Photo: kite.kerala.gov.in

ആഴമേറിയ ഒരു പ്രഭാവം

ഗണിതവുമായുള്ള ഗുസ്​തിയെ ആനന്ദദായകമായ അനുഭവമാക്കി മാറ്റിയ സീമ ടീച്ചറെക്കുറിച്ച്​

ചില ഓർമകൾ ഒരിക്കലും മനസിൽ നിന്ന് ഇറങ്ങിപ്പോകില്ല.
മച്ചിലോ തട്ടിൻപുറത്തോ പറ്റിപ്പിടിച്ച് അവയിങ്ങനെ കിടക്കും.
ഇടയ്‌ക്കൊക്കെ എന്നെ നോക്കി ചിരിക്കും.
അപ്പോൾ ഞാനാലോചിക്കാറുണ്ട്, ഇവയൊക്കെ എത്രഗാഢമായ സ്വാധീനമാണ് എന്നിൽ വരുത്തിയിട്ടുള്ളത് എന്ന്.
വലിപ്പംകൊണ്ട് അത് ഒന്നുമല്ലായിരിക്കും.
എങ്കിലും ഒരു വെടിയുടെ കണക്കെ, വേഗത്തിൽ അതൊര് പാട് നിർമിച്ചിരിക്കും. ഒരിക്കലും മായാത്ത പുഞ്ചിരിക്കാൻ മാത്രമറിയാവുന്ന പാട്.

ഗണിതാഭ്യാസം, ഭൗതികശാസ്ത്ര വിദ്യാർത്ഥിയായതിനാൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. ദിവസത്തിലൊരിക്കലെങ്കിലും ഗണിതവുമായി നേരിട്ട് ഒരു ഗുസ്തിപിടിത്തം നടത്തിയിരിക്കും. അപ്പോഴൊക്കെ എവിടെനിന്നോ ഓടിപ്പിടഞ്ഞുവരുന്ന ഒരു ഓർമയുടെ തന്തു ബാല്യകാലത്തെ കണക്കോർമകൾ കാണിച്ചുതരും. ആ ദൃശ്യങ്ങളിൽ ഒരു കുളിർമയുണ്ട്. മറ്റേത് ബാല്യകാല ദൃശ്യങ്ങളേക്കാളും ആഴത്തിൽ തൊടുന്ന ഒരു കുളിർമ. അതിന്റെ ഹേതു, സീമ ടീച്ചറാണ്.
ഞാനേറ്റവും വെറുത്തിരുന്ന വിഷയമായിരുന്നു ഗണിതം.
അത് പഠിക്കുകയെന്നതുതന്നെ എനിക്ക് തലവേദനയായിരുന്നു. അതിന്റെ അമൂർത്തതയോട് എനിക്ക് തീർത്താൽ തീരാത്ത മടുപ്പായിരുന്നു ഉണ്ടായിരുന്നത്. കണക്കുപരീക്ഷയെ ഞാൻ പേടിച്ചത്രയും മറ്റൊന്നിനേയും ഞാൻ പേടിച്ചിട്ടില്ല. (പ്രേത സിനിമയെ പോലും). ഒടുവിൽ അഞ്ചാം ക്ലാസിൽ ഗലീലിയോയുടെ ജീവചരിത്രം വായിച്ച് അതേപോലെയൊരു ശാസ്ത്രജ്ഞനാവാം എന്നാഗ്രഹിച്ച എന്നെ കുഴപ്പിച്ചത് അപ്പച്ചന്റെ ഒരൊറ്റ ചോദ്യമായിരുന്നു, "കണക്കിഷ്ടപ്പെടാതെ എങ്ങനെ ഭൗതികശാസ്ത്രജ്ഞനാകും?'.

ആറാം ക്ലാസിലെ കണക്ക് ഒരുത്സവം തന്നെയായിരുന്നു. എങ്ങനെ ടീച്ചർ എന്നെ കയ്യിലെടുത്തെന്നോ, എന്നുമുതലാണ് കണക്കിന്റെ ലാവണ്യം ഞാനാസ്വദിച്ചതെന്നോ എനിക്കോർമയില്ല.

ഇവിടെവെച്ച് പതിയെ ഓർമയുടെ അരുവി നിലയ്ക്കുകയാണ്.
പിന്നീട് അത് വീണ്ടും തുടങ്ങുന്നത് സീമ ടീച്ചറിൽ നിന്നാണ്.
ആറാം ക്ലാസിലെ സീമ ടീച്ചറുടെ മാത്തമാറ്റിക്‌സ് ക്ലാസിൽ ആവേശത്തോടെ പ്രോബ്ലങ്ങൾ ചെയ്യുന്ന ഞാനും എന്റെ കൂട്ടുകാരും. ടീച്ചറുടെ പിരീഡിനായുള്ള അക്ഷമ, കാത്തിരിപ്പ്. ടീച്ചറുടെ ക്ലാസ് സാകൂതം ശ്രദ്ധിച്ചിരിക്കുന്ന ഞാൻ. ആറാം ക്ലാസിലെ കണക്ക് ഒരുത്സവം തന്നെയായിരുന്നു. എങ്ങനെ ടീച്ചർ എന്നെ കയ്യിലെടുത്തെന്നോ, എന്നുമുതലാണ് കണക്കിന്റെ ലാവണ്യം ഞാനാസ്വദിച്ചതെന്നോ എനിക്കോർമയില്ല.

ഒരുപക്ഷേ അതു തുടങ്ങുന്നത്, ആദ്യം പ്രോബ്ലം തീർക്കുന്ന കുട്ടികൾക്ക് സമ്മാനം തരാം എന്ന ടീച്ചറുടെ വാഗ്ദാനത്തിൽ നിന്നാവാം. പക്ഷേ പിന്നീട് കണക്കു ചെയ്യുകയെന്നത് ഏറ്റവും ആനന്ദകരമായ കാര്യങ്ങളിലൊന്നായി മാറി. ഒപ്പം സീമ ടീച്ചറുടെ ക്ലാസ് കേൾക്കുക എന്നതും.

സീമ ടീച്ചർ തന്നെയായിരുന്നു ഏഴിലും ഞങ്ങൾക്ക് ക്ലാസെടുത്തത്.
ഞങ്ങൾ ചോദിച്ചു വാങ്ങി എന്ന് പറയുന്നതാവും കൂടുതൽ ശരി.
ടീച്ചർ ആശയങ്ങൾ വിശദീകരിച്ചിരുന്ന രീതിയായിരുന്നു ഏറ്റവും ഹൃദ്യം. ക്ലാസിലെ അവസാനത്തെ കുട്ടിക്കും മനസിലാകുന്നതുവരെ ആവർത്തിച്ചാവർത്തിച്ച് വിശദീകരിക്കാനുള്ള അനന്യമായ ക്ഷമയും, സ്ഥൈര്യവും ടീച്ചർക്ക് ഉണ്ടായിരുന്നു. പൊതുവേ ഇത്തരമാവർത്തനങ്ങൾ മറ്റ് കുട്ടികൾക്ക് വിരസതയാണുണ്ടാവുക. എന്നാൽ സീമ ടീച്ചറുടെ കുട്ടികൾക്ക് അങ്ങനെയല്ലായിരുന്നു. ഓരോ തവണയും എന്തെങ്കിലും പുതിയ ആശയം, അല്ലെങ്കിൽ പുതിയ സമീപനം ആ വിശദീകരണം ഞങ്ങൾക്ക് നൽകിയിരുന്നു. അതിലുപരി ഇത്തരം വിശദീകരണങ്ങൾ കൂടുതൽ ആവശ്യപ്പെടാൻ തക്ക സ്വാതന്ത്ര്യവും ടീച്ചർ നൽകിയിരുന്നു.

ടീച്ചറുമായി ഒരു വ്യക്തിപരമായ ബന്ധം സൂക്ഷിക്കാൻ അത് തന്നെയാണ് എന്നെ പ്രേരിപ്പിച്ചത്. എന്റെ മിടിപ്പും, ആഗ്രഹങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, നൊമ്പരങ്ങളും ടീച്ചർക്കറിയാമായിരുന്നു

ചെറുപ്പം മുതൽക്കേ എന്നെ പഠിപ്പിച്ച മറ്റ് ടീച്ചർമാരുടെ പരാതി നിമിത്തം എന്റെ മാതാപിതാക്കൾ കഷ്ടപ്പെട്ട് പറഞ്ഞ് ഒതുക്കിവെച്ച തന്ന എന്നിലെ സംശയരോഗിയെ ഞാൻ വീണ്ടും തുറന്നുവിട്ടത് ഇതേ കാരണത്താലായിരുന്നു. ടീച്ചർ എങ്ങനെ എന്നെ സഹിച്ചുവെന്ന് ആലോചിച്ച് ഞാൻ അത്ഭുതം കൂറാറുണ്ട്. അത്രമാത്രം, ഒരുവട്ടം ടീച്ചറെ പ്രകോപനത്തിന്റെ വക്കിൽ എത്തിക്കുന്നവരേക്കും ഞാൻ സംശയം ചോദിച്ചിട്ടുണ്ട്. എങ്കിലും ടീച്ചർക്ക് എന്നെ ഇഷ്ടമായിരുന്നു. കണക്കിനോട് എനിക്കുള്ള താൽപര്യം വർധിച്ചുവരുന്നതിൽ ടീച്ചർ അതീവ സന്തുഷ്ടയായിരുന്നു. അതിനെ വീണ്ടും വീണ്ടും വർധിപ്പിക്കാൻ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ടീച്ചർമാരെ ഞങ്ങളിൽ നിന്നൊക്കെ വളരെ ഉയർന്നു കണ്ടിരുന്ന ആ കാലഘട്ടത്തിൽ ഞങ്ങളിലൊരാളായി സ്വയം ടീച്ചർ ഇഴുകിച്ചേർന്നിരുന്നു. ടീച്ചറുമായി ഒരു വ്യക്തിപരമായ ബന്ധം സൂക്ഷിക്കാൻ അത് തന്നെയാണ് എന്നെ പ്രേരിപ്പിച്ചത്. എന്റെ മിടിപ്പും, ആഗ്രഹങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, നൊമ്പരങ്ങളും ടീച്ചർക്കറിയാമായിരുന്നു. അറിവുകളോടുള്ള എന്റെ താൽപര്യം കണ്ട് കൂടുതൽ ക്വിസുകൾക്ക് പങ്കെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ടീച്ചറായിരുന്നു. എന്റെ പുസ്തകങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം കണ്ട് ടീച്ചർ തന്നെയാണ് കണക്കുകൾ വേഗം ചെയ്തു തീർക്കുമ്പോൾ എനിക്ക് പുസ്തകങ്ങൾ വാങ്ങിത്തന്നിരുന്നത്. അന്നുതന്ന ശകുന്തളാദേവിയുടേതായുള്ള പുസ്തകങ്ങളൊക്കെ കണക്കുമായി എന്നെ വല്ലാതെയടുപ്പിച്ചു. ടീച്ചറുടെ ആ അസാധാരണമായ സ്‌നേഹവും സൗമ്യതയുമാണ് ഇന്നും ആ ഓർമകളെ കുളിർമയേറിയതാക്കുന്നത്.

ടീച്ചർ വളരെ കുറച്ച് ഭാഗങ്ങളേ എനിക്ക് പഠിപ്പിച്ചുതന്നിട്ടുള്ളൂ. അതും വളരെ എലമെന്ററി ആയി ചിലതുമാത്രം. പക്ഷേ അതിന്റെ പ്രഭാവം ദൂരവ്യാപകവും ആഴമേറിയതുമായിരുന്നു. അതിനുശേഷം എനിക്കു ചുറ്റുമുള്ള എല്ലാം കണക്കിന്റെ കളികൾ ആകുന്നതായി എനിക്ക് തോന്നാറുണ്ട്. ചുറ്റിലുമുള്ളവയിലെ ജ്യാമിതികൾ, എണ്ണങ്ങൾ, ഏറ്റക്കുറച്ചിലുകൾ, തീവ്രതകൾ, ഉച്ചനീചത്വങ്ങൾ എല്ലാം അനുഭവവേദ്യമാകുന്നത് ടീച്ചറുടെ ക്ലാസുകൾക്ക് ശേഷമാണ്.

പരസ്പരബന്ധമില്ലാത്ത പലതും തമ്മിലുള്ള കണക്കിന്റെ പാലങ്ങൾ കണ്ടെത്തുന്നത് എനിക്കെന്നും ആനന്ദകരമായ ഒരു സംഗതിയാണ്. ഒപ്പം ചുറ്റുമുള്ളവയുടെ രൂപഭാവങ്ങളിലേക്കും സൗന്ദര്യാംശങ്ങളിലേക്കും ഗണിതത്തെ കൂട്ടിച്ചേർക്കാനുള്ള ത്വരയും. എന്നെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് എന്റെ ജീവിതത്തിൽ ഗണിതം നിറയാറുള്ളത്. സംസാരത്തിൽപോലും അതിന്റെ സ്വാധീനം ഞാൻ ഒട്ടൊരു സുഖത്തോടെ അനുഭവിച്ചറിയാറുണ്ട്. ഏഴാം ക്ലാസിന് ശേഷം ഗണിതവുമായുള്ള ഗുസ്തി പിടിത്തത്തേക്കാൾ ആനന്ദദായകമായ ഒന്നും എനിക്കുണ്ടായിട്ടില്ല. ഒരുകാലത്ത് "മൂഡ്' നല്ലതാണോ എന്ന് സ്വയം അറിയാനായി ആൾജിബ്രയിലെ ചില കണക്കുകൾ ചെയ്തു നോക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു. ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലും കണക്ക് എന്നെ കീഴടക്കുമ്പോൾ ഞാൻ മുകളിലോട്ട് നോക്കും. ഉച്ച സൂര്യനെപ്പോലെ എന്റെ ഓർമകളിൽ കത്തി ജ്വലിച്ചുനിൽക്കുന്ന സീമ ടീച്ചറുടെ ആർദ്രമായ മുഖം കാണുവാൻ സീമ ടീച്ചറുടെ ഒപ്പം ചിലവഴിച്ചു ആ നിമിഷങ്ങളിൽ ടീച്ചർ കണക്കിനെ എന്റെ തികച്ചും സ്വകാര്യമായ ഒന്നാക്കിമാറ്റുകയായിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല.

വീണ്ടും ഓർമകളിലേക്ക് മടങ്ങുമ്പോൾ നാലിൽ ഉരുവിട്ടു പഠിച്ച വള്ളത്തോളിന്റെ "വിദ്യ' എന്ന കവിത എന്നെ നോക്കുന്നുണ്ട്. അതിൽ എന്നെ ഏറ്റവും സ്പർശിച്ച വരികൾ:

""പുറംകണ്ണു തുറപ്പിച്ചൂ പുലർവേളയിലംശുമാർ അകക്കണ്ണു തുറപ്പിക്കാനാ- ശാൻ ബാല്യത്തിലെത്തണം.''

ഈ വരികളാണ് അധ്യാപനം എന്ന ജീവിതവൃത്തിയുടെ മഹത്വത്തെ സംബന്ധിച്ച എന്റെ കേട്ടുകേൾവികളെ ബോധ്യമാക്കിമാറ്റിയത്. മുതിർന്നപ്പോൾ മാതാ പിതാ ഗുരു ദൈവം എന്ന സംജ്ഞയിൽ നിന്ന് പുറത്തുകടന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പതിയെ വന്നതോടെ, പഠിപ്പിച്ച ഒരുപാട് അധ്യാപകർ ഓർമകളിൽ നിന്ന് പടിയിറങ്ങിപ്പോയി. പലർക്കും അത്തരമൊരു വൃത്തിയോടുണ്ടായ ആത്മാർത്ഥതക്കുറവ് പതിയെ അനാവരണം ചെയ്യപ്പെട്ടു. മാറ്റത്തിന്റെ ഈ കൊടുങ്കാറ്റിലും കടപുഴകാതെ നിന്ന് അപൂർവ്വം അധ്യാപകരേ ഉണ്ടായിരുന്നിട്ടുള്ളൂ. സീമ ടീച്ചർ അതിലൊരു അത്ഭുതമാണെനിക്ക്. ആ വന്മരത്തിന് നേരിയ ഒരു പോറൽ പോലുമില്ല. ഇന്നും താങ്ങായി തണലായി സീമ ടീച്ചർ നിൽക്കുന്നുണ്ട്. വള്ളത്തോളിന്റെ അകക്കണ്ണ് തുറപ്പിച്ച "ആശാനായി'.

സീമ ടീച്ചറെപ്പോലെയാണോ? അങ്ങനെ ആയാൽ സ്വന്തമായ ഒരു വ്യക്തിത്വം നിലനിർത്താൻ എന്നെ പഠിപ്പിച്ച ടീച്ചറോടുള്ള നന്ദികേടാവും അത്. എന്റെ രീതികളിലൂന്നിയ ഒരു അധ്യാപകനാവണം എനിക്ക്

ഒരു അധ്യാപകനാവണം എന്നുതന്നെയാണ് എന്റെയും ആഗ്രഹം.
പക്ഷേ ആരെപ്പോലെ?
സീമ ടീച്ചറെപ്പോലെയാണോ? അങ്ങനെ ആയാൽ സ്വന്തമായ ഒരു വ്യക്തിത്വം നിലനിർത്താൻ എന്നെ പഠിപ്പിച്ച ടീച്ചറോടുള്ള നന്ദികേടാവും അത്.
എന്റെ രീതികളിലൂന്നിയ ഒരു അധ്യാപകനാവണം എനിക്ക്.
​സീമ ടീച്ചറുടെ ക്ഷമയും സ്ഥൈര്യവും സൗമ്യതയും ആത്മാർത്ഥതയും എനിക്കും പകർത്തണം. ടീച്ചറെപ്പോലെ എനിക്ക് ഞാൻ പഠിപ്പിക്കുന്ന വിഷയം വിദ്യാർഥികൾക്ക് പകർന്നു നൽകാൻ ആവണം. ആ ആഗ്രഹം അതിമോഹമാണോ എന്നെനിക്ക് സംശയമുണ്ട്. കാരണം, ഇന്നും എന്റെ കണക്കുമായുള്ള ഗുസ്തി അവസാനിച്ചിട്ടില്ല. പെനവേൽ നദിക്കരയിലെ യാക്കോബിന്റെ മൽപ്പിടിത്തം കണക്കെ അതിന്നും തുടരുന്നു. ഓരോ നിമിഷവും. പഠനത്തിന്റേയും നിർവൃതിയും അനന്തമായ അനുഭൂതി തന്നുകൊണ്ട്. അപ്പോഴൊക്കെ ഞാൻ ടീച്ചറെപ്പറ്റി അത്ഭുതത്തോടെ ചിന്തിക്കും, എങ്ങനെയാണ് ഒരാൾക്ക്, ഒരു അധ്യാപികയ്ക്ക് ഇത്രമാത്രം സ്വാധീനം, ഇത്ര ആഴമേറിയ പ്രഭാവം നിർമ്മിക്കാൻ സാധിക്കുന്നത്? അസാധ്യമായൊരു പുഞ്ചിരി അപ്പോഴെന്നിൽ വിടരും. അറിയാതെ എന്റെ കണ്ണു നിറയും. ടീച്ചറുടെ സൗമ്യത എന്റെ വിഷയത്തിന് നൽകുമ്പോൾ അത് ഒരു വിദ്യാർഥിയെ എങ്കിലും ജീവിതാവസാനംവരെ പ്രചോദിപ്പിക്കുമ്പോൾ മാത്രമേ എന്റെ അധ്യാപക ജീവിതവും ഉയിരും സാർത്ഥമാകൂ എന്ന് ഞാൻ വിശ്വസിക്കുന്നു. അണയാതെ നിൽക്കുന്ന ഒരു വിശ്വാസം.▮

Comments