ഞങ്ങളുടെ വട്ടോളി നാഷണൽ സ്‌കൂളിൽ ഒരു മനോഹരൻ മാഷ് ഉണ്ടായിരുന്നു, ലോക്ക്ഡൗൺ സമയത്താണ് റിട്ടയറായത്, അത് അച്ഛൻ പറഞ്ഞാണ് അറിഞ്ഞത്. പത്താം ക്ലാസിൽ ഹിസ്റ്ററി എടുത്തത് മാഷായിരുന്നു. ചതുരമുഖമാണ്, ഷർട്ട് ഇൻസേട്ട് ചെയ്തിരുന്ന അപൂർവം മാഷമ്മാരിൽ ഒരാൾ. പയ്യെ നടക്കുന്ന, സൗമ്യമായി സംസാരിക്കുന്ന ഒരു സാധു മാഷ്. ദൂരെ നിന്ന് കണ്ടാൽ പോലും ആ നടപ്പും വസ്ത്രധാരണരീതിയും കാരണം മാഷെ എളുപ്പം മനസിലാകും.
2004 -05 സമയം. അക്ബർ മാഷൊക്കെ (എഴുത്തുകാരൻ അക്ബർ കക്കട്ടിൽ) പഠിപ്പിക്കുന്ന സമയം. ഒൻപതാം ക്ലാസിൽ മലയാളത്തിന് അക്ബർ മാഷായിരുന്നു. തമാശകൾ പറഞ്ഞും, പൊട്ടിച്ചിരിച്ചുമൊക്കെ കഥകൾ വായിച്ചും ഓരോരുത്തരെക്കൊണ്ടും കഥകൾ വായിപ്പിച്ചുമൊക്കെയാണ് അക്ബർ മാഷിന്റെ ക്ലാസ്. കഥാപാത്രങ്ങളുടെ ഭാവവും വികാരവും അതേപടി ഉൾക്കൊണ്ട് കഥ വായിച്ചു തരുന്നതിൽ മാഷിന് പ്രത്യേക കഴിവായിരുന്നു, സ്‌നേഹക്കൂടുതൽ കൊണ്ട് ഞങ്ങൾ ചിലർ മറ്റ് കുട്ടികളോ എന്തിന് മാഷുപോലും അറിയാതെ "അക്കൂട്ടൻ' എന്ന ചെല്ലപ്പേര് മാഷിനിട്ടിരുന്നു. എഴുത്തുമൊക്കെയായി നടക്കുന്ന മാഷ് സ്ഥിരമായി ക്ലാസിൽ വരുമായിരുന്നില്ല; എങ്കിലും വരുന്ന ദിവസങ്ങൾ ഞങ്ങൾക്ക് സന്തോഷമുള്ളവയായിരുന്നു. അത്രയേറെ മാഷ് ഞങ്ങളെ ചിരിപ്പിച്ചിട്ടുണ്ട്, കഥകൾ പറഞ്ഞു തന്നിട്ടുണ്ട്. ദീനാമ്മ എന്ന കഥയിലെ "ദീനാമ്മേ' എന്ന നായകന്റെ വിളി അതേ വികാരത്തോടെ വായിച്ചു തരാൻ വേറെ ഏതുമാഷിന് പറ്റും?. അക്ബർ മാഷെക്കുറിച്ചെഴുതാൻ തുടങ്ങിയാൽ നീണ്ടുപോകും.
ഈ അനുഭവത്തിലെ നായകൻ മനോഹരൻ മാഷാണ്. ഞങ്ങളുടെ സ്‌കൂളിൽ യൂണിഫോമും നോട്ടുപുസ്തകങ്ങളും വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവ കൊടുക്കാനുള്ള ചുമതല മനോഹരൻ മാഷിനായിരുന്നു. ഞാൻ ആ സമയത്ത് ഒൻപതാം ക്ലാസിലാണ്. യൂണിഫോമോ നോട്ടുബുക്കോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒഴിവുസമയത്ത് മാഷെ ചെന്നുകാണാൻ അദ്ദേഹം ക്ലാസിൽ വന്നു പറയും.
അന്നും ഇന്നും വട്ടോളി സ്‌കൂളിൽ പഠിക്കുന്നവരിൽ വലിയ ശതമാനവും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശങ്ങളിലെയും, നാട്ടുമ്പുറങ്ങളിലെയും വീടുകളിൽ നിന്ന് വരുന്നവരായിരുന്നു. വയനാട്ടിലേക്ക് പോവുന്ന കുറ്റ്യാടി ചുരത്തിനുതാഴെയായി പരന്നു കിടക്കുന്ന കോഴിക്കോടിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളായ, വാഹന സൗകര്യം പോലും പരിമിതമായ കരിങ്ങാട്, പശുക്കടവ്, മരുതോങ്കര ഭാഗത്തു നിന്നൊക്കെയുള്ള കുട്ടികളായിരുന്നു അധികവും. അച്ഛനുമമ്മയും അന്നന്ന് പണിക്കുപോയാൽ മാത്രം കുടുംബം പുലർന്നുപോവുന്ന കൂലിപ്പണിക്കാരുടെയും, സ്ഥിരം തൊഴിലില്ലാത്തവരുടെയും മക്കൾ. അതറിയാവുന്നതുകൊണ്ടുതന്നെയാവണം സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിയൊക്കെ വരും മുൻപേ തങ്ങളുടെ സ്‌കൂളിലെ കുഞ്ഞുങ്ങൾ യൂണിഫോമിന്റെയും നോട്ടുപുസ്തകങ്ങളുടെയും കാര്യത്തിൽ സങ്കടപ്പെടരുതെന്ന് മാനേജ്‌മെന്റ് കരുതിപ്പോന്നത്.
അന്നും ഇന്നും 100 ശതമാനം വിജയം കാണിച്ച് നെഞ്ചുവിരിക്കാനിഷ്ടപ്പെടുന്ന, 10 പാസ്സാവുമെന്നുറപ്പുള്ള കുട്ടികൾക്കുമാത്രം എട്ടാം ക്ലാസിൽ അഡ്മിഷൻ കൊടുക്കുന്ന മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ചുപോന്ന/ചിന്തിച്ചുപോരുന്ന സ്‌കൂളാണത്, മിടുക്കരും, ആവറേജുകാരും, തോറ്റുപോവുന്നവരും എല്ലാം സ്‌കൂളിലുണ്ടായിരുന്നു, എല്ലാ കുട്ടികളെയും സമന്മാരായി കാണുന്ന അത്രയും സൗഹൃദാന്തരീക്ഷമുള്ള സ്‌കൂൾ. അത്ര സ്വാതന്ത്ര്യവും സൗഹൃദാന്തരീക്ഷവുമുള്ള സ്‌കൂളുകൾ ഇന്ന് ചുരുക്കമായേ കാണൂ. 10 -J ഡിവിഷൻ വരെയുണ്ടായിരുന്നു അന്ന്. 400 ഉം 500 ഉം കുട്ടികളാണ് ഒരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയെഴുതാറ്. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സിക്കിരുത്തുന്ന സ്‌കൂളുകളിലൊന്ന്, പാഠ്യ-പാഠ്യേതര രംഗത്തും മുന്നിലാണ്.
എനിക്ക് നല്ല ഓർമയുണ്ട്, കരീനാ കപൂറിന്റെയും, ഷാരൂഖ് ഖാന്റെയും ചിത്രമുള്ള വലിയ നോട്ടുപുസ്തങ്ങളും, നീലയും വെള്ളയും യൂണിഫോം തുണിയും എനിക്ക് മാഷൊരു കവറിലാക്കിയാണ് തന്നത്.
ഇല്ലായ്മ പുറത്തുപറയാതെ, ആകെയുള്ള ഒരു യൂണിഫോം അലക്കി ദിവസവും ഇട്ടു വരുന്നവരും, അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെയോ ചേട്ടന്റെയോ പഴയ യൂണിഫോം വാങ്ങിയിട്ടിട്ട് വരുന്നവരും നോട്ടുപുസ്തകങ്ങളില്ലാത്തവരും സ്‌കൂളിലുണ്ടായിരുന്നു. ആത്മാഭിമാനത്തെ കരുതി ആ കുട്ടികൾ പലപ്പോഴും ഇതൊന്നും പുറത്തുപറയില്ല. ഫ്രീ പിരീഡിലോ ഉച്ചസമയത്തോ ആവശ്യമുള്ള കുട്ടികൾ മനോഹരൻ മാഷെ പോയി കാണും. എന്താണോ ഇല്ലാത്തത്, അത് പറയും. മാഷത് നോട്ടുബുക്കിൽ എഴുതിവെക്കും, വാങ്ങാൻ ചെല്ലാനുള്ള ദിവസവും പറയും. കുട്ടികളുടെ ആത്മാഭിമാനത്തെക്കുറിച്ച് ബോധ്യമുള്ള മാഷ് യൂണിഫോം തുണിയുടെ സെറ്റും നോട്ടുപുസ്തകങ്ങളും പറഞ്ഞ സമയത്ത് മറ്റാരുമറിയാതെ കൊടുക്കും. അതും നല്ല ക്വാളിറ്റിയുള്ള തുണിയും 200 പേജുള്ള വലിയ നോട്ടുപുസ്തകങ്ങളും. കൊടുത്ത കാര്യം മാഷും കിട്ടിയകാര്യം കുട്ടിയും മാത്രമേ അറിയൂ.
മാനേജ്‌മെന്റും പി.ടി.എയും കൂടി സംഘടിപ്പിക്കുന്നതാണെങ്കിലും അത്ര സ്വകാര്യതയോടെ കൃത്യമായി കുട്ടികൾക്കെത്തിക്കാൻ മനോഹരൻ മാഷ്‌ക്ക് അറിയാമായിരുന്നു, ആ കുട്ടികളെ പിന്നീടുകണ്ടാൽ സഹതാപനോട്ടമൊന്നും മാഷിൽ നിന്നുണ്ടാവുകയില്ല.
എനിക്ക് നല്ല ഓർമയുണ്ട്, കരീനാ കപൂറിന്റെയും, ഷാരൂഖ് ഖാന്റെയും ചിത്രമുള്ള വലിയ നോട്ടുപുസ്തങ്ങളും, നീലയും വെള്ളയും യൂണിഫോം തുണിയും എനിക്ക് മാഷൊരു കവറിലാക്കിയാണ് തന്നത്. (ഇന്നും വീട്ടിലെ പഴയ പുസ്തകങ്ങൾ തപ്പിയാൽ ആ നോട്ടുപുസ്തകങ്ങൾ കിട്ടും). എന്നെ പഠിപ്പിച്ച മറ്റേതൊരു മാഷിന്റെയും ടീച്ചറിന്റെയും പേര് മറന്നാലും എന്റെ അമ്മ മനോഹരൻ മാഷിന്റെ പേര് മറക്കാത്തതിനും കാരണം മറ്റൊന്നല്ല. എന്റമ്മയ്ക്ക് മാഷ്, എനിക്ക് "യൂണിഫോമും നോട്ടും തന്ന മാഷ്' ആണ്.
കൊല്ലം പത്ത്- പതിനഞ്ചായി, ഒന്നാം ക്ലാസ് മുതൽ ഇപ്പോൾ പിഎച്ച്.ഡി വരെ എത്രയോ മാഷമ്മാരും ടീച്ചർമാരും ജീവിതത്തിലൂടെ സ്‌നേഹത്തോടെയും ദയയോടെയും അല്ലാതെയുമൊക്കെയായി കടന്നുപോയി... എന്നാലും ഇന്നും മാഷ്, സ്‌കൂൾ എന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ വരുന്നത് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളും മനോഹരൻ മാഷെയുമാണ്.
കുട്ടികളെ ജാതിയും കുടുംബ പശ്ചാത്തലവും നോക്കി വിലയിരുത്തുകയും പെരുമാറുകയും, മാർക്കിടുകയും ചെയ്യുന്ന, കുട്ടികളുടെ ആത്മാഭിമാനത്തിന് പുല്ലുവില പോലും കൊടുക്കാതെ അധ്യാപനം എന്ന തൊഴിലിനെ തരംതാഴ്ത്തുന്ന "അധ്യാപഹയൻമാർ' (അക്ബർ മാഷിന്റെ ഭാഷയിൽ) ക്കിടയിൽ നമുക്കുവേണ്ടത് മനോഹരൻ മാഷെപ്പോലുള്ള ഹൃദയവിശാലതയുള്ള, മനുഷ്യത്വമുള്ള മാഷമ്മാരെയും ടീച്ചർമാരെയുമാണ്.
ആ ജോലിയോട് കുറച്ചെങ്കിലും ബഹുമാനം ബാക്കിയാവുന്നത് മനോഹരൻ മാഷെപ്പോലുള്ള ന്യൂനപക്ഷം ഇന്നും ആ മേഖലയിലുള്ളതുകൊണ്ടു മാത്രമാണ്.
അധ്യാപകർ പഠിപ്പിക്കേണ്ടത് സിലബസ് പ്രകാരമുള്ള കാര്യങ്ങൾ മാത്രമല്ല, ദയയും, കരുണയും സഹാനുകമ്പയും മറ്റുള്ള മനുഷ്യരെ മനസ്സിലാക്കാനുള്ള ഹൃദയവിശാലതയും ഒക്കെക്കൂടിയാണ് എന്ന് ഞാൻ പഠിച്ചത് അവിടെ നിന്നാണ്. എന്നെ സംബന്ധിച്ച്, എന്റെ മാതൃകാ അധ്യാപകർ എപ്പോഴും കുട്ടികളെ അവരുടെ സാമൂഹ്യ-സാമ്പത്തിക-മാനസിക കാര്യങ്ങൾ മനസിലാക്കി അവർക്കൊപ്പം താങ്ങായി നിൽക്കാൻ കൂടി കഴിവുള്ളവരാണ്, പഠിച്ച സിലബസിലെ പാഠങ്ങൾക്കുമീതെയും പാഠങ്ങളുണ്ടന്ന് മനസ്സിലാക്കിത്തരുന്ന, ആ ജീവിതപാഠങ്ങൾ പഠിപ്പിച്ചു തരുന്ന, മാഷന്മാരും ടീച്ചർമാരും കൂടി നമുക്ക് വേണ്ടതുണ്ട്. ▮