എന്നു മുതലാണ് അഷ്‌റഫ് മലയാളി എന്റെ പ്രിയപ്പെട്ട സുഹൃത്തായതെന്ന് ഞാനിപ്പോൾ ആലോചിക്കുകയാണ്. ഞാൻ മാത്രമല്ല, എഴുത്തും പടംവരപ്പും പാട്ടും നടനവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഒരു പാടുപേർ ഇപ്പോൾ ഇങ്ങനെ അന്വേഷിക്കുന്നുണ്ടാവും. എല്ലാകാലത്തും പാലക്കാട്ടെ സാംസ്‌ക്കാരിക സംഗമങ്ങൾക്കിടക്ക് തോളിൽ ക്യാമറകൾ തൂക്കിയിട്ട് സ്‌നേഹസമ്പന്നമായ ചിരിയോടെ അഷ്‌റഫ് ഉണ്ടായിരിന്നു എന്നാണ് ഞാൻ കരുതുന്നത്. കാണുമ്പോൾ പറയും:
""അശോകേട്ടാ രണ്ടു ഫോട്ടോ എടുക്കാം.''
കഴിഞ്ഞദിവസം കണ്ടപ്പോൾ കുറേ എടുത്തതാണല്ലോ എന്ന് ഞാൻ ഓർക്കും. ഒറ്റക്കു മാത്രമല്ല; മറ്റ് സുഹൃത്തുക്കളേയും കൂട്ടി നിർത്തി പകർത്തും. എന്തിനാണ് ഇയാൾ എത്രയേറെ പടം പിടിക്കുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. തന്റെ മുന്നിലൂടെ കടന്നുപോകുന്ന കാലത്തെ ഇങ്ങനെ പകർത്തിവെക്കണമെന്ന വാശിയായിരുന്നു അഷ്‌റഫിന്. നേരത്തേ വിട്ടു പോകുന്നവർ ഒരുപാട് തിടുക്കം കാണിക്കുമല്ലോ.
പാലക്കാട് എന്ന അയൽ ജില്ല പല കാലത്തും പലതായിരുന്നു എനിക്ക്. കൊടുങ്ങല്ലൂരിലേക്ക് വരുന്ന വെളിച്ചപ്പാടുമാർ. പാടത്തു പണിക്കു വേണ്ടി കാളവണ്ടിയിൽ വരുന്ന ചാരം. കുട്ടിക്കാലത്ത് സ്‌കൂളിൽ നിന്നു പോയിക്കണ്ട മലമ്പുഴ അണക്കെട്ട്. കോട്ട. വെയിൽ. നല്ലരിച്ചോറ്. ഖസാക്കിലെ അള്ളാപ്പിച്ച മൊല്ലാക്ക. എം. സുകുമാരന്റെ കഥയിലെ വെള്ളതേച്ച ചുമരുകളും വേപ്പിൻകായകളും. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കോമ്രേഡ് അപ്പുണ്യാര്. ഈയിടെയായി അഷ്‌റഫ് ആണ് പ്രതീകം. ഹൃദ്യമായ ആ ചിരി തന്നെ മുഖ്യം. പിന്നെ അയാളുടെ പതിഞ്ഞ വർത്തമാനവും.
അഷ്‌റഫ് എടുത്ത ഒരുപാട് ചിത്രങ്ങൾ എന്റെ ഡിവൈസുകളിലുണ്ട്. അസാമാന്യവും വേറിട്ടതുമായ കാഴ്ചയായിരുന്നു ആ കാമറയുടേത്. ഇരുട്ടിന്റെയും വെളിച്ചത്തിന്റേയും, നിറങ്ങളുടേയും മികച്ച വിന്യാസങ്ങൾ. മനുഷ്യരെ നേരിൽ നോക്കുന്നതിലേറെ നമ്മൾ അവരെ പകർത്തിയ ആ ഫോട്ടോകളിലേക്ക് നോക്കിയിരുന്നു പോകും. അഷ്‌റഫിന്റെ കാമറയിൽ കലർപ്പില്ലാത്ത സ്‌നേഹം പ്രവർത്തിച്ചിരുന്നു. എഴുത്തുകാരുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ അവരുടെ എഴുത്ത് നമ്മുടെ ഓർമ്മയിലേക്ക് ഇരച്ചെത്തും.
എടുത്തു കൂട്ടുന്ന ചിത്രങ്ങൾ അഷ്‌റഫിന് തന്റെ സർഗ്ഗാത്മക സമരങ്ങൾക്കുള്ള ഉപാധിയും ഉപകരണവുമായിരുന്നു. എത്ര വിവേകത്തോടെയും വീറോടെയുമാണ് ജനാധിപത്യത്തിനും മതേതരത്വത്തിനു വേണ്ടി നടന്ന സമരങ്ങളിൽ അഷ്‌റഫ് പങ്കുചേർന്നത്! ഓർക്കാപ്പുറത്തുള്ള ആ മരണം ഉണ്ടാക്കുന്ന നഷ്ടം എത്ര വലുതാണ് എന്ന് നമ്മൾ അറിയാനിരിക്കുന്നതേ ഉള്ളു. വാക്കുകളെ അന്വേഷിച്ച് കണ്ടെടുത്ത് ഡിസൈൻ ചെയ്ത് തന്റെ പോസ്റ്ററിലിട്ട് ഇടിമുഴക്കമാക്കാനുള്ള വൈഭവം അഷ്‌റഫിനുണ്ടായിരുന്നു. ഉചിതമായ ആശയങ്ങൾക്കും മൊഴികൾക്കും കാവ്യശകലങ്ങൾക്കും വേണ്ടിയുള്ള ആ അന്വേഷണം ഒരു നിതാന്ത ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. ഈ ലേഖകൻ ഇടക്ക് ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും എഴുതുന്നയാളാണ്. പക്ഷേ സാധാരണ മട്ടിലുള്ള എന്റെ എഴുത്തിനെ എഡിറ്റ് ചെയ്ത് മൂർച്ചപ്പെടുത്തി ലോകത്തിന്റെ മുമ്പാകെ എത്തിച്ചിട്ടുള്ളത് അഷ്‌റഫാണ്.
സാധാരണ ഫോട്ടോഗ്രാഫർമാർ രൂപങ്ങളിലാണ് (പ്രകൃതി, ശരീരം) ആകൃഷ്ടരാവുക പതിവ്. ഈ ഫോട്ടോഗ്രാഫർ അതിനൊപ്പം ഒരുപക്ഷേ അതിനേക്കാളേറെ എഴുത്തിനെ പരിഗണിച്ചിരുന്നു. അസാമാന്യ വായനക്കാരനും കലാസ്വാദകനുമാണ് അഷ്‌റഫ്. അതുകൊണ്ടാണ് സാംസ്‌കാരികവേദികളുടെ അവിഭാജ്യ സാന്നിധ്യമായി അദ്ദേഹം ഉണ്ടായിരുന്നത്. കവിതയാണ് അഷ്‌റഫിന് ഏറെ പ്രിയം എന്നു തോന്നുന്നു. അഷ്‌റഫിന്റെ പോസ്റ്ററുകളിൽ കയറിപ്പറ്റാൻ യോഗ്യത നേടുക എന്നതായിരുന്നു ഇക്കാലത്തെ കവികൾക്കു മുന്നിലെ ഒരു വെല്ലുവിളി. അവിടെയും അന്വേഷണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയം (നീതിബോധവും) കൃത്യവും വ്യക്തവുമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടുത്ത കാലത്ത് എഴുതിയിരുന്നത് അഷ്‌റഫ് ഉണ്ടല്ലോ എന്ന വിചാരത്തോടെയും ആശ്വാസത്തോടെയും ആയിരുന്നു എന്നു തോന്നുന്നു. മികച്ച ഒരു പറ്റം കുറുങ്കവിതകളാണ് അങ്ങനെ ഭാഷക്ക് വീണു കിട്ടിയത്.
ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന് അഷ്‌റഫ് മലയാളി എന്നും വലിയ അവലംബമായിരുന്നു. കോവിഡ് അടച്ചിരിപ്പിന്റെ കാലത്ത് സംഘത്തിന്റെ പ്രവർത്തനം മിക്കവാറും ഓൺലൈനിൽ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചായിരുന്നു. കേരളത്തിൽ അങ്ങോളമുള്ള ഒരു സംഘം യുവാക്കളാണ് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഏറ്റവും മികച്ച സംഭാവന അക്കാര്യത്തിൽ അഷ്‌റഫിന്റേതായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാളുകളിൽ ഇന്ത്യക്ക് മാതൃകയായ ഇടതുപക്ഷ ബദൽ കേരളത്തിൽ തുടരണം എന്നാഗ്രഹിച്ച സാംസ്‌കാരിക പ്രവർത്തകരുടെ മുൻനിരയിൽ അഷ്‌റഫ് ഉണ്ടായിരുന്നു. തൃത്താലയിൽ എം.ബി.രാജേഷിന്റെ വിജയത്തിൽ വലിയ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി. എ.കെ.ജി. സ്മരണയെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ പരാജയം അഷ്‌റഫ് ഏറെ ആഗ്രഹിച്ചിരുന്നു.
ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയിൽ വ്യക്തിപരമായി നമുക്കുണ്ടായ നഷ്ടം മനസ്സിൽ കരഞ്ഞു തീർക്കാമായിരിക്കും. പക്ഷേ അഷ്‌റഫ് മലയാളിയില്ലാതെയുള്ള നമ്മുടെ യാത്ര അപൂർണമായിരിക്കും.