ആഫ്രിക്കൻ
വസന്തങ്ങൾ - 52
1998 ഡിസംബറിലാണ്, ഞങ്ങൾ വിശാലമായ ഒരു യാത്ര നടത്തിയത്. സൗത്താഫ്രിക്കയുടെ തെക്കേ അറ്റത്തു നിന്ന് വടക്കൻ പ്രദേശങ്ങളിലേക്ക് പത്തു ദിവസം നീണ്ട, കൊച്ചുകൊച്ചു യാത്രകൾ കോർത്തെടുത്തൊരു യാത്ര.
ആഫ്രിക്കൻ ഭൂഖണ്ഡത്തോട് വിട പറഞ്ഞുപോരാനിടയായാൽ (സത്യത്തിൽ അങ്ങനെയൊരു സാദ്ധ്യത ഒരിക്കലും ഉണ്ടാവില്ലെന്നായിരുന്നു വിചാരിച്ചിരുന്നത്) ഈ യാത്രകളുടെ ജീവനും തേജസ്സും ഞങ്ങളെ വിട്ടു പോകാതെ നിലനിൽക്കും. ആ യാത്രകൾക്കുള്ള ഒരു ശ്രദ്ധാഞ്ജ്ലിയാണിത്. അന്നൊക്കെ യാത്രകളിൽ സോണിയെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഞങ്ങളോടൊപ്പം അന്നുണ്ടായിരുന്നവർ എന്റെ പ്രിയതമയുടെ അടുത്ത ബന്ധു ശോഭയും ഭർത്താവും കുട്ടികളും, ലാലുവും റീനയും കുട്ടികളും; പിന്നെ ആയിടെ വിവാഹം കഴിച്ച മണിക്കുട്ടനും പങ്കാളിയും- ഇത്രയും പേരായിരുന്നു.
ഞങ്ങൾ ആദ്യം പോയത് ഇപ്പോൾ ‘ബേല ബേല’ എന്നറിയപ്പെടുന്ന ‘വാം ബാത് സ്’ എന്ന കൊച്ചു ടൗണിലേക്കാണ്. ലിം പോപ്പോ പ്രവിശ്യയിലെ വിനോദസഞ്ചാരകേന്ദ്രമാണിത്. കെന്യയിലെ ‘മാജി മോട്ടോ’യോളം വലുതല്ലെങ്കിലും ഉള്ള റിസോഴ്സുകൾ ദക്ഷിണാഫ്രിക്ക ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടിവിടെ. ഉറവയിൽ നിന്നു വരുന്ന വെള്ളം വ്യത്യസ്തമായ താപനിലയിൽ പൊതുജനത്തിനുപകരിക്കാനുതകുംവിധം പല പൂളുകളിൽ സംഭരിച്ച് പാകത്തിന് ഒഴുക്കിക്കൊടുക്കുക എന്ന കാര്യം ഇവർ ചെയ്യുന്നു. പല രാജ്യങ്ങളിൽ നിന്നുള്ളവർ ത്വക് രോഗ വിദഗ്ദ്ധന്മാരുടെ ഉപദേശമനുസരിച്ച് ഇവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ വരാറുണ്ട്. ഇളം ചൂടുവെള്ളത്തിലിറങ്ങിയാൽ തിരിച്ച് കയറാൻ തോന്നില്ലെന്നത് സത്യം.
അവിടെനിന്ന് സോൾ കെഴ്സ്നർ എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘സൺ സിറ്റി’ എന്ന കാസിനോയിലേക്ക്. വാസ്തവത്തിൽ ‘സൺ സിറ്റി’ വെറും ചൂതാട്ടവേദിയല്ല. സൺ സിറ്റി എന്ന ആശയം സോൾ കെഴ്സ്നറുടെ ഉള്ളിൽ പിറന്നതാണെന്ന് പറയപ്പെടുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു പ്രാചീന നഗരവും ആ നഗരത്തിനുള്ളിൽത്തന്നെ ഒരു നഷ്ടനഗരവും (Lost City) ആയിട്ടാണ് അത് അവതീർണ്ണമാവുന്നത്. സാധാരണക്കാർക്ക് ടിക്കറ്റെടുത്ത് അകത്തുകടന്ന് കാഴ്ചകൾ കണ്ട് അന്തം വിടാം. പഴയ ‘ലുക്കു’ള്ള ചില ഇടിഞ്ഞു പൊളിഞ്ഞ ഗോപുരങ്ങളും ഗജവീരന്മാരുടെ നിരകളും മറ്റും വളരെ ‘അച്ചടക്ക’ത്തോടെ നിലകൊള്ളുന്ന ‘അത്ഭുതക്കാഴ്ച’ കണ്ട് ‘കൺകുളിർക്കാം’.
സൺ സിറ്റിയിലെ ഓരോ പുൽനാമ്പും, അലസമായി ഉപേക്ഷിച്ച മട്ടിൽ ചിതറിക്കിടക്കുന്ന ചെറിയ ഉരുളൻ കല്ലുകളും മറ്റും ഒരു വലിയ പദ്ധതിയുടെ ഭാഗമാക്കി ശ്രദ്ധാപൂർവ്വം സ്ഥാപിക്കപ്പെട്ടവയാണ്.
വില കൂടിയതും അല്ലാത്തതുമായ റസ്റ്റോറന്റുകൾ ധാരാളമുണ്ട്. ദക്ഷിണാഫ്രിക്കയിൽ വളരെ ജനപ്രീതിയുള്ള ‘സ്പർ’ (Spur) എന്ന തെക്കേ അമേരിക്കൻ തീമുള്ള റസ്റ്റോറന്റ് ഇടത്തരക്കാരായ സന്ദർശകർക്ക് ആശ്വാസവും ആഹ്ലാദവുമാണ്. കാസിനോയിലേക്കല്ലാതെ ചെല്ലുന്നവർക്ക് ആസ്വദിക്കാൻ വാട്ടർ തീംസ് ഉള്ള കളികൾ എത്ര വേണമെങ്കിലുമുണ്ട്. കളിയിടങ്ങളെ ചുറ്റിവരുന്ന ഒരു ചോല (അതും കൃത്രിമമാണ്) യിൽ റബർ ബോട്ടുകളിൽ എത്ര നേരം വേണമെങ്കിലും ചുറ്റിക്കറങ്ങാം. അങ്ങനെ ഒരു സാധാരണ സന്ദർശകന് കണ്ടും അനുഭവിച്ചും അത്ഭുതം കൂറാനുള്ള വിദ്യകൾ ഏറെയുണ്ട് അവിടെ. സൺ സിറ്റി സ്ഥിതി ചെയ്യുന്നിടത്ത് അതല്ലാതെ മറ്റൊന്നുമില്ലെന്നു പറയാം. എന്നാൽ ആ കൃത്രിമനഗരത്തിനുപുറത്ത് സാധാരണ മനുഷ്യരുടെ ദുരിതമയമായ ജീവിതമുണ്ട്. സമൃദ്ധിയുടെ ആഡംബര വാഹനങ്ങളിലും കണ്ണഞ്ചിക്കുന്ന ചൂതാട്ടക്കളരിയിലെ വെളിച്ചങ്ങളിലും നിന്ന് എത്രയോ കാതങ്ങളകലെയാണ് അവർ.
സൺ സിറ്റിയിൽ നിന്ന് പിറ്റേന്ന് ക്രൂഗർ നാഷണൽ പാർക്ക് കാണാൻ പുറപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ ‘ബിഗ് ഫൈവ്’- ആന, സിംഹം, പുള്ളിപ്പുലി, കാണ്ടമൃഗം, ആഫ്രിക്കൻ കാട്ടുപോത്ത്- കാണാനാവുന്ന ഒരേയൊരു പാർക്കാണിത്. ഈസ്റ്റ് ആഫ്രിക്കയിലെ മാസായ്മാരയും സെരങ്ഗെറ്റിയും റ്റ്സാവോയും മറ്റും കണ്ടിട്ടുള്ളവർക്ക് അത്ഭുതസ്തബ്ധരാവാനുള്ള വന്യമൃഗസമ്പത്ത് ക്രൂഗർ പാർക്കിലില്ല എന്നു തന്നെയാണ് തോന്നുന്നത്.
അതിരാവിലെ ‘ഗെയ്ം ഡ്രൈവി’നിറങ്ങി. വേനലായതിനാൽ നേരത്തേ പുലരും. രാവിലെ അഞ്ചു മണിയോടെ പുറപ്പെട്ടു. പല വന്യമൃഗ വഴിത്താരകളിലും അലഞ്ഞു. രാവിലെ സാധാരണ വലിയ പറ്റങ്ങളായി നീങ്ങുന്ന ആനക്കൂട്ടങ്ങളെ കാണാം എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഒന്നു രണ്ട് ചെറിയ ആനക്കൂട്ടങ്ങളെയും കുറെയേറെ കുരങ്ങന്മാരെയും സ്പ്രിങ് ബക്കുകളെയും മറ്റു ചില മാൻ കൂട്ടങ്ങളെയും മാത്രമാണ് കണ്ടത്. വരയൻ കുതിരകളും വാർട്ട് ഹോഗു (കാട്ടുപന്നി) കളും ധാരാളം. എവിടെയോ ഒരു ചീറ്റയേയും അവളുടെ മക്കളേയും (മക്കളെന്നു കരുതുന്നു) കണ്ടു.
പുള്ളിപ്പുലിയെ അത്ര വേഗം കാണാനാവുമെന്ന വ്യാമോഹം ഞങ്ങൾക്കില്ലായിരുന്നു. അതേസമയം ഞങ്ങൾ പ്രതീക്ഷിച്ച മൃഗരാജനെ കണ്ടതേയില്ല. കാട്ടുപോത്തും വലിയ സ്വകാര്യസ്വഭാവമുള്ള ജന്തുവായതിനാൽ അയാളെയും കാണാനാവും എന്ന പ്രതീക്ഷ അസ്തമിച്ചുവരുമ്പോൾ അതാ വന്യമൃഗത്താരയിൽ കിടക്കുന്നു, വളരെ പ്രായം ചെന്ന ഒരു സിംഹം. പ്രായമേറിയതോടെ തന്റെ ‘പ്രൈഡി’ൽ നിന്ന് പുറംതള്ളപ്പെട്ട നായകന്റെ ദയനീയത അവന്റെ ശരീരഭാഷ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞങ്ങൾ കാർ നിർത്തി. അദ്ദേഹം വളരെ ശ്രമപ്പെട്ട് എഴുന്നേറ്റു. ഉറയ്ക്കാത്ത കാൽവയ്പോടെ വഴിത്താരയുടെ ഒരു വശത്തുള്ള പച്ചപ്പിനു പിന്നിലേക്ക് മെല്ലെ മാഞ്ഞുപോയി. ഒരിക്കൽ രാജാവായിരുന്നു. ഇന്ന് ഏകാന്തതയുടെ തോഴൻ.
‘ഹേസി വ്യൂദ എന്ന കൊച്ചുടൗണിൽനിന്നാണ് ഞങ്ങൾ ക്രൂഗറിൽ പ്രവേശിച്ചത്. ക്രൂഗറിലേക്ക് കടക്കാനുള്ള ‘ഫബേനി ഗേറ്റി’ലൂടെയാണ് (ഹേസി വ്യൂവിൽ നിന്ന് 10 കിലോമീറ്റർ) കടക്കനാവുക. ക്രൂഗറിലെ യാത്രയ്ക്കു ശേഷം ലിം പോപ്പോ പ്രവിശ്യയിലെ 1500 വർഷം പഴക്കമുള്ള ബാവോബാബ് (baobab) വൃക്ഷം കാണാൻ പുറപ്പെട്ടു. 72 അടി ഉയരവും 123 അടി ചുറ്റളവുമുള്ള ഈ ഭീമൻ മരം അത്ഭുതങ്ങളുടെ കലവറയാണ്. സൺലാൻഡ് ബാവോബാബ്നു ചുവടെ ഒരു പാർട്ടി ആരംഭിക്കുന്നു. ആ വൃക്ഷത്തിന്റെ പള്ളയിൽ സ്വാഭാവികമായി ഉണ്ടായിരുന്ന ഒരു വലിയ പൊത്ത് ഭാവനാസമ്പന്നനായ ആരോ കുറേക്കൂടി തുരന്ന് ഒരു വലിയ മുറിയാക്കി.
അതിനെ മൂന്നായി തിരിച്ച് ഡ്രാഫ്റ്റ് ബിയർ വിൽക്കുന്ന ഒരു പബ്ബും വൈൻ സെല്ലറും സംഗീതമുറിയും തുറന്നു.
ഡഗ്ലസ് ഫാൻ ഹിയർഡെൻ- ഹെതർ ഫാൻ ഹിയർഡെൻ (Douglas van Heerden- Heather van Heerden) ദമ്പതിമാരായിരുന്നു ആ വൃക്ഷം ഉൾപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥരും അവകാശികളും. ടൂറിസ്റ്റുകൾക്ക് ആകർഷകമായ ആ ‘മരബാർ’ തകർപ്പൻ കച്ചവടം നടന്നിരുന്ന ഒരു ബാറായിരുന്നത്രേ. ഞങ്ങൾ അവിടം സന്ദർശിച്ച 1998- ൽ അത് പൂട്ടിയ നിലയിലായിരുന്നു. ബാറും വൈൻ സെല്ലാറും മറ്റ് ഉപകരണങ്ങളുമെല്ലാം അവിടെത്തന്നെയുണ്ട്.
ഞങ്ങൾ അവിടെ 17ാം നൂറ്റാണ്ടിലെ വിന്റേജ് വൈൻ വരെ കണ്ടു. ഈ അടുത്ത കാലത്തെന്നോ (2019-ലാണെന്നു തോന്നുന്നു) ആ മരത്തിന്റെ തായ്ത്തടി തകർന്നു പോയി. ഫാൻ ഹിയർഡെൻ ദമ്പതിമാർ ആ സ്ഥലം ഇപ്പോൾ വാടകയ്ക്ക് (പാട്ടത്തിന്) വിട്ടു കൊടുത്തിരിക്കയാണ്. അത്ഭുതം കണ്ട ആഹ്ലാദത്തോടെയേ നമുക്ക് അവിടം വിടാനാവുകയുള്ളു.ടൂറിസ്റ്റുകൾക്ക് ആകർഷകമായ ആ ‘മരബാർ’ തകർപ്പൻ കച്ചവടം നടന്നിരുന്ന ഒരു ബാറായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഗുഹാസമുച്ചയമാണ് ‘എമ്പുമലാങ്ഗാ’ (ഉദയം എന്ന് അർത്ഥം) പ്രവിശ്യയിലെ സുഡ്വാലാ ഗുഹകൾ. 240 മില്യൺ വർഷം പഴക്കമുണ്ടെന്നാണ് കണക്ക്. ചരിത്രാതീതകാലത്തിനുശേഷം ശിലായുഗത്തിലെ മനുഷ്യർ ഈ ഗുഹകളിൽ വർത്തിച്ചിരുന്നതായി വിശദമായ ഭൂഗർഭ- ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ഗുഹകൾ പിൽക്കാലത്ത് പല ഗോത്രവർഗ്ഗ യുദ്ധങ്ങളിലും ഏതെങ്കിലും ഒരു വിഭാഗത്തിന് ശക്തമായ, ദൃഢതയുള്ള അഭയം നൽകി സംരക്ഷിച്ചിട്ടുണ്ട്. (അമ്മച്ചിപ്ലാവിനെപ്പോലെ).
സുഡ്വാലയിൽ വിനോദസഞ്ചാരികൾക്ക് പലതരം സാഹസികയാത്രകൾ നടത്താൻ സൗകര്യമുണ്ട്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഗുഹാസന്ദർശനങ്ങൾക്കു പുറമേ മാസത്തിലൊരിക്കൽ അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള ‘ക്രിസ്റ്റൽ ടൂർ’ സന്ദർശകരെ 2000 മീറ്റർ ഗുഹായാത്രയ്ക്ക് കൊണ്ടുപോകും. ആര ഗൊനൈറ്റ് ക്രിസ്റ്റലുകളും ‘സുഡ്വാലാ സ്റ്റാറും’ തിളങ്ങുന്ന അവസാന ചേംബറിലാണ് ആ യാത്ര സമാപിക്കുക. ജോർജ്ജ് എന്ന സ്ഥലത്തെ ‘കാങ്ഗോ ഗുഹക’ളാണ് കൂടുതൽ പ്രശസ്തമെങ്കിലും സുഡ്വാലയും അതുപോലെ തന്നെ ചരിത്രപ്രധാനമായ ഒരു ഭൂതകാല സ്മാരകം തന്നെയാണ്.
ഞങ്ങൾ ഒരു അർദ്ധവൃത്തത്തിൽ സഞ്ചരിച്ച്, ദർബൻ വഴി ക്വാസുളു നറ്റാൽ പ്രവിശ്യയിലെത്തി. ദർബനിൽ പലതരം ഇന്ത്യൻ വംശജരെ കാണാം. മറീൻ പരേഡ് എന്ന കടലോര പ്രദർശനശാലയിൽ തലമുറകൾക്കു മുൻപേ ഇന്ത്യ വിട്ട് ദക്ഷിണാഫ്രിക്കയിൽ ‘കുടുങ്ങി’പ്പോയ ഇന്ത്യക്കാരുടെ നാലാം തലമുറയെയും അഞ്ചാം തലമുറയെയും കൺനിറയെ കാണാം. അവരിൽ ചിലരുമായി സംസാരിക്കാനും ഒരു പരിധി വരെ അടുത്തിടപഴകാനും ഞങ്ങൾ ശ്രമിച്ചു. അവരിൽ ചിലരെപ്പറ്റി ആ കാലത്തുതന്നെ ഞാൻ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരാൾ വിന്നി മൻഡേലയുടെ ഉറ്റ തോഴിയായിരുന്ന പ്രൊഫ. ഫാത്തിമാ മീറും മറ്റൊരാൾ ടൈംസിന്റെ ഇന്ത്യൻ വിഭാഗത്തിലെ പ്രധാന എഴുത്തുകാരനായിരുന്ന ദേവൻ നായർ എന്ന മലയാളിയുമായിരുന്നു.
(തുടരും)