില്ലാത്ത ചില പ്രത്യേകതകൾ ഉള്ള ഭാഷയാണ് ക്ലോസ. ചില അക്ഷരങ്ങൾ ഇംഗ്ലീഷിൽ എഴുതുമ്പോൾ അവയുടെ ഉച്ചാരണം വിചിത്രമായ ഒരു ശബ്ദമായിട്ടാവും നാം കേൾക്കുക. അങ്ങനെ X, C, Q എന്നിവ മറ്റ് അക്ഷരങ്ങളുമായിച്ചേർന്ന് ‘ക്ലിക്ക്’ ശബ്ദങ്ങൾ ജനിപ്പിക്കുന്നു.

1976-ലെ സൊവ്വെറ്റോ കലാപപരമ്പരയോടെ തങ്ങളുടെ മർക്കടമുഷ്ടിയിൽ നിന്ന് പൂർണമായും ഗവർമെന്റ് പിന്മാറിയില്ലെങ്കിലും ബാന്റു എജ്യുക്കേഷൻ ആക്ടിലെ ചില ഘടകങ്ങൾ റദ്ദാക്കാൻ തയാറായി. 1953-ൽ ആരംഭിച്ച ആ സമ്പ്രദായം ഔദ്യോഗികമായി 1996-ൽ അവസാനിച്ചു. എനിക്ക് ആദ്യം ജോലി കിട്ടിയ സ്കൂൾ എന്നോട് ചരിത്രം കൂടി പഠിപ്പിക്കണം എന്നാവശ്യപ്പെട്ടു. എട്ടാം സ്റ്റൻഡാർഡിലെ ചരിത്രം. അതിലെ വലിയൊരു അദ്ധ്യായം ‘ദ ഗ്രെയ്റ്റ് ട്രെക്’ ആയിരുന്നു. ആംഗ്ലോ- ബുവർ സംഘർഷങ്ങളെത്തുടർന്ന് കെയ്പ് കോളനിയിൽ (ബ്രിട്ടിഷ് സ്ഥാപിതം) നിന്ന് ബുവർ ജനത (ആദ്യകാല യൂറോപ്യൻ ഡച്ച് കുടിയേറ്റക്കാരുടെ കുടുംബങ്ങളും പിന്തുടർച്ചാവകാശികളും) രാജ്യത്തിന്റെ ഹൃദയഭാഗങ്ങളിലേക്ക് സംഘങ്ങളായി നീങ്ങുകയും പുതിയ ഗ്രാമങ്ങളും ഫലഭൂയിഷ്ഠമായ മണ്ണുമുള്ളേടങ്ങളിൽ സ്വന്തം ചെറു നഗരങ്ങൾ സ്ഥാപിക്കയും ചെയ്ത സംഭവമാണ് ‘ദ ഗ്രെയ്റ്റ് ട്രെക്’. ഈ യാത്രയിൽ പങ്കെടുത്തവരെ ‘ഫൂവർട്രെക്കർമാർ’ (Voortrekkers) എന്ന് വിളിച്ചു. മിക്ക ‘ട്രെക്കെർ’ കുടിയേറ്റയിടങ്ങളും അതത് സംഘത്തിന്റെ തലവൻ എന്ന് കരുതിയിരുന്ന ആളുടെ അഥവാ ആളുകളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. മഹാത്മജിയെ തീവണ്ടിയിലിട്ട് ചവിട്ടിക്കൂട്ടിയ സ്ഥലത്തിന്റെ പേര് ‘പീറ്റർമാരിറ്റ്സ്ബർഗ്’. ഇന്ന് ദർബൻ കഴിഞ്ഞൽ ക്വാസുളു പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ് പീറ്റർമാരിറ്റ്സ്ബർഗ്. പീറ്റ് റെറ്റീഫ് എന്നും ഹെർട് മാരിറ്റ്സ് എന്നുമുള്ള രണ്ടു പേരായിരുന്നു ആ സംഘത്തെ നയിച്ചത്. അതിനാൽ അവരുടെ സെറ്റിൽമെന്റിന് ആ പേരു ലഭിച്ചു. അത്തരം ചരിത്രങ്ങളിൽ ബൂവർമർ മനഃപൂർവം വിട്ടുകളയുന്ന ഒരു ഭാഗമുണ്ട്. അവർ ട്രെക്ക് ചെയ്തെത്തിയ ഗ്രാമങ്ങളിലെ കറുത്തവരുടെ സമൂഹങ്ങളെ ചതിയിൽ കീഴ്പ്പെടുത്തിയും കൊന്നുമാണ് യൂറോപ്യൻ പേരുകളുള്ള അവരുടെ മൂഢസ്വപ്നങ്ങൾ പണിതുയർത്തിയത് എന്ന്.

പട്ടാളം വിട്ട് രാഷ്ട്രീയത്തിൽ അരങ്ങേറാൻ തീരുമാനിച്ച ബാന്റു ഹോളോമിസയെപ്പറ്റി "Time" വാരിക എഴുതി: "The Son Also Rises"

ഇങ്ങനെയൊക്കെയുള്ള കഥകൾ പറയുമ്പോൾ വെള്ളക്കാരുടെ ചതിപ്രയോഗങ്ങളുടെ ഒരുപാട് നാട്ടറിവുകൾ നമുക്ക് കുട്ടികളിൽ നിന്നു തന്നെ ലഭിക്കും.

ഞങ്ങളുടെ ബന്റുസ്റ്റാൻ ഭരണാധികാരി മാത്രമാണ് പ്രിറ്റോറിയയിലെ ന്യൂനപക്ഷ വെള്ള ഗവൺമെന്റിനെ ധിക്കരിച്ച് എ എൻ സിയ്ക്കും പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ്സിനും ട്രാൻസ്കൈയിൽ പ്രവർത്തിക്കാൻ അവസരം നൽകിയത്. മറ്റെല്ലാ ബാന്റുസ്റ്റാൻ നേതാക്കളും സായ്‌വിന്റെ ഷൂസ് നക്കി അവരുടെ കയ്യിൽ നിന്ന് കിട്ടുന്ന നക്കാപ്പിച്ച എടുത്ത് നാട്ടുകാർക്ക് നൽകാതെ അശ്ലീലം നിറഞ്ഞ ആഡംബര ജീവിതങ്ങളിൽ അഭിരമിച്ച് കാലം കഴിച്ചു. ബാന്റുസ്റ്റാൻ എന്ന സങ്കല്പത്തിന് ബൂവർമാരുടെ നിഷ്ഠുരബുദ്ധിയിലെ വ്യാഖ്യാനം ഇതായിരുന്നു: കറുത്തവരെ ബാന്റു സ്റ്റാനുകളിലേക്ക് ചിതറിച്ചു വിട്ടാലും ആവശ്യത്തിനുള്ള ലേബർ ഫോഴ്സ് ‘വെള്ള’ നഗരങ്ങളിലുണ്ടാവും.
A powerful and rich minority would have to hold down the black masses.
വെള്ളക്കാരുടെ ഈ മലിനമായ ചിന്താഗതി കാലക്രമേണ എപ്പാർതൈഡിനെ അങ്ങേയറ്റം സദാചാരവിരുദ്ധവും അപ്രായോഗികവുമായ പരിഹാരമാർഗ്ഗമായി അറിയപ്പെടാ‍ൻ ഇടയാക്കും. ഇങ്ങനെയൊക്കെയിരിക്കെയാണ് ഹോളോമിസയെപ്പോലെ ഒരാൾ എ എൻ സിക്കും പി എ സിക്കും ക്യാമ്പുകൾക്ക് ഇടം നൽകി അവരെ പരിശീലിപ്പിച്ചു കൊണ്ടിരുന്നത്.

ഞാൻ ഇതിനിടെ മൂന്നുനാല് സ്കൂളുകളിൽ പോയി. ഗ്രാന്റ് വരട്ടെ എന്നാണ് എല്ലാവരുടെയും മറുപടി. ഹൈക്ക് ചെയ്തു മാത്രമേ പോകാൻ പറ്റൂ. ചിലയിടങ്ങളിൽ പോയാൽ നമ്മുടെ കാര്യം അഞ്ചു മിനിട്ട് കൊണ്ട് കഴിയും. ബാക്കിയുള്ള സമയം വെട്ടുപാതയിൽ വന്നു നിന്ന് ഹൈക്ക് കണ്ടു പിടിക്കുക. എമ്പൊസോളോ എന്നയിടത്ത് ഞാൻ മൂന്നു മണിക്കൂർ (ഒരു അതിശയോക്തിയുമില്ല) ഒരേ സ്ഥാനത്ത് ഹൈക്കിന് നിന്നു; ചെന്നിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ. ഒന്നു രണ്ടു പ്രാവശ്യം മുന്നിലെ ഗ്രില്ലിൽ ചോര പുരണ്ട ഒന്നു രണ്ട് 4/4 പിക്കപ്പ് ട്രക്കുകളിൽ കയറി. പിൻവശമെല്ലാം മൂടിക്കെട്ടിയതാണ്. പക്ഷേ ആ മൂടിക്കെട്ടിയതിനുള്ളിൽ ഒരു പശുക്കിടാവ് ചോര വാർന്ന് മരിച്ചുകൊണ്ടിരിക്കുന്നു. രണ്ടു തവണയും എനിക്ക് തെറ്റി. അത് പശുക്കിടാവുകളല്ലായിരുന്നു. മാൻ കുട്ടികളായിരുന്നു. നിർദ്ദയരായ മനുഷ്യർ എവിടെയുമുണ്ട്.

മണ്ടേലയുടെ പ്രിയപ്പെട്ട പുത്രൻ എന്നാണ് ടൈം ഹോലോമിസയെ വിശേഷിപ്പിച്ചത് Photos: snl24.com

ദക്ഷിണഫ്രിക്കയിൽ ഞാൻ നേരിട്ട ഒരു പ്രശ്നം അതൊന്നുമല്ലായിരുന്നു. പരിചയപ്പെട്ടുകഴിയുമ്പോൾ ഒരാൾ നമ്മോട് പറയുന്നു, ‘മൈ സർനെയിം ഈസ് മണ്ടേല. വാട്ട്സ് യുവേഴ്സ്?’
നമ്മൾ ഈ ‘സർനെയിം’ പറഞ്ഞു കളിക്കാറില്ലല്ലോ. ആദ്യമൊക്കെ വിഷമിച്ച് എന്റെ സർനെയിം ചോദിച്ചയാളെ പഠിപ്പിച്ചെടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പിന്നീട് ഞാൻ അത് ഉപേക്ഷിച്ചു. ക്ലോസാ പേരുകൾ തെറ്റാതെ പറയുക എന്നതും ഒരു നല്ല ‘ടാസ്ക്’ ആയിരുന്നു.കുറഞ്ഞ പക്ഷം അതെങ്കിലും കുട്ടികൾ പരിഹസിക്കാതെയിരിക്കണേ എന്നു വിചാരിച്ച് കുഴപ്പം പിടിച്ച ഉച്ചാരണങ്ങൾ തന്നെ ആദ്യം അവയുടെ ടോണൽ ബന്ധങ്ങളിൽ നിന്ന് പിടിച്ചു. സ്വയം അൽ‌പ്പം പ്രാക്ടിസ് കൂടി ആയപ്പോൾ കാര്യങ്ങൾ ഒരു ‘ഗ്രൂവി’ൽ എത്തിക്കിട്ടി.

ലഫ്. ജന. ബാന്റു ഹോളോമിസ എന്ന ട്രാൻസ്കൈയുടെ തലവൻ നെൽസൺ മ​ണ്ടേലക്ക് ഏറ്റവും പ്രിയപ്പെട്ട യുവനേതാവായിരുന്നു. പിൽക്കാലത്ത് പട്ടാളമേധാവിസ്ഥാനം ഉപേക്ഷിക്കുകയും മ​ണ്ടേലയുടെ നേതൃത്വത്തിലുള്ള ആദ്യ ദേശീയ ഐക്യ കാബിനറ്റിൽ (ഗവൺമെന്റ് ഓഫ് നാഷനൽ യൂണിറ്റി) പരിസ്ഥിതി സഹമന്ത്രിയാവുകയും ചെയ്തു. അംടാട്ടയിൽ (അന്ന് ട്രാൻസ്കൈയുടെ തലസ്ഥാനമായിരുന്നൂ അംടാട്ട) ഒരു മിഡിൽ ഇൻ കം കോളനിയായ ഫോർട്ട് ഗെയ്ൽ എന്നിടത്ത് ഒരു നാലു ബെഡ് റൂം വീട്ടിലാണ് ഹോളോമിസ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഒരു സർക്കാർ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായിരുന്നു. അവരാരും ആർഭാടജീവിതത്തിൽ കൊതിയുള്ളവരായി തോന്നിയിട്ടില്ല. ഹോളോമിസ ദമ്പതിമാർക്ക് രണ്ട് പെണ്മക്കളായിരുന്നു. അവർ സാധാരണ കുട്ടികളായി 18 സീറ്റർ ‘കോംബി’യിൽ മറ്റു കുട്ടികളോടൊപ്പം സ്കൂളിൽ പോയി വന്നു.

ട്രാൻസ്കൈ ഉണ്ടായിരുന്നപ്പൊഴത്തെ ഭൂപടം

ഞങ്ങളുടെ തൊഴിലന്വേഷണം തകൃതിയായി നടന്നിരുന്നു. ഞങ്ങൾ താ‍മസിക്കുന്ന വില്ലോവെയ്ൽ നിന്ന് ഏതാണ്ട് 29 കിലോമീറ്റർ അകലെ ഒരു സ്കൂൾ കണ്ടു. ഒരു കുന്നു കയറി വേണം അവിടെയെത്താൻ. അങ്ങനെ ഒരു ദിവസം അവിടെയെത്തി. ക്ലാസ് മുറികൾ ഉൾപ്പടെ എല്ലാ മുറികളും ചെറിയ റോൻഡെവൽ (വൃത്താകൃതിയിലുള്ള ഹട്ട്). പ്രിൻസിപ്പൽ പി എ സിയുടെ ഒരു സംസ്ഥാന നേതാവായിരുന്നു. അദ്ദേഹം ലീവിൽ പോകുന്ന വേക്കൻസിയാണവിടെയുണ്ടാവുക. എങ്ങനെയൊ അദ്ദേഹത്തിന് എന്നെ ബോധിച്ചു. അപ്പോൾത്തന്നെ ഫോമുകൾ പൂരിപ്പിച്ച് തന്നു. ഞാൻ സന്തോഷത്തോടെ കുന്നിറങ്ങി. ബാന്റു എജ്യുക്കേഷന്റെ അന്ത്യോപചാരച്ചടങ്ങുകളിൽ പങ്കു ചേരാൻ ഞാനും തയാറായി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments