ഗ്രേസി

ഒരു കൂൺ ജീവിതത്തിന്റെ കഥ

ന്റെ യൗവനകാലത്ത് കുഞ്ഞുങ്ങളോട് എനിക്കത്ര മമതയൊന്നും ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞ് വയറ്റിലൂറിയപ്പോഴാകട്ടെ ചർദ്ദിച്ച് വശംകെട്ട് ഒരു വിരക്തിതന്നെ ഉണ്ടായി. ഛർദ്ദിലിന്റേയും വിയർപ്പിന്റേയും മണം കൂടിക്കുഴയുമ്പോൾ ഗർഭിണികൾക്ക് പൂച്ചയുടെ ഗന്ധമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്വയം വെറുത്ത് എനിക്ക് മരിച്ചാൽ മതിയെന്ന് ഞാൻ പല്ല് ഞെരിച്ചു. അപ്പോൾ നീ പുറംലോകം കാണുകയില്ല, ഞാൻ കുഞ്ഞിനോട് പറഞ്ഞു. ഗർഭപാത്രത്തിനകത്ത് കിടക്കുമ്പോൾ നീ ജ്ഞാനിയാണ്. മുജ്ജന്മസ്മൃതികളൊക്കെയും നിന്റെയുള്ളിൽ തെളിഞ്ഞ് കത്തും. പുറംലോകത്തിലെ വെളിച്ചത്തിന്റെ മൂർച്ച നിന്റെ കണ്ണുകളിൽ തറച്ച് കയറുമ്പോൾ നീ കണ്ണ് ചിമ്മും. ആ ഒരൊറ്റ ചിമ്മലിൽ എല്ലാ സ്മൃതികളും നിന്നെ കൈവെടിയും. പിന്നെ നീ വെറുമൊരു ജീവി മാത്രമാകും.

എന്നിട്ടും വെളിച്ചത്തിലത്രയും ഇരുട്ടാണെന്ന് കണ്ടെത്താൻ മകൾ പുറത്തുവന്നു. നിർമ്മമതയോടെ അവളെ നോക്കിയ എന്റെ കണ്ണുകളിൽ അവൾ ഒരു അത്ഭുത ജീവിയായി. ഞാനവളെ ഈ ഭൂമിയിലെ മറ്റെന്തിനെക്കാളും സ്‌നേഹിക്കാൻ തുടങ്ങി. അവൾ വളരുന്തോറും ഞങ്ങൾ ആത്മസഖികളായി പരിണമിച്ചു. പുറമേയ്ക്ക് എന്തൊക്കെ ഭാവിച്ചാലും ജാതിചിന്തയുടെ മുൾവേലിക്കുള്ളിൽത്തന്നെയായിരുന്നു എന്റെ ജീവിതം. ഭർത്തൃഗൃഹത്തേക്കാൾ സമ്പന്നമായ ഒരു വീട്ടിൽ നിന്ന് വന്നതുകൊണ്ട് പുതിയ ജീവിതശൈലിയുമായി ഇണങ്ങിച്ചേരാനും ഞാൻ നന്നേ വിഷമിച്ചു. നിസ്സഹായതകൊണ്ട് എന്റെയും മകളുടെയും പരസ്പരാശ്രിതത്വം ഏറി.

അയാളോടൊപ്പം കാറിൽ കയറിപ്പോകുമ്പോൾ മകൾ ഒരു നെടുവീർപ്പോടെ പറഞ്ഞു. ഓ! അമ്മേ! എത്ര അകലേയ്ക്കാണ് നിങ്ങളെന്നെ പറഞ്ഞയയ്ക്കുന്നത്! കണ്ണീരൊളിപ്പിച്ച് ഞാൻ പറഞ്ഞു. അങ്ങനെയൊക്കെയാണ് ജീവിതം!

ഞങ്ങളുടെ ഇടയിൽ പങ്കുവയ്ക്കാനാവാത്തതായി ഒന്നുമുണ്ടായിരുന്നില്ല. യൗവനംവന്നുദിച്ചപ്പോൾ മകൾക്ക് ഒരു കവിതക്കാരനോട് നനുത്തൊരു കൗതുകം തോന്നി. ഞാനവനെ വീട്ടിലേയ്ക്ക് വിളിച്ചു. ചായ കുടിച്ചും ഉപ്പേരി കൊറിച്ചും അവർക്ക് സംസാരിക്കാനവസരമുണ്ടാക്കി. ഒന്നാം വരവിൽ അവൻ മടങ്ങിയപ്പോൾ, മകൾ ചിരിച്ചു. അവൻ എന്റെ കാമുകനല്ല! രണ്ടാംവരവിൽ അവൾ ചിന്താവിഷ്ടയായി. അവൻ എന്റെ കൂട്ടുകാരനല്ല! മൂന്നാം വരവിൽ മകൾ സഹതപിച്ചു. അവൻ ഒരു പരിചയക്കാരൻ പോലുമല്ല!

ടി.ആറിനും, കെ.സി നാരായണനുമൊപ്പം ഗ്രേസി
ടി.ആറിനും, കെ.സി നാരായണനുമൊപ്പം ഗ്രേസി

അതുകൊണ്ട് ഞാൻ അമ്മമാരോട് പറഞ്ഞു. നിങ്ങളുടെ കുട്ടി പ്രണയത്തിലാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കൂ. അവർക്ക് അടുത്തിടപഴകാനുള്ള അവസരം കൊടുക്കൂ. അവർ സ്വയം കണ്ടെത്തട്ടെ!

എന്റെ മകള് പിന്നെ ചരിത്രത്തിന്റെ ഇടവഴിയിൽ അലഞ്ഞ് തിരിഞ്ഞ് ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്ക് കൊണ്ടുവന്ന് എന്റെ ഉള്ളം കൈയിൽ വച്ച് ചാരിതാർത്ഥ്യത്തോടെ ചിരിച്ചു. പക്ഷേ, മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു. ഞങ്ങൾ സായാഹ്നങ്ങളിൽ ചെറുയാത്രകൾ നടത്തി. ഒരുമിച്ച് സിനിമ കണ്ടു. റസ്റ്റോറന്റുകളിൽ കയറി ചായകുടിച്ചു. നൃത്തസംഗീത നിശകൾ ആസ്വദിച്ചു. ഞങ്ങളങ്ങനെ കൂടുതൽ ഇഴുക്കമുള്ളവരായി. ഇനിയൊരു സ്‌നേഹത്തിന് ഞങ്ങളുടെ ഇടയിൽ എങ്ങനെ വേരോടാൻ കഴിയും എന്ന് വേവലാതിപ്പെട്ടു. പക്ഷേ, വൈകാതെ റഷ്യൻ കുട്ടിക്കഥയിൽ ഓരോരുത്തർ വന്നെത്തുമ്പോൾ വിടർന്ന് വിടർന്ന് വരുന്ന കൂണ് ജീവിതത്തിന്റെ തന്നെ പ്രതീകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ കടന്നുവന്ന് കൂണിന്റെ ചുവട്ടിലെ സ്‌നേഹത്തിന്റെ ഭൂമിക വിശാലമാക്കി. അയാളോടൊപ്പം കാറിൽ കയറിപ്പോകുമ്പോൾ മകൾ ഒരു നെടുവീർപ്പോടെ പറഞ്ഞു. ഓ! അമ്മേ! എത്ര അകലേയ്ക്കാണ് നിങ്ങളെന്നെ പറഞ്ഞയയ്ക്കുന്നത്! കണ്ണീരൊളിപ്പിച്ച് ഞാൻ പറഞ്ഞു. അങ്ങനെയൊക്കെയാണ് ജീവിതം!

എട്ട് മാസം കിടക്കയിൽ കഴിച്ചുകൂട്ടാൻ അവൾ എത്തിച്ചേർന്നപ്പോൾ ഞാനവൾക്ക് കൂട്ടിരുന്നു. ഞങ്ങളുടെ കൊച്ചുവീട്ടിൽ എല്ലായ്‌പ്പോഴും സംഗീതം ഒഴുകി നടന്നു. ഇടയ്ക്കിടെ കുഞ്ഞിന്റെ ചലനം നിലച്ചോ എന്ന് വേവലാതി പങ്കുവെച്ച് ആശുപത്രിയിലേയ്ക്ക് പാഞ്ഞു. ഒരു പ്രതിസന്ധിയിലും തുണയ്‌ക്കേണ്ടവൻ ഒപ്പമുണ്ടാകുകയില്ലെന്ന അതിശയിപ്പിക്കുന്ന യാദൃശ്ചികതയിൽ മകളുടെ പ്രസവസമയത്തും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടര കിലോ പോലും തൂക്കമില്ലാത്ത ഗോതമ്പ് നിറമുള്ള ഒരു പെൺ കുഞ്ഞിന്റെ ഇളംശരീരം എന്റെ കൈയിലിരുന്ന് വിറച്ചു.

തുടർന്ന് വന്ന ഏഴ് കൊല്ലം ഞാൻ വേറൊരു ലോകത്തായിരുന്നു. വയറ് നിറയെ മുലപ്പാൽ കുടിക്കാനില്ലാത്തതുകൊണ്ട് ഞാൻ പേരക്കുട്ടിക്ക് പൊടിപ്പാൽ കൊടുത്തു. എത്ര പരിചരിച്ചിട്ടും തൂക്കം കൂടാത്തതുകൊണ്ട് കുഞ്ഞിനെ ഒരാഴ്ച ആശുപത്രിയിലാക്കേണ്ടിവന്നു. അവൾ കമിഴ്ന്ന് മുട്ടുകുത്തി കിടക്കുന്നത് ചില്ല് മറയിലൂടെ കണ്ട് നെഞ്ച് കലങ്ങി മുറിയിലെത്തിയ ഞാൻ മകളെ ആശ്വസിപ്പിച്ചു. കാറോടിച്ച് വീട്ടിലെത്തി ഭക്ഷണമുണ്ടാക്കി മകൾക്കെത്തിച്ചു. ഇത്തിരി തൂക്കംകൂടിയ കുഞ്ഞിനെയും കൊണ്ട് വീട്ടിൽ മടങ്ങിയെത്തിയ ഞാൻ ആദ്യം കണ്ണൻ കായ പൊടിച്ചും പിന്നെ നേന്ത്രക്കായ പൊടിച്ചും കരുപ്പെട്ടിച്ചക്കര ചേർത്ത് കുറുക്കുണ്ടാക്കിക്കൊടുത്തു.

കഥയെഴുത്തുകാരിയായിരുന്നു എന്നും അവ്യക്തമായൊരു ഓർമ്മവന്ന് എന്നെ മുറിപ്പെടുത്തി. അക്ഷരങ്ങളുടെ വെളിച്ചമില്ലാതെ എന്റെ ജീവിതം ഇരുളിലാണ്ടു.

മകളുടെ ജോലിസ്ഥലത്ത് വാടകയ്ക്ക് കിട്ടിയ വീട് പഴക്കം ചെന്നതായിരുന്നു. ഉറുമ്പുകളുടേയും പലതരം പ്രാണികളുടെയും അധിനിവേശത്തിനെതിരെ ഞാൻ സദാസമരം ചെയ്തു. രാത്രിയിൽ കുഞ്ഞിനെ അവയെങ്ങാനും കടിച്ചാലോ എന്ന് ഭയന്നു. ഞാൻ കണ്ണടവച്ച് ഉറങ്ങാൻ ശീലിച്ചു. കൂടെക്കൂടെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് മെത്തയിൽ വിദഗ്ധ പരിശോധന നടത്തി. ചില പാതിരാത്രികളിൽ കുത്തിയിരുന്ന് ഞാൻ ആരാണെന്ന് ഓർക്കാൻ ശ്രമിച്ചു. ഇടയ്‌ക്കൊക്കെ, എനിക്ക് വേറൊരു ജന്മമുണ്ടായിരുന്നു എന്നും അക്കാലത്ത് ഞാനൊരു കഥയെഴുത്തുകാരിയായിരുന്നു എന്നും അവ്യക്തമായൊരു ഓർമ്മവന്ന് എന്നെ മുറിപ്പെടുത്തി. അക്ഷരങ്ങളുടെ വെളിച്ചമില്ലാതെ എന്റെ ജീവിതം ഇരുളിലാണ്ടു.

ഒരിക്കൽ ആരോ ദയാപൂർവ്വം മറന്നുവെച്ച ഒരു പെൺമാസിക കണ്ണിലുടക്കിയപ്പോൾ ഞാനത് കൈയിലെടുത്തു. താളുകൾ മറിച്ചപ്പോൾ ഒരെഴുത്തുകാരിയുടെ കഥകണ്ട് മോഹിതയായി ഇതിലേയ്ക്കിറങ്ങിച്ചെന്നു. വായിക്കാൻ തുടങ്ങിയാൽ ആകാശമിടിഞ്ഞ് തലയിൽ വീണാലും അറിയാത്ത പ്രകൃതം ഒരു നിമിഷത്തേയ്ക്ക് എന്നെ ചുറ്റിപ്പിടിച്ചു. ഒന്നരവയസ്സുകാരി ആ നേരംകൊണ്ട് സെറ്റിയിൽ പിടിച്ച് കയറി സ്വിച്ചമർത്തുന്നത് കണ്ട് ഞാൻ ചാടിയെഴുന്നേറ്റപ്പോഴേയ്ക്കും തലകുത്തി തറയിൽ വീണ് കഴിഞ്ഞിരുന്നു. തലയിലെ ചെറുനാരങ്ങമുഴ എന്നെ കുറ്റബോധത്തിൽ നീറ്റി. അതിനുശേഷം അക്ഷരങ്ങൾ മുന്നിൽവന്നുപെട്ടാൽ ഞാൻ ഓടിയൊളിക്കുക പതിവായി. ഒടുവിൽ ഞാൻ എത്തിച്ചേർന്നത് താൻചത്ത് മീൻപിടിക്കുന്ന പഴഞ്ചൊല്ലിലാണ്. നട്ടെല്ലിലെ ഓപ്പറേഷന് ശേഷം കരുതലോടെ കഴിയേണ്ടിയിരുന്ന ഞാൻ കിടപ്പിലായി. മകളുടെ കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥയായ അമ്മായിയമ്മയ്ക്ക് രണ്ടുമാസം അവധിയെടുക്കേണ്ടി വന്നു. മലപ്പുറത്തെ കുഞ്ഞാലൻ ഗുരുക്കളുടെ ആയുർവേദാശുപത്രിയിൽ 37 ദിവസം കിടന്ന് പലവിധ ചികിത്സാക്രമത്തിൽക്കൂടിയാണ് ഞാൻ ആരോഗ്യം ഒട്ടൊക്കെ വീണ്ടെടുത്തത്.

മകളും ഭർത്താവും കൂടി ഒരു വീട് വാങ്ങി പുതുക്കിയെടുത്തപ്പോൾ ഞങ്ങൾ അവിടെ താമസം തുടങ്ങി. കുഞ്ഞ് എൽ.കെ.ജിയിൽ ചേർന്നു. സ്‌കൂളിൽ നിന്ന് അവൾ മടങ്ങിവന്ന് എന്തെങ്കിലും കഴിച്ച് വിശ്രമിക്കുമ്പോൾ ഞാൻ ക്ലാസിലെ വിശേഷങ്ങളൊക്കെ ചോദിച്ചറിയും. തുമ്പും വാലുമില്ലാത്ത വാചകങ്ങൾ കേട്ട് ഞാൻ തലകുലുക്കും. ഒരിക്കൽ അവൾ നിഷ്‌കളങ്കമായി പുറത്തെടുത്ത ഒരു ചോദ്യംകേട്ട് ഞാൻ ഞെട്ടിപ്പോയി. നമ്മൾ അമ്പലംകാരോ പള്ളിക്കാരോ അമ്മമ്മാ? ക്ലാസിലെ ഒരു കുട്ടി ചോദിച്ച ചോദ്യത്തിന് അവൾക്കൊരു മറുപടി വേണം. അവളെ മടിയിലെടുത്ത് വച്ച് ഞാൻ ഖേദത്തോടെ പറഞ്ഞു. നമ്മൾ അമ്പലംകാരോ പള്ളിക്കാരോ അല്ല! വെറും മനുഷ്യരാ!

ചങ്ങനാശ്ശേരിയിലെ ഇടവഴികളുടെ നിഗൂഢത മോഹിപ്പിക്കുന്നതായിരുന്നു. വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ പേരക്കുട്ടിക്ക് ഞാൻ പലതരം ചെടികളെ പരിചയപ്പെടുത്തി. പക്ഷികളുടെ പേര് പറഞ്ഞുകൊടുത്തു. ഒരു നാലു വയസ്സുകാരിക്ക് പ്രകൃതിയെക്കുറിച്ച് ചില അറിവ് പകർന്നുകൊടുക്കാനുള്ള ശ്രമമായിരുന്നു അത്. അതിലുപരി സ്വന്തം ഭൂതകാലത്തിലേയ്ക്ക് ഒരു തൂക്കുപാലം പണിയുകയായിരുന്നു ഞാൻ. പക്ഷേ പാതിവഴിയെത്തിയപ്പോഴേയ്ക്ക് രണ്ടാമതൊരാൾ പ്രത്യക്ഷപ്പെട്ടു. മൂന്നരക്കിലോ ഭാരവുമായി അമ്മയെ ഏറെ കരയിച്ചാണ് അവൻ ഭൂമിയിലേയ്ക്ക് വന്നത്. എന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മകളുടെ പ്രസവശുശ്രൂഷ ഭർത്തൃഗൃഹത്തിലായിരുന്നു. അവന് വേണ്ടത്ര പരിചരണം കിട്ടാഞ്ഞിട്ടാവണം പുലിപോലെ വന്നവൻ എലിപോലെയാണ് ചങ്ങനാശ്ശേരിയിലെത്തിയത്. അവനെ പരിചരിക്കാനുള്ള ആരോഗ്യമില്ലാതെ പോയതോർത്ത് എത്രയോ രാത്രികളിൽ ഉറങ്ങാനാവാതെ ഞാൻ കഴിച്ചുകൂട്ടിയിട്ടുണ്ടെന്നോ! മനുഷ്യശിശുവിനെ മാത്രം പ്രകൃതി ഇത്രമേൽ നിസ്സഹായനാക്കി മെനഞ്ഞെടുത്തതെന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല!

മുറിഞ്ഞ് മുറിഞ്ഞ് ഇഴയുന്ന എന്റെ എഴുത്ത് ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഒരു ചോദ്യം മുരൾച്ചയോടെ വന്ന് നെഞ്ചിൽ തറയ്ക്കാറുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകൾകക്ക് മാത്രം സ്വന്തം സർഗാത്മക ജീവിതം ഇങ്ങനെ കുരുതി കൊടുക്കേണ്ടിവരുന്നത്?

കയ്പും മധുരവും കലർന്ന ആ നാളുകൾ ഞാനെങ്ങനെയോ താണ്ടി. തിരിഞ്ഞ് നോക്കുമ്പോൾ എൻ. എൻ കക്കാടിന്റെ കവിതയിലെ തൃണാവത്ത ശരീരം ഓർമ്മവരും. ഇന്റർയൂണിവേഴ്‌സിറ്റി ട്രാൻസ്ഫർ വീണ്ടും പ്രാബല്യത്തിൽ വന്നപ്പോൾ മകൾക്ക് തിരുവനന്തപുരത്തെ ഒരു കോളജിലേയ്ക്ക് മാറ്റമായി. കുഞ്ഞുങ്ങളെ കാക്കപ്പാകവും പരുന്തിൻ പാകവും കഴിയുന്നതുവരെ പരിപാലിച്ചുവല്ലൊ എന്ന് സമാധാനിച്ച് ഞാൻ ആലുവയിലെ വീട്ടിലേയ്ക്ക് മടങ്ങി.

മുറിഞ്ഞ് മുറിഞ്ഞ് ഇഴയുന്ന എന്റെ എഴുത്ത് ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഒരു ചോദ്യം മുരൾച്ചയോടെ വന്ന് നെഞ്ചിൽ തറയ്ക്കാറുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകൾകക്ക് മാത്രം സ്വന്തം സർഗാത്മക ജീവിതം ഇങ്ങനെ കുരുതി കൊടുക്കേണ്ടിവരുന്നത്? ഞാൻ നിശ്ശബ്ദയായിരുന്നപ്പോൾ ചില വായനക്കാരെങ്കിലും ഗ്രേസി എന്ന എഴുത്തുകാരി എവിടെയാണ് മാഞ്ഞ് പോയത് എന്ന് ഖേദിച്ചിട്ടുണ്ട്. എന്നാൽ എന്റെ ഭർത്താവിനെ അതൊന്നും അലട്ടിയിട്ടേയില്ല! ഒരു കൈകൊണ്ട് തൊട്ടിലാട്ടി മറുകൈ കൊണ്ട് എഴുതിയ ലളിതാംബിക അന്തർജനത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച വായനക്കാരുണ്ട്. അന്തർജനത്തിന് പ്രസവിക്കാനുള്ള ചെറുപ്പം ഉണ്ടായിരുന്നു എന്ന് ഞാൻ അവരോട് ചിരിച്ചു. മകളുടെ കുഞ്ഞുങ്ങളെ വളർത്താൻ എഴുത്ത് ജീവിതം കുരുതികൊടുത്തതിൽ കൂട്ടുകാരായ ചില എഴുത്തുകാർ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന് ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന ഭാര്യയുടെ ജീവിതത്തിൽ ആഴ്ചയിലൊരിക്കൽ ഒന്ന് മിന്നിത്തെളിഞ്ഞ് മടങ്ങിപ്പോകാനല്ലേ കഴിയൂ? യുവതിയായ ഒരമ്മയേയും രണ്ട് പൊടിക്കുഞ്ഞുങ്ങളേയും ഒറ്റയ്ക്കാക്കി ഞാനെന്റെ സർഗാത്മക ജീവിതത്തിന്റെ പിറകേ അലയുന്നത് എത്ര മനുഷ്യത്വമില്ലായ്മയായിപ്പോകും!▮


ഗ്രേസി

കഥാകൃത്ത്, അധ്യാപിക. പടിയിറങ്ങിപ്പോയ പാർവ്വതി, ഭ്രാന്തൻപൂക്കൾ, കാവേരിയുടെ നേര്, മൂത്രത്തീക്കര, ഗ്രേസിയുടെ കഥകൾ, വാഴ്ത്തപ്പെട്ട പൂച്ച, പറക്കും കാശ്യപ്, രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും, പനിക്കണ്ണ് തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments