ചിത്രങ്ങൾ ; മുഹമ്മദ് ഹനാൻ

സ്​പീഡ്​, ജീവിതത്തിൽ നിന്ന് ഒരു മൂന്നാം ക്ലാസുകാരൻ കണ്ടെടുത്ത വാക്ക്

അറിവ് നിർമാണം തന്നെയാണ് നാം ഓരോരുത്തരും ഓരോ പഠനത്തിന്റെയും ഭാഗമായി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അത് എന്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ക്ലാസ്മുറിയാണ്, എന്റെ കുട്ടികളിൽ നിന്നാണ് ആ അറിവ് ഞാൻ നിർമിച്ചെടുത്തത്.

ധ്യാപകൻ എന്ന നിലയിൽ എന്നെ വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ച ഒരു ക്ലാസ്​മുറി അനുഭവമാണ് പറയാൻ ശ്രമിക്കുന്നത്. അധ്യാപകനെന്ന നിലയിൽ കാര്യമായ അനുഭവങ്ങൾ ഒന്നുമുള്ള ആളല്ല ഞാൻ! ഒരു നല്ല അധ്യാപകനാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. 1994 - 1996 കാലത്ത് പാലക്കാട് ജില്ലയിലെ ചില സർക്കാർ വിദ്യാലയങ്ങളിൽ താൽക്കാലിക അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. 1996 ലെ പാഠ്യപദ്ധതി പരിഷ്‌കരണ (ഡി.പി.ഇ.പി വിവാദം) കാലത്തും അതിനുമുൻപും കുട്ടികളെ പഠിപ്പിക്കുന്നതിന് അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയൊരു തിരിച്ചറിവായിരുന്നു. രണ്ടു കാലത്തെയും പാഠ്യപദ്ധതി / ബോധന- പഠനാനുഭവങ്ങൾ മനസ്സിലാക്കാൻ അതുവഴി കഴിഞ്ഞിട്ടുണ്ട്.
1997- 98 കാലത്തുണ്ടായ ഒരു വിടവിനുശേഷം, 1999 ലാണ് ഞാൻ സ്ഥിരാധ്യാപകനായി നാട്ടിലെ ഒരു എയിഡഡ് പ്രൈമറി സ്‌കൂളിൽ ജോലിക്ക് കയറുന്നത്. പിന്നീട് പി.എസ്.സി. വഴി സർക്കാർ ജോലി ലഭിച്ചെങ്കിലും നാട്ടിലെ വിദ്യാലയത്തിൽതന്നെ തുടരുകയായിരുന്നു.

ക്ലാസ് മുറിയിൽ കുട്ടികൾക്കിടയിൽനിന്ന് "പെഡഗോജി’യുടെ സിദ്ധാന്തവും രീതീശസ്ത്രവും പഠിക്കേണ്ടിവന്ന അവസ്ഥയെ കുറിച്ച് ഇന്നോർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റുകൾ, ക്ലാസ്മുറി പ്രവർത്തനങ്ങൾ ഇവയെ കുറിച്ചെല്ലാം പ്രത്യേക താൽപര്യമുണ്ടായിരുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിലാണ് ഞാൻ അധ്യാപകവൃത്തിയിലേക്ക് കടന്നുവരുന്നത്. ജോലിക്ക് കയറി ആദ്യവർഷങ്ങളിൽ തന്നെ അധ്യാപക പരിശീലനം അടക്കമുള്ള കാര്യങ്ങളിൽ ഇടപെടാൻ അവസരം ലഭിച്ചു. 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (National Curriculum Frame Work - NCF 2005) തുടർച്ചയായി 2007ലുണ്ടായ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (Kerala Curriculum Frame Work - KCF 2007) രൂപീകരണത്തിൽ എളിയ രീതിയിൽ ഇടപെടാൻ അവസരം ലഭിച്ചു. KCF 2007-ന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ഉണ്ടാക്കിയ 14 ഫോക്കസ് ഗ്രൂപ്പുകളിൽ ഒന്നിൽ അംഗമായിരുന്നു.

ക്ലാസ്​മുറിയിൽനിന്ന് സിദ്ധാന്തം പഠിക്കേണ്ടി വന്ന എന്റെ അധ്യാപക അനുഭവം നടക്കുന്നത് 2006 ലാണ്. തൊണ്ണൂറുകളുടെ മധ്യം മുതൽ കരിക്കുലം അടക്കമുള്ള കാര്യങ്ങളിലും അധ്യാപക പരിശീലനങ്ങളിലും ഇടപെട്ടിട്ടുള്ള ഒരാളെന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെ സിദ്ധാന്തപരമായ കാര്യങ്ങളെ കുറിച്ചൊക്കെ വലിയ ഗ്രാഹ്യമുണ്ട് എന്ന് തെല്ലഹങ്കരിച്ചുനടന്നിരുന്ന എനിക്ക് ക്ലാസ് മുറിയിൽ കുട്ടികൾക്കിടയിൽനിന്ന് "പെഡഗോജി’യുടെ സിദ്ധാന്തവും രീതീശസ്ത്രവും പഠിക്കേണ്ടിവന്ന അവസ്ഥയെ കുറിച്ച് ഇന്നോർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്.

2006 ൽ ഇടതുപക്ഷ സർക്കാർ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം നടത്താൻ തീരുമാനിക്കുന്നു. പരിഷ്‌കരണത്തിനുമുമ്പ് ചില - ട്രൈ ഔട്ടുകൾ നടത്താൻ ആലോചിച്ചിരുന്നു. അതിന്റെ ഭാഗമായി 2006 മെയ് 29, 30 തിയ്യതികളിൽ (പ്രത്യേകം ശ്രദ്ധിക്കുക, വിദ്യാലങ്ങൾ തുറക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ) രണ്ടാം ഭാഷയായ ഇംഗ്ലീഷ് പഠനത്തിനുവേണ്ടി ജില്ലാതല ശിൽപ്പശാലയിൽ ഞാൻ പങ്കെടുക്കുന്നു. ട്രൈ ഔട്ട് പഠനത്തിന് എന്റെ ക്ലാസും വിദ്യാലയവും തെരഞ്ഞെടുത്തിരുന്നു. 3- 4 ക്ലാസുകളിലാണ് ട്രൈ ഔട്ട് ഉണ്ടായിരുന്നത്. ഞാൻ അന്ന് മൂന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്.

പ്രമുഖ വിദ്യാഭ്യാസ പ്രവർത്തക ഡോ. അനിതാ രാംപാലിനോടൊപ്പം മനോജ് വി. കർണാടകയിലെ റായ്ച്ചുരിൽ നടന്ന ദേശീയ സെമിനാറിനിടെ.

അറിവ് നിർമാണം, ജ്ഞാനോത്പാദനം, സാമൂഹ്യ ജ്ഞാനനിർമ്മിതി തുടങ്ങിയവയിൽ ഊന്നിക്കൊണ്ടുള്ള പഠന പ്രവർത്തനരീതികളാണ് ഇതിന്റെ അടിസ്ഥാനം. ക്ലാസ്മുറിയിൽ പുറത്തുവരുന്ന "കേവല' ഉൽപ്പന്നങ്ങൾക്കപ്പുറത്ത് (product) പ്രക്രിയയ്ക്ക് (process) വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ. രണ്ടുദിവസത്തെ ജില്ലാതല പരിശീലനത്തിൽ റിസോഴ്‌സ് അധ്യാപകർ പലതും പറഞ്ഞു, പലതും മനസ്സിലായില്ല, മനസ്സിലായി എന്ന ധാരണയിൽ രണ്ടുദിവസം കൂടി കഴിഞ്ഞ് സ്വന്തം ക്ലാസ്മുറിയിൽ തിരിച്ചെത്തി. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കെ.എൻ. ആനന്ദനാണ് ഈ പദ്ധതിയുടെ ഉപജ്ഞാതാവ്. അധ്യാപകർ ആവേശത്തോടെയാണ് ആനന്ദന്റെ ഇംഗ്ലീഷ് ഭാഷാ പഠന പദ്ധതിയെ വരവേറ്റത്.

എന്റെ ക്ലാസിൽ പുതിയ രീതിയിൽ ഇംഗ്ലീഷ് ‘ബോധനം' സജീവമായി നടക്കുന്നുണ്ട്. എന്താണ് നടക്കുന്നത് എന്ന് സത്യത്തിൽ എനിക്കും എന്റെ രക്ഷിതാക്കൾക്കും കാര്യമായി മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.

പല കാരണങ്ങളും സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും മൂലം 2006 ആഗസ്‌റ്റോടെയാണ് പദ്ധതിക്ക് ആവശ്യമായ പഠന മെറ്റീരിയലുകൾ- പാഠപുസ്തകങ്ങൾക്കുപകരം പഠന കാർഡുകൾ - വിദ്യാലയങ്ങളിൽ എത്തിയത്!. ഈ ദിവസങ്ങളിലൊന്നും കാര്യമായി മറ്റുതരത്തിലുള്ള ഇംഗ്ലീഷ് പഠനം എന്റെയോ ട്രൈ ഔട്ടിന് തെരഞ്ഞെടുത്ത മറ്റ് അധ്യാപകരുടെയോ ക്ലാസ് മുറിക്കകത്ത് നടന്നിരുന്നില്ല.

ഓണക്കാലത്തെ പാദ വാർഷിക പരീക്ഷ വേണ്ടെന്നുവെച്ച് അർദ്ധവാർഷിക പരീക്ഷയിലേക്ക് മാറിയ കാലം. ഒക്ടോബറിലോ മറ്റോ ആണ് അരക്കൊല്ല പരീക്ഷ അനൗൺസ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ക്ലാസ് തുടങ്ങാത്തതിൽ ആർക്കും വേവലാതി തോന്നിയില്ല. ദൗർഭാഗ്യവശാൽ, ഈ പരിപാടിക്കുവേണ്ട A4 കട്ടിക്കാർഡിൽ അച്ചടിച്ച ഇംഗ്ലീഷ് പഠന കാർഡുകളുടെ വിതരണം സർവ്വശിക്ഷാ അഭിയാൻ പരമാവധി സങ്കീർണമാക്കി. ട്രൈ ഔട്ട് ക്ലാസ് മുറികളിലേക്കുള്ള കാർഡുകൾ കൃത്യമായി വിതരണം ചെയ്യുന്നതിൽ വിദ്യാഭ്യാസ വകുപ്പ് സംവിധാനം അമ്പേ പരാജയപ്പെട്ടു. വലിയ തോതിൽ വിമർശനവും ഉണ്ടായി. എങ്കിലും ലഭ്യമാകാത്ത കാർഡുകൾ അടുത്ത വിദ്യാലയങ്ങളിൽ നിന്ന് വാങ്ങി ഫോട്ടോ കോപ്പിയെടുത്തും മറ്റും പഠന പരിപാടികൾ സജീവമായി. തുടർ പരിശീലനങ്ങളോ അന്വേഷണങ്ങളോ മോണിറ്ററിങ്ങ് സംവിധാനങ്ങളോ _ ഉണ്ടാകാത്തതിനാൽ, ഓരോരുത്തർക്കും തോന്നിയതുപോലെ പ്രവർത്തനങ്ങൾ നടന്നു. ഞാനും എന്നെകൊണ്ട് ആവുംവിധം ആത്മാർത്ഥമായി കുട്ടികളുമായി മല്ലിട്ടു. മാസത്തിലൊരിക്കൽ ക്ലാസ് പി.ടി.എ കൃത്യമായി നടക്കും, എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും!. എന്റെ ക്ലാസിൽ പുതിയ രീതിയിൽ ഇംഗ്ലീഷ് ‘ബോധനം' സജീവമായി നടക്കുന്നുണ്ട്.
എന്താണ് നടക്കുന്നത് എന്ന് സത്യത്തിൽ എനിക്കും എന്റെ രക്ഷിതാക്കൾക്കും കാര്യമായി മനസ്സിലായിരുന്നില്ല എന്നതാണ് സത്യം. ആ സത്യം കുറെ കഴിഞ്ഞാണ് തിരിച്ചറിയാനായത്.

എന്നാൽ, ഒക്ടോബറിൽ നടന്ന പരീക്ഷ - ആ ദിവസം എനിക്കിപ്പോഴും മറക്കാൻ കഴിയില്ല! ഇംഗ്ലീഷ് ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ചപ്പോൾ ഒരധ്യാപകൻ എന്ന രീതിയിൽ ഞാൻ ഞെട്ടിപ്പോയി. എന്റെ കുട്ടികൾ ആ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനുള്ള കഴിവ് നേടിയിട്ടില്ല എന്ന യാഥാർഥ്യം അംഗീകരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഏറെ ദിവസം, ഏറെ സമയം, ഏറെ അധ്വാനിച്ചിട്ടും കുട്ടികൾക്ക് സ്വന്തമായി ഒരു വരി എഴുതാൻ കഴിയാത്ത പ്രതിസന്ധി. എനിക്ക് വലിയ വേവലാതിയായി, മാനസിക പ്രയാസത്തിലായി.
ഇതിനിടയിൽ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പാഠങ്ങൾ ഉൾപ്പെട്ട "കാർഡുകൾ' വന്നു. നേരത്തെയുണ്ടായിരുന്ന കട്ടിക്കാർഡുകൾക്കുപകരം നടുവിൽ സ്റ്റാപ്‌ളർ ചെയ്ത ഒരു പുസ്തകമായിരുന്നു അത്.
ഒരു പാഠത്തിനായി എട്ടോ പത്തോ കാർഡുകൾ. നേരത്തെ പറഞ്ഞ പഠനത്തിന്റെ രീതിശാസ്ത്രവുമായി ഈ ‘പുസ്തകം' ഒത്തുപോകുന്നില്ല എന്ന് എനിക്ക് അപ്പോൾ തന്നെ തോന്നിയിരുന്നു.

ആ കാലത്ത് ക്രിസ്തുമസ് അവധിക്ക് തിരുവനന്തപുരത്ത് അധ്യാപകർക്കായി എസ്.എസ്.എ സംസ്ഥാനതല തിയേറ്റർ ശിൽപ്പശാല സംഘടിപ്പിച്ചു. അഞ്ച് ദിവസത്തെ നാടക പരിശീലനം. ഞാനും പങ്കാളിയായിരുന്നു. വിദ്യാഭ്യാസത്തിൽ തീയേറ്ററിനുള്ള സാധ്യതകളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ലക്ഷ്യം. ഡോ. കെ.എൻ. ആനന്ദൻ ക്യാമ്പിൽ കുറെയേറെ സമയം ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹവുമായി പുതിയ ഇംഗ്ലീഷ് പഠന രീതിയെ കുറിച്ച് സംസാരിക്കാൻ അവസരം കിട്ടി. പുതിയതായി സ്‌കൂളിലെത്തിയ പാഠ "പുസ്തകം' കാർഡുകളായി തന്നെ കുട്ടികൾക്ക് നൽകണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ജിജ്ഞാസയും ചിന്തയും അറിവും ഉത്പാദിപ്പിക്കാൻ കൃത്യസമയത്തുമാത്രമേ കാർഡുകൾ വിതരണം ചെയ്യാൻ പാടുള്ളൂ. പാഠപുസ്തകം കാർഡുകളായി കീറി പകുത്ത് നൽകുക - അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ സംഗതി എളുപ്പമാകും.

കഥയി​ലെ കാർത്തിക് എന്ന കുട്ടി ജീവിതത്തിലൊരിക്കലും ക്രീം കേക്ക് കഴിച്ചിട്ടില്ല. ജന്മദിനത്തിന് ഒരു ക്രീം കേക്ക് വാങ്ങി മുറിക്കണം എന്നതായിരുന്നു അവന്റെ അഭിലാഷം. അവൻ അമ്മയോട് തന്റെ ആഗ്രഹം പലവട്ടം പറഞ്ഞിട്ടുണ്ട്.

വലിയ ആത്മവിശ്വാസത്തോടെയാണ് ക്രിസ്തുമസ് അവധി കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയത്. രക്ഷിതാക്കളെ വിളിച്ചു ചേർത്ത് കാര്യങ്ങൾ സംസാരിച്ചു. കുറേക്കൂടി ആത്മവിശ്വാസത്തിൽ ക്ലാസ് പുനരാരംഭിച്ചു. സാമൂഹ്യ ജ്ഞാനനിർമ്മിതി (Social Constructivism) യിൽ ഊന്നി തയ്യാറാക്കപ്പെട്ട പാഠങ്ങളായിരുന്നു ഇവയെല്ലാം. മനുഷ്യന്റെ പച്ചയായ ജീവിതമായിരുന്നു എല്ലാ പാഠങ്ങളും അതിലെ കഥയും കഥാപാത്രങ്ങളുമെല്ലാം. ഉള്ളടക്കം കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. കാരണം, അവരിൽ ഓരോരുത്തരും ആയിരുന്നു ആ കഥാപാത്രങ്ങൾ.
അത്തരം ഒരു കഥയായിരുന്നു The Light Green Cream Cake.
ഈ കഥയിലെ കഥാപാത്രം കാർത്തിക് എന്ന കുട്ടി ജീവിതത്തിലൊരിക്കലും ക്രീം കേക്ക് കഴിച്ചിട്ടില്ല. ജന്മദിനത്തിന് ഒരു ക്രീം കേക്ക് വാങ്ങി മുറിക്കണം എന്നതായിരുന്നു അവന്റെ അഭിലാഷം. അവൻ അമ്മയോട് തന്റെ ആഗ്രഹം പലവട്ടം പറഞ്ഞിട്ടുണ്ട്. ജന്മദിനം അടുത്തപ്പോൾ അവൻ വീണ്ടും അമ്മയെ ഇക്കാര്യം ഓർമിപ്പിച്ചു. അച്ഛനോട് സംസാരിക്കട്ടെ എന്ന് അമ്മ മറുപടി പറയുന്നുണ്ട്.
സ്‌കൂളിലേക്ക് പോകുന്ന വഴിയിലെ മധുരിമ ബേക്കറിയിൽ അവൻ ഒരു Light Green Cream Cake കണ്ടുവെച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ആ കേക്ക് ബേക്കറിയിലെ ഗ്ലാസ് കൂട്ടിൽ അവൻ കാണുന്നുണ്ട്. ദിവസവും അവൻ ആ കേക്ക് അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് എത്തിച്ചുനോക്കും. അവൻ ഇങ്ങനെ നോക്കുന്നത് കടയുടമക്ക് ഇഷ്ടമല്ല. അയാൾ അവനെ കണ്ണുരുട്ടി കാണിക്കും. പിറന്നാളിന് രണ്ടുദിവസം മുമ്പ് അമ്മയോട് അവൻ ക്രീം കേക്കിനെ കുറിച്ച് ഓർമിപ്പിച്ചു.

അന്ന് രാത്രി ഉറങ്ങാൻ കിടന്ന കാർത്തിക് തൊട്ടടുത്ത മുറിയിൽ അച്ഛനും അമ്മയും തമ്മിൽ നടത്തുന്ന സംഭാഷണം കേൾക്കുന്നു.

അച്ഛൻ പറയുന്നു: ‘വെള്ളപ്പൊക്കത്തിൽ കൃഷിയെല്ലാം നശിച്ചു, ഈ വർഷം കേക്കു വാങ്ങാൻ കഴിയില്ല! അടുത്തവർഷം നമുക്ക് അവന്റെ ജന്മദിനം നല്ല രീതിയിൽ ആഘോഷിക്കണം. കേക്കും ഉടുപ്പും എല്ലാം വാങ്ങി നൽകണം'. അച്ഛൻ അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. അമ്മയോട് കാർത്തിക്കിനെ ഈ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കണം എന്ന ഉപദേശവും അച്ഛൻ നൽകുന്നു.

ഇത് കേട്ടാണ് കാർത്തിക് ഉറങ്ങിയത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അവൻ തീരുമാനിച്ചു, തനിക്ക് ക്രീം കേക്ക് വേണ്ട! ഇനിമേൽ ആ മധുരിമ ബേക്കറിലേക്ക് എത്തിനോക്കുകയില്ല.

നേരം പുലർന്നപ്പോഴേക്കും അവൻ തന്റെ ആ വലിയ ആഗ്രഹം ഉപേക്ഷിച്ചിരുന്നു.
അവൻ സ്‌കൂളിലേക്ക് പുറപ്പെട്ടു. ബേക്കറിയുടെ മുന്നിലെത്തിയപ്പോൾ അവിടേക്ക് നോക്കാതെ കണ്ണുംപൂട്ടി വേഗം നടന്നു. എന്നാൽ അവന് അധികദൂരം നടക്കാൻ കഴിഞ്ഞില്ല! ആ കേക്ക് അവിടെത്തന്നെ ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസയിൽ അവൻ തിരിച്ചുവരുന്നു, ബേക്കറിയിലെ കണ്ണാടിക്കൂട്ടിലേക്ക് നോക്കുന്നു.
ഈ സന്ദർഭത്തിൽ അധ്യാപകൻ തന്റെ narration നിർത്തുന്നു, കുട്ടികളോട് ചോദിക്കുന്നു; ‘അവിടെ അപ്പോൾ ആ കേക്ക് ഉണ്ടായിരിക്കുമോ?! ഇല്ലെങ്കിൽ വിറ്റുപോയിരിക്കുമോ?'

എന്റെ ജീവിതത്തിൽ ക്ലാസിലെ കുട്ടികൾ ആദ്യമായി ഇംഗ്ലീഷിനോട് പ്രതികരിച്ച ഒരു സന്ദർഭമായിരുന്നു അത്. കാർത്തിക് എന്നാൽ അവർ തന്നെയായിരുന്നു! അതുകൊണ്ടാണ് അവർക്ക് അങ്ങനെ പ്രതികരിക്കാൻ കഴിഞ്ഞത്.

അന്ന് എന്റെ ഇംഗ്ലീഷിലുള്ള ചോദ്യം കേട്ടതും, കുട്ടികൾ നിശ്ശബ്ദരായി.
എല്ലാവരും ഒരേ സമയം ചിന്തിക്കാൻ തുടങ്ങി- What happened?
ആ സന്ദർഭത്തിലാണ് ഞാൻ കൈവശമിരിക്കുന്ന പാഠപുസ്തകത്തിൽ നിന്ന് കീറി പകുത്തെടുത്ത കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. കുട്ടികൾ ആകാംക്ഷയോടെ കാർഡിൽ എഴുതിയത് വായിക്കാൻ ശ്രമിക്കുന്നു. അതിനകത്ത് എന്താണെന്ന് അവർക്കറിയണം. അത് മനസ്സിലാക്കിയപ്പോൾ കുട്ടികൾ ഒന്നടങ്കം ആർത്തുവിളിച്ചത് മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.

കഥയാണെങ്കിൽ പോലും കുട്ടികൾക്ക് ആ കേക്ക് അവിടെ ഉണ്ടാകണമായിരുന്നു!
അത് അവിടെ ഉണ്ടാകണമെന്ന അദമ്യമായ ആഗ്രഹം മനസ്സിൽ വെച്ചാണ് കുട്ടികൾ അവർക്ക് കിട്ടിയ കാർഡ് വായിക്കാൻ ശ്രമിച്ചത്. എന്റെ ജീവിതത്തിൽ ക്ലാസിലെ കുട്ടികൾ ആദ്യമായി ഇംഗ്ലീഷിനോട് പ്രതികരിച്ച ഒരു സന്ദർഭമായിരുന്നു അത്.
കാർത്തിക് എന്നാൽ അവർ തന്നെയായിരുന്നു! അവരിലൊരാളായിരുന്നു; അതുകൊണ്ടാണ് അവർക്ക് അങ്ങനെ പ്രതികരിക്കാൻ കഴിഞ്ഞത്.
ഈ കഥയുടെ തന്നെ മറ്റൊരു ഘട്ടം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
കാർത്തിക്കും ബേക്കറിയുടെ ഉടമസ്ഥനും തമ്മിൽ നടത്തുന്ന ഒരു സംഭാഷണം എഴുതുക എന്ന ടാസ്‌ക്ക് ആയിരുന്നു അത്.

കാർത്തിക് ബേക്കറിയുടെ ഉള്ളിൽ കയറി താൻ നോക്കിവെച്ച കേക്ക് അവിടെ തന്നെയുണ്ടോ എന്ന് നോക്കുന്ന ഒരു സന്ദർഭം കഥയിലുണ്ട്. ഈ സമയത്ത് കാർത്തിക്കിനെ കടയിൽ നിന്ന് ചീത്ത പറഞ്ഞ് ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട ഒരു സംഭാഷണം തയ്യാറാക്കണം.

അധ്യാപകർ narration നൽകുന്നു. ഈ സന്ദർഭമെത്തിയപ്പോൾ കഥ പറയുന്നത് നിർത്തുന്നു. സംഭാഷണം തയ്യാറാക്കാനുള്ള ടാസ്‌ക്ക് നൽകുന്നു.
ആദ്യം കുട്ടികളെല്ലാവരും ഒറ്റക്കൊറ്റക്ക് എഴുതുന്നു. റാൻഡം ആയി അവതരിപ്പിക്കുന്നു. രണ്ടാമത് രണ്ടു കുട്ടികൾ ചേർന്നുള്ള പിയർ ഗ്രൂപ്പിൽ എഴുതുന്നു. റാൻഡം ആയി അവതരിപ്പിക്കുന്നു. അടുത്തഘട്ടത്തിൽ ബേസിക്ക് ഗ്രൂപ്പുകൾ (4 -5 കുട്ടികൾ) ആയി തിരിഞ്ഞ് അവരുടേതായ രീതിയിൽ സംഭാഷണം എഴുതുന്നു.

ഓരോ കുട്ടിയും അവർ എഴുതി തയ്യാറാക്കിയ "സ്വന്തം രചന' ആണ് അധ്യാപകരുടെ മുമ്പിൽ സമർപ്പിക്കുന്നത്. അത് പരിശോധിച്ച് മാർക്ക് നൽകുന്നു. ഇങ്ങനെ ഘട്ടംഘട്ടമായി ക്ലാസിൽ രൂപപ്പെട്ടുവന്ന കുട്ടികളുടെ മാത്രമായ ഒരു ഉൽപ്പന്നമാണ് അന്നുരാത്രി വീട്ടിലിരുന്ന് ഹോം വർക്കായി ചെയ്യുന്നത്. നമ്മുടെ ക്ലാസിലെ കുട്ടികൾ അന്ന് കാർത്തിക്കും ബേക്കറി ഉടമസ്ഥനും തമ്മിലള്ള സംഭാഷണം തയ്യാറാക്കിയത് ഇങ്ങനെയായിരുന്നു: Bakeman: Get out. Karthik: Ok. Bakeman : Speed Get out. Karthik : Ok, ok.

അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി!
കാരണം, എത്ര മനോഹരമായിരിക്കുന്നു, ഈ സംഭാഷണത്തിൽ ഒരു തെറ്റുമില്ല! വേണമെങ്കിൽ കുറേക്കൂടി ഭാഷാപരമായി ഇതിനെ വികസിപ്പിക്കാം, മെച്ചപ്പെടുത്താം. അതെല്ലാം മുതിർന്ന ക്ലാസിൽ നടക്കേണ്ട കാര്യങ്ങളാണ്. മൂന്നാം ക്ലാസിലെ ചെറിയ കുട്ടികളിൽനിന്ന് ഇത്രയും സന്ദർഭോചിതമായ പ്രതികരണം ഉണ്ടായത് ആവേശകരമായിരുന്നു. ഈ സംഭാഷണം എവിടെനിന്നാണ് അവർ സൃഷ്ടിച്ചത്?

ഈ പാഠഭാഗം കുട്ടികൾക്ക് ഞാൻ നേരത്തെ നൽകിയിട്ടില്ല. ഗൈഡുകളിൽ അത് വന്നിട്ടില്ല. അവരുടെ ട്യൂഷൻ ക്ലാസിലോ, വീട്ടിലോ കാർത്തിക്കും ബേക്കറി ഉടമയും തമ്മിൽ നടത്തുന്ന സംഭാഷണ രചനയിൽ അവർ ഏർപ്പെട്ടിട്ടില്ല! Speed എന്ന പദം ഞാൻ പഠിപ്പിച്ചിട്ടില്ല. ആ വാക്ക് ഒരിക്കൽ പോലും കുട്ടികൾക്ക് കിട്ടാൻ പാകത്തിൽ ഞാൻ പ്രയോഗിച്ചിട്ടില്ല! ഈ വാക്കുപയോഗിച്ച് ഒരു രചന നടത്തി മുൻ അനുഭവങ്ങളൊന്നും അവർക്കില്ല, തീർച്ച.

ഇതിന് നേതൃത്വം നൽകിയത് കെ.കെ. മിഥുൻ എന്ന കുട്ടി ആണെന്ന് എനിക്കറിയാം. ഈ കുട്ടി ഇപ്പോൾ എറണാകുളം കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. എവിടെ നിന്നാണ് Speed എന്ന വാക്ക് എടുത്ത് ഉപയോഗിക്കാൻ പഠിച്ചത് എന്ന് മിഥുനോട് ചോദിച്ചു.
മിഥുൻ പറഞ്ഞ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. Speed എന്ന പുതിയ പദം പെട്രോളിന്റെ പരസ്യത്തിൽ നിന്നാണ് അവൻ എടുത്തത്. ഒരക്ഷരം പോലും തെറ്റാതെ അവൻ Speed എന്ന് എഴുതിയിട്ടുണ്ട്.
അതെ, Speed എന്ന ആ ചെറിയ വാക്ക് മിഥുനും കൂട്ടുകാരും എടുത്ത് ആവശ്യമുള്ള ഒരു സന്ദർഭത്തിൽ പ്രയോഗിക്കുകയായിരുന്നു.

അറിവ് നിർമാണമാണ് പഠനമെന്ന് ഞാൻ കേൾക്കാനും പറയാനും തുടങ്ങിയിട്ട് വർഷം കുറെയായി. സ്വയം നിർമിക്കുന്ന അറിവിന്റെ അത്രക്കും വലുപ്പം ആര് നിർമിച്ചു കൊടുക്കുന്ന "അറിവിനും' ഉണ്ടായിരിക്കില്ല!

ഇതാണ് അറിവ് നിർമാണം. സ്വന്തമായി അതുവരെ നേടിയ അറിവും, അധ്യാപകൻ (കർ) നൽകുന്ന അറിവും യോജിപ്പിച്ച് കുട്ടി (കൾ) അവരുടേതായ പുതിയ അറിവ് നിർമ്മിക്കുന്നു. അറിവ് നിർമാണമാണ് പഠനമെന്ന് ഞാൻ കേൾക്കാനും പറയാനും തുടങ്ങിയിട്ട് വർഷം കുറെയായി. സ്വയം നിർമിക്കുന്ന അറിവിന്റെ അത്രക്കും വലുപ്പം ആര് നിർമിച്ചു കൊടുക്കുന്ന "അറിവിനും' ഉണ്ടായിരിക്കില്ല! അറിവ് നിർമാണം തന്നെയാണ് നാം ഓരോരുത്തരും ഓരോ പഠനത്തിന്റെയും ഭാഗമായി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അത് എന്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ക്ലാസ്മുറിയാണ്, എന്റെ കുട്ടികളിൽ നിന്നാണ് ആ അറിവ് ഞാൻ നിർമിച്ചെടുത്തത്.

പിൻകുറിപ്പ്: ഇപ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിൽനിന്ന് അറിവ് നിർമാണവും ജ്ഞാനോല്പാദനവും സാമൂഹ്യജ്ഞാനോൽപാദനവും വിമർശനാത്മക പഠനവും സമഗ്ര ഭാഷാദർശനവും എല്ലാം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. 2011ലെ പ്രൊഫ. അസീസ് കമ്മറ്റി റിപ്പോർട്ടും, അതിനെ മുൻനിർത്തിയുള്ള പാഠ്യപദ്ധതി പരിഷ്‌കരണവും അതിന്റെ ഭാഗമായി ഉണ്ടായ പാഠപുസ്തകങ്ങളും അദ്ധ്യാപക ടെക്സ്റ്റുകളും പഠന പ്രവർത്തനങ്ങളും പരിശീലനങ്ങളുമെല്ലാം ആധുനിക ലോകം നിരാകരിച്ച ചേഷ്ടാവാദത്തിന്റെ (behaviorism) മോശം അവസ്ഥയിലേക്ക് നമ്മുടെ വിദ്യാഭ്യാസത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. എട്ട് വർഷമായി ഒരു മാറ്റവും ഇല്ലാതെ ഈ പാഠ്യപദ്ധതി തുടരുകയാണ്. മനുഷ്യന്റെ പച്ചയായ ജീവിതം പാഠപുസ്തകങ്ങളിൽ നിന്നും അതിലെ കഥാപാത്രങ്ങളിൽനിന്നുമൊക്കെ ഇല്ലാതായി. പ്രൈമറിക്ലാസുകളിലെ പാഠപുസ്തകങ്ങളിലേക്ക് കഥാപാത്രങ്ങളായി പട്ടിയും പൂച്ചയും കോഴിയുമെല്ലാം കൂടുതലായി കടന്നുവന്നിരിക്കുന്നു. പഠനത്തിൽ മനുഷ്യന്റെ സാമൂഹ്യജീവിതം അന്യവൽക്കരിക്കപ്പെട്ടതുവഴി വൈകാരികമായി പഠനം ഏറ്റെടുക്കാനുള്ള സാധ്യതകളാണ് ഇവിടെ നഷ്ടപ്പെടുത്തുന്നത്. നല്ല വിദ്യാഭ്യാസത്തെ പടിക്കുപുറത്തുനിർത്തി കെട്ട വിദ്യാഭ്യാസവുമായി നാം മുന്നോട്ടുപോകുകയാണ്. പഠനം തീരുമ്പോൾ പാതി വെന്ത അവസ്ഥയാണ്. വേവ് നോക്കാനുള്ള പരീക്ഷകൾ നടത്തി അതിൽ വിജയിച്ചു വരുന്നവരുടെ റാങ്ക് നിശ്ചയിച്ച് ഫ്ളക്സ് വെക്കുന്നതിനപ്പുറം ഇവിടെ ഒന്നും സംഭവിക്കുന്നില്ല.


മനോജ്​ വി.

തൃശൂർ കൊടുങ്ങല്ലൂരിനടുത്ത്​ നാരായണമംഗലം യൂണിയൻ എൽ.പി. സ്​കൂളിൽ അധ്യാപകൻ.

Comments