വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും വാചാലരായ, എന്നാൽ ഭയചകിതരുമായ മധ്യവർഗം

വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും വാചാലമായി സംസാരിക്കുമെങ്കിലും എത്യോപ്യൻ മധ്യവർഗ്ഗം അത്തരം ആശയങ്ങളെയും അവക്ക് ഊന്നൽ നൽകുന്ന മെൻഗിസ്റ്റു ഭരണകൂടത്തെയും ഉള്ളിൽത്തട്ടി വെറുത്തിരുന്നു. എന്നാൽ, അവർ ഭയചകിതരായിരുന്നു താനും. അതിനാലായിരിക്കണം സ്വന്തം രാജ്യത്തെ രാഷ്ട്രീയപരിതസ്ഥിതികളെപ്പറ്റി അവർ മറ്റാരോടും സംസാരിച്ചില്ല. ഒരു മാറ്റമുണ്ടാവുമെന്നും അന്ന് തങ്ങളുടെ ശബ്ദം ഉയരുമെന്നും അവർ വെറുതേ ആശിച്ചു.

ആഫ്രിക്കൻ
വസന്തങ്ങൾ- എട്ട്

ബിസീനിയയുടെ അഭിമാനമാണ് ശേബാ രാജ്ഞി. ശേബായെക്കുറിച്ച് അനേകം ഐതിഹ്യങ്ങൾ (മിത്തുകൾ) ഉണ്ട്. ശേബാ രാജ്ഞി തന്നെ ഒരു മിത്ത് ആയിരുന്നുവോ എന്ന് സംശയം തോന്നും, ചില ശേബാ വൃത്താന്തങ്ങൾ കേൾക്കുമ്പോൾ.

ഇന്ന് ടിഗ്രെ എന്നറിയപ്പെടുന്ന പ്രവിശ്യ ഉൾപ്പെടുന്ന ഭൂഭാഗങ്ങളായിരുന്നിരിക്കാം ഈ രാജ്ഞിയുടെ സാമ്രാജ്യം. ശേബയുടെ അബിസീനിയ ഇന്നു കാണുന്ന എത്യോപ്യ പോലെ പുറമേക്കെങ്കിലും ഒന്നായിക്കിടന്ന ഒരു രാജ്യമായിരിക്കാൻ വഴിയില്ല. ഇസ്രായേൽ വാണിരുന്ന ശലോമോന്റെ അപദാനങ്ങൾ ശേബയും അബിസീനിയ വാണരുളിയിരുന്ന ശേബയുടെ കീർത്തി ശലോമോനും ധാരാളം കേട്ടിരുന്നു. ശലോമോനെ കാണാൻ ശേബാ രാജ്ഞി ഒരു നാൾ തന്റെ സർവ്വസന്നാഹങ്ങളും അനേകം പരിചാരകരും പടയാളികളും ഒക്കെയായി യാത്ര തിരിച്ചു. അനേകം മാസങ്ങളെടുത്തിരുന്നു അന്നത്തെ യാത്രക്ക്. ശലോമോനും ശേബയും ആദ്യ കാഴ്ചയിൽ തന്നെ അനുരക്തരായി എന്ന് പറയേണ്ടതില്ലല്ലോ. അവർ തമ്മിലുണ്ടായ വേഴ്ചയിൽ ശേബാ രാജ്ഞി ഗർഭം ധരിച്ചു. അനേകം സമ്മാനങ്ങളുമായി ശലോമോൻ ശേബയെ യാത്രയയച്ചു. മടക്കയാത്രയിൽത്തന്നെ ശേബകോമളനായ ആൺകുഞ്ഞിനെ പ്രസവിച്ചു. അവന് അവർ മെനെലിക് എന്നു പേരിട്ടു. ആ രാജകുമാരനാണ് മെനെലിക് ഒന്നാമൻ. മെനെലിക് ഒന്നാമനെപ്പറ്റി ചരിത്രരേഖകളെക്കാളേറെ ഐതിഹ്യങ്ങളാണുള്ളത്.

ബിസീനിയയുടെ അഭിമാനമാണ് ശേബാ രാജ്ഞി. ശേബായെക്കുറിച്ച് അനേകം ഐതിഹ്യങ്ങൾ ഉണ്ട്.

അതിലൊന്ന് മെനെലിക് ശലോമോനെ കാണുന്നതുമായി ബന്ധപ്പെട്ടതാണ്. മെനെലിക്കിന് കിരീടധാരണത്തിന് സമയമായപ്പോൾ അമ്മ ശേബ അവനോട് പറഞ്ഞു, ''കിരീടധാരണത്തിനു മുൻപ് നീ നിന്റെ അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണം.'' അങ്ങനെ മെനെലിക് വലിയൊരു അനുധാവന സംഘവുമായി യരുശലേമിലേക്ക് യാത്രയായി. യാത്രയാവും മുൻപ് അമ്മ അവനോട് ഇങ്ങനെ പറഞ്ഞു, ‘‘നീ നിന്റെ അച്ഛനായ ശലോമോനെ എങ്ങനെ കണ്ടുപിടിക്കും? നീ ചെന്നു എന്നറിഞ്ഞാൽ നിന്നെ പരീക്ഷിക്കാനായി അദ്ദേഹം ചിലപ്പോൾ വേഷപ്രച്ഛന്നനായി നിന്റെ മുന്നിൽ വരും.''
ഇത്രയും പറഞ്ഞിട്ട് ശേബ ഒരു മുഖക്കണ്ണാടി എടുത്ത് മെനെലിക്കിനെ കാണിച്ചു, ''ഇപ്പോൾ നീ എന്താണ് കാണുന്നത്?''
‘എന്റെ മുഖം’, മകൻ പറഞ്ഞു.
''ഈ മുഖം നിന്റെ അച്ഛന്റെ മുഖം തന്നെയാണ്. നീ ഈ കണ്ണാടി വെച്ചോളൂ. നിന്റെ മുഖമുള്ള മറ്റൊരാൾ അവിടെയുണ്ടെങ്കിൽ അത് ശലോമോൻ ചക്രവർത്തി മാത്രമായിരിക്കും. അദ്ദേഹം നൽകിയ പരീക്ഷയിൽ നീ വിജയിച്ചാൽ അദ്ദേഹത്തിന് വളരെ സന്തോഷമായിരിക്കും.''

അങ്ങനെ മെനെലിക് യരുശലേമിലെത്തി, പരീക്ഷണത്തിൽ വിജയിച്ചു. ശലോമോൻ ചക്രവർത്തി സംപ്രീതനായി. കുറെദിവസം അച്ഛനോടൊപ്പം കഴിഞ്ഞതിനുശേഷം മെനെലിക് ടിഗ്രേയിലേക്ക് മടങ്ങുമ്പോൾ സന്തോഷസൂചകമായി ചക്രവർത്തി അനേകം പാരിതോഷികങ്ങൾ നൽകി. 20 ജ്യൂയിഷ് അടിമകളെയും നൽകി. അവരാണ് എത്യോപ്യയിലെ കറുത്ത ജൂതന്മാരുടെ ആദിപിതാക്കൾ. എത്യോപ്യന്മാർ അവരെ ഫലാഷാ ( Falashas) എന്ന് വിളിച്ചു.

ശലോമോന്റെ യുദ്ധവീരന്മാരെ നിഷ്പ്രയാസം അടിയറവു പറയിച്ച് മെനെലിക് ആ പേടകവുമായി വിജയശ്രീലാളിതനായി എത്യോപ്യയിൽ തിരിച്ചെത്തി.

