ഒന്ന്
വെയിൽക്കാലങ്ങൾ എന്ന, എന്റെ കലാലയകാല ജീവിതസ്മരണകൾ ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ചിരുന്നു. 24 അദ്ധ്യായങ്ങളുണ്ടായിരുന്ന ആ ഓർമകുറിപ്പുകളിൽ എനിക്ക് എല്ലാക്കാലത്തും ശക്തമായ അനുഭാവമുണ്ടായിരുന്ന സി.പി.ഐ- എം- ന്റെയും ഞാൻ കൂടി ഊട്ടി വളർത്തിയ എസ്. എഫ്. ഐയുടെയും എനിക്കറിയാനിടയായ ആശയദാരിദ്ര്യവും ആത്മസംഘർഷങ്ങളും, വരണ്ട പ്രത്യയശാസ്ത്രഭൂമികയിൽ നിന്നുകൊണ്ടല്ലാതെ ഞാൻ വിമർശിച്ചിരുന്നു.
അനിഷേദ്ധ്യർ എന്ന് സ്വയം ഭാവിച്ച് ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തെ ഒന്നടങ്കം തങ്ങളുടെ വരുതിക്കു കൊണ്ടുവരാൻ ചിലർ നടത്തിയ പ്രതിവിപ്ലവകരമായ നീക്കങ്ങൾക്ക് സാക്ഷിയാവുകയും സ്വന്തം നിരായുധത്വത്തെ സങ്കടത്തോടെ, ക്രോധത്തോടെ പഴിച്ച്, മനസ്സിലെന്നും ഉയരത്തിൽ ഓർമവച്ച നാൾ മുതൽ സ്നേഹിച്ച ആ ചെങ്കൊടി പാറിച്ചുകൊണ്ട്, ആഫ്രിക്കയിൽ, ‘കമ്മ്യൂണിസ്റ്റ്’ എന്ന് പറഞ്ഞാൽപ്പോലും കുഴപ്പത്തിലാവുന്ന ഏകാധിപതികളുടെ രാജ്യങ്ങളിൽ ജോലി ചെയ്തു. എന്റെ ചെങ്കോടി അവിടെയും ഞാൻ താഴ്ത്തിക്കെട്ടിയില്ല. ഒടുവിൽ ജനാധിപത്യത്തെ വരവേൽക്കാൻ തയാറാവുന്ന നെൽസൺ മണ്ടേല യുടെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹത്തിന്റെ ജന്മനാടായ ട്രാൻസ്കൈ എന്ന ബന്റുസ്ഥാനിൽ കാൽ നൂറ്റാണ്ട്.
മണ്ടേല മുതൽ മൂന്ന് രാഷ്ട്രത്തലവന്മാരുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായി, ധൈര്യപൂർവ്വം ചെങ്കൊടി ഉയർത്തിപ്പിടിച്ചുതന്നെ ജീവിച്ചു; ജീവിതത്തിൽ നേരിൽ കാണണം എന്ന് എന്നും ഉൽക്കടമായി ആഗ്രഹിച്ചിരുന്ന രണ്ട് രാഷ്ട്രീയനേതാക്കളിൽ ഒരാളെ, മണ്ടേലയെ, കാണാനും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനും കഴിഞ്ഞു; 2017-ൽ കൂടണയും മുൻപ്.
ഒരു യാത്രാസ്മൃതിയുടെ വാതിൽ ഇവിടെ ഞാൻ തുറക്കുന്നത്, അന്ന് പറയാതെ മാറ്റിവച്ച ചില കാര്യങ്ങൾ ഇതിൽ ചേർത്തിട്ടുള്ളതിനാലാണ്. പ്രധാനമായും എന്റെ ആഫ്രിക്കൻ ജീവിതവുമായി ഇണചേർന്നു കിടക്കുന്നവ.
ഗോണ്ടർ മുതൽ ധിക്ക വരെ
ആഫ്രിക്കാ വാച്ചേഴ്സിന് ആ പേരുകൾ പരിചിതമായിരിക്കും. അല്ലാത്തവർക്കായി ഹ്രസ്വമായ ഒരു മുഖവുര.
16-ാം നൂറ്റാണ്ടിലെ അബിസിനിയ (എത്യോപ്യയുടെ പ്രാചീന പേര്. ഗ്രീക്കുകാരാണത്രേ എത്യോപ്യ എന്ന പേര് നൽകിയത്. അതിനു കാരണമായി എത്യോപ്യന്മാർ പറയുന്നത്, ‘ethiope’ എന്നാൽ ഗ്രീക് ഭാഷയിൽ ‘കരിഞ്ഞ മുഖം’ എന്നാണ് അർഥം എന്നതാണ്. ഗ്രീക്കുകാർ ഇന്നും എത്യോപ്യയിലുണ്ട്, മിക്കവാറും റിട്ടെയിൽ കച്ചവടക്കാർ.) എന്ന എത്യോപ്യയുടെ രാജധാനി ആയിരുന്നു ഗോണ്ടർ. പഴയ കൊട്ടാരങ്ങളുടെ കൊത്തളങ്ങളായി അവശേഷിക്കുന്ന ചില ശില്പമാതൃകകൾ ആ പട്ടണത്തിന് ഒരു പ്രേതാത്മകത നൽകുന്നു. പിന്നീടൊരിക്കൽ ആ കൊട്ടാരങ്ങൾ ചുറ്റിക്കാണാൻ ഞങ്ങളെ സൊവ്ഗെ മരിയം ഹൈലെ എന്ന സുഹൃത്ത് ഒരിക്കൽ കൊണ്ടുപോയി. സൊവ്ഗെ ഗോണ്ടറിലെ ടൂറിസം കമീഷണറായിരുന്നു. എന്നിട്ടും ഒരു ഡിസംബർ പുലർച്ചയിൽ അവിടെയുള്ള ദരിദ്രമായ എയർ സ്ട്രിപ്പിൽ കാലുകുത്തുമ്പോൾ രവിയെപ്പോലെ ആ സ്ഥലം എനിക്ക് പരിചിതം എന്നു തോന്നി. അതിനു മറ്റൊരു കാരണമുണ്ട്. എന്റെ സഖി ആശ്ചര്യാഹ്ളാദങ്ങളോടെ പറഞ്ഞു, "നോക്കൂ, ഇവിടെ ഇന്ത്യക്കാരുണ്ട്. സാരി നനച്ച് ഉണങ്ങാനിട്ടിരിക്കുന്നത് കണ്ടില്ലേ?’’
ഞാൻ നോക്കി. ശരിയാണ്. സാരി പോലെ ഒരു വസ്ത്രം കാറ്റിൽ ഇളകുന്നുണ്ട്. എങ്കിലും അത് സാരിയാവുമോ എന്നെനിക്ക് സംശയമായിരുന്നു. ഞങ്ങളുടെ കാത്തിരിപ്പ് നീണ്ടു. ഒരു വയസ്സായിട്ടില്ലാത്ത ഞങ്ങളുടെ മോൾ ആളൊഴിഞ്ഞ എയർ സ്ട്രിപ്പ് ഒരു വലിയ കളിസ്ഥലമാക്കി.
‘ധീക്ക’ എന്ന കൊച്ചു പട്ടണം ഒരു വ്യവസായ നഗരമാക്കി വളർത്താൻ ശ്രമം നടന്നിരുന്നു. കെന്യയിലെ മദ്ധ്യ പ്രവിശ്യയിലെ ഒരു പ്രധാന ഇടമാണ് ഇന്നും ധീക്ക. ചില ടൂറിസ്റ്റ് ആകർഷണങ്ങൾ, ചാനിയ ഫാൾസ്, ധീകാ ഫാൾസ് ഇവയൊക്കെയാണ്. എത്യോപ്യക്കുള്ളതുപോലെ പ്രാചീന സംസ്കാര ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത കെന്യക്കാർ അക്കാര്യത്തിൽ അസൂയാലുക്കളുമാണ് എന്നു പറയാതെ വയ്യ. ധീക്കയെക്കുറിച്ച് കൂടുതൽ പിന്നീട് പറയാം.
ഞങ്ങളെ കൊണ്ടുപോകാൻ വന്നത് ഒരു റെനോ സ്റ്റേഷൻ വാഗൺ ആയിരുന്നു. അത് ഓടിച്ചിരുന്നത് ഗോണ്ടർ സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിലെ ഒരു അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ഓഫീസർ ആയിരുന്നു.
‘ഹലോ, ഐ ആം *ആത്തോ ഗെബ്രു.’
മംഗോളിയൻ ഫീച്ചർസുള്ള ഒരു ആഫ്രിക്കൻ.
അങ്ങനെ ഞങ്ങൾ ഗോണ്ടർ പ്രവിശ്യയിലെത്തി.
നേരത്തേ സൂചിപ്പിച്ചതുപോലെ പഴയ കലാലയസ്മരണകളുടെ നേർതുടർച്ചയൊന്നും ആവില്ല, ഈ ഓർമകൾ. എന്നാൽ ആ കാലഘട്ടത്തിന്റെ ഉൾത്തുടിപ്പുകളും പേറി, വെറും ആറു വർഷത്തെ പ്രവാസജീവിതാനുഭവത്തിനായി ഇറങ്ങിത്തിരിച്ച്, ആറു വർഷമെന്നത് ഞൊടിയിടകൊണ്ട് മുപ്പത്തിയാറ് വർഷങ്ങളായതു പോലും, ഞങ്ങൾ തനിച്ചാവുന്നു എന്ന തോന്നലിൽ നിന്ന് ഒരു തീപ്പൊരി കണക്കെ ചുട്ടുനീറ്റുന്നൊരു വെളിപാടായി ഉയിർക്കൊണ്ടതിനുശേഷമാണ് ഞങ്ങൾ മടക്കയാത്രക്കൊരുങ്ങിയത്.
തുടക്കം മുതൽ പറഞ്ഞാലേ ആ മടക്കയാത്രയ്ക്ക് നൈരന്തര്യത്തിന്റെ അവസാനകണ്ണിയാവാൻ കഴിയൂ.
മൂന്നര ദശാബ്ദങ്ങൾ ഞങ്ങൾ- എന്റെ സഖിയും ഞാനും- ജോലി ചെയ്ത ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഞങ്ങൾ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിൽ, തീർത്തും വ്യത്യസ്തരായ മനുഷ്യരോടൊപ്പം ജോലികൾ നോക്കി. ജോലി ഒന്നും കിട്ടാത്ത അഞ്ചോ ആറോ മാസം ഒരുപാട് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ (കൂടുതലും പഴയ അഗതാ ക്രിസ്റ്റി നോവലുകൾ) വാങ്ങി മത്സരിച്ച് വായിച്ചു. ഉച്ചയോളം കിടന്നുറങ്ങി. സാമൂഹ്യജീവിതം ഞങ്ങൾ മൂവരിലേക്ക് എത്രത്തോളം ചുരുക്കാമോ അത്രയും ചുരുക്കി. അത് ഓർക്കാപ്പുറത്ത് ഓർമച്ചരടിൽ വന്നു കൊളുത്തിയ വർണ്ണാഭമായ നൈറോബി കാലം.
*ആത്തോ: അമാറിക് (Amharic) ഭാഷയിൽ ‘മിസ്റ്റർ’ എന്നതിനു തുല്യമായ ബഹുമാനപദം.
(തുടരും)