Representational image

മാറിപ്പോകുന്നവരുടെ ഇടങ്ങൾ

കാമ്പസിന്റെ വസന്തത്തിൽ നിറഞ്ഞു നിൽക്കുന്നവരെക്കാൾ മാറി നിൽക്കുന്നവരെ കാണാനും സംസാരിക്കാനുമായിരുന്നു കൂടുതൽ ഇഷ്ടം. എല്ലായിടങ്ങളിൽനിന്നും മാറി നിന്ന, മാറിപ്പോയ ഒരു കുട്ടിയെയാണ്​ ഓർമ വരുന്നത്​.

ക്ലാസ് മുറികളിലെത്തുന്ന കുട്ടികളെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്ന ധാരാളം അധ്യാപകരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ സ്‌നേഹവും മാതൃകയും പിന്തുടരാനുള്ള ശ്രമമാണ് പലപ്പോഴും നടത്തുന്നത്. കുട്ടികളുടെ ഒരോ ചലനവും പരമാവധി ശ്രദ്ധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ വേദനയും ഒറ്റപ്പെടലുമെല്ലാം പൂർണമായും മനസ്സിലാക്കാൻ ശ്രമിക്കാറുമുണ്ട്.

ക്ലാസ് മുറികൾ അറിവുകൾ പറയാനുള്ള ഒരിടം മാത്രമല്ല, ജീവിതം മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരിടം കൂടിയാണെന്ന് കരുതുന്നു. കുട്ടികൾക്കൊപ്പം നടക്കുകയും അവരുമായി സൗഹൃദം പുലർത്തുകയും ചെയ്യുന്ന അധ്യാപകരുടെ സാന്നിധ്യം കാമ്പസുകളെ മനോഹരമാക്കും എന്ന കാര്യത്തിൽ സംശയമില്ല. കാമ്പസുകളിൽ പ്രതിഷേധവും മുദ്രാവാക്യങ്ങളും മാത്രമല്ല നിശബ്ദമായ അധ്യാപക- വിദ്യാർത്ഥി ബന്ധവും നിലനിൽക്കുന്നുണ്ട്. വേഗതയും മിടുക്കും പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും സൗഹൃദത്തിൽ ഇടകലരുന്നത്. എന്നാൽ ഒഴിഞ്ഞും മാറിയും നിൽക്കുന്ന കുട്ടികൾ എല്ലാ കാമ്പസുകളിലും കാണും. അവർ ആരുടെയും ശ്രദ്ധയിൽ പെടാറില്ല. ക്ലാസ് മുറികളിൽ ഒരു നിശബ്ദ സാനിധ്യമായി അവർ നിൽക്കും. അങ്ങനെയുള്ള ഒരുപാട് കുട്ടികളോട് ഇടപെടാനും സൗഹൃദത്തിലാകാനും കഴിഞ്ഞിട്ടുണ്ട്.

ഉച്ചഭക്ഷണനേരത്ത് പുറത്ത് കറങ്ങിനടക്കുന്ന ഒരു പെൺകുട്ടിയെ മഹാരാജാസിൽ വച്ച് കണ്ടിട്ടുണ്ട്. എം. എ. പ്രോജക്ട് പൂർത്തിയായപ്പോൾ ഡി.ടി.പി.സെന്ററിൽ പൈസ കൊടുക്കാൻ കഴിയാതെ വിഷമിച്ചുനിന്ന ഒരു കുട്ടിയെ ഓർമ വരുന്നുണ്ട്. പല അധ്യാപകരും ഇങ്ങനെ ധാരാളം കാഴ്ചകൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടാകും. മഹാരാജാസിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുമ്പോൾ ആൾക്കൂട്ടത്തിന്റെ ആരവങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനിൽക്കുന്ന നിരവധി കുട്ടികളെ കാണാൻ കഴിഞ്ഞിട്ടുണ്ട്. കാമ്പസിന്റെ വസന്തത്തിൽ നിറഞ്ഞു നിൽക്കുന്നവരെക്കാൾ മാറിനിൽക്കുന്നവരെ കാണാനും സംസാരിക്കാനുമായിരുന്നു കൂടുതൽ ഇഷ്ടം. എല്ലായിടങ്ങളിൽനിന്നും മാറി നിന്ന, മാറിപ്പോയ ഒരു കുട്ടിയെയാണ്​ ഓർമ വരുന്നത്​.

ബഹളമോ പതിവുവിട്ട സാമർത്ഥ്യമോ പ്രകടിപ്പിക്കാത്ത, പലപ്പോഴും ഒന്നാമനായി എത്താൻ കഴിയാത്ത ധാരാളം പേർ നമുക്ക് ചുറ്റം ഉണ്ട്. നമ്മുടെ ശ്രദ്ധയും സ്‌നേഹവുമൊക്കെ ലഭിക്കുമ്പോൾ അവർ ഊർജ്ജസ്വലരായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുമ്പോൾ കൊല്ലത്ത് ഒരു സ്വകാര്യ സ്​ഥാപനത്തിൽ പഠിപ്പിക്കാൻ പോകാറുണ്ടായിരുന്നു. അവിടെ വച്ചാണ് അരുൺ ജെ.ജിയെ പരിചയപ്പെട്ടത്. സാഹിത്യത്തോട് താൽപര്യമുള്ള, വിപുലമായ സൗഹൃദങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു അരുൺ. കഥയുടെയും കവിതയുടെയും ക്ലാസുകളിൽ വളരെ ശ്രദ്ധയോടെ അരുൺ ഇരിക്കുന്നത് ഇന്നും നല്ല ഒരോർമയാണ്. സൗഹൃദം, പഠനേതര പ്രവർത്തനം, സംസാരം ഇവയിലെല്ലാം അരുൺ വളരെ പിന്നിലായിരുന്നു. എന്നിരുന്നാലും അരുൺ എനിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. സർക്കാർ ജോലി ലഭിച്ച് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാറി വരുമ്പോഴാണ്, ഞാൻ അരുണിനെ പിന്നീട് കാണുന്നത്. വലിയ മാറ്റങ്ങളൊന്നും അരുണിൽ പ്രകടമല്ലായിരുന്നു. ഏതാണ്ട് പതിനഞ്ച് കൊല്ലത്തിനുശേഷമായിരുന്നു ആ കൂടിക്കാഴ്ച. അപ്പോഴും അരുൺ ഒറ്റയ്ക്കാണ് കാണാൻ വന്നത്. പി.എസ്.സി പരീക്ഷകളിൽ ഒന്നാമതെത്താനോ മറ്റ് ജോലികൾ തേടിപിടിക്കാനോ അരുണിന് കഴിഞ്ഞില്ല. തന്റെ കൂടെ പഠിച്ചവരെല്ലാം സ്‌കൂളിലും കോളേജിലും സർവ്വകലാശാലകളിലും ചേക്കേറിയപ്പോൾ അരുൺ എങ്ങും എത്താതെ നിൽക്കുകയായിരുന്നു.

ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം
ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം

ഗൈഡ് റിട്ടയർ ചെയ്തതുകൊണ്ട് ഗവേഷണം തുടരാൻ കഴിയാത്ത സ്ഥിതിയാണ്. പത്ത് കൊല്ലമായിട്ടും ഗവേഷണം പാതിവഴിയിൽ നിൽക്കുകയാണ്. ജോലി ലഭിക്കാത്തതിന്റെയും ഗവേഷണം പൂർത്തിയാകാത്തതിന്റെയും സങ്കടം അരുണിൽ ഉണ്ടായിരുന്നു. വി.കെ.എൻ കൃതികൾ കൊതിയോടെ വായിച്ച കാലത്തെ ഓർമിച്ചുകൊണ്ട് ഞാൻ അരുണിനെ ഗവേഷണത്തിനായി ക്ഷണിച്ചു. നനവ് പടർന്ന കണ്ണുകളിൽ സന്തോഷം വരുന്നത് എനിക്ക് കാണാമായിരുന്നു. പൂർത്തിയായിക്കൊണ്ടിരിക്കുന്ന, തിരുത്തലുകൾ കൊണ്ട് മുറിവേറ്റ ഗവേഷണ പ്രബന്ധവുമായി ഒറ്റയ്ക്ക് നിന്നുപോയ അരുണിന് അത് വലിയ ആശ്വാസമായി. പിന്നീട് അരുൺ എന്നോടൊപ്പമായി. അമ്മ പൊതിഞ്ഞു നൽകിയ ഭക്ഷണവും ഒപ്പം തുന്നിക്കെട്ടിയ പ്രബന്ധ ഭാഗങ്ങളുമായി അരുൺ എന്നോടൊപ്പം ഒത്തുകൂടി. തിരുത്തലുകളും കൂട്ടി ചേർക്കലുകളുമായി ഒരു വർഷക്കാലം അരുണിന് ഞാൻ കൂട്ടായി. എഴുതി തൃപ്തി തോന്നുന്ന ഭാഗങ്ങൾ ഡി.ടി.പി. സെന്ററിലേക്ക് അയക്കുന്നതിലും വി.കെ.എൻ.കൃതികളെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ ലഭ്യമാക്കുന്നതിലും ഞാനും ഉത്സാഹം കാണിച്ചു. പ്രബന്ധത്തിലെ ഭാഷയെ സങ്കീർണതയിൽ നിന്നും ഒഴിവാക്കാനും ആശയത്തെ കുടുതൽ സുതാര്യമാക്കാനുമുള്ള എന്റെ നിർദ്ദേശങ്ങളിൽ പലതിനോടും അരുണിനും യോജിപ്പായിരുന്നു. വളരെ വേഗതയിൽ കാര്യങ്ങൾ മുന്നേറി. രാത്രിയും പകലുമെന്നില്ലാതെ അരുൺ പ്രബന്ധത്തിനൊപ്പം നിന്നു. എഴുതി തീർത്തിരുന്ന പ്രബന്ധത്തെ പുതുക്കിപ്പണിയാനും അധ്യായങ്ങളെ വിപുലപ്പെടുത്താനും ചുരുക്കാനുമൊക്കെ അരുൺ ഉത്സാഹിച്ചു.

കേരള സർവകലാശാലയിൽ പ്രബന്ധം സമർപ്പിച്ച ദിവസവും അരുണിന്റെ കണ്ണുകൾ പതിവുപോലെ നിറഞ്ഞു. ഇതിനിടയിൽ സ്ഥിരം ജോലി നേടുന്നതിനോ വിവാഹം പോലുള്ള കാര്യങ്ങൾ ആലോചിക്കാനോ അരുണിന് കഴിഞ്ഞില്ല.

അധികാരത്തെക്കുറിച്ചുള്ള പുതിയ നിർവ്വചനങ്ങൾ മനസ്സിലാക്കാനും ചിഹ്ന വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങൾ സുക്ഷ്മതയോടെ ഉൾക്കൊള്ളാനും അരുണിന് കഴിഞ്ഞു. ഉത്സാഹത്തോടെയുള്ള അരുണിന്റെ ശ്രമങ്ങൾക്ക് വയോധികരായ മാതാപിതാക്കൾ സമ്പൂർണ പിന്തുണ നൽകി. കുടുംബപരമായ ചില പ്രശ്‌നങ്ങളെയും ഇതിനിടയിൽ അരുൺ തരണം ചെയ്തു. അച്ഛന്റെ രോഗം മൂർച്ഛിച്ചപ്പോൾ ആശുപത്രിയിൽ പൂർണ ഉത്തരവാദിത്തത്തോടെ നിന്നു.അവിടെ യിരുന്നും പ്രബന്ധം തിരുത്താനും മറ്റും പരമാവധി ശ്രമിച്ചു. നിരന്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോഴും ധൈര്യപൂർവ്വം നേരിട്ട് എല്ലാം ഭംഗിയായി നിറവേറ്റി. കേരള സർവകലാശാലയിൽ പ്രബന്ധം സമർപ്പിച്ച ദിവസവും അരുണിന്റെ കണ്ണുകൾ പതിവുപോലെ നിറഞ്ഞു. ഇതിനിടയിൽ സ്ഥിരം ജോലി നേടുന്നതിനോ വിവാഹം പോലുള്ള കാര്യങ്ങൾ ആലോചിക്കാനോ അരുണിന് കഴിഞ്ഞില്ല. പാരലൽ കോളേജുകൾ മാറി മാറി അരുൺ ജീവിച്ചു. മാനേജ്‌മെൻറ്​ കോളേജുകളിലെ ഇന്റർവ്യൂവുകളിലും പങ്കെടുത്തു. പക്ഷെ ഒന്നും തരപ്പെട്ടു വന്നില്ല.

ഒരു കൊല്ലം കഴിഞ്ഞപ്പോൾ പ്രബന്ധത്തിന്റെ മൂല്യനിർണയം പൂർത്തിയായി. നടപടി ക്രമങ്ങൾക്കനുസരിച്ച് ഓപ്പൺ ഡിഫൻസും നടന്നു. തുടർന്ന് പി.എച്ച്.ഡി. ബിരുദം നേടുകയും ചെയ്തു. ബഹളമോ പതിവുവിട്ട സാമർത്ഥ്യമോ പ്രകടിപ്പിക്കാത്ത, പലപ്പോഴും ഒന്നാമനായി എത്താൻ കഴിയാത്ത ധാരാളം പേർ നമുക്ക് ചുറ്റം ഉണ്ട്. നമ്മുടെ ശ്രദ്ധയും സ്‌നേഹവുമൊക്കെ ലഭിക്കുമ്പോൾ അവർ ഊർജ്ജസ്വലരായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments