ബോബ് മാര്‍ലിയും എത്യോപ്യയും

മെന്‍ഗിസ്റ്റുവിന്റെ ഭരണകാലത്ത്, ബോബ് മാര്‍ലി എത്യോപ്യയിലെ ‘റോയലിസ്​റ്റു’കൾക്ക്​ വെറും ഒരു ഗായകന്‍ എന്നതിലുപരി ഒരു പ്രതീകമായി വളര്‍ന്നു.

ആഫ്രിക്കന്‍
വസന്തങ്ങള്‍- നാല്​.

ത്യോപ്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള ഒരു പുസ്തകം എന്റെ കൈവശമുണ്ടായിരുന്നു. അത് ദശാബ്ദങ്ങള്‍നീണ്ടുപോയ യാത്രകള്‍ക്കിടയില്‍ എവിടെയോ നഷ്ടപ്പെട്ടു. എത്യോപ്യയുടെ വിപ്ലവപൂര്‍വ കാലത്തെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ ആ പുസ്തകത്തില്‍ നിന്നറിഞ്ഞു. അല്‍പം സോവിയറ്റ് ചായ്​വുള്ള ഒരു എഴുത്തുകാരനാണ് അത് എഴുതിയത്. ആ പുസ്തകം മാത്രമല്ല, എത്യോപ്യ അബിസ്സീനിയ ആയിരുന്ന കാലം മുതലുള്ള അവരുടെ ചരിത്രഗ്രന്ഥങ്ങള്‍ പലതും അഡീസ് അബാബയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ നിന്ന് കണ്ടെത്തി വായിച്ചപ്പോള്‍, എത്ര വിസ്മയകരമായ കാര്യങ്ങളാണ് ഇത്രയും കാലം അറിയാതിരുന്നത് എന്ന് ഞാനോർത്തു.

ഹെയ്‌ലെ സെലാസ്സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതും അദ്ദേഹത്തെ ഒരു ഫോക്​സ്​വാഗൻ ബീറ്റില്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നതും മാത്രമേ പട്ടാളവിപ്ലവത്തെക്കുറിച്ച് ഓര്‍മ്മയുള്ള അഡീസ് അബാബ നിവാസികള്‍ ഓര്‍മിക്കുന്നുള്ളുവത്രേ. അതേക്കുറിച്ച്​ ഞാന്‍ വായിച്ചറിഞ്ഞത് ഇങ്ങനെയാണ്:
ചക്രവര്‍ത്തി എത്രയോ നാളുകളായി ശയ്യാവലംബിയാണ്. എങ്കിലും, ദിവസവും അദ്ദേഹത്തിന്റെ പ്രാതലിനു നേരമാവുമ്പോള്‍ കൊട്ടാരത്തിന്റെ നാലു കോണുകളിലുമുള്ള നിരീക്ഷണ ഗോപുരങ്ങളില്‍ നിന്ന് ബ്യൂഗിള്‍ ധ്വനി ഉയരും. നാലു ഗോപുരങ്ങളിലുമുള്ള ഭടന്മാര്‍ ലോകത്തോട് വിളിച്ചു പറയും, ‘ഇതാ, ലോകാലോകങ്ങളുടെ ചക്രവര്‍ത്തി, രാജാക്കന്മാരുടെ രാജാവ്, പ്രഭുക്കന്മാരുടെ പ്രഭു, യഹൂദിയായിലെ വിജിഗീഷുവായ സിംഹം, ഹെയ്‌ലെ സെലാസ്സി തിരുമനസ്സ് പ്രാതല്‍ കഴിക്കാന്‍ ഇരിക്കുന്നു.’
അതേസമയം ചക്രവര്‍ത്തി മരണക്കിടക്കയില്‍ മയക്കത്തിലാവും.

അഡീസ് അബാബയിലെ ബ്രിട്ടീഷ് കൗണ്‍സില്‍

ഇങ്ങനെയുള്ള അവസ്ഥയില്‍ രാജ്യത്ത് പട്ടിണി പെരുകി. വോളോ (Wollo) എന്ന സംസ്ഥാനത്ത് രണ്ട് ലക്ഷത്തില്‍പ്പരം പേർ ക്ഷാമം മൂലം പട്ടിണി കിടന്നു മരിച്ചു. ചക്രവര്‍ത്തി എഴുന്നേറ്റ്​ നടന്നിരുന്നപ്പോള്‍ അദ്ദേഹം തന്റെ ഓമന വളര്‍ത്തുമൃഗങ്ങളായ നാലു സിംഹങ്ങള്‍ക്കും ഇറച്ചി തിന്നാന്‍ കൊടുക്കുന്നത് അക്കാലത്ത് എത്യോപ്യയില്‍ വന്ന ഏതോ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ചലച്ചിത്രമാക്കി. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ (ഇന്നത്തെ ഇന്ത്യയിലെ പ്രതിപക്ഷം കേള്‍ക്കണം) ഒരു സ്‌കൂള്‍ അദ്ധ്യാപകര്‍ ആരംഭിച്ച ‘ഇംപ്രോംപ്തു’ സമരമാണ് മണിക്കൂറുകള്‍ കൊണ്ട് ഹെയ്‌ലെ സെലാസ്സിയുടെ അപ്രമാദിത്വത്തിന്റെ പൊള്ളയായ ആവരണങ്ങള്‍ പിച്ചിച്ചീന്തിയത്. അക്കാലത്ത് അഡീസ് അബാബയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ വര്‍ഷങ്ങള്‍ക്കുശേഷവും ആ ഭീകരതകള്‍ മറന്നിരുന്നില്ല. കണ്മുന്നിലിട്ട് ചെറുപ്പക്കാരെന്നോ വൃദ്ധരെന്നോ കണക്കാക്കാതെ വെടിയേറ്റു വീഴുന്ന മനുഷ്യര്‍. രക്തരൂഷിതമായ പട്ടാളവിപ്ലവം തന്നെയായിരുന്നൂ അത്. എന്നാല്‍ മരണത്തിന്റെ വാതിലില്‍ എത്തിയ ചക്രവര്‍ത്തി ഇതൊന്നും അറിഞ്ഞിരുന്നില്ല.


14 ഉയര്‍ന്ന പട്ടാള ഓഫീസര്‍മാരടങ്ങുന്ന ‘ഡെര്‍ഗ്' (Devolution Emergency Response Group) ആണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. അവര്‍ ഒരു- coup d'état- പട്ടാള വിപ്ലവ പ്രഖ്യാപനം എഴുതി തയാറാക്കിയിരുന്നു. പക്ഷേ അത് ചക്രവര്‍ത്തിയെ വായിച്ച് കേള്‍പ്പിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അവസാനം അവരിലെ എറ്റവും പ്രായം കുറഞ്ഞ ലഫ്. കേണലായിരുന്ന മെന്‍ഗിസ്റ്റു മുന്നോട്ടു വന്നു. ‘ഞാന്‍ വായിച്ചു കൊടുക്കാം’, അയാള്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
അങ്ങനെ, ശയ്യാവലംബിയായിരുന്ന ചക്രവര്‍ത്തിയുടെ അരികില്‍നിന്ന് മെന്‍ഗിസ്റ്റു ആ അധികാരമേറ്റെടുക്കല്‍ പ്രഖ്യാപനം വായിച്ചു. അത് മുഴുവന്‍ കേട്ടിട്ട്, ചക്രവര്‍ത്തി തളര്‍ന്നതെങ്കിലും ദൃഢമായ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞുവത്രെ: നിന്റെ പേരെന്താണ്?
മെന്‍ ഗിസ്റ്റുവിനോടാണ് ചോദ്യം.
പേരു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ആ പേരുള്ളവരെ ആരെയും നമ്മുടെ സേനയില്‍ ഓഫീസര്‍ പദവിയില്‍ വേണ്ടാ എന്ന് നാം തീരുമാനിച്ചിരുന്നതല്ലേ?
നിശ്ശബ്ദത.
തന്റെ സുരക്ഷാസൈനികരോട് അദ്ദേഹം ആജ്ഞാപിച്ചു: ഇവനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കൂ.
സൈനികര്‍ ആരും ചലിച്ചില്ല. ഒരിക്കല്‍ക്കൂടി അദ്ദേഹം പറയാന്‍ ശ്രമിച്ചെങ്കിലും സ്വന്തം സുരക്ഷാസൈനികര്‍ തന്നെ അദ്ദേഹത്തെ ബന്ദിയാക്കി.

ഹെയ്‌ലെ സെലാസ്സി തന്റെ സിംഹങ്ങളിലൊന്നിനൊപ്പം

‘King of Kings, Lord of the Lords, the conquering Lion of the Tribe of Judah Emperor Hale Selassie’ യുഗം അവിടെ അവസാനിക്കുകയായിരുന്നു. അദ്ദേഹത്തെ ഒരു ഫോക്​സ്​വാഗൻ ബീറ്റില്‍ കാറില്‍ കയറ്റുന്നത് കണ്ടവരുണ്ടെന്ന് പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട്. ഹെയ്‌ലെ സെലാസി എന്ന ‘ലെജന്‍ഡി'ന്റെ ഉല്‍ഭവം അദ്ദേഹത്തിന്റെ അന്ത്യത്തില്‍ നിന്നായിരിക്കണം.

1930- ലാണ് ഹെയ്‌ലെ സെലാസി അബിസീനിയന്‍ ചക്രവര്‍ത്തിയായി കിരീടധാരണം ചെയ്യപ്പെട്ടത്. ഇതിനിടെ കുട്ടിക്കാലത്ത് ഹെയ്‌ലെ സെലാസിയെ ഒരു മിന്നാട്ടം പോലെ കാണാനിടയായ കാര്യം കൂടി പറഞ്ഞോട്ടെ.

1955-ല്‍ അദ്ദേഹത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. അതിനടുത്ത വര്‍ഷം അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തുനിന്ന് ഒരു കാറില്‍ എം.സി റോഡ് വഴി അദ്ദേഹം യാത്ര ചെയ്തു. അദ്ദേഹത്തെ കാണാനും വരവേല്‍ക്കുവാനുമായി റോഡില്‍ ഞങ്ങളെ (കൊച്ചു സ്‌കൂള്‍കുട്ടികളെ) നിരത്തി നിര്‍ത്തി. ആ ഒരു മിന്നാട്ടത്തിലാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. സത്യത്തില്‍ അദ്ദേഹം ആരാണെന്ന് അന്ന് എനിക്ക് പിടികിട്ടിയില്ല. ചാച്ചാ നെഹ്രുവിനെപ്പോലൊരാള്‍ എന്നു വിചാരിച്ചു. പക്ഷേ ആ മിന്നാട്ടത്തില്‍ ഞാന്‍ കണ്ട ചക്രവര്‍ത്തിയുടെ ‘തിരുമുഖം’ ഗൗരവം നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന് ഒരു താടിമീശയും ഉണ്ടായിരുന്നു. അത്രമാത്രമേ ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായുള്ളു.

ഹെയ്‌ലെ സെലാസ്സി 1956ല്‍ കേരളത്തിലെത്തിയപ്പോള്‍, ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ | Twitter/ Aby Tharakan

എത്യോപ്യന്‍ ചക്രവര്‍ത്തിക്ക് മലയാളികളോട് എന്നും അതിരറ്റ സ്‌നേഹമുണ്ടായിരുന്നു. എത്യോപ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. (മാലിക് അംബര്‍ എന്ന അഹമ്മദ്‌ നഗര്‍ സുല്‍ത്താനേറ്റിലെ രാജാവ് 17-ാം നൂറ്റാണ്ടില്‍ ഡെക്കാന്‍ ആസ്ഥാനമാക്കി ഭരിച്ചു. മാലിക് അംബര്‍ എത്യോപ്യന്‍ വംശജനായിരുന്നുവത്രെ.)

ഒരിക്കല്‍ ചക്രവര്‍ത്തി എത്യോപ്യയിലെ ‘ആംബോ’ എന്ന സ്ഥലത്തെ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ അദ്ധ്യാപകര്‍ അദ്ദേഹത്തിനുവേണ്ടി ‘ജൂലിയസ് സീസര്‍’ നാടകം അവതരിപ്പിച്ചു. അതില്‍ മാര്‍ക്ക് ആന്റണിയായി നടിച്ചത് പോള്‍ വര്‍ഗീസ് എന്ന മലയാളി ടീച്ചറായിരുന്നു. നാടകം കഴിഞ്ഞ്, പോള്‍ വര്‍ഗ്ഗീസ് എത്യോപ്യയിലെ ഔദ്യോഗിക ഭാഷയായ അമാറിക് ഭാഷയില്‍ ഒന്നാം തരം ഒരു പ്രസംഗവും ചെയ്തു. ഇതു കണ്ട് അദ്ഭുതസ്തബ്ധനായ ചക്രവര്‍ത്തി, അപ്പോള്‍ത്തന്നെ പോള്‍ വര്‍ഗീസിനെ ആംബോയില്‍ നിന്ന് അഡീസ് അബാബയിലെ ‘ഹെയ്‌ലെ സെലാസ്സി സെക്കന്ററി സ്‌കൂളി’ലേക്ക് മാറ്റി. മാത്രമല്ല, ഇംഗ്ലീഷും ഗണിതശാസ്ത്രവും അതിപ്രഗല്‍ഭമായി കൈകാര്യം ചെയ്തിരുന്ന പോളിനെക്കൊണ്ട് പുതിയ സ്ഥലത്ത് ‘അമാറിക്' പഠിപ്പിക്കുകയും ചെയ്യണം എന്ന് ചക്രവര്‍ത്തി നേരിട്ട് സ്‌കൂളധികൃതരോട് ശുപാര്‍ശയും നടത്തി.

ഇനിയാണ് വലിയ സസ്‌പെന്‍സ്.
ആ പോള്‍ വര്‍ഗീസ് ആണ് പിന്നീട് മലങ്കര ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ബിഷപ്പ്​ പൗലോസ് മാര്‍ ഗ്രിഗോറിയസ് ആയത്.

പോള്‍ വര്‍ഗീസ്

വലിയ നിലയ്ക്ക് എത്യോപ്യയിലേക്ക് മലയാളി അദ്ധ്യാപക പ്രവാഹമുണ്ടായത് 1940- കളിലാണ്. 1974ലെ ‘വിപ്ലവ’ത്തിനു ശേഷം ഏഴു കൊല്ലം മലയാളി അദ്ധ്യാപകര്‍ എത്യോപ്യ കണ്ടില്ല. 1980- നുശേഷമുള്ള റിക്രൂട്ട്‌മെന്റിലാണ് ഏതാണ്ട് 250-ലധികം ഇന്ത്യക്കാര്‍ എത്യോപ്യയിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ടത്. അപ്പോഴേക്ക് പട്ടാള ഭരണകൂടം ഒരു വമ്പിച്ച സാക്ഷരതാകാമ്പയിൻ ആരംഭിച്ചു. അതിന് യുനെസ്‌കോ പിന്തുണ നല്‍കി. അങ്ങനെയാണ് ഞങ്ങള്‍ എത്യോപ്യയിലേക്ക് വിമാനം കയറിയത്.

1930- ല്‍ ഹെയ്‌ലെ സെലാസ്സിയുടെ കിരീടധാരണം നടക്കുമ്പോള്‍, അതിന് ഒരു ദശകം മുന്‍പ് മാര്‍ക്കസ് ഗാര്‍വി എന്ന ജമൈക്കന്‍ ‘ബ്ലാക്ക് നാഷനലിസ്റ്റ്' ഇങ്ങനെ പറഞ്ഞു: (റാസ്റ്റാഫരിയന്മാര്‍ ‘പ്രവചിച്ചു’എന്നു പറഞ്ഞേക്കും) ‘ആഫ്രിക്കയിലേക്ക് നോക്കൂ, അവിടെ ഒരു കറുത്തവരുടെ രാജാവ് ഉദിക്കും. അയാളിലൂടെ നാം മുക്തി നേടും.’
അങ്ങനെ ഹെയ്‌ലെ സെലാസ്സിയുടെ വരവ് തങ്ങളുടെ വിമോചകന്റെ വരവാണെന്ന് ജമൈക്കയിലെ കറുത്തവര്‍ വിശ്വസിച്ചു.

ഹെയ്‌ലെ സെലാസ്സിയുടെ യഥാര്‍ത്ഥ പേര് ‘റാസ് ടഫാരി മക്കൊന്നെന്‍' 1 എന്നായിരുന്നു. ഹരാറിലെ ഭരണാധികാരിയായിരുന്നു ടഫാരിയുടെ പിതാവ്. അക്കാലത്ത് എത്യോപ്യയുടെ ചക്രവര്‍ത്തി ‘മെനെലിക്' രണ്ടാമന്‍ ആയിരുന്നു. അദ്ദേഹത്തിന് ടഫാരിയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അതിനാല്‍ തന്റെ അനന്തരാവകാശിയായ സൂഡിറ്റു രാജകുമാരിയുടെ അകാലമരണത്തെ തുടര്‍ന്ന്, മെനെലിക് രണ്ടാമന്‍ ടഫാരി മക്കൊന്നനെ ‘ഹെയ്‌ലെ സെലാസ്സി ഒന്നാമന്‍' എന്ന പേരില്‍ എത്യോപ്യന്‍ചക്രവര്‍ത്തിയായി അവരോധിച്ചു.

ബോബ് മാർളി: അദ്ദേഹം അണിഞ്ഞിരിക്കുന്ന ജാക്കറ്റിൽ റാസ്താഫറി യന്മാരുടെ പതാകയുടെ നിറങ്ങൾ.

അങ്ങനെയാണ് ജമൈക്ക, ഹെയ്‌ലെ സെലാസ്സിയുടെ ജീവിതവുമായി ബന്ധപ്പെട്ടത്. ജമൈക്കന്മാര്‍ ഹെയ്‌ലെ സെലാസ്സിയെ ‘ജാ​’ (JAH- messiah) എന്നുവിളിച്ച് ആരാധിച്ചു. ബൈബിളായിരുന്നു റാസ്റ്റാഫരിയന്മാരുടെ വിശുദ്ധ ഗ്രന്ഥമെങ്കിലും അവര്‍ അതിലെ ചില ഭാഗങ്ങള്‍ മാത്രമേ സ്വീകരിച്ചുള്ളൂ. ബോബ് മാര്‍ലി എന്ന ഗായകന്റെ പാട്ടുകളിലൂടെ ‘ജാ' ജീവിക്കുന്നു.

മെന്‍ഗിസ്റ്റുവിന്റെ ഭരണകാലത്ത്, ബോബ് മാര്‍ലി എത്യോപ്യയിലെ ‘റോയലിസ്​റ്റു’കൾക്ക്​ വെറും ഒരു ഗായകന്‍ എന്നതിലുപരി ഒരു പ്രതീകമായി വളര്‍ന്നു.

(1.റാസ്: പ്രഭു എന്നതുപോലെ ഒരു സ്ഥാനപ്പേര്.)

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments