ആഫ്രിക്കൻ
വസന്തങ്ങൾ- ഏഴ്
അവരുടെ നഗരമായ ഗോണ്ടറിനെപ്പറ്റി ഗോണ്ടറിലെ ‘അമാറ’കൾ ധാർഷ്ട്യത്തിന്റെ വക്കോളമെത്തുന്ന അഭിമാനം പ്രകടിപ്പിച്ചുപോന്നു. ഇന്നും അവർ അങ്ങനെതന്നെ തുടരുന്നുണ്ടാവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ പട്ടണത്തിനു തലങ്ങും വിലങ്ങുമായി സ്വന്തം അംഗഭംഗങ്ങൾ വിനോദസഞ്ചാരികൾക്കായി പ്രദർശിപ്പിച്ചുനിന്ന ശിലാദുർഗ്ഗങ്ങളെ ചൂണ്ടി അവർ പറയും, ഇതെല്ലാം ഞങ്ങളുടെ; അമാറകളുടെ പൂർവ്വികന്മാരുടെതാണ്. അമാറാ ഗോത്രം പരമ്പരാഗതമായി ഭരണവർഗ്ഗം തന്നെയായിരുന്നു.
എത്യോപ്യയിൽ എത്തുന്നതിനു മുൻപ് അവരുടെ ക്രിസ്മസ് ഡിസംബർ 25-നല്ല എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഒരു ഡിസംബർ 25-നാണ് ഞങ്ങൾ അഡീസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽ കാലുകുത്തിയത്. അഡീസിൽക്രിസ്മസിന്റെ യാതൊരു വർണ്ണശബളിമയും കണ്ടില്ല. അതിനുശേഷമാണ് അറിഞ്ഞത്, എത്യോപ്യൻ ഓർത്തഡോക്സ് പള്ളിയുടെ കണക്കിൽ ജനുവരി 7 ആണ് ക്രിസ്മസ്; അഥവാ തിരുപ്പിറവിനാൾ. ഗോണ്ടറിൽ ജനുവരി 19-ന് ‘എപ്പിഫനി' (epiphany) എന്നൊരു ഉത്സവമുണ്ട്. അത്, യേശു യോഹന്നനിൽ നിന്ന് മാമോദീസ മുങ്ങിയ ദിനത്തിന്റെ ഓർമ്മയാണ്.
ഫാസിലെഡസ് ബാത്ത് എന്ന, ഒരു ചെറിയ കുളമുള്ള ഒരു കൊട്ടാരമുണ്ട്; താഴ് വാരത്തിൽ. അതിനടുത്താണ് ഈ ‘ബാത്ത്'. ഓർത്തഡോക്സ് പള്ളിയുടെ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കുന്ന വലിയൊരു ചടങ്ങാണത്. ആ ദിവസം മതപരമായ ചടങ്ങുകൾക്കു ശേഷം ഗോണ്ടറിൽ ധാരാളം മദ്യം ഒഴുകും. അത്തരം ചടങ്ങുകളൊന്നും പട്ടാള ഗവൺമെന്റ് നിർത്തിവച്ചിരുന്നില്ല. സാക്ഷരത കുറഞ്ഞ, അങ്ങേയറ്റം ഭക്തരായ പാവപ്പെട്ടവർക്ക് സുരക്ഷിതത്വം തീർത്തും ഇല്ലാതാക്കേണ്ട എന്ന വിചാരമായിരിക്കാം അതിനു പിന്നിൽ.
ഗോണ്ടറിലെ ഞങ്ങളുടെ ആദ്യ പരീക്ഷണം എന്റെ സഖിയുടെ അപ്പെൻഡിസൈറ്റിസ് ഓപ്പറേഷൻ ആയിരുന്നു. ഒരുനാൾ ഉച്ചയ്ക്ക് അവൾക്ക് പെട്ടെന്ന് സുഖമില്ലാതായപ്പോൾ ആശുപത്രിയിൽ കൊണ്ടു പോയി. അവിടെ ആ സമയം ഉണ്ടായിരുന്നത് കിഴക്കൻ ജർമ്മനിയിൽ നിന്ന് വന്ന ഡോ. മീക്സ്നർ (Meixner) എന്ന ഒരു പീഡിയാട്രിഷ്യൻ മാത്രമായിരുന്നു. മറ്റു സർജ്ജന്മാർ തിരക്കിട്ട് വേറെ ഓപ്പറേഷനുകൾ നടത്തുകയായിരുന്നു. ഏതു നേരവും ആ മെഡിക്കൽ സ്ക്കൂൾ ആശുപത്രിയിൽ വെടിയേറ്റവരും വെട്ടും കുത്തുമേറ്റവരുമായ എത്യോപ്യന്മാരുടെ കൂട്ടങ്ങൾ തന്നെയുണ്ടായിരുന്നു. എല്ലാവർക്കും കൂടി ഡോക്ടർമാർ എണ്ണത്തിൽ കുറവും.
ഡോ. മീക്സ്നർ തന്നെ ആ ഓപ്പറേഷൻ ചെയ്തു. രാത്രി നേരമേറെയായി അതു കഴിഞ്ഞ് രോഗിയെ ഒബ്സർവേഷനിലേക്ക് കൊണ്ടു വന്നപ്പോൾ. ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷമാണ് തുന്നലെടുത്തത്. അതു കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു. മകൾ തന്നെയായിരുന്നു ഈ അനുഭവങ്ങളിലെല്ലാം ഏറ്റവും കൂടുതൽ വിഷമം അനുഭവിച്ചിരുന്നതും. ചുറ്റും സുഹൃത്തുക്കൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ വിഷമങ്ങൾ അത്രയേറെ അറിഞ്ഞില്ല. അതേത്തുടർന്ന് അവൾക്ക് കുറച്ചു ദിവസത്തെ അവധി അനുവദിച്ചു. അപ്പോഴേക്ക് സ്ക്കൂൾ അടയ്ക്കാറായിരുന്നു.
കുറച്ചുദിവസം കഴിഞ്ഞ് വേണ്ടതുപോലെ വിശ്രമം എടുത്തിട്ടും ഓപ്പറേഷൻ ചെയ്ത ഭാഗത്ത് ഇടയ്ക്കിടെ കൊടിയ വേദന തോന്നിയതിനെത്തുടർന്ന് ഞങ്ങൾ ഒരിക്കൽക്കൂടി ഡോ. മീക്സ്നറെ തേടി. അദ്ദേഹം രോഗിയുടെ ഫയൽ അന്വേഷിച്ചപ്പോൾ അത് ‘മിസ്സിംഗ്' ആണെന്നാണ് ആശുപത്രിയിൽ നിന്നു കിട്ടിയ വിവരം. ഡോക്ടർക്ക് അല്പം ജാള്യത തോന്നിയെങ്കിലും അദ്ദേഹം അത് മറയ്ക്കാൻ ശ്രമിച്ചു. അന്നെല്ലാം എന്തുവിഷമമുണ്ടെങ്കിലും നമുക്ക് -വിദേശി അദ്ധ്യാപകർക്ക്- വിദ്യാഭ്യാസവകുപ്പിന്റെ പെർമനന്റ് സെക്രട്ടറി വരെ ഉള്ളവരെ കാണാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. അങ്ങനെ സ്ക്കൂൾ അടച്ചതോടെ ഞങ്ങൾ അഡീസ് അബാബയ്ക്ക് പ്ലെയിൻ കയറി. അവധി തുടങ്ങി പിറ്റേന്നു മുതൽ ഏതാണ്ട് നാലു ദിവസം കാത്തിരുന്നതിനു ശേഷമാണ് ഫ്ലൈറ്റ് വന്നിറങ്ങിയത്. കാലാവസ്ഥ പ്രതികൂലം എന്നൊക്കെ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിലും യഥാർത്ഥത്തിൽ ടിഗ്രെ, എറിട്രിയ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരുന്ന രൂക്ഷമായ യുദ്ധമാണ് പ്ലെയിൻ ഇല്ലാതെ പോയതിനു കാരണം. ഒടുവിൽ ഞങ്ങൾക്ക് കിട്ടിയത് ഒരു മിലിട്ടറി കാർഗോ പ്ലെയ്ൻ.
അഡീസിൽ ഇറങ്ങിയതിന്റെ പിറ്റേന്നുതന്നെ ഫോറിൻ പേഴ്സണേൽ ഇൻ ചാർജ്ജ് എന്നയാളെ കണ്ടു. അയാൾ ഗോണ്ടർ സ്വദേശി ആണ്. ആത്തോ മെബ്രാത്തു. അദ്ദേഹം അന്നു തന്നെ പെർമനന്റ് സെക്രട്ടറിയായിരുന്ന അബ്ദെൽ മെന്ന (Abdel Menen) നുമായി കൂടികാണാൻ വഴിയൊരുക്കി. കണ്ട് കാര്യം പറഞ്ഞയുടനേ അദ്ദേഹം പറഞ്ഞത്, ''നിങ്ങൾക്ക് നാട്ടിൽ പോയി വരാൻ ഞാൻ ടിക്കറ്റുകൾ തരാൻ പറയാം. വിഷമിക്കണ്ട. പോയി വൈഫിനെ നല്ലൊരു ഡോക്ടറെ കാണിച്ച് തിരിച്ചു വരൂ’’ എന്നാണ്.
അങ്ങനെ നീണ്ട രണ്ടരമാസം അവധിയിൽ, ഒരു വർഷം പോലും ആവുന്നതിനുമുൻപ് തിരുവനന്തപുരത്ത് ഞങ്ങൾ ലാൻഡ് ചെയ്തു. എന്നെ നന്നായറിയുന്ന പല സുഹൃത്തുക്കളും ഞങ്ങളുടെ തിരിച്ചുവരവ് താൽക്കാലികമാണോ എന്ന് ന്യായമായും സംശയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. രാജനാണ് പിന്നീട് ബീനയ്ക്ക് ചികിത്സ നടത്തിയത്.
ജൂലൈയിൽ സ്ക്കൂളടച്ചാൽ സെപ്തംബറിലേ തുറക്കൂ. അങ്ങനെ സെപ്തംബർ ഒന്നിൽ ഞങ്ങൾ ഗോണ്ടറിൽ തിരികെയെത്തി. ഒരേയൊരു വ്യത്യാസമുണ്ടായിരുന്നത്, ഇപ്രാവശ്യം അഡീസ് അബാബയിൽ നിന്ന് ഗോണ്ടറിലേക്ക് ഞങ്ങൾ ബസിലാണ് പോയത്. (നാട്ടിൽ പോയി വരുമ്പോൾ കയ്യിൽ പണം കുറവായിരിക്കും എന്നതാണ് കാരണം, കേട്ടോ.) 1980- കളിൽ ആ യാത്ര തീർത്തും ദുഷ്കരമായിരുന്നു. 500 കിലോമീറ്ററിൽ താഴെയേ ദൂരമുള്ളെങ്കിലും രണ്ടു ദിവസമാണ് യാത്ര.
ഗോണ്ടർ അഡീസ് റൂട്ടിൽ ചില വയാഡക്റ്റുകൾ ഉണ്ട്. ഇറ്റാലിയന്മാർ പണികഴിപ്പിച്ചവയാണ്. ആ വയാഡക്റ്റുകൾക്കുമീതേ കൂടി വണ്ടി ഇഴഞ്ഞുനീങ്ങുമ്പോൾ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഇരിക്കാനാകൂ. രാത്രികാലങ്ങളിൽ ആ റൂട്ടിൽ ഒരു വാഹനവും ഓടാറില്ല. വൈകുന്നേരം അഞ്ചു മണിയോടെ ബസ് ഒരു ഗ്രാമത്തിൽ നിർത്തും. അവിടെ ധാരാളം കൊതുകുകളും ചെള്ളും മറ്റുമുള്ള ഒന്നോ രണ്ടോ ചെറിയ ‘സത്ര’ങ്ങളുണ്ടാവും. അങ്ങനെ ഒരു ഗ്രാമത്തിൽ സന്ധ്യയായപ്പോൾ ഞങ്ങൾ ചെന്നു പെട്ടു.
ഭാഗ്യത്തിന് അവിടെ ഒരേയൊരു ഇന്ത്യൻ (മലയാളി) ടീച്ചർ ഉണ്ടായിരുന്നു. അയാളുടെ വീട്ടിൽ അല്പസമയം ഇരുന്നശേഷം ഞങ്ങൾ ‘സത്ര’ത്തിലേക്ക് മടങ്ങി. ആ സ്ഥലവും പരിസരങ്ങളും കണ്ടാൽ അതെല്ലാം ബൈബിൾ കാലം മുതലുള്ളതാണെന്ന് തോന്നും. വൈകുന്നേരമായാൽ ഗ്രാമത്തിന്റെ ശബ്ദം അവിടെയുള്ള ബുന്നാ ബേത്തുകളിൽ നിന്നുയരുന്ന ലഹരിയിൽ കുഴഞ്ഞ വർത്തമാനങ്ങളും അൽപ്പം കൂടി ഇരുട്ടിയാൽ സ്ത്രീകൾ ഉറക്കെയുറക്കെ കരയുന്ന ശബ്ദവും. ഞങ്ങളുടെ ആദ്യ അനുഭവമായിരുന്നു അത്. ഭയാനകമായ ആ രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി എന്നുപറയാം.
തിരികെ ഗോണ്ടറിലെത്തിയപ്പോൾ ഇന്ത്യൻ അദ്ധ്യാപകരുടെ ഒരു ‘സൈന്യം’ തന്നെ ഫാസിലെഡസ് സ്ക്കൂളിൽ വന്നിട്ടുണ്ടെന്നറിഞ്ഞു. അതിൽ എന്റെ നാട്ടിൽ നിന്നുള്ള സുഹൃത്ത് അശോക് കുമാറും ഉണ്ടായിരുന്നു. സിക്കിമിൽ നിന്നുള്ള വാലന്റൈൻ ഫിലിപ്സ് എന്ന ഒരു ആംഗ്ലോ ഇന്ത്യനും ഉണ്ടായിരുന്നു.
പിറ്റേന്ന് സ്ക്കൂളിൽ റിപ്പോർട്ട് ചെയ്യാൻ ചെന്ന ഞങ്ങളെ രണ്ടു പേരെയും കണ്ട് സ്ക്കൂൾ ഡയറക്ടർ ആത്തോ കിദാനെ ഞെട്ടിയെഴുന്നേറ്റ് ഓടിവന്നു; ''ബീനാ, ബീനാ, ഇത് നീ തന്നെയാണോ?'' അദ്ദേഹം ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് അത് പറഞ്ഞത്.
കാര്യമറിയാതെ ഞങ്ങൾ കുഴങ്ങിനിൽക്കുമ്പോൾ അദ്ദേഹം അങ്ങനെ പറയാനുണ്ടായ കാരണം വിശദീകരിച്ചു: നിങ്ങൾ നാട്ടിൽ പോയി ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു. മലയാളികൾ സംസാരിക്കുന്നതുപോലെ വിളിച്ചയാൾ പറഞ്ഞു, ‘നിങ്ങളുടെ സ്ക്കൂളിൽ പഠിപ്പിക്കുന്ന മി. ജയചന്ദ്രന്റെ ഭാര്യ ബീന മരിച്ചുപോയി. ഇതറിയിക്കാനാണ് വിളിച്ചത്.'
ഗോണ്ടർ ചെറിയ പട്ടണമായതിനാലും ഞങ്ങൾ അവിടെയുള്ള കടകളിലും കഫേകളിലും സാധാരണ കയറിയിറങ്ങുന്നവരാണെങ്കിലും പട്ടണത്തിലും ഈ വാർത്ത പരന്നിരുന്നു. ഞങ്ങൾ ഒന്നിച്ച് ഒരു കടയിൽകയറിയപ്പോൾ അവിടെ നിന്നിരുന്ന അൽപ്പം പ്രായമുള്ള ഒരാൾ എന്നോട് ചോദിച്ചു, ''എന്നാലും നീ ഇത്ര മനസ്സാക്ഷിയില്ലാത്തവനായിപ്പോയല്ലോ. ആ ബീന മരിച്ചയുടനേ പോയി വേറെ പെണ്ണിനെ കണ്ടു പിടിച്ചു, അല്ലേ?''
മലയാളികൾ ഒരു ജോലിക്ക് വിദേശത്ത് എന്തു മാർഗ്ഗവും സ്വീകരിക്കും എന്നു കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമമായിരുന്നോ അത് എന്നറിയില്ല. ഫോൺ ചെയ്ത വിഷയം അവിടെയുള്ള മലയാളി സുഹൃത്തുക്കളോട് ഞങ്ങൾ ചോദിച്ചതുമില്ല. എല്ലാവരും അറിഞ്ഞിരുന്നു എന്നത് ഞങ്ങൾക്ക് മനസ്സിലായി.
രണ്ടാം വർഷം ഞങ്ങളുടെ ഷിഫ്റ്റുകൾ മാറി. ഞാൻ ഉച്ചയ്ക്കും ബീന രാവിലെയും. അപ്പോഴേക്ക് ആത്തോ കിദാനെ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റപ്പെട്ടു. അവിടെ അതിനു മുൻപ് ഡയറക്ടറായിരുന്ന ആത്തോ തായെ ചെരെ (Ato Thaye Chere) എന്നയാൾ ജി.ഡി.ആറിലെ (കിഴക്കൻജർമ്മനി) പരിശീലനം കഴിഞ്ഞ് തിരിച്ചെത്തി. അദ്ദേഹം സ്ക്കൂളിനടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കിഴക്കൻ ജർമ്മനിയിൽ നിന്ന് പല പുതിയ ആശയങ്ങളുമായിട്ടാണ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ഇന്ത്യൻ സഹപ്രവർത്തകർ പറഞ്ഞറിഞ്ഞു.
ഞങ്ങൾക്കെല്ലാം അറിയേണ്ടിയിരുന്നത് ക്ലാസുമുറികളിലെ അമിത തിരക്ക് (overcrowding) ഒഴിവാക്കാൻ അദ്ദേഹം വല്ല പദ്ധതിയും കണ്ടു പിടിച്ചിട്ടുണ്ടോ എന്നായിരുന്നു. അതുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, 'the Germans will laugh at us if they hear the numbers we squeeze into a room' (നമ്മൾ ഒരു മുറിയിൽ തിരുകിക്കയറ്റുന്ന എണ്ണം കേട്ടാൽ ജർമ്മൻകാർ നമ്മെ പരിഹസിക്കുകയേയുള്ളൂ). അദ്ദേഹത്തിന് അതിനൊന്നും പോംവഴി കണ്ടെത്താനാവില്ല എന്ന് ഞങ്ങൾ മനസ്സിലാക്കി. കുട്ടികളെല്ലാം ഇംഗ്ലീഷിലല്ലേ പഠിക്കുന്നത്? അവരുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ഉയർത്താൻ എന്തെങ്കിലും ചെയ്യാനാവുമോ?
അതിന് മൗനമായിരുന്നു മറുപടി. തുടക്കത്തിൽത്തന്നെ ഞങ്ങളുടെ പരിചയപ്പെടൽ അപസ്വരത്തിലാണോ കലാശിച്ചത് എന്നെനിക്കു തോന്നി. തായെ ചെരെ പട്ടാളഗവണ്മെന്റിന്റെ അചഞ്ചലനായ പടയാളിയാണെന്ന് മനസ്സിലാക്കാൻ അധികനാൾ വേണ്ടിവന്നില്ല.
ഒരുനാൾ അദ്ദേഹത്തിന്റെ ഒരു ദൂതൻ (ഞങ്ങളുടെ മലയാളിയായ സഹപ്രവർത്തകൻ തന്നെ) ഒരു ആവശ്യവുമായി വന്നു. ഞങ്ങൾ താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുത്താൽ ഡയറക്ടർ താമസിക്കുന്ന വീട് ഞങ്ങൾക്ക് തരാം. സ്ക്കൂളിനടുത്താവുന്നതല്ലേ സൗകര്യം? അത് നടക്കില്ല എന്ന് ഞങ്ങൾ തീർത്തു പറഞ്ഞ് അയാളെ മടക്കിയയച്ചു. അതിന് എന്തെങ്കിലും തിരിച്ചടി കിട്ടും എന്നുറപ്പുണ്ടായിരുന്നു. ഏതു സന്ദർഭത്തിലും യാത്രയാവാൻ ഞങ്ങൾ സന്നദ്ധരായിരുന്നു. എത്യോപ്യന്മാർ ഒരുപാട് നന്മകളുള്ളവരാണ്; ഫാസിലെഡസ്സിലെ വിദ്യാർത്ഥികൾ ഞങ്ങൾക്ക് ഏറെ സ്നേഹം നൽകിയിട്ടുണ്ട്. പക്ഷേ സ്ക്കൂളിലെയും വിദ്യാഭ്യാസ വകുപ്പിലെയും അന്തരീക്ഷം നല്ല പിരിമുറുക്കമുള്ളതായിരുന്നു.
ഞങ്ങളുടെ പുതിയ സഹപ്രവർത്തകരിൽ ഒരാൾ അശോക് കുമാർ ആയിരുന്നു എന്നു പറഞ്ഞല്ലോ. അശോക് ആദ്യ അവധിക്ക് നാട്ടിൽ പോയി ഹേമ എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. ഹേമയും ഗോണ്ടറിൽ വന്നു. പക്ഷേ ജോലി ശരിയായില്ല. അവരെല്ലാം ഞങ്ങളുടെ വീടിനടുത്തുതന്നെയുള്ള ‘ഫാസിൽ' എന്ന ഹോട്ടലിലാണ് താമസിച്ചിരുന്നത്. വീടില്ലാത്തവർക്കുവേണ്ടി അപ്പോഴും ഞങ്ങൾ ഒറ്റക്കെട്ടായി ഹൗസിംഗ് ബോർഡ് ഓഫീസിൽ പോകുകയും സുഹൃത്തുക്കളെ സഹായിക്കാനായി പലരോടും സംസാരിക്കുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഞങ്ങളെല്ലാവരും കൂടി ഹോട്ടൽ ടെറാറയിൽ ഭക്ഷണം കഴിക്കാൻ പോയി. ഭക്ഷണത്തിനു മുൻപ് ആപ്പെറ്റൈസർ കഴിച്ചു കൊണ്ടിരിക്കെ റെസ്റ്റോറൻ മാനേജർ വന്ന് ഭയഭക്തിയോടെ പറയുന്നു, ''മേജർ മെലാക്കു വന്നിട്ടുണ്ട്. അദ്ദേഹം നിങ്ങളെ കാണണം എന്നു പറയുന്നു. എല്ലാവരും വരണമെന്നില്ല. ഒന്നോ രണ്ടോ പേർ മതി.''
ആ കൂട്ടത്തിൽ സീനിയർ കുടുംബസ്ഥൻ ഞാനാണ്. അതുകൊണ്ട് എന്നോട് എല്ലാവർക്കും വേണ്ടി മെലാക്കുവിനെ കാണാനാവശ്യപ്പെട്ടെങ്കിലും എനിക്ക് വീടുള്ളതിനാൽ വീടിനുവേണ്ടി സംസാരിക്കാനാവില്ലല്ലോ, അങ്ങനെ ഞാൻ തന്നെ അശോകിനെ പ്രതിനിധിയായി അയക്കാൻ നിർദ്ദേശിച്ചു. അശോക് പോയി വരും വരെ ഞങ്ങൾ സ്നാക്കുകൾ അല്ലാതെ മറ്റൊന്നും കഴിക്കാതെയിരുന്നു. അശോക് ഏറെ നേരം കഴിഞ്ഞപ്പോൾ വന്നു. ഒപ്പം, മേജർ മെലാക്കുവിന്റെ സുരക്ഷാഭടന്മാരിൽ ഒരാളുമുണ്ടായിരുന്നു. അയാൾ ഞങ്ങളോട് പറഞ്ഞു, ''മേജർ മെലാക്കു നിങ്ങളുടെ വീടിന്റെ പ്രശ്‌നമെല്ലാം പരിഹരിച്ചിരിക്കുന്നു. നാളെത്തന്നെ നിങ്ങൾക്ക് നിങ്ങളുടെ പുതിയ താമസസ്ഥലത്തേക്ക് മാറാനുള്ള ഏർപ്പാടുകൾ ചെയ്യാം. നിങ്ങളുടെ ക്ഷമയ്ക്കും കഠിനാദ്ധ്വാനത്തിനും മേജർ മെലാക്കു നന്ദി പറയുന്നു. അദ്ദേഹം ഇന്നത്തെ ഡിന്നർ നിങ്ങളുടെ ബഹുമാനാർത്ഥം നൽകുന്നതാണ്. നിങ്ങൾ ഒരു സെന്റ് പോലും ചെലവാക്കേണ്ടതില്ല. ബോൺ അപെറ്റിറ്റ് ആൻഡ് ഗുഡ് നൈറ്റ്.''
പറഞ്ഞതുപോലെ അതിന്റെ പിറ്റേന്നുതന്നെ അശോകനും മറ്റ് നാല് മലയാളികളും ഞങ്ങൾ ആദ്യം താമസിച്ച അൽപം വട്ടുള്ള ക്യാപ്റ്റൻ താമസിച്ചിരുന്ന വില്ലയിലെ രണ്ടാം നിലയിലേക്ക് കുടിയേറി. അന്നത്തെ അവസ്ഥയിൽ ഗോണ്ടറിലെ വിദ്യാഭ്യാസവകുപ്പിന് ചെയ്യാവുന്നതിന്റെ പരമാവധിയായിരുന്നു അത്.
ഗോണ്ടറിൽ അന്നുണ്ടായിരുന്ന ഒരു സീനിയർ നഴ്സ് ആയിരുന്നു ശ്രീലങ്കക്കാരിയായ ഹിൽഡ ഡി സിൽവ. അവർ മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഡിപ്പാർട്മെന്റിൽ ലക്ചററായിരുന്നു. ഞങ്ങൾ ഒരു ദിവസം താഴ് വാരത്തിലേക്ക് നടക്കുമ്പോൾ അവരെ കണ്ടു. അല്പനേരം സംസാരിച്ചുകൊണ്ട് നടന്നു. അപ്പോൾ അതാ വരുന്നു, ദ്വിഭാഷി അനറ്റോളിയും അയാളുടെ ഭാര്യ വോൾഗയും. അവർ ഞങ്ങളെ വീട്ടിലേക്ക് ചെല്ലാൻ നിർബ്ബന്ധിച്ചു. അങ്ങനെ അവിടെ ചെന്ന് വർത്തമാനം പറഞ്ഞിരുന്ന് നേരം ഏറെ വൈകി. അവരിരുവരും തിരികെ ഞങ്ങളെ ഞങ്ങളുടെ വീടുവരെ എത്തിച്ചു. അതിനിടെ അനറ്റോളി പറഞ്ഞ ഒരു കാര്യം തന്റെ ജോലിയെപ്പറ്റിയായിരുന്നു. അയാളുടെ തർജ്ജമപ്പണിയുടെ രൂപം ഏതാണ്ടിങ്ങനെയാണ്.
റഷ്യൻ മാത്രം അറിയുന്ന ഒരു ഓഫീസർ റഷ്യനിൽ ഒരു ആജ്ഞ നൽകും. അത് അനറ്റോളി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി അടുത്തിരിക്കുന്ന എത്യോപ്യൻ ഓഫീസർക്ക് പറഞ്ഞു കൊടുക്കും. അയാൾ അത് ഇംഗ്ലീഷ് അറിയാത്ത എത്യോപ്യൻ ഓഫീസർക്ക് അമാറിക്കിലാക്കി കൊടുക്കും. അനറ്റോളി ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു, ‘വെടിവെക്കരുത്, പിന്മാറണം' എന്നാണ് പറയേണ്ടതെങ്കിൽ അവസാനം എത്തുന്നയാൾക്ക് കിട്ടുന്നത് 'വെടി നിർത്തരുത്; മുന്നേറിക്കോ' എന്നാവും.
നേരോ നുണയോ, എനിക്കറിയില്ല.