ആഫ്രിക്കൻ
വസന്തങ്ങൾ- 5
എത്യോപ്യയില്‍ നടന്നത് ഒരു കമ്യൂണിസ്റ്റ് വിപ്ലവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സോവിയറ്റ് ചായ്വുള്ള ബുദ്ധിജീവികള്‍ ശ്രമിച്ചിരുന്നു എന്നത് സത്യമാണ്. അതേസമയം ആഫ്രിക്കയില്‍ സാധാരണയായി നടന്നുവരാറുള്ള പട്ടാളവിപ്ലവം മാത്രമായിരുന്നൂ അത്. ഹെയ്‌ലെ സെലാസി ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കിയശേഷം മെന്‍ ഗിസ്റ്റു അല്ല അടുത്ത ഭരണകര്‍ത്താവായത്. 14 ഓഫീസര്‍മാരായിരുന്നല്ലോ ‘ദര്‍ഗ്' എന്നറിയപ്പെട്ടിരുന്നത്. ചക്രവര്‍ത്തിഭരണത്തിനുശേഷം മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നു പേര്‍ മാറിമാറി രാഷ്ട്രനേതാക്കളായി.
1977-ല്‍ മെന്‍ ഗിസ്റ്റു എല്ലാവരെയും മറികടന്ന് (അദ്ദേഹം നേരിട്ടു തന്നെ ചിലരുടെ കഥ കഴിച്ചു എന്ന് അസംതൃപ്തരായ വരേണ്യവര്‍ഗ്ഗം പറഞ്ഞിരുന്നു) ഒരു വിധത്തില്‍ എത്യോപ്യയിലെ സുപ്രീം കമാന്‍ഡര്‍ആയി സ്വയം അവരോധിച്ചു. വ്യാപക അടിച്ചമര്‍ത്തലും സോവിയറ്റ് മാതൃകയിലുള്ള കൂട്ടക്കുരുതികളും ധാരാളം നടന്നുപോന്നു. എന്നു വച്ച് അതൊക്കെ മാത്രമേ ആ രാജ്യത്ത് നടന്നിരുന്നുള്ളൂ എന്നുവിചാരിക്കരുത്. ഹെയ്‌ലെ സെലാസി തന്റെ രാജ്യം പ്രഭുകുടുബങ്ങള്‍ക്ക് ‘വീതിച്ചു’ കൊടുത്തിരുന്നെങ്കിലും അഡീസ് അബാബ പോലെയോ അന്നത്തെ '*അസ്മാര’ പോലെയോ ഉള്ള നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു, എല്ലാ രീതിയിലുമുള്ള വളര്‍ച്ചയും വികസനവും.
എത്യോപ്യന്മാര്‍ പൊതുവേ ഒട്ടും ധൃതിയില്ലാത്തവരാണ്. ഇംഗ്ലീഷില്‍ 'laid back' എന്നു പറയില്ലേ, അതുതന്നെ. എത്യോപ്യയില്‍ ചെന്നതിനു ശേഷമാണ് അവരുടെ കലണ്ടറില്‍ 13 മാസങ്ങള്‍ ഉള്ളതായി അറിഞ്ഞത്. 30 ദിവസങ്ങള്‍ വീതമുള്ള 12 മാസങ്ങളും 5 ദിവസങ്ങള്‍ മാത്രമുള്ള ഒരു അവസാന മാസവും. പക്ഷേ ആ കലണ്ടര്‍ നമ്മള്‍ പഞ്ചാംഗം ഉപയോഗിക്കും പോലെ എത്യോപ്യന്‍ ഉത്സവകാലങ്ങളും മറ്റും നിര്‍ണ്ണയിക്കുന്നതിനു മാത്രമേ അവര്‍ നോക്കിയിരുന്നുള്ളൂ.
എത്യോപ്യന്‍ ടൂറിസം കമ്മീഷന്റെ അക്കാലത്തെ ടാഗ് ലൈന്‍ Thirteen Months of Sunshine എന്നായിരുന്നു. ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളും ചിരപുരാതനമായ ഒരുപിടി ചരിത്രാവശിഷ്ടങ്ങളുമുള്ള എത്യോപ്യക്ക് ഏറ്റവും നല്ല ഒരു ‘ഇന്‍വിസിബിള്‍ എക്‌സ്‌പോര്‍ട്ട്' ആയി വളര്‍ത്തിയെടുക്കാവുന്ന മേഖലയായിരുന്നൂ ടൂറിസം. സോഷ്യലിസ്റ്റ് അഥവാ സ്യൂഡോ സോഷ്യലിസ്റ്റ് എന്നു വിളിക്കാവുന്ന, സോവിയറ്റ് മാതൃക പിന്തുടര്‍ന്നിരുന്ന പട്ടാള സോഷ്യലിസ്റ്റുകള്‍ക്ക് സ്വതന്ത്രമായ സഞ്ചാരസൗകര്യം ടൂറിസത്തിന്റെ ഒരു ഭാഗമായിരിക്കണം എന്ന് അംഗീകരിക്കാന്‍ വിഷമമായിരുന്നു. അതുകൊണ്ട് വടക്കന്‍ പ്രവിശ്യകളില്‍ ഗോണ്ടറും ടിഗ്രേയുടെ ചില ഭാഗങ്ങളും ഒഴികെ മറ്റൊരിടത്തേക്കും ടൂറിസം വികസിപ്പിക്കാന്‍ അവര്‍ക്കായില്ല. ഇന്നിപ്പോള്‍ ടിഗ്രേയും എത്യോപ്യയില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു. എറിട്രിയ 1961- മുതല്‍ ആരംഭിച്ച എത്യോപ്യാ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് അന്ത്യം കുറിച്ചത് 1991- ലായിരുന്നു. തുടര്‍ന്ന് 1993- ല്‍ എറിട്രിയ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.
പറഞ്ഞുപറഞ്ഞ് ഞാന്‍ എത്യോപ്യന്‍ ചരിത്രത്തിലേക്ക് ആവശ്യത്തിലധികം കടന്നു കയറുന്നുവോ എന്ന് സംശയം. ഞങ്ങളുടെ 1980-കളിലേക്ക് തിരികെ വരാം. ജോലി തുടങ്ങും മുന്‍പ് യാതൊരുവിധ ‘ഓറിയന്റേഷ’നും നല്‍കാതെ, കുറച്ച് ടെക്സ്റ്റ്ബുക്കുകള്‍ മാത്രം കയ്യില്‍ വച്ചു തന്ന് ക്ലാസിലേക്ക് പറഞ്ഞുവിടുകയാണ് എന്റെ വകുപ്പദ്ധ്യക്ഷന്‍ ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളും ആഴ്ചകളും എന്റെ വിദ്യാര്‍ഥികളുടെ അക്കാദമിക- ക്ഷേമാന്വേഷണത്തിനായി മാറ്റിവച്ചു. അതില്‍നിന്ന് ഒരു ഭാഷാദ്ധ്യാപകന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്ന ഒരു സത്യം കണ്ടെത്തി. ഇംഗ്ലീഷ് ആണ് അദ്ധ്യയന മാദ്ധ്യമം എങ്കിലും കുട്ടികളില്‍ ഭൂരിപക്ഷത്തിനും ആ ഭാഷ അറിയില്ല.
പട്ടാള ‘സോഷ്യലിസ'ത്തിന്റെ ഭാഗമായ സാക്ഷരതാ കാമ്പയിൻ വിജയിപ്പിക്കാന്‍ നാടും വീടും വിട്ട് കാടുകളില്‍ പട്ടാള ഗവൺമെൻറിനെതിരെ ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരുന്ന ആ യുവാക്കളെയും യുവതികളെയും മദ്ധ്യവയസ്‌കരെയും ബലാത്ക്കാരമായി പിടിച്ചുകൊണ്ടുവന്ന് സ്‌കൂളില്‍ ചേര്‍ക്കുക എന്ന സമ്മര്‍ദ്ദതന്ത്രമെല്ലാം പരീക്ഷിച്ചിരുന്നു. ജീവന് സമകാലിക ഇന്ത്യയിലെ മണിപ്പുരിലെ വിലയേ അന്ന് എത്യോപ്യയില്‍ കണ്ടുള്ളൂ.
അദ്ധ്യയനത്തിന്റെ കാര്യത്തില്‍ മറ്റൊരു ചെറു ഷോക്ക് കിട്ടിയത് ഇങ്ങനെയാണ്, എല്ലാ വിഷയങ്ങള്‍ക്കും 12-ാം ഗ്രേഡില്‍ ദേശീയപരീക്ഷയുണ്ട്. ഇതിന്റെയെല്ലാം ചോദ്യങ്ങള്‍ മൾട്ടിപ്പിൾ ചോയ്സ് ആണ്. ഇംഗ്ലീഷും കണക്കും ജ്യോഗ്രഫിയും എല്ലാം. ക്ലാസുകളില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞാണ് ഇരുന്നിരുന്നത്. അത്തരം ക്ലാസുകളില്‍ ഒരു ‘കേട്ടെഴുത്ത് പരീക്ഷ' നല്‍കാന്‍ പോലും അസാദ്ധ്യമായിരുന്നു. കുട്ടികള്‍ക്ക് കൂടുതലും ഗ്രാമര്‍ മാത്രമായിരുന്നു ‘സ്റ്റേപ്പിള്‍' ആഹാരം. ഒരു എഴുത്ത് എഴുതാന്‍ പോലും ഇംഗ്ലീഷ് പീരിയഡില്‍ പഠിപ്പിക്കേണ്ടതില്ല. ബ്രെഹ്തിന്റെ കവിത വായിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ പരാജിതനായ ക്ലാസില്‍ 45 പെണ്‍കുട്ടികളുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. അവരില്‍ ഭൂരിപക്ഷവും ‘ഫങ്ഷണലി ഇല്‍ ലിറ്റരേറ്റ്' ആണെന്നുതന്നെ പറയാം. പെണ്‍കുട്ടികള്‍ മാത്രമുള്ള ആ ക്ലാസ്, ‘ഹോം എക്കണോമിക്‌സ്' അഥവാ ഹോം സയന്‍സ് എന്ന വിഷയക്കാര്‍ക്കുവേണ്ടിയുള്ളതായിരുന്നു.
ഞങ്ങള്‍ ഗോണ്ടറില്‍ വീടില്ലാതെ കഴിയുന്നതിനിടെ മറ്റു ചില മലയാളികളും അവിടെ വന്നുചേര്‍ന്നു. അതിലൊരാള്‍ എന്റെ ജൂനിയറായി കോളേജിലുണ്ടായിരുന്ന അശോക് ആയിരുന്നു. ഫാസിലെഡസില്‍ തന്നെ വന്നുചേര്‍ന്ന മറ്റൊരാള്‍ ഞങ്ങളെക്കാളെല്ലാം ഏറെ പ്രായം ചെന്ന പി.ഡി. രാധാകൃഷ്ണന്‍ സര്‍ ആയിരുന്നു. അദ്ദേഹം എത്യോപ്യയിലും സാംബിയയിലും ഏറെ കാലം ജോലി ചെയ്തു, 1970- കളില്‍.
രാധാകൃഷ്ണന്‍ സര്‍ മഹാ രസികനായിരുന്നു. അദ്ദേഹം പി.സി. അലക്‌സാൻററുടെ സഹപാഠിയായിരുന്നു എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. പിന്നീടൊരവസരത്തിലേക്ക് അത് മാറ്റിവയ്ക്കുന്നു.
വീടിനുവേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണം അവസാനിക്കാറായി. ഒരു ദിവസം ഹൗസിംഗ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ഞങ്ങളെ ഒരു വീട് കാണിക്കാന്‍ കൊണ്ടുപോയി. പട്ടണങ്ങളെ വാര്‍ഡുകളായി തിരിച്ചിരുന്നു, പുതിയ ഭരണകൂടം. വാര്‍ഡുകളെ ‘കെബെലെ' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയുള്ള 'കെബെലെ 15' എന്ന സ്ഥലത്തേക്കാണ് അയാള്‍ ഞങ്ങളെ എത്തിച്ചത്. സാമാന്യം വിജനമായ ഒരു പ്രദേശം. അവിടെ തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടുനില മാളിക. ആ മാളികയിലെ ഒരു വലിയ സ്വീകരണമുറിയും അതിനു പിന്നിൽ അടുക്കളയായി ഉപയോഗിക്കാവുന്ന ഒരു കൊച്ചു മുറിയും. ഇതാണ് വീട്. താഴത്തെ നിലയിലെ കുളിമുറിയും ടോയ്‌ലറ്റും ഞങ്ങള്‍ ഒരു എത്യോപ്യന്‍ കുടുംബവുമായി പങ്കിടണം. ആ ഭാഗത്ത് താമസിക്കുന്നത് ആത്തോ വര്‍ക്കു എന്ന ടെലികോം ഉദ്യോഗസ്ഥനാണ്. അയാള്‍ക്ക് എട്ടോ ഒന്‍പതോ കുട്ടികളുണ്ട്. അതിന്റെ പിറ്റേന്നുതന്നെ ഞാന്‍ ആത്തോ വര്‍ക്കു എന്നയാളെ പോയി കണ്ടു. അങ്ങനെ ഞങ്ങള്‍ ഇന്ത്യക്ക് പുറത്ത് ഒരു ‘സമ്പൂര്‍ണ കുടുംബ'മായി ജീവിതം ആരംഭിക്കുന്നു എന്ന് വിചാരിച്ചു. എത്യോപ്യയില്‍ പൊതുവേയും ഗോണ്ടര്‍ പോലെയുള്ള വിദൂര പ്രവിശ്യകളില്‍ പ്രത്യേകിച്ചും കുട്ടികളുടെയും അമ്മമാരുടെയും അവസ്ഥ അങ്ങേയറ്റം ദയനീയമായിരുന്നു.
ഏറെ ജലദൗർലഭ്യമുള്ള ഒരു രാജ്യമാണ് എത്യോപ്യ. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം കൊണ്ടു വരിക എന്നത് സ്ത്രീകള്‍ ചെയ്യേണ്ട ജോലിയാണ്. ഗോണ്ടര്‍ പട്ടണത്തില്‍ ശ്ലാഘനീയമായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുനിസിപ്പാലിറ്റിയുണ്ടായിരുന്നു. അതിനാല്‍, 1983- വരെ, അതായത്, ഗോണ്ടറില്‍ നിന്ന് അഡീസ് അബാബയിലേക്ക് അപ്രതീക്ഷിതമായി സ്ഥലം മാറേണ്ടിവന്നപ്പോള്‍ വരെയുള്ള രണ്ടു വര്‍ഷം, ഞങ്ങള്‍ ജലക്ഷാമം അനുഭവിച്ചില്ല. അതേസമയം ഗോണ്ടര്‍ വിട്ട് ഗ്രാമപ്രദേശങ്ങളില്‍ ജോലി നോക്കിയിരുന്നവരില്‍ പലരും ജലസ്പര്‍ശമേല്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.
ഞങ്ങളുടെ മനോഹരമായ ഇറ്റാലിയന്‍ മണിമാളിക. അതിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്നത് ഗോണ്ടര്‍ പട്ടണം ഉള്‍പ്പെടുന്ന ജില്ലയിലെ പട്ടാള യൂണിറ്റിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. ഞങ്ങള്‍ അയാളെ കണ്ടിട്ടേയില്ല. താമസം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാത്രിയില്‍ ഭയങ്കരമായ ചില ശബ്ദങ്ങള്‍ കേട്ട് ഞങ്ങള്‍ ഉണര്‍ന്നു. മുകള്‍ നിലയില്‍ അമാറിക് ഭാഷയില്‍ ഒരാള്‍ ഉറക്കെയുറക്കെ എന്തോ പറയുന്നു. തുടര്‍ന്ന് പട്ടാളബൂട്ടിട്ടായിരിക്കണം, അമര്‍ത്തിച്ചവിട്ടി മാര്‍ച്ച് ചെയ്യുന്ന കോലാഹലവും. ഈ പതിവ് എല്ലാ ദിവസവും ഇല്ല. ചില രാത്രികളില്‍ മാത്രം. പിന്നീടാണ് ഞങ്ങളറിയുന്നത്, ആ ക്യാപ്റ്റന്‍ മാനസികമായി അല്പം പ്രശ്‌നമുള്ള ആളാണെന്ന്. മാനസികപ്രശ്‌നമുള്ള ഒരാള്‍ ഗോണ്ടര്‍ ജില്ലയിലെ പട്ടാളത്തിന്റെ ക്യാപ്റ്റന്‍. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ വീട്ടിലെ താമസം ശാന്തമെങ്കിലും സമാധാനമില്ലാത്തതായിരുന്നു. അങ്ങനെ വീണ്ടും ഞാന്‍ ഹൗസിംഗ് ബോര്‍ഡിനെ സമീപിച്ചു. അവര്‍ വളരെ അനുകമ്പയോടെ എന്റെ ആവലാതികളെല്ലാം കേട്ടു. ഇനി ഒരു സ്ഥലം ഒഴിവുവന്നാല്‍ നിങ്ങള്‍ക്ക് നല്‍കാം എന്നൊരു വാക്കും പറഞ്ഞു. ആ വാക്ക് വെറും വാക്കായിരുന്നില്ല.
ഒരാഴ്ച കഴിയും മുന്‍പ് മറ്റൊരു വീട് കാണാന്‍ ഞങ്ങള്‍ക്ക് ക്ഷണം കിട്ടി. അത് ഗോണ്ടര്‍ ടൗണില്‍ തന്നെയായിരുന്നു. മേജര്‍ മെലാക്കുവിന്റെ ഓഫീസിനു സമീപമുള്ള ഒരു വില്ല. മേജറുടെ ഒന്നാം അസിസ്റ്റന്റ് ആയിരുന്ന ആത്തോ ദ്‌സെമാനെയുടെ ഓഫീസിലേക്കാണ് ഹൗസിംഗ് ബോര്‍ഡ് ഞങ്ങളെ നയിച്ചത്. സുന്ദരമായ ഇംഗ്ലീഷ് സംസാരിക്കുന്നയാളായിരുന്നു ദ്‌സെമാനെ. അദ്ദേഹം എന്നോട് പറഞ്ഞു, ‘എന്നെ പഠിപ്പിച്ചതെല്ലാം ഇന്ത്യന്‍ ടീച്ചര്‍മാരാണ്. നിങ്ങള്‍ കഷ്ടപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല.'
ആ വില്ല, ആത്തോ ദ്‌സെമാനെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനായ ടിഗ്രെക്കാരന്‍ ആത്തോ മെബ്രാത്തെ എന്നയാള്‍ക്ക് നല്‍കിയിരുന്നതാണ്. അതില്‍ ഒരു ഭാഗത്തുനിന്ന് മെബ്രാത്തെയുടെ സ്ഥാവരജംഗമങ്ങള്‍ എല്ലാം മാറ്റിയിട്ട് ആ വില്ലയുടെ ഒരു വിങ്ങ് ഞങ്ങള്‍ക്ക് ഒഴിഞ്ഞുതന്നു.
മെബ്രാത്തെയ്ക്ക് അഞ്ചു മക്കള്‍- അബെരാ, യൊഹാനസ്, ഹൈലു എന്നിവര്‍ ആണ്‍കുട്ടികള്‍. തിഗ്ഗിസ്ത്, മെസെറത്ത് എന്നീ രണ്ട് പെണ്‍കുട്ടികളും. അയാളുടെ ഭാര്യ എറിട്രിയന്‍ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ പേര് ഇത്രയും വര്‍ഷങ്ങളുടെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു. വളരെ നല്ല ഒരു അമ്മയും ഒരു ആതിഥേയയും അയല്‍ക്കാരിയുമായിരുന്നു, എപ്പോഴും ധാരാളം സ്വർണമണിയാന്‍ ഇഷ്ടമുണ്ടായിരുന്ന ആ സ്ത്രീ. അവര്‍ അവിടെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ആയിരുന്നു. മെബ്രാത്തെയുടെ വീട്ടില്‍നിന്നാണ് ഞാന്‍ ആദ്യമായി എത്യോപ്യന്മാര്‍ വാറ്റി കുടിക്കുന്ന അറാക്കി എന്ന സ്വാദേറിയ മദ്യം കഴിക്കുന്നത്. അത് കുടിച്ചിറക്കുമ്പോള്‍ ഉള്ളിലുള്ള എല്ലാ അവയവങ്ങളും മോക്ഷപ്രാപ്തി നേടി എന്നു തോന്നിപ്പോകും. കുഞ്ഞു ഗ്ലാസുകളില്‍ അല്പാല്പമായിട്ടാണ് അത് കഴിക്കുക.
മെബ്രാത്തെയുടെ വീട്ടിനകത്തെ അടുക്കള അവര്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാനായി വിട്ടുതന്നു. എത്യോപ്യന്മാരുടെ എല്ലാ വീടുകളിലും, അതേ, എത്ര ആധുനികമായാലും, പുറത്തും ഒരു അടുക്കള പണിയും. അത് ‘ഇഞ്ചെറ’ ഉണ്ടാക്കാനുള്ള സൗകര്യത്തിനു കൂടിയായിരിക്കാം. ഇഞ്ചെറയ്ക്ക് അല്പം പുളി കൂടിപ്പോയ ദോശയുടെ രുചിയാണ്. എത്യോപ്യന്മാര്‍ പാചകത്തില്‍ നന്നായി സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇഞ്ചെറ എന്ന ഭീമന്‍ ദോശ വലിയൊരു തളികയില്‍ വിളമ്പി, അതിന്റെ നടുക്ക് ഡോറോ വോത്ത് (കോഴിക്കറി) എന്ന കറിയും ഒരു ഭാഗത്ത് മുളകു ചേര്‍ക്കാത്ത ആട്ടിറച്ചിക്കറിയും (അല്ലിച്ച) നല്ല മുളകിട്ട ചുവന്ന മാട്ടിറച്ചിക്കറിയും (കയ് വോത്ത്)- ഇങ്ങനെ ആയിരുന്നു അന്നൊക്കെ സേര്‍വ് ചെയ്തിരുന്നത്. ഇപ്പോള്‍ അതൊക്കെ അല്‍പം മാറിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ആ ഒരു ഇഞ്ചെറ തളികയ്ക്കു ചുറ്റുമിരുന്ന് ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള കറി കൂട്ടി തിന്നു തീര്‍ക്കുന്നു. എത്യോപ്യന്‍ ഇറച്ചിക്കറികളുടെ സ്വാദ് ഒന്നു വേറെത്തന്നെയാണ്.
മെബ്രാത്തെയുടെ വില്ലയിലേക്ക് തിരികെയെത്താം. അവിടെയും ഞങ്ങള്‍ക്ക് കുളിമുറിയും ടോയ്‌ലറ്റും മെബ്രാത്തെയും കുടുംബവുമായി പങ്കിടേണ്ടിവന്നു. പക്ഷേ ഒരിക്കല്‍പ്പോലും അവരിലാരും തന്നെ, പിഞ്ചു കുഞ്ഞായ മെസെറത്ത് ഉള്‍പ്പെടെ, അതൊന്നും വൃത്തികേടാക്കിയിരുന്നില്ല. മെബ്രാത്തെ കര്‍ശനമായി വീടിനെ നയിച്ചിരുന്ന ഒരു ഗൃഹ'നാഥന്‍' തന്നെ ആയിരുന്നു. അയാള്‍ക്ക് പലപ്പോഴും യാത്ര പോകേണ്ടതുണ്ടായിരുന്നു. ആ സമയം മൂത്ത മകന്‍ അബേറ ഇളയ സഹോദരങ്ങളെ ഏറ്റെടുത്തു. അബേറ 12-ാം ക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിനുള്ള പ്രവേശനാനുമതിക്ക് കാത്തിരിക്കയായിരുന്നു. ഞങ്ങളുടെ മകള്‍ അപര്‍ണയ്ക്കും അവന്‍ ഒരു നല്ല കൂട്ടായിരുന്നു. അനുജത്തിമാരോടൊപ്പം കളിക്കുമ്പോള്‍ അബേറ അപര്‍ണയെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മെബ്രാത്തെയെയും ഇന്ത്യന്‍ ടീച്ചര്‍മാരാണ് പഠിപ്പിച്ചത്. അയാള്‍ക്ക് ഇന്ത്യയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. അയാളുമായി സംസാരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ഓര്‍ത്തു, ഇയാള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ളതിന്റെ ഒരു ശതമാനം അറിവെങ്കിലും ഒരു ശരാശരി മലയാളിക്ക് ആഫ്രിക്കയെക്കുറിച്ച് ഉണ്ടായിരുന്നെങ്കില്‍, എന്ന്.
നാട്ടില്‍ നിന്ന് ഒരാള്‍ അയച്ച എഴുത്തില്‍ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു: കുഞ്ഞിനെ ആയയെ ഏല്‍പ്പിച്ച് എങ്ങും പോകരുത്. അവര്‍ ബ്രാന്‍ഡിയൊ വല്ലതുമൊക്കെ കൊടുത്ത് ഉറക്കിക്കളയും.
എത്ര അബദ്ധമായ ധാരണയാണ് അതൊക്കെ. ഞങ്ങളുടെ വീട്ടില്‍ ജോലിക്കു വന്നിരുന്ന സ്ത്രീയുടെ പേര് അമുനീഷ് എന്നായിരുന്നു. അവരെ ഞങ്ങള്‍ക്ക് കൈമാറിയത് ഞങ്ങള്‍ വരുന്നതിനുമുമ്പ് അവിടെനിന്ന് സ്ഥലം മാറ്റമായിപ്പോയ ഒരു കുടുംബം ആയിരുന്നു.
അമുനീഷ് അധികം സംസാരിക്കില്ല. പക്ഷേ എല്ലാ ഇന്ത്യന്‍ / മലയാളി പാചകക്കൂട്ടുകളും അവര്‍ക്ക് അവിശ്വസനീയമാംവിധം വഴങ്ങിയിരുന്നു. 15 കൊല്ലം ഒരു പഞ്ചാബി കുടുംബത്തോടൊപ്പം നിന്നതാണത്രെ അവര്‍. കടുത്ത ദൈവവിശ്വാസി. നൊയ്മ്പ് സമയത്ത് കാപ്പി പോലും പാലൊഴിക്കാതെയേ കുടിക്കൂ. ഞങ്ങള്‍ ഗോണ്ടര്‍ വിടും വരെ അവര്‍ ഞങ്ങള്‍ക്ക് നന്നായി വച്ച് വിളമ്പിത്തന്നു. പോരുമ്പോള്‍ വിങ്ങിക്കരഞ്ഞ് അവര്‍ എന്റെ സഖിയോട് പറഞ്ഞു, ‘മാസ്റ്ററോട് എനിക്ക് ഒരു എഴുത്ത് എഴുതിത്തരാന്‍ മാമി പറയണം. ഞാന്‍ നല്ല ഒരു ജോലിക്കാരിയാണെന്ന്. അതു കാണിച്ചാല്‍ എനിക്ക് വേറെ എവിടെയെങ്കിലും ഒരു ജോലി കിട്ടും.'
എത്യോപ്യന്മാര്‍ സ്‌നേഹിക്കുന്നവരാണ്. അമുനീഷ് ഞങ്ങളില്‍ നിന്ന് ഒരു കീറത്തുണി പോലും മോഷ്ടിക്കുകയോ ഒരു നുണ പറയുകയോ ചെയ്തിട്ടില്ല. അങ്ങനെയും ആളുകള്‍ ഈ ലോകത്തുണ്ട്.
*അസ്മാര: ഇപ്പോള്‍ എറിട്രിയയുടെ തലസ്ഥാനം. ധാരാളം ഇറ്റാലിയന്‍ സ്വാധീനമുള്ള ഒരു നഗരം. ചെങ്കടലിന്റെ സാമീപ്യം അസ്മാരയെ തന്ത്രപ്രധാനമായ ഒരു ഇടമാക്കുന്നു എന്ന് വിദഗ്ധര്‍ പറയുന്നു.
(തുടരും)