ആര്യ സ്കൂളുകളുടെ ചരിത്രത്തിലെ
ആദ്യ അധ്യാപക ദമ്പതിമാർ

‘‘ഞങ്ങൾ രണ്ടുപേരും ആദ്യമെല്ലാം ‘ആര്യ’യിൽ കൗതുകവും ഔത്സുക്യവും ഉണർത്തുന്ന വ്യക്തികളായിരുന്നു. ആര്യാ സ്കൂളുകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ദമ്പതിമാരെ നിയമിക്കുന്നതെന്നാണ് മിസിസ് ശർമ ഞങ്ങളോട് പറഞ്ഞത്. കുട്ടികൾ ആദ്യമെല്ലാം അകൽച്ച കാണിച്ചെങ്കിലും ക്രമേണ ഞങ്ങളുമായി അടുത്തു’’- യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 31

ന്നരമാസത്തെ, അല്ലെങ്കിൽ രണ്ടു മാസത്തെ ദുരിതയാത്രകൾക്കുശേഷം നയ്‌റോബിയിലെ പാർക് ലാൻഡ്‌സ് എന്ന എലീറ്റ് ഇന്ത്യൻ സെറ്റിൽമെന്റിൽഞങ്ങൾക്ക് ഒരു വീടു കിട്ടി. ആറു വീടുകൾ ഒരുമിച്ചുള്ള ഒരു കോംപ്ലെക്‌സിൽ രണ്ടാം നിലയിൽ. കാണാൻ നല്ല ഭംഗിയാണെങ്കിലും മിനിമം സൗകര്യമേയുള്ളൂ. ഞങ്ങൾക്ക് ഇക്വേറ്ററിലെ താമസം അവസാനിപ്പിക്കാൻ മറ്റൊരിടം അത്യാവശ്യമായിരുന്നതിനാൽ ഒന്നും ആലോചിക്കാതെ ആ വീട് എടുത്തു. അവിടെ നിന്ന് മൂന്ന് ഷില്ലിംഗ് കൊടുത്താൽ ങ്ഗാരയിൽ സ്‌കൂളിന്റെ മുന്നിലിറങ്ങാം. അങ്ങനെ ഞങ്ങൾ പുതിയ യാത്ര ആരംഭിച്ചു. ഒന്നുകിൽ പാക്ഡ് ലഞ്ച് കൊണ്ടു പോകണം, അല്ലെങ്കിൽ ങ്ഗാരയിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെവിടെ നിന്നെങ്കിലും വാങ്ങിക്കഴിക്കേണ്ടിയിരുന്നു.

ഇക്വേറ്ററിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു, ആര്യ. അത് ഒരു ഗേൾസ് സ്കൂളായിരുന്നു. ഇന്ത്യൻ വംശജരായ കുട്ടികളായിരുന്നു 90 ശതമാനവും. ക്ലാസുകളിൽ ആഫ്രിക്കൻ കുട്ടികൾ ഒറ്റപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്കാദ്യം തോന്നിയെങ്കിലും പുതുതലമുറ ഇന്ത്യൻ കുട്ടികൾ അവർക്കു മുമ്പുള്ളവരേക്കാൾ പുരോഗമനമുള്ളവരാണെന്ന് ഞങ്ങൾ മനസ്സിലാക്കി. അവരുടെ സൗഹൃദങ്ങളിലും സ്‌നേഹപ്രകടനങ്ങളിലും നിന്ന് ആ കുട്ടികൾക്കിടയിലെ വംശീയതയില്ലായ്മ ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.

ആര്യ പ്രൈമറി സ്കൂൾ

‘കാലിയാ’ എന്ന് അവിടെ കുട്ടികളാരും ആരെപ്പറ്റിയും പറഞ്ഞിരുന്നില്ല. കുട്ടികൾ കൂടുതലും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. വളരെ പാവപ്പെട്ട വീടുകളിലെ കുട്ടികളും ഉണ്ടായിരുന്നു എന്ന് കുറേക്കാലം കഴിഞ്ഞാണറിഞ്ഞത്. ഞങ്ങളുടെ മോൾക്ക് അതിന്റെ മുന്നിൽത്തന്നെയുള്ള (ഒരേ കോമ്പൗണ്ട് എന്നുതന്നെ പറയാം) ആര്യ പ്രൈമറി സ്കൂൾ എന്ന ഗവൺമെന്റ് സ്കൂളിൽ അഡ്മിഷൻ നൽകാം എന്ന് അവർ പറഞ്ഞു. നയ്റോബിയിലെ അക്കാദമിക് തലങ്ങളിൽ നല്ല പേരുള്ള ഒരു സ്കൂളായിരുന്നു അത്.

ഞങ്ങളുടെ പുതിയ തൊഴിലിടത്ത് എപ്പോഴും വലിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു. ഒരു സ്റ്റാഫ് റൂമേ ഉണ്ടായിരുന്നുള്ളു. സ്കൂൾ ചെറുതായിരുന്നു. ഫോം 1 മുതൽ ഫോം 4 വരെയേ ഉള്ളൂ. എല്ലാ ക്ലാസിലും കുട്ടികളുടെ എണ്ണം 36-ൽ കൂടുതലാവില്ല. അതുകാരണം അദ്ധ്യാപകരുടെ എണ്ണവും കുറവായിരുന്നു. കൃത്യമായ എണ്ണം ഓർമ്മയില്ല. 11-13 വരെ ആയിരുന്നു എന്നു തോന്നുന്നു. ഞങ്ങളെ കൂടാതെ രണ്ട് മലയാളികൾ കൂടി ഉണ്ടായിരുന്നു. പുല്ലാട് (തിരുവല്ല) നിന്നുള്ള ജോൺ തോമസും കോട്ടയം സ്വദേശി പി.സി ജോർജും. ജോർജ് കെന്യയിൽ വരുന്നതിനു മുൻപ് ജമൈക്കയിലായിരുന്നു.

അവരിരുവരുമായി അന്നാരംഭിച്ച സൗഹൃദം ഇന്നും മാറ്റമില്ലാതെ തുടരുന്നു. ജോൺ നാട്ടിൽ വരുമ്പോഴെല്ലാം എന്നെ കാണാൻ വരാറുണ്ട്. ജോർജ്ജിന്റെ മക്കൾ മൂവരും ആസ്‌ത്രേലിയയിലാണ്. അതുകൊണ്ട് ജോർജ്ജും പങ്കാളിയായ ഹിൽഡയും മക്കളുടെ അടുത്തായിരിക്കും കൂടുതൽ സമയം. ജോണിന്റെ പങ്കാളി ഡെയ്‌സി വിദേശത്ത് ജനിച്ചു വളർന്നതാണ്. കോളേജിൽ ചേരാറായപ്പോൾ മാത്രമാണ് നാട്ടിൽ വന്നത്. അവരുടെ വിഷയം ഫിസിക്‌സ് ആണ്. പരന്ന വായനയുള്ളയാളാണ് ഡെയ്‌സി. കുറച്ചു കാലം മുൻപ്, ഞാൻ തീരെ അവശനിലയിലായിരുന്നപ്പോൾ ഇവിടെ വരികയും രണ്ടു ദിവസം ഞങ്ങളോടൊപ്പം ചെലവഴിക്കുകയും ചെയ്തു.

ജോർജ്ജിനെയും ജോണിനെയും ആര്യയിലെ അദ്ധ്യാപികമാർ (ആകെ നാല് പുരുഷന്മാരേ അദ്ധ്യാപകരായി ഉണ്ടായിരുന്നുള്ളു.) ശുദ്ധ ഔട്ട് സൈഡർമാരായാണ് കരുതിയിരുന്നത്. ഞങ്ങളെ രണ്ടാളെയും ആ നിലയ്ക്കല്ല കണ്ടിരുന്നത്. എന്റെ പേർ ഒരു ദേശദ്രോഹിയുടെ (!) പേരാണെങ്കിലും അത് ഒരു ഹൈന്ദവനാമമായതിനാൽ (ആവണം) അവർ എന്റെ ജാതി, മതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചില്ല.

തിക്കയിലെ വിദ്യാലയങ്ങളിലൊന്ന്

ആര്യയിലെ പെൺകുട്ടികൾ പൊതുവേ അച്ചടക്കമുള്ളവരായിരുന്നു. ആര്യയിൽ കർശനക്കാരിയായ ഒരു ഹെഡ് മിസ്ട്രസ് ഉണ്ടായിരുന്നു. മിസിസ് ശാരദാ ശർമ്മ. അവർ ഒരു ഹിന്ദു പഞ്ചാബി ആയിരുന്നു. ഒരു ഇന്ത്യൻ ഗേൾസ് സ്കൂളിൽ ജോലി ചെയ്ത അനുഭവപരിചയമുള്ള സ്ത്രീയായിരുന്നു മിസിസ് ശർമ. അതിനാൽ ചില ഇന്ത്യൻ കോൺവെന്റ് പതിവുകൾ അവർ ആര്യയിൽ പരീക്ഷിച്ചു. അവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു, സ്റ്റാഫിന്റെ ഇടയിലുള്ള തന്റെ ഏജന്റുമാരെക്കൊണ്ട് സ്കൂളിന്റെ അവസ്ഥകളെപ്പറ്റി ചെറിയ തെറ്റുകുറ്റങ്ങൾ പറയിക്കുകയും മറ്റുള്ള ‘അൺസസ്‌പെക്റ്റിംഗ്' ആയവരെക്കൊണ്ട് കൂടുതൽ പറയിക്കുകയും ചെയ്യുക. അതെല്ലാം പിടിച്ചെടുത്ത ശേഷം ഞങ്ങളോടൊപ്പം ചായ കുടിക്കാനെന്ന വ്യാജേന വരുന്ന മിസിസ് ശർമ, ‘സ്റ്റാഫ് റൂമിൽ എപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ടല്ലോ; ഇപ്പോഴെന്താ ആരും മിണ്ടാത്തത്?' എന്ന് നാടകീയമായി ചോദിക്കുന്ന (''ഗെയിംസ് പീപ്പിൾ പ്ലേ'' എന്ന പുസ്തകത്തിൽ പറയും പോലെയുള്ള) ചില്ലറ സീനുകൾ ആടി, ‘ഞാൻ എല്ലാം അറിയുന്നുണ്ട്' എന്ന ഭാവത്തോടെ തിരികെപ്പോകും.

അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നൂ ‘ഈ ആഴ്ച്ചത്തെ ചിന്താവിഷയം’. കുട്ടികളുമായി ആലോചിച്ചാണ് ഞങ്ങൾ അത് തയാറാക്കിയിരുന്നത്. അത് ആ ആഴ്ച കഴിയുവോളം ക്വാഡ്രാങ്ഗിളിൽ വച്ച ബോർഡിൽ വെണ്ടക്ക അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കണം. മൂന്ന് ഹൗസുകളുണ്ട് സ്കൂളിൽ; റെഡ്, ബ്ലൂ, യെല്ലോ. അവർ തമ്മിലായിരുന്നൂ മത്സരങ്ങൾ. ധാരാളം കോ- കരിക്കുലർ പരിപാടികൾ നടത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ അസംബ്ലിക്ക് ക്വിസ് മത്സരങ്ങൾനടത്തും.

ഞങ്ങൾ അവിടെയെത്തിയതോടെ സ്ഥിരമായി ടീച്ചർമാർ കൊണ്ടുവരുന്ന ആര്യ സമാജ് ഗ്രന്ഥങ്ങളിലെ 'Thought for the Week' നു പകരം കുറേക്കൂടി ലളിതവും കാവ്യാത്മകവുമായ, ജിദ്ദു കൃഷ്ണമൂർത്തിയുടെ ‘ദി ഓൺലി റെവലൂഷനി’ൽ നിന്നും മറ്റുമുള്ള മനോഹരമായ പാസേജുകൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്ന പതിവ് ആരംഭിച്ചു. ആര്യയിലെ കുട്ടികൾ അക്കാദമിക് ആയി മിടുമിടുക്കരല്ലായിരുന്നു. അവരിൽ പലരും കലാപരമായി കഴിവുള്ളവരായിരുന്നു. അതിനുള്ള അവസരങ്ങൾ കിട്ടിയാൽ അവർ നന്നായി ശോഭിക്കും.

ഞങ്ങൾ രണ്ടു പേരും ആദ്യമെല്ലാം ‘ആര്യ’യിൽ കൗതുകവും ഔത്സുക്യവും ഉണർത്തുന്ന വ്യക്തികളായിരുന്നു. ആര്യാ സ്കൂളുകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ദമ്പതിമാരെ നിയമിക്കുന്നതെന്നാണ് മിസിസ് ശർമ ഞങ്ങളോട് പറഞ്ഞത്. കുട്ടികൾ ആദ്യമെല്ലാം അകൽച്ച കാണിച്ചെങ്കിലും ക്രമേണ ഞങ്ങളുമായി അടുത്തു.

തിരികെ നയ്‌റോബിയിലെത്തിയത് ഞങ്ങളെ സംബന്ധിച്ച് ആഹ്ലാദകരമായ കാര്യമായിരുന്നു. അപർണയെ മാത്രമാണ് ഞങ്ങൾ മിസ്സ് ചെയ്തിരുന്നത്. അവൾ എല്ലാ ആഴ്ചയിലും ഞങ്ങൾക്ക് എഴുതിയിരുന്നു. പൂർണമായും പുറത്തു വളർന്ന ഒരു കുട്ടി പ്രത്യേകിച്ച്, പെൺകുട്ടി, നാട്ടിലേക്ക് പറിച്ചുനടുമ്പോൾ ഉണ്ടാവുന്ന പ്രയാസങ്ങൾ എട്ടു വയസ്സിൽത്തന്നെ അവൾ അറിഞ്ഞിരുന്നു. ആഴ്ച തോറുമുള്ള ടെലിഫോൺ സംഭാഷണങ്ങളിൽനിന്ന് അവൾക്ക് പല കാര്യങ്ങളും നാട്ടിലുള്ളവരെ പറഞ്ഞ് കൺവിൻസ് ചെയ്യിക്കാനാവുന്നില്ല എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. സ്കൂൾ ബസിലെ തിക്കിത്തിരക്കലും മറ്റും അവൾക്ക് നല്ല പ്രശ്‌നമായിരുന്നു. അതിനെക്കാൾ വലിയ പ്രശ്‌നമായി അവൾ പറഞ്ഞത്, ക്ലാസിലെ കുട്ടികളുടെ എണ്ണമാണ്. 54 കുട്ടികളുണ്ടായിരുന്നു അവളുടെ ക്ലാസിൽ. (ഇവയൊക്കെ എന്റെ അഭിപ്രായമാണെന്ന് കരുതരുത് എന്ന് അഭ്യർത്ഥിക്കുന്നു. ശാന്തമായ തിക്കയിൽനിന്ന്, വളരെ കുറച്ച് കുട്ടികൾ മാത്രമുള്ള ഒരു സ്കൂളിൽനിന്ന്, ഓർക്കാപ്പുറത്ത് ഒരു ജനാരണ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞിന്റെ പരാതികളായി കാണാൻ അപേക്ഷ.)

ആര്യ ഗേൾസ് സ്കൂളിന്റെ അകത്തെ വരാന്ത

എന്തായാലും അവളോട് പറയാതെ തന്നെ ഞങ്ങൾ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസിനോട്, അവൾക്ക് നൽകാം എന്നുപറഞ്ഞ സീറ്റ് വേണം എന്നു തന്നെ പറഞ്ഞു. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഞങ്ങൾക്ക് ‘ഹോളി വീക്’ അവധിയുണ്ട്. അപ്പോഴേക്ക് അവൾക്ക് തിരിച്ചുവരാം. കെന്യൻ ഡിപ്പൻഡന്റ് വിസയുള്ളതുകൊണ്ട് യാതൊരു തടസവുമില്ലാതെ അവൾക്ക് വരാം. അങ്ങനെ ഒരിക്കൽക്കൂടി ഒരു അൺ അക്കമ്പനീഡ് മൈനർ ആയി ഞങ്ങളുടെ മകൾ നയ്‌റോബിയിലെ ജോമോ കെന്യാറ്റാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. അവളുടെ മെൻഡർ അവളുടെ ലഗേജ് കൊണ്ടു വരുന്നുണ്ടായിരുന്നു. അവർക്കായി കാത്തുനിൽക്കാതെ അവൾ ചില്ലുവാതിലിനരികിലേക്ക് ഓടിയടുത്തു. താനേ തുറക്കുന്ന ആ വാതിൽ അവൾക്കായി തുറന്നു. ഓടിവന്ന് എന്നെ ‘ഉറുപ്പടങ്ങം’ കെട്ടിപ്പിടിച്ച് അവൾ പറഞ്ഞു, ''അയാം നോട്ട് ഗോയിങ് ബാക്ക് എഗെയ്ൻ.'' അതൊരു എട്ടു വയസ്സിന്റെ ഉറച്ച പ്രഖ്യാപനമായിരുന്നു. അങ്ങനെ ഞങ്ങൾ വീണ്ടും കെന്യയിൽ ഒത്തുചേർന്നു.

അവധി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചായി സ്കൂളിലേക്കുള്ള യാത്ര. നാട്ടിലെ സമയവുമായി മറ്റിടങ്ങളിലെ ജോലിസമയം താരതമ്യപ്പെടുത്താനാവില്ലല്ലോ. എന്റെ അറിവിൽ ഇന്ത്യയൊഴിച്ചുള്ള മിക്ക രാജ്യങ്ങളിലും (കെന്യ ഉൾപ്പടെ) സ്കൂളുകളും ഓഫീസുകളും എല്ലാം തുടങ്ങുന്നത് രാവിലെ 8 മണിക്കാണ്. സ്കൂളുകൾ ഏഴു മണി മുതൽ സ്പന്ദിച്ചുതുടങ്ങും. മിക്ക സ്കൂളുകളിലും രാവിലെയുള്ള അസംബ്ലി ഏറ്റവും പ്രധാന സംഭവമാണ്. ഞങ്ങളുടെ സ്കൂളിലെ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് ഗായത്രി മന്ത്രോച്ചാരണവും ചെയ്യിക്കും. അർത്ഥമറിയാതെയാണെങ്കിലും, കുട്ടികൾ അത് ഏറ്റു ചൊല്ലും.

ഇതിനിടെ ഞങ്ങൾ താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിൽ, നയ്‌റോബിയിൽ വച്ച് മുൻപ് പരിചയപ്പെട്ടിട്ടുള്ള തൊടുപുഴക്കാരായ ജോയിയും റ്റിറ്റിയും അവരുടെ മൂന്ന് കുസൃതിക്കുടുക്കകളുമാണ് താമസിക്കുന്നതെന്ന ‘അത്ഭുതാവഹമായ കണ്ടുപിടിത്തം’ ഞങ്ങൾ നടത്തി. ജോയിയെയും റ്റിറ്റിയെയും വീണ്ടും ഞങ്ങളുടെ ദക്ഷിണാഫ്രിക്കൻ കാലഘട്ടത്തിൽ കണ്ടുമുട്ടും. ജോയിയെക്കുറിച്ച് അപ്പോൾ കൂടുതൽ പറയാനുണ്ടാവും.

അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ ലൈറ്റുകൾ ഓഫായി. വൈകുന്നേരം വരും എന്നു കരുതി കാത്തിരുന്നെങ്കിലും അതുണ്ടായില്ല. അപ്പോഴാണ് ജോയ് വന്നു പറഞ്ഞത്, ഞങ്ങൾ താമസിച്ചിരുന്നിടത്തെ മുൻ ടെനന്റ് കുറേയധികം വൈദ്യുതി ബിൽ കുടിശ്ശിക വരുത്തി മുങ്ങുകയായിരുന്നു എന്ന്. പിറ്റേന്നു തന്നെ ഞങ്ങൾക്ക് വീടു തന്ന ഹിമാചൽ പ്രദേശുകാരൻ ഡോഗ്രയോട് വിവരം പറഞ്ഞപ്പോൾ അയാൾ കൈമലർത്തി. ഒട്ടും വൈകാതെ ഞങ്ങളുടെ പണ്ടത്തെ താമസസ്ഥലമായ പങ്ഗാനിയിൽ ഒരു വീട് കിട്ടി. മൂന്നുമാസത്തിനകം രണ്ടാമത്തെ വീട്. അങ്ങനെ ഞങ്ങൾ വീണ്ടും രാധ- ജയന്മാരുടെ സമീപവാസികളായി. ഞങ്ങൾ ടി.വി വാങ്ങിയിരുന്നില്ല. ടി.വിയുടെ വില സാധാരണക്കാർക്കു താങ്ങാവുന്നതിലും കൂടുതലായിരുന്നു. എന്നാലും മിക്ക അദ്ധ്യാപകരും പല ഇലക്ട്രോണിക് ജംഗമങ്ങൾ വാങ്ങിയിരുന്നു. കെന്യയിൽ എപ്പോഴും സ്ഥലം മാറിപ്പോകുന്ന യൂറോപ്യൻ എക്‌സ്പാട്രിയേറ്റുകളുണ്ടാവും. അവർ ക്ലാസിഫൈഡ് കോളത്തിൽ പരസ്യം ചെയ്യുകയും സാധനങ്ങൾ പലതും വിൽക്കുകയും ചെയ്തിരുന്നു.

ലേഖകനും അദ്ദേഹത്തിന്റെ പങ്കാളിയും

ഞങ്ങളാവട്ടെ, നയ്‌റോബിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത് കുറേക്കൂടി ബ്രിട്ടീഷ് കൗൺസിൽ സേവനങ്ങൾ ഉപയോഗപ്പെടുത്തിയാണ്. ബ്രിട്ടീഷ് കൗൺസിലിനടുത്തുതന്നെയായിരുന്നു അലയൻസ് ഫ്രാങ്‌സ്വാ. അവിടെ നമ്മുടെ നാട്ടിലെ അലയൻസ് ഫ്രാങ്‌സ്വാ പോലെ ചലച്ചിത്ര പ്രദർശനങ്ങളെല്ലാം വിരളമായിരുന്നു. പക്ഷേ അവർ ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ഒരു പ്രോഗ്രാം നടത്തിയിരുന്നു. ഞങ്ങൾ മോളെ അവിടെ ചേർത്തു. ഭാഷകളോട് അവൾക്ക് ആദ്യം മുതൽക്കേ താൽപ്പര്യമുണ്ടായിരുന്നതിനാൽ അവൾക്കും സന്തോഷമായി. പെട്ടെന്നുതന്നെ അവിടെ ഫ്രഞ്ച് പഠിപ്പിച്ചിരുന്ന കാമറൂണിയൻ ഒരു ദിവസം അവളെ പ്രശംസിച്ച് എന്നോട് സംസാരിച്ചു.

ഞങ്ങൾ താമസിച്ചിരുന്ന വീട് റാസി ഖാൻ എന്നൊരാളുടേതായിരുന്നു. അയാളും കുടുംബവും നന്നായി വംശീയത വച്ചു പുലർത്തുന്നവരാണെന്ന് ഞങ്ങളോട് പലരും പറഞ്ഞിരുന്നു. അവരെ മുൻ വിധിയോടെ തന്നെയാണ് ഞാൻ ആദ്യമെല്ലാം സമീപിച്ചത്. ‘സെറ്റ്‌ലർ’ (settler) സമൂഹത്തിലെല്ലാമുള്ളതുപോലെ, താൻ വളരെ ജീവിതവിജയങ്ങൾ നേടിയ ആളാണെന്ന് ആവർത്തിച്ചുപറയുമെന്നല്ലാതെ, അയാളിൽ ഞാൻ വംശീയത കണ്ടില്ല. റാസി ഖാന്റെ വീട് വിചിത്രവീടായിട്ടാണ് തോന്നിയത്. ഗെയ്റ്റ് തുറന്ന് കയറുമ്പോൾ വലതുഭാഗത്ത് റാസിഖാനും കുടുംബവും താമസിക്കുന്ന വീട്. അവിടെ നിന്ന് അല്പമകലെ ഒരു ചെറിയ മുറ്റത്തിനുള്ള ഇടം വിട്ടിട്ട് മറ്റൊരു വീട്. അവിടെ താമസിച്ചിരുന്നത് ഞങ്ങളുടെ ഒരു വിദ്യാർത്ഥിനിയും കുടുംബവുമായിരുന്നു. അതിനോടു ചേർന്ന് രണ്ടാം നിലയിലായിരുന്നു ഞങ്ങളുടെ വീട്. ഞങ്ങളുടെ വീട്ടിലേക്കു കയറുന്ന കോണിച്ചുവട്ടിലും റാസിഖാൻ ഒരു വീടുണ്ടാക്കി. അവിടെ എപ്പോഴും, മന്ത്രിക്കുന്നതുപോലെ സംസാരിക്കുന്ന (നവ) ദമ്പതിമാരായിരുന്നു താമസം. ഞങ്ങളുടെ വീട് വലുതായിരുന്നു. പക്ഷേ വായുസഞ്ചാരം കുറവായിരുന്നു. മാത്രമല്ല, റാസിയുടെയും അയാളുടെ അമ്മയുടെയും കണ്ണുകൾ എപ്പോഴും ടെനന്റുകളുടെ വീടുകളിലും അവരുടെ ചലനങ്ങളിലും ആയിരിക്കും. അത് അല്പം അസുഖകരമായിത്തോന്നി. സ്കൂളിലേക്കുള്ള യാത്രയും തിരിച്ചുവരവും ലേശം ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് മോൾക്ക്.

ജയന്റെയും രാധയുടെയും വീടായിരുന്നു ഞങ്ങൾ ആകെ സന്ദർശിച്ചിരുന്നയിടം. റാസി ഖാന്റെ വീട്ടിൽ ഞങ്ങൾക്ക് സന്ദർശകർ വരുന്നതുപോലും അവർ മോണിട്ടർ ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഞങ്ങൾ ജയന്റെ വീട്ടിൽ സംസാരിച്ചിരിക്കുമ്പോൾ അവിടെ ഒരു യുവാവും യുവതിയും ഒരു കുഞ്ഞുമായി കടന്നുവന്നു. ജയൻ ഞങ്ങളെ പരിചയപ്പെടുത്തി.
മുരളീധരൻ തയ്യിൽ എന്ന തൃശൂരുകാരനും രാധിക എന്ന എറണാകുളംകാരിയുമാണ്. അവരുടെ മകൻ അശ്വിൻ എന്ന അച്ചുവും. ഞങ്ങൾ അധികം സംസാരിച്ചില്ല. രാധിക ഞങ്ങളുടെ ആര്യ ബോയ്‌സ് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറും മുരളി രാധയുടെ സ്കൂളിലെ ഡെപ്യൂട്ടി പ്രിൻസിപ്പലുമായിരുന്നു. രണ്ടാളും മഹാരാജാസിൽ പഠിച്ചതാണെന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് ഏറെ സന്തോഷമായി. കുറഞ്ഞൊരു കാലത്തേക്ക് മഹാരാജാസ് എന്റെയും ‘അൽമാ മാറ്റർ' ആയിരുന്നു. പിന്നീടൊരിക്കൽ ജയനും രാധയും ഒന്നിച്ച് മുരളീ- രാധികമാരുടെ വീട്ടിൽ പോയി. അവരിരുവരും നല്ല വായനാശീലമുള്ളവരായിരുന്നു, പ്രത്യേകിച്ച് രാധിക. ആ രണ്ടാമത്തെ കൂടിക്കാഴ്ച ഒരു ‘റോളർ കോസ്റ്റർ’ സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

നയ്‌റോബി നഗരം

രാധികയുടെ സ്കൂളിൽ മറ്റൊരു മലയാളി കൂടി ഉണ്ടായിരുന്നു; മാത്തച്ചൻ. മാത്തച്ചന്റെ അനുജൻ സാബു ഞങ്ങൾ തിക്കയിലുള്ളപ്പോൾ അവിടെ ഒരു സ്കൂളിൽ എക്കണോമിക്‌സ് പഠിപ്പിച്ചിരുന്നു. മാത്തച്ചൻ താമസിച്ചിരുന്നത് ആര്യ ബോയ്‌സ് സ്കൂളിന് വളരെയടുത്തുള്ള ങ്ഗാര റോഡിൽ ഒരു ഇരുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു. മാത്തച്ചൻ ക്ഷണിച്ച് ഒരു പ്രാവശ്യം ഞങ്ങൾ അവിടെ പോയിട്ടുണ്ട്. നല്ല ഒരു ടെറസ് ഒക്കെയുള്ള ഒരു വീട്. ‘ഇത്രയും അടുത്ത് ഒരു വീടു കിട്ടിയിരുന്നെങ്കിൽ' എന്ന് ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്. റാസി ഖാന്റെ വീട്ടിലെ താമസം ഒട്ടും സുഖകരമായിരുന്നില്ല. ഇനിയും മാറുകയെന്നാൽ അത് മൂന്നാമത്തെ മാറ്റമായിരിക്കും. ഇനി അങ്ങനെ ഒരു മാറ്റമുണ്ടെങ്കിൽ അത് മാത്തച്ചന്റെ വീടു പോലെ സ്കൂളിനടുത്തുള്ള ഒരു വീട്ടിലേക്കായിരിക്കും എന്ന് ഞങ്ങൾ തീരുമാനിച്ചു. എല്ലാ കാര്യങ്ങളും നമ്മൾ വിചാരിക്കും പോലെ നടക്കില്ലല്ലോ.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments