നൈൽ ജലത്തിന്റെ നിറം, ജലമില്ലാത്ത ഡെബാത്ത്

ഇന്ദ്രനീലനിറത്തിലൊന്നുമല്ല ‘നീല’ നൈൽ. കലങ്ങിയ ചെളിവെള്ളത്തിന്റെ നിറമാണ് നീല നൈൽ ജലത്തിന്. നീല എന്ന പേർ അതിന് എങ്ങനെ വന്നുചേർന്നു?- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 9

നീലനൈൽ വെള്ളച്ചാട്ടത്തിൽ നിത്യമായ മഴവില്ല് ഉണ്ടാവുമെന്നാണ് ഞങ്ങൾ കേട്ടിരുന്നത്. സിംബാബ്വെയിലും സാംബിയയിലുമായി പരന്നു കിടക്കുന്ന വിക്ടോറിയാ ഫാൾസിൽ നിത്യമഴവില്ലുണ്ടെന്ന് ചിത്രങ്ങളിലൂടെ അറിഞ്ഞിരുന്നു. അതുപോലെ ഒന്ന് ഞങ്ങൾക്ക് കാണാനാവും എന്നു കരുതിയാണ് നീലനൈലിലേക്കുള്ള യാത്രക്കിറങ്ങിയത്.

അതിരാവിലെ ഗോണ്ടറിൽനിന്ന് പുറപ്പെട്ടെങ്കിലും റോഡ് അത്ര നന്നല്ലാത്തതിനാൽ അതിവേഗമൊന്നും ഞങ്ങൾക്ക് യാത്ര ചെയ്യാനായില്ല. ഞങ്ങൾ ആകെ ഏഴുപേർ മാത്രമേ സംഘത്തിലുണ്ടായിരുന്നു​ള്ളു. ആ യാത്രയിലുണ്ടായ ഒരേയൊരു അവിചാരിത സംഭവം, അന്നാദ്യമായി ലോ പ്രഷർ കാരണം ബഹർദാറിൽ എത്തി, ചെക്ക് ഇൻ ചെയ്തു കഴിഞ്ഞയുടനേ എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു എന്നതാണ്. അന്നാദ്യമായി എനിക്ക് ഹൈപ്പോഗ്ലൈസീമിയ ഉണ്ടായി. വർഷങ്ങൾക്കു ശേഷം ഹൈപ്പോഗ്ലൈസീമിയ എന്റെ സന്തതസഹചാരിയായി. മറ്റൊരു രോഗത്തിന്റെ അനുചരനായിരുന്നു അയാൾ. ഇപ്പോഴും അയാൾ എന്നെ കാണാൻ ഇടയ്ക്കിടെ വന്നുപോകുന്നു. അന്നു പിന്നെ നീല നൈൽ ഫാൾസ് കാണാനുള്ള പരിപാടി ഞങ്ങൾ ഉപേക്ഷിച്ചു. ആശുപത്രിയിൽ കിടന്ന് ഒരു ഡ്രിപ് ഒക്കെ അകത്ത് ചെന്നതോടെ എനിക്ക് വലിയ ആശ്വാസം തോന്നി. വൈകുന്നേരമായതോടെ എനിക്ക് ഉന്മേഷം വീണ്ടു കിട്ടി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ രണ്ട് റഷ്യൻ എഞ്ചിനീയർമാരുണ്ടായിരുന്നു. ഞങ്ങളുടെ സംഘത്തിലുള്ളവർ വൈകുന്നേരം പുറത്തിരുന്ന് ബിയർ കുടിക്കുമ്പോൾ എഞ്ചിനീയർമാരും ഒപ്പം ചേർന്നു. അവർ ബിയറൊന്നും കുടിക്കുന്നവരല്ല. അവരുടെ കൈവശം വോഡ്ക ഉണ്ടായിരുന്നു. എന്റെ അന്നത്തെ ആരോഗ്യനില പ്രമാണിച്ച് മദ്യപാനത്തിൽനിന്ന് എന്നെ ഒഴിവാക്കി. റഷ്യക്കാരുടെ വോഡ്കപാനം ഭീകരമാണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അന്ന് നേരിൽ കാണാൻ ഇടയായി, മാരകമായ കുടി.

താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് പിറ്റേന്നുരാവിലെ, അമാറിക്കിൽ ‘റ്റിസ് അബേ' എന്നും ഇംഗ്ലീഷിൽ 'The Great Smoke' എന്നും പറയുന്ന, നീലനൈൽ ഫാൾസിന്റെ പാദഭൂമിയെന്നു കരുതപ്പെടുന്ന ഗ്രാമത്തിലേക്ക് യാത്രയായി. ‘റ്റിസ് അബേ' യിൽ നിന്ന് രണ്ടു കിലോമീറ്റർ നടക്കണം വെള്ളച്ചാട്ടത്തിലേക്ക്. അവിടെ നിറയെ കയറ്റം കയറുമ്പോൾ താങ്ങായി ഉപയോഗിക്കാവുന്ന നീളമുള്ള കമ്പുകൾ തുച്ഛമായ വിലക്ക് വിൽക്കുന്ന കുട്ടികളാണ്. ഒരാൾക്ക് അവർ രണ്ട് കമ്പുകൾ വീതം തരും. നടന്നുതുടങ്ങുന്ന ഞങ്ങളുടെ മോളെ കൂട്ടത്തിലുള്ള ഹരിയും അശോകും മാറി മാറി എടുത്തുകൊണ്ടാണ് മല കയറിയത്. വഴി എന്നു പറയാൻ ഒരു ഒറ്റയടിപ്പാത മാത്രമേയുള്ളൂ. മല കയറ്റം അങ്ങേയറ്റം അപകടകരവും.

നീല നൈലിന്റെ വഴിത്താര

അതെല്ലം തരണം ചെയ്ത് അങ്ങെത്തിക്കഴിയുമ്പോൾ, നൈൽ നദിയുടെ ജലപാതം കാണുമ്പോൾ എല്ലാ ക്ഷീണവും പമ്പ കടക്കും എന്നത് സത്യം. ഭാഗ്യവശാൽഞങ്ങൾ ചെന്നത് മഴ കഴിഞ്ഞ് നദിയിൽ കരകവിഞ്ഞൊഴുകും മട്ടിൽ വെള്ളമുണ്ടായിരുന്നപ്പോഴാണ്. എത്രനേരം നോക്കി നിന്നാലും മടുക്കാത്ത കാഴ്ചയാണല്ലോ വെള്ളം. ഏറെ കഴിഞ്ഞ് ഞങ്ങൾ മലയിറങ്ങി തിരികെ ഹോട്ടലിലേക്ക് പോന്നു. ‘നീല’നൈൽ എന്ന ആ പേരു കേട്ട് തെറ്റിദ്ധരിക്കരുത്. ഇന്ദ്രനീലനിറത്തിലൊന്നുമല്ല ‘നീല’ നൈൽ. കലങ്ങിയ ചെളിവെള്ളത്തിന്റെ നിറമാണ് നീല നൈൽ ജലത്തിന്. നീല എന്ന പേര് അതിന് എങ്ങനെ വന്നുചേർന്നു എന്നന്വേഷിച്ചപ്പോൾ കണ്ടുപിടിച്ചത്: പ്രളയമുണ്ടാവുമ്പോൾ നീലനൈലിലെ വെള്ളത്തിന്റെ നിറം കറുപ്പാകും. സുഡാനീസ് ഭാഷയിൽ നീലയ്ക്കും കറുപ്പിനും ഒരു വാക്കേ ഉള്ളൂ. അങ്ങനെ കറുപ്പ് നൈൽ നീലനൈൽ ആയി. ഇത് നാട്ടറിവാണ് കേട്ടോ. ശാസ്ത്രീയമായി മറ്റ് വിശദീകരണങ്ങളുണ്ടോ എന്നറിയില്ല.

നീല നൈൽ ജലപാതം

നീല നൈൽ സന്ദർശനമെല്ലാം കഴിഞ്ഞ് ഗോണ്ടറിൽ എത്തിയപ്പോഴേക്ക് സ്കൂളിൽ ശീതസമരം ശൈത്യത്തിൽനിന്ന് ഉഷ്ണത്തിലേക്ക് മാറാൻ ആരംഭിച്ചിരുന്നു. ഡയറക്ടറുടെ നടപടികൾ അതിർകടക്കുകയായിരുന്നു. അതിന് ഒരു ഭാഗത്ത് എന്റെ വകുപ്പദ്ധ്യക്ഷനും (സിക്കിമിൽ നിന്നു വന്ന വാലന്റൈൻ ഫിലിപ്‌സ്) അയാൾക്ക് നിശ്ശബ്ദമായി പിന്തുണ നൽകിയിരുന്ന ഞങ്ങളുടെ ഉറ്റ സ്‌നേഹിതൻ അശോക് ഉൾപ്പടെയുള്ളവരും. അതിനിടക്കാണ് ഗോണ്ടറിൽ നിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയുള്ള ചിൽഗ എന്ന ഗ്രാമത്തിൽ ടിഗ്രെ പ്രവിശ്യയിൽ നിന്ന് വിഭജനവാദികളുടെ വലിയൊരു ആക്രമണമുണ്ടായത്. ചിൽഗയിൽ ആ ഒരു സ്കൂളും ശുഷ്‌കമായ ഒരു ശനിയാഴ്ച്ച അങ്ങാടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടിവെള്ളം കഴുതപ്പുറത്ത് തുകൽസഞ്ചിയിൽ തൂക്കിയിട്ട് ആഴ്ചയിലൊരിക്കൽ കൊണ്ടുവന്ന് കൊടുക്കും. ആ വെള്ളമല്ലാതെ ഒന്നും ഉപയോഗിക്കരുത് എന്ന് വിദ്യാഭ്യാസവകുപ്പ് അദ്ധ്യാപകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചിൽഗ സ്‌ക്കൂളിലുണ്ടായിരുന്നത് രണ്ട് ഇന്ത്യൻ അദ്ധ്യാപകരായിരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള ആർതർ എന്ന പ്രായമേറെച്ചെന്ന ഒരാളും ഞങ്ങളുടെ സുഹൃത്ത് ഹരിയും. അവർ താമസിക്കാൻ വീടു കിട്ടാത്തതിനാൽ സ്കൂളിലെ ഉപയോഗിക്കാത്ത ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ആക്രമണം നടക്കുമ്പോൾ അവരിരുവരും ഭയചകിതരായി കട്ടിലിനടിയിൽ പതുങ്ങിക്കിടന്നു. സ്കൂളിലേക്ക് ആരോ ഒരു ഷെൽ എറിഞ്ഞു. ഒരു ഭാഗം കത്തിയമർന്നു. അപ്പോൾത്തന്നെ ഒരു ശബ്ദം ഇംഗ്ലീഷിൽ ഉറക്കെ ആജ്ഞാപിച്ചു, ‘സ്കൂളിലേക്ക് ആരും വെടി വയ്ക്കരുത്. അവിടെ രണ്ട് ഇന്ത്യൻ അദ്ധ്യാപകരുണ്ട്. അവർ നമ്മുടെ ശത്രുക്കളല്ല.'

പിറ്റേന്നുരാവിലെ ആർതറും ഹരിയും പുറത്തുവന്നു നോക്കിയപ്പോൾ ചിൽഗ ഗ്രാമം മുഴുവൻ ശൂന്യം. മിക്കവാറും ആക്രമിക്കാൻ വന്ന സംഘത്തോടൊപ്പം ഗ്രാമം മൊത്തം ഊരുവിട്ട് പോയതാവാം. കുടിക്കാൻ വെള്ളം പോലുമില്ലാതെ ഹരിയും ആർതറും കുഴങ്ങി. അവിടെയുണ്ടായിരുന്ന ഒരു ചെറിയ കടയിൽ കൊക്കകോള കണ്ടു. അതെല്ലാം വാരിക്കെട്ടി എല്ലാ സാധനങ്ങളും ബാക് പാക്കുകളാക്കി അവരിരുവരും ചിൽഗ വിട്ട് നടക്കാൻ തുടങ്ങി. ഗോണ്ടർ ലക്ഷ്യമാക്കിയാണ് നടത്തം. കുറേ ദൂരം ചെന്നപ്പോൾ ഒരു ടെലിഫോൺ പോസ്റ്റ് കണ്ടു. ആർതർ സ്കൂളിൽ എൻ സി സി മാസ്റ്ററായിരുന്നു. പട്ടാളത്തിലും ഉണ്ടായിരുന്നു. അയാൾ ചിൽഗയിലെ സ്കൂളിൽ നിന്ന് ഒരു ടെലിഫോൺ റിസീവർ എടുത്ത് പാക്ക് ചെയ്തിരുന്നു. അയാൾ ആ പോസ്റ്റിൽ വലിഞ്ഞു കയറി എങ്ങനെയോ ഗോണ്ടറിലെ പ്രവിശ്യാ ഭരണ സമിതിയുടെ ആഫീസിൽ വിവരമറിയിക്കാൻ ഒരു സന്ദേശം നൽകി. അതുകഴിഞ്ഞ് അവർ നടത്തം തുടർന്നു. കുറേക്കൂടി മുന്നോട്ട് പോയപ്പോൾ ഒരു മിലിട്ടറി ട്രക്ക് വരുന്നതു കണ്ടു. രണ്ട് ഇന്ത്യക്കാരെ കണ്ടതിനാലാവണം ട്രക്ക് നിർത്തി. അവരോട് കാര്യം പറഞ്ഞപ്പോൾ രണ്ടുപേരെയും അവർ ട്രക്കിൽ കയറ്റി. ഗോണ്ടറിൽ എത്തിച്ചു. ഞങ്ങളുടെ വീട്ടിലേക്കാണ് ഹരി നേരെ വന്നത്. ആർതർ ഏതോ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഹരിയെയും ആർതറെയും ഒപ്പം നിർത്തിക്കൊണ്ട് ഞങ്ങൾ അഡീസ് അബാബയിലെ ഇന്ത്യൻ എംബസിയിൽ വിളിച്ചു. അംബാസഡർ പോയതു കാരണം ഓം പ്രകാശ് എന്ന ഐ എഫ് എസുകാരൻ (ഫസ്റ്റ് സെക്രട്ടറി) ആയിരുന്നു ചാർജ്ജ് ഡി അഫേഴ്‌സ്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ആ ടീച്ചർമാരോട് ഇനി എംബസിയിൽ നിന്ന് നേരിട്ട് അവരെ ബന്ധപ്പെടും വരെ തിരികെ ചിൽഗയ്ക്ക് പോകണ്ടാ എന്നു പറയു.'

വാസ്തവത്തിൽ അത്രയും ദൃഢമായ ശബ്ദത്തിൽ എംബസിയിൽ നിന്ന് ഒരു ഉറപ്പ് കിട്ടുക എന്നത് ഞങ്ങൾക്കെല്ലവർക്കും വലിയ ആത്മവിശ്വാസം പകരുന്ന കാര്യമായിരുന്നു. അങ്ങനെ ഹരിയും ആർതറും പിറ്റേന്ന് രാവിലെ തന്നെ പോയി പ്രൊവിൻഷ്യൽ എജ്യുക്കേഷൻ ഓഫീസറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഏതാണ്ട് ഒന്നരമാസം അവർക്ക് ഗോണ്ടറിൽ നിൽക്കേണ്ടിവന്നു എന്നാണ് എന്റെ ഓർമ്മ. ആർതർ പിന്നീടൊരിക്കൽ ഉദ്യോഗം തേടി കെന്യയിൽ ഞാൻ ഉള്ളപ്പോൾ എന്റെ മേൽ വിലാസമെല്ലാം തപ്പിപ്പിടിച്ച് അവിടെ വന്നു. എന്റെ വീട്ടിൽ തമസിച്ചുകൊണ്ട് അദ്ദേഹം നൈറോബിയിലും പരിസരങ്ങളിലുമെല്ലാം ജോലി അന്വേഷിച്ചു. പ്രായം ഏറിപ്പോയതിനാലാവണം അവിടെ അദ്ദേഹത്തിന് ഒന്നും തരപ്പെട്ടില്ല. നിരാശനായ അദ്ദേഹം തിരികെ മദ്രാസിലേക്ക് പോയി.

ഹരിക്ക് ഒരു കോൺട്രാക്റ്റ് (രണ്ട് വർഷം) മാത്രമേ എത്യോപ്യയിൽ നിന്നുള്ളൂ. അതുകഴിഞ്ഞ് നാട്ടിൽ വന്ന് എൽ എൽ ബിക്കുചേർന്നു. ഹരിയുടെ ജ്യേഷ്ഠൻ തിരുവനന്തപുരത്തെ പ്രശസ്ത ടാക്‌സേഷൻ സ്‌പെഷ്യലിസ്റ്റ് ആയ അഡ്വക്കറ്റായിരുന്നു. എൽ എൽ ബി കഴിഞ്ഞ് ഹരിച്ചേട്ടന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. ഹരി ഇപ്പോൾ തിരുവനന്തപുരത്തെ അറിയപ്പെട്ട അഡ്വക്കേറ്റ് ആണ്.

