മലങ്കാട്- 7
മുരുകയ്യയും മുത്തുക്കുമരനും കാശിനാഥനും വേലുച്ചാമിയും ചെന്താമരയും ചിന്നപ്പനും മല്ലികയും കാവേരിയും കണ്ണമ്മയും സുബ്രഹ്മണ്യവും മെല്ലെ നടന്നുനീങ്ങി. ഇപ്രാവശ്യം മലകയറി വരുന്നവര്‍ അതിയായ സന്തോഷത്തിലാണ്. കാരണം, മുമ്പ് പോയവര്‍ നന്നായി ജീവിക്കുന്നു എന്നുപറഞ്ഞ് കങ്കാണിമാര്‍ അവരെ പറ്റിച്ചു.
തേയിലചെടികള്‍ കിളിര്‍ത്തും വളര്‍ന്നും തുടങ്ങിയതോടെ സായിപ്പന്മാര്‍ എല്ലാ മുന്നൊരുക്കത്തിനും തയ്യാറായി. തേയിലക്കാടുകള്‍ സംരക്ഷിക്കാന്‍ പുതുതായി എത്തിയവർക്ക് കഴിയില്ല, കാരണം ഏക്കര്‍ കണക്കിന് തേയില കിളിര്‍ത്തുതുടങ്ങിയിരുന്നു. ആ ചെടികൾ സംരക്ഷിക്കാനും കള പറിക്കാനും കൊളുന്തു നുള്ളാനും ഇനിയും ആയിരക്കണക്കിന് ആള്‍ക്കാരെ വേണ്ടിവരുമെന്ന് വില്യം സായിപ്പ് പറഞ്ഞു.
ജെ.ഡി. മുന്‍ട്രോ തിരുവിതാംകൂര്‍ രാജാക്കന്മാരുമായി കരാര്‍ ഒപ്പിട്ടതോടെ ഏക്കര്‍ കണക്കിന് വനഭൂമി ഇതിനകം നശിപ്പിക്കപ്പെട്ടു. ചരിത്രപ്രസിദ്ധമായ ആ കരാര്‍ black bond എന്നാണ് അറിയപ്പെടുന്നത്. കാരണം, അതില്‍ എത്ര വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആ അവസരം മുതലെടുത്താണ് ആയിരക്കണക്കിന് വനഭൂമി ബ്രിട്ടീഷുകാര്‍മാരുടെ ആവശ്യത്തിനായി നശിപ്പിച്ചത്. അവിടെയാണ് തമിഴ്‌നാട്ടില്‍നിന്ന് അടിമക്കൂട്ടങ്ങളെ കൊണ്ടുവന്ന് പാര്‍പ്പിക്കാനും തേയിലക്കാടുണ്ടാക്കാനും വലിയ ടീ ഫാക്ടറികള്‍ സ്ഥാപിക്കാനും തീരുമാനിച്ചത്.
ലണ്ടന് സമാനമായതൊഴിലിടമാണ് ഇവിടെ രൂപപ്പെടുത്തിയെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. അതിന്‍പ്രകാരം മലമുകളിലേക്ക് വലിയ യന്ത്രങ്ങളെത്തിക്കണം. കൊച്ചി വരെ ട്രെയിനിലും പിന്നീട് അടിമക്കൂട്ടങ്ങളെ കൊണ്ട് ട്രക്കുകളിലും എത്തിക്കാം എന്ന് വില്യം സായിപ്പ് കണക്കുകൂട്ടി. പക്ഷേ, ആ തന്ത്രം ഫലിച്ചില്ല. കൊച്ചി തുറമുഖത്ത് എത്തിക്കാന്‍ എളുപ്പമാണ്, അവിടെ നിന്ന് ഹൈറേഞ്ചിലേക്ക് എങ്ങനെയാണ് മെഷീനുകള്‍ കൊണ്ടുവരുന്നത് എന്ന് സ്റ്റീഫന്‍ എല്‍ബോര്‍ട്ട് ചോദിച്ചു. വില്യം സായിപ്പ് പറഞ്ഞു; കൊച്ചിയില്‍ നിന്ന് ഹൈറേഞ്ചിലേക്ക് റോഡ് പണിതാൽ മതി.
പ്ലാന്റര്‍മാര്‍ മത്സരിച്ചുകൊണ്ട് ചിന്തിച്ചു; എങ്ങനെയാണ് തേയില ചെടികൾ നുള്ളി കൊച്ചിയിലെത്തിക്കുക? അടിമകളുള്ളതുകൊണ്ട് അവരെക്കൊണ്ടുതന്നെ തലച്ചുമടായി എത്തിക്കാം. അല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളുപയോഗിച്ചും കൊച്ചി വരെ തേയില എത്തിച്ചേ പറ്റൂ എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു. അങ്ങനെയാണ് പെരിയാർ അളന്നു മുറിച്ച് ഒരു ഇരുമ്പുപാലം പണിയാന്‍ അവര്‍ തീരുമാനിച്ചത്. വാല്‍പ്പാറയില്‍ നിന്നും നീലഗിരിയില്‍നിന്നും സമതലങ്ങളിലേക്ക് തേയില എത്തിക്കുന്നത് പോലെ എളുപ്പമല്ല, ഇവിടെ നിന്ന് തേയില മറ്റു സ്ഥലങ്ങളിലെത്തിക്കുക എന്നത്. കുതിരകളെയും കഴുതകളെയും മനുഷ്യരെയും കൊണ്ടുമാത്രം ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. റോപ്പ് സ്റ്റേഷന്‍, ലൈറ്റ് റെയില്‍വേ എന്നീ ആശയങ്ങൾ മാര്‍ട്ടിൻ സായിപ്പ് മുന്നോട്ടുവെച്ചു. തേയില ഫാക്ടറികള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കളും മെഷീനുകളും മറ്റും മലയിലേക്ക് എത്തിക്കുക കഠിന പ്രക്രിയയായിരിക്കും എന്ന് പലരും പറഞ്ഞു. ബ്രിട്ടനിൽനിന്ന് എന്‍ജിനീയര്‍മാരെ കൊണ്ടുവന്ന് ദൗത്യം പൂര്‍ത്തിയാക്കാം എന്ന അഭിപ്രായമുയർന്നു. ബ്രിട്ടീഷ് പത്രങ്ങളില്‍ പരസ്യം നല്‍കി എന്‍ജിനീയര്‍മാരെ പിടിക്കാന്‍ പ്ലാന്റര്‍മാര്‍ തയ്യാറായി. പകരം എത്ര ചോദിക്കുകയാണെങ്കിലും കൊടുക്കാം എന്ന മട്ടില്‍ എഞ്ചിനീയര്‍മാരെ തപ്പിയുള്ള യാത്രയിലായിരുന്നു പ്ലാന്റര്‍മാര്‍. ആ ദൗത്യം എങ്ങനെയെങ്കിലും നിറവേറ്റണം വില്യംസ് സായിപ്പ് ഉത്തരവിട്ടു. അതിനിടയില്‍ ക്ലാര്‍ക്ക് പറഞ്ഞു; മദ്രാസ് പ്രസിഡന്‍സിയിലെ ഗവര്‍ണറെ കാണണം, അവിടെനിന്ന് ബോഡിനായക്കന്നൂരിലേക്ക് റെയില്‍ ഗതാഗതം സ്ഥാപിച്ചെടുക്കണം, അപ്പോൾ നമ്മുക്ക് പണ്ടങ്ങളെ കടത്താനും ആള്‍ക്കാരെ എത്തിക്കാനും എളുപ്പമാണ്.
കൂട്ടം ഒന്നാകെ എണീറ്റുനിന്ന് കയ്യടിച്ചു. ക്ലാര്‍ക്ക് സായിപ്പിനെ വില്യം സായിപ്പ് കെട്ടിപ്പിടിച്ചു. എന്നാൽ ആ ഐഡിയ ബ്രിട്ടീഷ് പ്ലാന്റമാരുടേതായിരുന്നു. റെയില്‍വേ സംവിധാനം ബോഡി വരെ എത്തിക്കാന്‍ മധുരയില്‍ നിന്ന് പുതിയ ട്രാക്കുകള്‍ ഉണ്ടാക്കുന്ന പണി യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു. മൂന്നുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി. ഇപ്പോള്‍ അടിമകള്‍ക്ക് നടക്കേണ്ട ആവശ്യമില്ല; മറിച്ച് കന്നുകാലികളെപ്പോലെ അടിമ തൊഴിലാളികളെ ട്രെയിനില്‍ കയറ്റി ബോഡി വരെ എത്തിക്കാം. അവിടെ നിന്ന് മല കയറാം. തൊഴിലാളികളുടെ പുതിയ വരവ് സുഖകരമായിരുന്നു.
കങ്കാണിമാര്‍ പറഞ്ഞു, പണം കായ്ക്കുന്ന മരം നന്നായി വളര്‍ന്നുതുടങ്ങി, മുമ്പ് അവിടെ എത്തിയവരെക്കാള്‍ നമുക്ക് നന്നായി പണം സമ്പാദിക്കാന്‍ കഴിയും. അത് കൂട്ടം അമ്പാടെ വിശ്വസിച്ചു. ആദ്യം പോയവര്‍ തിരിച്ചുവന്നില്ല. പക്ഷേ അവരുടെ ബന്ധുക്കളെ ലക്ഷ്യം വച്ചു കങ്കാണിമാര്‍ പ്രവര്‍ത്തിച്ചു. ആ തന്ത്രവും വിജയിച്ചു.
കറുപ്പസാമി കങ്കാണി മാടപ്പന്റെ കുടുംബത്തെ ലക്ഷ്യം വച്ചു. കയ്യിലുള്ള അഡ്വാന്‍സ് പണം മാടയന്‍ മാടത്തിയമ്മാള്‍ ദമ്പതികളുടെ കയ്യിലേല്‍പ്പിച്ചു. മൂത്ത മകന്‍ മുത്തുകറുപ്പന്‍ ഇസക്കി മുത്തുവിനെയും പേച്ചി മുത്തുവിനെയും ചിന്ന മാടനെയും വിരുതാചലത്തെയും തര്‍മനയെയും ചൊല്ലമാടിയെയും നാകാത്താവെയും കടക്കരയെയും പേച്ചിയമ്മാളയെയും ഉപ്പിളിയപ്പനെയും ഉച്ചിമഹാളിയെയും എസക്കിയമ്മാളെയും മുത്താലമ്മാളെയും കൂട്ടി വരാന്‍ പറഞ്ഞു. മടത്തി കെളവി ചോദിച്ചു, ഏ രാസാ മുത്തുകരുപ്പന്‍ നല്ലായിരുക്കാനാ?
കങ്കാണി പറഞ്ഞു, അവനുക്കു എന്ന രാസാമാതിരിയില്ലയിരുക്കാന്‍. മുത്തുകരുപ്പന്‍ കല്യാണം പന്നിട്ടാന്‍ വടക്കത്തിയമ്മാ കോയില്‍ തെരുവുല മുത്തയ്യാമവ പേരു കൂടാ ...
അവന്‍ പോയശേഷമാണ് ഞങ്ങള്‍ കഞ്ചി കുടിക്കുന്നത്, ഏന്‍ തങ്കരാസ നല്ലായിരുക്കണം- മുത്തു പേച്ചുവിന് കണ്ണു നിറഞ്ഞു.
ഏഴു പേരായി, ഇനിയും മൂന്നു പേര്‍ ചേര്‍ന്നാല്‍ 10 പേരാകും. അപ്പോൾ ഉടന്‍ പുറപ്പെടാം, അല്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞേ പോകാന്‍ പറ്റൂ.
എസക്കിയമ്മ പറഞ്ഞു; കുയിലി, കമല, സുപ്പമ്മാ, സണ്‍മുകത്തായി എന്നിവരോട് നാളെ രാവിലെ എന്നെ വന്നു കാണാന്‍ പറ. എങ്ങനെങ്കിലും 25 പേരെ ഒപ്പിച്ചാല്‍ വലിയ കങ്കാണിപ്പദവി കിട്ടും.
15 ആള്‍ക്കാരുള്ള ചെറിയ കങ്കാണിമാരെല്ലാം അവരവരുടെ നാടുകളില്‍ തിരിച്ചെത്തി. ആ പുലികള്‍ മാന്‍കൂട്ടത്തെ തപ്പി നടന്നു. പുലിയുടെ സ്വഭാവം തിരിച്ചറിയാതെ ആ മാന്‍കൂട്ടങ്ങള്‍ നേരിട്ടോ അല്ലാതെയോ കങ്കാണിമാരുടെ ഇരകളായി. പണമാണ് കങ്കാണികളുടെ ആയുധം. നാളിതുവരെ രൂപാനോട്ടുകളെ കാണാത്ത ആ പട്ടിണിക്കൂട്ടങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീണ്ടും കങ്കാണിമാരെ അമ്പാടെ വിശ്വസിച്ചു. അടുത്ത ദിവസം രാവിലെ 10 പേരും മല കയറാന്‍ തയ്യാറായി. മാടപ്പനെയും മാടത്തിയെയും തനിച്ചാക്കി അവര്‍ വൈകുന്നേരം യാത്ര പുറപ്പെട്ടു. മുത്തു കറുപ്പന് കൊടുക്കാന്‍ എള്ളുണ്ടയും പാകു മാവും ചിന്ന മാടത്തിയുടെ കൈകളിലേൽപ്പിച്ചു.
തിരുനെല്‍വേലി ജില്ലക്കാര്‍ക്ക് ഈ യാത്ര പുത്തരിയല്ല. ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടത് തിരുനല്‍വേലി ജില്ലയിലെ പട്ടിണിപ്പാവങ്ങളെയാണ്. അവരില്‍ ഭൂരിഭാഗവും പണ്ണ അടിമകളാണ്. അത്താഴപ്പട്ടിണിക്കാരാണ്. ബാക്കിയുള്ള ജില്ലക്കാരേക്കാളും ഏറെ മുമ്പേ പല സ്ഥലങ്ങളിലേക്കും പലായനം ചെയ്തുതുടങ്ങി. ഇതിനുമുമ്പുതന്നെ വാല്‍പ്പാറ, നീലഗിരി, സിലോണ്‍ എന്നിവിടങ്ങളിലേക്ക് അവരുടെ പൂര്‍വ്വികര്‍ പോയിരുന്നു. അതുകൊണ്ട് പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാൻ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാൻ അവർ തയാറായി.
കയത്താര്‍, പുളിയംപെട്ടി, അമ്പാസമുദ്രം, ചൊരണ്ട, വീരകേരളപുതൂര്‍, ചേന്തമരം, കോയില്‍പ്പെട്ടി, സങ്കരന്‍കോവില്‍, സീവളപെരി, പിള്ളയാര്‍കുളം തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്ന് ജനം കൂട്ടംകൂട്ടമായി പലായനം ചെയ്തു. ഭൂരിഭാഗവും നിലം ഇല്ലാത്തവരാണ്. അവര്‍ മൂന്നാറിലേക്ക് നടന്നു നീങ്ങുകയാണ്. അതുപോലെ, കാഞ്ചിപുരം ജില്ലയില്‍ അച്ചരപാക്കം, തട്ടംപേട്, മേല്‍മരുവത്തൂര്‍, സെഞ്ചി, തള്ളാര്‍, ഏമ്പഴം, വിഴുപ്പുറം, ഉഴുന്നൂര്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേർ വീണ്ടും മല കയറാന്‍ തയ്യാറായി.
പൊന്നുരങ്കവും, രങ്കസാമിയും, ചങ്കരയ്യവും, സണ്‍മുകസുന്ദരവും, പളനിവേലുവും, അരുമ നായകവും, പശുക്കളെയും ഒപ്പം കൂട്ടിയിരുന്നു. വരണ്ട ഭൂമിയില്‍ നിന്നുള്ള ആകെ സമ്പാദ്യം ഈ പശുക്കളാണ്. മലകേറിയവര്‍ പശുമാടുകളെ വിലയുയര്‍ന്ന എന്തോ അത്ഭുതവസ്തുക്കളെ പോലെയാണ് കൊണ്ടുനടന്നത്. അതുകൊണ്ട് അവര്‍ അവിടം വിടുമ്പോള്‍ അവയെയും കൂടെ കൂട്ടി. അങ്ങനെ അവരോടൊപ്പം അവയും മലകയറാന്‍ നിര്‍ബന്ധിതരായി. അരുമനായകന്‍ പറഞ്ഞു, ആ എരുമക്കിടാക്കളെയും കൊണ്ടുവരാമായിരുന്നു. പൊന്നുരംഗം പറഞ്ഞു; എരുമക്കിടാങ്ങള്‍ തണുപ്പ് സഹിക്കാതെ ചത്തുപോകും.
കന്നിയമ്മ പറഞ്ഞു; പാല്‍ കരന്ത് പലകാലം ആയിരുച്ചു മാടുക പൊളച്ചതേ മരുപൊളപ്പ്. ചിന്നകണ്ണനും ഏകാമ്പരവും പെരുമാളും ചെങ്കനിയും ദൈയിവാനയും മെയ്യമ്മയും വെറ്റില ചവച്ചു കാര്‍ക്കിച്ചു തുപ്പി. ദിണ്ടുക്കല്‍ തിരുച്ചി കടന്ന് കമ്പം തേനി എത്തിയപ്പോള്‍ മാടുകള്‍ക്കും മനുഷ്യര്‍ക്കും ഒരേപോലെ മടുത്തുതുടങ്ങി. ഇനിയും എത്ര ദൂരം നടക്കണം? ആര്‍ക്കും ഒരു പിടിത്തവുമില്ല. അവരില്‍ കുറെ പേര്‍ക്ക്, മുമ്പ് അവിടെ എത്തിച്ചേര്‍ന്ന സഹോദരങ്ങളെയും അച്ഛനമ്മമാരെയും കാണാം എന്ന പ്രതീക്ഷയുണ്ട്.
തമിഴ്‌നാട്ടില്‍ ഇനി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നതിന്റെ സൂചനയായി, ആറാം വരവിനെ സായിപ്പമാര്‍ കണ്ടു. പ്ലാന്റര്‍മാരുടെ ഒരു സംഘം ആ കാട്ടിലെ നാനാഭാഗവും കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ്. അവര്‍ അങ്ങോളമിങ്ങോളം ഓടി നടന്നു. കണ്ണെത്തുന്ന ദൂരത്തോളം കാടുകള്‍ മാത്രം. ആ കാടുകൾ സ്വന്തമാക്കുക, അവിടെ തേയില നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ പാത പണിഞ്ഞുതുടങ്ങി.
എല്ലാ എസ്റ്റേറ്റുകള്‍ക്കും പാതകള്‍, എല്ലാ സ്ഥലങ്ങളിലേക്കും പാതകള്‍. എസ്റ്റേറ്റ് എന്നത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. കൊട്ടകുടി, കവുങ്ങ്, ചിലന്തിയാര്‍, വട്ടവട, മറയൂര്‍, കാന്തലൂര്‍ മന്നവന്‍ചോല, ആവരാങ്കാട്ടുചോല തുടങ്ങിയ അഞ്ചുനാട്ടിലെ സഹ്യപര്‍വതനിരങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെട്ട മലനാടായി മൂന്നാര്‍ മാറിക്കഴിഞ്ഞു.
1900-ങ്ങളിൽ തേയില കൃഷി പച്ചപിടിച്ചതോടെ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ മൂന്നാര്‍ മലനിരകള്‍ തികച്ചും ഒറ്റപ്പെട്ടു. പ്ലാന്റര്‍മാര്‍ മൂന്നാറിനെ ഒരു ദ്വീപ് പോലെ ചിട്ടപ്പെടുത്തിവച്ചു. 1900- കളില്‍ റോഡ് പണി പൂര്‍ത്തിയായതോടെ മണ്‍റോഡില്‍ കാള വണ്ടികള്‍ ഓടിതുടങ്ങി. ആ വണ്ടികളായിരുന്നു സായിപ്പന്‍മാരുടെ ഏക ആശ്രയം. തേയിലചെടിയുടെ നാറ്റുകളും മറ്റു മരങ്ങളുടെയും ചെടികളുടെയും പൂക്കളുടെയും വിത്തുകളും ആ കാളവണ്ടികളാണ് ചുമന്നത്. സായിപ്പന്മാര്‍ കുതിരയില്‍ കോട്ടും സൂട്ടും ഇട്ട് എത്തും. പ്ലാന്റുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കാളവണ്ടികള്‍ ഓടിക്കുന്നവരെ തൊഴിലാളികള്‍ വണ്ടിയാന്‍ കങ്കാണി എന്ന് വിളിച്ചു. സായിപ്പന്‍മാരുടെ വിശ്വസ്തരില്‍ അവരും ഇടം നേടി. വാച്ചര്‍മാരെ വാച്ചര്‍ കങ്കാണി എന്നും വിളിച്ചു. നന്നന്‍ വാച്ചര്‍, കരുപ്പന്‍ വാച്ചര്‍, വെള്ളയന്‍ വാച്ചര്‍, തുടങ്ങിയവര്‍ ആ കാലത്ത് തൊഴിലാളികളുടെ പേടിസ്വപ്നമായിരുന്നു. അവരുടെ ശബ്ദം കേട്ടായിരിക്കും തൊഴിലാളികള്‍ ഉണരുക. അവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ അന്നത്തെ ദിവസം പ്രയാസകരമായിരിക്കും. രാവിലെ ആറു മണിക്ക് വാച്ചര്‍മാര്‍ തൊഴിലാളികളുടെ കുടലിലേക്ക് കേറിച്ചെന്ന് ഓയ് എന്നൊരു ഒച്ച വെക്കും. അപ്പോള്‍ തൊഴിലാളികള്‍ ഉണരും.
ധനുമാസത്തിലെ മഞ്ഞ് മൂന്നാര്‍ മലനിരകളെ പൊതിഞ്ഞപ്പോൾ സയിപ്പന്‍മ്മാര്‍ ഒരേസമയം ആഘോഷിക്കുകയും പേടിക്കുകയും ചെയ്തു. തേയില ചെടി നട്ട് ആദ്യമായാണ് ഒരു മഞ്ഞുകാലം. വില്യം, മോര്‍ഗന്‍, ക്ലാര്‍ക്, ഹെന്റി, എഡ്വാർഡ്, ജെയിംസ്, മാര്‍ട്ടിന്‍, സ്റ്റീഫൻ, ആർനോൾഡ്, മക്ലീൻ, ഫ്രാന്‍സിസ് തുടങ്ങിയ സായിപ്പന്‍മ്മാര്‍ യോഗം ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് വളര്‍ന്നു നില്‍ക്കുന്ന തേയില ചെടികളില്‍ തൊഴിലാളികളുടെ രക്തവും സായിപ്പന്‍മാരുടെ പണവുമാണ്. അവര്‍ക്ക് പണമാണ് വലുത്, ജീവനല്ല. അതുകൊണ്ട് എങ്ങനെയും ഇട്ട മുതല്‍ തിരിച്ചുപിടിക്കണം. തേയില കൊളുന്തുകൾ പറിക്കണം.
പുതിയ ചെടികള്‍ നടാനുള്ള തീരുമാനത്തില്‍ നിന്ന് തൽക്കാലം അവര്‍ പിന്മാറി. ആദ്യം വളര്‍ന്ന തേയിലകളില്‍ നിന്ന് കൊളുന്തു പറിക്കാന്‍ ഉത്തരവിട്ടു. ഒരു തളിരും ചുറ്റും രണ്ടു ഇലയും പറിച്ചെടുക്കാൻ തൊഴിലാളികളെ പഠിപ്പിച്ചു. അതിനുമുമ്പുതന്നെ കൂടകള്‍ തയ്യാറായിരുന്നു. മല നിരകളിലെ നാലര ഏക്കറില്‍ തൊഴിലാളി കൂട്ടങ്ങള്‍ തേയില നുള്ളിത്തുടങ്ങി. കൂട നിറഞ്ഞാൽ നിരപ്പില്‍ കൊണ്ടുവന്ന് വിരിപ്പില്‍ കെട്ടിവെക്കണം. എന്നിട്ട് അവരവരെ ഏല്‍പ്പിച്ച സ്ഥലങ്ങളിലേക്ക് തിരിച്ചുപോണം. നൂറുകണക്കിന് തൊഴിലാളികള്‍ അതനുസരിച്ചു.
വാല്‍പ്പാറയില്‍ നിന്നെത്തിയ മല്ലപ്പന്‍ പറഞ്ഞു, ചെല്ലയ്യാ, ഇനുമേ ഒരു മാസത്തുക്ക് ഒരേ പൊളപ്പ് താന്‍, വിടിഞ്ഞാലും അടഞ്ഞാലും. ധനുമാസം തുടങ്ങുംമുമ്പ് എല്ലാ തേയിലക്കാടുകളിലും സമാന അവസ്ഥയാണ്. തേയില കരിഞ്ഞുപോകും, അതുകൊണ്ട് മുഴുവന്‍ തേയിലയും പറിച്ചെടുക്കുക എന്നതുമാത്രമാണ് ചിന്ത. രാത്രി കൊടുംതണുപ്പില്‍ കൂട്ടംകൂട്ടമായി കുടിലുകളില്‍ ആളുകള്‍ കിടന്നുറങ്ങി. മഴക്കാലത്തെപ്പോലെ നനവില്ല, പക്ഷേ തണുപ്പാണ്. കുടിലുകള്‍ക്കുമുമ്പില്‍ അവര്‍ കൂട്ടംകൂട്ടമായി തീ കത്തിച്ചു. പക്ഷേ അവര്‍ കരുതിയതുപോല്‍ ആ കനലുകള്‍ നിലച്ചില്ല, പകരം, തണുപ്പില്‍ ചാമ്പലായി. വില്‍സണ്‍ സായിപ്പ് ദൂരത്തിലിരുന്ന് ചുരുട്ടു കത്തിക്കുന്നു. മുത്തന്‍ പറഞ്ഞു, ഇയോ ഒരു ചുരുട്ടു ഇരുന്ത നല്ലായിരുക്കും. മുരുഗന്‍ കളിയാക്കി; ചുരുട്ടു വേണുമാ ചാട്ടയടി നാപകമിരുക്കാ?
18-ാം നൂറ്റാണ്ടിന്റെ അവസാനം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി പുതിയ മെഷീനുകള്‍ കണ്ടുപിടിച്ചതോടെ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ജോലി ചെയ്യിപ്പിക്കുക എന്ന തന്ത്രമാണ് ലോക മുതലാളിത്തം മെനഞ്ഞെടുത്തത്. ബ്രിട്ടനില്‍ നിന്ന് മിനി ജീപ്പുകളും മോട്ടോര്‍ ബൈക്കുകളും അടക്കമുള്ള വാഹനങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുവരാന്‍ സായിപ്പന്‍മാര്‍ തീരുമാനിച്ചു. കാരണം, മൂന്നാര്‍ മലനിരകള്‍ അവരുടെ മനസു കവര്‍ന്നുകഴിഞ്ഞിരുന്നു. യൂറോപ്പിലേതിനു സമാനമായ കാലാവസ്ഥയായിരുന്നു അതിനു കാരണം. ചില വ്യവസായികള്‍ക്ക് എത്ര പ്രയാസത്തിലും ഇവിടം വിട്ടുപോവാന്‍ താല്പര്യമില്ല. അവര്‍ ലണ്ടനിലേതുപോലെയുള്ള ചുറ്റുപാട് ഇവിടെ സൃഷ്ടിക്കാന്‍ പരിശ്രമിച്ചു. അതിന്റെ ഭാഗമായി കൊച്ചിന്‍ തുറമുഖം വഴി ഒരുപാട് മെഷീനുകള്‍ മൂന്നാറിലേക്കൊഴുകി.
നേര്യമംഗലത്ത് പാലം പണിയുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യം. അത് എങ്ങനെ നിറവേറ്റണമെന്ന് സായിപ്പന്മാര്‍ ആശങ്കപ്പെട്ടു. 1905- ഓടെ നട്ടു വച്ച തേയില ചെടികള്‍ പച്ചപിടിച്ചു തുടങ്ങിയതോടെ ഇവിടെ സ്ഥിരതാമസം തുടങ്ങാന്‍ വ്യാപാരികള്‍ ഒരുങ്ങി. മുതലാളികള്‍ക്കുമാത്രം വലിയ വലിയ ബംഗ്ലാവുകള്‍പണിതു, എന്നിട്ടവർ ചെറിയ വാഹനങ്ങളെ മൂന്നാര്‍ മലനിരകളിലേക്ക് എത്തിച്ചു.
(തുടരും)