ആഫ്രിക്കൻ
വസന്തങ്ങൾ - 53
1999-ൽ മണ്ടേല തന്റെ വാക്ക് പാലിച്ചു. അധികാരം ഉപേക്ഷിച്ച് ജന്മദേശമായ ക്ലൂനുവിൽ, അവിടത്തെ പുൽനാമ്പുകൾക്കു പോലും ചിരപരിചിതനായ ‘മഡീബ’ ആയി മടങ്ങി. (Madiba എന്നത് അദ്ദേഹത്തിന്റെ ‘ക്ലാനി’ലെ പേരാണ്. ഒറ്റ പൂർവപിതാവിന്റെ പിന്മുറക്കാരെയാണ് ക്ലാൻ എന്നു വിളിക്കുക).
താബോ എംബേക്കി ആണ് മണ്ടേലയുടെ പിൻഗാമിയായി, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റത്. അധികാരമൊഴിഞ്ഞ് നാട്ടിലേക്ക് പോകാനായി ജൊഹാനസ്ബർഗിലെ വാട്ടർക്ലൂഫ് വ്യോമസേനാ വിമാനത്താവളത്തിലിരിക്കുമ്പോൾ മാദ്ധ്യമപ്രവർത്തകരിൽ ഒരാൾ ചോദിച്ചു, ‘മഡീബാ, ഹൗ ഡു യു ഫീൽ നൗ?’.
ഒരു നിമിഷം പോലും എടുക്കാതെ ‘മഡീബ’ പറഞ്ഞു, “ഐ ഫീൽ ഐ ആം ഗെറ്റിംഗ് ഔട്ട് ഓഫ് ജയിൽ ഫോർ ദ സെക്കന്റ് ടൈം ഇൻ മൈ ലൈഫ്’’.
അതാണ് മണ്ടേല.
മണ്ടേലയുടെ കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ‘ജീവിതമൊരുത്സവം’ എന്നു പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എംബേക്കിയുടെ സ്ഥാനാരോഹണത്തോടെ ദക്ഷിണാഫ്രിക്കയുടെ ഭൂപടത്തിൽ നിന്നു പോലും പുഞ്ചിരി മായ്ക്കപ്പെട്ടു. ‘മണ്ടേലയുടെ ഷൂസ് താങ്കൾക്ക് വലിപ്പക്കൂടുതലാവുമോ?’ എന്ന ചോദ്യത്തിന് നർമം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രതികരണമായിരുന്നു പുതിയ നായകന്റെ മൊഴിമുത്ത്. അദ്ദേഹം പറഞ്ഞു, ‘മണ്ടേല വെയേഴ്സ് അഗ്ലി ഷൂസ്. ഐ ഡോണ്ട് വാണ്ട് റ്റു ഫിൽ ഇറ്റ്’.
അദ്ദേഹം മണ്ടേലയുടെ ഷൂസ് ധരിച്ചാലും ഇല്ലെങ്കിലും പട്ടാളവിപ്ലവം കഴിഞ്ഞ് അധികാരം പിടിച്ചെടുക്കുന്ന സാധാരണ മൂന്നാം ലോക നേതാവിന്റെ ശരീരഭാഷയും ആത്മാർത്ഥതയില്ലാത്ത ചിരിയും എംബേക്കി കാലത്തിന്റെ മുഖമുദ്രയായിരുന്നു. പ്രിറ്റോറിയയിലുള്ള ഒരു നയതന്ത്രജ്ഞൻ ഒരിക്കൽ പറഞ്ഞു, “ഐ വുഡ്ന്റ് എവർ വാണ്ട് റ്റു ബി ട്രാപ്പ്ഡ് ഇൻ എ ലിഫ്റ്റ് വിത് ഹിം’’.
സ്വാതന്ത്ര്യാനന്തര ദക്ഷിണാഫ്രിക്കയെ ആകെ തളർത്തുന്ന വിധത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചിരുന്നു. അതിന് ആക്കം കൂട്ടുന്ന വിധത്തിൽ രോഗത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിച്ചു. പ്രസിഡന്റിന്റെ നിലപാട് എയ്ഡ്സ് വിരുദ്ധപരിപാടികളെ ആകെ അട്ടിമറിക്കുന്ന വിധത്തിലായിരുന്നു. അദ്ദേഹവും ആരോഗ്യമന്ത്രി ഡോ. മാന്റോ റ്റ്ഷബലാലാ മ്സിമാങ് എന്ന സ്ത്രീയും (Dr Manto Tsabalala Msimang) ഒരു സംഘം ‘എയ്ഡ്സ് ഡിനയലിസ്റ്റുകളുടെ’ വാചാടോപത്തിൽ അകപ്പെട്ട്, കുത്തഴിഞ്ഞ ലൈംഗികതയോ ലഹരിമരുന്നുപയോഗമോ ഒന്നുമല്ല എയ്ഡ്സ് വരുത്തുന്നത്, ദാരിദ്ര്യം മാത്രമാണ് എന്ന കപടസിദ്ധാന്തത്തിന്റെ പ്രചാരകരും പതാകാവാഹകരുമായി. സൗജന്യമായി വിതരണം ചെയ്തിരുന്ന ആന്റി റിട്രോവൈറൽ മരുന്നുകൾ നിർത്തിവയ്ക്കാൻ പോലും അവർ തുനിഞ്ഞു; ആയിരക്കണക്കിനാളുകൾ ആ മാരകരോഗത്തിനടിപ്പെട്ട് മരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്താണ് ഇത് നടന്നതെന്ന് ഓർക്കണം. എങ്കോസി ജോൺസൺ എന്ന പിഞ്ചുബാലൻ (അവന് അമ്മയിൽ നിന്നാണ് എയ്ഡ്സ് കിട്ടിയത്) ഗവൺമെന്റിന്റെ തലതിരിഞ്ഞ എയ്ഡ്സ് നയത്തിനെതിരേ ഒരു പ്രചാരകനായി വന്നു. 2001-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക എയ്ഡ്സ് നിർമ്മാർജ്ജന പരിപാടിയിൽ എങ്കോസിയാണ് വിളക്ക് തെളിയിച്ചത്. ‘ബ്രെയ്ക് ദ സൈലൻസ്’ (മൗനം മതിയാക്കുക) എന്ന മുദ്രാവാക്യം ഉയർത്തിയ സമ്മേളനമായിരുന്നു അത്. എന്നിട്ടും എംബെക്കിയും കൂട്ടരും അസംതൃപ്തരായിരുന്നു. എ.ആർ.വി കൾക്ക് മാരകമായ മയക്കുമരുന്നുകളുടെ ഘടകമാവാൻ കഴിയുമെന്ന് ആ കാലത്താണ് ദക്ഷിണാഫ്രിക്കയിലെ പുതുതലമുറ മനസ്സിലാക്കിയത്. ആ സമ്മേളനം നടക്കുന്ന കാലത്തു തന്നെ ‘അണയുന്ന ദീപങ്ങൾ, നിറയുന്ന കൂരിരുൾ’ എന്ന തലവാചകത്തോടെ പ്രശസ്തമായ ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി ദക്ഷിണാഫ്രിക്കയിലെ എയ്ഡ്സ് ഭീഷണിയെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്.
അതിനിടെ ചില ‘വരത്തുപോക്കുകൾ’ ഞങ്ങളുടെ ജീവിതത്തിലുണ്ടായി. ഞാൻ ഉദ്ദേശിക്കുന്നത് നാട്ടിൽ നിന്നുള്ള സന്ദർശകരെയാണ്. രാജീവ് വിജയരാഘവൻ എന്ന വിരുതൻ (നെതർലാൻഡുകാരി ഡോക്ടറെ കല്യാണം കഴിച്ച് അവിടെ താമസമായെന്നു തോന്നുന്നു) തന്റെ മാർഗ്ഗം എന്ന സിനിമയുമായി ദർബൻ ഫിലിം ഫെസ്റ്റിവലിന് വന്നു. ഞാൻ ആ സമയം നാട്ടിലായിരുന്നു. എന്റെ പ്രിയതമ തനിച്ച് ഡ്രൈവ് ചെയ്ത് (നാട്ടിൽ പോകും മുൻപ് ഞങ്ങൾ ഒരു പുതിയ കാർ വാങ്ങിയിരുന്നു; ഫോക്സ്-വാഗൻ പോളോ. 140 ലൊക്കെ ഫ്രീ വേയിൽ പോകുമ്പോൾ പറക്കുന്ന പ്രതീതിയാണ്) ദർബനിൽ പോയി സിനിമ കാണുകയും വിജയനെ വീട്ടിൽ വിളിച്ചുകൊണ്ടു പോകുകയും ഒക്കെ ചെയ്തു. പഴയ എസ് എഫ് ഐ കണക്ഷനാണ് ഞങ്ങൾ തമ്മിൽ; സുരേഷ് കുറുപ്പ് വഴി.
അങ്ങനെയിരിക്കെ നാട്ടിലെ സുഹൃത്തിന്റെ ഇ- മെയിൽ.
പോൾ സക്കറിയ പെട്ടിയും ചുമന്ന് ആഫ്രിക്ക കണ്ട പൊറ്റെക്കാട്ടിന്റെ ആഫ്രിക്കയിലേക്ക് പുറപ്പെടുന്നു; ശ്രേയാംസ് കുമാറിന്റെ അനുഗ്രഹാശിസ്സുകളോടെ. ദക്ഷിണാഫ്രിക്കയിലേക്ക് ഒരു ഫോർമൽ ഇൻവിറ്റേഷൻ അയക്കാമോ?
അപ്പോൾത്തന്നെ അത് അയച്ചു. കേപ് ടൗണിലാണ് സക്കറിയ വരുന്നത് എന്നതിനാൽ, അവിടെയുള്ള ഹോളി ക്രോസ് കോൺവെന്റിലെ സി. റീത്തയെ വിളിച്ച് വിവരം പറഞ്ഞു. സക്കറിയയെ അന്തം വിടീച്ചുകൊണ്ട്, കോൺവെന്റിലെ സിസ്റ്റർമാർ അദ്ദേഹത്തെ ഗംഭീരമായി സ്വീകരിച്ചു.
സക്കറിയ അവിടെയുള്ള ഒരു മലയാളി കത്തോലിക്കാ പുരോഹിതനെ പരിചയപ്പെട്ടു. ഷിനോയ് എന്നാണ് പേര്. അയാൾ അവിടെയുള്ള കുപ്രസിദ്ധമായ ‘കേപ് ഫ്ലാറ്റ്സ്’ ഇടവകയിലെ അച്ചനായിരുന്നു. ‘കേപ് ഫ്ലാറ്റ്സ്’ എന്നത് അപ്പാർതൈഡ് കാലത്തെ വിവേചിത സെറ്റിൽമെന്റുകളിൽ സങ്കരവർഗ്ഗക്കാർക്കുവേണ്ടി ഉള്ളതായിരുന്നു. ഈ ലോകത്തുള്ള എല്ലാ ലഹരിമരുന്നുകളുടെയും ഉത്ഭവം അവിടെ നിന്നാണെന്നു തോന്നും കഥകൾ കേട്ടാൽ. ദക്ഷിണാഫ്രിക്കയിലെ സങ്കരവർഗ്ഗക്കാരെ “Coloureds” എന്നാണ് വിളിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം “മിക്സ്ഡ് റേസ്” എന്ന euphemism കൊണ്ട് വിവേചനം മറയ്ക്കാം എന്ന് അധികൃതർ കരുതി. ദലിതരെ ‘ഹരിജൻ’ എന്ന് വിളിച്ചതിന്റെ ഫലമായിരുന്നു അതിന്. മറ്റു വംശങ്ങൾക്ക് പരിഹാസപാത്രങ്ങളായി മാറിയ ചരിത്രമാണ് അവരുടേതെങ്കിലും, സങ്കരവർഗ്ഗത്തിൽപ്പെട്ടവർ ഉന്നതപദവികൾ അലങ്കരിച്ചിട്ടുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. മണ്ടേലയുടെ മന്ത്രിസഭയിലെ ധനകാര്യമന്ത്രി ട്രെവർ മാനുവൽ, ആന്റി അപാർതൈഡ് പ്രസ്ഥാനത്തിന്റെ പാതാകാവാഹകനായി അനേകം അട്ടിമറികൾക്ക് നായകത്വം വഹിച്ച റോണീ കാസ്രിത്സ്, കേപ് ടൗണിലെ ആംഗ്ലിക്കൻ സഭയിൽ പുരോഹിത നായിരുന്ന തീപ്പൊരി പ്രാസംഗികൻ അലൻ ബുസാക് എന്നിങ്ങനെ അനേകം സങ്കരവർഗ്ഗക്കാർ പുത്തൻ ദക്ഷിണാഫ്രിക്കയുടെ ഭാഗധേയം നിർണ്ണയിച്ചവരുടെ മുൻനിരയിൽത്തന്നെ ഇടം പിടിച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെയുള്ള കേപ് ടൗണിലാണ് സക്കറിയ തന്റെ “കേപ് റ്റു കൈറോ” റോഡ് ട്രിപ് ആരംഭിച്ചത്. പൊറ്റെക്കാട്ട് സഞ്ചരിച്ച വഴിയേ അതേ മാർഗ്ഗങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുക എന്നതായിരുന്നു സക്കറിയയുടെ ലക്ഷ്യം. അത് പൂർത്തീകരിച്ചോ എന്ന് എനിക്ക് നല്ല നിശ്ചയമില്ല. ഞാൻ അദ്ദേഹത്തിന്റെ ആഫ്രിക്കൻ യാത്ര വായിച്ചിട്ടില്ല.
ഒരു ദിവസം ഉച്ചയോടെ സക്കറിയ ഒരു ‘ഗ്രേ ഹൌണ്ട്’ ലക്ഷ്വറി കോച്ചിൽ ഞങ്ങളുടെ ടൗണിൽ എത്തി. ഞങ്ങൾ അദ്ദേഹത്തെ സ്വീകരിച്ച് വീട്ടിൽ കൊണ്ടു പോയി. ഒരാഴ്ചത്തെ പരിപാടിയാണ് അംടാട്ട ട്രാൻസ്കൈ പ്രദേശങ്ങളിൽ സക്കറിയ പ്ലാൻ ചെയ്തിട്ടുള്ളത്. അംടാട്ടയിലെ അദ്ധ്യാപകരുടെ യൂണിയൻ നേതാക്കളെയും കാണാം എന്ന് സക്കറിയ തീരുമാനിച്ചു. അതുപോലെ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തിലുള്ള തിയോ ലുസൂക്ക എന്ന യുഗാണ്ടനെയും പരിചയപ്പെടാം എന്ന് ഞങ്ങൾ സൂചിപ്പിച്ചു. അയാൾ 1975-77 കാലത്ത് ഇന്ത്യയിൽ വരികയും ആറു മാസത്തോളം തിരുവനന്തപുരത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട്. കമലാദാസിന്റെയും പ്രിതീഷ് നന്ദിയുടെയും സുഹൃത്തും കൂടിയാണ് തിയോ. സംഘടനകളുടെ സ്വീകരണങ്ങളിൽ പങ്കെടുക്കേണ്ടതില്ല എന്ന് സക്കറിയ നേരത്തേ തീരുമാനിച്ചിരുന്നിരിക്കണം. അത്തരം അപേക്ഷകളെല്ലാം അദ്ദേഹം വിനയം വിടാതെ നിരസിച്ചു. ഓരോ ദിവസത്തെയും യാത്ര കഴിഞ്ഞെത്തിയാൽ അതത് രാത്രി തന്നെ എഴുതി ഫാക്സ് ചെയ്യുകയായിരുന്നു പതിവ്. അദ്ദേഹത്തിന്റെ സർഗ്ഗാത്മക പ്രവർത്തന ങ്ങളെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചില്ല. എന്റെ വീട്ടിലുള്ള പരിമിതമായ നവ മീഡിയാ സൗകര്യങ്ങളെല്ലാം ഞങ്ങൾ സക്കറിയയുടെ ആവശ്യത്തിനായി വിട്ടുകൊടുത്തു.
ഇടയ്ക്ക് വന്നു കൂടിയ ഒരു അവധി ദിവസം ഞങ്ങൾ സക്കറിയയെയും കൂട്ടി ‘കോഫീ ബേ’യിൽ പോയി. സക്കറിയയ്ക്ക് നന്നായി ഇടപഴകാനും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ ചരിത്രം അവരുടെ കാഴ്ചപ്പാടിൽ നിന്ന് കാണാനുമായി ഞങ്ങളുടെ അടുത്ത സുഹൃത്തായ ഒരു ദർബൻ ഇന്ത്യൻ കുടുംബത്തെയും ഒപ്പം കൂട്ടി. ആ കുടുംബനാഥന്റെ പേര് ബാല ഗവണ്ടർ (ഗൗണ്ടർ പരിഷ്കരിച്ച് / ആംഗലേയവൽക്കരിച്ചതാണ്) എന്നായിരുന്നു. വിദ്യാഭ്യാസവകുപ്പിലെ ഒരു ഉയർന്ന തസ്തികയിലാണ് ബാല ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സന്തിര (ചന്ദ്ര എന്ന വാക്കു തന്നെ). പിന്നെ സോണിയും കുടുംബവും. ധാരാളം ബിയറും കരുതിയിരുന്നു.
സക്കറിയയുമൊത്ത് ‘ഹോൾ ഇൻ ദ വോൾ’ വരെ ആഴം കുറഞ്ഞ ലഗൂണിലൂടെ നടന്നുപോയി. സക്കറിയ കുറേ നല്ല ചിത്രങ്ങൾ എടുത്തെന്നാണ് തോന്നുന്നത്. തിരിച്ചുവരാൻ അല്പം വൈകി. അപ്പോഴേക്ക് വേലിയേറ്റം തുടങ്ങിയിരുന്നു. ഞങ്ങൾ വല്ല വിധേനയും നടന്ന് ഇക്കരെ തിരിച്ചെത്തിയപ്പോഴേക്ക് വെള്ളം ഏതാണ്ട് നെഞ്ചോളം പൊക്കത്തിൽ എത്തിക്കഴിഞ്ഞു. അതായിരുന്നു സക്കറിയുമായി നടത്തിയ ഒരു അഡ്വെഞ്ചർ ട്രിപ്പ്. ഒരു ദിവസം ഞാൻ അദ്ദേഹത്തെ അംടാട്ടയിലെ പ്രധാന ‘സാഡ്റ്റു’ (South African Democratic Teachers’ Union) നേതാക്കളെ പരിചയപ്പെടുത്തി. അദ്ദേഹം അന്ന് വിശദമായി സംസാരിച്ച സഖാവ് മബൂലു പിന്നീട് പ്രസിഡന്റ് എംബേക്കിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രധാന അംഗമായി. സക്കറിയ അവരുമായി നടത്തിയ സംഭാഷണങ്ങൾ ഏതെല്ലാം തലങ്ങളെ സ്പർശിച്ചു എന്ന് എനിക്കറിയില്ല. സക്കറിയയുടെ നവലിബറൽ നിലപാടുകളെപ്പറ്റി ഏതാണ്ട് ഒരു ധാരണ ഉണ്ടായിരുന്നതിനാൽ പുതിയ തർക്കങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചിഴയ്ക്കാൻ ഞാൻ തയാറായിരുന്നില്ല. തിയോയുമായുള്ള കൂടിക്കാഴ്ചയാണ് സക്കറിയയ്ക്ക് കൂടുതൽ രസകരമായതെന്നാണ് എനിക്ക് തോന്നിയത്. യുഗാണ്ടയിലെ ചില സ്ഥലങ്ങളിൽ അമാനുഷരായ മണ്മറഞ്ഞ ഗോത്രത്തലവന്മാരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് തിയോ പറഞ്ഞിരുന്നു.
സക്കറിയയ്ക്ക് ശ്വാസം മുട്ടലുണ്ടാക്കിയ ഒരേയൊരു കാര്യമായി ഞാൻ മൻസ്സിലാക്കിയത് എന്റെ വീട്ടിലെ മദ്യസൽക്കാരത്തിന്റെ അഭാവമായിരുന്നിരിക്കണം. പോകുന്നതിനു തലേന്ന് ഞങ്ങൾ സക്കറിയയ്ക്ക് കരിമ്പിൻ ചാരായം (Cane Spirit) സൽക്കരിച്ചു. (നാട്ടുഭാഷയിൽ, നല്ല സ്വയമ്പൻ സാധനം.) അത് അദ്ദേഹത്തിനു വളരെ ഇഷ്ടമാവുകയും ചെയ്തു. പിറ്റേന്ന് തോമസ് മാത്യു, പദ്മനാഭൻ ഉണ്ണി എന്നിവർ (രണ്ടു പേരും ഈ അടുത്ത കാലത്ത് അന്തരിച്ചു) സക്കറിയയെ ദർബൻ ഭാഗം കാണാനായി കൊണ്ടുപോകാൻ വരുമെന്ന് എന്നെ അറിയിച്ചിരുന്നു. പിറ്റേന്ന് ഉണ്ണി വന്നു. പോകും മുൻപ് ഞങ്ങൾ സക്കറിയയ്ക്ക് ഒരു മുന്നറിയിപ്പ് മാത്രം നൽകി: യാതൊരു കാരണവശാലും ‘ഇംപാല’ എന്ന ഹോട്ടലിൽ താമസിക്കരുത്. പക്ഷേ ഉണ്ണിയും തോമസ് മാത്യുവും അവിടെത്തന്നെ സക്കറിയയെ കൊണ്ടു പോയി. അതിന്റെ തിക്തഫലം അദ്ദേഹം അനുഭവിക്കുകയും ചെയ്തു.
(തുടരും)