Photo: r. nial bradshaw, flickr

മരണവാർഡ്​

പാലിയേറ്റീവ്​ കെയർ എന്നത്​ തീവ്രമായ പലതരം മനുഷ്യാനുഭവങ്ങളുടെ സാക്ഷ്യങ്ങളാണ്​. ജീവിതത്തെയും മരണത്തെയും അതിജീവനത്തിനായുള്ള പിടച്ചിലുകളെയും കുറിച്ചുള്ള, ഒരു പാലിയേറ്റീവ്​ പ്രവർത്തകയുടെ അനുഭവങ്ങൾ.

അച്ഛൻ എന്ന്​ പറഞ്ഞുപഠിച്ച മകൻ

യിലുകൾ മാത്രമല്ല തടവറകൾ, വീടും രോഗബാധിതർക്ക് ഏകാന്ത തടവുമുറികളാണ്.
‘എത്രയും വേഗം ഒന്നു വരുമോ' എന്ന വിളിയിൽ ഒരുപാട് ആശങ്കകളുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ ആ ഗൃഹസന്ദർശനം വളരെ വേഗത്തിലാക്കി.
ഞങ്ങൾക്കിത് ഔപചാരികതകളില്ലാത്ത കർമമാണ്.
അനുവാദമില്ലാതെ ചെല്ലാവുന്ന ഇടങ്ങൾ.
അവരുടെ മുറികൾ, അടുക്കള, പിന്നാമ്പുറം എവിടെയും ഞങ്ങൾക്ക് പ്രവേശിക്കാം.

ഇവിടേക്ക് കടന്നുചെല്ലുമ്പോൾ ഇരുട്ടുമുറിയിൽ ഒരു രൂപം കട്ടിലിൽ കിടന്നിരുന്നു. ലൈറ്റ് തപ്പിപ്പിടിച്ച് ഓൺ ചെയ്തു. ജീവിച്ചിരിക്കുന്ന ഒരസ്ഥിപജ്ഞരം- ഒരച്ഛൻ.
രോഗം ശ്വാസകോശങ്ങളെ കീഴടക്കി മറ്റു സ്ഥലങ്ങളിലേക്കും പടർന്നിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ശ്വസിച്ചിരുന്നത്, കാണുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുംവിധം. പീളക്കണ്ണുകൾ ഞങ്ങളെ നോക്കി ‘വെള്ളം' എന്ന് ആംഗ്യം കാണിച്ചു. അടുക്കളയിലേക്ക് തിരിഞ്ഞപ്പോൾ ഒരാക്രോശം, ‘നിങ്ങളെന്തിനിവിടെ വന്നു? എന്ത് കാര്യത്തിന്? അയാളെ കാണാനോ?'

അൽപം പരിഭ്രമിച്ച് ഒന്ന് മാറിനിന്നു. ‘അയാളിതും ഇതിലപ്പുറോം അനുഭവിക്കേണ്ടതാ', മതിയാവാതെ അവൻ ഞങ്ങൾക്കുമുന്നിൽ വാതിൽ കൊട്ടിയടച്ചു.

പുറത്തെ പൈപ്പിൽനിന്ന് വെള്ളമെടുത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ അപ്പോഴത്തെ ദാഹം മാറ്റി തിരിച്ചുപോന്നു. ഇത്തവണ അവന്റെ മുന്നിൽ തലകുനിച്ച് പോരുന്നതാണ് നല്ലതെന്നുതോന്നി. ഇറങ്ങുമ്പോൾ അവന്റെ അമ്മയായിരിക്കണം, ദൂരെ മാറിനിന്നിരുന്നു. അവരും ഞങ്ങളെ ഭയപ്പെടുന്നതുപോലെ.

ജയിലുകൾ മാത്രമല്ല തടവറകൾ, വീടും രോഗബാധിതർക്ക് ഏകാന്ത തടവുമുറികളാണ്. / Photo: r. nial bradshaw, Flickr

പക്ഷെ, വൈകാതെ ഞങ്ങൾ വീണ്ടും അവിടെ ചെന്നു.
അന്ന്, അവൻ ഞങ്ങളെ കണ്ടില്ലെന്ന് നടിച്ച് മാറിപ്പോയി.
കുറച്ചധിക സമയം പരിചരണവുമായി ഞങ്ങൾക്ക് അദ്ദേഹത്തിന്റെയടുത്ത് കഴിയാൻ സാധിച്ചു. അന്ന്, അവന്റെ അമ്മയും ഞങ്ങളോൾക്കൊപ്പം എല്ലാം മനസ്സിലാക്കാൻ കൂടെ നിന്നു. അത് ഞങ്ങൾക്ക് ഒരാത്മവിശ്വാസവും സന്തോഷവുമുണ്ടാക്കി. വീണ്ടും പ്രത്യേക ഹോം കെയർ ഒരുക്കി. അച്ഛന്റെ അരികിൽനിന്ന് ഇറങ്ങുന്നതിനുമുമ്പായി, വെറുപ്പോടെ ഒഴിഞ്ഞുമാറിനിന്ന അവന്റെ അരികിലേക്ക് ഞാൻ ചെന്നു. പിന്നാമ്പുറത്ത് എന്തോ അലസമായി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൻ.
പ്രതീക്ഷിക്കാതെ കണ്ടപ്പോൾ എന്നെ അവൻ തുറിച്ചുനോക്കി. എനിക്ക് അവന്റെ അമ്മയേക്കാൾ പ്രായമുണ്ട്.
ആ തുറിച്ചുനോട്ടം സ്വീകരിക്കാൻ എനിക്കൊരു മടിയുമുണ്ടായില്ല. എന്തുകൊണ്ടോ അവൻ മുഖം കുനിച്ചു. ഞാൻ അവന്റെ കൈ തൊട്ടു, ചേർത്തുപിടിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ ഒരു പൊട്ടിക്കരച്ചിൽ.
കൊച്ചുകുട്ടിയുടേതുപോലെ ഞാൻ അവനെ എന്റെ അരികിലിരുത്തി.
നീണ്ട നിശ്ശബ്ദതയ്ക്കും കരച്ചിലിനുമിടയിൽ അവൻ 28 വർഷങ്ങൾ സഹിച്ചുതീർത്ത ജീവിതത്തെക്കുറിച്ച് ആദ്യം മുറിഞ്ഞ വാക്കുകളിലും പിന്നീട് ഉറച്ച മനസ്സോടെയും പറഞ്ഞുതീർത്തു.
എല്ലാം കേട്ടിരുന്നു.
അനുഭവങ്ങളുടെ ചൂടിലുരുകുമ്പോൾ കൂടെയിരിക്കണം.
‘ഒരുത്തരം മാത്രം മതിയെനിക്ക്, എന്റെ പെങ്ങള് 16-ാം വയസ്സിൽ കെട്ടിത്തൂങ്ങി ചത്തതിന് ഞാനിയാളോട് പൊറുക്കണോ? അവളുടെ മുന്നിൽ ഇയാൾ അച്ഛനല്ലായിരുന്നു.'
അവൻ ശക്തിയിൽ കിതച്ചിരുന്നു, ‘അവൾക്കുവേണ്ടിയാ ഞാൻ ജീവിച്ചത്. ഇപ്പോൾ, ഇയാൾക്കുവേണ്ടിയാ, ഇയാളുടെ മരണം കാണാൻ.'

പിന്നെയും അവൻ കരഞ്ഞുകൊണ്ടിരുന്നു.
കരയട്ടെ, മതിയാവോളം. ഞാൻ അവനെ തൊട്ടിരുന്നു.

‘‘അച്ഛാ' എന്ന ആ രണ്ടക്ഷരം ഞനെന്നേ മറന്നുപോയിരുന്നു സിസ്റ്ററേ... ഓർമയിൽ പോലും ആ വിളിയില്ല. ഞാനത് പറഞ്ഞ് പഠിക്കുകയായിരുന്നു, അപ്പോൾ... ആ രണ്ടക്ഷരം.''

കൃത്യമായ പരിചരണത്തിന്റെ ഫലം കുറച്ചുനാളുകളേ നീണ്ടുനിന്നുള്ളൂ.
ഒരു എമർജൻസി കോളിൽ അവിടെ ചെല്ലുമ്പോൾ അന്ത്യയാത്രയുടെ ഒരുക്കമായിരുന്നു. ഒരു തുണ്ട് പഞ്ഞി നനച്ച് ഞാൻ അവന് കൊടുത്തു. വളരെ പണിപ്പെട്ട് ‘അച്‌ഛേ' എന്നവൻ വിളിച്ചു. ചുണ്ട് നനച്ചു, ആ ചുണ്ടിലെ ദാഹം തീർത്തു. ആ ശ്വാസം നിലച്ചത് അപ്പോൾ മാത്രമായിരിക്കണം.
ആ അന്ത്യനിമിഷത്തെപ്പറ്റി പീന്നിട് അവൻ എന്നോട് പറഞ്ഞു. ‘‘അച്ഛാ' എന്ന ആ രണ്ടക്ഷരം ഞനെന്നേ മറന്നുപോയിരുന്നു സിസ്റ്ററേ... ഓർമയിൽ പോലും ആ വിളിയില്ല. ഞാനത് പറഞ്ഞ് പഠിക്കുകയായിരുന്നു, അപ്പോൾ... ആ രണ്ടക്ഷരം.''

മഞ്​ജുവിന്റെ അമ്മ

രു പാലിയേറ്റീവ് ഗൃഹസന്ദർശനത്തിന് കുമാരേട്ടന്റെ വീട്ടിൽ പോയപ്പോഴാണ് മഞ്​ജുവിനെ കാണുന്നത്. അടുത്ത വീട്ടിലെ കുട്ടി. ടൗണിൽ സ്വകാര്യ ആശുപത്രിയിൽ ലാബ്​ ടെക്​നീഷ്യനാണ്​. അമ്മയും മകളും മാത്രം. അച്ഛൻ വർഷങ്ങൾക്കുമുമ്പ് അപകടത്തിൽ മരിച്ചു.

വളരെ സ്വകാര്യമായി കുമാരേട്ടൻ പറഞ്ഞു, ‘ആ കുട്ടിയ്ക്ക് വയറ്റിൽ മറ്റേ അസുഖാ, ചികിത്സ നടന്നോണ്ടിരിയ്ക്ക്യാ.’
മാത്രമല്ല, അവളുടെ അമ്മ ഒരു മാനസികരോഗിയാണത്രെ. ഭർത്താവിന്റെ മരണത്തിനുശേഷം അവരങ്ങനെയാണ്.
കുമാരേട്ടൻ സ്വന്തം വിഷമങ്ങളെ മാറ്റിനിർത്തി, ‘ഇപ്പൊ, ആ കുട്ടിയ്ക്ക് ജോലിയ്ക്ക് കൃത്യായിട്ട് പൂവ്വാനും പറ്റാണ്ടായി, ചികിത്സേം ചെലവും എല്ലാം കൂടി...' ആ സ്വരത്തിൽ ഒരു പുത്രീവാത്സല്യമുണ്ടായിരുന്നു.
കുമാരേട്ടന് മക്കളില്ലായിരുന്നു.

വളരെ സ്വകാര്യമായി കുമാരേട്ടൻ പറഞ്ഞു, ‘ആ കുട്ടിയ്ക്ക് വയറ്റിൽ മറ്റേ അസുഖാ, ചികിത്സ നടന്നോണ്ടിരിയ്ക്ക്യാ.’ / Photo:Photo: r. nial bradshaw, flickr

ഞങ്ങളുടെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ, ഞങ്ങളെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള അദ്ദേഹം ഭാര്യയോടുപറഞ്ഞ് മജ്ഞുവിനെ വീണ്ടും വിളിച്ചുവരുത്തി. അവൾക്ക് പാലിയേറ്റീവ് കെയറിനെ, അതിന്റെ സേവനങ്ങളെപ്പറ്റി അറിയാം. സർജറി കഴിഞ്ഞുള്ള ട്രീറ്റ്‌മെന്റിലാണെന്നും, അടുത്ത കീമോതെറാപ്പി കോഴ്​സ്​ തുടങ്ങാറായെന്നും അതുകഴിഞ്ഞ് അമ്മയുമൊരുമിച്ച് വരാമെന്നും അവൾ പറഞ്ഞു.

ദിവസങ്ങൾക്കുശേഷം പാലിയേറ്റീവ്​ ക്ലിനിക്കിൽ അവളും അമ്മയും വന്നു. അവളുടേത് malignant tumor ആയിരുന്നു. വയറിൽ, അതിവേഗത്തിൽ വ്യാപിയ്ക്കുന്ന അവസ്ഥയിലാണ്​. അവർ പേര് രജിസ്റ്റർ ചെയ്​തു. ഡോക്​ടറും ഞങ്ങളുമായി സംസാരിച്ച് വളരെ സന്തോഷത്തോടെയാണ് തിരിച്ചുപോയത്.

ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ ‘തണൽ' ചാരിറ്റി പ്രവർത്തകരുടെ ആംബുലൻസിൽ മഞ്​ജുവിനെ വളരെ അവശയായ സ്ഥിതിയിൽ അമ്മയും കുമാരേട്ടനും കൂടി ക്ലിനിക്കിലേക്ക്​ കൊണ്ടുവന്നു അവൾ ആകെ മാറിയിരുന്നു. ബുദ്ധിമുട്ടുകളൊന്നുമില്ലായിരുന്നു. പെട്ടന്നാണ് ബ്ലീഡിങ്ങും ഛർദിയും ഉണ്ടായത്. അവൾ അബോധാവസ്ഥയിലായിരുന്നു. ഡോക്​ടറുടെ നിർദേശത്തിൽ ഞങ്ങൾ മെഡിസിനും പരിചരണവും കൊടുത്തു. വീട്ടിൽ പോകാതെ ഞങ്ങൾ അവൾക്ക് കൂട്ടിരുന്നു. അവൾ കണ്ണ് തുറക്കുന്നതും നോക്കി. പെറ്റുവീണ കുഞ്ഞിനെയെന്ന പോലെ ആ അമ്മ മകൾക്ക് കൂട്ടിരുന്നു.

ആശയറ്റ ദിവസം. ഒരു ജീവച്ഛവമായവൾ കിടന്നു. മകളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ ആ അമ്മ. ഒരു കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായിരുന്നു അത്. അടുത്ത നിമിഷം അവർ രൗദ്രയായിമാറി. കണ്ണ് തുറിച്ച്, നാക്കുനീട്ടി, മുടിയഴിച്ചിട്ട് ഭയപ്പെടുത്തുന്ന ആവേശത്താൽ ശരീരം ഉറഞ്ഞുതുള്ളി

വൈകാതെ മഞ്​ജു സാധാരണ നിലയിലായി, കണ്ണുതുറന്നു. ക്ഷീണിച്ച മുഖത്ത് പ്രകാശം പരന്നു. കൃഷ്ണഭക്തയായിരുന്നു അവൾ. ക്ലിനിക്കിനടുത്ത് ക്ഷേത്രമുണ്ടായിരുന്നു. ക്ഷീണിതയെങ്കിലും, ഇഷ്ടവേഷം - കളറിലുള്ള ധാവണിയുടുത്ത്, പൊട്ടൊക്കെ തൊടീപ്പിച്ച്, സുന്ദരിയായി അവളുടെ ആഗ്രഹപ്രകാരമാണ് മനംനിറഞ്ഞ് അന്നവൾ പ്രാർഥിച്ചത്.

ആശയറ്റ ദിവസം. ഒരു ജീവച്ഛവമായവൾ കിടന്നു. മകളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ ആ അമ്മ. ഒരു കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായിരുന്നു അത്. അടുത്ത നിമിഷം അവർ രൗദ്രയായിമാറി. കണ്ണ് തുറിച്ച്, നാക്കുനീട്ടി, മുടിയഴിച്ചിട്ട് ഭയപ്പെടുത്തുന്ന ആവേശത്താൽ ശരീരം ഉറഞ്ഞുതുള്ളി. ജീവനറ്റ അവളുടെ ശരീരത്തിനുചുറ്റും വലംവെയ്ക്കാൻ തുടങ്ങി.
കൽപനകൾ ചിലമ്പി, ‘നോം വെതച്ചത്... നോം വെതച്ചത്... വെതച്ചെറിഞ്ഞത്...'

നീട്ടിയ ആ നാവ് അവളെ അടിമുടി നക്കിയെടുക്കാനൊരുങ്ങവെ ആ ചുവടുകൾ പിഴയ്ക്കുന്നു. സന്നി ബാധിച്ച ശരീരം കുഴഞ്ഞുവീണു. അപ്രതീക്ഷിതമായ ഒരു രംഗത്തിന് സാക്ഷിയാവേണ്ടിവരുമെന്ന് ഞങ്ങൾ മുമ്പേ കരുതിയിരുന്നു. മനസ്സിനെ അതിലേയ്ക്കായി ഒരുക്കിനിർത്തിയിരുന്നു. പക്ഷെ അതിങ്ങനെ...!

അടുത്ത നിമിഷം അവർ രൗദ്രയായിമാറി. കണ്ണ് തുറിച്ച്, നാക്കുനീട്ടി, മുടിയഴിച്ചിട്ട് ഭയപ്പെടുത്തുന്ന ആവേശത്താൽ ശരീരം ഉറഞ്ഞുതുള്ളി. ജീവനറ്റ അവളുടെ ശരീരത്തിനുചുറ്റും വലംവെയ്ക്കാൻ തുടങ്ങി. / Photo: r. nial bradshaw, Flickr

ഡോക്ടർ അവരെ ശാന്തയാക്കാനുള്ള മരുന്ന് നൽകി.
പിന്നെ, ഒരുറക്കത്തിലേയ്ക്ക്...
മകൾ മറ്റൊരു ദീർഘനിദ്രയിലേയ്ക്കും...

ഒരു റേഡിയോ, ശാന്തമായ ഒരു സങ്കടം

ഹോം കെയറുകൾ നമുക്ക് അറപ്പിന്റെയും വെറുപ്പിന്റെയും പുകമറകൾ നീക്കി യഥാർഥ കാഴ്ച കാണിച്ചുതരുന്നു.
ജീവിതത്തിന്റെ ആഴം അറിയാൻ കഴിയുന്നു.

കടൽത്തീരത്തെ കോളനിയിലെ ആ കൊച്ചുവീട്ടിൽ രാത്രി എന്നും ഒച്ചയും ബഹളവുമാണത്രേ- അവിടെ ചെന്നപ്പോൾ പേരക്കുട്ടി പറഞ്ഞതാണ്.
കാര്യങ്ങൾ ഇങ്ങനെയാണ്: അവളുടെ അച്ഛാച്ഛൻ പറഞ്ഞത്, ‘വയ്യാത്ത ആളല്ലേ, ഞാൻ രാത്രീല് കൊറച്ച് ചൂടുവെള്ളം ആരോട് ചോദിക്കും. പോത്തുപോലെ കെടന്നുറങ്ങും. ഇവിടെ ഒരുത്തി.'

ആ ഒരുത്തി പകൽ മുഴുവൻ വീടിനെ, അയാളെ, സംരക്ഷിക്കാൻ ഓടിത്തളരുകയാണെന്ന് ആർക്കുമറിയാത്ത കാര്യമായിരുന്നില്ല.
ക്ലിനിക്കിൽ തിരിച്ചുവന്നപ്പോൾ ഞങ്ങളാലോചിച്ചു, പരിഹാരം.
ഇതിനിടെ അദ്ദേഹത്തെക്കുറിച്ചും. അടുത്ത ഹോം കെയറിൽ ഞങ്ങൾ ഒരു ഫ്‌ളാസ്‌കും റേഡിയോയുമൊക്കെ കരുതിയാണ് ചെന്നത്.
അയാൾ പാടുമായിരുന്നു. പാട്ടുകൾ ഏറെ ഇഷ്ടമായിരുന്നു.
ദേഷ്യവും സങ്കടവും കുറച്ചൊക്കെ ആ റേഡിയോ പരിഹരിച്ചു.

ഒരു വേദനയുടെ രഹസ്യം

വേദന വേദന മാത്രം.
പരിഹാരമില്ലാത്ത വേദന.
മരുന്നുകൾ, പരിചരണരീതികൾ ഒന്നും അയാളുടെ കഠിനമായ വേദനയ്ക്കും അസ്വസ്ഥതകൾക്കും ഒരറുതിവരുത്തിയില്ല. ദേഷ്യവും സങ്കടവുമൊക്കെ അമർത്തി പ്രകടിപ്പിച്ചിരുന്നു. ഭാര്യയും മക്കളുമായി നല്ല രീതിയിൽ ജീവിച്ചുവരികയായിരുന്നു. രോഗം അദ്ദേഹത്തെ തളർത്തിയിരിക്കുമെന്ന് ഞങ്ങൾ കരുതി. പക്ഷെ, വേദന നിരീക്ഷിക്കാൻ ഡോക്ടർ ഞങ്ങളെ ചുമതലപ്പെടുത്തി.

അവനുള്ളപ്പോഴൊക്കെ ആ പെൺകുട്ടിയും അവളുടെ അച്ഛനെയും കൊണ്ട് വന്നിരുന്നു. അവരുടെ വാർഡിലെ പരിചയം പ്രണയമായി മാറി. അവന്റെ രോഗം അതിനൊരു തടസ്സമായില്ല. ആയിടക്ക് അവൻ കവിതകളെഴുതി ഞങ്ങളെ കേൾപ്പിക്കും. എല്ലാം ആ പെൺകുട്ടിയെക്കുറിച്ചായിരുന്നു.

അഡ്മിഷൻ സമയത്ത് അദ്ദേഹമറിയാതെ ഞങ്ങൾ അദ്ദേഹത്തെ ശ്രദ്ധിച്ച് മനസ്സിലാക്കാൻ തുടങ്ങി.
അയാൾ എപ്പോഴും അസ്വസ്ഥനായിരുന്നു. ചോദിക്കുമ്പോഴൊക്കെ ശമനമില്ലാത്ത വേദന. ഒരു തുറന്നുപറച്ചിലിന് ഒരിക്കലും തയ്യാറായുമില്ല. അടുത്തിരുന്ന് പരിചരിക്കുന്ന ഭാര്യയോട് മിണ്ടാട്ടമില്ല.
എന്നാൽ, ഒരു ദിവസം ഒരു സ്ത്രീയും ഒരു പെൺകുട്ടിയും ഐ.പി. വാർഡിൽ അയാളെ കാണാൻ വന്നു. അന്ന് അയാൾക്കരികിൽ ഭാര്യയില്ലായിരുന്നു, അമ്മയായിരുന്നു.
വന്നവർ ഉച്ചതിരിഞ്ഞാണ് പോയത്. അതോടെ അയാളുടെ വേദന മാറി. ഒരു മരുന്നിനും മാറ്റാൻ കഴിയാത്ത വേദന, അസ്വസ്ഥതകളും.
അവർ, അയാളുടെ മകളും ഭാര്യയുമായിരുന്നു. ആരെയുമറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച സ്ത്രീ. അദ്ദേഹത്തിന്റെ മരണശേഷം അറിയാൻ കഴിഞ്ഞു, സമ്പാദ്യത്തിന്റെ പകുതി അവർക്കായി അദ്ദേഹം എഴുതിവച്ചിരുന്നു.

'വേറൊരു രോഗിയുണ്ട്. അയാൾ പാടുമായിരുന്നു. ഫ്‌ളാസ്‌കും റേഡിയോയുമൊക്കെ കരുതിയാണ് ഞങ്ങളവിടെ ചെന്നത്. ദേഷ്യവും സങ്കടവും കുറച്ചൊക്കെ ആ റേഡിയോ പരിഹരിച്ചു.' / Representational image

മരണവാർഡിൽ നടക്കാതെ പോയ വിവാഹം

മാസത്തിലൊരിക്കലെങ്കിലും അവന് ഐ.പി. വാർഡിൽ വന്ന് കിടക്കണം.
മലദ്വാരത്തിലായിരുന്നു കാൻസറിന്റെ കൊമ്പ് കോർത്തിറങ്ങിയിരുന്നത്. അവിടെ ബ്ലോക്ക് ആയപ്പോൾ വയറിന്റെ ഭാഗത്ത് സ്‌റ്റോമ എന്നൊരു ഓപ്പണിങ് ചെയ്തു. വൻകുടലിൽനിന്ന് പുറത്തേക്ക് ഒരു വഴിയുണ്ടാക്കി. അതിലൂടെ മലവും വാതകവും കടന്നുപോകും. വയറിന്റെ ഭാഗത്ത്​ കൊളോസ്റ്റമി ബാഗ് പൊതിഞ്ഞുകെട്ടിയാണ് അവൻ ജീവിച്ചത്.

വീടിനടുത്ത്, ബൾബ് നിർമാണ കമ്പനിയിലായിരുന്നു അവന് ജോലി. അവന്റെ ഭാഷയിൽ രോഗം ചിലപ്പോഴൊക്കെ അവനോട് കുസൃതി കാണിക്കും. അപ്പോഴെല്ലാം പാലിയേറ്റീവ് ക്ലിനിക്കിൽ അമ്മയെയും കൂട്ടി വരും. നൈറ്റ് ഡ്യൂട്ടിയിൽ, ഞങ്ങളുടെ കൂടെ വന്നിരുന്ന് തമാശകൾ പറയും, ചിരിപ്പിക്കും, ഉറങ്ങാതെ എത്രനേരം വേണമെങ്കിലും.

അവനുള്ളപ്പോഴൊക്കെ ആ പെൺകുട്ടിയും അവളുടെ അച്ഛനെയും കൊണ്ട് വന്നിരുന്നു. അദ്ദേഹത്തിന് ഇടക്ക്​ ബ്ലഡ് ട്രാൻസ്​ഫ്യൂഷൻ ആവശ്യമായി വരാറുണ്ട്. അപ്പോഴൊക്കെ അവളാണ് അച്ഛനെയും കൊണ്ടുവരുന്നത്. അവരുടെ വാർഡിലെ പരിചയം പ്രണയമായി മാറി. അവന്റെ രോഗം അതിനൊരു തടസ്സമായില്ല.
ആയിടക്ക് അവൻ കവിതകളെഴുതി ഞങ്ങളെ കേൾപ്പിക്കും. എല്ലാം ആ പെൺകുട്ടിയെക്കുറിച്ചായിരുന്നു. കുറെനാൾ കഴിഞ്ഞപ്പോൾ രോഗത്തിന് അവനോട് അസൂയ തോന്നിയിരിക്കണം. അത് യഥാർഥ രൂപം കാണിച്ചുതുടങ്ങി. ആദ്യമായി അവൻ തളർന്നു. ഞങ്ങൾ അവനെ വാർഡിൽനിന്ന് റൂമിലേക്കുമാറ്റി. ആര് അറിയിച്ചിട്ടാണ് എന്നറിയില്ല, അവൾ ഓടിവന്നു. ഞങ്ങൾ അവളെ അവനോട് ചേർത്തിരുത്തി. അവന്റെ പാതി നിർജീവമായ കൈകളിൽ അവസാനമായി ചുംബിച്ചുകൊണ്ട് അവളിരുന്നു. ആ ചൂടിൽ അലിഞ്ഞലിഞ്ഞ് ആ ജീവൻ ഒടുങ്ങിയിരിക്കും. മരണത്തോളം ശക്തമായ പ്രണയത്തിന്റെ നിമിഷത്തിന് ഞങ്ങൾ മൂകരായി സാക്ഷിയാകേണ്ടിവന്നു.

‘എന്തിന് ഞാൻ ജീവിക്കണം?' ഈ ചോദ്യം പാലിയേറ്റീവ് പ്രവർത്തകർ നിരന്തരം കേൾക്കാറുള്ളതാണ്. ഒരു മറുപടിക്ക് വേണ്ടിയല്ല, ദുരിതപൂർണമായ ഒരവസ്ഥയുടെ ചുരുളഴിക്കാനുള്ള തുടക്കമാണത്.

അവന്റെ മരണത്തിനുമുമ്പ്​ ഒരു ദിവസം ആ പെൺകുട്ടി ഞങ്ങളോട് ഒരുകാര്യം ആവശ്യപ്പെട്ടു. എത്രയും വേഗം അവനെ വിവാഹം കഴിക്കണം, ഈ ഐ.പി. വാർഡിൽ വച്ചുതന്നെ. അവൾ അതിനായി ഒരു മോതിരവും കരുതിയിരുന്നു. ഈ കാര്യം അവനുമായി സംസാരിച്ചപ്പോൾ ഒരിക്കലും അതുണ്ടാകാൻ പാടില്ല എന്നാണ് പറഞ്ഞത്. അവൾ ഏറെ പറഞ്ഞുനോക്കിയെങ്കിലും അവൻ സ്‌നേഹപൂർവം അവളെ പിന്തിരിപ്പിച്ചു.

'അവന്റെ പാതി നിർജീവമായ കൈകളിൽ അവസാനമായി ചുംബിച്ചുകൊണ്ട് അവളിരുന്നു. ആ ചൂടിൽ അലിഞ്ഞലിഞ്ഞ് ആ ജീവൻ ഒടുങ്ങിയിരിക്കും. മരണത്തോളം ശക്തമായ പ്രണയത്തിന്റെ നിമിഷത്തിന് ഞങ്ങൾ മൂകരായി സാക്ഷിയാകേണ്ടിവന്നു.' / Illustration: Malaka Gharib

ഞങ്ങളായിരുന്നു, ഐ.പി. വാർഡിൽ നടക്കാതെപോയ ആ വിവാഹത്തിന്റെ സാക്ഷികൾ.

ആയിഷ

‘എന്തിന് ഞാൻ ജീവിക്കണം?'
ഈ ചോദ്യം പാലിയേറ്റീവ് പ്രവർത്തകർ നിരന്തരം കേൾക്കാറുള്ളതാണ്. ഒരു മറുപടിക്ക് വേണ്ടിയല്ല, ദുരിതപൂർണമായ ഒരവസ്ഥയുടെ ചുരുളഴിക്കാനുള്ള തുടക്കമാണത്. കേൾക്കുന്നതിലുള്ള ആത്മാർഥത അവർക്ക് തിരിച്ചറിയാം. ആയിഷയും ചോദിക്കുകയാണ്, ‘എന്തിന് ഞാൻ ജീവിക്കണം സിസ്റ്ററേ?'
കുഴിയിലാണ്ടുപോയതെങ്കിലും തെളിമ വറ്റാത്ത ആ കണ്ണുകളിൽ വേദനയുടെ കടലിരമ്പുന്നു.

രാവിലെ ക്ലിനിക്കിൽ ഖദർധാരിയായ ഒരു രാഷ്ട്രീയപ്രവർത്തകനും പഞ്ചായത്ത് മെമ്പറും ഒരു സാമൂഹിക പ്രവർത്തകയും വന്നു. കടപ്പുറത്ത് ആരുമില്ലാത്ത നിലയിൽ ഒരു സ്ത്രീ മോശം അവസ്ഥയിൽ കിടക്കുന്നുണ്ട്​, അവർ കാൻസർ രോഗിയാണ്, ഞങ്ങൾ അവരുടെ അടുത്ത് ഒന്ന് ചെല്ലണം, പറ്റുമെങ്കിൽ അവരെ ഏറ്റെടുക്കണം.

വിശദമായി അന്വേഷിക്കാതെ ഒരു നിമിഷം കൊണ്ട് തീരുമാനമെടുക്കേണ്ട കാര്യമല്ലിത്. പക്ഷെ, അവർ കാൻസർ രോഗിയാണ്. കണ്ടേ പറ്റൂ.
ഡോക്ടറോട്​ അനുമതി വാങ്ങി ഞങ്ങൾ രണ്ടു സിസ്റ്റർമാരും വളണ്ടിയറും അവരുടെ കൂടെ ചെന്നു.

നാട്ടിക കടപ്പുറം. രാമു കാര്യാട്ടിനെയും ചെമ്മീൻ എന്ന സിനിമയെയും ഓർമ വന്നു. ചെമ്മീനിന്റെ കുറെ ഭാഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലം.

അവർ പറഞ്ഞത് ശരിയായിരുന്നു. നിരാലംബയായ ഒരു സ്ത്രീ കടപ്പുറത്ത് ഓലഷെഡ്ഢിൽ ചുരുണ്ടുകൂടിക്കിടക്കുന്നു. ദൂരെ മാറി ആൾക്കൂട്ടം ആ ‘കാഴ്ചവസ്തു'വിനെ കാണാൻ പാകത്തിന് നിന്നിരുന്നു. ആയിഷയുടെ മുഖത്തിന്റെ ഒരു വശം നീരുവന്ന് വീർത്തിരുന്നു. കഴുത്തിൽ വലിയൊരു മുഴ. ചുണ്ടിൽ വരണ്ട വിള്ളലുകൾ. വലിയൊരു ഷാളുകൊണ്ട് ശരീരം മൂടിയിരുന്നു. വേദന കൊണ്ടായിരിക്കണം, ഞരങ്ങുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ആദ്യം കുറയ്ക്കണം. അതിന് സൗകര്യമായ സ്ഥലം വേണം. കടപ്പുറത്തെ ഈ മണലിൽ കിടത്തി ചെയ്യേണ്ട ശുശ്രൂഷയല്ല.
‘ദുർനടപ്പിനുള്ള ശിക്ഷ’യാണെന്ന്​ നാട്ടുകാരിൽ ചിലർ ശപിക്കുന്നുണ്ട്​.
കൂടെ വന്ന വളണ്ടിയർ, ഒരു തീരുമാനമെടുക്കുന്നതുവരെ അവരുടെ വീട്ടിൽ ആയിഷയെ കിടത്താമെന്ന് പറഞ്ഞു. തൽക്കാലം ആശ്വാസമായി. കുറച്ചകലെയാണവരുടെ വീട്. പാലിയേറ്റീവ് വണ്ടിയിൽ എത്തിക്കാം, പ്രയാസമുണ്ടാകില്ല.
ഞങ്ങൾ ആയിഷയെ തൊട്ടുണർത്തി. ആരൊക്കെയാണ്, എന്തിനാണ് വന്നത് എന്നൊക്കെ അവർ ചോദിച്ചു.
'എന്തിന് ഞാൻ ജീവിക്കണം മക്കളേ?'

അവൾ ആലോചിച്ചു. രാത്രി മുഴുവൻ കിടന്ന് അവൾ ആലോചിച്ചു. കുഞ്ഞുമ്മ പറഞ്ഞത് ശരിയാണ്. മുറിയിലെ വലിയ അലമാരക്കണ്ണാടിയിൽ ഇതുവരെ ശ്രദ്ധിക്കാത്ത സ്വന്തം സൗന്ദര്യം അവൾ ആസ്വദിച്ചു.

നാട്ടിക കടപ്പുറത്തെ ആ ചെറിയ കോളനിയിലാണ് അവൾ വളർന്നത്​.
വാപ്പ മരിച്ചു. ആയിഷയും ഉമ്മയും ബിരിയാണിയും നെയ്‌ച്ചോറും വീട്ടിലുണ്ടാക്കി കടകളിലും സദ്യകൾക്കും എത്തിച്ചുകൊടുക്കും. അങ്ങനെ ഒരുവിധം വിഷമങ്ങളറിയാതെ ജീവിച്ചു. അപ്പോഴാണ് ഉമ്മയ്ക്ക് സ്‌ട്രോക്ക് വന്നത്. ഒരു ഭാഗം തളർന്ന അവർ അധികനാൾ ജീവിച്ചില്ല. ഉമ്മ കിടപ്പിലായപ്പോൾ ആയിഷ തനിച്ചാണ് ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നത്. തനിയെ ഒരു പെൺകുട്ടിക്ക് ചെയ്യാൻ പറ്റുന്ന ജോലിയല്ല അതെന്നും ആരെങ്കിലും തുണ വേണമെന്നും പറഞ്ഞ് ഉമ്മയുടെ അനിയത്തി അവളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.

അവൾക്ക് അവിടെ ഒന്നിനും കുറവില്ലായിരുന്നു. പക്ഷെ, ഒരു പണിക്കും പോകാതെ കുഞ്ഞുമ്മ എങ്ങനെയാണ് ഇത്ര ആർഭാടത്തോടെ ജീവിക്കുന്നത്? ഇടയ്ക്ക് വൈകുന്നേരങ്ങളിൽ ഉടുത്തൊരുങ്ങി അവർ ആരുടെയോ ബൈക്കിലോ കാറിലോ ഒക്കെ പോകും. ആ രാത്രികളിൽ അവൾ ഒറ്റക്കാകും. പകലുകളിൽ ചെറുപ്പക്കാരും വയസ്സായവരും വെറുതെ വന്നിരിക്കും. ആണുങ്ങൾ മാത്രം. അവർ ആയിഷയെ തുറിച്ചുനോക്കും. ആയിഷക്ക് എല്ലാം മനസ്സിലാക്കാൻ വിഷമമുണ്ടായില്ല.
ഒരു ദിവസം കുഞ്ഞുമ്മ അവളോട് പറഞ്ഞു, ‘ഇതേ, മോശള്ള പണ്യോന്നല്ല. മെയ്യറിഞ്ഞ് നടന്നാലേ, ദേ എന്നെപ്പോലെ മെനങ്ങിനടക്കാം, ആലോശിക്ക്'.

അവൾ ആലോചിച്ചു. രാത്രി മുഴുവൻ കിടന്ന് അവൾ ആലോചിച്ചു. കുഞ്ഞുമ്മ പറഞ്ഞത് ശരിയാണ്. മുറിയിലെ വലിയ അലമാരക്കണ്ണാടിയിൽ ഇതുവരെ ശ്രദ്ധിക്കാത്ത സ്വന്തം സൗന്ദര്യം അവൾ ആസ്വദിച്ചു. പിറ്റേന്ന് കുഞ്ഞുമ്മയല്ല, അവളാണ് ഉടുത്തൊരുങ്ങിയത്. അവൾ കൊണ്ടുകൊടുത്ത നോട്ടുകൾ വാത്സല്യത്തോടെ അവർ എണ്ണിവാങ്ങി.
സ്വന്തം ശരീരസൗന്ദര്യത്തെ അവൾ കണ്ണടച്ച് വിശ്വസിച്ചു.
ഒരു നിശ്ചയവുമില്ലാതെ ദിനങ്ങൾ, മാസങ്ങൾ, വർഷങ്ങൾ കടന്നുപോയി.
ആയിഷക്കും വല്ലാത്തൊരു ശ്വാസംമുട്ടലനുഭവപ്പെട്ടുതുടങ്ങിയിരുന്നു. മരുന്ന് കഴിച്ചിട്ടും മാറുന്നില്ല. തൊണ്ടയിൽ കനത്ത കഴപ്പ്. ആകെ ഒരു പന്തികേട്. തനിയെ ജീവിക്കാൻ സാധിക്കാതെയായി.

ഒടുവിൽ പഴയ സ്വന്തം കൂരയിലേക്ക് ആയിഷ തിരിച്ചുപോന്നു. ആ കോളനി അവളെ വെറുത്തിരുന്നു. വെള്ളമിറക്കാൻ കൂടി വയ്യാതെ, തൊണ്ടയിലെ മുഴയുമായി കിടന്നപ്പോൾ അലിവ് തോന്നി ആരോ അവളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർ തുടർചികിത്സയും അതിനുമുമ്പായി സർജറിയും നിർദേശിച്ചു. തീരുമാനങ്ങളെടുക്കാനോ കൂടെ നിൽക്കാനോ ആരുമില്ലായിരുന്നു. ഒരു പ്രഭാതത്തിൽ നിലംപൊത്തിയ ആ കൂരയിൽനിന്ന് അയൽക്കാർ അവളെ ഒരുവിധം വലിച്ചെടുത്തു. അവളെ സഹായിക്കാൻ ആരും വന്നില്ല. അങ്ങനെ ആ മണലിൽ ഒരു ഷെഡ് കെട്ടി കിടത്തിയതാണ്.

കടപ്പുറത്തുള്ളവർ കരുതുന്നത്, പാലിയേറ്റീവിൽ നിന്ന് അവളെ കൊണ്ടുപോകാൻ വണ്ടിവരും, അവർ നോക്കിക്കോളും എന്നാണ്. പക്ഷെ സംഭവം കേട്ടറിഞ്ഞ് ആയിഷയുടെ അകന്ന ഒരു ബന്ധു, നൗഷാദും അയാളുടെ ഭാര്യയും അവരെ സംരക്ഷിക്കാമെന്നേറ്റു. നൗഷാദ് ഓട്ടോ ഡ്രൈവറാണ്. ചാരിറ്റി പ്രവർത്തനം നടത്തുന്ന ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡൻറ്​. ഇതിനിടെ ആയിഷയുടെ രോഗനിർണയക്കുറിപ്പ് അവരുടെ കുടിലിൽനിന്ന് ഞങ്ങൾക്ക് കിട്ടിയിരുന്നു.
അതിൽ സർജറിക്ക് നിർദേശിച്ചിരുന്നു. തൈറോയ്ഡ് ഗ്ലാന്റ്‌സ് അസുഖം ബാധിച്ചിരിക്കുന്നത് എടുത്തുമാറ്റാനുള്ള സർജറിയായിരുന്നു. തുടർചികിത്സയും വേണ്ടിയിരുന്നു. അസുഖത്തിന്റെ വ്യാപനം, വലുപ്പം ഇവ കുറയ്ക്കാനുള്ള കീമോ, റേഡിയേഷൻ, ഇതെല്ലാം ആവശ്യമായിരുന്നു.
എന്നാലിപ്പോൾ ശരീരം മുഴുവനും കാൻസറുമായി ആയിഷ കിടക്കുന്നു.

ഇഷ്​ടമുള്ള ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിൽ ഒരു പാലിയേറ്റീവ് രീതിയുണ്ട്. ഭക്ഷണം സാവധാനം വായിലെടുത്ത് ചവച്ചരക്കുക. ആ രുചിയെ വായിലുള്ള രസമുകുളങ്ങൾ ഉമിനീരുമായി കലർത്തുന്നു. അങ്ങനെ ആ പൂതി മാറിയെന്ന് ആ മുഖം പറഞ്ഞു.

ആയിഷയുടെ ശുശ്രൂഷ ക്ഷമയോടെ കൃത്യമായി ചെയ്യേണ്ടിയിരുന്നു.
ശക്തിയേറിയ വേദനയ്ക്കുള്ള മോർഫിൻ നാലുമണിക്കൂർ ഇടവിട്ടും ഇടയ്ക്ക് വേദനയുള്ളപ്പോഴും അറിഞ്ഞ് കൊടുക്കണം. വായ, തൊണ്ട, നീരുള്ള ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കൊടുക്കുന്ന രീതി തന്നെ വളരെ സമയം എടുത്തുള്ളതാണ്. വിഷമമേറിയതും. ഇതെല്ലാം വളരെ ഭംഗിയായി അവർ ചെയ്തു. പാപം ചെയ്തവളെന്നുപറഞ്ഞ് കല്ലെറിഞ്ഞവർ കാണാനെത്തി.
അവർ ചുറ്റുമിരുന്ന് കരഞ്ഞു.
"അള്ളാ, ഈ രോഗം എനിക്കുവന്നത് നന്നായി സിസ്റ്ററേ, അതുകൊണ്ടല്ലേ ഇവരെല്ലാവരും എന്റടുത്ത് വന്നത്. എത്ര പേർക്കാ എന്നോട് സ്‌നേഹം...' വാക്കുകൾ മുറിഞ്ഞാണോ, വായ്‌ക്കോണിൽ നിന്ന് രക്തം ഇറ്റുവീഴുന്നു. ഞാനത് ഒപ്പിയെടുത്തു.

'അള്ളാ, ഈ രോഗം എനിക്കുവന്നത് നന്നായി സിസ്റ്ററേ, അതുകൊണ്ടല്ലേ ഇവരെല്ലാവരും എന്റടുത്ത് വന്നത്. എത്ര പേർക്കാ എന്നോട് സ്‌നേഹം...' ആയിഷ പുഞ്ചിരിച്ചു. / Photo: Muhammed Fasil

ഞങ്ങൾ പതിവായി ആയിഷയുടെ അടുത്ത് ചെല്ലും. ദിവസങ്ങൾക്കുശേഷം അവരെ കുളിപ്പിച്ചു. ഇറുകിയ വസ്ത്രം മാറ്റി, അയവുള്ള മാക്‌സി ഉടുപ്പിച്ചു. ചുരുണ്ട മുടി എണ്ണ പുരട്ടി ചീകിവച്ചു. നീര് കുറഞ്ഞിട്ടുണ്ട്. സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ ഒരു കോഴ്‌സ് കൊടുത്തിരുന്നു. ഇപ്പോൾ വെള്ളമിറക്കാമെന്നായി. നെയ്‌ച്ചോറ് കഴിക്കാനുള്ള പൂതി ആംഗ്യഭാഷയിൽ അവതരിപ്പിച്ചു. മിനിറ്റുകൾക്കകം നൗഷാദിന്റെ അടുക്കളയിൽ നെയ്‌ച്ചോറ് പെരുകി.

പക്ഷെ, കഴുത്തിലെ മുഴ- ഈ അവസ്ഥയിൽ ഒരു പാലിയേറ്റീവ് രീതിയുണ്ട്. ഇഷ്ട ഭക്ഷണം സാവധാനം വായിലെടുത്ത് ചവച്ചരക്കുക. ആ രുചിയെ വായിലുള്ള രസമുകുളങ്ങൾ ഉമിനീരുമായി കലർത്തുന്നു. അങ്ങനെ ആ പൂതി മാറിയെന്ന് ആ മുഖം പറഞ്ഞു.
അന്യാദൃശമായ ഒരു ശാന്തി. ഒരനുഗ്രഹീത സൗഖ്യം ആ വേദനകളുടെ പിടച്ചിലിനെ ശമിപ്പിച്ചു.
ആഗ്രഹിച്ചതും അർഥപൂർണവുമായ ഒരന്ത്യം ഏറ്റുവാങ്ങി ആയിഷ യാത്രയായി. മരണത്തെ നിർമമതയോടെ അവൾ സ്വീകരിച്ചിരിക്കണം.
ശരണരത്‌നങ്ങൾ ചെവിയിലോതിക്കൊടുക്കാൻ ഒരുപഗുപ്തൻ അവളുടെയിരികിൽ അദൃശ്യനായി എത്തിയിരിക്കണം.
കരുണയോടെ നെറുകയിൽ തലോടിയിരിക്കണം.

മരണം ഒരു രക്ഷ കൂടിയാണ്​

ർഭാടം നിറഞ്ഞ ഒരു വിവാഹത്തിന്റെ ആഘോഷത്തിമിർപ്പിലാണ് ആ വീട്.
ഒരു മാസം മുമ്പേ എല്ലാം തുടങ്ങിയിരുന്നു. ബന്ധുക്കളുടെ വരവും ഡ്രസ്സെടുക്കലും ആഭരണം വാങ്ങലുമെല്ലാം.
എല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴും ആ മാളികയിലെ ആരും അത്രമാത്രം ശ്രദ്ധിക്കാനിടയില്ലാത്ത മുറിയിൽ പത്മാവതി ടീച്ചർ ഒന്നും കാണുന്നില്ലെങ്കിലും എല്ലാം അറിയുന്നുണ്ടായിരുന്നു.

ടീച്ചർക്ക് ഓവറിയിൽ കാൻസറാണ്. അഡ്വാൻസ്ഡ് സ്‌റ്റേജ്​. രോഗം തിരിച്ചറിയഞ്ഞയുടൻ ചെയ്യേണ്ടിയിരുന്ന ഓപ്പറേഷൻ നടന്നിരുന്നില്ല. ഈയിടെയായി വയർ വീർത്തുവരാൻ തുടങ്ങിയിരിക്കുന്നു. ഒന്നുരണ്ടുതവണ ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ വച്ച് കെട്ടിക്കിടക്കുന്ന വെള്ളം കുത്തിയെടുത്ത് കളഞ്ഞതാണ്. പക്ഷെ, വീണ്ടും പെരുകുന്നു. പാലിയേറ്റീവ് ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ട് ഒരാഴ്ചയായിട്ടേയുള്ളൂ. ടീച്ചറുടെ അവസ്ഥ ഞങ്ങൾ പാലിയേറ്റീവ് ഡോക്ടറുമായി ചർച്ച ചെയ്തു. ഡോക്ടർ, വീണ്ടും ഞങ്ങളോട് അവരെ കണ്ട് സംസാരിക്കാൻ പറഞ്ഞു. തുടക്കത്തിൽ ടീച്ചറുടെ ഒരുതരം നിസ്സംഗത- അവരുമായി അടുക്കുന്നതിന് അൽപം പ്രയാസമുണ്ടാക്കി. ക്രമേണ ഞങ്ങൾ അവരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
‘ശരീരത്തെ പരീക്ഷിച്ചുകൊണ്ടുള്ള ചികിത്സകളൊന്നും വേണ്ട, മതിയായി. ഇനി വരുന്നതുവരട്ടെ', അവരുടെ തീരുമാനം ഉറച്ചതായിരുന്നു.
വിദഗ്​ധ ചികിത്സ ആവശ്യമായിരുന്നപ്പോഴും ടീച്ചറുടെ നിലപാട് ഇങ്ങനെത്തന്നെയായിരുന്നുവത്രേ. വീട്ടുകാരും ടീച്ചറെ നിർബന്ധിക്കാൻ മെനക്കെട്ടില്ല.

ടീച്ചർക്ക് അഞ്ചു മക്കളാണ്. എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവർ. സമ്പന്നർ, ഉയർന്ന ഉദ്യോഗം. സ്വസ്ഥവും ആർഭാടം നിറഞ്ഞതുമായ ജീവിതം നയിക്കുന്നവർ. അതിൽ ഏറ്റവും താഴെയുള്ള മകന്റെ വിവാഹമാണ് നടക്കാൻ പോകുന്നത്.

പതുക്കെ, ഞങ്ങളുടെ ഗൃഹസന്ദർശനം. കാത്തിരിക്കുന്ന ഒരാളായി ടീച്ചർ. ഉള്ളുതുറന്നവർ സംസാരിച്ചു. ചിരിച്ചു. തമാശകൾ പറഞ്ഞു. കൂടുതലും സംസാരിച്ചത് സ്‌കൂൾ കാലഘട്ടമാണ്. ഞങ്ങൾ ശ്രദ്ധാപൂർവം കേട്ടിരിക്കും. പുതിയ ശിഷ്യരെ കിട്ടിയപ്പോൾ ടീച്ചർ സ്വന്തം രോഗം മറന്നു. അസുഖത്തെക്കുറിച്ച് സംസാരിക്കാൻ ടീച്ചർ ഇഷ്ടപ്പെട്ടില്ല. ‘ഓ, അത് അതിന്റെ വഴിക്കുപോകും' എന്ന ഭാവമാണ്.

ടീച്ചറുടെ പരിചരണമെല്ലാം മക്കളും മരുമക്കളും സമയം നോക്കി, കൃത്യനിഷ്ഠതയോടെ ചെയ്തുകൊണ്ടിരുന്നു. പക്ഷെ, അതിന് ഔപചാരികതയുമുണ്ടായിരുന്നു. ആ മുറിയിലെ ഓരോ സന്ദർശകർ മാത്രമായിരുന്നു അവർ. അളന്നുമുറിച്ച് സംസാരിച്ചു. ഒരു രോഗിയിൽനിന്ന് പലതും ഒളിച്ചുവെക്കേണ്ടതാണ് എന്നു വിശ്വസിച്ചു. ‘മരണം കാത്തിരിക്കുന്ന ഒരു സാധു'- അവർ അമ്മയെ അങ്ങനെ മാത്രം കണ്ടു, സഹതപിച്ചു.
‘ഈ മനോഭാവമാണ് ഭയാനകം', ടീച്ചർ പറയുന്നത് കേട്ടിരുന്നതല്ലാതെ ഞങ്ങൾക്ക് മറുപടിയുണ്ടായില്ല.
‘അവർ പണം കൊടുത്ത് ഒരു ദൈവത്തെ എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്', മുറിയുടെ മൂലക്കിരിക്കുന്ന പ്രതിമയെ ചൂണ്ടി ടീച്ചർ പറഞ്ഞു.
‘ഒരുപദേശവും തന്നിട്ടുണ്ട്, എന്നും പ്രാർഥിക്കാൻ', ടീച്ചർ ചിരിച്ചു. അതുവരെ കാണാത്ത ഒരു ചിരി.
‘ഈയിടെയായി ക്ഷീണം. എപ്പോഴും. ഈ വയറും താങ്ങി ഇരിക്കാൻ കൂടി പറ്റുന്നില്ല', അവരുടെ സ്വരം വല്ലാതെ തളർന്നിരിക്കുന്നു.
‘എല്ലാരും തിരക്കിലല്ലേ കുട്ട്യോളേ'
പതിവില്ലാത്ത ഒരു ശ്രദ്ധക്കുറവ് ശരീരത്തിൽ, അവരുടെ ഡ്രസ് വളരെ മുഷിഞ്ഞതുമായിരുന്നു.

രോഗത്തേക്കാളും ഒരാളെ വേദനിപ്പിക്കുന്നത് എന്തിനും ഏതിനും മറ്റുവള്ളവരെ ആശ്രയിക്കുന്ന അവസ്ഥയാണ്.

ദിവസംപ്രതി വീർത്തുവരുന്ന വയർ. പാലിയേറ്റീവ് ക്ലിനിക്കിൽ അതിന് പ്രതിവിധിയുണ്ട്. Tapping. അതിന് വീട്ടുകാരും രോഗിയും സമ്മതിക്കണം. അതിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഡോക്ടർ പറഞ്ഞു, ‘വരട്ടെ, ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ ആലോചിക്കാം. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന രീതി തന്നെ തുടരുക'- ശക്തമായ വേദനയുടെ മരുന്ന്, ഉറക്കത്തിന്റെ മരുന്ന് ഇതെല്ലാം കൃത്യമായി കൊടുത്തിരുന്നു.

പക്ഷെ, ശരീരവും മനസ്സും മരുന്നുകളേക്കാളും മറ്റു പലതുമാണ് അന്വേഷിക്കുന്നത് എന്നവർ പറഞ്ഞു. രോഗത്തേക്കാളും ഒരാളെ വേദനിപ്പിക്കുന്നത് എന്തിനും ഏതിനും മറ്റുവള്ളവരെ ആശ്രയിക്കുന്ന അവസ്ഥയാണ്.
‘ഇതിലും ലളിതമായി പറയാൻ എനിക്ക് കഴിയില്ല മക്കളെ', അവരുടെ ഹൃദയമിടിപ്പ് ഞങ്ങൾക്ക് കേൾക്കാമായിരുന്നു.

വെറുതെയിരിക്കുന്ന ഓരോ നിമിഷവും ടീച്ചർക്ക് പീഡനമായിരുന്നു. അറിവ് കൊടുംദുഃഖമാണെന്ന്, എത്രയോ പേർക്ക് അത് പകർന്നുകൊടുത്ത ടീച്ചർ പറയുന്നു.
പുതിയ അറിവുകൾ- ഞങ്ങൾ കാതോർത്തിരുന്നു.
ഭീകരമായ ഒരു നിമിഷത്തെ കാത്തിരിക്കുന്നതുപോലെ. വിവരിക്കാനാകാത്ത ഒരു ഭയം ആ കണ്ണുകളിൽ.
ടീച്ചറുടെ മകന്റെ വിവാഹത്തിന് ഇനി ഒരാഴ്ച മാത്രം. വീട് നിറയെ ബന്ധുക്കളാണ്. തിരക്കില്ലാതെ ഈ മുറി മാത്രം. അവരുടെ വിഷമങ്ങൾ വർധിക്കുകയാണ്. മക്കൾക്ക് അത് ബോധ്യമാകുന്നുണ്ടോ? ഞങ്ങൾക്ക് അവരെ മനസ്സിലാക്കി കൊടുക്കേണ്ട കടമയുണ്ട്. പക്ഷെ, അതിനുമുമ്പുതന്നെ ടീച്ചർ ആവശ്യപ്പെട്ടു, ‘എനിക്ക് രണ്ടുദിവസം അവടെ വന്ന് കെടക്കണം, മക്കളേ. ഇല്ലെങ്കിൽ ഈ വേദന എന്നെ കൊല്ലാതെ കൊല്ലും'

ഞങ്ങൾ മക്കളുമായി സംസാരിച്ചു. അവർക്ക് സന്തോഷം.
ഈ തിക്കും തിരക്കും അമ്മയ്ക്ക് ബുദ്ധിമുട്ടാകും, അമ്മയോടുള്ള സ്‌നേഹം അവർ പ്രകടിപ്പിച്ചു.
പക്ഷെ, ടീച്ചറുടെ കൂടെ ഒരാൾ വേണം. ആര് നിൽക്കും? മക്കളും മരുമക്കളും പേരക്കുട്ടികളും ആരും തയാറല്ല. പക്ഷെ, പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ല, ദൈവത്തെപ്പോലും.

അമ്മയെ നോക്കാൻ ഒരു ഹോം നഴ്‌സ് എത്തി. മക്കളെപ്പോടെ കരുതിയിരുന്ന ഞങ്ങളുടെ സാമീപ്യത്തിൽ അവരുടെ മനസ്സ് സ്വസ്ഥമായി.
പക്ഷെ, ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ കുറച്ചെങ്കിലും വയറിലെ വെള്ളം കുത്തിയെടുക്കേണ്ട അവസ്ഥയിലായിരുന്നില്ല അവർ. മരണത്തെ ഒരു രക്ഷകനായി സ്വീകരിക്കാൻ ആ മനസ്സ് തയാറെടുത്തുകഴിഞ്ഞിരുന്നു. ഇപ്പോൾ ആ കണ്ണുകളിൽ ഭയമില്ലായിരുന്നു. ശാന്തതയായിരുന്നു.
അവർ കാത്തുകിടന്നു.
അവസാന തുള്ളി ദാഹജലം ഏറ്റുവാങ്ങി ഒരു ധന്യശരീരം ശാന്തതയിൽ ലയിച്ചു.
ഞങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള ഒരു വേർപാടായിരുന്നു അത്,
അപൂർവമായി മാത്രം സംഭവിക്കുന്നത്.

പൊടുന്നനെ ആ ജീവിതം ഊർന്നുപോയി...

രു കുടുംബത്തിനാവശ്യമായ സൗകര്യങ്ങളോ വസ്തുക്കളോ ഒന്നും അവിടെയില്ലായിരുന്നു. പലചരക്കുകട നടത്തുന്ന ഒരു വ്യാപാരി ആ കുടുംബത്തിനോടു കാണിച്ച ദയയായിരുന്നു കടയുടെ മുകളിലുള്ള രണ്ട്​ കൊച്ചു മുറികൾ. വാടക കൊടുക്കാതെ കഴിയാമെന്നത് ആ കുടുംബത്തെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമാണ്. ഞങ്ങൾ രണ്ട് സിസ്റ്റർമാരും വളണ്ടിയറും പരുപരുത്ത കോൺക്രീറ്റ് കോണിപ്പടി കയറിച്ചെല്ലുമ്പോൾ അവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ ശ്രമിച്ചു.

മുകളിലെ അവരുടെ മുറികൾക്ക് വാതിലുകളില്ലായിരുന്നു.
പഴയ സാരി കൊണ്ട് മറച്ചിരിക്കുന്നു. കട്ടിലിൽ അരയ്ക്കുതാഴെ തളർന്നുകിടപ്പാണ് സലിം എന്ന പതിനെട്ടുകാരൻ. രോഗം അവന്റെ സുഷുമ്‌നനാഡിയെ ബാധിച്ചിരുന്നു. ബ്രെയിൻ ട്യൂമറാണ്. ഞങ്ങളെ കണ്ടതും അവൻ കണ്ണുകളടച്ച് തല ചെരിച്ച് കിടന്നു. ഒരു ചെറിയ പ്രതിഷേധമാണ് അതെന്ന് തോന്നി. അവൻ കിടന്നിരുന്ന കട്ടിൽ, കിടക്ക എല്ലാം വൃത്തിയുള്ളതായിരുന്നു. പക്ഷെ, മുറിയാകെ അലങ്കോലമായി കിടന്നിരുന്നു.

അവന്റെ വേദന കുറയ്ക്കണം. അത് ഞങ്ങളുടെയും ആവശ്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ആവശ്യം. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സലിം സാധാരണ നിലയിലായി. അവന്റെ കണ്ണുകളിൽ വേദന അനുഭവിച്ചുതീർത്തതിന്റെ തിളക്കം കണ്ടു.

അസുഖത്തെക്കുറിച്ച് പറയാൻ തുടങ്ങവേ അവന്റെ ഉമ്മ ഞങ്ങളെ മാറ്റിനർത്തി പറഞ്ഞു, ‘‘അവനാരേം കാണണത് ഇഷ്ടമില്ല സിസ്റ്ററേ, കൂട്ടുകാരെപ്പോലും. നിങ്ങൾ വന്നതും ഇഷ്ടായിട്ടില്ല. ദേഷ്യപ്പെടാണെങ്കിൽ ഒന്നും തോന്നരുത്’’, ഒടുങ്ങാത്ത വ്യഥ പേറുന്ന ആ കൈകൾ, എന്റെ കൈക്കുള്ളിലിരുന്ന് വിറച്ചു.

ഞങ്ങൾ അവരുമായി ഏറെ നേരം സംസാരിച്ചു. മനസ്സ് തുറന്നുവിടാൻ ആരെയൊക്കെയോ കാത്തിരിക്കുകയായിരുന്നു അവർ എന്നുതോന്നി. ഒരു പ്രൈവറ്റ് കോളേജിൽ ബികോം സെക്കൻറിയറിന് പഠിക്കുകയായിരുന്നു സലിം. വിട്ടുമാറാത്ത പനിയും തലവേദനയുമായാണ് തുടങ്ങിയത്. ആദ്യമൊന്നും കാര്യമാക്കിയില്ല. പാരസെറ്റമോൾ വാങ്ങി കഴിക്കും. തൽക്കാലം മാറും. കോളേജിലെ പഠനസമയം കഴിഞ്ഞ്, അടുത്തുള്ള നീതി മെഡിക്കൽ സ്‌റ്റോറിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. അനിയന്റെ വിദ്യാഭ്യാസച്ചെലവിനുകൂടിയായിരുന്നു അത്. പക്ഷെ, അസ്വസ്ഥത കൂടിവന്നപ്പോൾ വിശദ പരിശോധന നടന്നു. രണ്ടുമൂന്നു മാസം ആർ.സി.സി.യിലെ ചികിത്സ, അവിടെ വാടകയ്ക്ക് ഒരു കൊച്ച് വീടെടുത്ത് താമസിച്ചുകൊണ്ട്.
‘കൂടുതലൊന്നും ചെയ്യാനില്ല' എന്ന സ്ഥിരം പല്ലവിക്കുമുന്നിൽ ആ കുടുംബം നിസ്സഹായതയോടെ തിരിച്ചുപോരുകയായിരുന്നു.

‘സലിം', ഞങ്ങൾ പതുക്കെ വിളിച്ചു.
ഒന്ന് കണ്ണുതുറന്നുനോക്കി പഴയപോലെ കിടന്നു.
കാര്യമായ ബുദ്ധിമുട്ട് കാണിക്കാറില്ല എന്നാണ് ഉമ്മ പറഞ്ഞത്. അടുത്തയാഴ്ച അവരുടെ ആവശ്യപ്രകാരം വീണ്ടും ചെന്നു. സലിമിന് അടിമുടി വേദന. മരുന്ന് കഴിച്ച് കുറച്ചുനേരം മാത്രം സുഖം കിട്ടും. ഒരു കുറവുമില്ല. ഡോക്ടറോട് ചോദിച്ച് മരുന്നിന്റെ അളവ് കൂട്ടി. പ്രത്യേകം ഇഞ്ചക്ഷൻ- അപ്പോഴത്തെ ബുദ്ധിമുട്ടിന് കൊടുത്തു. ക്ഷീണത്തിന് ശരീരത്തിന് ഫ്‌ളൂയിഡ് കയറ്റുകയും ചെയ്തു. വേദനയുടെ കാഠിന്യം കൊണ്ടാകാം, സലിം എല്ലാ കാര്യങ്ങൾക്കും സഹകരിച്ചു.
ഞങ്ങൾ വെയ്റ്റ് ചെയ്തിരുന്നു.

അവന്റെ വേദന കുറയ്ക്കണം. അത് ഞങ്ങളുടെയും ആവശ്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ആവശ്യം. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സലിം സാധാരണ നിലയിലായി. അവന്റെ കണ്ണുകളിൽ വേദന അനുഭവിച്ചുതീർത്തതിന്റെ തിളക്കം കണ്ടു.

ഇതിനിടയിൽ അവന്റെ ഇഷ്ടങ്ങളെക്കുറിച്ചറിഞ്ഞു. പ്രിയപ്പെട്ട സുഹൃത്തുക്കളെപ്പറ്റി- കഥകൾ ഒരുപാട് ഇഷ്ടമാണവന്. സാഹസിക കഥകൾ. സ്വന്തം ലൈബ്രറിയിലെ ചില പുസ്തകങ്ങൾ കൈയിൽ കരുതിയാണ് അടുത്ത തവണ ഹോം കെയറിന് ​പോയത്​. ഇത്തവണ നല്ലൊരു മാറ്റം അവനിൽ കണ്ടു. ഉമ്മ പറഞ്ഞു, ‘ഫസ്റ്റിയർ റിസൾട്ട് വന്നു. ഭേദപ്പെട്ട മാർക്കുണ്ട്. കോളേജിൽ നിന്ന് ഒരു സമ്മാനവും കിട്ടി'.
ഞാൻ കരുതിയിരുന്നത് ഷെർലക് ഹോംസിന്റെ രണ്ടു പുസ്തകങ്ങളാണ്. അവന്റെ പ്രതികരണം ഞാനൂഹിച്ചതിലും വലുതായിരുന്നു. വായിക്കാൻ അവന്റെ അവസ്ഥയിൽ കഴിയില്ല. ഒഴിവുസമയം വായിച്ച് കേൾപ്പിക്കണമെന്ന് ഉമ്മയോട് പറഞ്ഞു.

ഇടയ്ക്ക് അവനെ വിളിക്കും. മൊബൈലിൽ മിസ്ഡ് കോൾ കാണാം. പലതും സംസാരിക്കും. അവന്റെ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ, ഉത്കണ്ഠകൾ എല്ലാം.
സ്വപ്‌നത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം കണ്ടതും അതിനുപിന്നാലെ ഓടിയതും ഒടുവിൽ അത് കാണാതായതും എല്ലാം. അതിന്റെ അർഥം എന്തായിരിക്കും?
അവൻ ചോദിച്ചു. നല്ലൊരു സൂചനയായി അതിനെ കാണാൻ ഞാൻ അവനോട് പറഞ്ഞു.

അവന്റെ മാറ്റങ്ങൾ, കുടുംബാന്തരീക്ഷത്തെ തണുപ്പിച്ചു. വാപ്പ പണിക്കുപോയിത്തുടങ്ങി. ഉമ്മയുടെ മുഖം തെളിഞ്ഞു. അനിയൻ അവന്റെ അരികിലിരുന്ന് കഥകൾ വായിക്കും. സുഹൃത്തുക്കൾ വരുന്നതിൽ അവനിപ്പോൾ എതിർപ്പൊന്നുമില്ല.

കെടാറായ ഒരു വിളക്കിന്റെ തിരി വീണ്ടും നീട്ടിവെച്ച് പ്രകാശം പരത്താൻ കഴിഞ്ഞു.
സലിം ഒരാഗ്രഹം പറഞ്ഞു. അവന് വരാന്തയിൽ ചെന്നിരുന്ന് റോഡിൽ കൂടി പോകുന്നവരെയും വണ്ടികളെയും ഒക്കെ കാണണം. ആകാശം കാണണം. അതിന് വിഷമമുണ്ടായില്ല. ക്ലിനിക്കൽ നിന്ന് വീൽചെയർ അവന്റെ മുറിയിലെത്തിച്ചു. സുഹൃത്തുക്കളുമുണ്ടായിരുന്നു. അവനെ കോരിയെടുത്ത് വീൽചെയറിലിരുത്തി വരാന്തയിലെത്തിച്ചു. ആദ്യമായി കാണുന്നപോലെ അവൻ എല്ലാം നോക്കിക്കണ്ടു.
ആ കാണലുകൾക്ക് എത്രത്തോളം അർഥമുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അന്ന് മടങ്ങുമ്പോൾ സലിം എന്റെ കൈപിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു, "സിസ്റ്ററാൻറീ, എന്റെ ഉമ്മേം വാപ്പേം ഒരുപാട് വെഷമിക്കുന്നുണ്ട് ഇല്ലേ.
ഉമ്മാടെ കണ്ണ് കണ്ടാലറിയാം, എപ്പോഴും കരച്ചിലാണെന്ന്. എന്നെ വിഷമിപ്പിക്കാണ്ടിരിക്കാൻ ആരും ഒന്നും കാണിക്കുന്നില്ല അല്ലേ?’’,
ജീവിച്ച് തഴമ്പിച്ച ഒരാളെപ്പോലെ അവന്റെ മുഖം, സ്വരം, എല്ലാം.
മൗനത്തിന്റെ തീവ്രത ഞാനറിഞ്ഞു. മുതിർന്നവരാണ് വിഡ്ഢികൾ. കുട്ടികൾ എല്ലാമറിയുന്നു. അവരുടെ മുന്നിൽ അഭിനയമരുത്.

സലിമിന് ഇടയ്ക്കിടക്ക് ഫിറ്റ്‌സ് വരുന്നു. കാഴ്ചശക്തി കുറഞ്ഞുവന്നു. രോഗം ജയിച്ച് മുന്നേറുകയാണ്. ഡോക്ടർ ഓരോരോ മാർഗങ്ങൾ പരീക്ഷിച്ചുനോക്കിയെങ്കിലും ശാസ്ത്രത്തിന്റെ അറിവിനപ്പുറമായിരുന്നു എല്ലാം.
അവന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ട ദിവസം- പ്രതികരിക്കാൻ പോലും പറ്റാതെയുള്ള അവന്റെ കിടപ്പ്- താളംതെറ്റിയ നെഞ്ചിലെ മിടിപ്പ്.
ഒരു ദിവസം പുലർച്ചെ കോൾ വന്നു. സലിമിന്റെ വാപ്പ.
‘ന്റെ മോൻ പോയി സിസ്റ്ററേ. പുലരാൻ കാത്തുനിൽക്കായിരുന്നു സിസ്റ്ററോട് പറയാൻ'.

ദിവസങ്ങൾക്കുശേഷം അവരെ കാണുമ്പോൾ പൊലിഞ്ഞുപോയ ദിവസങ്ങൾ ജീവച്ഛവങ്ങളാക്കി മാറ്റിയ അവസ്ഥയിലായിരുന്നു. ആശ്വാസവാക്കുകൾക്ക് അർഥം നഷ്ടപ്പെടുന്നു എന്നുതോന്നിയ നിമിഷങ്ങൾ. എന്നാലും ഞങ്ങൾക്ക് അന്യോന്യം അറിയാമായിരുന്നു. ആ സമയങ്ങളിലെല്ലാം ഞങ്ങൾ അവന്റെ കൂടെയായിരുന്നുവെന്ന്. അതുമതി, ആ കുടുംബത്തിന്.
മനസ്സിനെ അടക്കാൻ കഴിയാതെ ഒരിക്കൽ വിളിച്ചു.
‘ഞങ്ങൾക്കൊന്നും കൂടുന്നില്ല. ഒക്കെ ഒരു യന്ത്രം പോലെ ചെയ്യാ'.
അവരുടെ തളർന്നതെങ്കിലും ഉറച്ച സ്വരം കേട്ടപ്പോൾ ഓർത്തുപോയി, ആ അർഥപൂർണമായ ചൊല്ല്, ‘ഖബറിൽ ഒരുപടി മണ്ണ് വീഴുമ്പോൾ ഇവിടെ നെഞ്ചിൽ ഒരു കല്ല് ഇടുകയാണ് പടച്ചോൻ.' ▮


കെ. സാവിത്രി

തൃശൂർ എടമുട്ടം ആൽഫ പാലിയേറ്റീവ്​ കെയറിൽ പാലിയേറ്റീവ്​ സിസ്​റ്റർ.

Comments