ഗോണ്ടർ നഗരം

ഗോണ്ടറിൽ നിന്ന് ഏതാണ്ട് എഴുപത് കിലോമീറ്റർ ദൂരെയുള്ള ഒരു സ്ഥലമാണ് ഡെബാത്ത്. അവിടെ മധു എന്ന ഒരേ ഒരു ഇന്ത്യൻ ടീച്ചറേ ഉണ്ടായിരുന്നുള്ളു. മധുവും ഭാര്യയും മകൻ സുമേഷും ഗോണ്ടറിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഒരിക്കൽ അവർ വന്നു പോകുമ്പോൾ ഞങ്ങൾ അവരോട് പറഞ്ഞു, ''നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെയിരിക്കുമ്പോൾ ഒരു നാൾ ഞങ്ങൾ നിങ്ങളുടെ ഡെബാത്തിലെ വീട്ടിൽ വരും.''
അവർ അന്നത് ചിരിച്ചുതള്ളി. ഗോണ്ടർ പോലുള്ള അത്ര വലിയ കേമത്തരം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചുപട്ടണത്തിലാണ് വാസമെങ്കിലും അതിന്റേതായ ഒരു ഹുങ്ക് നമ്മളിൽ പലപ്പോഴും അനാവൃതമാവുന്നത് കുറേക്കൂടി സൗകര്യം കുറഞ്ഞ ഇടങ്ങളിൽ കഴിയുന്നവർ മുന്നിൽ വരുമ്പോഴാണല്ലോ. മധുവിന് അങ്ങനെ എന്തെങ്കിലും ‘ഇകഴ്ത്തൽ' ആരിൽ നിന്നെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. ഒരുപക്ഷെ, ഞങ്ങൾ ഒരു ദിവസം അവരുടെ വീട്ടിലെത്തും എന്നു പറഞ്ഞപ്പോൾമധു പറഞ്ഞു, ''ഇത്രയും കാലത്തിനിടയ്ക്ക് ഇവിടെയുള്ള ഒരു മലയാളിയും ഗോണ്ടർ ടൗൺ വിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നതായി കേട്ടിട്ടില്ല. നിങ്ങൾ പറയുകയെങ്കിലും ചെയ്തല്ലോ. ഞങ്ങൾ ആ അപ്രതീക്ഷിത വരവിനായി കാത്തിരിക്കും.''

ഒരു അവധി ദിവസം ഞങ്ങൾ നേരത്തേ അന്വേഷിച്ച് വച്ചിരുന്ന അതിരാവിലെയുള്ള ബസിൽ ഡെബാത്തിനു പുറപ്പെട്ടു. ബസ് എന്നു പറഞ്ഞാൽ, പ്രായാധിക്യത്താൽ മുരളുകയും ആടിയുലയുകയും ചെയ്യുന്ന ഒരു പൗരാണിക നാൽച്ചക്രവാഹനം. ഗോണ്ടറിൽ നിന്ന് ബസ് വിടുമ്പോൾ ഞങ്ങൾ മാത്രമേയുള്ളു അതിൽ. ഓടിത്തുടങ്ങിയപ്പോൾ ആളുകൾ പലയിടത്തും കൈകാട്ടി ബസ് നിർത്തുകയും കയറുകയും ചെയ്തുകൊണ്ടിരുന്നു. ആട്, കോഴി തുടങ്ങിയ വീട്ടുമൃഗങ്ങളുമായാണ് അവർ ഗ്രാമപ്രദേശത്തെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ പോകുന്നത്. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ഒരു വീതികുറഞ്ഞ നാറ്റയായിരുന്നു ആ റോഡ്. ടാറിട്ട റോഡൊന്നുമല്ല.

ഒരു നാട്ടുവഴി. 73 കിലോമീറ്ററാണ് ദൂരം. രാവിലെ പത്തു മണിയോടെ ഞങ്ങൾ ഡെബാത്തിൽ എത്തി. മധുവിന്റെ വീട് കണ്ടുപിടിക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല. ''ഹിന്ദ് അസ്തമാരി'' (ഇന്ത്യൻ ടീച്ചർ) യുടെ വീടെവിടെയെന്ന് എല്ലാവർക്കും അറിയാം. ആ കുടുംബത്തെ നാട്ടുകാർക്ക് വലിയ സ്‌നേഹമായിരുന്നു. അവരുടെ മകൻ സുമേഷ് എല്ലാവരുടെയും ഓമനയായിരുന്നു. മധുവും കുടുംബവും താമസിച്ചിരുന്ന വീട് തനി ഗ്രാമീണശൈലിയിൽ ചെളി കൊണ്ട് പണിതതായിരുന്നു. അടുത്തൊക്കെ എത്യോപ്യൻ കുടിയിടങ്ങളും ഉണ്ട്. അവയുമായി താരതമ്യം ചെയ്താൽ മധുവിന്റെ വീട് ഒരു കൊട്ടാരം തന്നെ ആണ്. ഡെ ബാത്തിനെക്കുറിച്ച് ഗോണ്ടർകാർ പറയും, 'Debat is a place where you can't have a bath' എന്ന്. കാരണം വെള്ളമെന്നത് ആ പ്രദേശത്ത് അത്ര അപൂർവമായ വസ്തുവായിരുന്നു. മധുവും കുടുംബവും 100 ലിറ്ററിന്റെയോ മറ്റോ രണ്ട് ജെറി കാൻ വാങ്ങി, ശനിയാഴ്ചകളിൽ കഴുതപ്പുറത്ത് തോൽസഞ്ചികളിൽ വെള്ളം കൊണ്ടുവരുമ്പോൾ അവയിൽ നിറച്ചുവച്ചാണ് ഉപയോഗിച്ചിരുന്നത്. മധുവിന്റെ ഭാര്യ ജോലി ചെയ്തിരുന്നില്ല. അവർ മുഴുവൻ സമയവും വീട്ടിൽതന്നെ കഴിഞ്ഞു.

ഡെബാത്തിലെ ഗ്രാമവും വീടുകളും

ഡെബാത്തിൽ വൈദ്യുതിയും ഇല്ല. വലിയ മണ്ണെണ്ണ വിളക്കുകളായിരുന്നു മധുവിനും കുടുംബത്തിനും ആശ്രയം. അവരുടെ അവസ്ഥ ഓർത്തപ്പോൾ ഞങ്ങൾക്ക് വല്ലാത്തൊരു ആത്മനിന്ദ തോന്നി. ആഫ്രിക്കയുടെ ഹൃദയം മധുവും മധുവിനെപ്പോലെയുള്ള മറ്റനേകം പേരും ഒരുപാട് സുഖസൗകര്യങ്ങൾ വേണ്ടെന്നുവച്ച് കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കുന്ന അത്തരം ഗ്രാമങ്ങളിലാണ് എന്ന് എനിക്കുതോന്നി. ഉച്ചയ്ക്ക് രണ്ടു മണിക്കോ മറ്റോ ഞങ്ങൾ അങ്ങോട്ടു പോയ ബസ് തിരികെ പോകും. അതിൽ തിരികെ പോയില്ലെങ്കിൽ പിന്നെ അന്ന് യാത്ര നടക്കില്ല. ഞങ്ങൾ അവരുടെ അസൗകര്യങ്ങളിൽ കൂടുതൽ അസൗകര്യമാവാൻ പാടില്ലെന്നു തോന്നിയതിനാൽ തിരികെ പോകുന്ന ബസിൽ ഞങ്ങൾ ഗോണ്ടറിലേക്ക് മടങ്ങി. വൈകുന്നേരം ആറു മണിയോടെ ഞങ്ങൾ ഞങ്ങളുടെ വീട്ടു പടിക്കൽ തന്നെ ബസിറങ്ങി. മധുവും കുടുംബവും ഒരിക്കൽക്കൂടി ഗോണ്ടറിൽ വന്ന് ഞങ്ങൾ കണ്ടു. സുമേഷിന് സുഖമില്ലാതെ ഗോണ്ടറിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിക്കാൻ കൊണ്ടു വന്നപ്പോൾ. ഞങ്ങൾ പിന്നീട് അഡീസ് അബാബയിലേക്ക് പോകുകയും അതു കഴിഞ്ഞ് ദേശാടനപ്പക്ഷികളായി മറ്റിടങ്ങൾ തേടി പറക്കുകയും ചെയ്യുന്നവരായിരുന്നു. മധുവും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഭൂരിപക്ഷം പേരും അത്തരം മൂഢസാഹസികതയിലൊന്നും ഏർപ്പെടുന്നവരല്ലായിരുന്നു. മധുവിനെ പിന്നെ ഞാൻ കണ്ടിട്ടില്ല.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments