യോനിജ, യോനിയില്‍നിന്ന്​ ജനിക്കാത്തവള്‍

യോനിജ.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അമ്മയില്ലാത്തവള്‍. അവളാണ് സീത. ദ്രൗപദിയും അയോനിജയാണ്. എന്തുകൊണ്ടായിരിക്കും വ്യാസ - വാല്മീകിമാര്‍ സീതയെയും പാഞ്ചാലിയെയും അമ്മയില്ലാത്തവരായി ചിത്രീകരിച്ചത് എന്നു ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

എനിക്ക് അമ്മയെ നഷ്ട്‌പ്പെട്ടതിന്റെ പിറ്റേ വര്‍ഷമാണ് ‘യാനം സീതായനം എന്ന നോവല്‍ എഴുതാന്‍ തുടങ്ങിയത്. അമ്മയുടെ വിയോഗവും അതിനാലുള്ള ദുഃഖവും ഉള്ളില്‍ ഘനീഭവിച്ചു കിടന്നതിനാലാവാം അയോനിജയായ സീതയില്‍ എന്റെ ഹൃദയം കുരുങ്ങിപ്പിടഞ്ഞു. പി. സുശീലാമ്മയുടെ ‘പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂംപൈതലേ’ എന്ന ഗാനം ഏതാണ്ടൊരു ഒബ്‌സെഷന്‍ എന്നപോലെ റിപ്പീറ്റ് ചെയ്തു കേട്ടുകൊണ്ടിരിക്കുന്ന ഒരു പതിവും അപ്പോള്‍ എനിക്കുണ്ടായിരുന്നു. അമ്മയില്ലാത്ത സീതയും അമ്മയായ സീതയും ഉള്ളില്‍ അങ്ങനെ എപ്പോഴും നിറഞ്ഞുനിന്നു. കുട്ടികളായിരുന്നപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട ഒന്നുരണ്ടു കൂട്ടുകാരികള്‍ എനിക്കുണ്ട്. അമ്പതുകളിലെത്തിയിട്ടും ഇന്നുമവര്‍ അമ്മയില്ലാതെ വളരേണ്ടിവന്നതിനെക്കുറിച്ചും, ജീവിക്കേണ്ടിവന്നതിനെക്കുറിച്ചും നൊമ്പരത്തോടെ പറയാറുണ്ട്. അതുപോലെ, ജനിച്ചപ്പോള്‍ തന്നെ ദത്തെടുക്കപ്പെടുകയും, അതിനാല്‍ സ്വന്തം മാതാപിതാക്കളാരെന്ന് നിശ്ചയമില്ലാതെ ജീവിക്കേണ്ടിവരികയും ചെയ്ത അമേരിക്കന്‍ കൂട്ടുകാരുമുണ്ട്. അതിലൊരാള്‍ അവളുടെ നാല്‍പ്പതുകളില്‍, പ്രസവിച്ച അമ്മയെ തിരഞ്ഞു കണ്ടെത്തിയതിന്​ ഞാന്‍ സാക്ഷിയാണ്. ഇതൊക്കയാവണം അയോനിജയായ പുരാണത്തിലെ സീതയില്‍നിന്ന്​ അമ്മയാരെന്നു തേടി നടക്കുന്ന എന്റെ ആധുനിക സീതയിലേക്ക് ഞാനറിയാതെ എത്തിച്ചേര്‍ന്ന വഴികള്‍.

സിനി പണിക്കരും അമ്മ ഗൗരിയും

സീതായനം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കാദ്യമുണ്ടായ വിചാരവും സങ്കടവും നോവല്‍ അമ്മയെ എങ്ങനെ കാണിക്കും എന്നതായിരുന്നു (എന്റെ അച്ഛന് സാഹിത്യമോ എഴുത്തോ ഒന്നും അത്ര താല്‍പ്പര്യമുള്ള വിഷയങ്ങളായിരുന്നില്ല - എന്നാലും അച്ഛനോടും പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അമ്മ മരിച്ചു ഒരു കൊല്ലം തികയുന്നതിനുമുന്നേ അച്ഛനും ഈ ലോകം വിട്ടുപോയി). അല്ലെങ്കില്‍ത്തന്നെ നമ്മുടെ കാര്യം ഒന്നാലോചിച്ചുനോക്കൂ. എപ്പോഴാണെങ്കിലും നാം കാര്യമായി എന്തെങ്കിലും ചെയ്താല്‍, ആഹ്ലാദവും സംതൃപ്തിയും പകര്‍ന്ന ഒരു അനുഭവമുണ്ടായാല്‍, അതു പറയാന്‍ നാം തിടുക്കപ്പെടുന്നത് അച്ഛനമ്മമാരോടു തന്നെയല്ലേ. എന്റെ അമ്മക്കാണെങ്കില്‍ ഞാന്‍ കുത്തിക്കുറിക്കുന്നതെന്തും - കൂടുതലും കവിതകളോ ചെറുലേഖനങ്ങളോ ആണ് - ഒരു നിധിപോലെയായിരുന്നു. എഴുതുന്നതൊക്കെയും അമ്മയെ കാണിക്കുന്നത് എനിക്കൊരു പതിവുമായിരുന്നു.

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുമാരനാശാന്റെ കാവ്യങ്ങള്‍ വാങ്ങിത്തന്നുകൊണ്ടാണ് അമ്മ എന്നെ വായനയുടെ ലോകത്തിലേക്ക് മെല്ലെ ഇറക്കുന്നത്. അന്നൊക്കെ ബസ്സുകളില്‍ കൊണ്ടുവന്ന്​, പിന്നെ തലച്ചുമടായി കൊണ്ടുനടന്ന്​ പുസ്തകങ്ങള്‍ വില്‍ക്കുന്ന ആള്‍ക്കാരുണ്ടായിരുന്നു. ഏഴോ എട്ടോ വയസ്സുള്ള എനിക്ക്, അങ്ങനെയുള്ള ഒരു പുസ്തകഭാണ്ഡക്കെട്ടില്‍നിന്ന്​ വീണപൂവും കരുണയും ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും അമ്മ വാങ്ങിത്തന്നു. അമ്മ പഠിപ്പിച്ചിരുന്ന തേവക്കല്‍ ഗവണ്മെൻറ്​ സ്‌കൂളിലെ മരബെഞ്ചില്‍ ആ പുസ്തകങ്ങള്‍ നിധിപോലെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന എന്നെ എനിക്ക് ഇപ്പോഴും കാണാം. എന്റെ ആഹ്ലാദം കണ്ട് എന്നെ നോക്കി മന്ദഹസിക്കുന്ന അമ്മയെയും. എണ്‍പതുകളിലെ കേരളത്തില്‍ വളരാന്‍ പറ്റിയത് ഒരു ഭാഗ്യമായി കാണുന്ന ആളാണ് ഞാന്‍. അന്നത്തെ എല്ലാ നല്ല പുസ്തകങ്ങളുടെയും സിനിമകളുടെയും പാട്ടുകളുടെയും ഓര്‍മ്മകളില്‍ നിറയെ അമ്മയും ഉണ്ട്. എത്ര ഭാഗ്യം. എത്ര പുണ്യം.

അമ്മയുടെ മരണം കഴിഞ്ഞ്​ നാട്ടില്‍ന്ന്​ വാഷിംഗ്ടണില്‍ തിരിച്ചെത്തിയപ്പോഴാണ് ഗൃഹാതുരത്വം എന്ന വാക്കില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ദുരന്തം എനിക്ക് മനസ്സിലാകുന്നത്. ചവിട്ടിനില്‍ക്കുന്ന ഭൂമിയും, എന്നും പരിചിതമെന്നും ആശ്രയമെന്നും തോന്നിയിരുന്ന ആകാശവും ഒറ്റയടിക്ക് നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു അത്. അമ്മയുടെയും, മനോഹരമായ പാടത്തിന്റെ കരയില്‍ തെങ്ങിന്‍തോപ്പിന്റെ കുളിര്‍മയില്‍ മറഞ്ഞിരുന്ന ഞങ്ങളുടെ പഴയ വീടിന്റെയും, ഓര്‍മ്മകളില്‍ കുരുങ്ങിപ്പോയ ഞാന്‍ പിന്നീടുള്ള കുറെ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പാടശേഖരങ്ങളും തെങ്ങിന്‍തോപ്പുകളും എന്റേതുപോലുള്ള വീടുകളും തിരഞ്ഞുനടന്നു. ആ പടങ്ങള്‍ കാണുമ്പോള്‍ എന്തുകൊണ്ടോ വളരെ ആശ്വാസം തോന്നി. പിന്നെ ‘കാണാമറയത്തും’, ‘പഞ്ചാഗ്നി’യും ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’യുമടക്കം എണ്‍പതുകളിലെ സിനിമകള്‍ വീണ്ടും വീണ്ടും കണ്ടു. അവ നിറയെ അമ്മയുടെ ഓര്‍മ്മകളാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ സിനിമക്ക് പോകാന്‍ വിളിക്കുന്ന കൂട്ടുകാരോട് ഞാന്‍ പറയും, ‘ഹേ ഞാനില്ല.’

ക്ലാസ്​ കട്ട് ചെയ്യാനുള്ള മടിയായിരുന്നില്ല. എന്റെ കറക്കവും സിനിമ കാണലും എല്ലാം അമ്മയോടൊപ്പം എന്നതായിരുന്നു കാരണം. എറണാകുളം കവിതയിലെ മാറ്റിനി. ഇന്ത്യന്‍ കോഫി ഹൗസിലെ കോഫിയും കട്ട്‌ലറ്റും. പ്രസ്​ ക്ലബ് റോഡിലെ ചെറുതും വലുതുമായ ബുക്സ്റ്റാളുകളില്‍ പുസ്തകങ്ങള്‍ തിരഞ്ഞുള്ള സഞ്ചാരം. അമ്മയുടെ കൂടെ അന്ന് കറങ്ങിനടന്നതിന്റെ സന്തോഷം സങ്കടത്തിന്റെ മറനീക്കി ഒരു പുഞ്ചിരിയായി ഇതെഴുതുമ്പോള്‍ എന്റെ മുഖത്തു പടരുന്നുണ്ട്.

ഈ അമ്മയെയാണ് ഞാന്‍ സൃഷ്ടിച്ച സീതയെ എനിക്കു കാണിക്കേണ്ടിയിരുന്നത്. അമ്മ ജീവിച്ചിരുന്നപ്പോള്‍ കാര്യമായി ഒന്നും എഴുതാന്‍ പറ്റിയില്ല. ഒരു നോവല്‍ എഴുതണമെന്ന ചിന്തയോ, സീതയോ രാമായണമോ ഒന്നും തന്നെ മനസ്സിലുണ്ടായിരുന്നില്ല. പക്ഷേ, എന്തു പറയട്ടെ, പിറ്റേ കൊല്ലം സീത ഒരു ബാധ കൂടിയതുപോലെ എന്നെ പിടികൂടി. ആ ബാധയൊഴിപ്പിക്കാനെന്നെവണ്ണം നോവല്‍ മുഴുവന്‍ ഞാന്‍ എഴുതിത്തീർത്തു. അപ്പോള്‍ മറ്റൊരവസ്ഥയില്‍, വേറൊരു മാനസികനിലയില്‍ ഞാന്‍ ചെന്നുപെട്ടു. ഒരു ചെറുകഥ പോലും എഴുതാത്ത ഞാന്‍ ഒരു നോവല്‍ എഴുതിത്തീര്‍ത്തതിന്റെ നുരഞ്ഞുപൊങ്ങുന്ന സന്തോഷം ഒരു വശത്ത്. എന്നാല്‍ അമ്മയാണ് എന്റെ കൃതി ആദ്യം വായിക്കേണ്ടത്. അമ്മയെ കാണിക്കാതെ ഈ നോവല്‍ എനിക്കാരെയും കാണിക്കാന്‍ വയ്യ. എഴുതിയതിന്റെ സന്തോഷം പോലും കുറഞ്ഞുകുറഞ്ഞു വന്നു. മാനം കാണിക്കാതെ, നൊമ്പരത്താല്‍ ഞാന്‍ പൊതിഞ്ഞുപിടിക്കുന്ന ഒരു മയില്‍പ്പീലിയായി എന്റെ സീത.

പിന്നെ ഏതോ ഒരു സന്ധ്യയിലെ മെഡിറ്റേഷന്റെ അവസാനം എനിക്കല്‍പ്പം വെളിച്ചം ഉള്ളില്‍ തെളിഞ്ഞു. ഞാന്‍ എഴുതിയിട്ടുണ്ടെങ്കില്‍ അമ്മ ഇതു വായിച്ചിട്ടുണ്ട്. എന്നോടൊപ്പം അമ്മ ഇത് എഴുതിയിട്ടുപോലുമുണ്ട്. അമ്മയുടെ സ്വാധീനമില്ലായിരുന്നുവെങ്കില്‍ ഞാന്‍ അക്ഷരങ്ങളെ ഇത്രയും സ്‌നേഹിക്കുമായിരുന്നില്ലല്ലോ. ആ വെളിച്ചം തന്ന തെളിച്ചത്തില്‍ ഞാന്‍ എന്റെ നോവലിന്റെ പ്രിന്റുമായി വത്സല ചേച്ചിയുടെ (ഭര്‍ത്താവിന്റെ ചേച്ചി, വത്സല ശേഖര്‍) അടുത്തേക്കു പോയി. ചേച്ചിയാണല്ലോ എന്നെ സീതയിലേക്ക് ശരിക്കും തള്ളിവിട്ടത്. അപ്പോള്‍ അതുതന്നെയാണ് ശരി എന്നു തോന്നി. അടുത്തതായി മാനുസ്‌ക്രിപ്​റ്റ്​ വായിച്ചത് മേരി ചേച്ചി (മേരി വിശ്വനാഥന്‍) ആയിരുന്നു. അമ്മയില്ലെങ്കില്‍ പിന്നെ നമുക്ക് മൂത്ത ചേച്ചിമാരാണല്ലോ അമ്മ.

ഗായകന്‍ ജി. വേണുഗോപാലും കവി വി എം ഗിരിജയും യാനം സീതായനം പ്രകാശനവേളയില്‍

പുസ്തകം പ്രകാശനത്തിനു തയ്യാറായപ്പോള്‍ വായിച്ച ഒരാള്‍ പ്രസിദ്ധ കവി വി. എം. ഗിരിജ ആയിരുന്നു. ഗിരിജേച്ചിയുമായി എനിക്ക് മുന്‍പരിചയമൊന്നും ഇല്ല. ഗായകനും സുഹൃത്തുമായ ജി. വേണുഗോപാല്‍ പരിചയപ്പെടുത്തിയതാണ് ഞങ്ങളെ. നോവല്‍ വായിച്ചതിനുശേഷം ചേച്ചി എനിക്ക് ഇങ്ങനെ ഒരു കുറിപ്പ് അയച്ചുതന്നു. ഞാനത് കണ്ടപ്പോള്‍ സത്യത്തില്‍ കരഞ്ഞുപോയി. വീണ്ടും അമ്മയെ ഓര്‍ത്തായിരുന്നു എന്റെ കണ്ണുനീര്‍. ഈ വാചകങ്ങള്‍ അമ്മയെ കാണിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന്. മരണത്തിനപ്പുറത്തെ ലോകത്തേക്ക് ഗിരിജേച്ചിയുടെ ഈമെയില്‍ ഫോര്‍വേഡ് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍!

പ്രിയ സിനി,

സീതയെ ഇന്നത്തെ ഒരു പെണ്ണായും പൌരാണിക ആയും ഒരേ പോലെ മനസ്സിലാക്കി സിനി എഴുതിയ ഈ നോവല്‍ വായിക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞു.ഭക്തിക്ക് പകരം യുക്തി, എല്ലാ അത്ഭുതങ്ങള്‍ക്കും പകരം തികച്ചും മാനുഷിക വ്യാഖ്യാനം, എന്നാല്‍ മിത്തുകളുടെ അപാര സ്വാതന്ത്ര്യവും ഭാവനാ വിലാസവും വിട്ടുകളഞ്ഞിട്ടും ഇല്ല. പ്രകൃതി, മനുഷ്യ മനസ്സ് ഇവ വര്‍ണ്ണിക്കുമ്പോള്‍ ഉള്ള ലാവണ്യവും വൈകാരികതയും - ഇതൊക്കെ ഈ പുസ്തകത്തെ എനിക്ക് പ്രിയപ്പെട്ടത് ആക്കുന്നു. ഈ പുസ്തകത്തിലെ സീതയ്ക്ക് ഊര്‍മിയോട് തോന്നുന്ന ഒരു വാല്‍സല്യം എനിക്കും സിനിയോട് തോന്നുന്നു. എഴുത്ത് കഷ്ടപ്പാട് തന്നെ. പക്ഷേ നമ്മുടെ വാക്കുകള്‍ മറ്റൊരാളുടെ ഹൃദയത്തെ തൊടുന്നതില്‍പ്പരം സുഖം എന്തുണ്ടോ.

സ്‌നേഹം ,സന്തോഷം .ഗിരിജേച്ചി.

പിന്നെ ഗിരിജേച്ചി മറ്റൊന്നു കൂടി ചെയ്തു. എന്റെ അമ്മയുടെ തന്നെ പേരുള്ള (ഗൗരി) ഗിരിജേച്ചിയുടെ അമ്മക്ക് എന്റെ പുസ്തകം കൊടുത്തു. വായിച്ചതിനുശേഷം സീതയെപ്പറ്റിയും നോവലിനെപ്പറ്റിയുമുള്ള വിചാരങ്ങളും അഭിപ്രായങ്ങളും ആ അമ്മ പറയുന്നത് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് എനിക്കയച്ചുതന്നു. പോയ ഗൗരിയും ഇവിടെയുള്ള ഗൗരിയും ഒരമ്മ തന്നെയായി എന്നോട് സംസാരിക്കുകയായിരുന്നു. വീണ്ടും എന്റെ മിഴികള്‍ നിറഞ്ഞു. എന്റെ അമ്മയെക്കുറിച്ച് എനിക്കുള്ള സങ്കടമോ മനോവ്യാപാരമോ ഒന്നും അറിയാതെയാണ് ഗിരിജേച്ചി ഇതൊക്കെ ചെയ്തത് എന്നതായിരുന്നു ഏറ്റവും വലിയ അതിശയം. എന്റെ അമ്മ ദൂരെ എവിടെയോ ഇരുന്ന് സന്തോഷിക്കുന്നു, എന്നെ അനുഗ്രഹിക്കുന്നു എന്നു തോന്നി.

വി എം ഗിരിജയും അമ്മയും

മറ്റൊരമ്മ കൂടി ഇത്തരം വികാരവിചാരങ്ങള്‍ എന്നിലുണര്‍ത്തി. സീതയിലൂടെ എന്നിലേക്കും എന്റെ അമ്മയിലേക്കും അദൃശ്യമായ പാലമിട്ട മറ്റൊരമ്മ - എന്റെ കൂട്ടുകാരി സ്മിത മേനോന്റെ അമ്മ. അങ്ങനെ നോവലുകള്‍ അധികമൊന്നും വായിക്കാത്ത ഒരമ്മയാണ്. യാനം സീതായനം വായിച്ചുതുടങ്ങിയപ്പോള്‍ ഈ അമ്മയ്ക്ക് നിര്‍ത്താന്‍ പറ്റാതെയായി. കഴുത്തു വേദനിച്ചിട്ടും കണ്ണു വേദനിച്ചിട്ടും പുറം വേദനിച്ചിട്ടും നിര്‍ത്താതെ വായിച്ചുകൊണ്ടേയിരുന്നു, ഈ അമ്മ. അമ്മയുടെ നിര്‍ത്താതെയുള്ള വായന കണ്ട് സ്മിത പലപ്പോഴും അമ്മയുടെ പടമെടുത്ത് എനിക്ക് അയച്ചുതന്നു. അതു കാണുമ്പോഴൊക്കെ ഞാന്‍ വിഷാദത്തോടെയും ആഹ്ലാദത്തോടെയും പുഞ്ചിരിച്ചു. ആ ചിത്രങ്ങളിലെല്ലാം ഞാന്‍ കണ്ടത് എന്റെ അമ്മയെ തന്നെയായിരുന്നു. പിന്നെ സ്മിതയുടെ അമ്മയെ നേരില്‍ കണ്ടപ്പോള്‍ ആ പാദങ്ങളില്‍ ഒന്നു തൊട്ടു തൊഴുതു. എന്റെ അമ്മ തന്നെ എന്ന മട്ടില്‍. ആ സ്പര്‍ശത്തിലൂടെ എന്റെ വികാരവിചാരങ്ങള്‍ മരണത്തിനും അപ്പുറത്തെ ലോകത്തേക്ക്, എന്റെ അമ്മയിലേക്ക്, എത്തിയിട്ടുണ്ടാകണം.

സ്മിതയുടെ അമ്മ

ഒരു ശാസ്ത്രജ്ഞ എന്ന നിലയില്‍ മരണത്തെ പരിപൂര്‍ണമായ ഒരു അവസാനമായിട്ടാണ് ഞാന്‍ കാണേണ്ടത്. കാരണം, വെറും നക്ഷത്രപ്പൊടികള്‍ ആണ് നമ്മള്‍, ജീവജാലങ്ങള്‍. നക്ഷത്രമൂലകങ്ങളില്‍ പിറന്നു, മരണത്തോട് കൂടി വീണ്ടും അവ തന്നെയായി മാറുന്നവര്‍. യു എസ് ഗവണ്‍മെന്റിനു വേണ്ടിയുള്ള എന്റെ സയന്റിഫിക് പ്രോഗ്രാമില്‍ ഈ മൂലകങ്ങളുടെ പഠനങ്ങളായ Isotope Ratio Mass Spectrometry (IRMS) ടെക്നോളജിയുണ്ട്. വീഞ്ഞിന്റെതടക്കമുള്ള എത്രയോ പദാര്‍ത്ഥങ്ങളുടെ ആധികാരിത ഉറപ്പാക്കുന്നതിന് ഇതു സാധാരണ ഉപയോഗിച്ചു കാണുന്നു. ഉദാഹരണത്തിന്, ഫ്രാന്‍സിലെ ബൊര്‍ദോ എന്നും പറഞ്ഞു നാം വാങ്ങുന്ന വൈന്‍ ആ പ്രവിശ്യയില്‍ത്തന്നെ ഉണ്ടാക്കിയതാണോ എന്നറിയാന്‍ ഈ ശാസ്ത്രരീതി ഉപയോഗിക്കാം. അതുപോലെ Inductively Coupled Plasma-Mass Spectrometry (ICP-MS) എന്നൊന്നുണ്ട്. 2002-ല്‍ ഒരു ആന്റിക് ഡീലര്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയ, ''ജെയിംസ്, ജോസഫിന്റെ മകന്‍, യേശുവിന്റെ സഹോദരന്‍'' എന്നു അടയാളപ്പെടുത്തിയിരുന്ന, ജറുസലേമിലെ ഒരു അസ്ഥിപ്പെട്ടിയുടെ (ossuary) പഠനത്തിനു വരെ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ച ടെക്നോളജി ആണിത്. ഇത്തരം ശാസ്ത്ര

പരീക്ഷണങ്ങളുടെ ഉത്തരങ്ങള്‍ ഞാന്‍ ദൈനംദിനം ഉപയോഗിക്കുമ്പോള്‍, നമ്മുടെ ഭൂമി നൂറു ബില്യണ്‍ ഗ്രഹങ്ങളില്‍ ഒന്ന് മാത്രം ആണെന്നും, നമ്മുടെ ആകാശഗംഗയില്‍ മാത്രം വര്‍ഷംതോറും അഞ്ചും പത്തും പുതിയ സൂര്യന്മാര്‍ ഉണ്ടാകുന്നുണ്ടെന്നും ഓര്‍ക്കാതെ വയ്യ. അതിനോടൊപ്പം, സൂപ്പര്‍നോവയായി കത്തിത്തീര്‍ന്നു പൊട്ടിച്ചിതറി ഇല്ലാതാകുന്ന എത്രയോ സൂര്യന്മാര്‍! കത്തിത്തീരുന്ന ഉല്‍ക്കകള്‍! വെളിച്ചം കെട്ടുപോയി ഇരുട്ടിലാകുന്ന എത്രയോ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍! ഇതെല്ലാം ആലോചിച്ചാല്‍, നമ്മുടെ മരണം എന്നത് അപ്രധാനമായ ഒരു സംഗതിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഈ പ്രപഞ്ചത്തില്‍ ഒരു ചലനവും ഉണ്ടാക്കാത്ത വെറും നിസ്സാരമായ അവസാനങ്ങള്‍. മരണത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്ന വിശ്വാസങ്ങള്‍ക്ക്, സങ്കല്‍പ്പങ്ങള്‍ക്ക് അപ്പോള്‍ എന്താണ് അടിസ്ഥാനം?

എന്നാലും പറയട്ടെ, ഈ ചിന്തകള്‍ കൂടുമ്പോള്‍, അവ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന ബ്രഹ്മാണ്ഡത്തെ കുറിച്ചാവുമ്പോള്‍, അവ പാളിപ്പോകുന്നുണ്ടെന്ന് സമ്മതിക്കാതെ വയ്യ. കാരണം, multiverse-ഉം quarks-ഉം, neutrino- യും, space-time continuum-ഉം നമുക്ക് അപരിചിതവും അപരിമേയവും ആയ കാര്യങ്ങള്‍ ആണ്. നമ്മുടെ ചെറിയ തലച്ചോറുകളുടെ തലങ്ങള്‍ക്കപ്പുറം, ഡിമെന്‍ഷനുകള്‍ക്കപ്പുറം നില്‍ക്കുന്നവ. ''നാമിങ്ങറിയുവതല്‍പ്പം'' എന്ന മഹാകവിയുടെ വരിയില്‍ ഇതേ വരെ നാം സമ്പാദിച്ച അറിവ് ഒതുങ്ങിയിട്ടുണ്ട്. ഇപ്പോഴും നമുക്ക് ഈ പ്രപഞ്ചം എന്താണെന്ന് ഒരു നിശ്ചയവുമില്ല. അങ്ങിനെ വരുമ്പോള്‍, എംടി, തനിക്കറിയുന്ന നിളയെക്കുറിച്ച് എഴുതാനാണ് എളുപ്പവും താല്‍പ്പര്യവും എന്നു പണ്ടു പറഞ്ഞുകേട്ടതുപോലെ, നമ്മുടെ ചെറിയ ലോകങ്ങളിലേക്കും കഥകളിലേക്കും സങ്കല്‍പ്പങ്ങളിലേക്കും മിത്തുകളിലേക്കും മടങ്ങുകയാണ് നല്ലത് എന്ന തോന്നലുണ്ടാവുന്നു. നമുക്കറിയുന്നതും, നമ്മുടെയുള്ളില്‍ എങ്ങനെയോ വീണുകിട്ടുന്നതുമായ കാര്യങ്ങളെക്കുറിച്ചു ആലോചിക്കാനും എഴുതാനുമാണ് എളുപ്പം എന്ന തിരിച്ചറിവുണ്ടാകുന്നു.

ആ തിരിച്ചറിവില്‍ ഞാനിപ്പോള്‍ മഹാകവിയുടെ, 1922-ല്‍ ഇറങ്ങിയ 'പുഷ്പവാടി'യിലേക്ക്, അതിലെ 'കുട്ടിയും തള്ളയും' എന്ന താരാട്ടു ഗീതത്തിലേക്ക് തിരികെ പോകുകയാണ്. (ഇതിപ്പോള്‍ 'കുട്ടിയും അമ്മയും' ആയി പരിഷ്‌ക്കരിച്ചിട്ടുണ്ട്). ആശാന്റെ മറ്റു കാവ്യങ്ങള്‍ എന്റെ കൗമാരത്തില്‍ എത്തിയിട്ടേ വായിക്കാന്‍ അമ്മ സമ്മതിച്ചുള്ളൂ. എന്നാല്‍, പുസ്തകങ്ങള്‍ വാങ്ങിത്തന്ന അന്നു രാത്രി പുഷ്പവാടിയിലെ താളു നിവര്‍ത്തി ഈ പദ്യം ചൂണ്ടിക്കാണിച്ച് അമ്മ എനിക്കും അനിയനുമായി ഇത് പാടിക്കേള്‍പ്പിച്ചു.

ഈ വല്ലിയില്‍നിന്നു ചെമ്മേ - പൂക്കള്‍

പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണി ചൊല്ലാം - നല്‍പൂ-

മ്പാറ്റകളല്ലേയിതെല്ലാം.

മേല്‍ക്കുമേലിങ്ങിവ പൊങ്ങീ - വിണ്ണില്‍

നോക്കമ്മേ, യെന്തൊരു ഭംഗി!

അയ്യോ! പോയ്ക്കൂടെക്കളിപ്പാന്‍ - അമ്മേ!

വയ്യേയെനിക്കു പറപ്പാന്‍!

ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ

മാഴ്‌കൊല്ലായെന്നോമലുണ്ണീ!

പിച്ചനടന്നു കളിപ്പൂ - നീയി-

പ്പിച്ചകമുണ്ടോ നടപ്പൂ?

അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ-

രുമ്മതരാമമ്മ ചൊന്നാല്‍.

നാമിങ്ങറിയുവതല്‍പ്പം - എല്ലാ-

മോമനേ, ദൈവസങ്കല്‍പ്പം.

ഹിന്ദു പുരാണങ്ങളില്‍ മരണം മറ്റൊരു തുടക്കം ആണ്. മറ്റെന്തിന്റെയൊക്കെയോ തുടക്കം. തൊണ്ണൂറു ശതമാനവും വെള്ളക്കാര്‍ ഉള്ള എന്റെ ഔദ്യോഗികസൗഹൃദങ്ങളില്‍ ഹിന്ദുപുരാണങ്ങളിലെ ജനിമൃതികളെ കുറിച്ച് വല്ലപ്പോഴും സംസാരിക്കുമ്പോള്‍ ഞാന്‍ അടുത്ത ജന്മത്തില്‍ ഒരു ബ്ലൂജെയോ, വിര്‍ജീനിയയുടെ സുന്ദരന്‍ കാര്‍ഡിനല്‍ പക്ഷിയായോ പിറക്കും എന്ന് തമാശ പറയാറുണ്ട്. ചിറകു വീശി പറക്കാനുള്ള കൊതികൊണ്ടും, ആകാശം എന്നും ഒരു താല്പര്യം ആയിരുന്നതുകൊണ്ടും ഇതൊരു സ്വപ്നവും കൂടിയാണ് എന്നതാണ് സത്യം. ഇപ്പോള്‍ ആ വിചാരം, തമാശക്കപ്പുറം, സ്വപ്നത്തിനപ്പുറം, ഒരു പ്രാര്‍ത്ഥനയാവുന്നു. കാരണം, അമ്മ വീണ്ടും അമ്മക്കിളി ആയി കൂടൊരുക്കി കൂടെയുണ്ടാവും എന്നൊരു തോന്നല്‍. അമ്മ, അതിരില്ലാത്ത ആകാശങ്ങളില്‍ എന്നെയും കൂട്ടി പറന്നു നടക്കും, കാഴ്ച്ചകള്‍ കാണിക്കും. അങ്ങനെ ഒരു പ്രാര്‍ത്ഥന. കാക്കത്തൊള്ളായിരം ആകാശഗംഗകള്‍ ഉണ്ടായിക്കോട്ടെ. നമുക്കെന്തു കാര്യം? വയലാര്‍ വീണ്ടും പിറക്കാന്‍ ആഗ്രഹിച്ച, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന, ഇന്ദ്രധനുസ്സിന്റെ തൂവല്‍ കൊഴിയുന്ന ഈ മനോഹര തീരത്ത്, ഞാന്‍ എന്റെ അമ്മയെ കാത്തു നില്‍ക്കുന്നു.


സിനി പണിക്കർ

നോവലിസ്​റ്റ്​. അമേരിക്കൻ ഡിപ്പാർട്ട്മെൻറ്​ ഓഫ് ജസ്റ്റിസിനു കീഴിലുള്ള ഡ്രഗ് എൻഫോഴ്​സ്​മെൻറ്​ അഡ്മിനിസ്ട്രേഷനിൽ (DEA) സീനിയർ സയൻറിസ്​റ്റ്​. "Sita: Now You Know Me’ എന്ന ഇംഗ്ലീഷ്​ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഈ നോവൽ "യാനം സീതായനം’ എന്ന പേരിൽ മലയാളത്തിലേക്ക്​ വിവർത്തനം ചെയ്​തു.

Comments