അപരിചിത രാജ്യത്ത്​,
പുതിയ മനുഷ്യർക്കിടയിൽ…

ഞങ്ങള്‍ എത്യോപ്യയില്‍ എത്തുമ്പോള്‍ വടക്കന്‍ പ്രവിശ്യകളായ ടിഗ്രെ, ഏറിട്രിയ എന്നിവിടങ്ങളില്‍ അതിശക്തമായ യുദ്ധം നടന്നിരുന്നു. ഈ പറഞ്ഞ രണ്ടിടങ്ങളും ഗോണ്ടറിന്റെ തൊട്ടടുത്ത സംസ്ഥാനങ്ങളായിരുന്നു. ഗോണ്ടറിലും അതിന്റെ അനുരണനങ്ങള്‍ പ്രതിദ്ധ്വനിച്ചു.

ആഫ്രിക്കന്‍
വസന്തങ്ങള്‍- രണ്ട്​.

ഗോണ്ടറിലേക്കുള്ള വഴി, ബിബ്ലിക്കല്‍ രൂപകം കടം കൊണ്ട് പറയുമ്പോള്‍ ‘ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതും’ ആണ്.
അന്നത്തെ ഗോണ്ടറിന്റെ പ്രാധാന്യം:
ഒന്ന്, ഞങ്ങളെ പഠിപ്പിക്കാന്‍ നിയോഗിച്ച ഫാസിലെഡസ് കോമ്പ്രിഹെന്‍സിവ് ഹൈസ്‌കൂള്‍;
രണ്ട്, ആയിടയ്ക്ക് ഗോണ്ടര്‍ ജനറല്‍ ആശുപത്രിയുടെ ഭാഗമായി ആരംഭിച്ച മെഡിക്കല്‍ സ്‌കൂള്‍.

ഫാസിലെഡസ് കോമ്പ്രിഹെന്‍സിവ് സ്‌കൂള്‍ എത്യോപ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നായിരുന്നു. മൂന്നു ഷിഫ്റ്റുകളിലായി 11,250 വിദ്യാര്‍ത്ഥികളാണ്, ഞങ്ങള്‍ അവിടെ ചേരുമ്പോള്‍ പഠിച്ചിരുന്നത്. മൂന്ന് വിശാലമായ കോമ്പൗണ്ടുകളില്‍ പടര്‍ന്നുകിടന്നു, ഫാസിലെഡസ്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ മാത്രമാണ് വിദേശി അദ്ധ്യാപകര്‍ പഠിപ്പിച്ചിരുന്നത്.

Representative image
Representative image

ഇതെല്ലാം ശരി. പക്ഷേ, സ്‌കൂള്‍ എന്ന നമ്മുടെ എല്ലാ സങ്കല്പങ്ങളെയും തകിടം മറിക്കുന്ന ഒരു ‘വൈബ്' ആ സ്‌കൂളിന്റെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സംഘര്‍ഷത്തിന്റെ, അസ്വസ്ഥതയുടെ, പെയ്യാനാവാതെ വീര്‍പ്പുമുട്ടുന്ന രോഷത്തിന്റെയും സങ്കടങ്ങളുടെയും ഊര്‍ജ്ജം ഏതു നിമിഷത്തിലും ആ കലാലയത്തെ അശാന്തിയുടെ ഭൂമികയാക്കി മാറ്റുമെന്ന് അന്തരീക്ഷത്തിലെ പിരിമുറുക്കം നിശ്ശബ്ദമായി എന്നോട് പറഞ്ഞുകൊണ്ടിരുന്നു. വെള്ള കോറത്തുണി കൊണ്ട് അവിദഗ്ദ്ധമായി തുന്നിയ യൂണിഫോമുകളാണ് കുട്ടികള്‍ ധരിച്ചിരുന്നത്. ‘കുട്ടികള്‍’ എന്നത് ആപേക്ഷികമായ ഒരു സംജ്ഞയാണിവിടെ. ആണുങ്ങൾ പലരും നല്ല പ്രായമുള്ളവര്‍. വിദ്യാര്‍ത്ഥിനികളും അങ്ങനെ തന്നെ.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുംമുന്‍പ്, ഞങ്ങളുടെ യാത്രയെപ്പറ്റി സംസാരിക്കവേ, എം. എ. ബേബി ഓര്‍മ്മിപ്പിച്ചു, ‘നമ്മുടെ മെന്‍ഗിസ്റ്റു ആണ് എത്യോപ്യന്‍ പ്രസിഡന്റ്.'
ബേബിയുടെ ശബ്ദത്തിലെ ലാഘവം ശ്രദ്ധിച്ചപ്പോള്‍ എനിക്ക് ചിരിയടയ്ക്കാനായില്ല. അതേക്കുറിച്ച് ഒരു ചോദ്യം വരുമെന്നറിഞ്ഞ ഞാന്‍, ‘സഖാവ് എത്ര ലഘുവായിട്ടാണ് മെന്‍ഗിസ്റ്റു എന്നു പറയുന്നത്, ബി. എസ്. രാജീവ് എന്നൊക്കെ പറയുംപോലെ’ എന്നു പറഞ്ഞു.
ഞങ്ങളെല്ലാം ചിരിച്ചു.

മെൻ ഗിസ്റ്റു ഹൈലെ മറിയം
മെൻ ഗിസ്റ്റു ഹൈലെ മറിയം

അക്കാലത്ത് പരിചയസീമയിലുണ്ടായിരുന്ന എസ്. എഫ്. ഐയുടെ തിരുവനന്തപുരത്തെ എറ്റവും സൗമ്യമുഖമായ രാജീവിനെ എത്യോപ്യയിലെ ചിരിക്കാത്ത മെന്‍ഗിസ്റ്റുവുമായി കൂട്ടിക്കെട്ടിയതിലെ അസാംഗത്യമോര്‍ത്താവണം, ബേബി പോലും ആ ചിരിയില്‍ പങ്കുചേര്‍ന്നത്.
അങ്ങനെ, ‘നമ്മുടെ ആള്‍ ഉണ്ട് അവിടെ’ എന്ന് വൃഥാ മനസ്സില്‍ ചിന്തിച്ച്​ ഞാന്‍ യാത്രയ്‌ക്കൊരുങ്ങി. അന്നൊക്കെ വിമാനത്തില്‍ 20 കിലോ ആയിരുന്നു അനുവദിക്കപ്പെട്ട ‘ബാഗേജ്'.

ഞങ്ങള്‍ പോകുന്നത് യുനസ്​കോ സ്‌പോണ്‍സര്‍ ചെയ്യുന്ന എത്യോപ്യന്‍ ഗവണ്മെന്റിന്റെ സാക്ഷരതാ കാമ്പയിന്റെ ഭാഗമായിട്ടായതിനാല്‍ ഞങ്ങള്‍ക്ക് കുറച്ച് എക്‌സസ് ബാഗേജ് അലവന്‍സ് ഉണ്ടായിരുന്നു. എത്രയാണെന്ന് ഇപ്പോൾ ഓര്‍മ്മയില്ല. ഞങ്ങള്‍ കുടുംബമായി പോകുന്നതിനാല്‍ അരിയും ഉഴുന്നും വരെ ഞങ്ങള്‍ ഒരു ‘ബെഡ് ഹോള്‍ഡ'റില്‍ ഗംഭീരമായി പാക്ക് ചെയ്തു.

ബി. എസ്. രാജീവ്
ബി. എസ്. രാജീവ്


(എന്റെ സഖിക്ക് ചമ്പാവരിച്ചോറില്ലാതെ ജീവിക്കാനാവില്ലായിരുന്നു. കുറ്റം പറയാന്‍ കഴിയില്ല. എം.എക്ക്​ പഠിക്കുമ്പോള്‍ ഗര്‍ഭിണിയായി, ഒരു സുന്ദരിപ്പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്കിടയിലേക്ക് എത്തിച്ച, 22 വയസ്സു മാത്രമുള്ള അവളുടെ ആഗ്രഹമല്ലേ കുറച്ച് ചമ്പാവരി. അസംഗതമെന്ന് തോന്നിയേക്കാം. എങ്കിലും പറയാതെ വയ്യ. എം. എയ്ക്ക് എന്റെ സഖിക്ക് ഒന്നാം ക്ലാസും ഒന്നാം റാങ്കും ഉണ്ടായിരുന്നു.)
ഞാന്‍ ഇന്നും ഓര്‍ക്കുന്നു, അന്ന് കലാകൗമുദിയിലെ ഒരു സഹഫ്രീലാന്‍സറായിരുന്ന ശശി (വി. ശശികുമാര്‍, ബോംബെ) എനിക്കുതന്ന ഒരു അപൂര്‍വ പുസ്തകം കസാന്‍സാക്കിസിന്റെ The Saviours of God, Zorba the Greek എന്നീ ഉജ്ജ്വല കൃതികളും, എന്റെ സ്വന്തം വി. എസ്. ഖാണ്ഡേക്കറുടെ യയാതിയും എല്ലാം ആ പാക്കിങ്ങില്‍ ചമ്പാവരിയോടും ഉഴുന്നിനോടും മറ്റ് സ്‌പൈസസിനോടും ഒപ്പം ആ ഹോള്‍ഡറിൽ ചേര്‍ന്നു.

ഞങ്ങളുടെ അവസാന ലാന്‍ഡിംഗ് അഡീസ് അബബ ആണല്ലോ. അവിടെയെത്തി ബാഗേജ് എടുക്കാന്‍ നില്‍ക്കുമ്പോള്‍ ഭീകരമായ ഒരു വെള്ളിടി വെട്ടി. പലവുരു പ്രദക്ഷിണം വച്ച് ഒടുവില്‍ ഞങ്ങളുടെ രണ്ട് ‘യമണ്ഡന്‍’ പെട്ടികളും അതിനു പിന്നാലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ബെഡ് ഹോള്‍ഡറും ഇഴഞ്ഞിഴഞ്ഞ് വരുന്നു. ബെഡ് ഹോള്‍ഡറില്‍ഭദ്രമായി വച്ചിരുന്ന ചില സാധനങ്ങള്‍ കാണാനില്ല. ചമ്പാവരിയുണ്ട്; ഉഴുന്നും. കസാന്‍സാക്കിസ് അപ്രത്യക്ഷനായി, ഖാണ്ഡേക്കറും. ഞങ്ങളുടെ മോള്‍ക്ക് തുന്നിച്ച ചില പുത്തനുടുപ്പുകളും പോയി...

യു. ജയചന്ദ്രന്‍, ജീവിത പങ്കാളി ബീനാ അലക്സ്; പഴയ ചിത്രം
യു. ജയചന്ദ്രന്‍, ജീവിത പങ്കാളി ബീനാ അലക്സ്; പഴയ ചിത്രം

അപരിചിതമായ രാജ്യം, പുതിയ മനുഷ്യര്‍...
ഇനിയും അനുഭവങ്ങള്‍ കാത്തിരിക്കുന്നു.

ഞങ്ങളെ ആ ദരിദ്രമായ എയര്‍ സ്​ട്രിപ്പിൽനിന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസിലേക്ക് കൊണ്ടു പോകും വഴി ആത്തോ ഗബ്രു എന്ന ആപ്പീസര്‍ അധികം സംസാരിച്ചില്ല, ‘ഹൗ വാസ് യുവര്‍ ജേണി?' എന്നോ മറ്റോ ചട്ടപ്പടിയുള്ള കുശലം മാത്രം. ഗൗരവക്കാരനായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഒരു വലിയ പ്രവിശ്യയുടെ തലസ്ഥാനമാണ് ഗോണ്ടര്‍. പ്രൊവിന്‍ഷ്യല്‍ തൊട്ടടുത്തുതന്നെയാണ് ജില്ലാ ആപ്പീസും. അവിടെ നിന്ന് ഞങ്ങള്‍ക്ക് ഫാസിലെഡെസ് കോമ്പ്രിഹെന്‍സിവ് സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള നിയമന ഉത്തരവ് വാങ്ങി. ഞങ്ങള്‍ക്ക് പക്ഷേ താമസിക്കാന്‍ സ്ഥലമൊന്നും ഇല്ല. ഗോണ്ടറിലെ എല്ലാ ഹോട്ടലുകളും വിനോദസഞ്ചാരികള്‍ക്കുവേണ്ടിയുള്ളതാണത്രെ. ഞങ്ങള്‍ക്ക് അവിടെ ടൂറിസ്റ്റുകളില്‍നിന്ന്​ ഈടാക്കുന്ന തുക നല്‍കിയാലേ മുറി കിട്ടുകയുള്ളു.

എത്യോപ്യന്‍ വിഭവമായ ‘ഇഞ്ചെറ’
എത്യോപ്യന്‍ വിഭവമായ ‘ഇഞ്ചെറ’

അങ്ങനെ, ടൂറിസം വകുപ്പിന്റെ കീഴിലുള്ള ‘ടെറാറ’ (അര്‍ത്ഥം: പര്‍വതം) എന്ന പ്രശാന്തസുന്ദരമായ ഒരു ആഡംബരസത്രത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഗോണ്ടര്‍ പട്ടണം തന്നെ ഒരു പര്‍വതത്തിനു മുകളില്‍എന്നോണമാണ് സ്ഥിതി ചെയ്യുന്നത്. ഗോണ്ടറില്‍ എന്നല്ല, എത്യോപ്യയില്‍ എവിടെ ചെന്നാലും മലയാളിയെ മയക്കുന്ന ഒരു ഗന്ധം അടുക്കളഭാഗത്തുനിന്നുയരും. ദോശ ഉണ്ടാക്കുന്നതിന്​ സമാനമായ ഒരു ഗന്ധം. ദോശ പോലെ തന്നെയുള്ള ‘ഇഞ്ചെറ’ എന്ന കൂറ്റന്‍ ദോശയാണ് ഞങ്ങളെ ഡിന്നറിനു വരവേറ്റത്. ഭാഗ്യവശാല്‍, പുതിയ സ്ഥലവും പരിസരങ്ങളുമായി ഇണങ്ങാന്‍ പ്രയാസപ്പെട്ടിരുന്ന ഞങ്ങളുടെ കൊച്ചു മകള്‍ക്ക് ‘ദോശ’ ഇഷ്ടമായി. പിറ്റേന്നുതന്നെ സ്‌കൂളില്‍ എത്തണം. ഗോണ്ടര്‍ എന്ന കുന്നിന്റെ താഴ്​വാരത്തിലാണ് മൂന്നു കൂറ്റന്‍ ‘കോമ്പൗണ്ടു’കളിലായി പരന്നുകിടക്കുന്ന, എത്യോപ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നായ ഫാസിലേഡസ്.

ഞങ്ങള്‍ എത്യോപ്യയിലെത്തുമ്പോള്‍ വടക്കന്‍ പ്രവിശ്യകളായ ടിഗ്രെ, ഏറിട്രിയ എന്നിവിടങ്ങളില്‍ അതിശക്തമായ യുദ്ധം നടന്നിരുന്നു. ഈ പറഞ്ഞ രണ്ടിടങ്ങളും ഗോണ്ടറിന്റെ തൊട്ടടുത്ത സംസ്ഥാനങ്ങളായിരുന്നു. ഗോണ്ടറിലും അതിന്റെ അനുരണനങ്ങള്‍ പ്രതിദ്ധ്വനിച്ചു.
(തുടരും)


Summary: african vasanthangal u jayachandran african memoir 2


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments