ചിത്രങ്ങൾ: ലൂണ റോസ്, Wikimedia Commons

എന്റെ കുഞ്ഞു പൂമ്പാറ്റകൾ

ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ, തിരിച്ചവൾ നന്ദി വാക്ക് പറയുമ്പോൾ, ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുമ്പോൾ, ഇത്തിരി നേരമെങ്കിലും കണ്ണിൽ നോക്കി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി തരുമ്പോൾ ഞാനനുഭവിക്കുന്ന ആനന്ദം അനിർവചനീയമാണ്

രോ കുഞ്ഞുങ്ങളും പൂക്കളെ പോലെയാണ്.
ക്ലാസ് റൂമാവട്ടെ വ്യത്യസ്ത പൂക്കളുള്ള ഒരു പൂന്തോട്ടവും.
​ആരുടെയോ വരികൾ ഓർക്കുന്നു ഇതെഴുതാൻ തുടങ്ങുമ്പോൾ.. അധ്യാപക ജീവിതത്തിലെ ഈ അവസാന നാല് വർഷങ്ങൾ കുഞ്ഞു മക്കളുടെ കൂടെയാണ്. അവിടെ കുസൃതികൾ മാത്രമേയുള്ളൂ. നിഷ്‌കളങ്കത ആവോളം തുളുമ്പി നിൽക്കുന്ന കുസൃതികൾ. കള്ളത്തരങ്ങളുടെ, കൗശലങ്ങളുടെ, കൗമാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ബാല്യം.

ഇന്ന് ഓർമയിൽ എന്നും തെളിമയോടെ നിൽക്കുന്ന രണ്ട് കുഞ്ഞുങ്ങളെക്കുറിച്ച് എഴുതാം ഞാൻ. ഇവർ രണ്ട് പേരും എനിക്കൊത്തിരി പ്രിയപ്പെട്ടവരാണ്. ജുവാനും ഫാത്തിമയും. രണ്ടുപേരും ഓട്ടിസ്റ്റിക്കാണ് എന്ന സാമ്യമൊഴിച്ചാൽ ഇവർ തികച്ചും വ്യത്യസ്തരാണ്. അവരുടെ രക്ഷിതാക്കൾ തമ്മിലും യാതൊരു സാമ്യവുമില്ല. നാലര വയസ്സുള്ളപ്പോഴാണ് രണ്ട് പേരും ഞങ്ങളുടെ ക്ലാസിലേക്ക് വരുന്നത്.

തീർത്തും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിലാണത് സംഭവിച്ചത്. എല്ലാവരും കളിയിൽ മുഴുകിയ സമയത്ത് അവൾ ഒരു കുഞ്ഞിന്റെ കൈകവർന്നെടുത്ത് കടിച്ചു പറിച്ചു. അവളുടെ ഉളി പോലുള്ള കീരിപ്പല്ലുകളിൽ രക്തം പുരണ്ടു.

ആദ്യം എന്റെ ജുവാനെപ്പറ്റിയെഴുതാം. ഞാൻ ചെറിയ ക്ലാസിലേക്ക് മാറ്റം കിട്ടി വന്ന ആദ്യവർഷമാണ് ജുവാനും അവിടേക്ക് വന്നത്. ബ്രിട്ടീഷ് കരിക്കുലമായത് കൊണ്ട് തന്നെ കളിയിലധിഷ്ഠിതമായിരുന്നു പഠനം. കുഞ്ഞുങ്ങൾ എന്നും എനിക്കൊരു ബലഹീനതയായിരുന്നു. മറ്റു കുട്ടികൾ ചിത്രശലഭങ്ങളെ പോലെ പാറി പറന്നു കളിക്കുമ്പോൾ, ജുവാൻ അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തയായി കാണപ്പെട്ടു. ആദ്യത്തെ ദിവസം! തീർത്തും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിലാണത് സംഭവിച്ചത്. എല്ലാവരും കളിയിൽ മുഴുകിയ സമയത്ത് അവൾ ഒരു കുഞ്ഞിന്റെ കൈകവർന്നെടുത്ത് കടിച്ചു പറിച്ചു. അവളുടെ ഉളി പോലുള്ള കീരിപ്പല്ലുകളിൽ രക്തം പുരണ്ടു. ആദ്യ ദിവസമായതിനാൽ ഞങ്ങളും വല്ലാതെ ഭയപ്പെട്ടു.

പിന്നീടങ്ങോട്ട് എല്ലാ കളികൾക്കിടയിലും എന്റെ കണ്ണുകൾ ജുവാന്റെ ചുറ്റുമുണ്ടാവും. പതിയെ പതിയെ അവളെന്നോടിണങ്ങി.. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവളെന്നെ ഉരുമ്മിയിരുന്നു ഏത് സമയവും. ക്ലാസിൽ അടങ്ങിയിരിക്കില്ലെങ്കിലും അവൾക്കെല്ലാമറിയാമായിരുന്നു. ഏതെങ്കിലും കുഞ്ഞെന്നെ കെട്ടിപ്പിടിച്ചാൽ ഉമ്മ വെച്ചാൽ അവൾ ഓടി വന്നെന്റെ കൈകൾ കവർന്നെടുത്ത് ആഞ്ഞു കടിക്കും. ഞാൻ വേദനയെടുത്ത് നീറുമ്പോൾ അവളെന്നെ ഇറുകെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയും. അവൾക്ക് കൂടുതൽ ശ്രദ്ധയായിരുന്നു ആവശ്യം. ചില സമയങ്ങളിൽ ക്ലാസിലിരുന്ന് തന്നെ മലമൂത്ര വിസർജനം നടത്തി അത് കൈകളിൽ എടുത്ത് അടുത്തിരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലോ ചുമരിലോ തേച്ചവൾ പൊട്ടിച്ചിരിക്കും. ടീച്ചർ ദേഷ്യത്തോടെ ഓടി വരുമ്പോൾ അവൾ ഓടി വന്നെന്റെ പുറകിൽ ഒളിക്കും.

ഒരു പാട് കുട്ടികളുള്ള ക്ലാസ് റൂമിൽ, അതും അധികപേരും ADHD ക്കാരായ ഒരു ക്ലാസ് റൂമിൽ ഇത്തരം കുഞ്ഞിനെക്കൂടി ചേർത്തു പിടിക്കാൻ ഒത്തിരി പാടാണ്. അറിയാതെയെങ്കിലും ജുവാൻ തന്റെ കൂട്ടുകാരെ ഉപദ്രവിച്ചാൽ ഉടനടി സ്‌കൂളിലേക്ക് ഓടി വന്ന് അധ്യാപകർക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്ന മറ്റു കുട്ടികളുടെ രക്ഷിതാക്കൾ. അക്കാദമിക വർഷത്തിൽ ഒരിക്കൽ പോലും ആളുടെ പിതാവിനെ ഞങ്ങൾ കണ്ടില്ല. ജുവാനെക്കുറിച്ച് എന്ത് ചോദിച്ചാലും പറഞ്ഞാലും രക്ഷകർതൃത്വ യോഗത്തിൽ വന്നാലും എന്റെ മോൾക്കൊരു പ്രശ്‌നവുമില്ല അവൾ നോർമലാണ്, എന്ന് മനഃപ്പാഠം ഉരുവിടുന്ന പോലെ ഒരുമ്മ. അവരൊരിക്കലും ഒരു കാര്യത്തിലും ഞങ്ങളോട് സഹകരിക്കാറില്ലായിരുന്നു. എന്ത് ചോദിച്ചാലും പറഞ്ഞാലും ഞങ്ങളുടെ തെറ്റ് മാത്രമെന്ന മട്ടിൽ ഉറക്കെ ബഹളം വെച്ചു അവർ. സിറിയക്കാരിയായ, ദോഹയിലെ ബാങ്കിൽ ഉന്നതോദ്യോഗസ്ഥയായ അവർ, പലപ്പോഴും ഉറക്കെയുറക്കെ ഞങ്ങളോട് കയർത്ത് സംസാരിക്കുമ്പോൾ, ജുവാൻ ഭീതിയോടെ എന്റെ പുറകിൽ ഒളിച്ചു. മാറി മാറി വരുന്ന അവളുടെ ആയമാർ നിസ്സഹായ മുഖത്തോടെ വിദൂരതയിലേക്ക് കണ്ണും നട്ട് നിന്നു.

ജുവാന് കടുത്ത പനിയാണത്രേ, ഇന്ന് വരില്ലെന്ന് പറഞ്ഞ് ഫോൺ വന്നെന്ന് കൂടെയുള്ള ടീച്ചർ സന്തോഷത്തോടെ പറഞ്ഞപ്പോൾ, ഞാനും തീർത്ത് വെക്കാനുള്ള ജോലികളിൽ മുഴുകി. മൂന്നാം പിരീഡ് കഴിഞ്ഞപ്പോൾ കരഞ്ഞു കരഞ്ഞ് വീർത്ത മുഖത്തോടെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചവൾ. തൊട്ടാൽ പൊള്ളുന്ന പനി. ഇത്ര വയ്യാത്ത കുഞ്ഞിനെ എന്തിന് സ്‌കൂളിൽ കൊണ്ടുവന്നെന്ന് കയർത്ത ടീച്ചറോട്, അവൾക്ക് മിസ്സിനെ കാണണമെന്ന് പറഞ്ഞ് രാവിലെ തുടങ്ങിയ കരച്ചിലാണ്. അവളുടെ ഉമ്മ അടിച്ചും പേടിപ്പിച്ചും ഒക്കെ നോക്കി. അവസാനം ആയയുടെ കൂടെവിട്ടതാണെന്ന് പറഞ്ഞു. ഈ സമയത്ത് അവളെന്നോട് മുട്ടുകുത്തിയിരിക്കാൻ പറഞ്ഞ് ആ തീക്കനൽ പോലെ പൊള്ളുന്ന ചുണ്ടുകൾ എന്റെ കവിളിലമർത്തി, ആ കുഞ്ഞുകൈകളെന്നെ കഴുത്തിൽ വരിഞ്ഞുമുറുക്കി ചുംബിക്കുകയായിരുന്നു. അത്രമേൽ തീക്ഷ്ണമായൊരു ഉമ്മയും എനിക്കിന്നേ വരെ ലഭിച്ചിട്ടില്ല!

സുപ്രീം കൗൺസിൽ ഓഫ് എഡ്യുക്കേഷന്റെ ആളുകൾ വന്ന് പരിശോധന നടത്തിയതിന്റെ ഭാഗമായി ജുവാൻ സാധാരണ സ്‌കൂളിൽ പഠിക്കാൻ പര്യാപ്തയല്ലെന്നും അവളെ സ്‌പെഷ്യൽ സ്‌കൂളിലേക്ക് മാറ്റണമെന്നും കർശന നിർദ്ദേശം വന്നത് കൊണ്ട് ജുവാൻ ആ വർഷം സ്‌കൂളിൽ നിന്ന് പോയി. പിന്നീട് ഞാനവളെ കണ്ടിട്ടില്ല. പക്ഷേ എന്നുമെന്റെ പ്രാർത്ഥനകളിൽ ജുവാന്റെ മുഖമുണ്ട്.

ഫാത്തിമ ഈ വർഷം ക്ലാസ് തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് വന്നു തുടങ്ങിയത്. വന്നു തുടങ്ങിയപ്പോഴേ മനസ്സിലായി അവൾ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തയാണെന്ന്. പാറിപ്പറന്ന് നടക്കുന്ന എന്റെ കുഞ്ഞിപ്പൂമ്പാറ്റ ഇപ്രാവശ്യം ഈ പൂമ്പാറ്റയെ ശരിക്ക് മനസ്സിലാക്കിയവരാണ് അവളുടെ രക്ഷിതാക്കൾ. അവർ തരുന്ന കരുത്ത് ചില്ലറയല്ല. ഞങ്ങൾ തോളോട് തോൾ ചേർന്ന് പൊരുതുന്നു. അവളെയും നമ്മുടെ ഒപ്പം കൂട്ടിപ്പിടിക്കാൻ. നമ്മൾ മാത്രമല്ല, ചുറ്റുമുള്ളവരും അവളെ ചേർത്തു പിടിക്കാൻ.

ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ, അതൊരു ടിഷ്യൂ പേപ്പറാണെങ്കിലും തിരിച്ചവൾ നന്ദി വാക്ക് പറയുമ്പോൾ, വാഷ് റൂമിൽ പോയി കഴിഞ്ഞാൽ ഒറ്റക്കവൾ വൃത്തിയാക്കുമ്പോൾ, കയ്യിലുള്ള ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുമ്പോൾ, ഇത്തിരി നേരമെങ്കിലും കണ്ണിൽ നോക്കി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി തരുമ്പോൾ ഞാനനുഭവിക്കുന്ന ആനന്ദം അനിർവചനീയമാണ്.

സങ്കടം വരുമ്പോൾ നിലത്ത് തലയിട്ടടിക്കുകയും എന്റെ മടിയിൽ മുഖം പൂഴ്ത്തി അള്ളിപ്പിടിച്ച് മണിക്കൂറുകളോളം കിടക്കുമെങ്കിലും, ക്ലാസിൽ അടങ്ങിയിരിക്കാതെ ഓടി നടക്കുമെങ്കിലും എന്റെ തുമ്പിക്കുട്ടി ഒരുപാട് മിടുക്കിയാണ്. പലതും സ്വയം ചെയ്യാൻ തുടങ്ങി അവളിന്ന്.. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ, അതൊരു ടിഷ്യൂ പേപ്പറാണെങ്കിലും തിരിച്ചവൾ നന്ദി വാക്ക് പറയുമ്പോൾ, വാഷ് റൂമിൽ പോയി കഴിഞ്ഞാൽ ഒറ്റക്കവൾ വൃത്തിയാക്കുമ്പോൾ, കയ്യിലുള്ള ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുമ്പോൾ, ഇത്തിരി നേരമെങ്കിലും കണ്ണിൽ നോക്കി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി തരുമ്പോൾ ഞാനനുഭവിക്കുന്ന ആനന്ദം അനിർവചനീയമാണ്.

അധ്യാപകരും മനുഷ്യരാണ്. അവർക്കും ഒരു പാട് പ്രശ്‌നങ്ങളുണ്ടാവാം. എന്നാൽ നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങളെ പോലെ തന്നെ ചേർത്ത് പിടിക്കുന്ന, നെഞ്ചിലേറ്റുന്നവരാണ് അവരിൽ മഹാഭൂരിപക്ഷവും. അവരെ മനസ്സിലാക്കുക. അവരോട് സഹകരിക്കുക അതാണ് ഓരോ അമ്മയും ചെയ്യേണ്ടത്. ലോകാത്ഭുതങ്ങളെല്ലാം കണ്ണിലൊളിപ്പിച്ച എന്റെ കുരുന്നു മാലാഖക്കുഞ്ഞുങ്ങൾ ഇനിയുമെന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കും... അന്നും.. ഇന്നും.. ഇനി എന്നും ..▮


അമൽ ഫെർമിസ്

ഖത്തറിൽ ദോഹ അക്കാദമി ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപിക

Comments