രാധാലക്ഷ്മി

ഉമ്മയെപ്പോലെ ഒരു അധ്യാപിക

ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ചാണ് ഞാനിന്നിവിടെ പറയുന്നത്. എന്നെ സ്വാധീനിച്ച സ്ത്രീ!

ലോകത്തിലൊരാളും, നമ്മളെ മനസ്സിലാക്കാതിരിക്കുമ്പോഴും, കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ നമ്മെ വിമർശിക്കുമ്പോഴും ഓടി ചെന്ന് വീഴാനൊരു മടിത്തട്ടുണ്ടാവുകയെന്നത് ചെറിയ കാര്യമല്ല. സങ്കടങ്ങളും സന്തോഷങ്ങളും നമ്മളെയിങ്ങനെയിട്ട് അമ്മാനമാടുമ്പോൾ ഒരു ചേർത്തു പിടിക്കലിലൂടെ സന്തോഷവും സമാധാനവും സങ്കടവും കൈമാറാനാവുന്നവരാവും നല്ല മനുഷ്യർ. നമ്മുടെ നേട്ടങ്ങളിൽ നമ്മേക്കാൾ സന്തോഷിക്കുന്ന, നമുക്കു വേണ്ടി പറയാതെ തന്നെ പ്രാർത്ഥിക്കുന്ന, വേദനകളിൽ ചേർത്തു പിടിക്കുന്ന, തെറ്റു ചെയ്യുമ്പോൾ മുഖം നോക്കാതെ വിമർശിക്കുന്ന, തെറ്റുകളിൽ നിന്നും നമ്മെ തടയുന്ന ഒരാളുണ്ട്. എല്ലാവരുടെ ജീവിതത്തിലും കാണും അങ്ങനെ ഒരാൾ. എന്റെ ജീവിതത്തിലുമുണ്ട് അങ്ങനെ ഒരാൾ. ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ചാണ് ഞാനിന്നിവിടെ പറയുന്നത്. എന്നെ സ്വാധീനിച്ച സ്ത്രീ!

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ്

പതിനാറാം വയസ്സിൽ ഒരു പാട് സ്വപ്നങ്ങളുമായി ഗുരുവായൂരിലെ ലിറ്റിൽ ഫ്ളവർ കോളേജിൽ പ്രവേശനം നേടി കടന്നു ചെന്നപ്പോൾ വല്ലാത്ത അമ്പരപ്പായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ആഷ് പോഷ് കുട്ടികൾക്കും, ആംഗലേയത്തിൽ മാത്രം ക്ലാസ്സെടുക്കുന്ന അധ്യാപകർക്കുമിടയിൽ കൂട്ടം തെറ്റി വന്ന കുഞ്ഞാടിനെ പോലെ ഞാൻ പരുങ്ങി. സ്‌കൂൾ ജീവിതത്തിലെ അവസാന രണ്ടു വർഷത്തെ കോൺവെൻറ്​ കാലഘട്ടം മാത്രമാണ് എന്റെ ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനം. സാധാരണയിലും സാധാരണമായ ഒരു നാട്ടിൻ പുറത്തെ പള്ളിക്കൂടത്തിൽ ഇംഗ്ലീഷ് പഠനം ഭയങ്കര കോമഡിയായിരുന്നു.

എന്റെ അപകർഷതയുടെ തീച്ചൂളയിലേക്ക് വെള്ളമൊഴിച്ച് കെടുത്തിക്കൊണ്ടാണ് മിസ് അന്തർമുഖിയായ, ഇരുണ്ട നിറമുള്ള, ഇംഗ്ലീഷറിയാത്ത എന്റെ താഴിട്ട് പൂട്ടിയ മനസ്സിലേക്ക് ഇടിച്ചുകയറിയത്.

കോളേജിലെ ആദ്യ ദിവസങ്ങളിലെ സങ്കടക്കടൽ നീന്താൻ സഹായിച്ചത് ക്ലാസ് ടീച്ചറായിരുന്ന മിസ് രാധാലക്ഷ്മിയായിരുന്നു. ഇംഗ്ലീഷറിയില്ല എന്ന എന്റെ വേവലാതികളെ മിസ് ചേർത്തു പിടിച്ചു. സാരമില്ല, ക്ലാസ് നന്നായി ശ്രദ്ധിച്ചിരിക്കൂ, മലയാളത്തിൽ എഴുതിയാലും നല്ല മാർക്ക് വാങ്ങാം, മോൾടെ മലയാളം നല്ലതാണല്ലോ എന്നു പറഞ്ഞ്​ എന്റെ അപകർഷതയുടെ തീച്ചൂളയിലേക്ക് വെള്ളമൊഴിച്ച് കെടുത്തിക്കൊണ്ടാണ് മിസ് അന്തർമുഖിയായ, ഇരുണ്ട നിറമുള്ള, ഇംഗ്ലീഷറിയാത്ത എന്റെ താഴിട്ട് പൂട്ടിയ മനസ്സിലേക്ക് ഇടിച്ചുകയറിയത്.

മിസ്സിന്റെ ചരിത്ര ക്ലാസുകൾ മനോഹരമായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ ഒരു പുസ്തകത്തിന്റെയും അകമ്പടിയില്ലാതെ മിസ്സങ്ങനെ പറയും. ഒരു സിനിമ കാണുന്ന ലാഘവത്തോടെ, അത്രമേൽ താൽപ്പര്യത്തോടെ ഞങ്ങളങ്ങനെ കേട്ടിരിക്കും. എൺപതോളം കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ് മുറിയിൽ സൂചി വീണാൽ കേൾക്കുന്നത്ര നിശ്ശബ്ദതയിൽ മിസ്സിന്റെ വാഗ്‌ധോരണി ഒഴുകിപ്പടരും. ഭാവിയിൽ അധ്യാപികയാവണമെന്ന സ്വപ്നം മനസ്സിലേക്കൂതിക്കയറിയത് ആ ക്ലാസുകൾ കേട്ടായിരുന്നു. എത്രയോ കൗമാരക്കാരികളുടെ മനസ്സിലെ റോൾ മോഡലായിരുന്നു മിസ്.

രാധാലക്ഷ്മി ടീച്ചറും അമൽ ഫെർമിസും

രണ്ട് വർഷങ്ങൾക്കു ശേഷം ചരിത്രം ഐച്ഛികമായെടുത്ത് ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു ഒട്ടും പ്രതീക്ഷിക്കാതൊരു ദിവസം ഉമ്മ മരിച്ചത്. ചെറുപ്പത്തിലേ ഉപ്പ മരിച്ച എനിക്ക് ഉമ്മയായിരുന്നു എന്റെ ഉയിരും ശ്വാസവുമെല്ലാം. രാവിലെ ഉമ്മയുമായി സംസാരിച്ച് ചിരിച്ച് കളിച്ച്, കോളേജിൽ പോയ ഞാൻ അന്നു മിസ്സുമായിട്ട് ഒത്തിരി സമയം സംസാരിച്ചു നിന്നു. ഉമ്മയെക്കുറിച്ചായിരുന്നു ഞങ്ങളന്ന് അധികവും സംസാരിച്ചത്. ഒമ്പത് മക്കളുള്ള എന്റെ ഉമ്മ, ഓരോ മക്കളേയും അത്രമേൽ തീവ്രമായി സ്നേഹിക്കുന്നതിനേക്കുറിച്ചെല്ലാം പറയുമ്പോൾ ഞാനറിഞ്ഞില്ല എന്റെ ഉമ്മ എന്നെ വിട്ട് ഈ ഭൂമിയിൽ നിന്നും പോയെന്ന സത്യം!

പ്രിയപ്പെട്ടവരുടെ മരണമാണ് ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ വേദനയെന്ന് ഞാനറിഞ്ഞ നാളുകളായിരുന്നുവത്. എല്ലാവരുമുണ്ടായിട്ടും ഉമ്മ മരിച്ചതിനാൽ ഒറ്റപ്പെട്ടു പോയ, മരിച്ചു പോയെങ്കിൽ എന്നു കൊതിച്ച നിരാലംബയായ ഒരു കൗമാരക്കാരി. അവളെ അത്രമേൽ ആർദ്രതയോടെ ചേർത്തണച്ചു മിസ്. സ്വാനുഭവങ്ങളുടെ പൊള്ളലുകൾ പറഞ്ഞെന്നെ ആശ്വസിപ്പിച്ചു. ജീവിതത്തിന്റെ ആകസ്മികതകളിലെ ഉൾവലിവുകളിൽ കരുണയോടെ ചുംബിച്ചു. ഇനിയും നടന്നു കയറാൻ ജീവിതമേറെ മുന്നിൽ കിടക്കുന്നുവെന്ന് ഓർമ്മിപ്പിച്ച് ഉമ്മയെ പോലെ, മൂത്ത സഹോദരിയെ പോലെ കൂടെ നിന്നു. ഒരധ്യാപികയെന്നാൽ ക്ലാസ് മുറിയിലെ ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവളല്ലെന്നും ശിഷ്യരുടെ ഹൃദയങ്ങളിലേക്ക് കയറിയിരിക്കേണ്ടവളാണെന്നും ജീവിതം കൊണ്ടെന്നെ പഠിപ്പിച്ച് തന്നത് മിസ്സാണ്.

24 വർഷം മുൻപു തന്നെ സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ പെൺകുട്ടികളെ മനസ്സിലാക്കി തന്ന്​, പതിനായിരക്കണക്കിന് പെൺകുട്ടികളുടെ പ്രിയ അധ്യാപികയായി മിസ് ജീവിച്ചു.

ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നേരിയ നൂൽപ്പാലത്തിലൂടെ നടന്ന എന്റെ കൈകളിൽ മുറുകെപ്പിടിച്ചു മിസ്, ഒരു വിധിക്കും വിട്ടുകൊടുക്കാത്ത വിധം! ഉള്ളിലെ സങ്കടങ്ങൾ പങ്കുവെക്കുവാൻ പോലുമാവാതെ വിതുമ്പുമ്പോഴെല്ലാം അത്രമേൽ വാത്സല്യത്തോടെ ഒരായിരം അനുഭവക്കഥകൾ പറഞ്ഞ് എന്റെ സങ്കടത്തിരയെ ഞാൻ പോലുമറിയാതെ നിസ്സാരമാക്കി. ഉമ്മയുടെ മരണത്തോടെ എനിക്ക് നഷ്ടമായ നിരവധി ക്ലാസുകൾ ഒഴിവു സമയങ്ങളിൽ പറഞ്ഞു തന്നു. പഠിക്കാനുള്ള കൊതിയെ ഊതിക്കാച്ചി. ഒഴിവുവേളകളിൽ പാചകക്ലാസുകളെടുത്തും, യാത്രാനുഭവങ്ങൾ പങ്കുവെച്ചും, യാത്ര ചെയ്യണമെന്ന് പറഞ്ഞ് ഞങ്ങളെ പ്രചോദിപ്പിച്ചും, സഹജീവികളെ ചേർത്തു പിടിക്കണമെന്നോർമ്മിപ്പിച്ചും ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചും, 24 വർഷം മുൻപു തന്നെ സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ പെൺകുട്ടികളെ മനസ്സിലാക്കി തന്നും​, പതിനായിരക്കണക്കിന് പെൺകുട്ടികളുടെ പ്രിയ അധ്യാപികയായി മിസ് ജീവിച്ചു.

ഡിഗ്രി കഴിഞ്ഞിറങ്ങിയിട്ടും കുടുംബിനിയായിട്ടും ഉമ്മയായിട്ടും വർഷങ്ങൾ കടന്നു പോകുമ്പോഴും മിസ്സെന്റെ അരികിലുണ്ടായിരുന്നു, എപ്പോഴെങ്കിലും വരുന്നൊരു കത്തായോ, ഒരു ഫോൺ വിളിയായോ. ഇന്നു കോളേജ് വിട്ടു പോന്ന് 25 വർഷത്തോളമാവുമ്പോഴും മിസ്സെന്റെ കൂടെയുണ്ട്. ഒരു വാട്ട്‌സ്ആപ് സന്ദേശത്തിന്നപ്പുറത്ത് ഓരോ ദിവസത്തെയും വിശേഷങ്ങൾ പരസ്പരം പങ്കുവെച്ച്! ആരോഗ്യം നോക്കാതെ തിരക്കുകളിൽ ഊളിയിടരുതെന്ന് പറഞ്ഞ് ചെവിക്ക് പിടിക്കാതെ പിടിച്ച്, അവനവന്റെ മനസ്സമാധാനത്തോളം വലുതല്ല മറ്റൊന്നുമെന്ന് ഓർമ്മിപ്പിച്ച്, ഉയരങ്ങളിലേക്ക് പറക്കണമെന്ന് കാതിലോതി മിസ് കൂടെയുണ്ട്.

എന്നെ മാത്രമല്ല, തന്റെ അനവധി ശിഷ്യഗണങ്ങളെ ചേർത്തു പിടിച്ച് അവർക്കെല്ലാം പ്രിയപ്പെട്ടവളായിരിക്കുമ്പോഴും മിസ്സൊരു നല്ല ഭാര്യയാണ്, സഹോദരിയാണ്, മകളാണ്, അമ്മയാണ്, അമ്മായിയമ്മയാണ്, അമ്മൂമ്മയാണ്. ഞങ്ങൾ 97 ബാച്ചിലെ ചരിത്ര വിദ്യാർത്ഥിനികളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയിൽ എന്നും രാവിലെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ ഏടുമായി മിസ് ഇത്തിരി നേരം ഞങ്ങളോട് സംസാരിക്കും. ഞങ്ങളെല്ലാം ആ പഴയ കൗമാരക്കാരികളായി ആ ശബ്ദം വീണ്ടും വീണ്ടും കേൾക്കും. എഴുപതുകളിലും ആരോഗ്യത്തോടെ നിത്യവസന്തമായി മിസ് ഞങ്ങളുടെ കൂടെയുണ്ട്. ചരിത്രം പഠിപ്പിക്കാൻ എല്ലാ അധ്യാപകർക്കും സാധിക്കുമായിരിക്കും, പക്ഷേ ചരിത്രമാവാൻ അപൂർവ്വം ചില അധ്യാപകർക്കേ സാധിക്കൂ! ▮

Comments