ആഫ്രിക്കൻ
വസന്തങ്ങൾ- 12
സെഗയെ ഗെബ്രെ മെദീൻ (Tsegaye Gebre Medhin) എന്ന പേര് ആഫ്രിക്കൻ സാഹിത്യത്തിൽ കൗതുകമുള്ളവർ കേട്ടിരിക്കാം. നൈജീരിയയിലെ വോളെ സോയെങ്കയെപ്പോലെയൊന്നും ഇന്ത്യയിൽ അറിയപ്പെട്ട പേരല്ല സെഗയെ ഗെബ്രെ മെദീൻ എന്നത്.
എത്യോപ്യയിൽ ഞങ്ങളുണ്ടായിരുന്നപ്പോൾ ആ രാജ്യത്തെ ഏറ്റവും അറിയപ്പെട്ട കവിയും നാടകപ്രവർത്തകനുമായിരുന്നു ഗെബ്രെ മെദീൻ. അദ്ദേഹം ഒരിക്കലും എത്യോപ്യയിൽ സ്ഥിരമായി താമസിച്ചില്ല. അമേരിക്കയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വീട്. അദ്ദേഹത്തിന്റെ ഒരു പുസ്തകം യാദൃച്ഛികമായി ഗോണ്ടറിലെ കുറാസ് ബുക്ക് ഷോപ്പിൽ നിന്നാണ് കണ്ടുകിട്ടിയത്. (കുറാസ് എന്നാൽ വിളക്ക് എന്നാണർത്ഥം). അത് ഒരു കാവ്യ നാടകമായിരുന്നു. പേര്, ഓഡാ ഓക്ക് ഓറക്കിൾ (Oda Oak Oracle). മറ്റേതൊരു ആഫ്രിക്കൻ സമൂഹത്തെപ്പോലെയും എത്യോപ്യയുടെ സാംസ്കാരികപൈതൃകം എത്യോപ്യന്മാരുടെ എല്ലാ കലാ- സാഹിത്യ ഇടപെടലുകൾക്കും ഊർജ്ജം നൽകിയിരുന്ന ഒരിക്കലും വറ്റാത്ത ഒരു സ്രോതസായിരുന്നു. സെഗയെ ഗെബ്രെ മെദീൻ, ഷാങ്ക എന്ന ഗോത്രവർഗ വീരന്റെ കഥ പറയാൻ തെരഞ്ഞെടുത്തത് പക്ഷേ അമാറിക് ഭാഷ അല്ലായിരുന്നു. ഓഡാ ഓക്ക് ഓറക്കിൾ അദ്ദേഹം ഇംഗ്ലീഷിൽ തന്നെയാണ് എഴുതിയത്. കാവ്യാത്മകമായ ആ നാടകം വായിക്കുമ്പോൾ ഒരേ സമയം സ്വപ്നത്തിന്റെ കാല്പനികതയും മിസ്റ്ററിയുടെ നിഗൂഢതയും അനുഭവപ്പെടും. അതാണ് ഗെബ്രെ മെദീന്റെ പ്രതിഭാസ്പർശം.
നിർഭാഗ്യവശാൽ ഇംഗ്ലീഷ് ഭാഷ അദ്ധ്യയന വിഷയമായി ഉണ്ടായിട്ടും സെഗയെ ഗെബ്രെ മെദീനെപ്പോലുള്ള എത്യോപ്യൻ സാഹിത്യകാരന്മാരെ ഹൈസ്ക്കൂൾ കഴിയുവോളം ഇംഗ്ലീഷിലൂടെ കുട്ടികൾ പഠിക്കുന്നില്ല. അമാറിക് ഭാഷാസിലബസ് വ്യത്യസ്തമാണോ എന്നറിയില്ല. വായിക്കാനുള്ള ഒരു പ്രചോദനവും കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽനിന്ന് ലഭിക്കുന്നില്ലായിരുന്നു. ഗോണ്ടറിലെ സ്കൂളിൽ അമേരിക്കൻ കൾചറൽ സെന്റർ സംഭാവന നൽകിയ ഒന്നാന്തരം ലൈബ്രറിയുണ്ടായിരുന്നു. ഞങ്ങൾ അവിടെയുണ്ടായിരുന്ന രണ്ടുവർഷത്തിനിടയിൽ ആ ലൈബ്രറിയിൽനിന്ന് ഒരു വിദ്യാർത്ഥി പോലും പുസ്തകമെടുക്കുന്നതായി കണ്ടിട്ടില്ല. മിക്കവാറും ദിവസങ്ങളിൽ ഫ്രീ പീരിയഡുകളിൽ ആ ലൈബ്രറിയിലെ നിത്യസന്ദർശകർ ഞാനും എന്റെ സഖിയും മാത്രമായിരുന്നു. വെറുതേ പൊങ്ങച്ചം പറയുന്നതല്ല. സാക്ഷരതാ കാമ്പയിൻ വഴി വായനാശീലം വളർത്തുക എന്നത് അത്ര എളുപ്പമല്ല എന്നാണ് പറഞ്ഞുവന്നതിന്റെ പൊരുൾ. കേരളത്തിലും നമുക്ക് അത് അറിവുള്ളതാണല്ലോ. നമ്മുടെ ഗ്രന്ഥശാലകളുടെ ബാഹുല്യം ഒരു പ്രസ്ഥാനമായി പടർന്നിട്ടില്ലായിരുന്നെങ്കിൽ മലയാളിയുടെ വായനാശീലം ഇന്നു കാണും പോലെ വളരുകയില്ലായിരുന്നു.
നിർഭാഗ്യവശാൽ ഇംഗ്ലീഷ് ഭാഷ അദ്ധ്യയന വിഷയമായി ഉണ്ടായിട്ടും സെഗയെ ഗെബ്രെ മെദീനെപ്പോലുള്ള എത്യോപ്യൻ സാഹിത്യകാരന്മാരെ ഹൈസ്ക്കൂൾ കഴിയുവോളം ഇംഗ്ലീഷിലൂടെ കുട്ടികൾ പഠിക്കുന്നില്ല.
‘ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന’
ഒരു ഇന്ത്യൻ സിനിമ
അഡീസ് അബാബയിൽ ഞങ്ങൾ ഉള്ള കാലത്തെ ഏറ്റവും നല്ല ഒരു സൗകര്യം അവിടത്തെ പൊതുഗതാഗതമായിരുന്നു. ടാക്സികളാൽ നിബിഡമായ ഒരു നഗരമായിരുന്നു ആഡീസ്. ഏതാണ്ട് എല്ലാ ടാക്സികളും ഇറ്റാലിയൻ ഫിയറ്റ് ആണ്. 25 സെന്റും 50 സെന്റും മാത്രമായിരുന്നു അന്നത്തെ ടാക്സിക്കൂലി. ഒരു ടാക്സിയിൽ നാലു പേരെ മാത്രമേ കയറ്റുകയുള്ളു. പിൻസീറ്റിൽ മൂന്നു പേർ, മുന്നിൽ ഡ്രൈവറോടൊപ്പം ഒരാൾ. ഹിന്ദി സിനിമാനടികളുടെ ചിത്രങ്ങളാണ് ചില ടാക്സികളിൽ അവർ അലങ്കാരത്തിന് തൂക്കിയിരുന്നത്. അന്നത്തെ ഒരു പുതിയ താരമായിരുന്ന പൂനം ധില്ലന്റെ ചിത്രം വച്ച കാറുകൾ ധാരാളമുണ്ടായിരുന്നു. ഹിന്ദി സിനിമകളോട് എത്യോപ്യന്മാർക്ക് കടുത്ത പ്രേമമായിരുന്നു. ഔറാറിസ് ഹോട്ടലിനടുത്തായിരുന്നു അഡീസിലെ പിയാസ. അവിടെ അടുത്തടുത്ത് മൂന്ന് സിനിമാ തിയറ്ററുകളുണ്ടായിരുന്നു. 1983-ൽ അവയിൽ ഒന്നിൽ (ഇമ്പീരിയൽ എന്നാണ് പേരെന്നു തോന്നുന്നു) അന്നത്തെ യുവതാരമായിരുന്ന മിഥുൻ ചക്രവർത്തിയുടെ ചിത്രങ്ങൾ ആഴ്ചകളോളം പ്രദർശിപ്പിച്ചിരുന്നു. ഡിസ്കോ ഡാൻസർ എന്ന (അറുബോറൻ) ചിത്രം ആറാഴ്ച പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ എത്യോപ്യൻ സാംസ്കാരിക വകുപ്പ് തന്നെ ആ ചിത്രത്തെ നിശിതമായി ആക്രമിച്ച് ഒരു നിരൂപണം എഴുതിപ്പിച്ചു; ഇംഗ്ലീഷിലും അമാറിക്കിലും. അത് പത്രത്തിൽ അച്ചടിച്ചുവരികയും ചെയ്തു. ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നവയാണ് ഇത്തരം ചിത്രങ്ങൾ എന്നായിരുന്നത്രെ ആ നിരൂപണങ്ങളുടെ നിലപാട്. അത് സർക്കാർ നിലപാടാണെന്നു മനസ്സിലാക്കാൻ ആർക്കും കഴിയുമായിരുന്നു. അക്കാലത്ത് ഞങ്ങളുടെ മോളുടെ ഇഷ്ടതാരമായിരുന്നു മിഥുൻ ചക്രവർത്തി. അഡീസ് താൽക്കാലികമായി ബോബ് മാർളിക്ക് വിശ്രമം നൽകിയ നാളുകളായിരുന്നു അത്.
കേസിന്റെ
അവസാനം…
വർഷാവസാനമാവുന്നു. ഞങ്ങളുടെ കേസ് ഏതാണ്ട് അവസാനഘട്ടത്തിലെത്തി എന്ന് വക്കീൽ അറിയിച്ചു. ഞങ്ങൾ “പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക” എന്ന മട്ടിലുള്ള ഒരു ഡിമാന്റും കേസിലൂടെ അവതരിപ്പിച്ചില്ല. പിരിച്ചുവിടുമ്പോൾ നൽകേണ്ട ന്യായമായ നോട്ടീസ് നൽകാഞ്ഞതിനാൽ, ആറു മാസത്തെ ശമ്പളം നൽകണം. ഇതു മാത്രമായിരുന്നു ആവശ്യം. കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ രണ്ടുമാസത്തെ ശമ്പളം നൽകാൻ കോടതി വിദ്യാഭ്യാസവകുപ്പിനോട് നിർദ്ദേശിച്ചു. അത് കിട്ടുകയും ചെയ്തു.
ഒടുവിൽ, ഒരു ഡിസംബറിൽ വിധി പറഞ്ഞു. രണ്ടു മാസത്തെ ശമ്പളം തന്നതിന്റെ കൂടെ ഒരു മാസത്തെ ശമ്പളം കൂടി തരാൻ ഉത്തരവായി. ആറു മാസം ചോദിച്ചു; മൂന്നു മാസം കിട്ടി. നാട്ടിലെ തൊഴിൽത്തർക്കപരിഹാരത്തിൽ നിന്ന് വലിയ വ്യത്യാസമില്ല, അല്ലേ?
മൂന്നു മാസത്തിനകം കത്തീഡ്രൽ സ്കൂളിലെ ക്ലാസ് കഴിയും. അതു കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത്? ഞങ്ങൾ ദിവസങ്ങളോളം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി: എത്യോപ്യയിൽനിന്ന് ആഫ്രിക്കയുടെ മറ്റേതെങ്കിലും ഇടങ്ങളിലേക്ക് നീങ്ങാം.
അങ്ങനെ കേസിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന ഞങ്ങൾ പരസ്പരം വേർപിരിഞ്ഞു. രണ്ടുപേർ റോഡ് മാർഗം സാംബിയക്കുപോയി. ലാസറസ് കെനിയയിലേക്ക് പ്ലെയിൻ കയറി; എത്യോപ്യൻ ഭാര്യയുമായി. ജോസ് സെബാസ്റ്റ്യൻ പിന്നീട് എത്യോപ്യയിൽ നിന്നില്ല, നാട്ടിലേക്ക് മടങ്ങി. ജോസിന് പിന്നീട് ബോംബെയിൽ ഒരു കോളേജിൽ ഫിസിക്സ് ലക്ചററായി ജോലി കിട്ടി. ഇപ്പോൾ റിട്ടയർ ചെയ്ത് മുംബൈ – കേരളം എന്നിങ്ങനെ മാറിമാറി താമസിക്കുന്നു. രണ്ടു മക്കൾ അമേരിക്കയിൽ വലിയ ഉദ്യോഗസ്ഥരാണ്. ജോസ് ഇപ്പോഴും ഇടക്ക് വിളിക്കാറുണ്ട്. ഒരിക്കൽ കാണാൻ വരികയും ചെയ്തു. മോഹൻദാസ് (കേസിൽ ഇല്ലായിരുന്നു; പക്ഷേ ഒപ്പം എന്നുമുണ്ടായിരുന്നു) തൃശൂരിൽ തന്റെ മാവുകളെ താലോലിച്ച് ജീവിക്കുന്നു. ഇന്നു രാവിലെ എന്നെ വിളിച്ചിരുന്നു, ‘എത്യോപ്യൻ വസന്തങ്ങൾ’ വായിക്കുന്നുണ്ട്.
പുതുവർഷം എത്തിയതോടെ പുതിയ ആശങ്കകളും എത്തി. മൂന്നു മാസത്തിനകം കത്തീഡ്രൽ സ്കൂളിലെ ക്ലാസ് കഴിയും. അതു കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത്?
ഞങ്ങൾ ദിവസങ്ങളോളം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി: എത്യോപ്യയിൽനിന്ന് ആഫ്രിക്കയുടെ മറ്റേതെങ്കിലും ഇടങ്ങളിലേക്ക് നീങ്ങാം.
പല രാജ്യങ്ങളും മുന്നിലുണ്ട്. അന്ന് പലയിടങ്ങളിലും ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ എന്ന സൗകര്യമുണ്ടായിരുന്നു. കെനിയയിൽ ഒമ്പതു മാസത്തെ വിസ വരെ ആദ്യത്തെ എത്തിച്ചേരലിൽ ലഭിക്കും. പലവിധ ചർച്ചകൾക്കൊടുവിൽ മൂന്നു വർഷം കഴിഞ്ഞു കിട്ടുന്ന ടിക്കറ്റ് റീ റൂട്ട് ചെയ്ത് നയ്റോബി വഴിയാക്കാം, അവിടെ എന്തെങ്കിലും ജോലി തരപ്പെട്ടില്ലെങ്കിൽ തിരികെ നാട്ടിലേക്കുതന്നെ പോകാം എന്ന തീരുമാനത്തിലെത്തി.
മാർച്ച് അവസാനവാരത്തോടെ എന്റെ കത്തീഡ്രൽ സ്കൂളിലെ ജോലി തീരും. അതു കഴിഞ്ഞ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ തുടങ്ങും. അതിലൊന്നും ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ആ ദിവസങ്ങളിൽ ഞങ്ങൾ അഡീസ് അബാബയിൽ അതുവരെ കാണാതിരുന്ന ഒരിടം കാണാൻ പോയി. ഹെയ്ലെ സെലാസ്സിയുടെ ഓമനകളായിരുന്ന സിംഹങ്ങളുടെ പുതു തലമുറയിലെ സിംഹക്കുട്ടികളെ പാർപ്പിച്ചിരുന്ന “സിദ്ദിസ്ത് കിലോ” (ആറാം കിലോമീറ്റർ) എന്ന ഇടം. നമുക്ക് ധൈര്യമുണ്ടെങ്കിൽ സിംഹക്കുട്ടികളെ കയ്യിൽ തരും, കാവൽക്കാർ. എന്റെ ഒപ്പമുണ്ടായിരുന്ന ധീരവനിത കടുത്ത മൃഗസ്നേഹിയായതിനാൽ അവൾക്ക് ഒരു കുട്ടിസിംഹത്തെ കയ്യിലെടുക്കാൻ കിട്ടി. പക്ഷേ ആ രാജകുമാരന് മനുഷ്യസ്പർശം അത്ര പ്രിയങ്കരമായില്ലെന്നു തോന്നുന്നു. ഞാൻ ചില ഫോട്ടോകൾ എടുത്തെങ്കിലും അതെല്ലാം പാഴായിപ്പോയി. ആ സിംഹങ്ങളെ കാണുക എന്നത് വലിയ ഒരു അനുഭവമായി ഇന്നും ഓർക്കുന്നു. ചക്രവർത്തി സ്വന്തം കൈകൊണ്ടാണത്രേ അവർക്ക് തീറ്റ കൊടുത്തിരുന്നത്. ഒരു കാലഘട്ടത്തിന്റെ സിംഹഗർജ്ജനങ്ങൾ വിനോദസഞ്ചാരികൾക്ക് വേണ്ടി അന്നും പരിക്ഷീണമായി മുഴങ്ങുകയായിരുന്നു.
‘യഹൂദിയായിലെ കീഴടക്കുന്ന സിംഹം’ ആയിരുന്ന ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കിയ അതേ പട്ടാള വിപ്ലവകാരികൾ തന്നെ അദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങളെ വിനോദസഞ്ചാരികൾക്ക് കണ്ടു രസിക്കാൻ പ്രദർശന വസ്തുക്കളാക്കുന്നു. വല്ലാത്ത വൈരുദ്ധ്യം തന്നെ.
കയ്യിലുള്ള പണമെല്ലാം തീർന്നു. വൈകുന്നേരം ഭക്ഷണം കഴിക്കാനുള്ള വക പോലും കഷ്ടി. എന്തു ചെയ്യണം എന്നാലോചിച്ച് അവസാനം ഒരു തീരുമാനത്തിലെത്തി. ഉള്ള പൈസ കൊണ്ട് പിയാസയിലെ ബേക്കറിയിൽനിന്ന് രണ്ട് ‘ഡാബ്ബോ’ വാങ്ങി ഒരെണ്ണം മോൾക്ക് കൊടുക്കാം. ഒരെണ്ണം ഞങ്ങൾ രണ്ടാളും പങ്കുവയ്ക്കാം.
ഒരു മിറക്കിൾ
ജീവിതത്തിൽ ആശയും പ്രതീക്ഷയും നഷ്ടപ്പെടുന്ന ചില നിമിഷങ്ങൾ എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാവില്ലേ? അത്തരം സന്ദർഭങ്ങളിലൊന്നിൽ അപ്രതീക്ഷിതമായി ഒരാൾ ദൈവദൂതനെപ്പോലെ നിങ്ങളുടെ മുന്നിൽ താൽക്കാലികമായെങ്കിലും ആശ്വാസം പകരാനെത്തുന്നു. അത് മിറക്കിൾ ആണോ? എനിക്കറിയില്ല. പക്ഷേ അഡീസ് അബാബ വിട്ടു പോകും മുൻപ് ഒരിക്കൽ ഞങ്ങൾക്ക് അത്തരം ഒരു അനുഭവമുണ്ടായി. അത് എടുത്തുപറഞ്ഞില്ലെങ്കിൽ വലിയ കൃതഘ്നത ആയിപ്പോകും.
കയ്യിലുള്ള പണമെല്ലാം തീർന്നു. വൈകുന്നേരം ഭക്ഷണം കഴിക്കാനുള്ള വക പോലും കഷ്ടി. എന്തു ചെയ്യണം എന്നാലോചിച്ച് അവസാനം ഒരു തീരുമാനത്തിലെത്തി. ഉള്ള പൈസ കൊണ്ട് പിയാസയിലെ ബേക്കറിയിൽനിന്ന് രണ്ട് ‘ഡാബ്ബോ’ (ബ്രെഡ്) വാങ്ങി ഒരെണ്ണം മോൾക്ക് കൊടുക്കാം. ഒരെണ്ണം ഞങ്ങൾ രണ്ടാളും പങ്കുവയ്ക്കാം. ഈ ഡാബ്ബോ എന്ന സാധനം എളുപ്പത്തിലൊന്നും കടിച്ചു തിന്നാൻ പറ്റുന്ന മൃദുവായ ബ്രെഡ് അല്ല. ഞങ്ങൾ ബേക്കറിയിൽ ചെല്ലുമ്പോൾ സമയം രാത്രി എട്ടു മണി. ഡാബ്ബോ നോക്കിയിട്ട് കാണുന്നില്ല. പെട്ടെന്ന് കൗണ്ടറിൽ നിന്നിരുന്ന പെൺകുട്ടി ‘സർ, സർ’ എന്നു വിളിച്ച് അടുത്തേക്കുവന്നു. ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി, ഞാൻ കത്തീഡ്രൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരു കുട്ടിയാണ്.
‘ഇത് നിന്റെ കടയാണോ?’, ഞാൻ ചോദിച്ചു.
‘അതെ സർ’, ആ സമയം മറ്റ് ഉപഭോക്താക്കൾ ഇല്ലായിരുന്നതിനാൽ അവൾക്ക് ഞങ്ങളോട് സംസാരിക്കാൻ സമയമുണ്ടായിരുന്നെന്നു തോന്നുന്നു.
അവൾ പറഞ്ഞു, ‘സർ ഒരു മിനിട്ട്. ഞാൻ ഇപ്പോൾ വരാം’, ഇതും പറഞ്ഞ് അവൾ അകത്തെ മുറിയിലേക്കുപോയി. തിരിച്ചുവരുമ്പോൾ കയ്യിൽ വലിയൊരു കാർഡ്ബോർഡ് പെട്ടിയും ഉണ്ടായിരുന്നു. അവൾ അത് ഞങ്ങൾക്കു നേരെ നീട്ടി പറഞ്ഞു, ‘ഇത് നിങ്ങളുടെ ഈ സുന്ദരിയായ മീമി (പെൺകുഞ്ഞ്) ക്കുള്ള ഒരു ചെറിയ സമ്മാനമാണ്.’
ഞങ്ങൾ ഇരുവരും സ്തംഭിച്ചുനിന്നു.
ഇതെങ്ങനെ സംഭവിച്ചു?
ഞങ്ങൾ അവളോട് യാത്ര പറഞ്ഞിറങ്ങി.
തിരികെ ഔറാറിസിൽ വന്ന് പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ പല നിറങ്ങളിലും രുചികളിലും പന്ത്രണ്ട് കേക്കുകൾ.
ഞങ്ങളിരുവരും കരഞ്ഞുപോയ നിമിഷമായിരുന്നു അത്.
ഇത് ഒരു മിറക്കിൾ ആണോ?
എനിക്കറിയില്ല.
ആണെങ്കിലും അല്ലെങ്കിലും ഏതാനും മാസം മാത്രം ഞാൻ കുറച്ച് ഇംഗ്ലീഷ് പഠിപ്പിച്ച ബന്ധം മാത്രമുള്ള ആ കുട്ടി ആ സമയം തന്റെ അച്ഛൻ നടത്തുന്ന ബേക്കറിയിൽ വരാനും ഞങ്ങളെ സഹായിക്കാനും ഇടയായത് ഒരു അദ്ഭുതമായിത്തന്നെ ഞാൻ കരുതുന്നു. കടുത്ത നിരീശ്വരവാദിയായിരുന്ന എന്നെ ഒന്നു കളിയാക്കാൻ അദ്ദേഹം (പടച്ചോൻ) ചെയ്ത ഒരു ‘ഡക്ക്’ വേലയായിരുന്നിരിക്കാം അത്. വിസ്മയങ്ങളുടെ നാടായ അബിസീനിയയിൽ ഇതും ഇതിലപ്പുറവും നടക്കാൻ സാദ്ധ്യതയുണ്ട്. അതല്ലെങ്കിൽ അതിശക്തമായ നശീകരണ മെഷീനറി സ്വന്തമായുള്ള ഒരു പട്ടാളഗവൺമെന്റ് എന്തുകൊണ്ട് അതിന്റെ ഒരു ഡിപ്പാർട്ട്മെന്റിനെതിരെ ഒരു വ്യവഹാരം നടത്തുന്ന അൽപ- പ്രാണികളായ ഞങ്ങളെ ഒരു വിധത്തിലും ഉപദ്രവിച്ചില്ല? അത്തരം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടില്ല.
ജാക്ക് കെറുവാക്ക്, അലൻ ഗിൻസ്ബെർഗ് തുടങ്ങിയ ‘ബീറ്റ് ജനറേഷൻ’ കവികളെപ്പോലും സ്വാധീനിച്ച കവിതകളാണ് ആർതർ റിംബോയുടേത്.
അഡീസ് അബാബയിൽനിന്ന് അധികം ദൂരെയല്ല (120 കി.മീ) സോഡെരെ (Sodere) എന്ന സ്ഥലം. അവിടെ ഒരു വാം സ്പ്രിങ് (warm spring) ഉണ്ട്. സാധാരണ അഡീസിലുള്ള ഉദ്യോഗസ്ഥരായ മറുനാട്ടുകാർ വാരാന്ത്യങ്ങളിൽ അവിടെ പോയി ഇളം ചൂടുള്ള വെള്ളത്തിൽ നീന്തിക്കുളിക്കാറുണ്ട്. എത്യോപ്യയുടെ ആഭ്യന്തരപ്രശ്നങ്ങളോ എറിട്രിയയും ടിഗ്രെയുമായുള്ള യുദ്ധമോ ഒന്നും അവർക്ക് പ്രശ്നമാവേണ്ടതില്ലല്ലോ. സോഡെരെ ഇപ്പോൾ വളരെ വളർന്ന ഒരു പട്ടണമാണെന്ന് അറിയുന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലും അതുപോലെയുള്ളതോ അതിനേക്കാൾ ഗംഭീരമായതോ ആയ ചുടു ജലസ്രോതസ്സുകളുണ്ട്. കെനിയയിലും ദക്ഷിണാഫ്രിക്കയിലും ഞങ്ങൾ അത്തരം സ്ഥലങ്ങളിൽ പോകുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
എത്യോപ്യ വിടും മുൻപ് പോയി കാണണം എന്നു വിചാരിച്ചിരുന്ന ഒരു പട്ടണം ഹരാർ പ്രവിശ്യയിലെ ഹരാർ നഗരമാണ്. ആർതർ റിംബോ എന്ന ഫ്രഞ്ച് കവിയുടെ അന്ത്യവിശ്രമസ്ഥാനമായ ഹരാർ റിംബോയെ ഇന്നും ഓർമിക്കുന്ന എത്യോപ്യന്മാർക്ക് വളരെ പ്രിയപ്പെട്ട സ്മാരകനഗരം തന്നെയാണ്. ആർതർ റിംബോ ഒരു കാപ്പിക്കച്ചവടക്കാരന്റെ ജോലിക്കാരനായാണ് എത്യോപ്യയിൽ വന്നത്. അദ്ദേഹം മറ്റ് വെള്ളക്കാരെപ്പോലെയല്ലായിരുന്നു.
താൻ ചെല്ലുന്നിടങ്ങളിലെ ഭാഷയും അവിടുത്തെ മനുഷ്യരുടെ ആചാരങ്ങളും മനസ്സിലാക്കി അദ്ദേഹം അവരിൽ ഒരാളലൊൻ ശ്രമിച്ചു. അദ്ദേഹം കവി ആയിരുന്നു. പക്ഷേ വളരെ കുറച്ചേ എഴുതിയുള്ളൂ. ജാക്ക് കെറുവാക്ക്, അലൻ ഗിൻസ്ബെർഗ് തുടങ്ങിയ ‘ബീറ്റ് ജനറേഷൻ’ കവികളെപ്പോലും സ്വാധീനിച്ച കവിതകളാണ് ആർതർ റിംബോയുടേത്. അദ്ദേഹത്തിന് ശാന്തി നൽകിയ ഇടമാണ് ഹരാർ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ട് അവിടെ ഒന്നുപോയാൽ കൊള്ളാം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ റിംബോയെക്കുറിച്ച് ഹരാറിനു പുറത്തുള്ള എത്യോപ്യന്മാർക്ക് വലിയ അറിവൊന്നും ഇല്ലായിരുന്നു. അങ്ങനെ റിംബോയുടെ ഹരാർ കാണാനുള്ള ആഗ്രഹം സഫലീകരിക്കാതെ എനിക്ക് എത്യോപ്യ വിടേണ്ടിവന്നു; എന്നെന്നേക്കുമായി. അതിനു മുൻപ് ചില പ്രധാന യാത്രകൾ ബാക്കിയായിരുന്നു.
(തുടരും)