Photo: Wikimedia Commons

മരണത്തിലേക്ക് മലകയറുന്ന ആഫ്രിക്കൻ കുട്ടികൾ

‘ജൂൺ അവധിക്കാലത്താണ് അവൻ പോയത്. അവധി കഴിഞ്ഞ് അവൻ തിരിച്ചു വന്നില്ല. അവന്റെ മാതാപിതാക്കൾ പ്രിൻസിപ്പലിനെ കാണാൻ വന്നപ്പോൾ എന്നെയും വിളിച്ചു, സ്വതവേ ഗൗവരവക്കാരനായ ആ അച്ഛൻ എന്നെ കണ്ടതും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.’ - ആഫ്രിക്കൻ വസന്തങ്ങൾ പരമ്പര തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ - 49

ത് ഒരു ചരിത്രപുസ്തകം അല്ല; പക്ഷേ, ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ച കാലസന്ധികൾ ഇതിൽ പരാമൃഷ്ടമാവുന്നുണ്ട്. അത് മനഃപൂർവം ചെയ്തിട്ടുള്ളതാണ് താനും.

ആഫ്രിക്കൻ ജീവിതങ്ങൾ കണ്ടും അറിഞ്ഞും ജീവിച്ചിട്ടുള്ള എതൊരാൾക്കും ആഫ്രിക്കൻ ജനതയുടെ നിത്യജീവിതത്തിന്റെ തീവ്രത അറിയാതിരിക്കാനാവില്ല. പുറമേ പ്രശാന്തവും പ്രസന്നവുമെന്ന് തോന്നിപ്പിക്കുന്ന ആ സമൂഹത്തിലെ വ്യക്തികളുടെ ആന്തരികസംഘർഷങ്ങൾ മനസ്സിലാക്കാതെ അവരെ ‘വിധി’ക്കാൻ പുറപ്പെടുന്നത് ശരിയായിരിക്കില്ല.

ഉദാഹരണത്തിന്, എന്റെ വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും ‘ഏകരക്ഷാകർതൃ’ കുടുംബങ്ങളിൽ നിന്നാണ് വന്നിരുന്നത്. അമ്മ ഒറ്റയ്ക്ക് വളർത്തിയതിന്റെ ചിലപ്രത്യേകതകൾ ആ കട്ടികൾക്ക് ഉണ്ടായിരുന്നു.

അതുപോലെ സ്ക്കൂളിലോ യൂണിവേഴ്സിറ്റികളിലോ പഠിച്ചു കൊണ്ടിരിക്കെ ഗർഭം ധരിച്ച് പിറക്കാനിടയായ കുട്ടികൾ. അങ്ങനെയുള്ള മിക്ക ‘അമ്മ’മാരും അവരുടെ കുട്ടികളെ അവരവരുടെ അമ്മമാരെ ഏൽപ്പിക്കയാണ് പതിവ്. മുത്തശ്ശിമാർ വളർത്തുന്ന കുട്ടികളിൽ ഏറെയും ഭാവിയിൽ സ്കൂളുകള്‍ക്കും അദ്ധ്യാപകർക്കും തലവേദനയായി മാറുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്.

സ്കൂളുകളില്‍ ഡിസിപ്ലിൻ കേസുകൾ കേൾക്കുന്നത് സ്കൂള്‍ മാനേജ്മെന്റ് ടീം (എസ്.എം.ടി) ആയിരുന്നു. പ്രിൻസിപ്പൽ, എച്ച്.ഒ.ഡിമാർ, അദ്ധ്യാപകർ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധികൾ, വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത സ്റ്റുഡന്റ് റെപ്രസന്റേറ്റിവ് കൗൺസിൽ (എസ്.ആർ.സി) ഇങ്ങനെ ആണ് സ്കൂള്‍ ഡിസിപ്ലിൻ കമ്മിറ്റിയുടെ ഘടന.

അച്ചടക്കരാഹിത്യം ആവർത്തിക്കുന്ന പല വിദ്യാർത്ഥികളുമായി ഈ കമ്മിറ്റിക്ക് നിരന്തരം സംസാരിക്കേണ്ടി വരാറുണ്ട്. ഒരു എട്ടാം ക്ലാസ്സുകാരൻ ഞങ്ങളെ ഇട്ട് ‘വട്ടം കറക്കിയ’ ഒരു സംഭവം ഓർക്കുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ ആ കുട്ടി ഉറച്ചു നിന്നു. നിവൃത്തിയില്ലാതെ അവന്റെ അമ്മയെ ഞങ്ങൾ സ്ക്കൂളിലേക്ക് വിളിപ്പിച്ചു. ഹോളി ക്രോസ്സിന്റെ ഒരു അയൽ സ്കൂളിലെ ഫിസിക്സ് ടീച്ചർ ആയിരുന്നു അവർ. ഇന്നവർ ആ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സ് (പ്രിൻസിപ്പൽ) ആണെന്നു കേട്ടു. വളരെ ബുദ്ധിമതിയായ, പക്വതയുള്ള ഒരു സ്ത്രീ. പേര് മനപ്പൂർവം വെളിപ്പെടുത്തുന്നില്ല. അവരോട് മാത്രമായി സംസാരിച്ചപ്പോൾ ശരിയായ കഥ പുറത്തു വന്നു.

അവർ കുറേ കാലം മുമ്പ്‌ ട്രാൻസ്കൈയിലെ ഏറ്റവും പ്രശസ്തനായ ഒരു സോക്കർ (ഫുട്ബാൾ) റഫറിയുമായി അടുപ്പത്തിൽ ആയിരുന്നു. ക്രമേണ അതൊരു ‘ലിവ് ഇൻ’ ബന്ധമായിത്തീർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അയാളുടെ വീട്ടുവരാന്തയിൽ തുണിക്കെട്ടിൽ പൊതിഞ്ഞ ഒരു ശിശു പ്രത്യക്ഷപ്പെട്ടു. സുന്ദരനായ ആ പിഞ്ചിനെ അവിടെ കൊണ്ടുവെച്ചത് അയാളുടെമറ്റൊരു ‘ഗേൾ ഫ്രണ്ട്’ ആയിരുന്നു.

അങ്ങനെ ഞങ്ങളുടെ സുഹൃദ് ടീച്ചർ അവന്റെ അമ്മയായി; അയാൾ നാട് ചുറ്റുന്ന റഫറി ആയതിനാൽ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തതല്ലാതെ ആ കുഞ്ഞിനുവേണ്ടി യാതൊന്നും ചെയ്തിരുന്നില്ല. എന്നു മാത്രമല്ല, ആ കുട്ടിക്ക് തിരിച്ചറിവായപ്പോൾ അവനോടും ആ വളർത്തമ്മയോടും ചെയ്യാവുന്ന എറ്റവും വലിയ ദ്രോഹവും അയാൾ ചെയ്തു: അവന്റെ സ്വന്തം അമ്മ (biological mother) മറ്റൊരു സ്ത്രീ ആണെന്ന് അവനെ അറിയിച്ച് അയാൾ രംഗത്തു നിന്ന് നിഷ്ക്രമിച്ചു.

മകൻ നാലാം ക്ലാസ്സിൽ എത്തിയപ്പോൾ മുതൽ കേപ് ടൗണിൽ വേറെ കുടുംബവും കുട്ടികളുമായി ജീവിച്ചിരുന്ന അവന്റെ സ്വന്തം അമ്മ അവനുമായി ബന്ധപ്പെടാൻ തുടങ്ങി. അവർ അവന് പിറന്നാളിനും മറ്റു വിശേഷദിവസങ്ങളിലും വില പിടിച്ച സമ്മാനങ്ങൾ അയച്ചു കൊണ്ടിരുന്നു.

പണം വേണ്ടപ്പോൾ അതും. ക്രമേണ, കർമ്മം കൊണ്ട് അവന്റെ അമ്മയായ ടീച്ചറുമായി അവൻ അകന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾതന്നെ പുകവലി, മദ്യപാനം, തുടങ്ങിയ ‘സുകുമാരകലക’ളിൽ അവൻ വ്യാപൃതനായി. ഒരു വാലന്റൈൻസ് ദിനാഘോഷവേളയിൽ അവന്റെ ബാഗിൽ നിന്ന് ഒരു ഫുൾ ബോട്ടിൽ വോഡ്കയും ഒരു ഫുൾ ബോട്ടിൽ ‘ക്ലിപ്ഡ്രിഫ്റ്റ്’ എന്ന സാമാന്യം വിലയുള്ള ബ്രാൻഡിയും കണ്ടെത്തി. അങ്ങനെയാണ് അതൊരു കേസ് ആയത്.

നിറയുന്ന കണ്ണുകളൊപ്പിക്കൊണ്ട് പ്രിൻസിപ്പലിനെയും എന്നെയും സാക്ഷിയാക്കി ആ അമ്മ പറഞ്ഞു, ‘ഞാൻ എന്തു വാങ്ങിക്കൊടുത്താലും അവന് പുച്ഛമാണ്. കഴിഞ്ഞ ക്രിസ്മസ്സിന് ഞാൻ അവനോട് പറഞ്ഞു, നിനക്ക് ഞാൻ വൂൾവർത്തിന്റെ ഒരു ജാക്കറ്റ് വാങ്ങിത്തരാം. വരുന്ന വിന്ററിന് നല്ലതായിരിക്കും.

ചിറി കോട്ടി അവജ്ഞയോടെ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു, ‘ആർക്കു വേണം നിന്റെ വൂൾവർത് ജാക്കറ്റ്?
എന്റെ അമ്മ അടുത്ത വിന്ററിനുള്ള ‘വാം’ കുപ്പായങ്ങൾ എപ്പോഴേ വാങ്ങിക്കഴിഞ്ഞു! തന്നെയല്ല, ഞാൻ ആ വൂൾവർത്ത് ‘ട്രാഷ്’ ഇടാനും പോകുന്നില്ല ഇങ്ങനെയാണ് അവന്റെ പ്രതികരണങ്ങൾ.’

ആ ടീച്ചർ അവരുടെ അദ്ധ്യാപകജീവിതത്തിൽ എത്രയോ കുട്ടികളെ നേർവഴി നടത്തിയിരിക്കുന്നു! പക്ഷേ, സ്വന്തം വീട്ടിൽ അവർക്ക് അതിനു കഴിഞ്ഞില്ല. അവന് ഈ സ്ക്കൂൾ വേണ്ട എന്നവൻ തീർത്തു പറഞ്ഞു. അങ്ങനെയാണ് ആ ‘കേസ്’ ഒത്തു തീർന്നത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ദക്ഷിണാഫ്രിക്കയുടെ ബഹുവർണ്ണ സാമൂഹികഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. വെള്ളക്കാരുടെ മേൽക്കോയ്മക്കാലത്ത് കറുത്തവരുടെ സമൂഹങ്ങളിലെ അധികാര ശ്രേണികൾ നിർജ്ജീവമാക്കപ്പെട്ടിരുന്നു. ക്ലോസകളുടെ ഇടയിൽ ആൺകുട്ടികളുടെ ‘ഇനിഷ്യേഷൻ’ (സുന്നത്ത്) വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. അതുകഴിഞ്ഞ് സാമൂഹികബന്ധങ്ങളെപ്പറ്റിയും സ്വന്തം ഗോത്രത്തിലും മറ്റും പെരുമാറേണ്ട ചിട്ടകളെപ്പറ്റിയും ‘ഇനിഷ്യേറ്റുക’ളെ പഠിപ്പിക്കുന്നു. ഇതെല്ലാം ഏതാണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങും. അതിനു ശേഷം ഇവരെ ‘കുട്ടി’യിൽ നിന്ന് ‘പുരുഷ’നിലേക്ക് സ്ഥാനക്കയറ്റം നൽകി ഗോത്രം പിൻവാങ്ങുന്നു.

വീട്ടിൽ നിന്ന് ദൂരെ മാറി ഏതെങ്കിലും വിജനപ്രദേശത്ത് കോറുഗേറ്റഡ് ഷീറ്റുകൾ കൊണ്ട് (മിക്കവാറും അവ തുരുമ്പിക്കാൻ തുടങ്ങിയിട്ടുണ്ടാവും) ഏച്ചു കൂട്ടിയ ഒരാൾപ്പൊക്കം പോലുമില്ലാത്ത ഷെഡ്ഡുകളിൽ പലപ്പോഴും വൃത്തിഹീനമായ അവസ്ഥയിലാവും ഈ കുട്ടികളെ ‘താമസി’പ്പിക്കുക.

‘മൈ സൺ ഈസ് ഗോയിംഗ് റ്റു ദ മൗണ്ടൻസ്’ എന്ന് ഒരു ക്ലോസാ പിതാവ് പറഞ്ഞാൽ അതിന്റെ പൊരുൾ മകൻ ഇനിഷിയേഷനു പോകുന്നു എന്നാണ്.

ഇനിഷിയേഷന്റെ ഫലമായി അനേകം മരണങ്ങൾ നടക്കാറുണ്ട്. അതിൽ ഏറിയ കൂറും ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ ആണ്. തികച്ചും അശാസ്ത്രീയവും അപരിഷ്‌കൃതവുമായ രീതിയിലാണ് ഇത് നടത്തുക.

‘മൈ സൺ ഈസ് ഗോയിംഗ് റ്റു ദ മൌണ്ടൻസ്’ എന്ന് ഒരു ക്ലോസാ പിതാവ് പറഞ്ഞാൽ അതിന്റെ പൊരുൾ മകൻ ഇനിഷിയേഷനു പോകുന്നു എന്നാണ്.
‘മൈ സൺ ഈസ് ഗോയിംഗ് റ്റു ദ മൌണ്ടൻസ്’ എന്ന് ഒരു ക്ലോസാ പിതാവ് പറഞ്ഞാൽ അതിന്റെ പൊരുൾ മകൻ ഇനിഷിയേഷനു പോകുന്നു എന്നാണ്.

വളരെ പ്രായം ചെന്ന ഒരു ‘വിദഗ്ദ്ധൻ’ ആവും കാർമ്മികൻ. അയാളുടെ കയ്യിലുള്ള റേസറും ബ്ലെയ്ഡും മറ്റും മിക്കവാറും ടെറ്റനസ്സിന്റെ പ്രഭവകേന്ദ്രങ്ങളാവാം. ഇത്തരം സമ്പ്രദായങ്ങൾക്ക് തടയിടാൻ ഗവണ്‍മെന്റ്‌ നിയമനിർമ്മാണത്തിലൂടെ വർഷങ്ങളോളമായി ശ്രമിക്കുന്നുണ്ട്. ക്ഷേ ഗോത്രത്തലവന്മാരോട് ആചാരപരമായ കാര്യങ്ങളിൽ ഏറ്റുമുട്ടുന്നത് ബുദ്ധിയല്ല എന്ന് ഭരണാധികാരികൾക്ക് അറിയാം.

ഞങ്ങളുടെ ചിരകാലസുഹൃത്ത് ഡോ. ജോർജ്ജ് തോമസ് (കല്ലിശ്ശേരി, ചെങ്ങന്നൂർ)ന്റെ സ്ക്കൂൾ പ്രിൻസിപ്പലിന്റെ ഏക മകൻ ഹോളി ക്രോസ്സിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നപ്പോൾ അവന്റെ തന്നെ നിർബന്ധത്താൽ അവനെ ‘മലമുകളി’ലേക്ക് അയച്ചു. ഞാൻ പഠിപ്പിച്ചിരുന്ന കുട്ടിയാണ്.

ജൂൺ അവധിക്കാലത്താണ് അവൻ പോയത്. അവധി കഴിഞ്ഞ് അവൻ തിരിച്ചു വന്നില്ല. അവന്റെ മാതാപിതാക്കൾ പ്രിൻസിപ്പലിനെ കാണാൻ വന്നപ്പോൾ എന്നെയും വിളിച്ചു, സ്വതവേ ഗൗരവക്കാരനായ ആ അച്ഛൻ എന്നെ കണ്ടതും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

സാവകാശം അവർ ഇരുവരും ചേർന്ന് അവന്റെ മരണത്തിനു കാരണം അശാസ്ത്രീയമായ സുന്നത്ത് ആണെന്ന് വിശദീകരിച്ചു. ഇനിഷിയേറ്റ്സ് ക്യാമ്പിൽ പലയിടത്തു നിന്നുമുള്ള കുട്ടികൾ ഉണ്ടാവും. ഈ കുട്ടി നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. അതിന്റെ പേരിൽ അവിടെ ഉണ്ടായിരുന്ന ചില ‘സ്കൂള്‍ ബുള്ളികൾ’ ഭീകരമായി മർദ്ദിച്ചു. അതിന്റെ കൂടെ അവന്റെ മുറിവ് സെപ്റ്റിക് ആയി. അങ്ങനെയാണ് കുട്ടി മരിച്ചത്.

ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാനുള്ള സ്ഥൈര്യം ഇനിഷിയേഷൻ കഴിഞ്ഞ് വരുന്നവർക്കുണ്ടാവും എന്ന് ക്ലോസകൾ വിശ്വസിക്കുന്നു.

ഒരു ഇനിഷിയേറ്റ് അയാളുടെ പരിസരം നിരീക്ഷിക്കുന്നു
ഒരു ഇനിഷിയേറ്റ് അയാളുടെ പരിസരം നിരീക്ഷിക്കുന്നു

പുതിയ ഇനിഷിയേറ്റുകളെ ക്ലോസയിൽ ‘അബഖ്വേറ്റു’ (abakhwethu) എന്നാണ് വിളിക്കുക. ഇനിഷിയേഷൻ കഴിഞ്ഞെങ്കിലും അവർ പൂർണ്ണമായും ‘പുരുഷന്മാർ’ ആയിട്ടില്ല. ‘ഉല്വാലുകോ’ (Ulwaluko) എന്ന ഒരു ചടങ്ങും കൂടി കഴിഞ്ഞാലേ അവരുടെ ഇനിഷിയേഷൻ പൂർണ്ണമാകൂ.

അതുകൊണ്ട് അവരുടെ പെരുമാറ്റം പലപ്പോഴും എല്ലാ സമൂഹമര്യാദകളെയും ലംഘിക്കും. ഗ്രാമപ്രദേശങ്ങളിലെ സ്ക്കൂളുകളിലാണ് അവർ ‘പൂണ്ട് വിളയാടു’ക. അവർക്കും ചില സാക്ഷ്യപ്പെടുത്തലുകൾ വേണം. അതില്ലെങ്കിൽ അവർ ഇനിഷിയേറ്റുകളാണെന്ന് ‘സീനിയർ’ വിദ്യാർത്ഥികൾ സമ്മതിക്കില്ല. അമഹ്വാലകളെ അവരുടെ സീനിയർമാർ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്നത് മദ്യത്തിനു വേണ്ടി ആയിരുന്നു. അതും ബ്രാൻഡി.

പുതിയ ദക്ഷിണാഫ്രിക്ക അങ്ങനെ രൂപപ്പെട്ട് വരുന്ന കാലമായിരുന്നൂ അത്. ട്രാൻസ്കൈ അതിർത്തി കടക്കാൻ ദക്ഷിണാഫ്രിക്കൻ വിസ വേണ്ട. ഇങ്ങനെയൊക്കെ, ഒരു വിനോദസഞ്ചാരത്തിന്റെ ക്യാമറക്കണ്ണുകളിലൂടെ നോക്കിയാൽ, എല്ലാം സ്വച്ഛം, സുന്ദരം എന്നു പറയാനാവുമെങ്കിലും ചില പ്രതിവിപ്ലവങ്ങൾ നമ്മെ പിടിച്ചു കുലുക്കിക്കളയും. എത്യോപ്യയിലെ എന്റെ അയൽക്കാരൻ ആത്തോ മെബ്രാത്തെ പറഞ്ഞതു പോലെ 'The revolution comes on cats' paws. Only after it has grabbed what you hold closest to your heart, you realise that everything is gone.'

അത്തരം ഒരു സംഭവമാണ് 22 ഇന്ത്യൻ കുടുംബങ്ങൾ താമസിച്ചിരുന്ന ‘ഫോർട്ട് ഗെയ്ല് ഫ്ലാറ്റ്സ്’നു സംഭവിച്ചത്. പെൻഷൻ ഫണ്ട് പണം കൊണ്ട് ഗവണ്‍മെന്റ്‌ പണി കഴിപ്പിച്ച, 84 വീടുകൾ ഏ മുതൽ ജി വരെ ഏഴു ബ്ലോക്കുകളിലായി വിന്യസിച്ചിരുന്ന മനോഹരമായ ആ സ്ഥലം ഒരു പ്രൈവറ്റ് കമ്പനിക്ക് വിറ്റിരിക്കുന്നു.

‘അടുത്ത സമരത്തിന് സമയമായി, അല്ലേ?’ എന്റെ സഖി എന്നോട് ചോദിച്ചു.

‘ഇവിടെ നമുക്ക് കുറച്ചുകൂടി സ്‌പെയ്‌സ് ഉണ്ട്. എത്യോപ്യ പോലെ ഒരു ഫെയ്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് അല്ലല്ലോ ഇത്’, ഞാൻ സമാധാനിച്ചു. ഞങ്ങളുടെ മുന്നിൽ ആ ‘ഇം പിഷ്’ മന്ദഹാസവുമായി നിൽക്കുന്ന മൻഡേലയുടെ മുഖം തെളിഞ്ഞു.

(തുടരും)


Summary: In "African Vasanthangal," U. Jayachadran discusses the tribal rituals of Ulwaluko, also known as the initiation process, and examines its impact on children and African culture.


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments