ഗോണ്ടറിലെ ബ്രെഹ്തും
‘ഹിന്ദ്' മാര്‍ക്‌സും

എനിക്ക് ആദ്യദിവസങ്ങളില്‍ത്തന്നെ ബുദ്ധിമാന്മാരായ ഫാസിലെഡസ് വിദ്യാര്‍ത്ഥികള്‍ ഒരു ഇരട്ടപ്പേരിട്ടു തന്നു; ‘ഹിന്ദ് മാര്‍ക്‌സ്'. ‘ഹിന്ദ്’ എന്നാല്‍ ‘ഇന്ത്യ, ഇന്ത്യന്‍' എന്നൊക്കെ സന്ദര്‍ഭം പോലെ ഉപയോഗിക്കാം. യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ പ്രവാസജീവിതാനുഭവങ്ങളുടെ മൂന്നാം ഭാഗം.

ആഫ്രിക്കന്‍
വസന്തങ്ങള്‍- മൂന്ന്​​.

സ്‌കൂളിലെ രാവിലെയുള്ള അസംബ്ലി എന്നത് വിദേശികളെ സംബന്ധിച്ച് ഒരു പിടുത്തവും കിട്ടാത്ത ഒരു പരിപാടിയാണ്. അവിടുത്തെ വിനിമയഭാഷ ഔദ്യോഗിക ഭാഷയായ അമാറിക് ആണ്. അമാറിക് അല്ലാതെ ഒന്നും അസംബ്ലിയില്‍ ഉപയോഗിക്കാറില്ല. പുതിയതായി വന്ന അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതും അമാറിക്കില്‍ തന്നെ. ആ അസംബ്ലിയില്‍ കുട്ടികളെ അഭിമുഖീകരിച്ചുനില്‍ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചുപോയി. അംഗവൈകല്യം സംഭവിച്ച ഒരുപാടു പേരുണ്ട് ആ കൂട്ടത്തില്‍. അതിന്റെയെല്ലാം കാരണം എന്തായിരിക്കും എന്ന് ഞാന്‍ വെറുതേ ചിന്തിച്ചു. ഇവിടെത്തന്നെയുള്ള പഴയ (അതായത് സീനിയര്‍) അദ്ധ്യാപകരോട് ചോദിച്ചറിയാമെന്നു കരുതി അത് മനസ്സില്‍ സൂക്ഷിച്ചു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഫാസിലെഡസില്‍ മൂന്ന് ഇന്ത്യക്കാരുണ്ടായിരുന്നു. അവര്‍ ഏതാനും വര്‍ഷങ്ങളായി അവിടെയുള്ളവരാണ്. അവരെക്കൂടാതെ ഞങ്ങള്‍ മൂന്നു പേരാണ് പുതിയതായി ചേര്‍ന്നത്. നേരത്തേ അവിടെയുണ്ടായിരുന്നവര്‍ ഞങ്ങളോട് സ്‌നേഹപൂര്‍വം പറഞ്ഞു, ‘‘എന്തു വന്നാലും ക്ലാസ്​ മിസ്സ് ചെയ്യരുത്. എഴുനേറ്റ് നില്‍ക്കാവുന്ന അവസ്ഥയിലാണെങ്കില്‍ വന്ന് പീരിയഡ് ‘എന്‍ഗേജ്ഡ്' ആക്കണം.’’

Representative image

സ്‌കൂള്‍ നിയന്ത്രിക്കുന്നത് സ്‌കൂള്‍ ഡയറക്ടര്‍ (പ്രിന്‍സിപ്പല്‍), അതിനു താഴെ ഡെപ്യൂട്ടി ഡയറക്ടര്‍. ഫാസിലെഡസ് ഇത്ര വലിയ സ്‌കൂള്‍ ആയതിനാല്‍ ഓരോ കോമ്പൗണ്ടിലും ‘യൂണിറ്റ് ലീഡര്‍’ എന്നൊരാളാവും നിത്യേനയുള്ള സ്‌കൂള്‍ നടത്തിപ്പിലും മറ്റും നേതൃസ്ഥാനത്ത്.

ബേബി ഒട്ടഭിമാനപൂര്‍വ്വം നാട്ടില്‍ വച്ച് പറഞ്ഞ ‘നമ്മുടെ’ മെന്‍ഗിസ്റ്റു ഹൈലെ മറിയം എന്ന ഉരുക്കു മനുഷ്യനാണ് എത്യോപ്യയുടെ രാഷ്ട്രത്തലവന്‍. അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട്. റോബര്‍ട്ട് മുഗാബെ സിംബാബ്വെ പ്രസിഡന്റായിരിക്കെ എത്യോപ്യയില്‍ നടന്ന പട്ടാള വിപ്ലവം മെന്‍ഗിസ്റ്റുവിന്റെ പലായനത്തോടെയാണ് അവസാനിച്ചത്. സിംബാബ്വെയില്‍ മുഗാബെ അനിഷേദ്ധ്യനായി വാണിരുന്ന കാലമായിരുന്നതിനാല്‍, അദ്ദേഹം ദീര്‍ഘകാല സഖാവും സ്‌നേഹിതനുമായ മെന്‍ഗിസ്റ്റുവിന് അഭയം നല്‍കി. ഇന്നും ആ അഭയത്തിന്റെ സുരക്ഷിതത്വത്തില്‍ മെന്‍ഗിസ്റ്റു ധനിക ജന്മിയായി സിംബാബ്വെയില്‍ കഴിയുന്നു. മെന്‍ഗിസ്റ്റു പുരാവൃത്തം ഏറെ സംഭവബഹുലമാണ്. അതിലേക്ക് പിന്നീട് തിരിച്ചുവരാം.

റോബര്‍ട്ട് മുഗാബെയും മെന്‍ഗിസ്റ്റു ഹൈലെ മറിയവും 1982ലെ ഒരു റാലിയില്‍

എത്യോപ്യന്മാരുടെ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ എങ്ങനെയോ വലിയ ഇറ്റാലിയന്‍ സ്വാധീനം കേള്‍ക്കാം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങളാവാം അത്. അതിനോടൊപ്പം അല്‍പ്പം അമേരിക്കനും. സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ നിറയെ റഷ്യന്‍ മാതൃകയില്‍ എത്യോപ്യന്‍ മാഹാത്മ്യം കുത്തിച്ചെലുത്തിയിട്ടുണ്ട്. എന്റെ വകുപ്പദ്ധ്യക്ഷന്‍ എനിക്ക് പന്ത്രണ്ടാം ക്ലാസ്സിലെ നാലു ഡിവിഷനുകളാണ് തന്നത്. അതില്‍ ആദ്യത്തെ ക്ലാസിൽ അയാള്‍ തന്നെ എന്നെ പരിചയപ്പെടുത്തി.

അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ക്ലാസിനെ ആകെ ഒന്ന് നോക്കി. 45 പെണ്‍കുട്ടികള്‍. അവര്‍ വളരെ ശാന്തരായി, എന്നാല്‍ ഔത്സുക്യത്തോടെ എന്നെ വീക്ഷിച്ചു. എന്റെ ചലനങ്ങള്‍ അവര്‍ സശ്രദ്ധം പിന്തുടര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സാര്‍വ്വലൗകികമായ ചില സ്വഭാവവിശേഷങ്ങള്‍ ഉണ്ടല്ലോ. അതിലൊന്ന്, പരിഭ്രമത്തോടെ ക്ലാസിനെ അഭിമുഖീകരിക്കുന്നയാള്‍ ആണ് പുതിയ അദ്ധ്യാപകന്‍ എന്ന് കണ്ടു പിടിക്കാനുള്ള ‘സിദ്ധി(!)’ ആണ്. വാക്കുകള്‍ എന്നെ എന്നെന്നേക്കുമായി വേര്‍പിരിഞ്ഞെന്ന് തോന്നി. യാതൊരു മുന്നൊരുക്കവുമില്ലാതെ ഒരു വലിയ ക്ലാസിനെ പഠിപ്പിക്കുക എന്നത് ഏറ്റവും പ്രഗൽഭരായ അദ്ധ്യാപകര്‍ക്കുമാത്രം കഴിയുന്ന കാര്യമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഇന്നും ആ വിശ്വാസം എന്റെ ഉള്ളിലുണ്ട്.

ബെർടോൾഡ് ബ്രെഹ്ത്

വകുപ്പ് മേധാവി നല്‍കിയ പുസ്തകം തുറന്നു നോക്കിയപ്പോള്‍ ആദ്യ പാഠം കണ്ട് എന്റെ ഉള്ളില്‍ ഇളം കാറ്റ് വീശി. ബ്രെഹ്തിന്റെ പ്രശസ്ത കവിത; Questions of a Worker Who Reads.
ആ കവിതയെപ്പറ്റി എത്ര നേരം വേണമെങ്കിലും ഞാന്‍ വിശദീകരിച്ചേനെ; പക്ഷേ, കുട്ടികളോട് ആ് പേജെടുക്കാന്‍ പറഞ്ഞപ്പോള്‍ പലരുടെയും മുഖത്ത് ആശ്ചര്യം. മെല്ലെ പിറുപിറുപ്പാരംഭിച്ചു. ഒരു കുട്ടി ധൈര്യപൂര്‍വം എണീറ്റ് മുറിഞ്ഞ ഇംഗ്ലീഷില്‍ പറഞ്ഞു, ‘വി ഡോണ്ട് സ്റ്റഡി പോയട്രി...നോട്ട്​ റീഡിംഗ്''
ഞാന്‍ പറഞ്ഞു, ‘ദോണ്ട് വറി. റ്റുഡേ വി റീഡ്... റ്റുമോറോ വി റൈറ്റ്'
ഒരു കുട്ടിയെക്കൊണ്ട് അതൊന്ന് വായിപ്പിക്കാന്‍ ശ്രമിച്ചു. അതും തഥൈവ.
എങ്ങനെയോ ഒരു മണിക്കൂര്‍ കഴിഞ്ഞു കിട്ടി.
ഞാന്‍ എന്റെ വകുപ്പ് മേധാവിയോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു; ‘മി ചന്ദ്രാ, ഫൊര്‍ഗെറ്റ് യുവര്‍ ഫ്ലവറി ലിറ്ററേച്ചർ. വി ഒണ്‍ലി റ്റീച് ഗ്രാമര്‍!' (മി. ചന്ദ്രാ, നിങ്ങളുടെ ആലങ്കാരിക ഭാഷയെല്ലാം മറന്നേക്കൂ, ഞങ്ങള്‍ വ്യാകരണം മാത്രമേ പഠിപ്പിക്കാറുള്ളൂ)

അങ്ങനെ എന്റെ ബെര്‍തോള്‍ട് ബ്രെഹ്ത് സ്വപ്നം വിടരും മുന്‍പേ പൊലിഞ്ഞു. എത്യോപ്യയില്‍ വന്നിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളു. അതിനാല്‍ അവിടത്തെ സാമൂഹിക- രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കുള്ള അറിവ് പരിമിതമായിരുന്നു. ആ അറിവിന്റെ ആദ്യത്തെ വെള്ളിടിയായിരുന്നു എഷേറ്റു തഡെസ്സെ ( Eshetu Tadesse) എന്ന എന്റെ ഇംഗ്ലീഷ് വകുപ്പദ്ധ്യക്ഷന്റെ അറിയിപ്പ്.

അയാള്‍ തന്നെ എനിക്ക് അവിടെ ഹൈസ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ഒരു ഇംഗ്ലീഷ് പുസ്തകം തന്നു. അത് വര്‍ഷങ്ങള്‍ക്കുമുന്‍പ് നാം തിരസ്‌കരിച്ച ‘റെന്‍ ആന്റ് മാര്‍ട്ടിന്‍' എന്ന ഗ്രന്ഥത്തിന്റെ മാതൃകയിലുള്ളതായിരുന്നു. ഞാനാണെങ്കില്‍ നാട്ടില്‍ നിന്നുപോയപ്പോള്‍ എഫ്. റ്റി. വുഡ്ഡിന്റെ ‘റെമെഡിയല്‍ ഇംഗ്ലീഷ്' എന്ന (അക്കാലത്ത് നാം വിശുദ്ധം എന്ന് കരുതിയിരുന്ന) പുസ്തകവും ഒക്കെ ആയിട്ടാണ് വന്നിരിക്കുന്നത്. ഇവിടത്തെ അദ്ധ്യാപനം എന്തായിത്തീരും എന്നതിനെപ്പറ്റി എനിക്ക് നല്ല ആശങ്ക തോന്നി, ആ സംഭവത്തിനു ശേഷം.

ഹെയ്‌ലെ സെലാസി ഒന്നാമൻ

എന്തായാലും എനിക്ക് ആ ആദ്യദിവസങ്ങളില്‍ത്തന്നെ ബുദ്ധിമാന്മാരായ ഫാസിലെഡസ് വിദ്യാര്‍ത്ഥികള്‍ ഒരു ഇരട്ടപ്പേരിട്ടു തന്നു; ‘ഹിന്ദ് മാര്‍ക്‌സ്'. ‘ഹിന്ദ്’ എന്നാല്‍ ‘ഇന്ത്യ, ഇന്ത്യന്‍' എന്നൊക്കെ സന്ദര്‍ഭം പോലെ ഉപയോഗിക്കാം.

ഗോണ്ടര്‍ ടൗണിലും മാര്‍ക്‌സിന്റെയും ഏംഗത്സിന്റെയും പ്രതിമകളുണ്ടായിരുന്നു. 1975-ല്‍ മെന്‍ഗിസ്റ്റു അധികാരമേറ്റശേഷം അയാള്‍ ആദ്യം അമേരിക്കയുടെ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഉറ്റ സുഹൃത്തായിരുന്ന ഹെയ്‌ലെ സെലാസി ചക്രവര്‍ത്തിയുടെ ഘാതകനോട് അമേരിക്ക യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. എന്നു മാത്രമല്ല, അന്നുവരെ റഷ്യന്‍ സഹായത്തോടെ പൊരുതിക്കൊണ്ടിരുന്ന എറിട്രിയന്‍ വിഘടനവാദികള്‍ക്ക് അമേരിക്ക ആയുധവും അര്‍ത്ഥവും നല്‍കി പരിപോഷിപ്പിക്കാന്‍ തുടങ്ങി. 1961-ലാണ് എറിട്രിയ എത്യോപ്യയില്‍ നിന്ന് വിടുതല്‍ വേണമെന്ന പ്രധാന ആവശ്യം ഉന്നയിച്ച് എറിട്രിയന്‍- ആക്‌സും അതിര്‍ത്തിയില്‍ സംഘര്‍ഷമാരംഭിച്ചത്. ദാരിദ്ര്യത്തിലുഴലുമ്പോഴും ആ യുദ്ധം അവസാനിപ്പിക്കാന്‍ ഹെയ്‌ലെ സെലാസ്സി ഒന്നും ചെയ്തില്ല. പ്രായാധിക്യം മൂലം അദ്ദേഹം നാട്ടിലെ പല കാര്യങ്ങളും വേണ്ട വിധം അറിഞ്ഞിരുന്നില്ല എന്നും ഒരു പക്ഷമുണ്ട്.

കൂവ (ക്യൂബ)യില്‍ ഫിദല്‍ കാസ്‌ട്രോ എന്ന പോലെ അമേരിക്കയുടെ പച്ചക്കൊടി കാണാതിരുന്ന മെന്‍ഗിസ്റ്റു, സോവിയറ്റ് യൂണിയന്റെ സൗഹൃദം തേടി. അങ്ങനെ റഷ്യയുടെ പൂർണപിന്തുണയോടെ എത്യോപ്യയില്‍ ‘കോപ് വെ’ എന്ന ഒരു പട്ടാള കമ്മിഷന്‍ നിലവില്‍ വന്നു. അതിന്റെ പൂര്‍ണ്ണരൂപം ഇതാണ്: ‘കമ്മിഷന്‍ ഫോര്‍ ഓര്‍ഗനൈസിങ് പാർട്ടി ഓഫ് വര്‍ക്കേഴ്‌സ് ഇന്‍ എത്യോപ്യ’.
ഞങ്ങള്‍ ഒപ്പിട്ട ഉദ്യോഗ കോൺട്രാക്​റ്റിലും ‘പ്രൊവിഷണല്‍ മിലിട്ടറി ഗവണ്മെന്റ്' എന്നാണ് അച്ചടിച്ചിരുന്നത്.

ഗോണ്ടര്‍ പട്ടണം / Photo: kayak.co.in

ഒരു കുന്നിന്‍ മുകളിലാണ് ഗോണ്ടര്‍ പട്ടണം. താഴ്​വാരത്തിൽ സ്‌കൂള്‍. സ്‌കൂളിനടുത്തൊരു ‘എക്‌സ്‌ക്ലൂസീവ്' ഹൗസിംഗ് കോളനിയുണ്ടായിരുന്നു. അവിടെയുള്ള എല്ലാ വീടുകളിലും താമസിച്ചിരുന്നത് റഷ്യന്‍ മിലിട്ടറി അഡ്വൈസർമാരായിരുന്നു. അവരില്‍ഒരു മിലിട്ടറി ദ്വിഭാഷിയും ഭാര്യയും ഉണ്ടായിരുന്നു. വളരെ ചെറുപ്പം. അവരെ പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു. അത് മറ്റൊരു കഥ.

സംസ്ഥാന തലസ്ഥാനമായതിനാല്‍ ആ സംസ്ഥാനത്തിന്റെ ഗവര്‍ണറുടെ ആസ്ഥാനം കൂടിയാണ് ഗോണ്ടര്‍. ഞങ്ങളുടെ സംസ്ഥാനത്തിന്റെ ഗവര്‍ണറുടെ പേര്‍ മേജര്‍ മെലാക്കു എന്നായിരുന്നു. അയാള്‍ ആപ്പീസില്‍ വന്നിറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇടുപ്പിലെ ഹോള്‍സ്റ്ററില്‍ ഒരു റിവോള്‍വര്‍; കയ്യില്‍ എ.കെ 47, ഇടതുതോളില്‍ നിന്ന് വലത്തേ ഇടുപ്പിലേക്ക് നീണ്ടുകിടക്കുന്ന ക്രോസ്​ബെൽറ്റിൽ തോക്കിന്റെ തിരകള്‍. ഒരു കൊച്ചു പയ്യന്‍എന്നേ അയാളെ കണ്ടാല്‍ തോന്നൂ. എന്നാല്‍ മെന്‍ഗിസ്റ്റുവിന്റെ അനവരതം ചലനാത്മകമായിരുന്ന കൊലപാതകയന്ത്രത്തിന്റെ പ്രധാന ‘ഓപ്പറേറ്റര്‍മാ'രില്‍ ഒരാളായിരുന്നത്രെ ഈ മെലാക്കു. അയാളുടെ പേരിന്റെ അര്‍ത്ഥം ‘മാലാഖ’ എന്നാണ്. ‘ഏയ്​ഞ്ചൽ ഓഫ് ഡെത്ത്' എന്ന് അഭ്യസ്തവിദ്യരായ എത്യോപ്യന്മാര്‍ അടക്കം പറഞ്ഞിരുന്നു.

എത്യോപ്യയില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി തമസിക്കാനുള്ള വീടിനെ ചൊല്ലിയായിരുന്നു. ഗോണ്ടറില്‍ ഞങ്ങള്‍ ചെല്ലുന്നതോര്‍ത്ത് വിദ്യാഭ്യാസവകുപ്പ് വീടൊന്നും തയാറാക്കിയിരുന്നില്ല. അവര്‍ക്ക് അതിന്​ അധികാരമില്ല. സോഷ്യലിസത്തിലേക്കുള്ള യാത്രയില്‍ എത്യോപ്യ ആദ്യമായി ചെയ്തത് റഷ്യന്‍ മാതൃകയില്‍ കുറേ കമ്മിറ്റികളും ‘ബോര്‍ഡു’കളും രൂപീകരിക്കലായിരുന്നു. അങ്ങനെ രൂപീകരിച്ച ഹൗസിംഗ് ബോര്‍ഡ് ആണത്രെ വീട് നല്‍കേണ്ടത്. പക്ഷേ ഞങ്ങള്‍ ചെന്നിറങ്ങിയ നേരം അവര്‍ക്ക് വീട് ഒന്നുമില്ലായിരുന്നു. ദിവസേന അവരുടെ ഓഫീസില്‍ ചെന്ന് വീട് ചോദിക്കുക എന്നത് എന്റെ ജോലി പോലെത്തന്നെയായിത്തീര്‍ന്നു. ഞങ്ങള്‍ താല്‍ക്കാലികമായി ഒരു മലയാളി ബാച്‌ലര്‍ അദ്ധ്യാപകന്റെ വീട്ടിലെ ഒഴിവുള്ള മുറിയില്‍ താമസമാക്കി. ഞങ്ങളേക്കാള്‍ കൂടുതല്‍ ആ അനിശ്ചിതത്വത്തിന്റെ വിഷമങ്ങള്‍ അനുഭവിച്ചത് ഞങ്ങളുടെ മകള്‍ ആയിരുന്നു.

വി.എസ്. നൈപോള്‍, സഹോദരന്‍ ശിവ് നൈപോള്‍

എത്യോപ്യന്‍ സൗഹൃദങ്ങള്‍ വില മതിക്കാനാവാത്തവയാണ്. എത്യോപ്യന്മാരുടെ സംസ്‌കാരത്തിന് ബൈബിള്‍ കാലത്തോളം പഴക്കമുണ്ട്. ഇന്നത്തെ (2023-ലെ) അവസ്ഥ എനിക്കറിയില്ല. പക്ഷേ, ഞങ്ങള്‍ അവിടെയുള്ളപ്പോള്‍ ഇന്ത്യക്കാരെ ഇത്രത്തോളം സ്‌നേഹത്തോടെയും മര്യാദയോടെയും സ്വീകരിച്ചിരുന്ന മറ്റൊരു ഇടം ഉണ്ടാവുമോ എന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളിലെ ഇന്ത്യന്‍ വംശജരുടെ വൃത്താന്തങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്. വി. എസ്. നൈപാളിന്റെ ഇളയ സഹോദരന്‍ ശിവ നൈപാള്‍ എഴുതിയിട്ടുണ്ട്; ഇന്ത്യന്‍ ശവഘോഷയാത്രയ്ക്കു പിന്നാലെ ‘കൂലീ ഫ്യൂണറല്‍! കൂലീ ഫ്യൂണറല്‍!' എന്നാര്‍ത്തുവിളിച്ച്​ പിന്തുടര്‍ന്നിരുന്ന ആഫ്രിക്കന്‍ കരീബിയന്മാരുടെ കുട്ടിക്കൂട്ടങ്ങളെപ്പറ്റി. ഒരു എത്യോപ്യനില്‍നിന്ന് അത്തരത്തില്‍ ഇന്ത്യയേയോ ഇന്ത്യക്കാരെയോ ഇകഴ്ത്തുന്ന ഒരു വാക്കു പോലും ഞാന്‍ കേട്ടിട്ടില്ല. അതിനു കാരണമായി അവിടെത്തന്നെയുണ്ടായിരുന്ന പഴയ മലയാളികള്‍ പറഞ്ഞുകേട്ടിട്ടുള്ളത്, ഹെയ്‌ലെ സെലാസ്സിയുടെ കാലത്ത് ആദ്യമായി അവിടെ വന്നതെന്നു വിശ്വസിക്കപ്പെടുന്ന ‘ആഫ്രിക്കാ അപ്പച്ചന്‍' മുതലുള്ള അദ്ധ്യാപകര്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയോടും ആ രാജ്യത്തെ ജനങ്ങളോടും കാണിച്ചിരുന്ന സ്‌നേഹാദരങ്ങളാണ്​, അതു മൂലമാണ് പരസ്പരവിശ്വാസവും സ്‌നേഹവും നിലനിന്നുപോന്നത്​ എന്നാണ്​.

ഞങ്ങള്‍ മാത്രമായിരുന്നു ഗോണ്ടറില്‍ വീടില്ലാതെ വിഷമിച്ചിരുന്ന വിദേശികള്‍. അതിന്​ വൈകാതെ ശമനമുണ്ടായി. പക്ഷേ ആ ശമനം ‘വറചട്ടിയില്‍ നിന്ന് എരിതീയി'ലേക്ക് വീണതു പോലെയായിത്തീര്‍ന്നു. ആ സംഭവത്തിലും രസകരമായ ചില ഇടവേളകളുണ്ട്. അവയിലേക്ക് ഉടനെ എത്തിച്ചേരാം.
(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments