ബിനു എം. പള്ളിപ്പാട്‌. അജയ് പി. മങ്ങാട്ട് പകർത്തിയ ചിത്രം.

ഏതു നീറ്റലിലും നാം പിടഞ്ഞുചെല്ലുന്ന ആനന്ദം

നോവൽ എഴുതിയിട്ട്​ ഞാൻ ആദ്യം വായിക്കാൻ കൊടുത്തതു ബിനുവിനായിരുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ അഭിയും അലിയും കുമളിയിൽനിന്ന് ബസിൽ കമ്പത്തേക്കു പോകുന്ന രംഗം അയാൾ തന്നെ ആദ്യം വായിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. അന്തരിച്ച കവി ബിനു എം. പള്ളിപ്പാടിന്റെ ജീവിതവും കവിതയുമായുള്ള സഹവാസങ്ങളുടെ അനുഭവങ്ങളും.

ബിനു എം. പള്ളിപ്പാടിന്റെ ഞാൻ വായിച്ച ആദ്യ കവിത മർച്ചൻറ്സ്​ ഓഫ് ഫോർ സീസൺസ് ആണ്. ദീനമായ ഒരു പരപ്പിലെ ചെളിയും വെള്ളവും അന്തരീഷത്തിലെ ഈച്ചകളും ഗന്ധരാജനും കൂടിക്കലർന്ന്​ ലഹരിയുടെ നാഡി പിടിച്ചെഴുതിയ ആ വരികളുമായി ഇരിക്കവേ ഞാൻ കവിയെ കാണാൻ ആഗ്രഹിച്ചു.

...വെള്ളമിറങ്ങി കുതിർന്ന തറ സംഭാഷണങ്ങൾ അന്തരീഷത്തിൽ എഴുതിക്കാണിക്കുന്നതുപോലെ ഒരു തോന്നൽ ചിലരൊക്കെ മാഞ്ഞുപോയ് തെളിഞ്ഞുവരും പോലെ. വാക്കുകൾ വലുതായി പ്രതിവചനങ്ങൾക്കു കാതോർത്തിരിക്കുന്നു...

കവിയും കവിതയും ഒന്നായി തീരുന്ന അനുഭവങ്ങളാണ് എനിക്ക് ബിനുവിൽ നിന്ന് കിട്ടിയത്. അത്​ സൗമ്യസൗഹൃദത്തെയല്ല, സൗഹൃദക്ഷോഭങ്ങളെയാണ് കൊണ്ടുവന്നത്. കലയും കലാകാരനും ഒന്നായി മാറുന്നതിലെ സാഹസികത എനിക്കു താൽപര്യമില്ലായിരുന്നു. എന്നിട്ടും ഞാൻ അയാളിലേക്കു പോയി. അതിലെ തിക്തതയും അകലവും അറിഞ്ഞു ഞാൻ അയാൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്തു. വിസ്തൃതമായ സമതലങ്ങൾക്കുമീതേ നമ്മെ ഒരു പക്ഷിയെപോലെ പറത്തിവിടുന്ന ഒരു വെയിൽ, ആ വെയിലിന്റെ ഓരോ ഋതുവും ബിനുവിന് ഏറ്റവും ഉന്മത്തമായിരുന്നു. പള്ളിപ്പാട്ടെ കാലങ്ങളിൽ മനുഷ്യരുടെ ശബ്ദമില്ലാത്ത യാതനകളിലും പ്രകമ്പനം കൊള്ളുന്ന അഭിലാഷങ്ങൾ നിറഞ്ഞുനിന്ന കവിതകൾ, പിന്നീടു കിഴക്കൻ മല കയറി, ഇറങ്ങി മധുരയുടെ ദിക്കിലേക്കു സഞ്ചരിച്ചു.

ഏതോ ലാവാപ്രവാഹം കവിയുടെ അകത്ത് വെമ്പിനിന്നിരുന്നു. മരണത്തിനും അടക്കാനാവാത്ത ജന്മത്തിന്റെ ക്ഷോഭമായിരുന്നു അത്. ആ വംശസ്മരണകളുടെ തരംഗങ്ങളിൽ ഞെട്ടിപ്പിടഞ്ഞു ഞാൻ തനിച്ചാവുന്നു.

രണ്ട്​

അൾജീയേഴ്‌സ് നഗരത്തിൽ പരമദാരിദ്ര്യത്തിനു നടുവിലാണ് ആൽബേർ കമ്യൂ വളർന്നത്. വർഷങ്ങൾക്കുശേഷം രോഗിയായ അമ്മയെ കാണാൻ പാരിസിൽനിന്ന് അൾജീരിയയിലേക്കു കമ്യൂ മടങ്ങിച്ചെല്ലുന്നു. മറ്റൊരു വ്യക്തിയെപ്പറ്റി, മറ്റേതോ വ്യക്തിയുടെ അമ്മയെക്കുറിച്ച് ഒരു കഥയിൽ വിവരിക്കുന്നതുപോലെ തേഡ് പേഴ്‌സണിലാണ്​ കമ്യൂ എഴുതുന്നത്. പ്രവാസിക്ക്​ താൻ ഉപേക്ഷിച്ച നാടിന്റെ സ്മരണ വിശപ്പും സ്‌നേഹവും ഒരേ അളവിലാണ്​ നൽകുന്നത്. ഓർമകളാണ്​ യഥാർഥ ആനന്ദം. പക്ഷേ താൻ അതു തിരിച്ചറിയാൻ എപ്പോഴും വളരെ വൈകുന്നു. ആ പഴയ വീട്ടിൽ അമ്മയും മകനും തമ്മിൽ കൂടിക്കാണുമ്പോൾ അയാൾ അമ്മയെ വെറുതെ നോക്കിനിൽക്കുന്നു, സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു.

ആൽബേർ കമ്യൂ / Photo: Flickr

നീ ഒരുപാടു വലിക്കുന്നു, അമ്മ പറയുന്നു.
ബോറടിക്കുന്നോ, ഞാൻ അധികം സംസാരിക്കാറില്ല, അയാൾ അമ്മയോടു പറയുന്നു.
നീ അധികം സംസാരിക്കാറില്ലെന്ന് എനിക്കറിയാം, അമ്മ മറുപടി പറയുന്നു.
അമ്മ മകനെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്നില്ല, അവർക്കത് ഒരിക്കലുമറിയില്ലായിരുന്നു.
കമ്യുവിന്റെ ലേഖനം അവസാനിക്കുന്നത് അൾജീയേഴ്‌സിലെ ഒരു സെമിത്തേരിയെക്കുറിച്ചുള്ള വിവരണത്തോടെയാണ്. കറുത്ത ഇരുമ്പുഗേറ്റുള്ള ചെറിയ സെമിത്തേരി. അതിന്റെ അറ്റത്തേക്കു നടന്നാൽ താഴ്വാരം കാണാം, ദൂരെയായി കടലും. അവിടെ അങ്ങനെ എത്രനേരം വേണമെങ്കിലും സ്വപ്നം കണ്ടു നിൽക്കാം, അതുകഴിഞ്ഞു മടങ്ങുമ്പോൾ ഉപേക്ഷിക്കപ്പെട്ട ഒരു കല്ലറയ്ക്കു നിങ്ങൾ നിന്നുപോകുന്നു. അതിലെ സ്ലാബിൽ Eternal regrets എന്ന് എഴുതിയതു വായിക്കുന്നു.

ബിനും എം. പള്ളിപ്പാട് / ഫോട്ടോകൾ: അജയ് പി. മങ്ങാട്ട്‌

സ്‌പെയിനിലെ പൽമയിൽ ചെലവഴിച്ച ഒരു രാത്രിയെപ്പറ്റിയുള്ള കമ്യൂവിന്റെ ലവ് ഓഫ് ലൈഫ് എന്ന ലേഖനം ചില കാഴ്ചകളുണ്ടാക്കുന്ന അലകൾ ശക്തമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. പൽമയിലെ ഇരുളും നിശബ്ദതയും കലർന്ന ഒരു തെരുവ്. കഫേകളുടെ അടഞ്ഞ വാതിൽ തുറന്ന് ആരെങ്കിലും പുറത്തേക്കിറങ്ങുമ്പോൾ മാത്രം അകത്തെ വെളിച്ചവും സംഗീതവും പുറത്തേക്കു തെറിക്കുന്നു. ചതുരപ്പെട്ടികൾ പോലെയുള്ള ബാറിലെ കൗണ്ടറിലെ ഇത്തിരിയിടത്തിൽ പുരുഷന്മാർ തോളോടുതോൾ ചേർന്നുനിന്നു കുടിക്കുന്നു, പച്ചനിറമടിച്ച ചുമരുകളുള്ള ബാറിന്റ മച്ചിൽ ചുവന്ന വിളക്കുകൾ മിന്നുന്നു. അത്രയുമിടുങ്ങിയ ആ ബാറിനു നടുവിൽ ഒരു തുറന്ന സ്ഥലത്ത് പാതിരാവിൽ ഒരു പെണ്ണ്​ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു, കുറച്ചു വസ്ത്രം ധരിച്ചു വിയർത്തൊലിച്ച് നൃത്തം ചെയ്യുന്നു.
നർത്തകിയുടെ വിവരണം മാറ്റിനിർത്തിയാൽ കമ്യുവിന്റെ വരികളിലൂടെ എന്റെ മനസ്സിൽ മറ്റു ചില ദൃശ്യങ്ങൾ തെളിഞ്ഞു. മഴ നനഞ്ഞ് കുമളിയിൽനിന്ന് കമ്പത്തേക്കുള്ള ഇറക്കത്തിലൂടെ സ്‌കൂട്ടറോടിച്ച്​ ബിനുവിനൊപ്പം പോയതാണ് അതിൽ ആദ്യത്തേത്. മലയിറങ്ങിച്ചെന്നതും കമ്പത്തിനുമീതേ വെയിൽ തെളിഞ്ഞു. മഴമേഘങ്ങൾ കിഴക്കൻ മലയിലേക്കു പിൻവാങ്ങി. കാറ്റിലുലയുന്ന പാടങ്ങളിലെ, വരണ്ട തോടിന്റെ കരയിൽ ഞങ്ങൾ ഇരുന്നു. പിന്നീട് ആ വഴി നീണ്ടു നീണ്ടു മധുരയിലേക്കു ചെന്നു. വർഷങ്ങൾക്കുശേഷം ബിനു, കുയിൽകുടി എന്ന കവിതയിൽ ഇങ്ങനെ എഴുതി:

ചവുണ്ട് മുഷിഞ്ഞ മനുഷ്യർ വിയർപ്പിൻ സഞ്ചയങ്ങൾ പുറവഴികൾ മുടുക്കുകൾ കോവില് ചുറ്റിപ്പാർക്കും ഒറ്റമുറിക്കുടികൾ മുഴുക്കയ്യൻ ഷർട്ടിട്ട നീളൻ ഹിന്ദിക്കാർ, വണിക്കുകൾ, തെങ്ങിൻ കുരുന്ന്, മൂസാമ്പിച്ചാറ് ഓലപ്പടക്കം,വെള്ളരിപ്പിഞ്ച് ശരവണഭവൻ, പൊടിപിടിച്ച ശിവകാശി പ്രിൻറിൽ രമണനും ശിർദ്ദിസായിയും ഉള്ളിലുള്ളിലായ് നിതാന്തമായൊരു ബ്രാണ്ടിക്കട ആറ്റിലേക്കിറങ്ങുമ്പോല വിടേക്കിറങ്ങി,മേശമേൽ പല ഭേദങ്ങളിൽ തമിഴ് അഴകിൻ കക്ഷിപ്പേച്ചിന്നിടയ്ക്ക് തത്ത്വപ്പാടൽ തണുത്തുതണുത്തുള്ള ഇറക്കുകൾ മൂലയിൽ പ്രകാശിക്കുമിരുട്ടിൽ ഞങ്ങളും കഥകൾ, സിനിമകൾ, പെണ്ണുങ്ങൾ പ്രണയങ്ങളവിഹിതം. അഭിപ്രായ വ്യത്യാസങ്ങൾ ഇടയ്ക്കിടെ വന്നുപോം ഗ്‌ളാസുകൾ അതിന്നിടയിൽ ജമന്തിയും മുല്ലയും വിൽക്കുന്ന പെണ്ണ് ഹാ... തലയിലാമ്പൽ വിരിയും തണുപ്പ്..

ഒരു മനുഷ്യജീവിതത്തിൽ ഒരു രാത്രിയും പകലും എത്രയോ നിസ്സാരമാണ്, പക്ഷേ ഓർമയിൽ അത് ഏറ്റവും വിലപിടിപ്പുള്ള വസ്തുപോലെ ഇരിക്കുന്നു, ഈ ഓർമയുടെ കാലത്തെയാണ്​ ഭാഷയിൽ നിർമിക്കാനാകുമോ എന്നു കവി നോക്കുന്നത്.

നർത്തകിയുടെ വിവരണം മാറ്റിനിർത്തിയാൽ കമ്യുവിന്റെ വരികളിലൂടെ എന്റെ മനസ്സിൽ മറ്റു ചില ദൃശ്യങ്ങൾ തെളിഞ്ഞു. മഴ നനഞ്ഞ് കുമളിയിൽനിന്ന് കമ്പത്തേക്കുള്ള ഇറക്കത്തിലൂടെ സ്‌കൂട്ടറോടിച്ച്​ ബിനുവിനൊപ്പം പോയതാണ് അതിൽ ആദ്യത്തേത്. / Photo: Wikimedia Commons

എന്നാൽ ഭാഷ എല്ലാ വിനിമയങ്ങളെയും പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ഭാഷയിലേക്ക് അടുക്കുന്തോറും അത് നമ്മെ അകറ്റുന്നു. അതിനാൽ ഭാഷയുടെ വക്കിലിരുന്നുകൊണ്ട്, ഭാഷയെ വിട്ടുപോകാനൊരുങ്ങുന്ന ഒരാളെപ്പോലെ നടിച്ചാണ് ആ വിനിമയം ഉണ്ടാക്കുന്നത്. ഓർമയെ, പലതരം കാഴ്ചകളുടെ പാടുകളെ കവിത ആക്കാൻ കഴിയുമോ. ഇത് വാക്കുകൾ കൊണ്ടല്ല, ഭാഷയെ ജയിക്കാനുള്ള പ്രധാന ആയുധം സ്‌നേഹമാണ്. കമ്യൂ അത് ഇടയ്ക്ക് സൂചിപ്പിക്കുന്നുണ്ട്, മറ്റെല്ലാ നിസ്സഹായതകളെക്കാൾ മരണത്തിനു മുന്നിൽ സ്‌നേഹം തന്നെയാണു വലുത്. ബിനുവിന്റെ കവിത അതേ സാക്ഷ്യമാണ്, കുയിൽകുടിയിൽ വാക്കുകൾ വന്നത് ഭാഷയിൽനിന്നല്ല, സ്‌നേഹത്തിൽനിന്നാണ്. ആ സ്‌നേഹമാകട്ടെ പിടിച്ചുവയ്ക്കാൻ കഴിയാത്ത ഒരിടത്തേക്ക് അകന്നുപോകുമ്പോഴാണ് കവിതയായി തിരിച്ചെത്തുന്നത്. എത്രയോ വട്ടം പലതരം യാത്രകൾ ഞാനും ബിനുവും നടത്തിയിട്ടുണ്ട്. പക്ഷേ ഒരൊറ്റ രാവും പകലും എന്നും ഞങ്ങളുടെ ഉള്ളിൽ ഒരേപോലെ നിറഞ്ഞുനിന്നു. ആ മണിക്കൂറുകൾ ആവർത്തിക്കാൻ എത്ര കൊതിച്ചിട്ടും അതുപോലൊന്നു സംഭവിച്ചില്ല.

അജയ് പി. മങ്ങാട്ട് ബിനുവിനൊപ്പം.

ഓർമയെ, പലതരം കാഴ്ചകളുടെ പാടുകളെ കവിത ആക്കാൻ കഴിയുമോ. ഇത് വാക്കുകൾ കൊണ്ടല്ല, ഭാഷയെ ജയിക്കാനുള്ള പ്രധാന ആയുധം സ്‌നേഹമാണ്. കമ്യൂ അത് ഇടയ്ക്ക് സൂചിപ്പിക്കുന്നുണ്ട്, മറ്റെല്ലാ നിസ്സഹായതകളെക്കാൾ മരണത്തിനു മുന്നിൽ സ്‌നേഹം തന്നെയാണു വലുത്.

മധുരയിലെ വെയിൽ ഓർക്കുമ്പോൾ, ബിനുവിന്റെ കവിതകൾ ഓർക്കുമ്പോൾ, കമ്യൂവിലെ വെയിലും വരും. കാരണം, ജന്മനാടായ അൾജീയേഴ്‌സും അവിടെത്തെ സൂര്യനും തനിക്കു നൽകിയ പാഠങ്ങളാണു താനെഴുതിയതെന്നു കമ്യൂ പറഞ്ഞിട്ടുണ്ട്. വെയിൽ വിചിത്രമായ ഏകാന്തതയും മഹാ അപരിചിതത്വവും നൽകുന്നു. സൂര്യപ്രകാശം എന്നെ വീർപ്പുമുട്ടിക്കുന്നു; ആധികാരികമായ, യഥാർഥമായ പ്രകാശം, അപരാഹ്നത്തിലെ പ്രകാശം, ജീവദായക സൂചകമായ കിരണങ്ങൾ എന്ന് കമ്യൂ എഴുതുന്നു; but the sun filled me also with something else that I cannot really express.

ബിനു എം. പള്ളിപ്പാട്

മധുരയിലെ രാപകലുകൾ എഴുതാനാകുമെന്നു ഞാൻ കരുതിയില്ല. കുയിൽകുടി മലയിലെ പാറയിൽ വെട്ടിയ പടവുകൾ കയറി മുകളിൽ ചെന്നപ്പോൾ കാറ്റു മാത്രമാണ് ആദ്യം കിട്ടിയത്. ആകാശം അന്തിവെയിലിൽ പഴുത്തുവാർന്നു കിടക്കുമ്പോൾ, വെളിച്ചം വലിച്ചെറിഞ്ഞ ഉടയാട പോലെ സമതലത്തിനു മീതെ കനമുള്ള നിഴൽ പരന്നു. അത്രയ്ക്ക് അപരിചിതമായ ആനന്ദം പെരുകുമ്പോൾ, കാറ്റിൽ, വീർപ്പുമുട്ടിക്കുന്ന കാറ്റിൽ, ഒരാൾ വന്ന്​ കരങ്ങൾ നീട്ടിയാൽ അതിലേക്കു വീണു കരഞ്ഞുപോകുമെന്നു തോന്നും. കമ്യൂ എഴുതുന്നു; Yes, perhaps that's what happiness is, the self -pitying awareness of our own unhappiness.

​എന്റെ മനസ്സും ശരീരവും രണ്ടായി ഇരിക്കാറുണ്ട്. ഒരു ബെഞ്ചിന്റെ രണ്ടറ്റത്തായി. ഒരാൾ പെട്ടെന്ന് എണീറ്റാൽ മറ്റേയാൾ താഴെ വീഴും. ആരാണ് ആദ്യം എണീക്കുക എന്നു പറയാനാവില്ല. സങ്കൽപം പകരുന്ന വാക്കുകൾ ചിലപ്പോൾ മധ്യസ്ഥാനത്തു വന്നിരുന്ന് രണ്ടു കരങ്ങൾ രണ്ടുവശത്തേക്കായി നീട്ടി ശരീരവും മനസ്സും ചേർത്തുവയ്ക്കാറുണ്ട്; വാക്കുകൾ ഇക്കാണുന്നതൊന്നുമല്ല എന്നറിയുന്ന നിമിഷങ്ങൾ. ‘അരം കൊണ്ടു മുറിഞ്ഞിടത്ത് ഓവു കൊള്ളുമ്പോൾ അവർ അവർ കുനിഞ്ഞുനിന്നു കുഞ്ഞിനെമാത്രം ഓർമയിൽ വയ്ക്കുന്നു' എന്ന് ബിനു അവർ കുഞ്ഞിനെ തൊടുമ്പോൾ എന്ന കവിതയിൽ പറയുന്നുണ്ട്. ഏതു നീറ്റലിലും നാം പിടഞ്ഞുചെല്ലുന്ന ആനന്ദം എന്താണെന്ന് ബിനു ഓരോ കവിതയിലും പറയാൻ ശ്രമിച്ചു. ‘കാഞ്ഞിരവേരുപോലെ മണ്ണിൽ വെരകിയ വിരലിൽനിന്ന് കുഞ്ഞുവിരലിലേക്ക് വംശത്തിന്റെ ഒരു തളിരു വന്നു' എന്ന വരിയിൽ കവിയുടെ ചരിത്രവും സ്മരണവും അനുഭവവും വന്നുചേരുന്നു.

മൂന്ന്​

കറുത്തവനെ കറുത്ത പെണ്ണു തന്നെയാണ് ആദ്യം തിരസ്‌കരിക്കുക എന്നർഥം വരുന്ന ഒരു തമിഴ്പാട്ട് ഉച്ചത്തിൽ കേൾക്കുന്ന തെരുവിലൂടെയാണ്​ ഞാനും ബിനുവും ആദ്യം കമ്പത്തു പോയത്. ആ പാട്ടു കൊള്ളാമല്ലോ എന്നു പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു. ആ യാത്രയിൽ എനിക്കുള്ളിൽ ഞാനെഴുതിവരുന്ന നോവലിലെ ഒരു രംഗം അപൂർണമായ വിവരണത്തോടെ വഴിമുട്ടി നിൽക്കുകയായിരുന്നു. ഞാൻ ബിനുവിനോട് അക്കാര്യം പറഞ്ഞു. അവൻ അതുമുഴുവൻ കേട്ടിരുന്നു. അകലെ ഒരു തുരുത്തിലെ മരങ്ങളിൽനിന്നു വെള്ളപ്പറവകളുടെ ഒരു പറ്റം പൊടുന്നനെ ആകാശത്തേക്കു ചിതറി. മനുഷ്യാ, അത്​നോക്കൂ, നിങ്ങൾക്ക് മടങ്ങിച്ചെന്നാലുടൻ എഴുതാനാകും, ബിനു പറഞ്ഞു.
നോവൽ എഴുതിയിട്ട്​ ഞാൻ ആദ്യം വായിക്കാൻ കൊടുത്തതു ബിനുവിനായിരുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ അഭിയും അലിയും കുമളിയിൽനിന്ന് ബസിൽ കമ്പത്തേക്കു പോകുന്ന രംഗം അയാൾ തന്നെ ആദ്യം വായിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു.

ബിനു എം. പള്ളിപ്പാട്

ഭൂമിയുടെ അകം സദാ തിളച്ചുമറിയുന്ന ഒരു അഗ്‌നികുണ്ഡമാണെന്നു നമുക്കറിയാം. അതുപോലെ ഏതോ ലാവാപ്രവാഹം കവിയുടെ അകത്ത് വെമ്പിനിന്നിരുന്നു. മരണത്തിനും അടക്കാനാവാത്ത ജന്മത്തിന്റെ ക്ഷോഭമായിരുന്നു അത്. ആ വംശസ്മരണകളുടെ തരംഗങ്ങളിൽ ഞെട്ടിപ്പിടഞ്ഞു ഞാൻ തനിച്ചാവുന്നു.

...പിന്നെപ്പിന്നെ രാത്രികാലങ്ങളിൽ കരിക്കിനും തണ്ണിമത്തനുമിടയിൽ കിടന്ന് പൊരിച്ച കൊഞ്ചിനെ തിന്നുന്നതായും അലങ്കരിച്ച വള്ളത്തിലൂടെ ആരുമില്ലാതെ തടാകത്തിലൂടെ ഒഴുകിനടക്കുന്നതായും തോന്നിത്തുടങ്ങി...


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം​


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments