മലങ്കാട്- 6
വലിയ കങ്കാണിമാര്‍ രാവിലെ ഉണരും. അതിന് മുമ്പേ ചെറിയ കങ്കാണിമാര്‍ മല്‍സരിച്ചുണരും. വില്യംസ്, ക്ലാര്‍ക്ക്, റോച്ചല്‍, മോര്‍ഗന്‍ , എഡ്വാര്‍ഡ് തുടങ്ങിയ സായിപ്പന്‍മാരും അവരുടെ സില്‍ബന്ധികളും ആ പാതയില്‍ തന്നെ തുടരും. എസ്റ്റേറ്റുകളിലേക്കുള്ള പാത പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ആ ഒരു പാത കൊണ്ടു മാത്രം മുകളിലേക്ക് കടക്കാന്‍ കഴിയില്ല എന്ന് പ്ലാന്റര്‍മാര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഡേവിഡ് ബട്‌ലര്‍, വില്യം, ഹെന്‍ട്രി എലൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍മറ്റൊരു സ്ഥലത്ത് പാത പണി തുടരുകയാണ്. സായിപ്പമാരും കങ്കാണിമാരും മറ്റു കൂട്ടങ്ങളും അവിടെയുമുണ്ട്. എസ്റ്റേറ്റ് ജനങ്ങള്‍ക്ക് എല്ലാ കാലത്തും ഒരേപോലെയാണല്ലോ ജീവിതം. ബ്രിട്ടീഷുകാരുടെ ആധിപത്യകാലം അവരെ അടിമത്തൊഴിലാളികളായി മാറ്റിക്കഴിഞ്ഞു.
ഇതിനിടെ, മരുതുവിനെയും വേലുവിനെയും കാണാതായി. ‘സായിപ്പമാര്‍ അടിച്ചു കൊന്നുകളഞ്ഞോ?’, അലമേലു അലറി വിളിച്ചു. മരുതുവിനെ കണ്ട നാള്‍ മുതല്‍ മനസുകൊണ്ട് അയാളുടെ കൂട്ടായിയിരുന്നു അവള്‍. കണ്ണനും ചൊക്കനും കാളിയമ്മാവും തൊട്ടിച്ചിയും അലമേലുവെ സമാധാനിപ്പിച്ചു. കങ്കാണിമാരില്‍ അല്‍പ്പം മനഃസാക്ഷിയും മനുഷ്യപ്പറ്റുമുള്ള നല്ലന്‍ കങ്കാണി പറഞ്ഞു, ‘പേടിക്കാന്‍ ഒന്നുമില്ല, മരുതുവുക്കു ഒന്നുമില്ല.’
മരുതുവും അലമേലുവും വന്തവാസിയില്‍ നിന്ന് മല കയറിയവരാണ്. 11ാം വയസ്സില്‍ തന്നെ കുടുംബഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍. എല്ലപ്പന്‍ കങ്കാണിയും പെരുമാള്‍ കങ്കാണിയുമാണ് അവരുടെ തലവന്‍മാര്‍. 1860-കളില്‍ വന്ന തൊഴിലാളി കൂട്ടങ്ങള്‍ പല ഘട്ടങ്ങളായി തിരിച്ചു പോയി. ഏറെയും തിരുവിതാംകൂറിലെ അടിമകളാണ് ഇവിടെ എത്തിപ്പെട്ടത്. ഭൂരിഭാഗവും നിലമില്ലാത്തവരും ജന്‍മികളുടെ അടിമകളുമായിരുന്നു. അന്ന് ഇതൊരു കൊടുങ്കാടായിരുന്നു. അതുകൊണ്ട് ആരു വരുന്നു ആരു പോകുന്നു എന്ന് ആര്‍ക്കും അറിയില്ല. ആ കാലഘട്ടത്തിലാണ് അടിമക്കച്ചവടം നടന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷ് നികുതിയുടെ കൊടുംപിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അടിമകളെ കൊടുത്തു. ആ അടിമകളെ കൊണ്ടാണ് പലയിടങ്ങളിലും സായിപ്പന്മാർ പ്ലാന്റേഷന്‍ രൂപപ്പെടുത്തിയെടുത്തത്. കൂട്ടത്തോടെ വന്നവര്‍ സായിപ്പന്‍മാരോടു കലഹിച്ച് കാട്ടിനുള്ളിൽ വഴികള്‍ കണ്ടെത്തി രക്ഷപ്പെട്ടു.
കര്‍ക്കിടകം മുതല്‍ തുലാം വരെ തോരാത്ത മഴ പെയ്തു. കാട്ടു കമ്പിളി ചുറ്റി തൊഴിലാളികൾ വിറച്ചുകഴിഞ്ഞു. നേരത്തെ പണം വാങ്ങിയതുകൊണ്ട് എല്ലാ തൊഴിലാളികളും ആ കടം തീർക്കുന്നതിന് പണിയെടുക്കാന്‍ നിര്‍ബന്ധിതരായി.
പുലിയും കാട്ടുപോത്തും മറ്റു വന്യജീവികളും മാത്രം പാര്‍ത്തിരുന്ന കാട്. ഇവിടെ വിരലിലെണ്ണാവുന്ന മനുഷ്യർ മാത്രം. അവര്‍ക്ക് പുലിയെയും കടുവയെയും കാട്ടുപോത്തിനെയും കരടിയെയും പേടിയില്ല. അവരിൽ മുതുവാന്‍മാരും മലഅരയരും ഊരാളിമാരും മന്നാൻമാരുമെല്ലാമുണ്ടായിരുന്നു. അവര്‍ ഇവിടെ എങ്ങനെ എത്തിപ്പെട്ടു? പണ്ട് ചേര, ചോഴ, പാണ്ഡ്യ രാജാക്കന്‍മാരാണ് അവരെ ഭരിച്ചിരുന്നത്. അവർ സഹോദരങ്ങളെ പോലെയായിരുന്നു. പക്ഷേ വടക്കില്‍ നിന്നു വന്ന രാജക്കന്‍മാര്‍ അവരെ വേര്‍തിരിച്ചു.
‘എന്തിനാ?’, മണ്ടയ്യനും അരക്കാനിയും ചോദിച്ചു. ഇവരുടെ ഐക്യം തകര്‍ത്താലേ നമ്മളെ അവര്‍ക്ക് അടക്കിഭരിക്കാന്‍ പറ്റുകയുള്ളൂ.
വേലായുധന്‍ പറഞ്ഞു, ഇപ്പോള്‍ സായിപ്പന്‍മാരുടെ അടിമ, അന്ന് പണ്ണമാരുടെ അടിമ… അത്രയേ ഉള്ളൂ വ്യത്യാസം.
കഥ തുടരുന്നു: പാണ്ഡ്യരാജാവിനെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുതുകില്‍ കെട്ടി ചുമന്നവരാണ് മുതുവാന്‍മാര്‍. പണ്ടങ്ങളും ധാന്യങ്ങളും ആളുകളെയും മുതുകില്‍ കെട്ടി ചുമന്നതുകൊണ്ട് അവര്‍ മുതുവാന്‍ എന്നറിയപ്പെട്ടു. ‘അതാണ് മുതുവാനാ? നല്ല തൈരിയശാലികള്‍ താൻ’, വീരങ്ക മുത്തയ്യൻ പറഞ്ഞു.
‘നമ്മളുന്താനേ…’, ഏഴുമലയുടെ ശബ്ദം കേട്ടു. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ സായിപ്പന്മാർ പിടികൂടി തല്ലിതകര്‍ത്ത ശരീരവുമായി, ചലിക്കുന്ന ശവമായി, ആരോടും ഒന്നും മിണ്ടാതെ പണിയെടുക്കുകയും കിടന്നുറങ്ങുകയും ചെയ്തിരുന്ന അവന്‍ ആദ്യമായാണ് വാ തുറക്കുന്നത്: ‘ഇതുപോലെ കുറെ ജനങ്ങള്‍ അപ്പുറത്തെ മലയിലും പണിയെടുക്കുന്നുണ്ട്. പാതപണി അവിടെയും നടക്കുന്നുണ്ട്. സായിപ്പന്മാര്‍ അവിടത്തെ ആള്‍ക്കാരെയും ഇങ്ങനെയാണ് നടത്തുന്നത്. അവരുടെ സഹായത്തോടുകൂടിയാണ് ഞങ്ങളെ പിടികൂടിയത്. അവരുടെ മുമ്പിൽവച്ചുതന്നെ ഞങ്ങളെ കെട്ടിവച്ച് അടിച്ചു. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. പരിചിതരായ ആരും അവിടെയില്ല. പക്ഷേ എല്ലാവരും നമ്മളെപ്പോലെ താഴെ നിന്ന് വന്നവരാണ്.’
കൂട്ടം അത്ഭുതപ്പെട്ടു. നാളിതുവരെ അവര്‍ വിചാരിച്ചിരുന്നത്, അവര്‍ മാത്രമാണ് ഈ പണി ചെയ്തു ജീവിക്കുന്നത് എന്നാണ്. ഈ മലയിലേക്ക് തങ്ങൾ മാത്രമാണ് കയറിപ്പോകുന്നത് എന്നാണ്. തങ്ങൾ മാത്രമാണ് അവിടെ എത്തിപ്പെടാന്‍ പോകുന്നത് എന്നാണ്. പക്ഷേ ഏഴുമലയുടെ പറച്ചിലോടെ എല്ലാവരും ചിന്തിക്കാന്‍ തുടങ്ങി: ആരൊക്കെ, എവിടെ നിന്നൊക്കെയാണ് വന്നത്? ഇനിയെങ്ങാനും നമ്മുടെ കുടുംബക്കാരും സഹോദരങ്ങളും ഇവിടെ വന്നുകാണുമോ? എല്ലാവരും അന്തം വിട്ടു. മലക്കു ചുറ്റും പുതിയ കൂട്ടങ്ങള്‍. അവർ ആരും ആരെയും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. കാരണം ആ മലയുടെ ഇരിപ്പ് അങ്ങനെയായിരുന്നു.
അമരാവതിയും ഇരുളിയും മയിലിയും സുപ്പമ്മയും കനകുവും വേലനും അന്തോണിച്ചാമിയും സവരിയാരും താവീതും ചിന്ന മണിയും പെരിയ കരുപ്പനും മാസിലാനും സവരി മുത്തുവും ചുടലക്കനിയും പൊന്‍മാടനും അയ്യനാരും മുനിയപ്പനും നടന്നുതളര്‍ന്നു. ഇവര്‍ ആറാമത്തെ കൂട്ടമാണ്. കൊരങ്ങിനി പാതയില്‍ കൂടിയാണ് എല്ലാ കൂട്ടങ്ങളും മലമുകളിലേക്കെത്തിയത്. ഏക മലമ്പാതയാണത്.
കാട്ടിലെ കൂട്ടങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കാന്‍ കങ്കാണിമാര്‍ പരമാവധി ശ്രമിച്ചു. മഴക്കാലത്ത് കുടിലുകള്‍ തകര്‍ന്നുവീണു, മരങ്ങള്‍ കടപുഴകി, ജീവനുള്ള എല്ലാം വിറച്ചു. കങ്കാണിമാരും തൊഴിലാളികളും ഒരേപോലേ മരണത്തെ ഭയന്നു. ഇടിയും മിന്നലും മഴയും വന്നതോടെ സായിപ്പന്‍മാരുടെ തന്ത്രം പാളി. അങ്ങനെ വിടിഞ്ഞാലും അടഞ്ഞാലും മലങ്കാട് മഴക്കാടായി മാറി. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാട്. മലമ്പനി പിടിച്ച് കൂട്ടങ്ങൾ മരിച്ചു വീഴും എന്നുറപ്പിച്ച സായിപ്പന്‍മാര്‍ അവരെ പ്ലാന്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. മുമ്പു പോയ കൂട്ടങ്ങള്‍ പണിത കുടിലുകളിലേക്ക് ഇവരെ കൊണ്ടുപോകണം. വലിയ സായിപ്പിന്റെ ഉത്തരവ് പ്രകാരം അവരെ പ്ലാന്റുകളിലെത്തിച്ചു. സായിപ്പന്‍മാരും മുതുവാന്‍മാരും പാര്‍ത്തിരുന്ന കാട്ടില്‍ ആ പട്ടിണിക്കൂട്ടവും പാര്‍ക്കാന്‍ തുടങ്ങി.
കര്‍ക്കിടകം മുതല്‍ തുലാം വരെ തോരാത്ത മഴ പെയ്തു. കാട്ടു കമ്പിളി ചുറ്റി തൊഴിലാളികൾ വിറച്ചുകഴിഞ്ഞു. 1900- കളിൽ അവരുടെ ഉടുപ്പും സുരക്ഷാകവചവും അതായിരുന്നു. നേരത്തെ പണം വാങ്ങിയതുകൊണ്ട് എല്ലാ തൊഴിലാളികളും ആ കടം തീർക്കുന്നതിന് പണിയെടുക്കാന്‍ നിര്‍ബന്ധിതരായി.
നേരം പുലരുമ്പോള്‍ കങ്കാണിമാര്‍ വിളി തുടങ്ങും. അടമഴയും വെയിലും അവര്‍ക്ക് ഒരേ പോലെയാണ്. മലമ്പനി പിടിച്ച് കരുപ്പണ്ണനും എല്ലയമ്മയും മരിച്ചു വീണു. കുടിലുകളില്‍ മരണം പതിവായി. എങ്കിലും തൊഴിലാളികള്‍ക്ക് മറ്റു വഴിയില്ല. ചിന്നമലയന്‍ ദിവസങ്ങളോളം പനി പിടിച്ചു കിടപ്പിലായിരുന്നു. പണി ചെയ്തില്ലെങ്കിൽ ചാട്ടയടി വരും. കൊടും മഴയില്‍ പലരും ഓടി രക്ഷപ്പെടാന്‍ നോക്കി. വാച്ചര്‍മാര്‍ അവരെ പിടികൂടും. മഴക്കാലത്ത് എങ്ങനെയാണ് അടുപ്പു കത്തിച്ചത്, വിറകെടുത്തത്? ആർക്കറിയാം? ആ കാലത്തെ മലങ്കാട്ടിലെ ജീവിതം എവിടെയുമില്ല. മരണക്കണക്കുകള്‍ അവശേഷിക്കുന്നില്ല. ആള്‍ക്കാര്‍ മരിക്കാന്‍ തുടങ്ങിയതോടെ സായിപ്പന്‍മാര്‍ കൂടുതല്‍ പേർ മരിക്കാതിരിക്കാന്‍ എന്തെക്കയോ ചെയ്തു എന്നു കേട്ടിട്ടുണ്ട്. അതും ആർക്കും അറിയില്ല. ‘എപ്പടിയോ തപ്പിച്ചിട്ടോം’, തൊഴിലാളികൾ അങ്ങനെയാണ് പറയുക.
കാട് വെട്ടി തെളിക്കുക, തെളിച്ച കാട്ടില്‍ തേയിലചെടി നടുക, വളമിടുക, ഇലജന്തുകളില്‍ നിന്ന് അവയെ സംരക്ഷിക്കുക… ഇതായിരുന്നു മലങ്കാട്ടിലെ മനുഷ്യരെ സായിപ്പന്‍മാര്‍ ഏല്‍പ്പിച്ച ദൗത്യം. പടിയാന്‍ കങ്കാണി 25 പേരെ കൊണ്ടു വന്നതോടെ വലിയ കങ്കാണിയായി. ഏക്കറോളം തേയിലകൃഷി എന്ന സായിപ്പന്‍മാരുടെ ലക്ഷ്യം തങ്ങളുടെ ലക്ഷ്യമായി കരുതി അവര്‍ പണിയെടുക്കുന്നു.
മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. തേയില ചെടികള്‍ കിളിര്‍ത്തു തുടങ്ങി. ആ ചെടികള്‍ക്ക് എന്തെങ്കിലും കേട് സംഭവിച്ചാല്‍ ഉത്തരവാദിത്വം തൊഴിലാളികള്‍ക്കാണ്. അതുകൊണ്ട് ചോരക്കുഞ്ഞിനെപ്പോലെയാണ് അവര്‍ തേയിലച്ചെടികളെ നോക്കിക്കണ്ടത്. കണ്ടനും കണ്ണിയപ്പനും വേലുച്ചാമിയും വീരയ്യാവും മലയാണ്ടിയും മുനിശ്വരനും പൊമ്മിയപ്പനും കറുപ്പനും സിങ്കാരവും ഏഴു മലയാനും മായവനും മുത്തുച്ചാമിയും അതിന് കാവലാളികളായി. രാത്രി തേയിലക്കാടുകളെ നോക്കുക എന്ന ദൗത്യം കുറച്ച് കങ്കാണിമാരെയും യുവാക്കളെയും സായിപ്പന്മാര്‍ ഏല്‍പ്പിച്ചു. സായിപ്പന്മാരുടെ സില്‍ബന്ധികള്‍ ഒപ്പം ഉണ്ടായിരുന്നു. അവര്‍ കാട്ടില്‍ തീ കത്തിക്കും. കടുംകാപ്പിയും കടും ചായയും തൊഴിലാളികള്‍ക്ക് കിട്ടും. വന്യജീവികള്‍ തേയില നശിപ്പിക്കാന്‍ വരും എന്ന് സായിപ്പന്‍മാര്‍ക്കുറപ്പായിരുന്നു. അവയില്‍ നിന്ന് തേയില ചെടികളെ സംരക്ഷിക്കാന്‍ തൊഴിലാളികളെ ചുമതലപ്പെടുത്തി. ഒരാള്‍ക്ക് ഒരു നിര. ആ നിരയില്‍ എന്തു സംഭവിച്ചാലും അതിന് ഉത്തരവാദി ആ നിര നോക്കുന്ന ആളായിരിക്കും.
രാവിലെ ആറുമണിയാകുമ്പോള്‍ എല്ലാവരും തേയിലച്ചെടി നട്ടു പിടിപ്പിച്ച കാട്ടിലെത്തിപ്പെടും. ഇരുട്ടുന്നതുവരെ അവയെ നോക്കിനില്‍ക്കും. കങ്കാണിമാരാണ് ജോലി ക്രമീകരിക്കുകയും തൊഴിലാളികളെ എത്തിക്കുകയും ചെയ്യുക. രാവിലെ മുതല്‍ വൈകുന്നേരം വരെ അവരെക്കൊണ്ട് പറ്റാവുന്നത്ര ജോലിയെടുപ്പിക്കും. ആരെങ്കിലും ഓടിപ്പോകാൻ ശ്രമിക്കുന്നുണ്ടോ എന്ന് വാച്ചർമാരാണ് നോക്കുക. ഒപ്പം, പിടിപ്പിച്ച തേയിലയുടെ കണക്ക് അവര്‍ക്ക് കൃത്യമായി അറിയാം. വന്യജീവികളോ ആള്‍ക്കാരോ ചവുട്ടി തേയില ചെടി നശിച്ചുപോയാൽ സായിപ്പന്മാരുടെ സില്‍ബന്ധികളെ അറിയിക്കുകയും അവരുടെ ജോലിയായിരുന്നു. ഇതുവരെ കിട്ടാത്ത ഒരു പദവി കിട്ടിയപ്പോള്‍ അവരും തൊഴിലാളികളെ അടിമകളെപോലെ കാണാന്‍ തുടങ്ങി. അങ്ങനെ അധികാരം പ്രയോഗിക്കുന്ന എവര്‍ക്കും തൊഴിലാളികള്‍ പരമ അടിമകളായി മാറി. അവരും, തങ്ങൾക്കിഷ്ടപ്പെടാത്ത ആള്‍ക്കാരോടൊക്കെ പകരം വീട്ടാന്‍ തുടങ്ങി.
നാലര ഏക്കര്‍ കാട്ടില്‍ തേയില വിപ്ലവം പയറ്റിയ സായിപ്പന്മാര്‍ മാസങ്ങളോളം തൊഴിലാളികളുടെ ഉറക്കം കെടുത്തി. തേയില വളര്‍ന്നു വരുന്നതുവരെ ഇനി ഇങ്ങനെയായിരിക്കും ജീവിതം എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അവര്‍ തൊഴിലാളികളെ ശീലിപ്പിച്ചു.
ഒറ്റു കൊടുക്കുന്നവരെ സായിപ്പന്മാര്‍ അപ്പാടെ വിശ്വസിച്ചു. അവര്‍ പറയുന്നതെന്തും സായിപ്പന്മാര്‍ കണ്ണടച്ചു വിശ്വസിച്ചു. അതുകൊണ്ട് തൊഴിലാളികള്‍ക്ക് നോക്കാനും മിണ്ടാനും പറ്റാത്ത അവസ്ഥയായി. നിലത്ത് ചവിട്ടാന്‍ പോലും പറ്റാത്ത അവസ്ഥ. അറിയാതെ തേയിലച്ചെടിയിൽ ചവുട്ടിയാൽ കാല്‍ തല്ലിച്ചതക്കും. മൂക്കായിയുടെ കാൽ അങ്ങനെയാണ് രോച്ചല്‍ സായിപ്പ് തല്ലിച്ചതച്ചത്.
നല്ല കയറ്റത്തില്‍ നട്ടുപിടിപ്പിച്ചിരുന്ന ചെടിയുടെ മൂട്ടിലുള്ള കള പറിക്കാന്‍ പെണ്ണുങ്ങള്‍ രാവിലെ തന്നെ നാലര ഏക്കറിലേക്കെത്തും. അവിടെ കൃഷി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്നുള്ള ചെടികളാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലച്ചെടികൾ. നാലര ഏക്കര്‍ എന്നാല്‍ ചൈന ടീ- അതാണ് സായിപ്പന്മാരുടെ സ്വപ്നം.
വേതാചലം, മണ്ടി, മാരിമുത്തു, മയില്‍ചാമി തുടങ്ങിയവര്‍ കിതച്ചുകിതച്ചാണ് ആ മല കയറുന്നത്. നേരം വെളുത്തപ്പോൾ അവർ നടക്കാന്‍ തുടങ്ങിയതാണ്. സായിപ്പന്‍മാരുടെ കുതിരകള്‍ക്കും മടുത്തു. ആ നാലേക്കറിലാണ് നമ്മള്‍ തേയില നട്ടുപിടിപ്പിക്കാന്‍ പോകുന്നത്. ഒന്ന് കാലു വഴുതിയാല്‍ പാതാളത്തിലാണ് വീഴുക. ഒരു കഷണം എല്ലുപോലും കിട്ടില്ല. ആദ്യം വന്ന കൂട്ടങ്ങൾ മലഞ്ചെരിവുകളിൽ മണ്ണു മാന്തി യന്ത്രങ്ങളെപ്പോലെ പണിയെടുക്കുകയാണ്. അപ്പുറം മലനിരകളിലെ ചരിവുകളിൽ അനങ്ങുന്ന ആ കൂട്ടങ്ങൾ മനുഷ്യർ തന്നെയോ? അതോ വന്യജീവികളോ? മറ്റു കൂടങ്ങൾ അമ്പരന്നുനിന്നു.
കണ്ണെത്തും ദൂരം വരെ കാടുകള്‍ വെട്ടിത്തെളിച്ചു. ആയിരക്കണക്കിന് മരങ്ങള്‍ നശിപ്പിച്ചു. അവയൊക്കെ വിറകായി ഓരോ മൂലയിലും അടുക്കി. ചെറിയ കുട്ടികള്‍ക്കും പണിയുണ്ടായിരുന്നു; തേയില ചെടികളെ നശിപ്പിക്കാന്‍ വരുന്ന ഇലജന്തുക്കളെ പിടികൂടുക, അവയെ കൊന്നുകളയുന്നതിനുമുമ്പ് കങ്കാണിമാരെ കാണിക്കുക. ഒരു പൂച്ചിക്ക് ഒരണ. മുത്തുമണിയും സെവ്വന്തിയും നല്ലമ്മയും എല്ലമ്മയും കാവേരിയും മുരകായിയും ചിന്നിയും പൂമ്പാറ്റയെ പിടിക്കുന്നപോലെയാണ് ഇലജന്തുക്കളെ പിടികൂടിയത്.
സിവകാമി പറഞ്ഞു, നമ്മൾ അടിമ ജീവിതത്തിന് വിധിക്കപ്പെട്ടവരാണ് എന്നു കരുതി ഈ പൈന്തളുകളും അങ്ങനെയാകണോ? അവള്‍ മാടത്തിയെയും കുയിലിയെയും ചിന്ന കറുപ്പനെയും കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കരച്ചില്‍ കുറെ സമയം തുടര്‍ന്നു. കങ്കാണിമാർക്കും സായിപ്പന്മാർക്കും എല്ലാവരും അടിമകളാണ്, അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഗര്‍ഭിണികളെന്നോ രോഗികളെന്നോ തിരിവില്ല.
നാലര ഏക്കര്‍ കാട്ടില്‍ തേയില വിപ്ലവം പയറ്റിയ സായിപ്പന്മാര്‍ മാസങ്ങളോളം തൊഴിലാളികളുടെ ഉറക്കം കെടുത്തി. തേയില വളര്‍ന്നു വരുന്നതുവരെ ഇനി ഇങ്ങനെയായിരിക്കും ജീവിതം എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അവര്‍ തൊഴിലാളികളെ ശീലിപ്പിച്ചു. നേരം വെളുക്കുമ്പോള്‍ അവരവരെ ഏല്‍പ്പിച്ച തേയില ചെടികളെ പോയി നോക്കുക, കള പറിക്കുക, വെള്ളം ഒഴിക്കുക… ഇതാണ് അനുദിന ജീവിതം. ചിന്നമല എസ്റ്റേറ്റിലെ മലഞ്ചെരിവുകളില്‍ ജീവിച്ചിരുന്ന എല്ലാവരും അതൊരു ശീലമാക്കി. 15 വര്‍ഷത്തോളം അതുമാത്രമായിരുന്നു അവരുടെ ജീവിതം.
കാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടെയും കൊടുംതണുപ്പുമൂലവും മരിച്ചുവീണവരുടെ കണക്കില്ല. 1900- കളില്‍ വീണ്ടും തമിഴകത്തെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് കൂടുതൽ അടിമക്കൂട്ടങ്ങള്‍ മലമുകളിലേക്ക് പലായനം ചെയ്തുതുടങ്ങി. ആദ്യം വന്നവര്‍ക്ക് പത്തു രൂപ അഡ്വാന്‍സ് നല്‍കിയാണ് കങ്കാണിമാര്‍ ഇവിടെയെത്തിച്ചത് എങ്കില്‍ പിന്നീട് വന്നവര്‍ക്ക് 20 രൂപ അഡ്വാന്‍സ് നല്‍കേണ്ടിവന്നു. തമിഴ്‌നാട്ടിലെ ജന്മിമാരുടെ അടിമകളായിരുന്ന പറയന്‍, പള്ളന്‍, ചക്കിളിയന്‍ വിഭാഗങ്ങളിലെ ദലിത് ജനതയായിരുന്നു വാല്‍പ്പാറ, മൂന്നാര്‍ മേഖലകളിലെത്തിയവരിൽ ഭൂരിഭാഗവും.
1860- കളില്‍ നീലഗിരിയിലും വാല്‍പ്പാറയിലും തേയിലത്തോട്ടങ്ങള്‍ എന്ന തന്ത്രം വിജയിച്ചതോടെ, അത് മൂന്നാര്‍ മലനിരകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു, ബ്രിട്ടീഷ് പ്ലാൻറർമാർ. വാല്‍പ്പാറയില്‍ നിന്നും നീലഗിരിയില്‍ നിന്നും എത്തിച്ച തൊഴിലാളികളാണ് പുതിയ തൊഴിലാളിക്കൂട്ടങ്ങളെ തേയിലക്കാടിനെ കുറിച്ച് പഠിപ്പിച്ചത്.
(തുടരും)