ആഫ്രിക്കൻ
വസന്തങ്ങൾ- 11
അഡീസ് അബബക്ക് ആ പേരു നൽകിയത് ഹെയ്‌ലെ സെലാസി ചക്രവർത്തിയുടെ മുൻഗാമി മെനെലിക് രണ്ടാമന്റെ ഏകപുത്രിയും അനന്തരാവകാശിയുമായിരുന്ന സൂഡിറ്റു (Zewditu) രാജകുമാരിയാണ്. അനന്തരാവകാശിയായിരുന്നെങ്കിലും സൂഡിറ്റു രാജ്ഞിയായില്ല. ഹതഭാഗ്യയായ ആ രാജകുമാരി ചെറുപ്രായത്തിലേ മരിച്ചു. അങ്ങനെയാണ് എത്യോപ്യയിലെ ‘ദ്വിഗ് വിജയിയായ യൂദായിലെ സിംഹം’, ‘ലോകാലോകങ്ങളുടെ അധിപൻ’ തുടങ്ങിയ ബഹുമതിമുദ്രകൾ പേറുന്ന സിംഹാസനത്തിൽ റാസ് ടഫാരി മക്കൊന്നൻ എന്ന ഹരാർ പ്രവിശ്യയിലെ ഭരണാധികാരി ഹെയ്‌ലെ സെലാസി ഒന്നാമൻ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് എത്യോപ്യൻ ചരിത്രത്തിൽ രംഗപ്രവേശം ചെയ്തത്.
അഡീസ് അബാബ ആഫ്രിക്കയിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും തിരക്ക് കുറഞ്ഞ തലസ്ഥാന നഗരമായിരുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ മുതൽ എത്യോപ്യൻ ടൂറിസം കമീഷൻ പരസ്യങ്ങളിൽ വളരെ പ്രാധാന്യത്തോടെ ഇടം പിടിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ''മർക്കാത്തോ'' അഥവാ മാർക്കറ്റ് (ചന്ത). ആഫ്രിക്കയിലെ ഏറ്റവും വലിയ ഓപ്പൺ മാർക്കറ്റ് ആണ് അഡീസിലെ മർക്കാത്തോ എന്നാണ് എത്യോപ്യന്മാർ നെഞ്ചുവിരിച്ചു നിന്ന് ഊറ്റം കൊണ്ടിരുന്നത്. അത് സത്യമാണോ എന്ന് അന്നും ഇന്നും എനിക്കറിയില്ല. പക്ഷേ ഒന്നു രണ്ടു പ്രാവശ്യം അവിടെ ചുറ്റിനടന്നതിൽനിന്ന് അത് വളരെ വലിയൊരു അങ്ങാടിയാണെന്ന് മനസ്സിലായിട്ടുണ്ട്. എത്യോപ്യയിൽ നിരോധിക്കപ്പെട്ടിരുന്ന പല വസ്തുക്കളും ആ മർക്കാത്തോയിൽ ലഭ്യമായിരുന്നു. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ മർക്കാത്തോയിലെ ഉപഭോക്താക്കളായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. മിതമായ വിലയ്ക്ക് സാധനങ്ങൾ വേണമെന്നുണ്ടെങ്കിൽ നന്നായി അമാറിക് ഭാഷയിൽ വിലപേശാനറിയണം.
നമ്മുടെ നാട്ടിൽ (പഴയ മദിരാശിയിൽ) പണ്ട് ഉണ്ടായിരുന്ന മൂർ മാർക്കറ്റിന്റെയും മറ്റും മട്ടിലുള്ള ഒരു ഇടം. അല്ലെങ്കിൽ കൊൽക്കത്തയിലെ ''സിയാൽഡാ മാർക്കറ്റ്'' പോലെയുള്ള ഒരിടം. വിലപേശാനറിയില്ലെങ്കിൽ നാം കബളിപ്പിക്കപ്പെടും എന്നതിന് തർക്കമില്ല. എത്യോപ്യയിൽ വിദേശികൾക്കെതിരായ (പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്) ആക്രമണങ്ങൾ തീരെ കുറവായിരുന്നെങ്കിലും മർക്കാത്തോയിൽ ''ചില്ലറ'' (പെറ്റി) കള്ളന്മാർ ധാരാളമുണ്ടായിരുന്നു എന്നാണറിവ്. ഞങ്ങൾക്ക് മർക്കാത്തോയിൽ പോയി പരിചയം കുറവായിരുന്നതിനാൽ അതേക്കുറിച്ച് അധികം പറയാനാവില്ല.
അഡീസിലെ ഞങ്ങളുടെ ജീവിതം ''ഔറാറിസ്'' ഹോട്ടലിലെ റൂം നമ്പർ 229-ലും പിയാസയിലുമായി ഒതുങ്ങി. ഇടയ്ക്ക് ഇല്ലുബാബോറിൽ നിന്ന് മോഹൻദാസ് വന്നിരുന്നു. ഔറാറിസിൽ തന്നെ താമസിച്ചിരുന്ന ജോസ് സെബാസ്റ്റ്യനായിരുന്നു നിത്യ സന്ദർശകനായി ആകെയുണ്ടായിരുന്നത്. അലോഷ്യസ് ലാസറസും കുറച്ചുനാൾ അവിടെ താമസിച്ചു. അയാൾ എന്നെ കാണാൻ വന്നിരുന്നത് കേസിനെപ്പറ്റി സംസാരിക്കാനായിരുന്നു. ഞങ്ങൾ കേസ് വിളിക്കുന്ന ദിവസം മാത്രമേ കോടതിയിൽ പോയിരുന്നുള്ളു. അവിടെ ചെന്നാൽത്തന്നെയും നടപടികളെല്ലാം അമാറിക്കിൽ ആയിരുന്നതിനാൽ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും നമുക്ക് മനസ്സിലാവില്ല. സ്വന്തം കേസിന്റെ കാര്യത്തിൽ തർജ്ജമപ്പെടുത്താൻ വക്കീലുണ്ടായിരുന്നു. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്, ഞങ്ങൾ കേസ് കേൾക്കാൻ കോടതിയിൽ ചെല്ലുമ്പോഴൊക്കെയും ജഡ്ജി ഞങ്ങളുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഒരു പ്രത്യേക അഭിവാദനം ഞങ്ങൾക്ക് തന്നിരുന്നു. എത്യോപ്യൻ സംസ്‌കാരത്തിന്റെ ഔന്നത്യമാണ് ആ സംജ്ഞകളിലൂടെ വെളിപ്പെട്ടിരുന്നത്.
വിദ്യാഭ്യാസവകുപ്പിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ ഔറാറിസിൽ വൈകുന്നേരം ബിയർ കഴിക്കാൻ വരും. അവരിൽ പലരും വളരെ അനുഭാവപൂർവമാണ് ഞങ്ങളുടെ കേസിനെപ്പറ്റി സംസാരിച്ചിരുന്നത്. പക്ഷേ, അതെല്ലാം വെറും ''സ്മാൾ ടാക്ക്'' ആയി മാത്രമേ ഞാൻ കണക്കാക്കിയിരുന്നുള്ളു. കാത്തലിക് കത്തീഡ്രൽ സ്‌ക്കൂളിൽ എനിക്ക് ജോലിയുണ്ടായിരുന്നെങ്കിലും അത് കത്തോലിക്ക സഭയുടെ സ്ഥാപനം ആയതുകൊണ്ടു മാത്രമാണ് നടന്നത്. അല്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ട ഒരാളെ ജോലിക്കെടുത്തതിന് വേണമെങ്കിൽ ആ സ്ഥാപനം തന്നെ അടച്ചുപൂട്ടാം. അതിനുള്ള അധികാരം ഗവൺമെന്റിനുണ്ട്.
അഡീസ് അബാബയിൽ വർഷാവസാന അവധിക്കാലത്ത് പ്രവിശ്യകളിൽനിന്ന് അദ്ധ്യാപകർ കൂട്ടമായി വന്ന് അവധിക്കാലത്ത് നാട്ടിൽ പോകുന്ന അഡീസ് അബാബയിലുള്ള ടീച്ചർമാരുടെ വീടുകളിൽ താമസിക്കുന്ന ഒരു കീഴ് വഴക്കമുണ്ടായിരുന്നു. സെപ്തംബറിലാണല്ലോ സ്‌ക്കൂൾ തുറക്കുക. അതിനാൽ ഓണാഘോഷം അവധിക്കാലത്ത് അഡീസിൽ കെങ്കേമമായി നടത്തിയിരുന്നു. ഇന്ത്യൻ എംബസിയുടെ ഓഡിറ്റോറിയമായിരുന്നു ഞങ്ങൾ അതിനായി ഉപയോഗിച്ചിരുന്നത്. ഞങ്ങൾ അഡീസിൽ ഉള്ളപ്പോൾ അംബാസഡർ ഇല്ലായിരുന്നു. ഓം പ്രകാശ് തന്നെയായിരുന്നു ചാർജ്ജ് ഡി അഫയേഴ്‌സ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ഒരു ഐ എഫ് എസുകാരനാണ് ഓം പ്രകാശ്. വിദ്യാഭ്യാസവകുപ്പുമായി ഞങ്ങൾ നടത്തുന്ന യുദ്ധത്തിന് ഏറ്റവും കൂടുതൽ ധാർമ്മികപിന്തുണ നൽകിയവരിൽ ഒരാളും ആയിരുന്നു അദ്ദേഹം.
ഞങ്ങൾ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാൻമടിച്ചപ്പോൾ പ്രൊഫ. എം. എസ്. ദേവദാസിന്റെ മകൻ മോഹൻ ദാസ്, കൊടകരയിലെ മോഹൻ ദാസ്, മെദാനെ ആലെം സ്‌ക്കൂളിലെ വേണു മാഷ് തുടങ്ങിയവരാണ് സ്‌നേഹപൂർവ്വം നിർബ്ബന്ധിച്ച് ഞങ്ങളെ അതിന്റെ ഭാഗമാക്കിയത്. അതിനു മുൻപത്തെ വർഷം (1982) അഡീസിലെ മലയാളികൾ ഒരു ഓണം സുവനീർ പ്രസിദ്ധീകരിച്ചു. അതായത്, നല്ല കയ്യക്ഷരമുള്ള ചിലരുടെ സഹായത്താൽ കൈകൊണ്ടെഴുതി സൈക്ലോസ്‌റ്റൈൽ ചെയ്ത് പുറത്തിറക്കി. ആദ്യത്തേതിന് നല്ല സ്വീകരണം കിട്ടിയതിനാൽ തൊട്ടടുത്ത വർഷവും അത് തുടരാൻ തീരുമാനിച്ചു. അങ്ങനെ ''കൈരളി'' ഓണസ്മരണിക എന്ന പേരിൽ ഞങ്ങൾ വീണ്ടും ഒരു പ്രസിദ്ധീകരണം തയാറാക്കാൻ ആരംഭിച്ചു. അദ്ധ്യാപകസമൂഹമായതിനാൽ നാട്ടിലയച്ച് പ്രിന്റ് ചെയ്യാനുള്ള ആസ്തിയൊന്നും അഡീസിലെ മലയാളികൾക്കില്ലായിരുന്നു. അതുകൊണ്ടാണ് സൈക്ലോസ്‌റ്റൈലിംഗിനെ ആശ്രയിച്ചത്.
ചേലനാട്ട് അച്യുത മേനോൻ (അച്യുതമേനോൻ എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര് എന്ന് ഞാൻ കരുതുന്നു. പിശകുണ്ടെങ്കിൽ മേനോന്റെ ഓർമ എന്നോട് ക്ഷമിക്കും എന്നും കരുതുന്നു.) എന്ന അപൂർവ വ്യക്തിത്വത്തെ പരിചയപ്പെട്ടതും ആ കാലത്താണ്. അദ്ദേഹം എത്ര കാലം മുൻപാണ് എത്യോപ്യയിൽ വന്നത് എന്നൊന്നും അറിയില്ല. വളരെ വർഷങ്ങളായി എന്നു മാത്രം അറിയാം. ഒന്നു രണ്ട് മദ്യപാന സദസ്സുകളിൽ അദ്ദേഹം നാവു കുഴയാതെ, കറയറ്റ ഇംഗ്ലീഷിൽ തന്റെ ജീവിതത്തിന്റെ ചില ഏടുകൾ തുറക്കുന്നത് കാണാനും കേൾക്കാനും ഇടയായിരുന്നു. അങ്ങനെ ഒരിക്കൽ ഔറാറിസിൽ അലോഷ്യസ് ലാസറസിന്റെ മുറിയിൽ അദ്ദേഹം വന്നു. അധികം സദസ്യരൊന്നുമില്ലാത്ത ഒരു വൈകുന്നേരം അദ്ദേഹം തന്റെ ജീവിതകഥ (എത്യോപ്യയിൽ വന്ന ശേഷമുള്ളത്) പറയാൻ തുടങ്ങി. അദ്ദേഹം പരസ്യമായി മെൻഗിസ്റ്റു ഗവർമെണ്ടിനെ തെറി വിളിച്ചിരുന്നു. മേനോൻ ഒരു എത്യോപ്യൻ സ്ത്രീയെ ഔദ്യോഗികമായിത്തന്നെ വിവാഹം കഴിച്ചിരുന്നു. എത്യോപ്യയിൽ വന്നശേഷം അദ്ദേഹം ഒരിക്കലും നാട്ടിലേക്ക് (കേരളത്തിൽ) പോയില്ല. അവധിക്കാലങ്ങളിലും അദ്ദേഹം എത്യോപ്യയുടെ സൗന്ദര്യവും ദുരിതങ്ങളും പങ്കിട്ട് അവിടെ ജീവിച്ചു. എത്യോപ്യൻ ഭാര്യയിൽ അദ്ദേഹത്തിന് നാലു കുട്ടികളുണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
മേനോന്റെ ഏറ്റവും വലിയ സിദ്ധി, അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അദ്ധ്യാപകൻ എന്ന നിലയിൽ അദ്ദേഹം ''കിടിലം'' ആയിരുന്നിരിക്കണം. ബാറുകളിൽവച്ച് അദ്ദേഹം മെൻഗിസ്റ്റു സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ കേട്ടുനിൽക്കുന്ന എത്യോപ്യന്മാർ പോലും അതിശയിച്ചിരുന്നു എന്നാണറിവ്. പൊലീസ് വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ തുനിയുമ്പോൾ അദ്ദേഹം സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യം ഇതായിരുന്നു: നീയും ഞാനുമായുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ? നീ ഇവിടെ ജനിച്ചതുകൊണ്ട്; അതുകൊണ്ടു മാത്രം എത്യോപ്യനായി. ഞാൻ ഈ രാജ്യത്തെ എന്റെ മാതൃഭൂമിയായി തിരഞ്ഞെടുത്തതാണ്.
ഞങ്ങൾ കേസുമായി മുന്നോട്ടു പോകുമ്പോൾ മേനോൻ അദ്ധ്യാപനത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ട് ഉന്നതവിദ്യാഭ്യാസ കമീഷൻ വഴി എവിടെയെങ്കിലും കയറിപ്പറ്റാനാവുമോ എന്ന് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം ഒരു എയർ ഫോഴ്‌സ് അക്കാദമിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. മേനോനെ മാനസികമായി തകർക്കാൻ ഭരണകൂടം പല വഴികളും നോക്കി. അദ്ദേഹം പറഞ്ഞു, 'രാത്രി മുഴുവൻ വീടിനു മുന്നിൽ ഒരു മിലിട്ടറി ട്രക്ക് വന്നു നിൽക്കും. ഹെഡ് ലൈറ്റ് വീടിനെ ലക്ഷ്യമാക്കി ഫുൾ ബീം ഓണാക്കിയിട്ട് എഞ്ചിൻ ഇരപ്പിച്ചു കൊണ്ടിരിക്കും. കുറച്ചു കഴിഞ്ഞ് അത് നിലയ്ക്കും. സർവതും നിശ്ശബ്ദമായിക്കഴിയുമ്പോൾ വീണ്ടും മറ്റൊരു വാഹനം വരും. ഇതേ പരിപാടി തുടരും.’
മേനോൻ വീട്ടിലില്ലാത്ത അവസരങ്ങളിൽ ഇങ്ങനെ ഉപദ്രവിക്കുന്നതിന്റെ ഇടവേളകൾ തമ്മിലുള്ള അകലം കുറയും. അങ്ങനെ നിലയ്ക്കാത്ത പീഡനം. മറ്റു പലതരം പീഡനങ്ങൾ ഉണ്ടായിരുന്നത്രെ. സദാസമയവും പിന്തുടരുക, അദ്ധ്യാപനത്തിനു ശേഷം മേനോൻ ഏർപ്പെടുന്ന മറ്റു പ്രവൃത്തികളെക്കുറിച്ച് നിരന്തരം അദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുക തുടങ്ങിയവ അവയിൽ ചിലതു മാത്രം. അവരെ മേനോനിൽ നിന്ന് അകറ്റാനും അതുവഴി മേനോനെ ഒറ്റപ്പെടുത്താനും അധികൃതർ ശ്രമിച്ചിരുന്നു. മേനോൻ തന്നെ ചില കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ നാം അദ്ദേഹത്തിന്റെ മാനസികനിലയെ സംശയിച്ചു പോകും. അതിലൊന്ന്, രാത്രികാലങ്ങളിൽ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിനുമുന്നിൽ എ.കെ 47 തന്റെ വീടിനുനേരെ ചൂണ്ടിനിൽക്കുന്ന എത്യോപ്യൻ പട്ടാളക്കാരെ കാണാം എന്ന ആവർത്തിച്ചുള്ള പറച്ചിലായിരുന്നു.
മേനോൻ എത്യോപ്യയിലെത്തിയശേഷം നാട്ടിലേക്ക് ഒരിക്കലും വന്നിട്ടില്ല എന്നു പറഞ്ഞല്ലോ. പല പ്രാവശ്യം നാട്ടിലേക്ക് വരാനൊരുങ്ങുകയും യാത്രയുടെ തലേന്ന് കൂട്ടുകാരുമൊത്ത് നന്നായി മദ്യപിക്കുകയും അങ്ങനെ പിറ്റേന്നത്തെ ഫ്ലൈറ്റ് മിസ് ആവുകയും ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ''ഒറോമോ'' എന്ന ഗോത്രത്തിൽ നിന്നാണ് ഒരു സ്ത്രീയെ വിവാഹം ചെയ്തത്. അതിനുശേഷം ഒരിക്കൽ അദ്ദേഹം നാട്ടിലേക്ക് പോരാനൊരുങ്ങിയപ്പോൾ മേനോന്റെ ''ശത്രുക്കൾ'' അദ്ദേഹത്തിന്റെ ഭാര്യയോട് ''ഇയാൾ നിന്നെ ഇട്ടിട്ടു പോകുകയാണ്, വിടരുത്,'' എന്നൊക്കെ പറയുകയും തുടർന്നുണ്ടായ കലഹത്തിനൊടുവിൽ യാത്ര വേണ്ടെന്നു വയ്ക്കുകയും ചെയ്തു എന്ന് മേനോൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.
മേനോൻ പറഞ്ഞു, ''ഐ വാസ് എ ലോൺ വുൾഫ്.'' അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിൽ നിന്ന് എനിക്ക് എന്നെന്നും ഓർമ്മിക്കാൻ കിട്ടിയ ഒരു വാചകം.
മേനോന്റെ ആത്മഭാഷണങ്ങൾ നേരാംവണ്ണം രേഖപ്പെടുത്താനായില്ലല്ലോ എന്നോർക്കുമ്പോൾ ഖേദം തോന്നാറുണ്ട്. യഥാർത്ഥത്തിൽ മേനോൻ ഒരു ആൽക്കൊഹോളിക് ആയിരുന്നു. അതിന്റേതായ ഇൻഹിബിഷനുകൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ലോകവീക്ഷണത്തിലും എല്ലാം ഉണ്ടായിരുന്നിരിക്കണം. അതിനൊപ്പം അദ്ദേഹം കണ്ടിരുന്ന കാഴ്ചകളും കേട്ടിരുന്ന ശബ്ദങ്ങളും എല്ലാം സ്‌കിസോഫ്രീനിയ ബാധിച്ച ഒരു മനസ്സിന്റെ സൃഷ്ടികളായിരുന്നിരിക്കാം. പക്ഷേ, അദ്ദേഹം ചില സന്ദർഭങ്ങളിൽ എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുദിവസം രാവിലെ ആരോ തട്ടി വിളിക്കുന്നതുകേട്ട് ഞാൻ വാതിൽ തുറന്നപ്പോൾ മുന്നിൽ മേനോൻ. ഞാൻ അതിശയിച്ചുപോയി. ഞാനും അദ്ദേഹവുമായി ചില മദ്യപാന സദസ്സുകളിൽ (ഞാൻ അത്ര വലിയൊരു മദ്യപാനി അല്ലെന്നതാണ് സത്യം) കണ്ടിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു വാക്കു പോലും പരസ്പരം സംസാരിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ഇദ്ദേഹം എന്നെ തേടി വന്നത്? ഞാൻ ഇങ്ങനെ ചിന്തിച്ചുനിൽക്കെ അദ്ദേഹം പറഞ്ഞു, ''ജയൻ, ഞാൻ നാളെ രാവിലെ ബാലെ ഗോബയിലെ എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് പോകും. പിന്നെ നാം എന്നാണ് കാണുക എന്ന് പറയാൻ പറ്റില്ല. പോകും മുൻപ് എനിക്ക് ഒരു ഉപകാരം ചെയ്യണം.’’
പണം ചോദിക്കാനുള്ള പുറപ്പാടാണോ ഇത്, എന്ന് ആശങ്കപ്പെട്ടു നിൽക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ''ഞാൻ രണ്ട് സ്ത്രീകൾക്ക് ഇംഗ്ലീഷ് ട്യൂഷൻ നൽകുന്നുണ്ടായിരുന്നു. അവരെ ജയനെ ഏൽപ്പിക്കട്ടെ എന്ന് ചോദിക്കാനാണ് വന്നത്. അവർ രണ്ടു പേരും ഒന്നിച്ചല്ല വരുന്നത്. നിങ്ങൾക്ക് എങ്ങനെയാണോ സൗകര്യം അതുപോലെ അറേഞ്ച് ചെയ്‌തോളു. ഏറ്റെടുക്കാമോ ഈ ജോലി?''
ഞാൻ സത്യത്തിൽ ഉരുകിപ്പോയി. എന്നെ ഇത്രത്തോളം വിശ്വസിച്ച് അദ്ദേഹത്തിന്റെ ട്യൂഷൻ ഏൽപ്പിക്കാൻ എന്തായിരിക്കും കാരണം? അതിന് അന്നും ഇന്നും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.
മേനോൻ എനിക്കു നൽകിയ ട്യൂഷൻ പാവപ്പെട്ട രണ്ട് സ്ത്രീകളായിരുന്നു. ഏതോ കമ്പനിയിൽ സെക്രട്ടറിമാരായി ജോലി നോക്കിയിരുന്നവർ. തുച്ഛമായ ശമ്പളം പറ്റുന്നവർ. തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യാൻ വേണ്ടത്ര വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരെ കിട്ടും എന്നതിനാലാവണം അവർക്ക് ആ ജോലികൾ കിട്ടിയത്. അത് ഒരു അവസരമായി കരുതി അവർ പോസ്റ്റൽ ട്യൂഷനിൽ സെക്രട്ടേറിയൽ കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. അതിനുവേണ്ട കാര്യങ്ങൾ അവർക്ക് കിട്ടുന്ന നോട്ടുകളിൽ നിന്ന് ക്രോഡീകരിച്ച് കൊടുക്കുക എന്നതു മാത്രമായിരുന്നു ട്യൂഷൻ മാസ്റ്ററുടെ ജോലി. അവർ എന്ത് ഫീസാണ് എനിക്കു നൽകിയത് എന്ന് ഓർമയില്ല. തുച്ഛമായ തുകയായിരുന്നിരിക്കണം. ആ തുകയും അന്നത്തെ അവസ്ഥയിൽ ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. കത്തീഡ്രൽ സ്‌ക്കൂളിലെ ജോലി യുനെസ്‌കോയുടെ പിന്തുണയുള്ള എത്യോപ്യൻ ഗവൺമെണ്ടിന്റെ ജോലി പോലെയല്ലല്ലോ.
മേനോൻ ഏൽപ്പിച്ച ട്യൂഷൻ ഞാൻ വേണ്ട വിധം തന്നെ പൂർത്തിയാക്കി എന്നാണ് തോന്നുന്നത്. ആ സംഭവങ്ങൾക്ക് അപ്രതീക്ഷിത ക്ലൈമാക്‌സ് കൂടിയുണ്ട്. ക്ലൈമാക്‌സ് എന്നു പറയണോ ഒരു ''ട്വിസ്റ്റ്'' എന്നു പറയണോ? അറിയില്ല. ഒരു നീണ്ട ഫ്ലാഷ് ഫോർവേഡിനെ ആശ്രയിക്കേണ്ടി വരും.
ഞാൻ എത്യോപ്യ വിട്ടു പോകുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങൾ. ഒരു ദിവസം ഞാൻ പഠിപ്പിച്ചിരുന്ന സ്ത്രീകളിൽ ഒരാൾ എന്നെ കാണാൻ വന്നു, അവർ ഒരു ചെറു പ്രസംഗം നടത്തി. അതിന്റെ അവസാനം, അവർ നന്ദി പറഞ്ഞ് ഒരു എൻവെലപ്പ് കയ്യിൽ വച്ചുതന്നു. ഞാൻ നന്ദിയോടെ അത് സ്വീകരിച്ചു. അവർ പോയിക്കഴിഞ്ഞപ്പോൾ ആ കവർ തുറന്നു നോക്കി. അതിൽ 50.00 ബിർ (എത്യോപ്യൻ കറൻസി) നോട്ടാണുണ്ടായിരുന്നത്. എന്തെല്ലാം വേണ്ടെന്നു വച്ചിട്ടാവും ആ പാവം സ്ത്രീകൾ എനിക്ക് 50 ബിർ തന്നത്. ഞാൻ കരഞ്ഞുപോയി എന്നത് അതിശയോക്തിയല്ല. എത്യോപ്യൻ പട്ടാളഭരണത്തിന്റെ നിഴൽ രാജ്യമെങ്ങും പരന്നു കിടക്കുമ്പോഴും എത്യോപ്യൻ സ്വഭാവത്തിലുള്ള ഇത്തരം സംസ്‌കാരസമ്പന്നതക്കുമുൻപിൽ നമുക്ക് തല കുനിക്കാതിരിക്കാനാവില്ല.
മേനോൻ അർദ്ധബോധത്തിൽ പ്രവചിച്ചതുപോലെ തന്നെ പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷം എത്യോപ്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ ജോലി തേടിയെത്തിയ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു, മേനോൻ ആത്മഹത്യ ചെയ്തു എന്ന്. അനിവാര്യമായ ഒരു അന്ത്യമായിരുന്നു അത്. ശിവ നയ്പാളിന്റെ ''നോർത്ത് ഓഫ് സൗത്ത്’’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ ഒരിടത്ത് അദ്ദേഹം കെന്യയിലെ മൊംബാസ പട്ടണത്തിൽ വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിച്ച ഒരു ഇന്ത്യക്കാരനെ കണ്ട കഥ പറയുന്നുണ്ട്. അയാൾ മാനസികനില തെറ്റിയവനെപ്പോലെ ശിവയോട് പറഞ്ഞത്രെ, ''നിങ്ങൾക്കറിയാമോ, വഹെഹെ ഗോത്രത്തെ...അവരെപ്പോലെ നല്ലവർ ഈ ലോകത്ത് ഒരിടത്തും ഉണ്ടാവില്ല.’’ ഇങ്ങനെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാൾ പോയി.
ശിവാ നയ്പാൾ പറയുന്നു, ''ആഫ്രിക്ക അയാളെ കീഴടക്കിയിരിക്കുന്നു.''
മേനോന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഞാൻ ശിവാ നെയ്പാൾ കണ്ടുമുട്ടിയ സർവ്വവും, സ്വന്തം ബോധം പോലും നഷ്ടപ്പെട്ട ''വഹെഹെ'' ഗോത്രത്തിലെ ഇന്ത്യക്കാരനെ ഓർമ്മിച്ചുപോയി.
(തുടരും)