മെനെലിക് പോരുന്നവഴി ഒരു സുന്ദരമായ മോഷണം നടത്തി. യരൂശലേം ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന ‘ഉടമ്പടിയുടെ പെട്ടകം’ (Ark of Covenant) രാജകുമാരൻ ‘ചൂണ്ടി'. ഇതു കണ്ട് ചെറുക്കുവാൻ വന്ന ശലോമോന്റെ യുദ്ധവീരന്മാരെ നിഷ്പ്രയാസം അടിയറവു പറയിച്ച് മെനെലിക് ആ പേടകവുമായി വിജയശ്രീലാളിതനായി എത്യോപ്യയിൽ തിരിച്ചെത്തി. ടിഗ്രെയുടെ രാജധാനിയായ അക്‌സും എന്ന പട്ടണത്തിൽ അത് സ്ഥാപിച്ചു. എന്തായാലും ആ 'ഉടമ്പടിയുടെ പേടകം' പിന്നീട് ആരും കണ്ടിട്ടില്ല.

അവിടെ എത്തിച്ചതിനുശേഷം ആ പേടകം Chapel of the Tablet at the Church of our Lady Mary of Zion എന്ന ദേവാലയത്തിൽലാണ് ഇന്നുവരെയും സൂക്ഷിച്ചുപോരുന്നത്. എത്യോപ്യൻ ഓർത്തഡോക്‌സ് പള്ളിയുടെ പ്രധാന സന്യാസിയായി (monk) തെരഞ്ഞെടുക്കപ്പെടുന്നയാൾക്കു മാത്രമേ ആ പേടകം കാണാൻ അനുവാദമുള്ളൂ.

എത്യോപ്യൻ ചരിത്രത്തിന്റെ സങ്കീർണ്ണത മനസ്സിലാക്കാനാണ് ഇത്രയും പറഞ്ഞത്. ഐതിഹ്യസമൃദ്ധമാണ് ആ രാജ്യത്തിന്റെ ചരിത്രം.

മെസ്‌കൽ ഡെയ്‌സി

ആയിരമാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും അവർ അവരുടെ ഉത്സവങ്ങൾ നിറം മങ്ങാതെ ആഘോഷിക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്സവമാണ് മഴക്കാലം കഴിഞ്ഞ് സെപ്റ്റംബറിൽ (എത്യോപ്യൻ കലണ്ടറിലെ 'മെസ്‌കെരം' എന്ന മാസം) നടക്കാറുള്ള മെസ്‌കെൽ എന്ന ഉത്സവം. എത്യോപ്യൻ താഴ് വാരങ്ങൾ നീളെ സ്വർണവർണമാർന്ന മെസ്‌കൽ ഡെയ്‌സി (ആസ്റ്റർ എന്നും വിളിക്കും) പൂക്കളുടെ വർണ്ണത്തിരമാലകൾ കാറ്റിൽ മെല്ലെയിളകുന്ന എത്യോപ്യൻ വസന്തകാലം. മെസ്‌കൽ ഉത്സവത്തിനാധാരം സത്യമായ കുരിശ് കണ്ടെത്തിയ ദിനമാണ്. അത് കണ്ടെത്തിയത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലേനയാണെന്ന് എത്യോപ്യന്മാർ വിശ്വസിക്കുന്നു. ‘സത്യമായ കുരിശ്' എന്നാൽ യേശുവിനെ ക്രൂശിച്ച കുരിശ് എന്നാണർത്ഥം. എത്യോപ്യയിലെ ഡെസീ എന്ന പട്ടണത്തിനടുത്തുള്ള ഒരു പള്ളിയിൽ ആ കുരിശിന്റെ ഒരു ‘ചീള്' ഇപ്പോഴും സൂക്ഷിക്കുന്നുണ്ടത്രേ. ഈ ഉത്സവത്തിന്റെ ദിനങ്ങളോടടുത്തുതന്നെ മെസ്‌കൽ ഡെയ്‌സിപ്പൂക്കൾ രാജ്യമെങ്ങും താഴ് വാരങ്ങളെ മഞ്ഞയിൽ പുതപ്പിച്ച് വിടർന്നു തുടങ്ങും.

എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പൊതുയോഗം കൂടാൻ ഉപയോഗിക്കുന്ന ഒരു കൊച്ചു മൈതാനമെങ്കിലും ഉണ്ടാവുമല്ലോ. ആ മൈതാനങ്ങളുടെ നടുവിൽ കോൺ ആകൃതിയിൽ ഒരു സ്തൂപമുണ്ടാക്കും. മരക്കൊമ്പുകൾ കൊണ്ടാണ് ഇതു ചെയ്യുക. അത് കത്തിച്ചു ചാരമാക്കുക എന്നതാണ് ഉത്സവത്തിന്റെ പരമമായ ലക്ഷ്യം. എല്ലായിടങ്ങളിലും ഇത് അന്നു വൈകുന്നേരം നടക്കും.

മൈതാനങ്ങളുടെ നടുവിൽ കോൺ ആകൃതിയിൽ ഒരു സ്തൂപമുണ്ടാക്കും (ഡെമേറ) . മരക്കൊമ്പുകൾ കൊണ്ടാണ് ഇതു ചെയ്യുക. അത് കത്തിച്ചു ചാരമാക്കുക എന്നതാണ് ഉത്സവത്തിന്റെ പരമമായ ലക്ഷ്യം.

ഗംഭീരമായ സദ്യയും മദ്യപാനവും പാട്ടും നൃത്തവുമെല്ലാം ഇതിന് അകമ്പടിയാവും. ഏറ്റവും വലിയ ‘ഡെമേറ' (കോൺ സ്തൂപം) അഡീസ് അബാബ പോലുള്ള നഗരങ്ങളിലാവും. ആ സ്തൂപം കത്തിയെരിഞ്ഞ് നിലം പതിക്കുന്നത് ഏത് ദിക്കിനുനേരെയാണോ അതനുസരിച്ചുള്ള സംഭവങ്ങൾ ഭാവിയിൽ രാജ്യത്ത് സംഭവിക്കുമെന്നാണ് വിശ്വാസം.

ഇത്ര അടിയുറച്ച വിശ്വാസങ്ങളിൽ ജീവിച്ചിട്ടും എത്യോപ്യയുടെ കഠിനദശ ഒരിക്കലും പൂർണമായി അവസാനിച്ചിട്ടില്ല. അതിനു പ്രധാന കാരണം ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ സങ്കീർണതയാണെന്ന് നമുക്ക് തോന്നിപ്പോകും. ബുദ്ധിശാലികളും പുതിയവയെ സ്വീകരിക്കാൻ എപ്പോഴും തയാറുള്ളവരുമായ അമാറകൾ തന്നെയാണ് ആ രാജ്യത്തെ ഭരണവർഗ്ഗത്തെ എന്നും നിയന്ത്രിച്ചിരുന്നത്. അവരുടെ കൈപ്പിടിയിൽനിന്ന് മോചനം നേടാൻ എത്യോപ്യൻ സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പുറമേ വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും വാചാലമായി സംസാരിക്കുമെങ്കിലും എത്യോപ്യൻ മദ്ധ്യവർഗ്ഗം അത്തരം ആശയങ്ങളെയും അവക്ക് ഊന്നൽ നൽകുന്ന മെൻഗിസ്റ്റു ഭരണകൂടത്തെയും ഉള്ളിൽത്തട്ടി വെറുത്തിരുന്നു. എന്നാൽ, അവർ ഭയചകിതരായിരുന്നു താനും. അതിനാലായിരിക്കണം സ്വന്തം രാജ്യത്തെ രാഷ്ട്രീയപരിതസ്ഥിതികളെപ്പറ്റി അവർ മറ്റാരോടും സംസാരിച്ചില്ല. ഒരു മാറ്റമുണ്ടാവുമെന്നും അന്ന് തങ്ങളുടെ ശബ്ദം ഉയരുമെന്നും അവർ വെറുതേ ആശിച്ചു.

'സത്യമായ കുരിശ്' ലഭിച്ചുവെന്ന് കരുതുന്ന എത്യോപ്യയിലെ ഗിഷൻ ഡെബ്രെ ദേവാലയം

ഈ മനഃസ്ഥിതി എല്ലാ മേഖലകളിലും പ്രതിഫലിച്ചിരുന്നു, സ്വാഭാവികമായും വിദ്യാലയങ്ങളിലും. എന്റെ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ പലരും നിർബ്ബന്ധിതമായി സ്കൂളിൽ വരുന്നതിനാൽ പഠനത്തിൽ അത്ര താൽപര്യം കാണിച്ചില്ല. ക്ലാസ് മുറികളിൽ തിങ്ങിഞെരുങ്ങിയാണ് വിദ്യാർത്ഥികൾ ഇരുന്നത്. തുടക്കത്തിൽ എന്റെ ആദ്യത്തെ ക്ലാസിൽ 45 പെൺകുട്ടികളുണ്ടായിരുന്നതായി പറഞ്ഞിരുന്നല്ലോ. അത് ഹോം സയൻസ് ചെയ്യുന്ന ക്ലാസായിരുന്നു. അതുകൊണ്ടാവണം എണ്ണം അത്രയും കുറഞ്ഞിരുന്നത്. വളരെക്കാലത്തിനുശേഷമാണ് രസകരമായ ഒരു വിവരം അറിഞ്ഞത്. ഹോം സയൻസ് ക്ലാസിലെ പെൺകുട്ടികളിൽ പലരും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ ‘ഗേൾ ഫ്രണ്ട്'മാരായിരുന്നു.

ഫാസിലെഡസ് സ്‌ക്കൂൾ അദ്ധ്യാപനോപാധികളിൽ (ടീച്ചിംഗ് റിസോഴ്സസ്) അവികസിതമായ ഒരു രാജ്യത്തിന്റെ ദരിദ്രവും നിസ്സഹായവുമായ അവസ്ഥ തുറന്നുകാട്ടപ്പെടുന്ന ഒരു സ്ഥാപനം തന്നെയായിരുന്നു. എത്യോപ്യയിൽ ചെന്ന ശേഷമാണ് ഒരു കാര്യമറിയുന്നത്. ‘ബ്ലാക്ക് ബോർഡ്' എന്നതിനു പകരം ‘ചോക്ക് ബോർഡ്' എന്നു വിളിക്കുന്ന ബോർഡാണ് അവിടെയുള്ളത്. അതിന്റെ നിറം പച്ചയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലും കാലക്രമേണ ‘ബ്ലാക്ക്' ബോർഡ് മാറി ‘ചോക്ക്' ബോർഡുകൾ പ്രതിഷ്ഠിക്കപ്പെട്ടു. കറുത്തവരുടെ രാജ്യത്ത് ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് എന്ന ധാരണയാവാം അതിനുകാരണം. എന്തുതന്നെയായാലും, ചോക്ക് ബോർഡിൽ എഴുതി പഠിപ്പിക്കാനുള്ള ചോക്കുകൾ പോലും ഞങ്ങൾക്ക് കുറേ നാളേക്ക് കിട്ടിയിരുന്നില്ല. ഉപയോഗിച്ച് തേഞ്ഞുപോയ ചോക്കു കഷണങ്ങളായിരുന്നു മിക്കവാറും ആശ്രയം. അതേക്കുറിച്ച് ഒരു തമാശയുണ്ടാക്കിയത് എനിക്ക് വിനയായിത്തീർന്നു.

എത്യോപ്യൻ മുൻ പ്രസിഡന്റ് മെൻഗിസ്റ്റു ഹൈലെ മറിയം

‘ടീച്ചിങ് റിസോഴ്‌സസ്' എന്ന കോളത്തിൽ ‘ഗുളിക രൂപത്തിലുള്ള ചോക്കു കഷണങ്ങൾ' എന്ന് എഴുതിയത് വായിച്ച് സഹപ്രവർത്തകരും ചിരിച്ചുകൊണ്ട് സമ്മതിച്ചു. അത് പക്ഷേ ഞങ്ങളുടെ ഡയറക്ടർ ആത്തോ തായെ ചെരെയ്ക്ക് എത്യോപ്യയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒരു കുത്സിതശ്രമമാണെന്ന് തോന്നി; അങ്ങനെ അദ്ദേഹം വിശ്വസിച്ചു. അതേത്തുടർന്ന് പല ചർച്ചകളും മീറ്റിംഗുകളുമെല്ലാം നടന്നെങ്കിലും തമ്മിലുള്ള അസ്വാരസ്യത്തിന് ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. ഞാൻ എഴുതിയ ആ കടലാസ് എന്റെ വകുപ്പദ്ധ്യക്ഷൻ തന്നെ വിനയപൂർവ്വം എനിക്കെതിരേ ആയുധമാക്കി ഡയറക്ടറുടെ മുന്നിൽ സമർപ്പിച്ചു.

ഈ അസ്വാരസ്യത്തിന്റെ അടിസ്ഥാനകാരണം, ഡയറക്ടർ ചോദിച്ചപ്പോൾ ഞാൻ വീട് നൽകാതിരുന്നതാണ്. ആ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന ക്ലാസിൽ കുട്ടികൾക്ക് ഞാൻ റെമെഡിയൽ ടീച്ചിംഗ് നടത്തിയിരുന്നു. എഴുപതോ എൺപതോ മറ്റോ കുട്ടികളുള്ള ക്ലാസിനെ ഗ്രൂപ്പുകളായി തിരിച്ചാണ് അത് നടത്തിക്കൊണ്ടിരുന്നത്. വെറും വ്യാകരണനിയമങ്ങൾ മാത്രം പഠിപ്പിക്കാതെ അൽപം ജീവൽഭാഷ കൈകാര്യം ചെയ്യാൻ അവരെ തയാറാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഒപ്പം ചെറിയ പാരഗ്രാഫ് എഴുതുവാനും ചില ഡ്രില്ലുകൾ നടത്തിയിരുന്നു. ഇതൊന്നും എത്യോപ്യൻ സിലബസ് ആവശ്യപ്പെടുന്ന കഴിവുകളല്ലായിരുന്നു. പരീക്ഷ ‘കറക്കിക്കുത്ത്' എന്നു നാം വിളിക്കുന്ന മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളിലൂടെയാവും എന്നുറപ്പുള്ളതിനാൽ അടിസ്ഥാനപരമായ വ്യാകരണം മാത്രം പഠിപ്പിച്ചാൽ മതി എന്നായിരുന്നു സ്കൂളുകളിലെ പൊതുധാരണ. അദ്ധ്യാപകർക്കും അത് പഥ്യമായിരുന്നു. ഭാഷാദ്ധ്യാപകരുടെ എക്കാലത്തെയും തലവേദനയാണല്ലോ ഉപന്യാസങ്ങൾ വായിച്ച് മാർക്കിടുക എന്നത്. ആ പരീക്ഷണം എത്യോപ്യയിലെ ഇംഗ്ലീഷ് ഭാഷാദ്ധ്യാപകർക്ക് അക്കാലത്ത് തോന്നിയിരിക്കാനിടയില്ല.

അഡീസ് അബാബയിൽ നിന്ന് ഗോണ്ടറിലേക്ക് വിമാനമാർഗ്ഗം യാത്ര ചെയ്യുമ്പോൾ ഇടയ്ക്കുള്ള ഒരു സ്റ്റോപ് ഓവർ ബഹിർദാർ ‘വിമാനത്താവള’ത്തിലാണ്.

അദ്ധ്യാപനവും എമ്പയർ സിനിമയിൽ മാറിമറി വന്നിരുന്ന സിനിമകളുമായി കഴിഞ്ഞ ആ നാളുകളിൽഗോണ്ടറിനോട് ഞങ്ങൾ മെല്ലെ സ്‌നേഹത്തിലായി. എന്നാലും, എന്റെ ഔദ്യോഗിക ‘ധിക്കാര’ത്തിന്റെ പരിണാമഗുപ്തി എന്നെ തേടി മെല്ലെ ഇഴഞ്ഞെത്തും എന്നെനിക്കറിയാമായിരുന്നു. ഞങ്ങളുടെ അയൽക്കാരൻ മെബ്രാത്തെ ഒരിക്കൽ പറഞ്ഞു, ''വിപ്‌ളവം നിങ്ങളെ അതിശയിപ്പിച്ചു കളയും. ഒരു നാൾ നിങ്ങൾഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ അത് നിങ്ങളുടെ ജീവിതം തന്നെ ചിലപ്പോൾ തട്ടിപ്പറിച്ചെന്നിരിക്കും.'' അത് പറഞ്ഞുകഴിയുമ്പോൾ അയാളുടെ കണ്ണുകൾ കലങ്ങുന്നത് ഞാൻ കണ്ടു. അതേപ്പറ്റി അന്ന് ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.

ആ സമയം ഞങ്ങൾ ഗോണ്ടറിന്റെ തൊട്ടു തെക്കു ഭാഗത്തുള്ള ഗോജ്ജാം എന്ന പ്രവിശ്യയിലെ ബഹിർ ദാർ (Bahir Dar) എന്ന സ്ഥലത്തേക്ക് യാത്രയ്ക്ക് തയാറാവുകയായിരുന്നു. അഡീസ് അബാബയിൽ നിന്ന് ഗോണ്ടറിലേക്ക് വിമാനമാർഗ്ഗം യാത്ര ചെയ്യുമ്പോൾ ഇടയ്ക്കുള്ള ഒരു സ്റ്റോപ് ഓവർ ബഹിർദാർ ‘വിമാനത്താവള’ത്തിലാണ്. വിമാനത്താവളമെന്നു പറഞ്ഞാൽ ഗോണ്ടറിലുള്ളതിനേക്കാൾ ചെറിയ എയർ സ്ട്രിപ്പ്. ടച് ഡൗണിനുമുൻപ് വട്ടമിട്ടു താഴ്ന്നുപറക്കുമ്പോൾ കുറേ കുട്ടികൾ റൺവേയിൽ കാൽപ്പന്തുകളിയിൽ മുഴുകിയ കാഴ്ചയാണ് ഞങ്ങൾ കണ്ടത്. അവരെ ഗ്രൗണ്ട് സ്റ്റാഫ് ചെന്ന് ഓടിച്ചുവിടുന്നതും കണ്ടു. ഏതാണ്ട് ഇരുപതു മിനിട്ട് കഴിഞ്ഞപ്പോൾ വിമാനത്തിന്റെ പൈലറ്റ് തന്നെ വന്ന് പുറത്തു നിൽക്കുന്നവരെയെല്ലാം വിളിച്ച് അകത്തു കയറ്റി. ഇത് ഞങ്ങളുടെ ഗോണ്ടറിലേക്കുള്ള ആദ്യത്തെ വരവിലായിരുന്നു.

ലേക്ക് താന

ബഹിർദാർ വിനോദയാത്രികർ ധാരാളമായി വന്നു പോകുന്ന ഒരിടമായിരുന്നു. ലേക്ക് താന (lake Tana) എന്ന വിസ്തൃതമായ ശുദ്ധജലതടാകം ബഹിർദാറിലായിരുന്നു. താനാ തടാകത്തിലെ നിർജ്ജനമായ ചില ദ്വീപുകളിൽ എത്യോപ്യയിലെ രാജപരമ്പരയിൽപ്പെട്ട ആരുടെയൊക്കെയോ മൃതശരീരങ്ങൾ എംബാം ചെയ്ത് സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ യാത്ര നീല നൈൽ (Blue Nile) നദിയുടെ ഉറവിടം കാണാനായിരുന്നു. ഗോണ്ടറിൽ നിന്ന് ഒരു മിനി ബസ് സംഘടിപ്പിച്ചാണ് ഞങ്ങൾ യാത്രയായത്. അത് മറക്കാനാവാത്ത യാത്രയായിരുന്നു. എത്യോപ്യയിൽ വന്നിട്ട് ഞങ്ങൾ നടത്തിയ ആദ്യത്തെയും അവസാനത്തെയും വിനോദയാത്ര.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments