ജനകീയ സാംസ്കാരികവേദിയുടെ ബേബി

‘‘കെ.ജെ. ബേബി മരിച്ചപ്പോൾ പുറത്തുവന്ന അനുസ്മരണങ്ങളിലും വാർത്തകളിലുമൊന്നും അദ്ദേഹത്തിന്റെ യഥാർഥ ഭൂതകാലമുണ്ടായിരുന്നില്ല. ഇപ്പോൾ ബേബിയെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഭൂതകാലത്തെ വെട്ടിമാറ്റിയിട്ടാണ്. ആ ഭൂതകാലമില്ലെങ്കിൽ ബേബി വെറുമൊരു ലിബറൽ പരിഷ്‌കർത്താവ് മാത്രമായി മാറും എന്ന് ഓർക്കുക’’- ജനകീയ സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങളുമായി ചേർത്തുനിർത്തി കെ.ജെ. ബേബിയുടെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ഓർക്കുന്നു, അന്ന് ഒപ്പം പ്രവർത്തിച്ചിരുന്ന ബി. രാജീവൻ.

ൺപതുകളുടെ തുടക്കത്തിൽ, ജനകീയ സാംസ്‌കാരികവേദിയുടെ പ്രവർത്തനം തുടങ്ങിയ കാലത്താണ് കെ.ജെ. ബേബിയെ ആദ്യമായി കാണുന്നത്. ജനകീയ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു ബേബിയുടെ ‘നാടുഗദ്ദിക’ എന്ന തെരുവുനാടകം കേരളം മുഴുവൻ അവതരിപ്പിച്ചത്. വളരെ ആവേശത്തോടെയാണ് സാധാരണ മനുഷ്യർ ആ നാടകവുമായി സംവദിച്ചത്.

ജനകീയ സാംസ്‌കാരികവേദിയുടെ പ്രവർത്തനങ്ങൾ അക്കാലത്ത് ക്രമേണ കേരളം മുഴുവൻ വ്യാപിക്കുകയായിരുന്നു. യുവാക്കളുടെ പങ്കാളിത്തത്തിൽ വേദിയുടെ പ്രവർത്തനം ഗ്രാമങ്ങളിൽ പോലും സജീവമായിരുന്നു. അങ്ങനെയാണ്, കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ ആദിവാസി പെൺകുട്ടികളും യുവാക്കളുമെല്ലാം അടങ്ങുന്ന സംഘം ‘നാടുഗദ്ദിക’ അവതരിപ്പിക്കാൻ തിരുവനന്തപുരത്തെത്തിയത്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ മലയോര മേഖലകളിലെല്ലാം പ്രവർത്തകരുണ്ടായിരുന്നു. രണ്ടാഴ്ച ജില്ലയുടെ പല ഭാഗങ്ങളിലും നാടകം കളിച്ചു. അന്ന് സാംസ്കാരികവേദിയിൽ സജീവമായിരുന്നതിനാൽ, ഞാനും ഇവർക്കൊപ്പം സഞ്ചരിച്ചിരുന്നു.

നാടകത്തെക്കുറിച്ച്, അതും തെരുവുനാടകത്തെക്കുറിച്ച്, കേട്ടുപോലും പരിചയമില്ലാതിരുന്ന മനുഷ്യർക്കു മുന്നിലാണ്, വേറിട്ട രീതിയിൽ നാടുഗദ്ദിക അവതരിപ്പിക്കപ്പെട്ടത്. കാടിനെയും കാട്ടിൽ ജീവിക്കുന്ന മനുഷ്യരെയും കണ്ണിൽ ചോരയില്ലാതെ നശിപ്പിക്കുന്ന സമ്പന്ന കുടിയേറ്റ മുതലാളിമാരെയും അവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ആദിവാസികൾ തന്നെ നിലവിളിയോടെ നേരിട്ട് പരസ്യവിചാരണ ചെയ്യുന്നു, ഈ നാടകത്തിൽ.

കെ.ജെ. ബേബിയുടെ നാടുഗദ്ദിക 2017-ല്‍ പുതുവൈപ്പ് സമരത്തിനിടെ പുനരാവിഷ്കരിച്ചപ്പോള്‍
കെ.ജെ. ബേബിയുടെ നാടുഗദ്ദിക 2017-ല്‍ പുതുവൈപ്പ് സമരത്തിനിടെ പുനരാവിഷ്കരിച്ചപ്പോള്‍

കാടിന്റെ ബാധകളെ ഒഴിപ്പിക്കുന്നതിനുള്ള ആദിവാസികളുടെ ആഭിചാരാനുഷ്ഠാനത്തിന്റെ രൂപശിൽപ്പത്തിൽ, ആധിപത്യം പുലർത്തുന്ന ചൂഷകവ്യവസ്ഥയെയും അതിന്റെ രാഷ്ട്രീയ ദല്ലാളന്മാരെയും തുറന്നുകാട്ടുന്ന ഈ നാടകത്തിൽ, ആദിവാസി യുവാക്കളോടും യുവതികളോടും ഒപ്പം തന്റെ മുഴങ്ങുന്ന ശബ്ദത്തിൽ പുതിയൊരു സൂത്രധാരനായി അഭിനയിച്ചത് ബേബി തന്നെയാണ്.

നാടകത്തിനുമുമ്പ് ആമുഖ പ്രഭാഷണം നടത്താൻ ചുമതലപ്പെടുത്തിയിരുന്നത് എന്നെയായിരുന്നു. അതിനുശേഷം ഒരു പന്തം കത്തിച്ച് രംഗത്തിന്റെ നടുവിൽ കുത്തിനിർത്തി നാടകം ആരംഭിക്കും. തിരുവനന്തപുരത്തെ മിക്ക ചേരികളിലും നാടകം അവതരിപ്പിച്ചു.

ലോകവ്യാപകമായ ‘ന്യൂ ലെഫ്റ്റി’ന്റെ ഭാഗമായി വേണം യഥാർത്ഥത്തിൽ ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തേയും ജനകീയ സാംസ്‌കാരിക വേദിയെയും ചരിത്രപരമായി വിലയിരുത്തേണ്ടത്. അങ്ങനെ ഒരു കാഴ്ചപ്പാടിലാണ് കെ.ജെ. ബേബിയെപ്പോലുള്ള പ്രതിഭാശാലികളായ കലാകാരരുടെ രാഷ്ട്രീയവും ചരിത്രപരവുമായ പ്രാധാന്യം വെളിപ്പെട്ടുകിട്ടുക.

നക്‌സലൈറ്റ് മൂവ്‌മെന്റുമായി ബന്ധപ്പെട്ടതായതിനാൽ സി.പി.എമ്മിന് വലിയ തലവേദനയായിരുന്നു നാടകാവതരണം. പല സ്ഥലങ്ങളിലും പാർട്ടിക്കാരുടെയും പോലീസിന്റെയും എതിർപ്പുകളെ നാട്ടുകാരുടെ പിന്തുണയോടെയാണ് മറികടന്നത്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർ താമസിക്കുന്ന ചെങ്കൽച്ചൂളയിൽ നാടകാവതരണത്തിന്റെ മുന്നോടിയായി കുടിലുകൾ തോറും കയറിയിറങ്ങി, അറിയിപ്പു കൊടുത്തു.

സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന കോളനി നിവാസികൾ ഒന്നാകെ തിങ്ങിനിൽക്കുന്നതിന്റെ മധ്യത്തിൽ നാടകം തുടങ്ങാറായപ്പോഴാണ്, പ്രദർശനം തടഞ്ഞുകൊണ്ടുള്ള ആജ്ഞയുമായി പോലീസ് എത്തുന്നത്. ഇതേതുടർന്ന് ആദിവാസിവാദ്യങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യം മുഴക്കി കോളനിക്ക് പുറത്തേക്കുവന്ന നാടകസംഘത്തെ കോളനിയിൽനിന്ന് നാടകം കാണാനെത്തിയവർ ഒന്നാകെ പിന്തുടർന്നു. അവർ ആവശ്യപ്പെട്ടതനുസരിച്ച്, തമ്പാനൂർ ബസ് സ്റ്റാന്റിനടുത്തുള്ള റോഡരികലെ വെളിസ്ഥലത്ത് ബേബിയും സംഘവും 'നാടുഗദ്ദിക' അവതരിപ്പിച്ചു. അതിന് ആമുഖമായി സംസാരിച്ചതും ഞാനായിരുന്നു. ഇങ്ങനെയാണ് ബേബിയുമായി അടുക്കുന്നത്.

ഓരോ അവതരണവും നാടകാവതരണം മാത്രമായിരുന്നില്ല, രാഷ്ട്രീയമായ വികാരത്തിന്റെ പ്രകടനം കൂടിയായിരുന്നു. സാംസ്‌കാരികവേദിയുടെ നിരവധി പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.

കവിയൂർ ബാലൻ, പി.എം. ആന്റണി, കെ.ജെ. ബേബി, സിവിക് ചന്ദ്രൻ.
കവിയൂർ ബാലൻ, പി.എം. ആന്റണി, കെ.ജെ. ബേബി, സിവിക് ചന്ദ്രൻ.

ബേബിയുമായുള്ള ബന്ധത്തിന്റെ മറ്റൊരു അധ്യായം, വയനാട്ടിലെ വാളാട് നടന്ന സി.പി.ഐ- എം.എൽ സംസ്ഥാന സമ്മേളനമാണ്. പോലീസിന്റെയോ രാഷ്ട്രീയക്കാരുടെയോ ശ്രദ്ധയിൽപ്പെടാതെ വളരെ രഹസ്യമായി നടന്ന വലിയ സമ്മേളനമായിരുന്നു അത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പ്രവർത്തകരും നേതാക്കളും ഒത്തുചേർന്ന, പല ദിവസങ്ങൾ നീണ്ടുനിന്ന ആ സമ്മേളനത്തിൽ ജനകീയ സാംസ്‌കാരികവേദിയുടെ സൗഹാർദ്ദ പ്രതിനിധികളായാണ് കവിയൂർ ബാലനും ബേബിയും പി.എം. ആന്റണിയും സിവിക് ചന്ദ്രനും ഞാനുമെല്ലാം പങ്കെടുത്തത്.

നാലുവശവും വളരെ ഉയർന്ന കുന്നുകളുള്ള, പോലീസിന് വേഗത്തിൽ എത്താൻ കഴിയുന്ന റോഡുകൾ അടുത്തെങ്ങുമില്ലാത്ത സ്ഥലമായിരുന്നു അത്. പൊലീസും പാർട്ടിക്കാരും അറിയാതിരിക്കാൻ സജ്ജീകരണം നടത്തിയിരുന്നു. മലമുകളിൽ ആദിവാസി യുവാക്കൾ കാവൽ നിന്നു; പൊലീസ് ദൂരെനിന്ന് വരുന്നുണ്ടോ എന്നറിഞ്ഞ് സിഗ്‌നൽ നൽകാൻ. സമ്മേളനം തുടങ്ങുന്നതിനു മുമ്പ്, എങ്ങനെയെങ്കിലും വിവരം ചോർന്ന് പോലീസ് എത്തുകയാണെങ്കിൽ പിടികൊടുക്കാതെ രക്ഷപ്പെടുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകപ്പെട്ടിരുന്നു. സഖാക്കളെല്ലാം പത്തു പേരുള്ള ചെറു സംഘങ്ങളായി തിരിഞ്ഞ്, ഒരു സംഘനേതാവിനു കീഴിൽ ആദിവാസികളുടെ നിർദ്ദേശപ്രകാരം റോഡുകളും നടപ്പാതകളും ഒഴിവാക്കി കുന്നുകൾ കയറിയിറങ്ങി രക്ഷപ്പെടാനായിരുന്നു നിർദ്ദേശം.

ജനകീയ സാംസ്‌കാരിക വേദി എന്തായിരുന്നു, അത് നമ്മുടെ ഭാവുകത്വ ചരിത്രത്തിൽ നടത്തിയ വിച്‌ഛേദം എന്താണ് എന്നത് വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

യോഗത്തിന്റെ രണ്ടാം ദിവസമാണെന്നു തോന്നുന്നു, രാത്രി പതിനൊന്നു മണിയാകുമ്പോൾ ദൂരെ പൊലീസ് ജീപ്പുകളുടെ പ്രകാശം കണ്ട് കുന്നുകളിൽ കാവൽ നിൽക്കുന്ന ആദിവാസി സഖാക്കളുടെ കൂട്ട വിസിൽ മുഴങ്ങി. ഞങ്ങളുടെ സംഘത്തിന്റെ നേതാവ്, കൂട്ടത്തിൽ ഏറ്റവും മെലിഞ്ഞ കണ്ണമ്പള്ളി മുരളിയായിരുന്നു. കെ.ജെ. ബേബിയും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, സഞ്ചികളും ബാഗുകളും എടുത്ത് പത്തു പേരുള്ള സംഘങ്ങളായി ഞങ്ങൾ കുന്നുകയറാൻ തുടങ്ങി. നടപ്പാതകൾ ഒഴിവാക്കി, കുത്തനെയുള്ള കുന്നുകയറ്റവും ഇറക്കവും ദുഷ്‌കരമായിരുന്നു. മലമുകളിലേക്കുള്ള കയറ്റങ്ങൾ പലതും മറ്റൊരാൾ കൈപിടിക്കാതെ കയറാൻ കഴിയാത്തവയായിരുന്നു. ഞങ്ങളെ ഓരോ കയറ്റത്തിലും കൈ പിടിച്ചു കയറ്റിയത് വഴികാട്ടിയായ ആദിവാസി യുവാവും ബേബിയും ചേർന്നാണ്. നേരം വെളുക്കുന്നതുവരെ ആ യാത്ര തുടർന്നു. അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചുകഴിഞ്ഞിരുന്നു. ഒരു കാട്ടരുവിയുടെ കരയിൽ ഞങ്ങളെല്ലാം ക്ഷീണം തീർക്കാനായി കിടന്നു. അന്ന് ഒരു ക്ഷീണവും ഏശാതെ, ആരെയും ഉണർത്തുന്ന ചിരിയുമായി ആദിവാസികളുടെ ഒരു പാട്ടു പാടിക്കൊണ്ട് അരുവിയിലിറങ്ങി കുളിച്ചുകയറിവരുന്ന ബേബിയുടെ ധീരവും സുന്ദരവുമായ മുഖം ഇപ്പോൾ ഓർക്കുന്നു.

കണ്ണമ്പള്ളി മുരളി
കണ്ണമ്പള്ളി മുരളി

സാംസ്കാരികവേദി പിരിച്ചുവിട്ടശേഷം ഞങ്ങളെല്ലാം പലവഴി പിരിഞ്ഞു. പലരുടെയും കനൽ കെട്ടുവെങ്കിലും നിരവധി പേർ ആ കനൽ കൊണ്ടുനടന്നു. അതിലൊരാളായിരുന്നു ബേബി. അത്തരം കനലുകൾ കൊണ്ടുനടക്കുന്നവർക്ക് ജീവിതം ക്ലേശകരമായ ഒരു കാലം കൂടിയാണിത്. അതാകാം, ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് ബേബിയെ എത്തിച്ചത് എന്നു ഞാൻ വിചാരിക്കുന്നു.

ബേബി മരിച്ചപ്പോൾ പുറത്തുവന്ന അനുസ്മരണങ്ങളിലും വാർത്തകളിലുമൊന്നും അദ്ദേഹത്തിന്റെ യഥാർഥ ഭൂതകാലമുണ്ടായിരുന്നില്ല. സഖാവ് വർഗീസിനെപ്പോലെ തന്നെ, ആദിവാസികളുടെ ക്ലേശങ്ങൾ നന്നായി ഉള്ളുകൊണ്ടറിഞ്ഞിരുന്ന ആളായിരുന്നു ബേബിയും. ആദിവാസികളുടെ അടിമത്തത്തെ കുറിച്ചുള്ള നേരറിവാണ് വർഗീസിനെ വിപ്ലവകാരിയാക്കി മാറ്റിയത്. ശരിക്കും ആദിവാസികളുടെ ‘പെരുമനാ’യിരുന്നു വർഗീസ്. ബേബിയിലും ഈ ഊർജ്ജം നിറഞ്ഞുനിന്നിരുന്നു. അതുതന്നെതായിരുന്നു ‘കനവ്’ അടക്കം പിന്നീടുള്ള പല പരീക്ഷണങ്ങളുടെയും കാതൽ. എന്നാൽ, ഇപ്പോൾ ബേബിയെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഭൂതകാലത്തെ വെട്ടിമാറ്റിയിട്ടാണ്. ആ ഭൂതകാലമില്ലെങ്കിൽ ബേബി വെറുമൊരു ലിബറൽ സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമായി മാറും എന്ന് ഓർക്കുക.

വർഗീസ്
വർഗീസ്

ഈയൊരു പാശ്ചാത്തലത്തിൽ ജനകീയ സാംസ്‌കാരിക വേദി എന്തായിരുന്നു, അത് നമ്മുടെ ഭാവുകത്വ ചരിത്രത്തിൽ നടത്തിയ വിച്‌ഛേദം എന്താണ് എന്നതുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പാർട്ടി പോഷക സംഘടനാസങ്കൽപ്പത്തെ എതിർക്കുന്ന സംഘടനാ സംവിധാനമായിരുന്നു ജനകീയ സാംസ്‌കാരികവേദി. എല്ലാ പാർട്ടികൾക്കും ഓരോ സാംസ്‌കാരിക സംഘടന എന്ന വളരെ യാന്ത്രികമായ സമീപനമുണ്ട്. ഈ സംഘടനകൾ പാർട്ടി പറയുന്നത് അനുസരിക്കണം. പാർട്ടി ഫ്രാക്ഷനാണ് സാംസ്‌കാരിക സംഘടനകളെ നിയന്ത്രിക്കുന്നത്. പു.ക.സ പോലും അങ്ങനെയാണ്, പാർട്ടി ഫ്രാക്ഷനാണ് അതിനെ നിയന്ത്രിക്കുന്നത്. എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാൽ സർഗസ്വാതന്ത്ര്യമാണ്. ഒരു പാർട്ടി ഫ്രാക്ഷൻ നിയന്ത്രിക്കുന്ന സംവിധാനത്തിനകത്ത് ഈ സർഗസ്വാതന്ത്ര്യത്തിന് എവിടെയാണ് സ്ഥാനം?

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഈ അപചയത്തിനെതിരെ ഉയർന്നുവന്നതാണ് ജനകീയ സാംസ്‌കാരികവേദി. സി.പി.ഐ- (എം.എൽ) യുമായി രാഷ്ട്രീയ അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്വതന്ത്രസംഘടനയായി പ്രവർത്തിക്കുക എന്നതായിരുന്നു സാംസ്കാരികവേദി സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. ഇതിൽനിന്ന് ഭിന്നമായ നിലപാടുള്ള, സാംസ്കാരികവേദി പാർട്ടി പോഷകസംഘടനയായി പ്രവർത്തിക്കണമെന്ന അഭിപ്രായമുള്ള, സിവിക് ചന്ദ്രനെയും പി.എം. ആന്റണിയെയും പോലുള്ളവരും അന്നുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനകമ്മിറ്റിയിലെ ഭൂരിപക്ഷവും, സ്വതന്ത്ര സംഘടനയായി നിലനിൽക്കണമെന്ന അഭിപ്രായക്കാരായിരുന്നു. പാർട്ടിയും സാംസ്കാരികവേദിയും തമ്മിൽ ഇത്തരമൊരു സംഘർഷം ആദ്യന്തം നിലനിന്നു.

കെ. വേണുവിന്റെ നിലപാടിനെ പിന്തുണച്ചവർ  പോഷകസംഘടനാസംസ്‌കാരം നിലനിർത്താൻ ശ്രമിച്ചു. അതിനേക്കാൾ നല്ലത് സാംസ്കാരിക വേദി പിരിച്ചുവിടുകയാണ് എന്ന അഭിപ്രായം ശക്തമായി.
കെ. വേണുവിന്റെ നിലപാടിനെ പിന്തുണച്ചവർ പോഷകസംഘടനാസംസ്‌കാരം നിലനിർത്താൻ ശ്രമിച്ചു. അതിനേക്കാൾ നല്ലത് സാംസ്കാരിക വേദി പിരിച്ചുവിടുകയാണ് എന്ന അഭിപ്രായം ശക്തമായി.

കെ. വേണുവിന്റെ നിലപാടിനെ പിന്തുണച്ചവർ പോഷകസംഘടനാസംസ്‌കാരം നിലനിർത്താൻ ശ്രമിച്ചു. അതിനേക്കാൾ നല്ലത് സാംസ്കാരിക വേദി പിരിച്ചുവിടുകയാണ് എന്ന അഭിപ്രായം ശക്തമായതിനെതുടർന്നാണ് അത് പിരിച്ചുവിടപ്പെട്ടത്. കൊടുങ്ങല്ലൂരിൽ ജനകീയ സാംസ്‌കാരികവേദിയുടെ സംസ്ഥാന സമ്മേളനം ചേർന്നശേഷമാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ചേർന്ന് സംഘടന പിരിച്ചുവിടാൻ തീരുമാനിച്ചത്. ആ സമ്മേളനത്തിൽ പാർട്ടി പ്രതിനിധികളായി മുരളി കണ്ണമ്പള്ളി, കെ. വേണു, ഭാസുരേന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. ഭാസുരേന്ദ്രബാബു ഞങ്ങളോടൊപ്പമാണ് നിലകൊണ്ടത്. ആ പിരിച്ചുവിടൽ തന്നെ ഒരു വിജയമാണ് എന്നാണ് ഞാൻ കരുതുന്നത്. കാരണം വേദിക്ക് സ്വതന്ത്രസ്വഭാവത്തോടെ പ്രവർത്തിക്കാനായതുകൊണ്ടാണ് അന്നത്തെ പുതുമയുള്ള പല പ്രവർത്തനങ്ങളെല്ലാം സംഘടിപ്പിക്കാൻ കഴിഞ്ഞത്.

നാടുഗദ്ദികക്കുശേഷം വയനാട്ടിൽനിന്നുതന്നെ പടയണി എന്ന നാടകമുണ്ടായി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കളിയാക്കുന്ന അയ്യപ്പപ്പണിക്കരുടെ ‘ഇണ്ടനമ്മാവൻ’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ആ നാടകത്തിലുണ്ടായിരുന്നു. അതായത്, ‘മോഡേണിസ്റ്റ്’ സെൻസിബിലിറ്റി ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നത് ആ നാടകത്തിന്റെ പ്രത്യേകതയായിരുന്നു. മധു മാഷുടെ നേതൃത്വത്തിൽ രാമചന്ദ്രൻ മൊകേരിയും ജോയ് മാത്യുവും സേതുമാധവനുമെല്ലാം സംഘാടകരായിരുന്ന ‘അമ്മ’, സാംസ്കാരിക വേദിയുടെ മറ്റൊരു പ്രധാന നാടകമായിരുന്നു. അതിലെ പ്രധാന അഭിനേതാക്കൾ മധുമാഷ്, എ.സി.കെ. രാജ, സ്റ്റെല്ല, ജോയ് മാത്യു തുടങ്ങിയവരായിരുന്നു.

രാമചന്ദ്രൻ മൊകേരി
രാമചന്ദ്രൻ മൊകേരി

കേരളത്തിൽ തുടർന്നുവന്ന പുരോഗനമന -സോഷ്യലിസ്റ്റ്- റിയലിസ്റ്റ് നാടകവേദിയെ എക്സ്പ്രഷനിസ്റ്റ് (expressionist) സങ്കേതങ്ങളിലൂടെ അട്ടിമറിക്കുന്ന ഒരു ജനകീയ നാടക പരീക്ഷണമായിരുന്നു അത്. അതിനെ തുടർന്ന് അതേ സങ്കേതങ്ങളെ വികസിപ്പിക്കുന്ന സ്പാർട്ടക്കസ് വരുന്നു. സ്പാർട്ടക്കസ്സിന്റെ വേഷമിട്ടത് രാമചന്ദ്രൻ മൊകേരിയായിരുന്നു. ഈ നാടകങ്ങളെല്ലാം മലയാള നാടകചരിത്രത്തിലെ വഴിത്തിരിവുകളാണ്, കലാസൃഷ്ടികളെന്ന നിലയ്ക്കും രാഷ്ട്രീയ ഭാവശക്തികളെന്ന നിലയ്ക്കും.

സാംസ്കാരികവേദി മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ, സാംസ്കാരികവേദിയുടെ പ്രവർത്തകർ കായികമായി തന്നെ ആക്രമണത്തിനിരയായി. ആവിഷ്‌കാരങ്ങൾ നടന്നിടത്തെല്ലാം ഞങ്ങൾക്ക് അടി കിട്ടി.

ഇതോടൊപ്പം, കെ.ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ കവിതകൾ വരുന്നു. എം. സുകുമാരൻ, യു പി ജയരാജ് എന്നിവരുടെ കഥകൾ വരുന്നു. ചിത്രകലയിൽ, ‘റാഡിക്കൽ പെയിന്റേഴ്സ് മൂവ്മെന്റ്’ രൂപപ്പെടുന്നു. പിന്നീട് പ്രസിദ്ധരായിത്തീർന്ന കെ. കൃഷ്ണകുമാർ, മധുസൂദനൻ, അലക്സ് മാത്യു, ദാമോദരൻ നമ്പിടി തുടങ്ങിയ ശിൽപ- ചിത്രകാരർ സാംസ്കാരിക വേദിയുടെ ഭാവുകത്വം പങ്കുവയ്ക്കുന്നവരായിരുന്നു. സാമൂഹികരംഗത്ത് കോഴിക്കോട്ട് നടന്ന ഡോക്ർ -ജനകീയ വിചാരണ, തലശ്ശേരി ചൂതാട്ട വിരുദ്ധ സമരം, ആറളം ഫാം സമരം, കൊടുങ്ങല്ലൂർ എസ്. എൻ സമരം തുടങ്ങി നിരവധി സമരങ്ങൾ ജനകീയ സാംസ്കാരിക വേദിയുടെ അടയാളപ്പെടുത്തലുകളായിരുന്നു.

സംഘടന പിരിച്ചുവിട്ടശേഷം പഴയ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് ‘കയ്യൂർ’ സമരം സിനിമയാക്കുന്നതിനുവേണ്ടി ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തിയത്. ഈ സിനിമക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ കാലത്താണ് ബേബിയെ പിന്നീട് ഞാൻ ബന്ധപ്പെടുന്നത്. സേതു എന്ന സേതുമാധവൻ, എൻ. ശശിധരൻ, മധു മാഷ്, ബേബി, ജോൺ എബ്രഹാം, സച്ചിദാനന്ദൻ തുടങ്ങിയവരെല്ലാം ആ സംരംഭത്തിൽ പങ്കെടുത്തിരുന്നു. തിരക്കഥ രൂപപ്പെടുത്തി, ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ദിവാകര മേനോൻ ആയിരുന്നു ക്യാമറാമാൻ. സാമ്പത്തിക പ്രശ്‌നം കാരണമാണ് സിനിമ നടക്കാതെ പോയത്.

കെ.ജെ. ബേബി
കെ.ജെ. ബേബി

ജനകീയ സംസ്കാരികവേദിയുണ്ടാക്കിയ ഭാവുകത്വ വിച്ഛേദം ഏറെ പ്രാധാന്യമുള്ളതാണ്. സാംസ്കാരികവേദി മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ, സാംസ്കാരികവേദിയുടെ പ്രവർത്തകർ കായികമായി തന്നെ ആക്രമണത്തിനിരയായി. ആവിഷ്‌കാരങ്ങൾ നടന്നിടത്തെല്ലാം ഞങ്ങൾക്ക് അടി കിട്ടി. വടക്കൻ പറവൂരിലെ ഒരു സ്‌കൂൾ കോമ്പൗണ്ടിൽ സ്പാർട്ടക്കസ് നാടകം അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മുകാർ ഇടപെട്ട് നിരോധനം കൊണ്ടുവന്നു. അത് ലംഘിച്ച് യോഗം നടത്തിയപ്പോൾപൊലീസ് ലാത്തിച്ചാർജ് നടത്തി ഞങ്ങളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യുകയും വിയ്യൂർ സെൻട്രൽ ജയിലിൽ അടക്കുകയുമുണ്ടായി. അതിനെതുടർന്നാണ് എന്നെ ഗവൺമെന്റ് കോളേജ് അദ്ധ്യാപക ജോലിയിൽ നിന്ന് ദീർഘകാലത്തേക്ക് സസ്പെൻറ് ചെയ്തത്.

അന്ന് ഞങ്ങൾ, പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന് ഭിന്നമായ പുതിയൊരു പ്രസ്ഥാനത്തിനുവേണ്ടിയാണ് ആഗ്രഹിച്ചത്. പഴയ പോഷകസംഘടനയിൽനിന്ന് വ്യത്യസ്തമായ സാംസ്‌കാരിക സംഘടനക്കുവേണ്ടിയും.

ജനകീയ സാംസ്കാരികവേദിയുടെ രൂപീകരണത്തിന് ഒരു പ്രധാന രാഷ്ട്രീയ സാഹചര്യം കൂടിയുണ്ട്. അടിയന്തരാവസ്ഥക്കു തൊട്ടുപുറകേയാണ് ഇത്തരമൊരു ഉയിർത്തെഴുന്നേൽപ്പുണ്ടായത്. കേരളീയരാണ് അടിയന്തരാവസ്ഥയോട് ഏറ്റവും കുറഞ്ഞ ചെറുത്തുനിൽപ്പ് നടത്തിയ പൊതുസമൂഹം. സി. അച്യുതമേനോനും കരുണാകരനും ഒരുമിച്ച് ഭരിക്കുന്ന കാലം കൂടിയായിരുന്നുവല്ലോ അത്. മാർക്‌സിസ്റ്റ് പാർട്ടിയാകട്ടെ അടിയന്തരാവസ്ഥയെ പരസ്യമായി എതിർത്തില്ല. അവർ രാഷ്ട്രീയ പ്രവർത്തനം മാറ്റിവച്ച് സാംസ്‌കാരിക പ്രവർത്തനത്തിലേക്കു മാറി. അങ്ങനെയാണ് ഇന്നത്തെ പു.ക.സയുടെ പൂർവ രൂപമായ ദേശാഭിമാനി സ്റ്റഡി സർക്കിൾ ശക്തമാകുന്നത്. രാഷ്ട്രീയമായി ചെറുത്തുനിൽക്കേണ്ട സമയത്ത് അവർ അതിൽനിന്ന് ഒഴിഞ്ഞുനിന്നപ്പോൾ, സി.പി.ഐ (എം.എൽ) രാഷ്ട്രീയമായി ചെറുത്തുനിൽക്കാൻ തുടങ്ങി. നിരവധി യുവാക്കൾ മൂവ്മെന്റിലേക്കു വന്നു, പാർട്ടിക്ക് നിരവധി യൂണിറ്റുകളുണ്ടായി. അതിന്റെ ശക്തമായ ഒരു പ്രകടനമായിരുന്നു കായണ്ണ പൊലീസ് സ്‌റ്റേഷൻ ആക്രമണം. യുവാക്കളുടെ നേതൃത്വത്തിലുണ്ടായ ഈയൊരു ചെറുത്തുനിൽപ്പിനെ അധികാര കേന്ദ്രീകരണത്തിന്റെ ബലത്താൽ പൊലീസ് അടിച്ചമർത്തി. കേരളം മുഴുവൻ ടോർച്ചർ ക്യാമ്പുകളുണ്ടാക്കി യുവാക്കളെ മർദ്ദിക്കുകയാണ് ചെയ്തത്. അക്കൂട്ടത്തിൽ ഞാനും അറസ്റ്റിലായി, പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

കേരളീയരാണ് അടിയന്തരാവസ്ഥയോട് ഏറ്റവും കുറഞ്ഞ ചെറുത്തുനിൽപ്പ് നടത്തിയ പൊതുസമൂഹം. സി. അച്യുതമേനോനും കരുണാകരനും ഒരുമിച്ച് ഭരിക്കുന്ന കാലം കൂടിയായിരുന്നുവല്ലോ അത്. മാർക്‌സിസ്റ്റ് പാർട്ടിയാകട്ടെ അടിയന്തരാവസ്ഥയെ പരസ്യമായി എതിർത്തില്ല.
കേരളീയരാണ് അടിയന്തരാവസ്ഥയോട് ഏറ്റവും കുറഞ്ഞ ചെറുത്തുനിൽപ്പ് നടത്തിയ പൊതുസമൂഹം. സി. അച്യുതമേനോനും കരുണാകരനും ഒരുമിച്ച് ഭരിക്കുന്ന കാലം കൂടിയായിരുന്നുവല്ലോ അത്. മാർക്‌സിസ്റ്റ് പാർട്ടിയാകട്ടെ അടിയന്തരാവസ്ഥയെ പരസ്യമായി എതിർത്തില്ല.

കേരളത്തിലെ യുവാക്കൾ അടിയന്തരാവസ്ഥക്കെതിരായി നടത്തിയ ചെറുത്തുനിൽപ്പ് മറ്റൊരു രാഷ്ട്രീയ പാർട്ടിയും കേരളത്തിൽ ചെയ്തില്ല. അടിച്ചമർത്തപ്പെട്ട യുവാക്കളുടെ വികാരമാണ്, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ സാംസ്‌കാരികവേദിയുടെ രൂപത്തിൽ പുറത്തുവന്നത്. അടിച്ചമർത്തപ്പെട്ടവർ വലിയ വിപ്ലവശക്തികളായി തിരിച്ചുവരുമെന്ന് ഫ്രാൻസ് ഫാനൻ (Frantz Omar Fanon) പറയുന്നുണ്ട്. അതുപോലെ, അത് വലിയ കലാരൂപങ്ങളിലൂടെയും സമരങ്ങളിലൂടെയും വലിയ യുവജനപ്രസ്ഥാനമായി വളരുകയായിരുന്നു. മർദ്ദനമേറ്റവരിൽ കുറെപേർ ജയിൽവാസം കഴിഞ്ഞ് പുറത്തുവന്നപ്പോൾ സി.പി.ഐ (എം.എൽ) യുടെ പ്രവർത്തനം സജീവമായി, വലിയ വിഭാഗം സാംസ്‌കാരികവേദിയിൽ പ്രവർത്തിക്കാനും തുടങ്ങി. അന്ന് ഞങ്ങൾ, പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന് ഭിന്നമായ പുതിയൊരു പ്രസ്ഥാനത്തിനുവേണ്ടിയാണ് ആഗ്രഹിച്ചത്. പഴയ പോഷകസംഘടനയിൽനിന്ന് വ്യത്യസ്തമായ സാംസ്‌കാരിക സംഘടനക്കുവേണ്ടിയും.

സാർത്ര് തന്നെ മാവോയുടെ ചിത്രമുയർത്തിപ്പിടിച്ച് വിദ്യാർഥികളോടൊപ്പം തെരുവിലിറങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ അസ്തിത്വവാദികൾക്ക് ഈ സാർത്രിനെ അറിയില്ല.

ജനകീയ സാംസ്‌കാരികവേദിക്ക് മറ്റൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. അറുപതുകൾ മുതൽ ലോകമെങ്ങും ഉയർന്നുവന്ന യുവജനപ്രക്ഷോഭങ്ങളുടെ വലിയൊരു ധാരയുണ്ട്. ഫ്രഞ്ചു വിപ്ലവത്തിനുശേഷമുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായിരുന്നു 1968-ൽ ഫ്രാൻസിലുണ്ടായ വിദ്യാർഥി കലാപം. അതുപോലെ, അമേരിക്കയിലെ വിയറ്റ്‌നാം യുദ്ധവിരുദ്ധ യുവജന കലാപം. കൂടാതെ, ലിബറേഷൻ തിയോളജി, ബീറ്റിൽസ്, ഇങ്ങനെ എല്ലാ മേഖലകളിലും യുവാക്കളുടെ നേതൃത്വത്തിൽ ലോകമെങ്ങും പുതിയ ഉണർവ്വ് സംഭവിക്കുന്നുണ്ട്. ഈയൊരു വിദ്യാർഥി- യുവജന കലാപങ്ങളിൽനിന്നാണ് ‘ന്യൂ ലെഫ്റ്റ്’ എന്ന ആശയം തന്നെ രൂപപ്പെടുന്നത്. ലിബറൽ മുതലാളിത്ത രാഷ്ട്രീയത്തിനും സോവിയറ്റ് സോഷ്യലിസ്റ്റ് ഭരണകൂട മുതലാളിത്തത്തിനും എതിരായ മുന്നേറ്റമായിരുന്നു അത്. ലിബറൽ മുതലാളിത്ത രാഷ്ട്രീയത്തിൽ സ്വാതന്ത്ര്യമുണ്ട്, സമത്വമില്ല. സോവിയറ്റ് സ്റ്റാലിനിസത്തിലാകട്ടെ, സമത്വമുണ്ട്, സ്വാതന്ത്ര്യമില്ല. പടിഞ്ഞാറും കിഴക്കുമുള്ള ഈ രണ്ട് യാഥാസ്ഥിതിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെയായിരുന്നു ലോക യുവജനമുന്നേറ്റം. അതിന്റെ ഭാഗമായിരുന്നു കേരളത്തിലെ ജനകീയ സാംസ്‌കാരിക വേദി എന്നുപറയാം.

അന്നത്തെ ലോക യുവജനപ്രസ്ഥാനം മാവോ സേ തുങിനെയാണ് മാതൃകയാക്കിയത്. ഫ്രഞ്ച് വിദ്യാർഥി കലാപത്തിൽ മാവോ ഒരു പ്രതീകമായിരുന്നു.
അന്നത്തെ ലോക യുവജനപ്രസ്ഥാനം മാവോ സേ തുങിനെയാണ് മാതൃകയാക്കിയത്. ഫ്രഞ്ച് വിദ്യാർഥി കലാപത്തിൽ മാവോ ഒരു പ്രതീകമായിരുന്നു.

അന്നത്തെ ലോക യുവജനപ്രസ്ഥാനം മാവോ സേ തുങിനെയാണ് മാതൃകയാക്കിയത്. ഫ്രഞ്ച് വിദ്യാർഥി കലാപത്തിൽ മാവോ ഒരു പ്രതീകമായിരുന്നു. സാർത്ര് തന്നെ മാവോയുടെ ചിത്രമുയർത്തിപ്പിടിച്ച് വിദ്യാർഥികളോടൊപ്പം തെരുവിലിറങ്ങിയിട്ടുണ്ട്. (നമ്മുടെ നാട്ടിലെ അസ്തിത്വവാദികൾക്ക് ഈ സാർത്രിനെ അറിയില്ല).
ഈ വിദ്യാർത്ഥി- യുവജന കലാപം മാവോയെ പ്രതീകമാക്കിയതിന് ഒരു സൈദ്ധാന്തിക കാരണമുണ്ട്.
മാവോചിന്തക്ക് രണ്ടു വശങ്ങളുണ്ടായിരുന്നു.
ഒന്ന്; മുതലാളിത്ത വികസനത്തിലൂടെയുള്ള സോഷ്യലിസം എന്ന സ്റ്റാലിനിസ്റ്റ് സങ്കൽപ്പത്തെ മാവോ തള്ളിക്കളഞ്ഞു.
എന്നാൽ, അതിന്റെ പരിമിതി, സ്റ്റാലിനിസ്റ്റ് പാർട്ടി സങ്കൽപ്പത്തെ മുറുകെ പിടിച്ചു എന്നതാണ്. അന്നത്തെ യുവജന പ്രസ്ഥാനങ്ങളെല്ലാം മുതലാളിത്ത വികസനം എന്ന സങ്കൽപ്പത്തിന് എതിരായതുകൊണ്ടാണ് മാവോയെ പ്രതീകമാക്കിയത്. സ്റ്റാലിനിസത്തിൽനിന്നും ലിബറലിസത്തിൽനിന്നുമുള്ള വിമോചനത്തിന്റെ പ്രതീകമായാണ് അവർ മാവോയെ കണ്ടത്. ഇന്ത്യയിൽ ഇത്രയേറെ യുവജനങ്ങൾ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടതും അതുകൊണ്ടായിരിക്കാം.

കേരളീയരാണ് അടിയന്തരാവസ്ഥയോട് ഏറ്റവും കുറഞ്ഞ ചെറുത്തുനിൽപ്പ് നടത്തിയ പൊതുസമൂഹം. സി. അച്യുതമേനോനും കരുണാകരനും ഒരുമിച്ച് ഭരിക്കുന്ന കാലം കൂടിയായിരുന്നുവല്ലോ അത്. മാർക്‌സിസ്റ്റ് പാർട്ടിയാകട്ടെ അടിയന്തരാവസ്ഥയെ പരസ്യമായി എതിർത്തില്ല.

ഇങ്ങനെ രൂപപ്പെട്ട ലോകവ്യാപകമായ ‘ന്യൂ ലെഫ്റ്റി’ന്റെ ഭാഗമായി വേണം യഥാർത്ഥത്തിൽ ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തേയും അതിനോട് അനുഭാവം പുലർത്തിയ ജനകീയ സാംസ്‌കാരിക വേദിയെയും ചരിത്രപരമായി വിലയിരുത്തേണ്ടത്. അങ്ങനെ ഒരു കാഴ്ചപ്പാടിലാണ് സാംസ്‌കാരികവേദി പോലെയുള്ള പ്രസ്ഥാനങ്ങളുടെയും കെ.ജെ. ബേബിയെപ്പോലുള്ള പ്രതിഭാശാലികളായ കലാകാരരുടെയും രാഷ്ട്രീയവും ചരിത്രപരവുമായ പ്രാധാന്യം വെളിപ്പെട്ടുകിട്ടുക.


Summary: B.Rajeevan remembering KJ Baby's political involvement.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments