ഡെഡ് പോയറ്റ്സ് സൊസെെറ്റിയിലെ ഒരു രംഗം

ഒരു അധ്യാപകന്റെ റൊമാൻറിക്​ പരീക്ഷണങ്ങൾ

ആശയവിനിമയ വ്യവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളായി ഞാനെടുത്ത് കാണിക്കാറുള്ളത് ക്ലാസ് മുറിയും പ്രണയ സന്ദർഭങ്ങളുമാണ്

‘Teaching is Interperosnal Influence '...

ധ്യാപനം വ്യക്ത്യന്തര സ്വാധീനമാണെന്നും അധ്യാപന വിഷയത്തിന് മുകളിലുള്ള ഒരു അധിക മാനം അതിലുണ്ടെന്നും വിശ്വസിച്ച്​ പതിനെട്ടാം വയസ്സിൽ കളരിയിലിറങ്ങിയ ഗുരുക്കളാണ് ഞാൻ.
സബ്ജക്ട് എക്‌സ്പർട്ടൈസ് അദ്ധ്യാപനക്ഷമതയോടൊപ്പം നിൽക്കേണ്ടതാണെന്ന് പലപ്പോഴും മറന്നുപോകാറുണ്ട് . ക്ലാസ്​മുറിയുടെ ജനാധിപത്യവൽക്കരണം വിദ്യാഭ്യാസ അവകാശ നിയമത്തിനുമുമ്പേ നടപ്പിലാക്കിയ ഒരു കൂട്ടം അധ്യാപകരുണ്ട്. അക്കൂട്ടത്തിലാണ് ഞാനും. പൊതു വിദ്യാഭ്യാസരംഗത്തും അധ്യാപക വിദ്യാഭ്യാസ രംഗത്തും അങ്ങനെതന്നെ.
ആശയവിനിമയ വ്യവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളായി ഞാനെടുത്ത് കാണിക്കാറുള്ളത് ക്ലാസ് മുറിയും പ്രണയ സന്ദർഭങ്ങളുമാണ്. അറിവ് നേടുക എന്നത് മറ്റുള്ളവരെയും അവർ ഇടപെട്ട ഇടങ്ങളെയും അറിയുകയാണ്. ക്ലാസ്​മുറിയിലെ സന്ദേശങ്ങളെയും പ്രതിസന്ദേശങ്ങളെയും- വികാരങ്ങൾ, ബോധം, മനോഭാവം, നൈപുണി, നേട്ടങ്ങൾ- അനുഭവിക്കുകയാണ് പഠനം. ഏകാന്തതയിലും മൗനത്തിലും പ്രണയിതാവിനെക്കുറിച്ചുള്ള ബോധവും വികാരവുമാണ് പ്രണയം. രണ്ടും അപരന്റെ മനസിലേക്കുള്ള സർഗാത്മകമായ പ്രവേശകമാണ്- Creative entry into other's mind... പ്രൈമറി, ഹൈസ്‌കൂൾ, കോളേജ് തലങ്ങളിലെല്ലാം പഠിപ്പിച്ചപ്പോൾ ഇതാണ് എന്റെ ഫിലോസഫി.

മോണോലോഗും ഡയലോഗും ആക്ഷനും പഠനവും ചതുര ഫ്രെയിമിൽ ഉള്ള ചിത്രങ്ങളുമായി അംഗീകൃത ജോലിയുടെ അവസാന ഘട്ടത്തിലെത്തുമ്പോഴും കുട്ടികൾ കൂട്ടുകാരും മുതിർന്നവരുമാണെനിക്ക്. വാട്‌സ്ആപ്പ് പഠന ഗ്രൂപ്പുകളിൽ അവരുടെ പ്രതികരണങ്ങൾ എന്റെ ചിത്രത്തിന്റെ ഭാവങ്ങളുടെ സ്റ്റിക്കറുകൾ ആണ്

മലയാളം ആണോ ഇംഗ്ലീഷ് ആണോ ബോധനമാധ്യമം ആകേണ്ടത് എന്ന ചോദ്യത്തിന് ഞാൻ പറയാറുള്ള മറുപടി, ‘Love should be the medium of instruction' എന്നാണ്. അധ്യാപക പരിശീലനങ്ങളിലും ശില്പശാലകളിലും ഡി.എഡ്, ബി.എഡ്, എം.എഡ്. കോഴ്‌സുകളിലും ഞാൻ പറയാറുള്ളത് Teachers must be Romantic എന്നാണ്. അത് കുടക്കുള്ളിലിരുന്ന് കടല കൊറിക്കൽ അല്ലെന്നും പറയാറുണ്ട്. ആസൂത്രണത്തിനും അവതരണത്തിലും ആവിഷ്‌കരണത്തിലും ഉണ്ടായിരിക്കേണ്ട എയ്‌സ്തെറ്റിക്‌സിനെകുറിച്ചാണ് ഞാൻ പറഞ്ഞത്.

മോണോലോഗും ഡയലോഗും ആക്ഷനും പഠനവും ചതുര ഫ്രെയിമിൽ ഉള്ള ചിത്രങ്ങളുമായി അംഗീകൃത ജോലിയുടെ അവസാന ഘട്ടത്തിലെത്തുമ്പോഴും കുട്ടികൾ കൂട്ടുകാരും മുതിർന്നവരുമാണെനിക്ക്. വാട്‌സ്ആപ്പ് പഠന ഗ്രൂപ്പുകളിൽ അവരുടെ പ്രതികരണങ്ങൾ എന്റെ ചിത്രത്തിന്റെ ഭാവങ്ങളുടെ സ്റ്റിക്കറുകൾ ആണ്. അധ്യാപകനും കുട്ടികളും ഓട്ടോണമി അനുഭവിക്കുന്നതിന്റെ ഒരു അവസ്ഥയായിട്ടാണ് ഞാൻ കാണുക.

ഈയിടെ ഒരു കുട്ടി ചോദിച്ചു: ഇത്രയും കാലത്തെ അധ്യാപന ജീവിതത്തിൽ നിന്ന് എന്തുപഠിച്ചു എന്ന്. എന്റെ ഉത്തരം ലളിതമായിരുന്നു: ഷാമ്പു തേച്ചാൽ മുടി കൊഴിയണമെന്നില്ല. ഒരു കോളേജിൽ എത്തി, ഇന്റർ ആക്ഷനിൽ ഒരുവൾ ചോദിച്ചു: സാർ ഒരുപാട് പ്രണയം കണ്ടല്ലോ? എന്താണ് പ്രണയ സാഫല്യം? അതിനും ഉത്തരം ലളിതമായിരുന്നു: ചിലപ്പോൾ വിവാഹം, മറ്റുചിലപ്പോൾ വിവാഹമോചനം...

ഡോ. അശോകൻ നൊച്ചാട്​

കുട്ടികളെ അടിച്ചതും വഴക്കുപറഞ്ഞതുമായ അനുഭവങ്ങൾ വിരളം. ഏഴാം ക്ലാസിലെ ഗിരീഷിനോട് എന്തോ കാരണത്താൽ പെട്ടെന്നുണ്ടായ ദേഷ്യം കൈകൊണ്ടുള്ള ഒരു അടിയിൽ എത്തിച്ചു. അടി കൊണ്ട ഉടനെ കുട്ടി നിലത്തുവീണു. സങ്കടം കൊണ്ടാകണം, ആ അടി അവന് ലാഭമായിരുന്നു. ഒന്ന്; എന്റെ വിഷമവും അവനോടുള്ള മൃദു സമീപനവും. രണ്ടു ദിവസം അവന് ലഭിച്ച ചായയും കടിയും. അടിച്ചു പോയതിലുള്ള ദുഃഖം ഇന്നും മാറുന്നില്ല.

ചെറിയ പ്രായത്തിൽ അധ്യാപകനായതിനാൽ ആദ്യ വിദ്യാലയത്തിലെ കുട്ടികളുമായി ഏറെ പ്രായവ്യത്യാസമില്ല. അധ്യാപകനായി ആദ്യ മധ്യവേനലവധി ദിവസങ്ങളിലൊന്നിൽ സ്‌കൂളിനടുത്ത വഴിയിലൂടെ പോകുമ്പോൾ ഏഴാം ക്ലാസ്സിൽ എന്റെ വിദ്യാർത്ഥിയായ പാവപ്പെട്ട കുടുംബത്തിലെ ഒരു കുട്ടി കാശുണ്ടാക്കാൻ തലയിൽ വലിയ ചുമട് ചകിരിയുമായി എതിരെ വരികയാണ്. മുണ്ടിന്റെ മടിക്കുത്ത് അഴിക്കാൻ പറ്റാത്തതുകൊണ്ടോ സങ്കോചം കൊണ്ടോ എന്നെ കണ്ട് ചുമട് താഴെയിട്ട് ഓടാൻ നോക്കുകയാണ്. അവനെ അവിടെ പിടിച്ചുനിർത്തി ഞാൻ പറഞ്ഞു: ""നിന്നെ പഠിപ്പിച്ചതിന് ഞാൻ ശമ്പളം വാങ്ങിയിട്ടുണ്ട്. നീ ജോലി തുടരുക.''

യൂണിവേഴ്‌സിറ്റി സെന്റർ ഡയറക്ടർ ആയിരുന്നപ്പോൾ സഹഅധ്യാപകർക്ക് എന്നെ കുറിച്ചുളള പരാതി ഞാൻ അധ്യാപക വിദ്യാർത്ഥികളെ വഴക്ക് പറയുന്നില്ല എന്നായിരുന്നു. ഒരു തോണിയാത്ര പോലെയാകണം പരിശീലന കാലയളവ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആട്ടവും പാട്ടും കാഴ്ചകളും കഥ പറച്ചിലുകളും, ആകാശത്തിനു കീഴെയുള്ള സെക്‌സ് അടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളും, പരിസരപഠനവും വേണം. ഒരു ദിവസം 280ഓളം ടീച്ചർ ട്രെയ്‌നികൾക്കിടയിൽ റെക്കോർഡുകൾ പൂർത്തിയാക്കാത്ത പെൺകുട്ടിയോട് പരപ്രേരണയാൽ ഞാൻ പൊട്ടിത്തെറിച്ചപ്പോൾ ഒരു സഹപ്രവർത്തക പറഞ്ഞു: ""സർ, ഇനി ചത്താൽ കണ്ണടയും, സാർ ചൂടായല്ലോ?'' കോപം എന്തെന്ന് കാണിക്കാത്ത എന്റെ ഭാവമാറ്റം 22 പ്ലസിൽ നിൽക്കുന്ന അധ്യാപക വിദ്യാർത്ഥിനിയെ പൊട്ടിക്കരയിച്ചു. ആരോടും മുഖത്ത് ദേഷ്യം കാണിക്കാത്തതിന്റെ ഫലം...

ഒരു അനുഭവം കൂടി. പത്തുപന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. വടകരയിലുള്ള യൂണിവേഴ്‌സിറ്റി സെന്ററിൽ നിന്ന്​ ജന്മനാടായ നൊച്ചാട്ടേയ്ക്ക് വരികയാണ്. അഞ്ചാംപീടിക വായനശാലയിലൂടെ നൊച്ചാട് എത്താൻ ഒരു എളുപ്പവഴിയുണ്ട്. പേരാമ്പ്ര തൊടാതെ വരാം. അമ്മയെ കണ്ട്​ അതുവഴി കോഴിക്കോട്ടേക്ക് തിരിക്കാം. കനാലിന് സമാന്തരമായ റോഡിൽ ഉണ്ടായ ഗട്ടറുകളിൽ മഴമൂലം ചെളിയും വെള്ളവും നിറഞ്ഞു കിടപ്പുണ്ട്. ഞാൻ ആ വഴിയേ വരികയാണ്. ഗട്ടറുകൾക്ക് അടുത്തായി ഒരു ചെറിയ പെട്ടിക്കടയും അവിടെ നാലഞ്ച് മധ്യവയസ്‌കരും ഉണ്ട്. ഈ വഴി എനിക്ക് സുപരിചിതമാണ്. 1996 മുതൽ 2000 വരെ ഞാൻ മേപ്പയൂർ ഹൈസ്‌കൂൾ അധ്യാപകനാണ്. സ്ഥിരമായി 9 എ ക്ലാസിലെ ക്ലാസ് അധ്യാപകനും.

പഠിപ്പിച്ച അദ്ധ്യാപകനെ നായിന്റെ മോനെ എന്ന് വിളിക്കാൻ ആഗ്രഹിച്ച പല കുട്ടികളും ഉണ്ടാകാം, പക്ഷേ മുഖത്ത് നോക്കി അങ്ങനെ വിളിക്കാൻ കഴിഞ്ഞ നിങ്ങളോളം ഭാഗ്യവാന്മാർ ആരുണ്ട്? സാരമില്ല.. ഇതൊക്കെയല്ലേ രസം? നിങ്ങൾക്ക് രസിച്ചു പറയാൻ ഒരു അനുഭവം ആയില്ലേ?

എന്റെ കാറിന്റെ അല്പം ഇരുണ്ട സൈഡ് ഗ്ലാസിലൂടെ എന്നെ വ്യക്തമായി കാണാൻ പുറത്തുള്ളവർക്ക് കഴിയില്ല. എതിരെ മോട്ടോർ സൈക്കിളിൽ അരോഗദൃഢഗാത്രരായ രണ്ട് യുവാക്കൾ വരുന്നുണ്ട്. ഞങ്ങൾ രണ്ടുകൂട്ടരും മുഖാമുഖം ഗട്ടറിന് അടുത്തെത്തി. ചെളി തെറിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ ഞാൻ ബ്രേക്കിട്ടു. കാർ നിന്നത് സൂക്ഷ്മം ഗട്ടറിൽ... ചെളി പുറത്തേക്ക് ചീറ്റിയെങ്കിലും അവരുടെ വസ്ത്രത്തിൽ അധികമായില്ല. ചെറുപ്പക്കാർ മോട്ടോർസൈക്കിൾ റെയ്‌സ് ചെയ്തു കറക്കി എടുത്ത് എന്റെ സീറ്റിന് അടുത്തേക്ക് കുതിച്ചു. സംഘർഷനിർഭരമായ നിമിഷങ്ങളും സംഘട്ടനങ്ങളും നേരിൽ കാണാനായി കടയിലിരിക്കുന്ന മധ്യവയസ്‌കർ പുറത്തേക്കിറങ്ങി. കാര്യം ബോധിപ്പിക്കാനായി ഞാൻ ഗ്ലാസ് താഴ്ത്തി കൊണ്ടിരിക്കവേ ബൈക്കിന്റെ മുന്നിലിരിക്കുന്ന യുവാവ് അലറി: ""എവിടെ നോക്യാ നായിന്റെ മോനെ കാർ ഓടിക്കുന്നത്?'' ( നമുക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുന്നവരെ അങ്ങനെ വിളിച്ചാലേ പഠിക്കൂ എന്ന് എന്റെ സുഹൃത്തായ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. അല്ലാതെ പ്രിയ മിത്രമേ ഇങ്ങനെയോക്കെ കാർ ഓടിക്കുന്നത് മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കില്ലേ എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും).

ഞാൻ കാറിന്റെ ഗ്ലാസ് പൂർണമായും താഴ്ത്തി. ചിരിച്ചുകൊണ്ട് പറഞ്ഞു; ""സുഹൃത്തുക്കളെ ബോധപൂർവ്വമല്ല..''; തുടരാൻ അവർ അനുവദിച്ചില്ല. മോട്ടോർസൈക്കിൾ നിലത്തേക്ക് ചരിച്ചിട്ട് മുണ്ട് താഴ്ത്തി... എന്നെ അവർ മനസ്സിലാക്കിയിരിക്കുന്നു. അശോകൻ സാറല്ലേ? സോറി സർ. അറിയാതെ പറ്റിയതാണ്. സാർ ഞങ്ങളെ ഹൈസ്‌കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. സോറി സാർ. അറിയാതെ പറ്റിയതാണ് സോറി, സാർ... ഞാൻ വീണ്ടും ചിരിച്ചു . എന്നിട്ട് മനസ്സിൽ പറഞ്ഞു, പഠിപ്പിച്ച അദ്ധ്യാപകനെ നായിന്റെ മോനെ എന്ന് വിളിക്കാൻ ആഗ്രഹിച്ച പല കുട്ടികളും ഉണ്ടാകാം, പക്ഷേ മുഖത്ത് നോക്കി അങ്ങനെ വിളിക്കാൻ കഴിഞ്ഞ നിങ്ങളോളം ഭാഗ്യവാന്മാർ ആരുണ്ട്? സാരമില്ല.. ഇതൊക്കെയല്ലേ രസം? നിങ്ങൾക്ക് രസിച്ചു പറയാൻ ഒരു അനുഭവം ആയില്ലേ? എന്നിട്ടും അവർക്ക് കുറ്റബോധം... എങ്കിലും ചിരിച്ചു എന്ന് വരുത്തി പിരിഞ്ഞു. ക്ലൈമാക്‌സിൽ സംഘട്ടന ശേഷമുള്ള സംഭാഷണം പ്രതീക്ഷിച്ച കടയിലുള്ളവർ നിരാശരായി ....Teaching is Interpeosnal Influence.. ▮


ഡോ. അശോകൻ നൊച്ചാട്​

കോഴിക്കോട്​ ഡയറ്റിൽ സീനിയർ ലക്​ചറർ. പ്രൈമറി, ഹൈസ്​കൂൾ, കോളജിയറ്റ്​ തലങ്ങളിൽ അധ്യാപകൻ. സ്​ത്രീ സമകാലിക സമൂഹത്തിൽ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments